അമൃതത്വം – ആത്മാവിന്റെ നിത്യത്വം; മനുഷ്യന് ഇതിനേക്കാള്‍ പ്രിയതരമായ വിഷയമേതുണ്ട്? ഇതിനേക്കാളേറെ മനുഷ്യബുദ്ധിയെ വ്യാപരിപ്പിച്ചിട്ടുള്ള വിഷയമേതുണ്ട്? ജഗദ്രഹസ്യമാരായുവാന്‍ മനുഷ്യനെ ഇത്രമേല്‍ പ്രേരിപ്പിച്ചിട്ടുള്ള ഭാവനയേതുണ്ട്? മനുഷ്യജീവിതത്തോട് – നമ്മുടെ നിലനില്പിനോട് – ഇതിലും അഭേദമായി ഗാഢതരമായി ബന്ധിച്ചുനില്‍ക്കുന്ന പ്രശ്‌നമേതുണ്ട്? ഇതത്രേ കവികള്‍ക്കും ഋഷിമാര്‍ക്കും പുരോഹിതന്‍മാര്‍ക്കും പ്രവാചകന്‍മാര്‍ക്കുമുള്ള വിഷയം. സിംഹാസനസ്ഥരായ രാജാക്കള്‍ ഇതിനെപ്പറ്റി സ്വപ്നം കണ്ടു. മനുഷ്യരില്‍ അത്യുത്കൃഷ്ടര്‍ ഇതിനെ സമീപിച്ചിട്ടുണ്ട്. അതിനികൃഷ്ടരും ഇതില്‍ ആശ വെച്ചിട്ടുണ്ട്. ഈ വിഷയത്തിലുള്ള താല്പര്യം ഇനിയും ശമിച്ചിട്ടില്ല. മനുഷ്യപ്രകൃതിയുള്ള കാലത്തോളം ഇതിനെക്കുറിച്ച് പല ബുദ്ധിമാന്‍മാര്‍ പല സമാധാനങ്ങള്‍ ലോകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ആലോചന നിഷ്ഫലമെന്ന് ഏതു കാലത്തും അനേകായിരം ജനങ്ങള്‍ അതിനെ കൈവിട്ടിട്ടുമുണ്ട്. എങ്കിലും ഈ വിഷയം ഇന്നും പുതുതായിരിക്കുന്നു. ജീവിതത്തിരക്കില്‍ പലപ്പോഴും നാം ഇതു മറന്നുപോയേയ്ക്കാം. അപ്പോള്‍ പെട്ടെന്ന് ഒരാള്‍ മൃതിയടയുന്നു: പക്ഷേ നമ്മുടെ പ്രേമഭാജനമായ ഒരാളെയാവാം അന്തകന്‍ അപഹരിക്കുന്നത്. ആ സമയത്ത് ജീവിതത്തിന്റെ ബഹളമൊതുങ്ങി, തിക്കും തിരക്കും ഒരു നിമിഷത്തേക്കു നിലയ്ക്കുന്നു: അന്തരംഗത്തില്‍ ആ പഴയ പ്രശ്‌നം പൊന്തിവരുന്നു. “ഇനിയത്തെ അവസ്ഥയെന്ത്? ആത്മാവിന്റെ നിലയെന്ത്?”
ജ്ഞാനം അനുഭവജന്യമാണ്. അനുഭവിച്ചല്ലാതെ ഒരു ജ്ഞാനവും ഉണ്ടാവില്ല. അനുമാനവും അനുഭവത്തെ ആസ്പദിച്ചുള്ളതാണ്. അനുഭവങ്ങളെ ഇണക്കിച്ചേര്‍ത്തതത്രേ നമുക്കുള്ള ജ്ഞാനമാകെ. ചുറ്റുപാടും നമുക്ക് അനുഭവപ്പെടുന്നത് എന്താണെന്നു നോക്കുക. നിരന്തരവികാരം, ഇടവിടാതെയുള്ള മാറ്റം. വിത്തില്‍നിന്നു ചെടിയുണ്ടാകുന്നു, വിത്തു ചെടിയാകുന്നു; ചെടി മരമായി വളരുന്നു, മരത്തില്‍നിന്ന് പിന്നെയും വിത്തുണ്ടാകുന്നു: അങ്ങനൊ ഒരു വൃത്തം മുഴുമിക്കുന്നു. ഒരു ജന്തു ജനിക്കുന്നു, കുറച്ചുകാലം ജീവിക്കുന്നു. മരിക്കുന്നു: അതിന്റെ വട്ടം തികയുന്നു. അതുപോലെ മനുഷ്യനും. മലകള്‍ വളരെ പതുക്കെയെങ്കിലും തീര്‍ച്ചയായിട്ടും പൊടിപൊടിയായി പോകുന്നു. അതുപോലെ നദികള്‍ വരണ്ടുപോകുന്നു. സമുദ്രജലം മേഘമായുയര്‍ന്നു വീണ്ടും സമുദ്രത്തിലേക്കു വീഴുന്നു. ഇങ്ങനെ ഉല്പത്തി, വളര്‍ച്ച, വൃദ്ധി, ക്ഷയം ഇവ തരിമ്പും പിഴയ്ക്കാതെ വട്ടം ചുറ്റുന്നതാണ് സര്‍വ്വത്ര കാണുന്നത്. ഇതത്രേ നമ്മുടെ നിത്യാനുഭവം. എന്നാല്‍ ഇതിനെല്ലാം ഉള്ളില്‍, പരമാണു മുതല്‍ സിദ്ധപുരുഷന്‍ വരെ ലക്ഷോപലക്ഷം ഭിന്നപ്രകൃതികളായി ഭിന്നജാതികളായി ഭിന്നരൂപങ്ങളായി കാണുന്ന ജീവിതമെന്ന വിപുലപിണ്ഡത്തിനു പുറകില്‍ ഒരൈക്യമുണ്ടെന്നും കാണുന്നു. ഒന്നിനെ മറ്റൊന്നില്‍നിന്നു വേറാക്കി നിര്‍ത്തുന്നതെന്നു നാം വിചാരിക്കുന്ന ഭിത്തി തകര്‍ന്നുപോകുന്നതും നമുക്കു നിത്യാനുഭവമാണ്.
പദാര്‍ത്ഥം ഒന്നേയുള്ളൂ. അതു നാനാവിധമായും നാനാജാതിയായും ഒരേ ജീവിതത്തെ പ്രകാശിപ്പിക്കുന്നു. കണ്ണികണ്ണിയായി അവസാനമില്ലാത്തപോലെ പോകുന്ന പെരുംചങ്ങലയായ ജീവിതത്തില്‍ ഈ ഓരോ ജാതിയും ഓരോ കണ്ണിയത്രേ. എല്ലാം ഒരേ ചങ്ങലയുടെ കണ്ണിതന്നെ എന്ന് ആധുനികശാസ്ത്രം കണ്ടുതുടങ്ങിയിരിക്കുന്നു. ഇതിനെയാണ് പരിണാമമെന്നു പറയുന്നത്. ഇതു പണ്ടുപണ്ടേയുള്ള ഭാവനയത്രേ, മനുഷ്യസമുദായം ഉണ്ടായ മുതല്‍ക്കുള്ളത്. മനുഷ്യന് ജ്ഞാനം വര്‍ദ്ധിക്കുംതോറും ഇതിനു പുതുമ കൂടുന്നു എന്നേയുള്ളൂ. പൂര്‍വ്വന്‍മാര്‍ കൂടുതല്‍ ഒരു തത്ത്വം കണ്ടിരുന്നു. അത് ഇന്ന് അത്ര വെളിവായി കാണുന്നില്ല. അതു ഗര്‍ഭീകരണം എന്ന തത്ത്വമാണ്. വിത്തു ചെടിയാവും, മണല്‍ത്തരി ഒരിക്കലും ചെടിയാവില്ല. ഒരു പിതാവു ശിശുവാകും, മണ്‍കട്ട ഒരിക്കലും ശിശുവാകില്ല. ഒരു പരിണാമവിശേഷം എവിടെ നിന്ന് എന്നാണ് ചോദ്യം. വിത്ത് എന്തായിരുന്നു? അതു വൃക്ഷംതന്നെയായിരുന്നു. ഭാവിവൃക്ഷം മുഴുവന്‍ വിത്തില്‍ അടങ്ങിയിരിക്കുന്നു. ഭാവിമനുഷ്യന്‍ മുഴുവന്‍ ശിശുവില്‍ ഒതുങ്ങിയിരിക്കുന്നു. ഭാവിജീവിതം മുഴുവന്‍ ബീജത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. ഇതിന് എന്തു പേര്‍ പറയാം? ഇന്ത്യയിലെ പുരാതനതത്ത്വജ്ഞര്‍ ഇതിനു ഗര്‍ഭീകരണം എന്നു പേര്‍ കൊടുത്തു. പരിണാമത്തിനു മുമ്പ് ഗര്‍ഭീകരണമുണ്ടായിരിക്കണം എന്നു വെളിവാകുന്നു.
ഗര്‍ഭിക്കാത്തതു പരിണമിക്കില്ല. ഇവിടെയും നമുക്കു നവീനശാസ്ത്രസാഹായ്യമുണ്ട്. എങ്ങനെയെന്നാല്‍, ജഗത്തില്‍ പ്രത്യക്ഷപ്പെടുന്ന ശക്തിയുടെ ആകെത്തുകയ്ക്ക് ഒരു കാലത്തും മാറ്റമില്ലെന്നു ശാസ്ത്രം കണക്കാക്കി കാണിച്ചിരിക്കുന്നു. ഇപ്പോഴുള്ളതല്ലാതെ ഒരു കണം പദാര്‍ത്ഥമോ ഒരു ലവം ശക്തിയോ ഈ ജഗത്തില്‍ കൂട്ടാവതോ കുറയ്ക്കാവതോ അല്ല. എന്നിരിക്കെ വെറും ശൂന്യത്തില്‍നിന്ന് ഒന്നും പരിണമിക്ക വയ്യ: പിന്നെ ഏതില്‍നിന്നു പരിണമിക്കുന്നു? മുമ്പു ഗര്‍ഭിച്ചിരുന്നതില്‍നിന്ന്. ഗര്‍ഭീകൃതമനുഷ്യനാണ് ശിശുവായി വെളിപ്പെടുന്നത്. ശിശുവിന്റെ പരിണാമമാണ് മനുഷ്യന്‍. വൃക്ഷത്തിന്റെ ഗര്‍ഭീകൃതാവസ്ഥ ബീജം: ബീജത്തിന്റെ പരിണതാവസ്ഥ വൃക്ഷം. ജീവിതാവസ്ഥകളെല്ലാം ബീജത്തില്‍ ഗര്‍ഭീകൃതങ്ങള്‍. ഇപ്പോള്‍ ഈ സംഗതി കുറേക്കൂടെ വെളിവായല്ലോ. ഇതിനോടു ജീവിതൈക്യം എന്ന സംഗതി യോജിപ്പിക്കുക. ജീവപരമാണുമുതല്‍ പരമഹംസന്‍ വരെ ഒരേ ജീവിതമത്രേ.
ഒരു പ്രത്യക്ഷജീവിതത്തില്‍ ആദ്യം ബീജാവസ്ഥ: പിന്നെ ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ അവസ്ഥാഭേദങ്ങളുള്ളതുപോലെ, ജീവപരമാണുതൊട്ടു പരമഹംസപദപര്യന്തം അവസ്ഥാന്തരങ്ങളോടുകൂടിയ ഒരേ ജീവിതം – ഒരേ തുടര്‍(ചങ്ങല). അതാണ് പരിണാമം. എന്നാല്‍ പരിണാമത്തിനു മുമ്പു ഗര്‍ഭീകരണം വേണമല്ലോ. അപ്പോള്‍ ജീവപരമാണു മുതല്‍ ഭൂമിയില്‍ ഈശ്വരാവതാരമായ പരമഹംസന്‍വരെ മന്ദം മന്ദം വ്യക്തീഭവിച്ചുവരുന്ന ഈ പരമ്പര മുഴുവന്‍ കൂടി ഒറ്റ ജീവിതവും, അത് ആ ജീവപരമാണുവില്‍ ഗര്‍ഭീകരിച്ചിരുന്നതുമാണ്. ഇതു മുഴുവന്‍ ആ അണുവില്‍ ഒതുങ്ങിയിരുന്നു. ഭൂമിയില്‍ പ്രത്യക്ഷമായിക്കാണുന്ന സര്‍വ്വേശ്വരന്‍ ഗര്‍ഭീകൃതനായി മെല്ലെ മെല്ലെ പ്രകാശിതനായി. അത്യുച്ചാവസ്ഥയും ബീജത്തില്‍ ഗര്‍ഭീകരിച്ചിരിക്കണം, വളരെ സൂക്ഷ്മമായിട്ടെന്നുമാത്രം. അതുകൊണ്ട് ഈ ഒരു ശക്തി, ഈ മുഴുവന്‍ ജീവിതത്തുടര്‍ച്ചയും, ആദിയില്‍ സര്‍വ്വവ്യാപിയായ വിശ്വജീവിതത്തിന്റെ ഗര്‍ഭീകരണമാണ്. ആ ബുദ്ധിചൈതന്യപുഞ്ജം മെല്ലെ മെല്ലെ ചുരുള്‍ നിവര്‍ത്തി ആദിയില്‍ ജീവപരമാണുവായിരുന്നത് ഒടുവില്‍ പരമഹംസനാകുന്നു. അതു വളരുന്നു എന്നല്ല: വളര്‍ച്ച എന്ന ഭാവനയെല്ലാം മനസ്സില്‍നിന്നു തള്ളണം: വളര്‍ച്ച എന്നു വിചാരിക്കുമ്പോള്‍ അതോടൊന്നിച്ച്, പുറമേനിന്ന് അന്യമായ ഒന്ന് അതില്‍ ചേരുന്നു എന്ന ഭാവനകൂടിയുണ്ടാകണം. സര്‍വ്വജീവിതത്തിലും അന്തര്‍ഭവിച്ചിരിക്കുന്നത് അനന്തശക്തിയാണ്. പുറമേനിന്ന് ഒന്നു വന്ന് അതില്‍ ചേര്‍ന്ന് അതിനുള്ള വളര്‍ച്ച കൊടുപ്പാനില്ല. അതുകൊണ്ടു വളര്‍ച്ചയെന്ന ഭാവന തെറ്റ്: അതു വളരുകയല്ല, അതു മുഴുവന്‍ എപ്പോഴും അതിലുണ്ട്, അതിന്റെ പ്രകാശനം കൂടിവരുന്നതേയുള്ളൂ.
കാരണം പ്രത്യക്ഷമാകുന്നതു കാര്യം. കാര്യകാരണങ്ങള്‍ക്കു തമ്മില്‍ വാസ്തവത്തില്‍ വ്യത്യാസമില്ല. ഉദാഹരണമായി ഈ ഗ്ലാസെടുക്കാം. ഗ്ലാസ് എന്ന പദാര്‍ത്ഥം ഉണ്ടായിരുന്നു. നിര്‍മ്മാതാവിന്റെ ഇച്ഛാശക്തി ചേര്‍ന്ന് അത് ഈ രൂപത്തിലായി. ഈ രണ്ടു കാരണങ്ങളും ഇപ്പോള്‍ ഇതിലുണ്ട്. ഇച്ഛ ഏതു രൂപത്തില്‍? പ്രസക്തിരൂപത്തില്‍. ആ ശക്തിയില്ലായിരുന്നെങ്കില്‍ ഓരോ അണുവും തമ്മില്‍ വേര്‍തിരിഞ്ഞു വീണുപോയേനേ. അപ്പോള്‍ കാര്യമെന്ത്? കാരണംതന്നെ. കാലാദ്യവസ്ഥകളാല്‍ രൂപാന്തരപ്പെട്ടു തമ്മില്‍ ചേരുമ്പോള്‍ അതു കാര്യമാകുന്നു. ഇതു നാം ഓര്‍മ്മവെക്കണം. ഇതിനെ ജീവിതകാര്യത്തോടു സംബന്ധിപ്പിക്കുക. അണു മുതല്‍ സിദ്ധന്‍വരെ പ്രകാശിതമായ ജീവിതപരമ്പര മുഴുവന്‍ സര്‍വ്വവ്യാപിയായ വിശ്വജീവിതമൊന്നല്ലാതെ മറ്റൊന്നില്ല. അത് ആദിയില്‍ സൂക്ഷ്മരൂപത്തില്‍ ഗര്‍ഭീഭവിച്ചു. പിന്നെ സ്ഥൂലമായി പ്രത്യക്ഷീഭവിച്ചു.
അമൃതത്വം എന്ന പ്രശ്‌നത്തിന് ഇനിയും സമാധാനമായില്ല. ജഗത്തില്‍ ഏതൊന്നും അനശ്വരമാണെന്നു നാം കണ്ടു. പുതുതായി ഒന്നുമില്ല. ഒന്നും ഉണ്ടാകയുമില്ല: ഒരേ ദൃശ്യപരമ്പര ചക്രംപോലെ മേലേ്പാട്ടും കീഴ്‌പോട്ടും ചുറ്റി വെളിപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. തിരപോലെ മുറയ്ക്കു പൊന്തിയും താണുമാണ് ജഗത്തിലെ ചലനങ്ങളെല്ലാം. ബ്രഹ്മാണ്ഡങ്ങള്‍ ഓരോന്നായി സൂക്ഷ്മരൂപങ്ങളില്‍നിന്നു പുറപ്പെട്ടു സ്ഥൂലമായി പ്രത്യക്ഷപ്പെട്ടു പിന്നേയും സൂക്ഷ്മാവസ്ഥയിലേക്കു മടങ്ങുന്നു. അവ വീണ്ടും കുറേക്കാലം പരിണമിക്കുന്നു. പിന്നെയും കാരണാവസ്ഥയിലേക്കു ചെല്ലുന്നു. എല്ലാ ജീവിതകാര്യവും ഇതുതന്നെ. ദൃശ്യം ഓരോന്നും പൊന്തുന്നു, താഴുന്നു. മാഞ്ഞുപോകുന്നതേത്? രൂപം. അതു നശിക്കുന്നു. എങ്കിലും പിന്നേയും പൊന്തി വരുന്നു. ഒരു നിലയ്ക്കു നോക്കുമ്പോള്‍ ശരീരങ്ങളും രൂപങ്ങളും ശാശ്വതങ്ങളാണെന്നു പറയാം. എങ്ങനെ? നാം കുറെ ചുക്കിണിയെടുത്തെറിഞ്ഞു: അവ 6-5-3-4 എന്ന ക്രമത്തില്‍ വീണെന്നു വിചാരിക്കുക. നാം പിന്നെയും പിന്നെയും എറിഞ്ഞാല്‍ ആദിയില്‍ വീണ എണ്ണങ്ങള്‍ ആവര്‍ത്തിച്ചു വീഴുന്ന ഒരവസരം വരും. ഒരേ എണ്ണം ആവര്‍ത്തിച്ചുവരാതിരിക്കില്ല. ഈ ജഗത്തിലുള്ള ഓരോ അണുവും ഓരോ കണവും അത്തരം ചുക്കിണികളാണെന്നു ഞാന്‍ കരുതുന്നു. അതുകളെ എടുത്തെറിയുന്നു: അതുകള്‍ ഓരോരിക്കല്‍ ഓരോ വിധത്തില്‍ക്കൂടി ഓരോ എണ്ണങ്ങളാകുന്നു. ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഈ രൂപങ്ങളെല്ലാം ഒരേറില്‍ ഉണ്ടായവയാണ്. കാലക്രമത്തില്‍ ഇതെല്ലാം മാറിപ്പോകും. ഈ ഗ്ലാസ്, മേശ, ജലപാത്രം ഇതെല്ലാം പോകും. എന്നാല്‍ ഈ ഒന്നിച്ചുകൂടിയ എണ്ണങ്ങള്‍ വീണ്ടും വീഴുന്ന കാലം വരും. അന്ന് നിങ്ങള്‍ ഇവിടെ ഉണ്ടായിരിക്കും. ഈ രൂപം ഇവിടെയുണ്ടാകും, ഈ വിഷയം സംസാരിക്കും, ഈ ജലപാത്രവും ഇവിടെയുണ്ടാകും. ഇതെല്ലാം അളവറ്റ തവണയുണ്ടാകയും ചെയ്യും. ഇങ്ങനെ ഭൗതികരൂപങ്ങളുടെ കാര്യത്തിലും അതുകള്‍ അനന്തകാലം ആവര്‍ത്തിക്കും എന്നു കാണുന്നു.
അമൃതത്വം (അമേരിക്കന്‍ പ്രസംഗം) – തുടരും