ഇനി ഛാന്ദോഗ്യോപനിഷത്തിലേക്കു തിരിയാം. ഇതുവരെ നാം നോക്കിയിരുന്ന കഠോപനിഷത്ത് വളരെ പില്‍ക്കാലത്തുണ്ടായതാണ്. അതിലെ ഭാഷയ്ക്കു പുതുക്കവും ആശയങ്ങള്‍ക്കു ക്രമവല്‍ക്കരണവും കൂടും. പ്രാചീനോപനിഷത്തുകളിലെ ഭാഷ വേദസംഹിതാഭാഷപോലെ പഴയതാണെന്നു മാത്രമല്ല, അതുകളില്‍ പറഞ്ഞുവെച്ച തത്ത്വം എന്തെന്നു കണ്ടെത്തണമെങ്കില്‍ കേവലം അപ്രകൃതങ്ങളായ പല കാര്യങ്ങളും താണ്ടിപ്പോകയും വേണം. വേദസാഹിത്യത്തിലെ രണ്ടിലൊരു ഭാഗം കര്‍മ്മങ്ങളെ പ്രതിപാദിക്കുന്നതാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. ഈ പഴയ (ഛാന്ദോഗ്യ) ഉപനിഷത്തില്‍ അതിന്റെ ലാഞ്ഛന വളരെയുണ്ട്. ഇതില്‍ പകുതിയിലധികം കര്‍മ്മപരമാണ്. എന്നാല്‍ ഈ പഴയ ഉപനിഷത്തുകള്‍ പഠിക്കുന്നതില്‍ വലിയൊരു ലാഭമുണ്ട്. ആദ്ധ്യാത്മികാശയങ്ങള്‍ വളര്‍ന്നുവരുന്ന ചരിത്രം ഇതുകളില്‍ കണ്ടെത്താം. നവീനോപനിഷത്തുകളിലാവട്ടെ, ആശയങ്ങള്‍ ഒരുക്കൂട്ടി ഒരിടത്തു വെച്ചതുപോലെ കാണും. ഉദാഹരണത്തിന് ഭഗവദ്ഗീതയെടുക്കുക. അത് എല്ലാറ്റിലും ഒടുവിലത്തെ ഉപനിഷത്താണെന്നു കരുതാം. അതില്‍ കര്‍മ്മകാണ്ഡഭാഗം തൊട്ടു കുളിപ്പാന്‍പോലുമില്ല. മറ്റുപനിഷത്തുകളില്‍നിന്നു സമാഹരിച്ച മനോഹരതത്ത്വകുസുമങ്ങളെക്കൊണ്ടുണ്ടാക്കിയ മഞ്ജരിപോലെയാകുന്നു ഗീത. എന്നാല്‍ ആശയങ്ങളുടെ ഉദയം അതില്‍ കാണുകയില്ല. അതുകളുടെ മൂലം അതില്‍ കണ്ടെത്താവതല്ല. അതിന് വേദങ്ങള്‍തന്നെ നോക്കണം: ഇതു പലരും പറഞ്ഞിട്ടുണ്ട്. വേദമന്ത്രങ്ങള്‍ ദിവ്യങ്ങളാണെന്ന ഭാവന നിമിത്തം അതുകള്‍ പാഠഭേദം വരാതെ രക്ഷപ്പെട്ടു ലോകത്തില്‍ മറ്റൊരു ഗ്രന്ഥത്തിനും പാഠഭേദത്തില്‍നിന്ന് ഇത്ര രക്ഷ ലഭിച്ചിട്ടില്ല. ആശയങ്ങള്‍, ഉച്ചതമാവസ്ഥയിലുള്ളതും നീചതമാവസ്ഥയിലുള്ളതും, പ്രധാനവും അപ്രധാനവും, അതില്‍ ഒരുപോലെ സൂക്ഷിച്ചിട്ടുണ്ട്. ഉത്കൃഷ്ടതത്ത്വങ്ങളും ക്രിയാകലാപവിസ്തരങ്ങളും അതില്‍ തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്നു. അതില്‍ കൈവെപ്പാന്‍ ആര്‍ക്കും ധൈര്യമുണ്ടായിട്ടില്ല.
വ്യാഖ്യാതാക്കന്‍മാര്‍ വന്നു വേദവാക്യങ്ങള്‍ക്കു പതം വരുത്തുവാന്‍ നോക്കി: ആ പ്രാചീനവാക്യങ്ങളില്‍നിന്ന് ആശ്ചര്യകരങ്ങളായ നവീനാശയങ്ങള്‍ വെളിപ്പെടുത്തുവാന്‍ ശ്രമിച്ചു. വെറും സാമാന്യവാക്യങ്ങളില്‍പ്പോലും അദ്ധ്യാത്മതത്ത്വം ദര്‍ശിപ്പാന്‍ അവരുദ്യമിച്ചു. എന്നാല്‍ ആ വാക്യങ്ങള്‍ നിലനിന്നു. അതുകൊണ്ട് അവ വിസ്മയിക്കത്തക്ക ചരിത്രവിഷയമായിരിക്കുന്നു. അദ്ധ്യാത്മാശയങ്ങള്‍ക്ക് കാലക്രമത്തിലുണ്ടാകുന്ന വളര്‍ച്ചയോടു യോജിപ്പിക്കാന്‍വേണ്ടി ഏതു മതഗ്രന്ഥത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു നമുക്കറിയാമല്ലോ. ഒരു വാക്ക് ഇവിടെ മാറ്റി, ഒരു വാക്ക് അവിടെ ചേര്‍ത്തു: ഇങ്ങനെ ചെയ്തിട്ടുണ്ട്. വൈദികസാഹിത്യത്തെ സംബന്ധിച്ചിടത്തോളം അതു ചെയ്തിട്ടില്ലെന്നു തോന്നുന്നു. ഉണ്ടെങ്കില്‍ത്തന്നെയും അതു മിക്കവാറും അജ്ഞേയമാണ്. അതുകൊണ്ട് ആശയങ്ങള്‍ ഉത്ഭവിച്ച കാലത്ത് അവയ്ക്ക് എന്ത് അര്‍ത്ഥവ്യാപ്തിയുണ്ടായിരുന്നുവെന്നും, അവയെങ്ങനെ വികസിച്ചുവന്നുവെന്നും, വെറും ഭൗതികാശയങ്ങളില്‍ നിന്നു പുറപ്പെട്ട് വേദാന്തത്തിലെ ഉച്ചതമാവസ്ഥയിലെത്തുംവരെ അദ്ധ്യാത്മതത്ത്വങ്ങള്‍ അധികമധികം സൂക്ഷ്മങ്ങളായി പരിണമിച്ചുവന്നത് എങ്ങനെയെന്നും നമുക്കു കണ്ടു മനസ്സിലാക്കാം. ഇങ്ങനെ ഒരു ഗുണം ആ സാഹിത്യത്തിലുണ്ട്. ചില പ്രാചീനസമ്പ്രദായങ്ങളും നടപടികളും അതില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഉപനിഷത്തുകളില്‍ അവയധികമില്ല. ഭാഷ സൂത്രരൂപത്തില്‍ വളരെ സംക്ഷിപ്തമാണ്.
ഈ സൂത്രവാക്യങ്ങള്‍ ചില സംഗതികള്‍ ഓര്‍മ്മവെപ്പാന്‍ ഒരു സൂചന എന്ന നിലയില്‍ ഉപനിഷത്കര്‍ത്താക്കള്‍ കുറിച്ചിട്ടവമാത്രമാണ്. ആ സംഗതികള്‍ സുപ്രസിദ്ധങ്ങളാണെന്നും അവര്‍ വിചാരിച്ചിരുന്നു. അവര്‍ ഒരു കഥ പറയുന്നത്. പക്ഷേ ശ്രോതാക്കള്‍ക്ക് അതു കേട്ട് പരിചയമുള്ളതാണെന്ന നിലയാവും. അതുകൊണ്ട് ഒരു വൈഷമ്യം. ആ ഐതിഹ്യങ്ങള്‍ നശിച്ചമട്ടായി. അല്പം അവശേഷിച്ചിട്ടുള്ളതില്‍ വളരെ അതിശയോക്തി കലര്‍ന്നുകൂടി: കഥയുടെ യഥാര്‍ത്ഥതാല്പര്യം നമുക്ക് അറിവാന്‍ പാടില്ലാതായി. അവയ്ക്ക് അര്‍ത്ഥങ്ങള്‍ പലതും പുതുതായി കല്പിച്ചു: പുരാണങ്ങളില്‍ അവ ഭാവപ്രധാനങ്ങളായ കാവ്യങ്ങളായിച്ചമഞ്ഞു.
പാശ്ചാത്യരാജ്യങ്ങളില്‍ പാശ്ചാത്യജനവര്‍ഗ്ഗങ്ങള്‍ക്ക് രാഷ്ട്രാധികാരങ്ങള്‍ വര്‍ദ്ധിച്ചുവന്നതില്‍ ഒരു സംഗതി പ്രധാനമായി കാണാം. അവര്‍ക്ക് ഏകസ്വേച്ഛാധിപത്യം അസഹ്യം. ഒരുവന്‍ എല്ലാവരേയും ഭരിക്കുന്നത് അവര്‍ എപ്പോഴും തടയും. അങ്ങനെ ജനവാഴ്ചയെന്ന ഭാവനയും ഭൗതികസ്വാതന്ത്ര്യവും ക്രമത്തില്‍ ഉയര്‍ന്നുവന്നു. ഇന്ത്യയില്‍ അദ്ധ്യാത്മസ്വാതന്ത്ര്യം അതേവിധമാണ് വളര്‍ന്നുവന്നതെന്നു ഇന്ത്യന്‍ തത്ത്വശാസ്ത്രങ്ങളില്‍ കാണാം. ബഹുദേവന്‍മാരുടെ സ്ഥാനത്ത് ഒരു വിശ്വദേവനായി. ആ ഏകദേവനോടുപോലും ഉപനിഷത്തുകള്‍ എതിര്‍ക്കുന്നു. അനേകദേവന്‍മാര്‍ വിശ്വഭരണകര്‍ത്താക്കളായിരുന്ന് തങ്ങളുടെ ഗതി നിയന്ത്രിക്കുക എന്ന ഭാവന മാത്രമല്ല, ഏകദേവന്‍ വിശ്വാധിപനായിരിക്കുക എന്നതും ദുസ്സഹമായിരുന്നു. ഇതാണ് നാം ആദ്യം കാണുന്ന വിശേഷം, ഈ ഭാവന വളര്‍ന്നു പരമോച്ചത്തിലെത്തി.
വിശ്വേശ്വരനെ സ്ഥാനഭ്രഷ്ടനാക്കുന്ന ഈ പരമാവസ്ഥ സാമാന്യേന എല്ലാ ഉപനിഷത്തുകളിലും ഒടുവില്‍ വന്നു കാണുന്നു. ഈശ്വരന്റെ സഗുണത്വം മറഞ്ഞ് നിര്‍ഗുണത്വം വന്നു ചേരുന്നു. പിന്നീട് ഈശ്വരന്‍ വിശ്വഭരണകര്‍ത്താവായ വ്യക്തിയല്ല: എത്രയോ ഗംഭീരനാക്കി വലുതാക്കിയ മനുഷ്യനല്ല: പിന്നെയോ, സര്‍വ്വജീവികളിലും മുഴുവന്‍ ജഗത്തിലും അന്തര്യാമിയായി മൂര്‍ത്തമായി പ്രകാശിക്കുന്ന ഒരു തത്ത്വം. സഗുണത്തില്‍നിന്ന് നിര്‍ഗുണത്തിലേക്കു കടന്നപ്പോള്‍ മനുഷ്യനെ വ്യക്തിയായി വെച്ചിരിക്കുന്നതു യുക്തിയുക്തമല്ലാതായി: അതുകൊണ്ട് ഒരു മനുഷ്യന്‍ ഒരു പ്രത്യേക വ്യക്തി എന്നതിനെ തകര്‍ത്ത് അതിന്റെ സ്ഥാനത്ത് ഒരു തത്ത്വത്തെ പ്രതിഷ്ഠിച്ചു. വ്യക്തി പുറം കാഴ്ചയില്‍മാത്രം: അകമേ തത്ത്വമിരിക്കുന്നു. ഇങ്ങനെ രണ്ടു വശത്തുനിന്നും സോപാധികം തകര്‍ത്ത് നിരുപാധികത്തിലേക്കുള്ള പ്രയാണം സമകാലികമായി കാണുന്നു: സഗുണേശ്വരന്‍ നിര്‍ഗുണനാകുന്നു, സഗുണമനുഷ്യനും നിര്‍ഗുണപുരുഷനാകുന്നു. ഇങ്ങനെ മുന്നോട്ടുപോകുന്ന നിര്‍ഗുണേശ്വരനും നിര്‍ഗുണപുരുഷനുമെന്ന രണ്ടു രേഖകളും അനന്തരഘട്ടത്തില്‍ അന്യോന്യം അടുത്തടുത്തുവരുന്നു. ഒടുവില്‍ അവ രണ്ടും ഒന്നായിച്ചമയുന്നു. അതുവരെയുള്ള ഘട്ടങ്ങളെല്ലാം ഉപനിഷത്തുകളില്‍ വ്യക്തമായുണ്ട്. ഒടുക്കം ഓരോ ഉപനിഷത്തും തത്ത്വമസി എന്ന മഹാവാക്യത്തില്‍ പര്യവസാനിക്കുന്നു. തത്ത്വം ഒന്നേയുള്ളൂ. അതു നിത്യാനന്ദമയം: അതാണ് ഈ നാനാത്വമായി പ്രകാശിക്കുന്നത്.
നാനാത്വത്തില്‍ ഏകത്വം (ലണ്ടന്‍ പ്രസംഗം നവംബര്‍ 3, 1896) – തുടരും