സ്വാമി വിവേകാനന്ദന്‍

ഓരോ പരിണാമത്തിനും മുമ്പ് അതിന്റെ ഗര്‍ഭീകരണമുണ്ടായിരിക്കും, ഗര്‍ഭിച്ചതു പരിണമിക്കുകയും ചെയ്യും എന്നൊരു നിയമം നാം ഇതിനു മുമ്പ് ‘ബ്രഹ്മാണ്ഡം’ എന്ന വിഷയത്തില്‍ വിവരിക്കയുണ്ടായി. ആ നിയമം ഇവിടെയും സംബന്ധിപ്പിച്ചാല്‍, സഹജസ്വഭാവമെന്നത് ബുദ്ധിയുടെ ഗര്‍ഭീകൃതാവസ്ഥയാണെന്നു കാണാം. അതു മനുഷ്യരിലായാലും തിര്യക്കുകളിലായാലും ഇച്ഛാപൂര്‍വ്വകകര്‍മ്മങ്ങളുടെ പ്രാകൃതാ(ഗര്‍ഭീകൃതാ)വസ്ഥയാണ്. അനുഭവജ്ഞാനമില്ലാതെ ഇച്ഛാപൂര്‍വ്വകര്‍മ്മങ്ങള്‍ ഉണ്ടാവില്ല. അനുഭവമത്രേ ജ്ഞാനത്തെ ഉളവാക്കുന്നത്. ആ ജ്ഞാനം ഇപ്പോഴുണ്ടുതാനും. അതുകൊണ്ട് അനുഭവമുണ്ടായിരിക്കണം. മരണഭയമോ താറാവുകുഞ്ഞിനു ജലത്തോടുള്ള താല്പര്യമോ മനുഷ്യര്‍ക്കു സഹജമായ അനൈച്ഛികവ്യാപാരങ്ങളോ എല്ലാം പ്രാക്തനാനുഭവങ്ങളുടെ ഫലമാണ്. ഇതുവരെയുള്ള കാര്യം വളരെ വ്യക്തം. നവീനശാസ്ത്രം ഇതിനോടു യോജിക്കുന്നുണ്ട്.

ഇനി ഒരു ദുര്‍ഘടംകൂടിയുണ്ട്. പ്രകൃതിശാസ്ത്രത്തിന്റെ നൂതനതമങ്ങളായ ദര്‍ശനങ്ങള്‍ പുരാതനമഹര്‍ഷിമാരുടെ സമീപത്തേയ്‌ക്കെത്തിത്തുടങ്ങി: എത്തിയേടത്തോളം അവര്‍ തമ്മില്‍ യോജിപ്പുണ്ട്. മനുഷ്യനാവട്ടെ മൃഗമാവട്ടെ, അനുഭവസഞ്ചയത്തോടുകൂടെയാണ് ജനിക്കുന്നതെന്നും, ഈ ജന്‍മത്തിലെ മനോവ്യാപാരങ്ങള്‍ ആ അനുഭവസഞ്ചയത്തിന്റെ ഫലമാണെന്നും നവീനശാസ്ത്രവും സമ്മതിക്കുന്നു. പക്ഷേ ഇവിടെ ഒരു ദുര്‍ഘടം. സഞ്ചിതമായ ഈ അനുഭവം മനസ്സില്‍ ചേര്‍ന്നതാണെന്ന് എന്തിനു വിചാരിക്കുന്നു? അതു ശരീരസംബന്ധിയായാല്‍ പോരേ? ശരീരത്തില്‍മാത്രം ചേര്‍ന്നതാണെന്നും അതു പാരമ്പര്യവഴിക്കു സിദ്ധിച്ചതാണെന്നും പറഞ്ഞുകൂടേ എന്നു ശാസ്ത്രം ചോദിക്കുന്നു. ഞാന്‍ ജനിക്കുമ്പോള്‍ എന്നില്‍ സഞ്ചിതമായുള്ള അനുഭവങ്ങളെല്ലാം എന്റെ പൂര്‍വ്വികന്‍മാര്‍ അനുഭവിച്ചതിന്റെ ഫലമാണെന്നു വന്നുകൂടേ? അണുജീവിമുതല്‍ ഉല്‍കൃഷ്ടമനുഷ്യന്‍വരെയുള്ള ജന്‍മങ്ങളിലെ അനുഭവങ്ങള്‍ എന്നിലുണ്ടെന്നതു വാസ്തവം: ആ അനുഭവങ്ങളുടെ ഫലം പരമ്പരയാ ദേഹംതോറും സംക്രമിച്ചിട്ടുള്ളതാകരുതോ? അങ്ങനെയായാല്‍ എന്തു വൈഷമ്യം? വളരെ മിടുക്കുള്ള ചോദ്യം. പാരമ്പര്യം കുറെ നാം സമ്മതിക്കുന്നുമുണ്ട്. എത്രത്തോളം? ശരീരരൂപവല്‍ക്കരണത്തെ സംബന്ധിച്ചിടത്തോളം. ഒരു സവിശേഷശരീരത്തില്‍ ജനിപ്പാന്‍തക്ക കര്‍മ്മം നാം ചെയ്തിരിക്കുന്നു. ആ ശരീരത്തിനുള്ള പദാര്‍ത്ഥങ്ങള്‍, നമ്മെ പുത്രത്വേന ലഭിപ്പാന്‍ യോഗ്യരായ മാതാപിതാക്കളില്‍ നിന്നു നമുക്കു സിദ്ധിക്കുന്നു.

മാനസികാനുഭവങ്ങള്‍ ജഡദ്രവ്യത്തില്‍ രേഖപ്പെടുത്താം, അവ ജഡത്തില്‍ അന്തര്‍ഭവിച്ചിരിക്കും എന്ന വല്ലാത്തൊരു വാദം ഒരു തെളിവും കൂടാതെ സ്വീകരിച്ചുകൊണ്ടാണ് വെറും പാരമ്പര്യസിദ്ധാന്തം നില്‍ക്കുന്നത്. ഞാന്‍ നിങ്ങളെ നോക്കുമ്പോള്‍ എന്റെ മനഃസരസ്സില്‍ ഒരല പൊന്തുന്നുണ്ട്. അത് അടങ്ങും, എങ്കിലും സൂക്ഷ്മരൂപത്തില്‍ സംസ്‌കാരമായി നിലനില്‍ക്കും. ഒരു ഭൗതികസംസ്‌കാരം (ഭൗതികമായ) ശരീരത്തില്‍ നിലനില്‍ക്കും എന്നു നമുക്കു ധരിക്കാം. എന്നാല്‍ തീരെ നശിച്ചുപോകുന്ന ശരീരത്തില്‍ ഒരു മാനസികസംസ്‌കാരം ഇരിക്കുമെന്നതിന് എന്തു തെളിവുണ്ട്? അതിനെ വഹിച്ചുകൊണ്ടുപോകുന്നതേത്? ആദിമമനുഷ്യനില്‍നിന്നു തുടങ്ങി എന്റെ പിതാവുവരെയുള്ള പരമ്പരയില്‍പ്പെട്ട സര്‍വ്വരുടെയും സര്‍വ്വമാനസികസംസ്‌കാരങ്ങളും ഒരു ദേഹത്തില്‍ ഇരിക്കുമെന്നും അത് എന്റെ പിതാവിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നും സമ്മതിച്ചാലും അത് എന്റെ ശരീരത്തിലേക്കു വന്നതെങ്ങനെ? അതെങ്ങനെ? വീര്യാന്തര്‍ഗതമായ ജീവാണുവില്‍ക്കൂടെയോ? അതെങ്ങനെ? പിതാവിന്റെ ശരീരം ആകെക്കൂടി കുട്ടിയുടെ ശരീരത്തിലേക്കു വരുന്നില്ലല്ലോ. ഒരേ മാതാപിതാക്കള്‍ക്ക് അനേകം കുട്ടികളുണ്ടാകാം. സംസ്‌കാരങ്ങള്‍ ഭൗതികത്തില്‍നിന്നു ഭൗതികത്തിലേക്കു സംക്രമിക്കുന്നു എങ്കില്‍, പിതൃദേഹഗതമായ സംസ്‌കാരം പുത്രദേഹത്തിലേക്കു പകരുമെങ്കില്‍, ഓരോ പുത്രജനനത്താലും മാതാപിതാക്കന്‍മാരുടെ സംസ്‌കാരത്തില്‍ അത്രത്തോളം കുറവു സംഭവിക്കുമെന്നോ, സംസ്‌കാരം ഒട്ടാകെയും സംക്രമിക്കുമെങ്കില്‍ പുത്രജനനാനന്തരം മാതാപിതാക്കന്‍മാരുടെ മനസ്സ് സംസ്‌കാരരഹിതമായി ശൂന്യമായിത്തീരുമെന്നോ സമ്മതിക്കേണ്ടിവരും. സംസ്‌കാരം ദേഹഗതവും ഭൗതികവുമാണെന്നുള്ള പാരമ്പര്യവാദത്തിന് ഇതത്രേ അവശ്യംഭാവിയായ ഫലം.

എന്നു മാത്രമല്ല, അനാദികാലം മുതല്‍ക്കുള്ള സംസ്‌കാരങ്ങളെല്ലാം ഒരേ ശരീരബീജാണുവില്‍ കടന്നുകൂടിയിരിക്കുന്നുവെങ്കില്‍ അതെങ്ങനെ, എവിടെ? അതു തെല്ലും നിലയില്ലാത്ത വാദമാണ്. മാനസികസംസ്‌കാരം ഭൗതികാണുവില്‍ ഒതുങ്ങിയിരിക്കുന്ന കാര്യം എങ്ങനെയെന്നും എവിടെയെന്നും ഈ ജഡശാസ്ത്രവാദികള്‍ തെളിയിക്കുന്നതുവരെ അവരുടെ സിദ്ധാന്തം സ്വീകാര്യമല്ല. അതുകൊണ്ട്, സംസ്‌കാരം മനസ്സിലാണെന്നും, മനസ്സു വീണ്ടും വീണ്ടും ശരീരങ്ങളെ സ്വീകരിക്കുന്നുവെന്നും അതിനു പറ്റിയ ഭൗതികദ്രവ്യങ്ങളെ ഉപയോഗിക്കുന്നുവെന്നും, ഒരു സവിശേഷശരീരം സ്വീകരിക്കേണ്ടുന്ന മനസ്സ് ആ ശരീരത്തിനുപയുക്തമായ ദ്രവ്യങ്ങള്‍ കിട്ടുന്നതുവരെ കാത്തിരിക്കണമെന്നും വെളിവാകുന്നു. ഇതു നമുക്ക് മനസ്സിലാക്കാം. അപ്പോള്‍ പാരമ്പര്യക്രമം എന്നുള്ളതുണ്ട്. അത് ആത്മാവിന് ദേഹനിര്‍മ്മാണത്തിനുള്ള ഭൗതികദ്രവ്യങ്ങളെ നല്‍കുന്നിടത്തോളം മാത്രം. എന്നാല്‍ ആത്മാവു സംസാരിക്കുന്നു, ശരീരങ്ങളെ ഒന്നിനൊന്നു നിര്‍മ്മിക്കുന്നു. ഓരോ ജന്‍മത്തിലും നാം വിചാരിക്കുന്ന ഓരോ വിചാരവും, ചെയ്യുന്ന ഓരോ കര്‍മ്മവും വീണ്ടും പൊന്തി പുതുരൂപം കൈക്കൊള്ളാന്‍ ഉദ്യുക്തമായി സൂക്ഷ്മരൂപത്തില്‍ സഞ്ചിതമായിരിപ്പുണ്ട്. നിങ്ങളെ കാണുമ്പോള്‍ ഒരു തരംഗം എന്റെ മനസ്സില്‍ പൊന്തുന്നു, അതു താഴുന്നു. എങ്കിലും നശിച്ചുപോകാതെ സൂക്ഷ്മമായി കിടക്കുന്നു. അതു പിന്നെ വീണ്ടും സ്മൃതിരൂപത്തിലുള്ള തരംഗമായി ആവിര്‍ഭവിക്കുന്നു. ഈ വിധത്തില്‍ എല്ലാ സംസ്‌കാരങ്ങളും എന്റെ മനസ്സിലുണ്ട്. ഞാന്‍ മരിക്കുമ്പോള്‍ അവയുടെ ഫലിതശക്തി എന്നില്‍ ചേര്‍ന്നിരിക്കും.

ഇവിടെ ഒരു പന്തുണ്ടെന്നും, അതിനെ നാം ഓരോരുത്തനും ഓരോ കൊട്ടികൊണ്ട് ഓരോ വശത്തുനിന്ന് അടിക്കുന്നുണ്ടെന്നും വിചാരിക്കുക. അത് ഓരോ അടികൊണ്ട് ഓരോ ഇടത്തേക്ക് പാഞ്ഞ് ഈ മുറിയുടെ ദ്വാരത്തിലെത്തുമ്പോള്‍ പുറത്തേക്കു പായുന്നു. അത് ഏതു വഴിക്ക്, എങ്ങനെ എത്ര ദൂരം പോകും എന്നു വരുത്തുന്നതേത്? അതിനു കിട്ടിയ എല്ലാ അടികളുടെയും കൂടെ ഫലിതശക്തിതന്നെ. അതുപോലെ മരണത്തില്‍ ജീവന്റെ ഗതി നിര്‍ണ്ണയിക്കുന്നതെന്ത്? ആ ജീവന്‍ ചെയ്ത സര്‍വ്വകര്‍മ്മങ്ങളുടെയും ചിന്തിച്ച സര്‍വ്വചിന്തകളുടെയും ആകത്തുക, ഫലിതശക്തി. വീണ്ടും ഭോഗത്തിനായി ഒരു ശരീരം സ്വീകരിക്കാനാണ് അതിന്റെ ഗതിയെങ്കില്‍ അതിനു തക്ക ദേഹം കൊടുപ്പാന്‍ മതിയായ മാതാപിതാക്കന്‍മാരെ അതു പ്രാപിക്കും. ഇങ്ങനെ ദേഹാന്തരങ്ങളെ സ്വീകരിച്ച് ചിലപ്പോള്‍ സ്വര്‍ല്ലോകത്തിലേക്കും വീണ്ടും ഭൂമിയിലേക്കും ചിലപ്പോള്‍ മനുഷ്യനായും, ചിലപ്പോള്‍ തിര്യക്കായും പോകുന്നു. അനുഭവങ്ങള്‍ തികഞ്ഞു സംസ്‌കാരം പൂര്‍ത്തിയാകുംവരെ അങ്ങനെ പൊയ്‌ക്കൊണ്ടിരിക്കും. ഒടുവില്‍ അതിന് സ്വരൂപജ്ഞാനമുണ്ടാകും. താന്‍ ആരെന്നറിഞ്ഞ് അജ്ഞാനം നീങ്ങി സ്വശക്തികള്‍ പ്രകാശിച്ച് പരിപൂര്‍ണ്ണതയെ പ്രാപിക്കും. പിന്നെ സ്ഥൂലശരീരങ്ങളോ മാനസികങ്ങളായ സൂക്ഷ്മശരീരങ്ങളോ സ്വീകരിച്ചു കര്‍മ്മം ചെയ്യേണ്ട കാര്യം അതിനില്ല. അത് മുക്തമായി പിന്നെ ജനനമില്ല, മരണമില്ല. അതു സ്വയം ജ്യോതിസ്സായി.

ഇനി ഈ വിഷയത്തെപ്പറ്റി ഇപ്പോള്‍ വിസ്മരിക്കുന്നില്ല. പുനര്‍ജന്‍മത്തെപ്പറ്റി ഒരു സംഗതികൂടി പ്രസ്താവിക്കാം. ഈ സിദ്ധാന്തമാണ് ആത്മസ്വാതന്ത്ര്യത്തെ ബലപ്പെടുത്തുന്നത്. നമ്മുടെ പോരായ്മയ്ക്ക് അന്യരെ കുറ്റപ്പെടുത്തുന്നത് സാധാരണമായ മനുഷ്യദൗര്‍ബല്യമാണ്. അതിന് ഇടയാക്കാത്ത ഒരു സിദ്ധാന്തം ഇതൊന്നുമാത്രം. നമ്മുടെ ദോഷം നാം കാണുന്നില്ല. മറ്റെല്ലാവരുടെയും കണ്ണു നമുക്കു കാണാം: നമ്മുടെ സ്വന്തം കണ്ണു നാം കാണുന്നില്ല. മറ്റുള്ളവരെ ചുമതലപ്പെടുത്താവുന്നിടത്തോളം നമ്മുടെ കുറ്റവും കുറവും സമ്മതിപ്പാന്‍ നമുക്കു വലിയ മടിയാണ്. കുറ്റം മുഴുവന്‍ അന്യനില്‍ അല്ലെങ്കില്‍ ഈശ്വരനില്‍ അതുമല്ലെങ്കില്‍ ഒരു പിശാചില്‍ ആരോപിച്ച് അത് യോഗമാണെന്നു പറയുന്നതാണ് സാധാരണ മനുഷ്യസ്വഭാവം. യോഗമെവിടെ? തലവിധിയെന്ത്? നാം വിതച്ചത് നാം കൊയ്യുന്നു. നമ്മുടെ വിധിയുടെ വിധാതാക്കളാണ് നാം. മറ്റൊരാളെ പഴിപ്പാനില്ല, പുകഴ്ത്താനില്ല. കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. പായ നിവര്‍ത്തി തോണികള്‍ കാറ്റേറ്റു മുമ്പോട്ടു പോകുന്നു. പായ നിവര്‍ത്താത്തവയ്ക്ക് കാറ്റു പിടിക്കുന്നില്ല. അതു കാറ്റിന്റെ കുറ്റമോ? കരുണാമയനായ ജഗത്പിതാവിന്റെ കൃപാമാരുതന്‍ രാപ്പകല്‍ ഇടവിടാതെ വീശികൊണ്ടിരിക്കുന്നു. ആ കൃപയ്ക്ക് ഒരു കാലത്തും താഴ്ചയില്ല, വീഴ്ചയില്ല.

നമ്മളില്‍ ചിലര്‍ സുഖികളായും ചിലര്‍ ദുഃഖികളുമായിരിക്കുന്നത് ജഗത്പിതാവിന്റെ കുറ്റമോ? നമുക്ക് അനുഭവം നാം ഉണ്ടാക്കുന്നു. അവിടുത്തെ സൂര്യന്‍ ബലവാനും ദുര്‍ബലനും ഒന്നുപോലെ പ്രകാശിക്കുന്നു. അവിടുത്തെ വായു പുണ്യവാനും പാപിക്കും ഒരുപോലെ വീശുന്നു. അവിടുന്നു സര്‍വ്വേശ്വരന്‍, സര്‍വ്വപിതാവ്. സര്‍വ്വസമന്‍, കൃപാമയന്‍. നമ്മുടെ ജീവിതത്തിലെ നിസ്സാരകാര്യങ്ങളെ നാം ഗൗരവമായി കരുതുംപോലെ സര്‍വ്വേശ്വരനും കരുതുന്നുണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അങ്ങനെ വിചാരിച്ചാല്‍ നാം ഈശ്വരനെ എത്ര ലഘുവാക്കുന്നു? നാം ചെറിയ നായക്കുട്ടികളെപ്പോലെയാണ്. നമുക്കുണ്ടാകുന്ന തീവ്രങ്ങളായ ജീവിതക്ലേശങ്ങളെ ഈശ്വരനും അതേ നിലയില്‍ കരുതുമെന്ന് നാം വിഡ്ഢിത്തം വിചാരിക്കുന്നു. നായക്കുട്ടികളുടെ കളിക്ക് എത്രകണ്ട് ഗൗരവമുണ്ടെന്ന് അവിടേയ്ക്കറിയാം. അവിടുത്തെ രക്ഷകനും ശിക്ഷകനുമാക്കി, ഭാരം അവിടുത്തെമേല്‍ ചുമത്തുവാന്‍ ശ്രമിക്കുന്നതു നമ്മുടെ മൗഢ്യം. അവിടുന്നു ശിക്ഷിക്കുന്നില്ല, സമ്മാനിക്കുന്നുമില്ല. അവിടുത്തെ അനന്തകാരുണ്യം സര്‍വ്വര്‍ക്കും സര്‍വ്വകാലത്തും സര്‍വ്വദേശത്തും സര്‍വ്വാവസ്ഥയിലും സര്‍വ്വസമമായി അക്ഷയമായിരിക്കുന്നു. ഉപയോഗപ്പെടുത്തേണ്ടത് നാംതന്നെ, അതു നമുക്കുപയോഗമാക്കുന്നതു നമ്മുടെ ഭാരം. ഈശ്വരനെയോ മനുഷ്യനെയോ മറ്റു വല്ലതിനെയോ കുറ്റപ്പെടുത്തേണ്ട. നിങ്ങള്‍ക്കു ദുഃഖമുണ്ടാകുമ്പോള്‍ നിങ്ങളെ കുറ്റപ്പെടുത്തുക, നിങ്ങളെ നന്നാക്കുവാന്‍ ശ്രമിക്കുക.

നമ്മുടെ പ്രശ്‌നത്തിന്, ഇതൊരു സമാധാനമേ ഉള്ളൂ. കുറ്റം അന്യരിലാരോപിക്കുന്നവര്‍ പ്രായേണ ദുഃഖികളും ദുര്‍ബലബുദ്ധികളുമാണ്. അഹോ കഷ്ടം, അവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു! അവര്‍ അനര്‍ത്ഥങ്ങള്‍ തനിയേ വലിച്ചിട്ട് അന്യരെ ദുഷിക്കുകയാണ്: അതുകൊണ്ട് അവരുടെ സ്ഥിതി മെച്ചപ്പെടുന്നുണ്ടോ? അവര്‍ക്കു ദൗര്‍ബ്ബല്യം വര്‍ദ്ധിക്കുന്നതേ ഉള്ളൂ. അതുകൊണ്ട് സ്വന്തം ദോഷങ്ങള്‍ക്ക് അന്യരെ പഴിക്കേണ്ട. ഭാരം സ്വന്തം തലയിലേറ്റി തനിക്കു താന്‍ പോന്നവരാകുക. “എന്റെ കര്‍മ്മദോഷത്താലാണ് എനിക്കീ ദുഃഖം. ഇതിനെ ഞാന്‍തന്നെ പരിഹരിക്കണമെന്ന് ഇതുകൊണ്ടേ വെളിവാകുന്നു. ഞാന്‍ അതു ചെയ്യും, ഞാന്‍ സൃഷ്ടിച്ചതു ഞാന്‍ സംഹരിക്കും. മറ്റൊരുവന്റെ സൃഷ്ടിയെ നശിപ്പിക്കാന്‍ ഞാനാളല്ല.” അതുകൊണ്ട് എഴുന്നേല്‍ക്കുക, ധീരനാകുക, കരുത്തനാകുക. സ്വന്തം ഭാരം സ്വന്തം ശിരസ്സില്‍ വഹിക്കുക. നിങ്ങളുടെ വിധാതാവ് നിങ്ങള്‍തന്നെ നിങ്ങള്‍ക്കു വേണ്ടുന്ന ബലവും സാഹായവും നിങ്ങളുടെ ഉള്ളിലുണ്ട്. അതുകൊണ്ട് ഭാവിയെ ശോഭനമാക്കുക. കഴിഞ്ഞുപോയതു കുഴിച്ചുമൂടുക. അനന്തഭാവി നിങ്ങളുടെ മുമ്പില്‍. ഓരോ വാക്കും ഓരോ വിചാരവും ഓരോ കര്‍മ്മവും നിങ്ങള്‍ക്കുവേണ്ടി നിധിയൊരുക്കുകയാണ് എന്നു നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം. ദുര്‍വ്വിചാരങ്ങളും ദുഷ്‌കര്‍മ്മങ്ങളും വ്യാഘ്രങ്ങളെപ്പോലെ നിങ്ങളുടെ നേര്‍ക്ക് ഉത്പതിക്കുവാന്‍ ഉറ്റിരിക്കുന്നതെങ്ങനെയോ, അങ്ങനെ സദ്വിചാരങ്ങളും സത്കര്‍മ്മങ്ങളും ഒരു നൂറായിരം ദേവന്‍മാരുടെ ശക്തിയോടുകൂടി നിങ്ങളെ രക്ഷിപ്പാന്‍ എന്നും എപ്പോഴും തയ്യാറായിരിക്കുമെന്നും ഓര്‍മ്മവെയ്ക്കണം.

പ്രപഞ്ചം; പിണ്ഡാണ്ഡം (ന്യൂയോര്‍ക്ക്, ജനുവരി 26, 1896)