കഴിഞ്ഞ വേനല്‍ക്കാലത്തെ രാജയോഗപ്രസംഗങ്ങള്‍ കേട്ടവര്‍ക്ക് അത് വേറെ ഒരുതരം യോഗമാണെന്നറിവാന്‍ താല്പര്യമുണ്ടാകും. ഇപ്പോള്‍ നാം എടുത്തുവരുന്ന ഈ യോഗത്തിന്റെ പ്രധാനഭാഗം ഇന്ദ്രിയവിജയമാണ്. ഇന്ദ്രിയങ്ങള്‍ മനസ്സിനെ ചലിപ്പിക്കാത്തവിധം അവയെ നിശ്ശേഷം വശത്താക്കിയാല്‍ യോഗി തന്റെ ലക്ഷ്യത്തിലെത്തി എന്നു പറയാം. “മനോഗതങ്ങളായ മിഥ്യാഭിലാഷങ്ങളെല്ലാം കയ്യൊഴിച്ചാല്‍ മര്‍ത്ത്യന്‍ അമര്‍ത്ത്യനാകുന്നു. ഇവിടെത്തന്നെ ബ്രഹ്‌മൈക്യമുണ്ടാകുന്നു. ഹൃദയഗ്രന്ഥികളെല്ലാം അറുത്തുവിട്ടാല്‍ മര്‍ത്ത്യന്‍ അമര്‍ത്ത്യനാകുന്നു. ഈ ജന്‍മത്തില്‍ത്തന്നെ ബ്രഹ്മാനന്ദം അനുഭവിക്കുന്നു.” ഇവിടെ, ഈ ഭൂമിയില്‍, മറ്റെങ്ങുമല്ല.
ഇവിടെ കുറഞ്ഞൊന്നു പറയാനുണ്ട്. വേദാന്തവും മറ്റു പൗരസ്ത്യദര്‍ശനങ്ങളും പരലോകത്തില്‍മാത്രം ദൃഷ്ടിവെച്ച് ഐഹികസുഖദുഃഖങ്ങളെ ഗണിക്കുന്നില്ലെന്നു സാധാരണമായി നിങ്ങള്‍ കേട്ടിരിക്കും. ഈ അഭിപ്രായം തീരെ തെറ്റാണ്. പൗരസ്ത്യവിചാരഗതി മനസ്സിലാക്കാത്തവരും അതു ഗ്രഹിക്കത്തക്ക ബുദ്ധിശക്തിയില്ലാത്തവരുമാണ് അങ്ങനെ പറയുന്നത്. നേരെമറിച്ച് ഞങ്ങളുടെ തത്ത്വജ്ഞാനികള്‍ക്കു പരലോകത്തില്‍ ഭ്രമം ഒട്ടുമില്ല: അവിടെ ജീവികള്‍ അല്പം കരയും, ചിരിക്കും, പിന്നെ മരിക്കും: അത്രേയുള്ളൂ. ആ ലോകങ്ങള്‍ നിസ്സാരങ്ങള്‍. ഇങ്ങനെയാണ് ഞങ്ങളുടെ ശാസ്ത്രങ്ങളില്‍ കാണുന്നത്. നമുക്കു ബലമില്ലാത്ത കാലത്തോളം ഈ അനുഭവങ്ങള്‍ ആവശ്യമാണ്: എന്നാല്‍ സത്യമായുള്ളത് ഇവിടെയുണ്ട്. മനുഷ്യന്റെ ആത്മാവിലുണ്ട്. ഇവിടെ ആത്മഹത്യ ചെയ്തതുകൊണ്ടും ബന്ധനിവൃത്തിയാവില്ലെന്ന് എടുത്തുപറയുന്നുണ്ട്. ശരിയായ മാര്‍ഗ്ഗം ഏതാണെന്നു കാണ്‍മാന്‍ പ്രയാസം. പ്രവൃത്തിസാമര്‍ത്ഥ്യം പാശ്ചാത്യര്‍ക്കുള്ളതുപോലെ ഹിന്ദുക്കള്‍ക്കുമുണ്ട്. ജീവിതാദര്‍ശങ്ങളിലേ ഭേദമുള്ളൂ. ഒരു കൂട്ടര്‍ പറയുന്നു; “വിചിത്രമായ ഭവനം നിര്‍മ്മിക്കുക, ബുദ്ധിയെ സംസ്‌കരിക്കുക, ഇതെല്ലാമല്ലാതെ ജീവിതത്തില്‍ മറ്റെന്തുണ്ട്?” ഈ കാര്യങ്ങള്‍ നേടുന്നതില്‍ അവര്‍ സമര്‍ത്ഥരുമാണ്. മറുവശത്ത് ഹിന്ദുക്കള്‍ പറയുന്നു; “ലോകത്തെപ്പറ്റിയ യഥാര്‍ത്ഥജ്ഞാനം ആത്മജ്ഞാനമാണ്. അതു തത്ത്വദര്‍ശനമാണ്.” അതുകൊണ്ട് അതില്‍ ഏര്‍പ്പെട്ടു രസിപ്പാനാണ് അവരാഗ്രഹിക്കുന്നത്.
അമേരിക്കയില്‍ ഒരു വലിയ അജ്ഞേയവാദിയുണ്ടായിരുന്നു: വളരെ നല്ല മനുഷ്യന്‍, അത്യുദാരന്‍, ഒന്നാംതരം പ്രാസംഗികന്‍, അദ്ദേഹം മതത്തെപ്പറ്റി പ്രസംഗിച്ചു; മതം നിഷ്ര്പയോജനം, പരലോകത്തെപ്പറ്റി വിചാരിച്ചു തല പുണ്ണാക്കുന്നതെന്തിന്? നമുക്ക് ഇവിടെ ഒരു മധുരനാരങ്ങയുണ്ട്: അതിന്റെ നീരെല്ലാം നമുക്കു പിഴിഞ്ഞെടുക്കണം – ഇങ്ങനെ ഒരുപമയും അദ്ദേഹം പറഞ്ഞു; അദ്ദേഹത്തെ ഞാന്‍ ഒരിക്കല്‍ കണ്ടു. ഞാന്‍ പറഞ്ഞു; നീരു പിഴിഞ്ഞെടുക്കേണ്ട കാര്യം ഞാനും സമ്മതിച്ചു. താങ്കള്‍ക്കു മധുരനാരങ്ങ വേണം: എനിക്കു മാമ്പഴവും. ഫലത്തിലാണ് വ്യത്യാസം. ജീവിതത്തില്‍ അന്നപാനങ്ങളും അല്പം ശാസ്ത്രജ്ഞാനവും ഉണ്ടായാല്‍ മതി, സുഖമായി എന്നു താങ്കള്‍ക്കു തോന്നുന്നു. സര്‍വ്വര്‍ക്കും അത്ര മതി എന്നു പറവാന്‍ താങ്കള്‍ക്കധികാരമില്ല. അത്രമാത്രം വെറും പൂജ്യമായിട്ടാണെനിക്കു തോന്നുന്നത്. ഒരു ആപ്പിള്‍ വിഴുങ്ങുന്നതെങ്ങനെയെന്നോ, വിദ്യുത്പ്രവാഹം എന്റെ ഞരമ്പിനെ വിറപ്പിക്കുന്നതെങ്ങനെയെന്നോ, അറിയുന്നതു മാത്രമാണ് ജന്‍മസാഫല്യമെങ്കില്‍ ഞാന്‍ ഈ നിമിഷം ആത്മഹത്യ ചെയ്യും. എനിക്കു വസ്തുക്കളുടെ തത്ത്വം ദര്‍ശിക്കണം, കാതല്‍ കണ്ടെത്തണം. നിങ്ങള്‍ക്കു ജീവന്റെ വ്യാപരങ്ങള്‍ അറിഞ്ഞാല്‍ മതി. എനിക്കു ജീവനെത്തന്നെ നേരിട്ടറിയണം. അത് അറിയുകയും, സ്വര്‍ഗ്ഗനരകാദിഭാവനകളാകുന്ന മൂഢവിശ്വാസങ്ങളെ മനസ്സില്‍നിന്ന് ഓടിച്ചുകളകയും വേണം, ആ ലോകങ്ങള്‍ ഈ ലോകമുണ്ട് എന്നതുപോലെ സത്യമാകാമെങ്കിലും. ഇതാണ് എന്റെ തത്ത്വജ്ഞാനം പറയുന്നത്. ജീവിതത്തിന്റെ രഹസ്യമെന്ത്, സത്തെന്ത്, അതിന്റെ തത്ത്വമെന്ത് എന്നറിയണം. അതെങ്ങനെ വ്യാപരിക്കുന്നു, ഏതെല്ലാം വിധത്തില്‍ പ്രകാശിക്കുന്നു എന്നറിഞ്ഞാല്‍ പോര എന്തുകൊണ്ട് എന്നാണ് എനിക്കറിയേണ്ടത്. എങ്ങനെ എന്നത് ബാലന്‍മാര്‍ നോക്കട്ടെ. ഞാന്‍ സിഗരറ്റും വലിച്ചുകൊണ്ട് ഒരു പുസ്തകമെഴുതിയാല്‍ അതു സിഗററ്റിന്റെ ശാസ്ത്രമാകും എന്നു നിങ്ങളുടെ രാജ്യത്തൊരാള്‍ പറയുകയുണ്ടായി. ശാസ്ത്രജ്ഞനാകുന്നതു വളരെ നല്ലത്. അതില്‍ മഹത്വമുണ്ട്. ശാസ്ത്രാന്വേഷണത്തില്‍ അവരെ ഈശ്വരന്‍ സഹായിക്കട്ടെ. പക്ഷേ ശാസ്ത്രം സര്‍വ്വസ്വമാണെന്ന് പറയുന്നത് അസംബന്ധപ്രലാപമാണ്. അതു ജീവതത്ത്വത്തെ ഓര്‍ക്കാതെയും സത്തയെ നിരൂപിക്കാതെയും പറയുന്നതാണ്. ‘നിങ്ങളുടെ ശാസ്ത്രജ്ഞാനം അസംബന്ധമാണ്: അതിന്നടിസ്ഥാനമില്ല’ എന്നു ഞാന്‍ വാദിക്കാം. ജീവിതവ്യാപാരങ്ങളെയാണ് നിങ്ങള്‍ നോക്കുന്നത്. ജീവിതമെന്ത് എന്നു ചോദിക്കുമ്പോള്‍ അത് അറിഞ്ഞുകൂടാ എന്നു നിങ്ങള്‍ പറയുന്നു; നിങ്ങളുടെ വിഷയം നിങ്ങള്‍ യഥേഷ്ടം നോക്കിക്കൊള്‍വിന്‍, എന്റേത് അന്വേഷിപ്പാന്‍ എന്നെ വിട്ടേയ്ക്കണം എന്നേ എനിക്കു പറവാനുള്ളൂ.
എന്റെ വഴിക്കുള്ള കാര്യപ്രാപ്തി എനിക്കുണ്ട്: ധാരാളമുണ്ട്. പാശ്ചാത്യര്‍ക്കേ കാര്യപ്രാപ്തിയുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുന്നതു വിഡ്ഢിത്തം. നിങ്ങളുടെ കാര്യപ്രാപ്തി ഒരു തരം, എന്റേതു മറ്റൊരു തരം. മനുഷ്യരും മനസ്സുകളും പലതരത്തിലാണ്. പ്രാച്യരില്‍ ഒരാളോട് ആജീവനാന്തം ഒറ്റക്കാലിന്‍മേല്‍ നിന്നാല്‍ ഈശ്വരദര്‍ശനമുണ്ടാകും എന്നുപദേശിച്ചാല്‍ അയാള്‍ അതനുഷ്ഠിക്കും. പാശ്ചാത്യരോട് അപരിഷ്‌കൃതരാജ്യത്തൊരിടത്തു സ്വര്‍ണ്ണഖനിയുണ്ടെന്നു പറഞ്ഞാല്‍ സ്വര്‍ണ്ണം കിട്ടുമെന്നാശിച്ച് അനേകായിരം പേര്‍ അങ്ങോട്ട് ആപത്തു കൂസാതെ ചെല്ലും. പക്ഷേ ഒരാള്‍ക്കു കിട്ടി എന്നു വരാം. അവരും തങ്ങള്‍ക്ക് ആത്മാവുണ്ടെന്നു കേട്ടിട്ടുണ്ട്. പക്ഷേ, അതു പള്ളിയില്‍ സൂക്ഷിക്കാനേല്‍പ്പിച്ച് അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു. ആദ്യം പറഞ്ഞ മനുഷ്യന്‍ കാടന്‍മാരുടെ അടുത്തു പോവില്ല: അത് ആപല്‍ക്കരമാകുമെന്ന് അയാള്‍ ധരിച്ചിട്ടുണ്ട്. എന്നാല്‍ അയാളോടുതന്നെ ഒരു വന്‍മലയുടെ കൊടുമുടിയില്‍ ഒരു മഹര്‍ഷിയുണ്ടെന്നും അദ്ദേഹം ആത്മജ്ഞാനം നല്‍കുമെന്നും പറഞ്ഞാല്‍ മരിച്ചാലും വേണ്ടില്ലെന്നുവെച്ച് അയാള്‍ മല കയറിത്തുടങ്ങും. രണ്ടുതരക്കാര്‍ക്കും കാര്യശേഷിയുണ്ട്. കാര്യം മുഴുവനും ഈ ലോകത്തിലാണെന്നു കരുതുന്നതേ തെറ്റുള്ളൂ. നിങ്ങള്‍ ക്ഷണികമായ വിഷയസുഖം കാര്യമാക്കിയിരിക്കുന്നു. അതില്‍ സ്ഥിരമായൊന്നുമില്ല എന്നു മാത്രമല്ല, അത് അധികമധികം ദുഃഖപ്രദവുമാണ്. എന്‍േറതാകട്ടെ ശാശ്വതശാന്തി കൈവരുത്തുന്നു.
നിങ്ങളുടെ വഴി പിഴച്ചതാണെന്ന് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ അതു നിര്‍ബ്ബാധം അനുസരിച്ചുകൊള്‍ക. അതില്‍നിന്നു വളരെ നന്‍മയും അനുഗ്രഹവുമുണ്ടാകും. എന്നുവെച്ച് നിങ്ങള്‍ എന്റെ മാര്‍ഗ്ഗത്തെ പഴിക്കേണ്ട. എന്റേതും മറ്റൊരു തരത്തില്‍ കാര്യത്തിനു കൊള്ളുന്നതുതന്നെ. ഓരോരുത്തര്‍ക്കും അവരവരുടെ വഴിക്കു യത്‌നിക്കുക. നാമെല്ലാവരും ഈ പറഞ്ഞ രണ്ടു വശത്തും കാര്യശേഷിയുള്ളവരായിരുന്നാല്‍ എത്ര നന്നായിരുന്നു! ശാസ്ത്രജ്ഞന്‍മാരുടെ നിലയിലും ആത്മനിരതന്‍മാരുടെ നിലയിലും ഒരുപോലെ കര്‍മ്മകുശലരായ ചില ശാസ്ത്രജ്ഞന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. കാലക്രമത്തില്‍ സര്‍വ്വമനുഷ്യരും ആ നിലയിലെത്തുമെന്നാണ് ഞാന്‍ ആശിക്കുന്നത്. ഒരു പാത്രം വെള്ളത്തില്‍ തിള വരുന്നത് ഉറ്റുനോക്കിയിരുന്നാല്‍ ആദ്യം ഒരു പോള പൊന്തുന്നതാണ് കാണുക. പിന്നെ ഒന്ന്, പിന്നെ ഒന്ന്: അങ്ങനെ പല കുമിളകള്‍ പൊന്തിച്ചേര്‍ന്ന് ഒടുവില്‍ വെള്ളം ആകെ തിളച്ചുമറിയുന്നതു കാണാം. ഈ ലോകം അതുപോലെയാണ്. ഓരോ മനുഷ്യന്‍ ഓരോ കുമിള. ഓരോ രാജ്യക്കാര്‍ അനേകം കുമിളകള്‍. ക്രമത്തില്‍ ഈ രാജ്യക്കാരെല്ലാം യോജിക്കുന്നു. ഇന്നു കാണുന്ന ഭിന്നിപ്പുകളില്ലാതായി സര്‍വ്വൈകലക്ഷ്യമായ ആ ഏകത്വം പ്രത്യക്ഷാനുഭവമാകുന്ന കാലം വരുമെന്ന് എനിക്കുറപ്പുണ്ട്. സര്‍വ്വമനുഷ്യരും ആത്മവിഷയത്തിലും ശാസ്ത്രവിഷയത്തിലും ഒരുപോലെ കര്‍മ്മകുശലരാവുന്ന കാലം നിശ്ചയമായും വരും. അന്ന് ആ ഏകത്വം, ഏകത്വഫലമായ രഞ്ജിപ്പ്, വിശ്വവ്യാപിയായിരിക്കും. മനുഷ്യരെല്ലാവരും ജീവന്‍മുക്തന്‍മാരാവും. ആ പദത്തിലേക്കാണ് നാം നമ്മുടെ മാല്‍സര്യം വിരോധം പ്രേമം സഹകരണം എന്നീ മാര്‍ഗ്ഗത്തില്‍ക്കൂടി പ്രയാണം ചെയ്യുന്നത്. ഒരു ഗംഭീരപ്രവാഹം നമ്മെ വഹിച്ചുകൊണ്ടു സമുദ്രത്തിലേക്ക് ഒഴുകിപ്പോകുന്നു. അതിന്‍മേല്‍ നാം പുല്‍ക്കൊടിയോ കരിയിലയോപോലെ ചിലപ്പോള്‍ ഒരുദ്ദേശ്യവുമില്ലാതെ പാറിത്തിരിയുന്നുണ്ടാവാം: എന്നാല്‍ അവസാനം നാം ചിദാനന്ദസമുദ്രത്തില്‍ എത്തുമെന്നത് നിസ്തര്‍ക്കമാണ്.
നാനാത്വത്തില്‍ ഏകത്വം (ലണ്ടന്‍ പ്രസംഗം നവംബര്‍ 3, 1896)