സ്വാമി വിവേകാനന്ദന്‍

ബഹിര്‍ഗമനമാണ് മനസ്സിന്റെ ശീലം. ഇന്ദ്രിയദ്വാരാ ശരീരത്തില്‍നിന്നു പുറത്തേക്ക് ഉറ്റുനോക്കുന്നതാണ് അതിന്റെ സ്വഭാവം. കണ്ണിനു കാണണം, കാതിനു കേള്‍ക്കണം, ഏതിന്ദ്രിയത്തിനും ബഹിര്‍ലോകഗ്രഹണം വേണം. അങ്ങനെ ബാഹ്യലോകത്തിന്റെ സൗന്ദര്യഗാംഭീര്യങ്ങള്‍ ആദ്യമായി മനുഷ്യമനസ്സിനെ വശപ്പെടുത്തി. മനസ്സില്‍ ആദ്യമുദിച്ച ചോദ്യങ്ങളും ബാഹ്യലോകത്തെപ്പറ്റിയാണ്. മനുഷ്യന്‍ പ്രപഞ്ചപ്രശ്‌നത്തിനു സമാധാനം തേടിയത് ആകാശനക്ഷത്രഗ്രഹഭൂനദീപര്‍വ്വതസാഗരങ്ങളില്‍നിന്നാണ്. തപ്പിത്തടയുന്ന ബുദ്ധി പുറമെയുള്ളതിനെ പിടിക്കുന്നതായിട്ടാണ് പഴയ മതങ്ങളിലെല്ലാം കാണുന്നത്. ഇപ്പോള്‍ പ്രകൃതിശക്തികള്‍ എന്നു പറയുന്ന ബാഹ്യവസ്തുക്കള്‍ക്കെല്ലാം ചേതനത്വവും ഇച്ഛാശക്തിയും ആരോപിച്ച് അവയെ ദേവന്‍മാരും ദേവതകളുമായി കല്പിച്ചു: നദീദേവത, ആകാശദേവത, മേഘദേവത, വര്‍ഷദേവത ഇങ്ങനെ പലതുണ്ടായി. പിന്നീട് ആലോചനയ്ക്ക് ആഴം കൂടിയപ്പോള്‍ പുറമേ നിന്നുള്ള സമാധാനം തൃപ്തികരമല്ലാതായി, ആലോചനാശക്തി അകത്തേക്ക് തിരിച്ച്, ആത്മാവില്‍നിന്നു സമാധാനം അന്വേഷിച്ചുതുടങ്ങി. ദൃഷ്ടി ബ്രഹ്മാണ്ഡത്തില്‍നിന്നു പിണ്ഡാണ്ഡത്തിലേക്കു തിരിഞ്ഞു, പ്രശ്‌നഗതി ബഹിര്‍ലോകത്തില്‍നിന്ന് അന്തര്‍ലോകത്തിലേയ്ക്കായി. വസ്തുപരീക്ഷ പുറത്തുനിന്ന് അകത്തേയ്ക്കാകേണ്ടിവന്നു. ഈ അന്തഃപുരുഷാന്വേഷണം ഉണ്ടാകുന്നത് ബുദ്ധിവികാസവും പ്രകൃതിവിജ്ഞാനവും പരിണാമോന്നതിയും ഉണ്ടാകുന്നതിനൊപ്പമത്രേ.

ഈ പുരുഷനാണ് ഈ അപരാഹ്‌നത്തിലെ ചര്‍ച്ചാവിഷയം. ഇതുപോലെ മറ്റൊരു വിഷയമില്ല. ഏതെല്ലാം രാജ്യങ്ങളില്‍ എത്ര ലക്ഷം പ്രാവശ്യം ഇതിനെപ്പറ്റിയുള്ള ചോദ്യമുണ്ടായി! ഋഷികളും രാജാക്കളും ധനികരും ദരിദ്രരും ധാര്‍മ്മികരും അധാര്‍മ്മികരും പുരുഷന്‍മാരും സ്ര്തീകളും കൂടെക്കൂടെ ചോദിച്ച ചോദ്യമാണിത്. നശ്വരമായ ജീവിതത്തില്‍ അനശ്വരമായൊന്നുമില്ലേ? ഈ ശരീരം നശിക്കുമ്പോള്‍ അവശേഷിക്കുന്നതൊന്നുമില്ലേ? മണ്ണു മണ്ണായിപ്പോകുമ്പോള്‍ നിലനില്‍ക്കുന്ന വല്ലതുമില്ലേ? ചിതാഗ്‌നി ദേഹത്തെ നീറ്റുമ്പോഴും വല്ലതുമൊന്നു നാശമില്ലാതെ ശേഷിക്കുന്നില്ലേ? ഉണ്ടെങ്കില്‍ അതിന്റെ ഗതിയെന്ത്? അത് എവിടേക്കു പോകുന്നു? എവിടെ നിന്നു വന്നു. ഈ ചോദ്യങ്ങള്‍ പിന്നേയും പിന്നേയും ചോദിച്ചിട്ടുണ്ട്. സൃഷ്ടിയുള്ള കാലത്തോളവും മനുഷ്യബുദ്ധിയുള്ള കാലത്തോളവും ഇതു ചോദിച്ചുകൊണ്ടിരിക്കും. ഇതിനു സമാധാനം ഇതുവരെ ഉണ്ടായിട്ടില്ല എന്നല്ല, ഓരോരിക്കലും സമാധാനമുണ്ടായിട്ടുണ്ട്. കാലം ചെല്ലുന്തോറും അതിനു ശക്തി കൂടിവരുന്നു. തികഞ്ഞ സമാധാനം അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായി. പിന്നീട് അതിനെ പ്രകാരാന്തരത്തിലും പുതിയ ഉദാഹരണങ്ങളോടുകൂടിയും മനുഷ്യബുദ്ധിക്കു അധികമധികം വെളിവാക്കി വന്നിട്ടേയുള്ളൂ. നമുക്കും അതേ ചെയ്‌വാനുള്ളൂ. ഈ മഹാപ്രശ്‌നത്തിനു പുതിയൊരു സമാധാനം കണ്ടിട്ടുണ്ടെന്നു നാം നടിക്കുന്നില്ല. ആ പുരാതനസത്യം മനുഷ്യന്നറിവാകുവാന്‍വേണ്ടി നവീനഭാഷയില്‍ പറയുക, പഴമക്കാരുടെ ആശയം പുതുമക്കാരുടെ വാക്കുകളിലാക്കുക, ദാര്‍ശനികവാദങ്ങള്‍ പാമരഭാഷയില്‍ കാണിക്കുക, ദേവന്‍മാരുടെ വിജ്ഞാനം മനുഷ്യന്റെ വാക്കുകളില്‍ വെളിവാക്കുക, ഈശ്വരശാസനങ്ങളെ പ്രാകൃതമനുഷ്യഭാഷയില്‍ പറയുക – ഇത്രയേ നമുക്കു ചെയ്യാനുള്ളൂ. എന്തുകൊണ്ടെന്നാല്‍ ഏതു ദിവ്യചൈതന്യത്തില്‍നിന്ന് ഈ ആശയങ്ങള്‍ പുറപ്പെട്ടുവോ ആ ചൈതന്യം എന്നും മനുഷ്യനിലുണ്ട്. അതുകൊണ്ട് മനുഷ്യന് അവ ഗ്രഹിക്കയും ചെയ്യാം.

ഞാന്‍ നിങ്ങളെ കാണുന്നു. ഈ കാഴ്ചയ്ക്ക് എന്തെല്ലാം കാരണങ്ങള്‍ വേണം? ഒന്നാമത് ഈ കണ്ണ്, നയനഗോളം. മറ്റെല്ലാമുണ്ടായാലും ഈ കണ്ണില്ലെങ്കില്‍ കാഴ്ചയില്ല. രണ്ടാമത് യഥാര്‍ത്ഥമായ നയനേന്ദ്രിയം (അകത്തുള്ളത്). പുറമേയുള്ള ഗോളമല്ല വാസ്തവത്തില്‍ നയനേന്ദ്രിയം: അത് അകത്തുള്ള തലച്ചോറിലുള്ള സിരാകേന്ദ്രമാണ്. അതിനു കേടു തട്ടിപ്പോയാല്‍ പുറംകണ്ണ് ഉള്ളവണ്ണമിരുന്നാലും കാഴ്ചയുണ്ടാവില്ല. അതുകൊണ്ട് ആ ഇന്ദ്രിയം അന്യൂനമായിരിക്കണം. മറ്റ് ഇന്ദ്രിയങ്ങളുടേയും കഥ ഇതുതന്നെ. ചെവി വായുസ്പന്ദനങ്ങളെ അകത്തെ കേന്ദ്രത്തിലെത്തിക്കുന്ന ഉപകരണംമാത്രം. ഇത്രമാത്രവും പോരാ. നിങ്ങള്‍ വായനമുറിയിലിരുന്ന് ഏകാഗ്രമനസ്സായി പുസ്തകം വായിക്കുകയാണെന്നു വിചാരിക്കുക. അപ്പോള്‍ ഘടികാരം അടിച്ചാലും നിങ്ങള്‍ കേള്‍ക്കില്ല. ശബ്ദം അവിടെയുണ്ട്. വായു സ്പന്ദിച്ചു. ചെവിയും ഇന്ദ്രിയവും ശരിക്കുണ്ട്. ചെവി വഴി വായുസ്പന്ദനങ്ങള്‍ കേന്ദ്രത്തിലെത്തി, എന്നിട്ടും ശബ്ദഗ്രഹണമുണ്ടായില്ല. എന്തുകൊണ്ട്? എന്തായിരുന്നു പോരായ്മ? മനസ്സ് അവിടെ ബന്ധിച്ചിരുന്നില്ല. അതുകൊണ്ട് മൂന്നാമതൊന്ന്, മനസ്സുകൂടി ഉണ്ടായിരിക്കണം എന്നു കാണുന്നു. ഒന്നാമത് ബാഹ്യേന്ദ്രിയം: രണ്ടാമത് ബാഹ്യേന്ദ്രിയം വഴി സ്പന്ദങ്ങളെ സ്വീകരിക്കുന്ന അന്തരിന്ദ്രിയം: അതിനോടു ചേര്‍ന്നു മൂന്നാമതു മനസ്സും. മനസ്സ് അതിനോടു ബന്ധിക്കാഞ്ഞാല്‍ സ്പന്ദങ്ങളും ഇന്ദ്രിയാഘാതവുമുണ്ടായാലും വിഷയഗ്രഹണം ഉണ്ടാവില്ല. ഇനി മനസ്സും പോരാ, അതു വാഹകന്‍മാത്രം, മനസ്സു വിഷയത്തെ ബുദ്ധിയിലെത്തിക്കണം. ബുദ്ധിയാണ് ഇത് ഇന്നത് എന്നു നിശ്ചയിക്കേണ്ടത്. അതും പോരാ. ബുദ്ധി അതിനെ ശരീരനാഥനായ ആത്മാവിനു കാഴ്ചവെയ്ക്കണം. രാജാവ് സിംഹാസനത്തിലെന്നപോലെ ആത്മാവു ദേഹത്തിലിരിക്കുന്നു. ഗ്രഹിച്ച വിഷയം അവിടെ കാഴ്ചവെയ്ക്കണം. അപ്പോള്‍ ഇന്നതു ചെയ്യണം എന്നോ ചെയ്യേണ്ട എന്നോ കല്പനയുണ്ടാകുന്നു. ആ കല്പന പഴയ വഴിയെ ചെല്ലുന്നു: ആദ്യം ബുദ്ധിയിലേക്ക്, പിന്നെ മനസ്സിലേക്ക്, പിന്നെ ഇന്ദ്രിയങ്ങളിലേക്ക്: അവിടെനിന്നു ഗോളങ്ങളിലേക്ക്. അങ്ങനെ പ്രത്യക്ഷജ്ഞാനം പൂര്‍ത്തിയാകുന്നു.

ബാഹ്യേന്ദ്രിയങ്ങള്‍ ബാഹ്യമായ സ്ഥൂലദേഹത്തിലാണ്. മനസ്സും ബുദ്ധിയും അതിലല്ല. അവ സൂക്ഷ്മശരീരത്തിലാണെന്ന് ഹിന്ദുക്കള്‍ പറയുന്നു. അതിനെ ആത്മശരീരമെന്നു ക്രിസ്ത്യന്‍മാരും പറയുന്നു. അതു സ്ഥൂലദേഹത്തേക്കാള്‍ വളരെ സൂക്ഷ്മമാണ്. എന്നാല്‍ ആത്മാവല്ല. ആത്മാവ് അതുകള്‍ക്കും അപ്പുറത്താണ്. സ്ഥൂലദേഹം അല്പകാലത്താല്‍ നശിക്കുന്നു. ലഘുവായ വല്ല കാരണത്താലും അതു തകര്‍ന്നു നശിച്ചുപോകും. സൂക്ഷ്മശരീരം അത്ര വേഗത്തില്‍ നശിക്കില്ല. എന്നാല്‍ അതിനു ചിലപ്പോള്‍ ക്ഷയവും ചിലപ്പോള്‍ വൃദ്ധിയുമുണ്ട്. വാര്‍ദ്ധക്യത്തില്‍ മനോബലം കുറയുന്നതു നമുക്കനുഭവമാണല്ലോ. ദേഹത്തിനു ബലം കൂടുമ്പോള്‍ മനോബലവും വര്‍ദ്ധിക്കും. പല ലഹരിപദാര്‍ത്ഥങ്ങളും ഔഷധങ്ങളും മനസ്സിനെ ബാധിക്കും. ബാഹ്യലോകമാകെയും മനസ്സിനെ ബാധിക്കുമെന്നു പറയാം. അതിനെല്ലാം മനസ്സു തിരിഞ്ഞടിക്കുന്നു. മനസ്സിനുമുണ്ട് ശരീരത്തിനെന്നപോലെ വൃദ്ധിക്ഷയങ്ങള്‍. അതുകൊണ്ട് മനസ്സ് ആത്മാവായിരിപ്പാന്‍ തരമില്ല, ആത്മാവിനു ക്ഷയനാശങ്ങളില്ല. അത് എങ്ങനെയറിയാം? മനസ്സിനും അപ്പുറത്തൊന്നുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം? ജ്ഞാനമെന്നതു സ്വയംപ്രകാശമാണ്. ബുദ്ധിക്കടിസ്ഥാനം അതാണ്. അതു വെറും ജഡവും അചേതനവുമായ ഭൗതികപദാര്‍ത്ഥത്തിലുള്ള ഗുണമാവാന്‍ വയ്യ. സ്വതവേ ജ്ഞാനശക്തിയുള്ള ജഡപദാര്‍ത്ഥം ഇതേവരെ ആരും കണ്ടിട്ടില്ല. ജഡവസ്തുവിനു സ്വയം പ്രകാശിപ്പിക്കാന്‍ കഴിവില്ല. ജ്ഞാനമാണ് അതിനെ പ്രകാശിപ്പിക്കുന്നത്. ഇതാ ഈ പ്രസംഗശാല. ഇതുണ്ടെന്നറിവു തരുന്നതു ജ്ഞാനപ്രകാശമാണ്. അതില്ലായിരുന്നുവെങ്കില്‍ ശാലയെപ്പറ്റിയ യാതൊരറിവും നമുക്കുണ്ടാവില്ല.

പ്രപഞ്ചം; പിണ്ഡാണ്ഡം (ന്യൂയോര്‍ക്ക്, ജനുവരി 26, 1896) – തുടരും