പുനര്‍ജ്ജന്മസിദ്ധാന്തവും പൂര്‍വ്വജന്മസ്മരണയും (230)
ഇതാ ഞാന്‍ ഇവിടെ നില്‍ക്കുന്നു. ഈ നില്‍ക്കുന്ന ഞാന്‍ എന്നോടു ചേര്‍ന്ന അനന്തഭൂതകാലത്തിന്റെ ഫലവും പരിണാമവുമാണ്. ആ ഭൂതകാലം മുഴുവനും ഞാന്‍ ഓര്‍ക്കുകയോ? എന്തിന്? ഒരു പുരാതനമഹര്‍ഷി, ഒരു ജ്ഞാനി, ഒരു ദിവ്യന്‍, തത്ത്വം സാക്ഷാല്‍ക്കരിച്ചവന്‍ ഒരു തത്ത്വം പറയുമ്പോള്‍ ആധുനികന്‍ കയര്‍ക്കുന്നു. “ഓ! അയാള്‍ ഒരു മൂഢന്‍” എന്നു പറയുന്നു. എന്നാല്‍ പേരൊന്നു മാറ്റി “ഹ്‌ലി പറയുന്നു, അല്ലെങ്കില്‍, ടിന്‍ഡാള്‍ പറയുന്നു” എന്നു പറഞ്ഞാല്‍ “ഓ! അതു ശരിതന്നെ” എന്നു കരുതി അതു കണ്ണുമൂടി സ്വീകരിക്കുന്നു. പഴയ വിശ്വാസങ്ങളുടെ സ്ഥാനത്ത് പുതിയ മൂഢവിശ്വാസങ്ങളെ കെട്ടിയുറപ്പിച്ചിരിക്കുന്നു. പഴയ മതാചാര്യന്‍മാരുടെ സ്ഥാനത്ത് പുതിയ ശാസ്ത്രാചാര്യന്‍മാരെ അവരോധിച്ചിരിക്കുന്നു. അതുകൊണ്ട് ഓര്‍മ്മയെ പ്രമാണമാക്കിയുള്ള എതിര്‍വാദം സാധുവല്ലെന്നു മനസ്സിലായല്ലോ. അതാണുതാനും അതിശക്തിമത്തായ വാദം.
പുനര്‍ജ്ജന്‍മസിദ്ധാന്തത്തിനു പൂര്‍വ്വജന്‍മസ്മരണ ആവശ്യമില്ലെന്നു ബോധ്യപ്പെട്ടാലും ഒരു സംഗതി ഉറപ്പിച്ചുപറയാം. ഈ പൂര്‍വജന്‍മസ്മരണയുണ്ടാകും: നമ്മുടെ അന്ത്യജന്‍മത്തില്‍, നാം മുക്തന്‍മാരാകുന്ന ജന്‍മത്തില്‍, നമുക്കോരോരുത്തനും സ്വപൂര്‍വ്വജന്‍മങ്ങള്‍ സ്മരിക്കാറാകും എന്നു തെളിയിക്കുന്ന ഉദാഹരണങ്ങളുണ്ട്. ആ സ്മരണയുണ്ടാകുമ്പോഴേ ഈ ലോകം ഒരു രംഗമാണെന്നും നാം നടന്‍മാരാണെന്നും നമുക്കനുഭവപ്പെടൂ. അപ്പോഴേ നിസ്സംഗത്വം എന്തെന്ന് ഇടിവെട്ടുംവിധം നമുക്കു ബോധ്യപ്പെടൂ. അപ്പോള്‍ ഭോഗതൃഷ്ണയും ജീവിതാശയും ലോകവും പാടെ മാഞ്ഞുപോകും. ഇതെല്ലാം എത്ര തവണ നമുക്കുണ്ടായിരുന്നു, എത്ര ലക്ഷം പ്രാവശ്യം അച്ഛന്‍മാരും അമ്മമാരും പുത്രന്‍മാരും പുത്രികളും ഭര്‍ത്താക്കന്‍മാരും ഭാര്യമാരും ബന്ധുക്കളും മിത്രങ്ങളും ധനവും ശക്തിയും നമുക്കുണ്ടായിരുന്നു, എന്ന് അപ്പോള്‍ നാം പകല്‍വെളിച്ചത്തെന്നപോലെ കാണും. എത്ര പ്രാവശ്യം നാം അത്യുന്നതപദവിയെ ആരോഹണം ചെയ്തു, എത്ര പ്രാവശ്യം നിരാശാഗര്‍ത്തത്തിന്നടിയില്‍ പതിച്ചു! ഇതെല്ലാം സ്മൃതിയിലുദിക്കുമ്പോള്‍ നിങ്ങള്‍ ധീരധീരം നിലകൊള്ളും. അപ്പോള്‍ ലോകം നിങ്ങളെ നോക്കി മുഖം കറുപ്പിക്കുന്ന സമയത്ത്, നിങ്ങള്‍ ലോകത്തെ നോക്കി മന്ദഹസിക്കും. അപ്പോള്‍ നിവര്‍ന്നുനിന്ന് മൃത്യുവിനെപ്പോലും നോക്കി “നിന്നെ ഞാന്‍ വകവെയ്ക്കുന്നില്ല, എനിക്കു നിന്നെ ഭയവുമില്ല. നിനക്കെന്നോട് എന്തു ചെയ്‌വാന്‍ കഴിയും?” എന്നു ചോദിക്കും. ഈ അവസ്ഥ സര്‍വ്വര്‍ക്കുമുണ്ടാകും.
ഈ പുനര്‍ജന്‍മവാദത്തിനു യുക്തികളുണ്ടോ? ന്യായമായ തെളിവുകളുണ്ടോ? ഇതുവരെ നാം അതിന്നെതിരായ വാദങ്ങള്‍ ശരിയല്ലെന്നേ കാണിച്ചുള്ളൂ. പുനര്‍ജ്ജന്‍മം ഉണ്ടെന്നു കാണിപ്പാന്‍ തെളിവുണ്ടോ? ഉണ്ട്, വളരെ ബലമായ തെളിവുണ്ട്. ഒന്നാമത് ജ്ഞാനാര്‍ജ്ജനശക്തിയില്‍ മനുഷ്യര്‍ക്കു തമ്മിലുള്ള വലിയ വ്യത്യാസത്തിന് ഈ പുനര്‍ജ്ജന്‍മവാദമൊഴികെ മറ്റൊന്നും സമാധാനമാവില്ല. ജ്ഞാനമാര്‍ജ്ജിക്കുന്നത് എങ്ങനെയാണെന്നു നോക്കാം. ഞാന്‍ തെരുവിലിറങ്ങിയപ്പോള്‍ ഒരു നായയെ കണ്ടു. അതു നായയാണെന്നു ഞാന്‍ അറിയുന്നതെങ്ങനെ? മുമ്പ് എനിക്കുണ്ടായ അനുഭവങ്ങളെല്ലാം ഇനം തിരിച്ച് ഓരോ ഇനവും ഒരുക്കൂട്ടി ഓരോ സ്ഥാനത്താക്കി മനസ്സില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പുതുതായി ഒരനുഭവത്തിനിടയാകുമ്പോള്‍ അതെടുത്ത്, മുമ്പു മനസ്സില്‍ ഇനം തിരിച്ചുവെച്ച ഏതനുഭവത്തോടു യോജിക്കുമെന്നു നോക്കുന്നു. അതു ചേരുന്ന ഇനം മുമ്പു മനസ്സിലുണ്ടെങ്കില്‍ ഇതിനെ അതിനോടു ചേര്‍ത്ത് ഒത്തു കണ്ടു ഞാന്‍ കൃതാര്‍ത്ഥനാകുന്നു. എന്റെ പൂര്‍വ്വാനുഭവങ്ങളോട് ഒത്തുവന്നതുകൊണ്ടാണ് അതിനെ നായയെന്നു ഞാനറിഞ്ഞത് ഞാനറിഞ്ഞത്. എന്നാല്‍ അതു ചേര്‍ക്കത്തക്ക ഇനം മുമ്പുള്ളതായി കാണാഞ്ഞാല്‍ ഞാന്‍ അകൃതാര്‍ത്ഥനാകുന്നു. ഈ അകൃതാര്‍ത്ഥാവസ്ഥയാണ് അജ്ഞാനം. ചേരുന്ന ഇനം കണ്ടെത്തി പുതിയ അനുഭവത്തെ അതില്‍ ചേര്‍ത്തു കൃതാര്‍ത്ഥതയുണ്ടാകുന്ന അവസ്ഥയത്രേ ജ്ഞാനം.
ഒരു ആപ്പിള്‍ വീണു കണ്ടപ്പോള്‍ മനുഷ്യന് അകൃതാര്‍ത്ഥതയായി. ക്രമത്തില്‍ ആ സംഭവം ഒരു ഇനമായി കണ്ടു. ഇനമേത്? എല്ലാ ആപ്പിളും വീഴുന്നു എന്ന്: അതിനെ സാമാന്യമാക്കി, ആകര്‍ഷണശക്തി എന്നു പേരിട്ടു. ഇങ്ങനെ ഒരുക്കൂട്ടി വെച്ച ജ്ഞാനം കുറെയെങ്കിലും മുമ്പുണ്ടായിരുന്നാലേ പുതുതായുണ്ടാകുന്ന അനുഭവത്തെ അതിന്റെ ഇനത്തില്‍ ചേര്‍ത്തു ജ്ഞാനമുണ്ടാകുവാന്‍ വഴിയുള്ളൂ. അതുകൊണ്ട് ചില യൂറോപ്യന്‍തത്ത്വചിന്തകന്‍മാര്‍ പറയുംപോലെ ജന്‍മനാ മനുഷ്യന്റെ മനസ്സ് ശൂന്യമാണെങ്കില്‍ – പ്രാക്തനാനുഭവസഞ്ചയം അതില്‍ ജന്‍മനാ ഇല്ലെങ്കില്‍ – നൂതനാനുഭവങ്ങളെ പഴയതിനോടിട തട്ടിച്ചു സജാതീയത കണ്ടെത്തി കൃതാര്‍ത്ഥത നേടുവാന്‍ വകയില്ലായ്കയാല്‍ ആ മനസ്സ് പുതിയ ജ്ഞാനം സമ്പാദിക്കാതെ ശൂന്യമായിത്തന്നെ ഇരിക്കും. ജ്ഞാനാര്‍ജ്ജനദശയില്‍ മനുഷ്യര്‍ക്കു തമ്മില്‍ അന്തരമുണ്ടെന്ന് നമുക്കനുഭവമാണ്. ഈ വ്യത്യാസത്തിനു കാരണം ഓരോ മനുഷ്യനും മുമ്പു സമ്പാദിച്ചുവെച്ചിട്ടുള്ള ജ്ഞാനസഞ്ചയത്തിന്റെ വ്യത്യാസമാണെന്നു മനസ്സിലാക്കാം. ഓരോരുത്തന്റേയും സഞ്ചയം ഓരോ വിധമാണ്.
ജ്ഞാനം സമ്പാദിപ്പാന്‍ ഒറ്റ വഴിയേയുള്ളൂ – അനുഭവം: മറ്റു വഴിയില്ല. ഈ ജന്‍മത്തില്‍ അനുഭവപ്പെടാത്ത ജ്ഞാനം പൂര്‍വ്വജന്‍മത്തില്‍ അനുഭവിച്ചിരിക്കണം. മരണഭയം സര്‍വ്വത്ര കാണുന്നു. അതെങ്ങനെ? കോഴിക്കുഞ്ഞ് മുട്ട വിരിഞ്ഞ് പുറത്തു വന്നേയുള്ളൂ. ഒരു പരുന്ത് അതിനെ റാഞ്ചുവാന്‍ വരുന്നു. അതു ഭയപ്പെട്ടു പാഞ്ഞു തള്ളക്കോഴിയുടെ ചിറകിനുള്ളില്‍ പതുങ്ങുന്നു. എന്തുകൊണ്ട്? ഒരു പഴയ സമാധാനം – ആ പേരു പറഞ്ഞ് അതിനെ ഞാന്‍ ആദരിക്കരുതാത്തതാണ് – ഉണ്ട്; സഹജസ്വഭാവം. മുട്ടയില്‍നിന്നു പുറത്തു വന്നപാടേ ആ കൊച്ചുകോഴിക്കുഞ്ഞ് മരണത്തെ ഭയപ്പെടുന്നു.1 അതെങ്ങനെ? താറാവിന്റെ കുഞ്ഞിനെ കോഴി കൊത്തിവിരിച്ചു കൊണ്ടുനടക്കുമ്പോള്‍ വെള്ളത്തിന്നരികെ ചെല്ലുന്നു: കുഞ്ഞുവെള്ളത്തില്‍ ചാടി നീന്തുന്നു. അതെങ്ങനെ? അതു മുമ്പൊരിക്കലും നീന്തീട്ടില്ല, നീന്തല്‍ കണ്ടിട്ടുമില്ല. അതു സഹജസ്വഭാവം എന്ന് ആളുകള്‍ പറയുന്നു. വാക്കു ഗംഭീരംതന്നെ: പക്ഷേ അതുകൊണ്ടു കാര്യം വെളിവാകാതെ മുന്‍സ്ഥിതിയില്‍ത്തന്നെയിരിക്കുന്നു.
ഈ സഹജസ്വഭാവത്തിന്റെ സംഗതി ഒന്നു സൂക്ഷിച്ചുനോക്കുക. ഒരു കുട്ടി വീണ വായിപ്പാന്‍ പഠിക്കുന്നു. ആദിയില്‍ ഓരോ കമ്പിയിലും സ്ഥാനത്തിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. അങ്ങനെ കുറെ മാസങ്ങളോ സംവല്‍സരങ്ങളോ അഭ്യസിച്ചുകഴിയുമ്പോള്‍ വിരലുകള്‍ അതാതു കമ്പിയിലും സ്ഥാനത്തിലും തനിയെ ചെല്ലുന്നു, മനഃപൂര്‍വ്വമല്ലാതെ സഹജസ്വഭാവമെന്ന നിലയില്‍ ചെല്ലുന്നു. മനസ്സും ശ്രദ്ധയും ചെലുത്തി ചെയ്തിരുന്ന കാര്യം കാലക്രമത്തില്‍ അതില്ലാതെ സ്വാഭാവികമെന്നപോലെ ചെയ്യാറാകുന്നു. ഇത്രയും പറഞ്ഞതു തെളിവിന്റെ പകുതി ഭാഗംമാത്രം. മറ്റേ പകുതി ഇതത്രേ; ഇപ്പോള്‍ സ്വാഭാവികമെന്ന നിലയില്‍ ഇച്ഛാപൂര്‍വ്വകമല്ലാതെ ചെയ്യുന്ന പ്രവൃത്തികള്‍ മിക്കവയും ഇച്ഛയ്ക്കധീനമാക്കിക്കൊണ്ടുവരാം. ശരീരത്തിലെ മാംസപേശികളോരോന്നും നമ്മുടെ ഇച്ഛയ്ക്കധീനമാക്കാം. ഇതു സുപ്രസിദ്ധമാണല്ലോ. ഇങ്ങനെ രണ്ടു പ്രകാരത്തില്‍ തെളിവു പൂര്‍ത്തിയാകുന്നു. അനൈച്ഛികം, സഹജസ്വഭാവം എന്നു നാം ഇപ്പോള്‍ പറഞ്ഞുവരുന്നത്, ഇച്ഛാപൂര്‍വ്വകമായി മുമ്പു ചെയ്തിരുന്നതു പ്രാകൃതസ്വരൂപത്തിലായതാണ്. പ്രകൃതിനിയമം സര്‍വ്വത്ര സമമാണ്. എങ്കിലും, മനുഷ്യരിലും തിര്യക്കുകളിലും സഹജസ്വഭാവമെന്നു നാം ഇപ്പോള്‍ പറഞ്ഞുവരുന്നത് മുമ്പ് ഇച്ഛാപൂര്‍വ്വകമായ കര്‍മ്മത്തിന്റെ – ഇച്ഛാശക്തിയുടെ – പ്രാകൃതരൂപമാണെന്നു തെളിയുന്നു.
പ്രപഞ്ചം; പിണ്ഡാണ്ഡം (ന്യൂയോര്‍ക്ക്, ജനുവരി 26, 1896) – തുടരും