സ്വാമി വിവേകാനന്ദന്‍

ഇനി ഒരു ചോദ്യം, വിശേഷിച്ചും ഇക്കാലത്തേക്ക്, വളരെ മുഖ്യമാണ്. സൂക്ഷ്മരൂപങ്ങള്‍ പതുക്കെപ്പതുക്കെ വളര്‍ന്ന് അധികമധികം സ്ഥലമാകുന്നു എന്നു കണ്ടുവല്ലോ. കാരണംതന്നെയാണ് കാര്യമാകുന്നതെന്നും ഒന്നിന്റെ രൂപാന്തരമാണ് മറ്റേതെന്നും കണ്ടു. കാരണംകൂടാതെ യാതൊന്നും ഉണ്ടാകുന്നില്ല. കാരണമാണ് കാര്യമായി പ്രകാശിക്കുന്നത്. അതുകൊണ്ട് ഈ പ്രപഞ്ചത്തിനും കാരണമായ വസ്തു വേണം. അതു ശൂന്യത്തില്‍നിന്നുണ്ടാവില്ല. അപ്പോള്‍ അത് ഏതില്‍നിന്നുണ്ടായി? മുമ്പുണ്ടായിരുന്ന സൂക്ഷ്മപ്രപഞ്ചത്തില്‍നിന്ന്. മനുഷ്യനുണ്ടായതോ? സൂക്ഷ്മരൂപത്തില്‍നിന്ന്. വൃക്ഷം? സൂക്ഷ്മമായ ബീജത്തില്‍നിന്ന്. വൃക്ഷം മുഴുവന്‍ ബീജത്തില്‍നിന്നുണ്ടാകുന്നു. അതു പുറത്തേക്കു വന്നു പ്രകാശിക്കുന്നു. അതുപോലെ ഈ പ്രപഞ്ചം ഇതേ പ്രപഞ്ചത്തിന്റെതന്നെ മുമ്പുണ്ടായിരുന്ന സൂക്ഷ്മരൂപത്തില്‍നിന്നുണ്ടായി. അതിപ്പോള്‍ പ്രത്യക്ഷമായിരിക്കുന്നു. അത് ഇനിയും സൂക്ഷ്മാവസ്ഥയില്‍ ചെല്ലും, വീണ്ടും പ്രകാശിക്കും.

ഇങ്ങനെ സൂക്ഷ്മരൂപങ്ങള്‍ പുറത്തേക്കു പുറപ്പെട്ടു സ്ഥൂലങ്ങളായി വളര്‍ന്ന് ഒരവധിയിലെത്തുന്നുവെന്നും അവധിയിലെത്തിയാല്‍ പിന്നീട് സൂക്ഷ്മസൂക്ഷ്മമായി പിമ്പോട്ടു പോകുന്നുവെന്നും മനസ്സിലാക്കാം. സൂക്ഷ്മത്തില്‍നിന്നു പുറപ്പെട്ട് അംശങ്ങളെ മാറ്റിയും മറിച്ചും വെച്ചുകൊണ്ടുമാത്രം സ്ഥൂലമായി വരുന്നതിനാണ് ഇക്കാലത്ത് പരിണാമം എന്നു പറയുന്നത്. അത് വളരെ ശരി: ഏറ്റവും വാസ്തവവും. അതു നമ്മുടെ ജീവിതത്തില്‍ നാം കാണുന്നുണ്ട്. എന്നാല്‍ ഒന്നുകൂടി മനസ്സിലാക്കുവാനുണ്ട്: ഒരടികൂടി മുമ്പോട്ടു പോകുവാനുണ്ട്. അതെന്ത്? ഒരു പരിണാമത്തിനു മുമ്പ് ഒരു ഗര്‍ഭഭാവമുണ്ടെന്ന്. ബീജമാണ് വൃക്ഷമായി പരിണമിക്കുന്നത്. എന്നാല്‍ ആ ബീജം വൃക്ഷത്തിന്റെ ഗര്‍ഭിതാവസ്ഥയാണ്. ബീജമെന്ന സൂക്ഷ്മരൂപത്തില്‍നിന്നു വൃക്ഷമെന്ന സ്ഥൂലരൂപമുണ്ടാകുന്നു. ആ സ്ഥൂലരൂപമാണ് ബീജമെന്ന സൂക്ഷ്മമായ ഗര്‍ഭഭാവത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. അതുപോലെ സൂക്ഷ്മരൂപത്തില്‍ ഈ മുഴുവന്‍ പ്രപഞ്ചവും ഉണ്ടായിരുന്നു. മനുഷ്യരൂപത്തില്‍ പ്രത്യക്ഷമാകുന്ന ബീജം മനുഷ്യന്റെ ഗര്‍ഭിതാവസ്ഥയാകുന്നു. അതു മനുഷ്യനായി പരിണമിക്കുന്നു. ഇതു വെളിവായാല്‍ നമുക്കു പരിണാമവാദികളോടു ശണ്ഠയ്ക്കിടമില്ല. അവര്‍ ഇതു സമ്മതിക്കുന്നപക്ഷം അവര്‍ മതത്തിനു ഹാനിയല്ല ഉറ്റ സഹായമാണ് ചെയ്യുക.

ശൂന്യത്തില്‍നിന്ന് ഉല്പത്തിയില്ലെന്നു തെളിവായല്ലോ. ഉള്ളതെല്ലാം അനാദികാലംമുതലേ ഉള്ളതാണ്. ശാശ്വമായി ഉണ്ടായിരിക്കയും ചെയ്യും. അതുകളുടെ ഗതി തരംഗന്യായത്തില്‍ ആരോഹാവരോഹക്രമത്തിലാണെന്നേ ഉള്ളൂ. സൂക്ഷ്മം സ്ഥൂലമാകുന്നു. അതു വീണ്ടും സൂക്ഷ്മമാകുന്നു. ഈ പരിണാമ-ഗര്‍ഭീകരണങ്ങള്‍ പ്രകൃതിയിലെങ്ങും നടക്കുന്നുണ്ട്. ജീവിതത്തില്‍ അതിനീചാവസ്ഥ മുതല്‍ സിദ്ധപുരുഷന്‍ എന്ന അത്യുച്ചാവസ്ഥവരെയുള്ള പരിണാമം, അതിനു മുമ്പു ഗര്‍ഭിച്ചിരുന്നതിന്റെ – ബീജമായി അന്തര്‍ഭവിച്ചിരിക്കുന്ന മറ്റൊന്നിന്റെ – പരിണാമമായിരിക്കണം. എന്തിന്റെ ഗര്‍ഭാവസ്ഥ, ബീജാവസ്ഥ, എന്നാണ് ചോദ്യം. ബീജമായി ഗര്‍ഭത്തിലിരുന്നതെന്ത്? ഈശ്വരന്‍! അത് ഈശ്വരനെന്നു വിചാരിക്കുന്നത് തെറ്റ് എന്നു പരിണാമവാദികള്‍ പറയും. കാരണം? “ഈശ്വരന്‍ ചിന്‍മയനാണെന്ന് നിങ്ങള്‍ പറയുന്നു. പക്ഷേ പരിണാമക്രമത്തില്‍ ചിത്(ബുദ്ധി) വളരെ പില്‍ക്കാലത്തേ പ്രത്യക്ഷമാകുന്നുള്ളൂ. മനുഷ്യനിലും, ഉയര്‍ന്നതരം ചില മൃഗങ്ങളിലും മാത്രമേ ബുദ്ധി കാണുന്നുള്ളൂ. അതു സൃഷ്ടി തുടങ്ങി അനേകലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷമാണ്.” ഈ വാദത്തിനു നിലയില്ലെന്ന് നമ്മുടെ ന്യായംകൊണ്ടുകാണാം.

വൃക്ഷം ബീജത്തില്‍നിന്നുത്ഭവിച്ച് വീണ്ടും ബീജമാകുന്നു. ആദിയും അന്തവും ഒരുപോലെ. ഭൂമി അതിന്റെ കാരണത്തില്‍നിന്നുദ്ഭവിച്ച് കാരണത്തിലേക്കു മടങ്ങുന്നു. ആദിയറിഞ്ഞാല്‍ അന്തമറിയാം. മറിച്ച് അന്തമറിഞ്ഞാല്‍ ആദിയും അറിയാം. ഇതു ശരിയെങ്കില്‍ പരിണാമപരമ്പര മുഴുവന്‍ ഒന്നായെടുത്തു നോക്കുക. ഒരറ്റത്തു ജീവാണുമുതല്‍ മറ്റേ അറ്റത്ത് സിദ്ധപുരുഷന്‍വരെ ആകെക്കൂടി ഒരു ജീവിതമാണ്. അവസാനത്തില്‍ സിദ്ധപുരുഷന്‍. അതുകൊണ്ട് ആദിയിലും അതാവണം. അത്യുച്ചബുദ്ധിയുടെ ബീജഭൂതാവസ്ഥ, ഗര്‍ഭിതാവസ്ഥ, ആണ് ജീവാണു. നിങ്ങള്‍ അതു കാണുന്നില്ലായിരിക്കാം. പക്ഷേ ചുരുണ്ടിരുന്ന ആ ബുദ്ധിയാണ് ചുരുള്‍ നിവര്‍ന്നു മഹാസിദ്ധപുരുഷരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇതു ശാസ്ത്രീയമായി കണക്കാക്കി തെളിയിക്കാം. ഊര്‍ജ്ജസംരക്ഷണഹണനിയമം ശരിയാണെങ്കില്‍, ഒരു യന്ത്രത്തില്‍ എത്ര ശക്തി നിക്ഷേപിക്കുന്നുവോ അതിലധികം അതില്‍നിന്നു കിട്ടില്ല. ആദ്യം നിക്ഷേപിച്ചിടത്തോളം ശക്തിയേ അതില്‍നിന്നു കിട്ടൂ. എഞ്ചിനില്‍ വെള്ളം കല്‍ക്കരി എന്നീ രൂപത്തില്‍ എത്ര ശക്തി നിക്ഷേപിക്കുന്നുവോ കൃത്യമായും അത്ര ശക്തികൊണ്ട് അതു പ്രവര്‍ത്തിക്കും. ഒട്ടും ഏറ്റമോ കുറവോ ഉണ്ടാവില്ല. വായു, ഭക്ഷണം മുതലായി എത്രത്തോളം ശക്തി എന്നില്‍ നിക്ഷേപിച്ചിട്ടുണ്ടോ കൃത്യമായി അത്രത്തോളംകൊണ്ടാണ് ഞാന്‍ കര്‍മ്മം ചെയ്യുന്നത്. ശക്തി രൂപാന്തരപ്പെടുന്നതോ പ്രകാശിക്കുന്നതോ ഏതു വിധമെന്നേ നോക്കുവാനുള്ളൂ. (ആകെത്തുകയ്ക്കു മാറ്റമില്ല.) പ്രപഞ്ചഭണ്ഡാരത്തില്‍ പദാര്‍ത്ഥത്തിന്റെ കണികപോലുമോ ശക്തിയുടെ ലേശാംശംപോലുമോ കൂട്ടാവതോ കുറയ്ക്കാവതോ അല്ല. അപ്പോള്‍ ഈ ബുദ്ധിയുടെ കാര്യമെങ്ങനെ? ആദിയില്‍ ജീവാണുവില്‍ത്തന്നെ അതില്ലായിരുന്നുവെങ്കില്‍ അതു പെട്ടെന്നു വന്നു ചേര്‍ന്നതാവണം. അത് അസംബന്ധവും. അതുകൊണ്ട് പരിണാമപൂര്‍ത്തിയില്‍ ചങ്ങലയുടെ അറ്റത്തു പ്രത്യക്ഷപ്പെടുന്ന സിദ്ധന്‍, മുക്തന്‍, ദിവ്യന്‍, ഗുണാതീതന്‍, സര്‍വ്വാതീതന്‍, അതീതപരിണാമന്‍, ജനിമൃതിരഹിതന്‍, ക്രിസ്തുമനുഷ്യനെന്നു ക്രിസ്ത്യന്‍മാരും ബുദ്ധമനുഷ്യനെന്നു ബൗദ്ധന്‍മാരും മുക്തനെന്നു യോഗികളും പലതായി പറയുന്ന സിദ്ധമനുഷ്യന്‍, അതേ പരിണാമശൃംഖലയുടെ ആദിമഭാഗമായ ജീവാണുവില്‍ അന്തര്‍ഭവിച്ചിരുന്നു എന്നു സംശയമേ ഇല്ല.

ഇതേ ന്യായം പ്രപഞ്ചത്തിനാകെക്കൂടി സംബന്ധിപ്പിച്ചു നോക്കുമ്പോള്‍ ചിച്ഛക്തി ആദികാരണമായ സൃഷ്ടികര്‍ത്താവായിരിക്കണമെന്നു കാണുന്നു. പ്രപഞ്ചത്തെക്കുറിച്ച് മനുഷ്യനുള്ള അത്യന്തപരിണതഭാവനയെന്ത്? ചിച്ഛക്തി, വിവിധാംഗസംഘടന, ബുദ്ധിവ്യാപാരം, ഈ ഭാവനയെ പ്രകാശിപ്പിക്കാനുള്ള ശ്രമമായിരുന്നു സൃഷ്ടി ബുദ്ധിപൂര്‍വ്വമാണെന്നുള്ള പഴയ സിദ്ധാന്തം. അതുകൊണ്ട് ആദിയിലുള്ളതു ചിച്ഛക്തി, അത് ആദ്യം ബീജമായി, ഗര്‍ഭമായി അന്തര്‍ഭവിച്ചു. അവസാനം അത് ആവിര്‍ഭവിച്ചു. പ്രപഞ്ചത്തില്‍ പ്രകാശിതമായ ബുദ്ധിസമഷ്ടി, ബുദ്ധിവ്യാപാരത്തിന്റെ ആകത്തുക, മുമ്പ് അന്തര്‍ഭവിച്ചിരുന്ന ബുദ്ധിചൈതന്യത്തിന്റെ വികാസമായിരിക്കണം എന്നു വന്നുകൂടുന്നു.

ഈ ബുദ്ധിസമഷ്ടിയത്രേ ഈശ്വരനെന്നു പറയുന്നത്. അതിനു മറ്റെന്തു പേര്‍ പറഞ്ഞാലും വേണ്ടില്ല. ആ അനന്തബുദ്ധിസമഷ്ടി നിശ്ചയമായും ആദിയിലേ ഉണ്ട്. അതു ബീജഭൂതമായി ഗര്‍ഭിതമായി അന്തര്‍ഭവിച്ചു. പിന്നെ ക്രമത്തില്‍ പരിണമിച്ചു പ്രകാശിച്ചു ക്രിസ്തുമനുഷ്യനെന്നോ ബുദ്ധമനുഷ്യനെന്നോ ഉള്ള സിദ്ധപുരുഷന്‍മാരാകുന്നു. പിന്നീട് അതു കാരണത്തിലേക്കു മടങ്ങുന്നു. “നാം ജീവിക്കുന്നതും വ്യാപരിക്കുന്നതും വര്‍ത്തിക്കുന്നതും ഈശ്വരനിലത്രേ” എന്നു സര്‍വ്വമതഗ്രന്ഥങ്ങളും പറയുന്നതിന്റെ താല്പര്യം അതാണ്. നാം ഈശ്വരനില്‍നിന്നുദ്ഭവിച്ച്, ഈശ്വരങ്കലേക്കു മടങ്ങിച്ചെല്ലുന്നു എന്ന് സര്‍വ്വമതഗ്രന്ഥങ്ങളും പറയുന്നതിന്റെ താല്പര്യവും അതാണ്. മതഗ്രന്ഥങ്ങളിലെ പേരുകള്‍ കേട്ടു പേടിക്കേണ്ട. പദം കേട്ടു പേടിക്കുന്നവന്‍ തത്ത്വജ്ഞനാവാന്‍ അര്‍ഹനല്ല. (വിശ്വവ്യാപിയായ) ബുദ്ധിസമഷ്ടിയെയാണ് ഈശ്വരനെന്നു പറയുന്നത്.

പ്രപഞ്ചം; ബ്രഹ്മാണ്ഡം (ന്യൂയോര്‍ക്ക്, ജനുവരി 19, 1896) – തുടരും