സ്വാമി വിവേകാനന്ദന്‍

വേദാന്തം പറയുന്നു; “സുഖദുഃഖങ്ങള്‍ രണ്ടു വിജാതീയവസ്തുക്കളല്ല. അവ, മാത്രയിലും രൂപത്തിലും വ്യത്യാസത്തോടെ പ്രത്യക്ഷപ്പെട്ട് ഒരേ മനസ്സില്‍ ആ വ്യത്യസ്തവികാരങ്ങള്‍ ജനിപ്പിക്കുന്ന ഒരേ വസ്തുവാണ്.” അതുകൊണ്ട് പുറമേ കാണുന്ന നാനാത്വത്തില്‍ ഏകത്വം കണ്ടെത്തണം. ഇതാണ് വേദാന്തം ആദ്യമുദ്ദേശിക്കുന്നത്. പ്രകാശനദശയില്‍ എത്രതന്നെ നാനാത്വമുണ്ടായാലും ആവിധം പ്രകാശിക്കുന്ന ഏകവസ്തുവിനെ കണ്ടെത്തുവാന്‍ വേദാന്തമുദ്ദേശിക്കുന്നു.

പേര്‍ഷ്യക്കാരുടെ പഴയ പ്രാകൃതഭാവന നോക്കുക. അവര്‍ക്ക് ഈ ലോകത്തിന്റെ സൃഷ്ടാക്കളായി രണ്ടു ദേവന്‍മാരുണ്ട്. ശിഷ്ടനായ ഒരു ദേവന്‍ നല്ലതെല്ലാം സൃഷ്ടിക്കുന്നു. ദുഷ്ടനായ മറ്റേ ദേവന്‍ തീയതെല്ലാം സൃഷ്ടിക്കുന്നു. ഇത് അസംബന്ധമാണെന്ന് പ്രത്യക്ഷത്തില്‍ അറിയാമല്ലോ. അങ്ങനെ രണ്ടുണ്ടെങ്കില്‍ പ്രകൃതിയില്‍ ഏതു നിയമത്തിനും രണ്ടു വശമുണ്ടാവണം. അതിലൊരു വശത്ത് ഒരു ദേവന്‍ പ്രവൃത്തിയെടുത്ത് തന്റെ വഴിക്ക് പോകും. പിന്നെ മറ്റേ ദേവന്‍ മറുവശത്തെ പ്രവൃത്തി നോക്കണം. ഇവരുടെ പ്രവൃത്തിയില്‍ പരസ്പരം രഞ്ജിപ്പുമുണ്ടാവണം. ഒരു ദേവന്‍ ഒരാള്‍ക്കു നന്‍മ ചെയ്യുമ്പോള്‍ മറ്റേ ദേവന്‍ തിന്‍മ ചെയ്യുന്നത് വേറൊരാള്‍ക്കാവണം. ഇങ്ങനെ രണ്ടുപേര്‍ ഒരേ ലോകത്തില്‍ പണിയെടുക്കുന്നതിന്റെ വൈഷമ്യം നോക്കുക. രണ്ടുണ്ട് എന്ന ഭാവനയുടെ നഗ്‌നരൂപമാണിത്. കുറേക്കൂടി പരിഷ്‌കൃതമായ ആശയമാണ് ലോകത്തില്‍ ഏതാനും നന്‍മയുണ്ട്, ഏതാനും തിന്‍മയുണ്ട് എന്നു പറയുന്നത്. മുന്‍പറഞ്ഞ യുക്തികൊണ്ടു നോക്കുമ്പോള്‍ ഇതും നിരര്‍ത്ഥകമാണ്. ഏതൊരു അദ്വയനിയമത്താല്‍ നമുക്ക് അന്നം ലഭിക്കുന്നുവോ അതേ നിയമമാണ് അത്യാഹിതങ്ങളും അപകടങ്ങളുമായി അനേകജീവികള്‍ക്കു മരണം സംഭവിപ്പിക്കുന്നത്.

അതുകൊണ്ട് ഈ ലോകം സുഖമയമല്ല, ദുഃഖമയവുമല്ല എന്നു മനസ്സിലാക്കാം. എന്നു മാത്രമല്ല, കുറ്റം മുഴുവനും പ്രകൃതിയുടെ മേല്‍ നിന്നെടുത്തു നമ്മുടെ തലയിലേറ്റേണ്ടതാണെന്നും നമുക്കു വഴിയേ കാണാം. ഇതില്‍നിന്ന് ഒഴിഞ്ഞുപോവാനുള്ള വഴിയും വേദാന്തം കാണിച്ചുതരുന്നുണ്ട്. അതു തിന്‍മയേ ഇല്ല എന്നു പറഞ്ഞിട്ടില്ല. ഉള്ളതിനെ മറച്ചുവെപ്പാന്‍ വേദാന്തം ശ്രമിക്കുന്നില്ല. എന്തുണ്ടോ അതിനെ ധീരതയോടെ പരീക്ഷിച്ചുകൊണ്ടാണ് വേദാന്തം പോകുന്നത്. നിരാശത വേണ്ട. നമുക്ക് അറിവാന്‍ കഴിയില്ലെന്നും ഭ്രമിക്കേണ്ട. ഇതിനെ കടപ്പാന്‍ ഒരുപായം അതു കാണുന്നുണ്ട്. അതിനു വജ്രത്തിനൊത്ത പ്രതിഷ്ഠ കൊടുപ്പാനും ആഗ്രഹിക്കുന്നു. അത് അനൃതംകൊണ്ട് കുട്ടികളുടെ വായടച്ചു കണ്ണു കെട്ടിയിട്ടല്ല: അനൃതമാണെന്നു കുട്ടികള്‍ അല്പദിവസംകൊണ്ട് കണ്ടുപിടിക്കും.

എന്റെ കുട്ടിക്കാലത്ത് ഒരു ചെറുപ്പക്കാരന്റെ അച്ഛന്‍ മരിച്ചു: അയാളെ ദരിദ്രസ്ഥിതിയിലാണ് അച്ഛന്‍ വിട്ടത്. ഒരു വലിയ കുടുംബത്തെ പുലര്‍ത്തേണ്ട ഭാരവും അയാള്‍ക്കായി. അച്ഛന്റെ സ്നേഹിതന്‍മാരും അയാളെ സഹായിപ്പാന്‍ ഒരുങ്ങിയില്ല. ആ ഘട്ടത്തില്‍ അയാള്‍ക്ക് ഒരു പാതിരിയോടു സംസാരിപ്പാനിടയായി. പാതിരി അയാളെ സമാശ്വസിപ്പിച്ചതിങ്ങനെയാണ്. “ഓ! അതെല്ലാം വളരെ നല്ലത്. നമ്മുടെ നന്‍മയ്ക്കാണ് ഇതെല്ലാം നമ്മെ അനുഭവിപ്പിക്കുന്നത്.” ഇതു പുണ്ണിന്‍മേല്‍ പൊന്‍തകിടുവെച്ചു പൊതിയുന്ന പഴയ രീതിയാണ്, ദുര്‍ബ്ബലതയും വിഡ്ഢിത്തവും സമ്മതിക്കുകയാണ്. അതു കേട്ട് ചെറുപ്പക്കാരന്‍ പോയി. ആറു മാസം കഴിഞ്ഞപ്പോള്‍ പാതിരിക്ക് ഒരു പുത്രനുണ്ടായി. അതിന്റെ നന്ദിപ്രകടനത്തിന് ഒരു വിരുന്നുകൂട്ടി, ആ ചെറുപ്പക്കാരനേയും അതിനു ക്ഷണിച്ചു. അതില്‍വെച്ച് പാതിരി, “ഈശ്വരന്റെ കൃപയ്ക്കു നന്ദി പറയുക” എന്നു പറഞ്ഞു. ഉടനെ ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റ്; “നില്‍ക്കൂ, നില്‍ക്കൂ, ഇതു വലിയൊരു കഷ്ടാവസ്ഥയാണ്” എന്നു പറഞ്ഞു. അതെങ്ങനെ എന്നു പാതിരി ചോദിച്ചു; “അതോ, പറയാം. എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ അതു പ്രത്യക്ഷത്തില്‍ ആപത്താണെങ്കിലും വാസ്തവത്തില്‍ അനുഗ്രഹമാണെന്ന് നിങ്ങള്‍ പറഞ്ഞുവല്ലോ. അതേ ന്യായത്തില്‍ ഇതു പ്രത്യക്ഷത്തില്‍ അനുഗ്രഹമാണെങ്കിലും വാസ്തവത്തില്‍ കഷ്ടാവസ്ഥയാണ്” എന്നു ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു. ഇതാണോ ലോകത്തിലെ കഷ്ടാരിഷ്ടങ്ങള്‍ക്കു പരിഹാരം? നല്ലവരായിരിക്കുക, ദുഃഖിതരോടു ദയ കാണിക്കുക: ദോഷങ്ങളെ മൂടിവെയ്‌ക്കേണ്ട. ഇവിടെ ദോഷങ്ങള്‍ക്ക് ആത്യന്തികനിവൃത്തിയില്ല. അതിനപ്പുറം പോകുക.

ലോകത്തില്‍ നന്‍മയുണ്ട്, തിന്‍മയുമുണ്ട്. നന്‍മയുള്ളിടത്ത് വഴിയെ തിന്‍മയുമുണ്ടാകും. ഈ വിവിധ പ്രകാശനങ്ങള്‍ക്കും ഈ പരസ്പരവിരോധങ്ങള്‍ക്കും ആധാരമായി അവയ്ക്കപ്പുറമുള്ള ആ ഏകത്വം വേദാന്തം കണ്ടറിഞ്ഞിരിക്കുന്നു. അതുകൊണ്ട് വേദാന്തം ഉപദേശിക്കുന്നു, “തിന്‍മയെ കൈവിടുക, നന്‍മയേയും കൈവിടുക” എന്ന്. പിന്നെ ശേഷിക്കുന്നതെന്ത്? നന്‍മയ്ക്കും തിന്‍മയ്ക്കും പിറകില്‍, അവയെ രണ്ടിനേയും അതിക്രമിച്ച്, അവയുടെ രൂപത്തില്‍ പ്രകാശിക്കുന്നതായി, നിങ്ങളുടേതായ ഒന്ന്, അതായത് യഥാര്‍ത്ഥമായ നിങ്ങള്‍: ആദ്യം അതിനെ അറിയുക. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം നല്ലതായി കാണാറാകും: അപ്പോള്‍ മാത്രം, അതിനു മുമ്പില്ല. അപ്പോള്‍ നിങ്ങള്‍ക്ക് ഏതിനെയും ഒതുക്കുവാന്‍ കഴിവുണ്ടാകും. ഈ നാനാത്വപ്രകാശനങ്ങളെ കീഴൊതുക്കുവാന്‍ കഴിവുണ്ടാകുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥസ്വരൂപം പ്രകാശിപ്പിക്കുമാറാകും. ഒന്നാമതായി ആത്മവിജയം സമ്പാദിക്കുക. നിവര്‍ന്നുനിന്നു മുക്തനാവുക: പ്രപഞ്ചനിയമങ്ങള്‍ക്കപ്പുറം പോവുക, ഈ നിയമങ്ങള്‍ നിങ്ങളെ നിശ്ശേഷം ബന്ധിക്കുന്നവയല്ല: നിങ്ങളുടെ സത്തയുടെ ഒരംശംമാത്രമാണ്. നിങ്ങള്‍ പ്രപഞ്ചത്തിന്റെ ദാസനല്ല, ഒരു കാലത്തും അങ്ങനെയായിട്ടില്ല, മേലാല്‍ ആകയുമില്ല എന്നു കണ്ടറിയുക. ഇപ്പോള്‍ അപരിമിതമെന്നു തോന്നുന്ന ഈ പ്രപഞ്ചം പരിമിതമാണ്. സമുദ്രത്തില്‍ ഒരു തുള്ളി: സമുദ്രം നിങ്ങളുടെ ആത്മാവാണ്. നിങ്ങള്‍ സൂര്യചന്ദ്രനക്ഷത്രാദികള്‍ക്കും അപ്പുറമാണെന്നു കണ്ടറിയുക. നിങ്ങളുടെ വലുപ്പത്തോടു തട്ടിച്ചുനോക്കുമ്പോള്‍ അവ ചെറുപോളകള്‍! അതു കണ്ടറിയുക. അപ്പോള്‍ നന്‍മതിന്‍മകള്‍ നിങ്ങള്‍ക്കധീനമാകും. അപ്പോള്‍ പ്രപഞ്ചത്തിന്റെ ദര്‍ശനം മുഴുവന്‍ മാറിപ്പോകും. അപ്പോള്‍ നിങ്ങള്‍ നിന്നു നോക്കി “നന്‍മയെത്ര മനോഹരം! തിന്‍മയെത്ര വിസ്മയാവഹം” എന്നു പറയും.

നാനാത്വത്തില്‍ ഏകത്വം (ലണ്ടന്‍ പ്രസംഗം നവംബര്‍ 3, 1896) – തുടരും