ചിക്കാഗോനഗരത്തിലുള്ള ഫെറിസ് ചക്രം (ഊഞ്ഞാല്‍യന്ത്രം) നിങ്ങള്‍ കണ്ടിട്ടുണ്ടല്ലോ. ചക്രം തിരിയുന്നു: അതിനുള്ളില്‍ ചെറിയ ചെറിയ മുറികളുണ്ട്; ചക്രം ചുറ്റുമ്പോള്‍ ആ മുറികള്‍ ഓരോന്നോരോന്നായി പൊന്തി ഒരു വട്ടം ചുറ്റിക്കഴിഞ്ഞാല്‍ ഒരു കൂട്ടം ആളുകള്‍ പുറത്തേക്കിറങ്ങുന്നു. മറ്റൊരു കൂട്ടം കയറുന്നു. ഈ ഓരോ കൂട്ടവും അണു മുതല്‍ സിദ്ധന്‍വരെയുള്ള ഓരോ ദൃശ്യംപോലെയാണ്. ഊഞ്ഞാല്‍യന്ത്രത്തിന്റെ ചങ്ങലപോലെയാണ് പ്രകൃതി – അവസാനമില്ലാതെ അനന്തമായിരിക്കുന്നു. ഓരോ മുറിയും ജീവാത്മാക്കള്‍ സവാരി ചെയ്യുന്ന ദേഹങ്ങളോ രൂപങ്ങളോ ആണെന്നു കരുതാം. അവര്‍ പൊന്തിപ്പൊന്തി പോകുന്നു, സിദ്ധന്‍മാരാകുന്നു, മുറിയില്‍നിന്നു പുറത്തേക്കു പോകുന്നു. ചക്രം പിന്നേയും തിരിഞ്ഞുകൊണ്ടിരിക്കും. ശരീരങ്ങള്‍ ചക്രത്തില്‍ ചുറ്റുന്ന കാലത്തോളം അതുകള്‍ എവിടെ എത്തും എന്നു കൃത്യമായി കണക്കാക്കിപ്പറയാം. ആത്മാക്കളെപ്പറ്റി പറക വയ്യ. പ്രകൃതിയെസ്സംബന്ധിച്ചിടത്തോളം ഭൂതവും ഭാവിയും കൃത്യമായി പറയുവാന്‍ കഴിയും.
അങ്ങനെ ദൃശ്യപ്രപഞ്ചകാര്യം ചില കാലങ്ങളില്‍ ആവര്‍ത്തിച്ചുവരുമെന്നും അനാദികാലം മുതല്‍ അതു സംഭവിച്ചുവന്നിട്ടുണ്ടെന്നും കാണാം. എന്നാല്‍ അതും ആത്മാവിന്റെ അമരത്വമല്ല. ശക്തിയൊന്നും നശിക്കില്ല. പദാര്‍ത്ഥം ഒന്നും നശിപ്പിക്കാവുന്നതല്ല. അത് എന്തായിപ്പോകുന്നു? മാറിപ്പോകുന്നു. ഒരു രൂപം മാറി മറ്റൊരു രൂപത്തിലാകുന്നു. മുമ്പോട്ടും പിമ്പോട്ടും സഞ്ചരിച്ച് ഒടുവില്‍ ഉദ്ഭവസ്ഥാനത്തു മടങ്ങിയെത്തുന്നു. കേവലം നേര്‍വരയായ ചലനമില്ല. ചലനം വൃത്താകൃതിയിലാണ്. ഒരു നേര്‍വരയെ അളവറ്റു നീട്ടി നീട്ടിക്കൊണ്ടു പോയാല്‍ അതൊരു വൃത്തമാകും. അതു ശരിയാണെങ്കില്‍ ഒരു ജീവാത്മാവിനും ശാശ്വതനരകമില്ല, അതുണ്ടാവാന്‍ പാടില്ല. ഏതൊന്നും വൃത്തം മുഴുമിച്ചു പുറപ്പെട്ടേടത്തു മടങ്ങിയെത്തണം. നിങ്ങളും ഞാനും മറ്റു ജീവാത്മാക്കളും എല്ലാം എന്ത്? നാം ആദിയില്‍ ഗര്‍ഭീഭവിച്ച വിശ്വജീവിതത്തിന്റെ, വിശ്വബുദ്ധിചൈതന്യത്തിന്റെ, മഹത്തിന്റെ അംശങ്ങള്‍. നാം നമ്മുടെ വൃത്തം പൂര്‍ത്തിയാക്കി നമ്മുടെ പ്രഭവസ്ഥാനമായ സമഷ്ടിബുദ്ധിയിലേക്ക്, അതായത് ഈശ്വരങ്കലേക്ക്, മടങ്ങിയെത്തും. ഈ സംഗതി നാം പരിണാമ-ഗര്‍ഭീകരണസംഗതികളെപ്പറ്റി വിവരിച്ചപ്പോള്‍ മനസ്സിലാക്കീട്ടുണ്ടല്ലോ. ഈ സമഷ്ടിബുദ്ധിയെയാണ് ജനങ്ങള്‍ ഈശ്വരനെന്നും ദൈവമെന്നും ബുദ്ധനെന്നും ക്രിസ്തുവെന്നും ബ്രഹ്മമെന്നും പറയുന്നത്. ഇതിനെയാണ് പ്രപഞ്ചവാദികള്‍ ശക്തിയെന്നും അജ്ഞേയവാദികള്‍ അനന്തവും അവര്‍ണ്ണ്യവുമായ പരമമെന്നും പറയുന്നത്. നാമെല്ലാവരും അതിന്റെ അംശങ്ങളത്രേ.
ഇതു രണ്ടാമത്തെ ആശയം. ഇതുകൊണ്ടും മതിയായില്ല. ഇനിയും സംശയങ്ങളുണ്ടാകും. ഒരു ശക്തിക്കും അത്യന്തനാശമില്ലെന്നു പറയുന്നതു കൊള്ളാം. പക്ഷേ നാം കാണുന്ന ശക്തികളും രൂപങ്ങളുമെല്ലാം സംഘടിതങ്ങളായേ ഇരിക്കുന്നുള്ളൂ. നമ്മുടെ മുമ്പിലുള്ള ഈ രൂപം വിവിധാംശങ്ങള്‍ കൂടിച്ചേര്‍ന്നതാണെന്നു പ്രത്യക്ഷമല്ലേ? അതുപോലെതന്നെ ശക്തികളും പലതിന്റേയും സങ്കലനമാണ്. ശക്തിയെപ്പറ്റിയുള്ള ശാസ്ത്രീയഭാവന സമഷ്ടിശക്തി, ഫലിതശക്തി എന്നാണ്. അപ്പോള്‍ നിങ്ങളുടെ വ്യക്തിത്വം എന്തായിപ്പോയി? സംഘടിതവസ്തുക്കളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അതാതു ഘടകാംശങ്ങളായി തിരികെ രൂപാന്തരപ്പെടും. ദ്രവ്യസമവായമായി ജഗത്തിലെന്തുണ്ടോ, അത് എപ്പോഴെങ്കിലും ഒരിക്കല്‍ അതിന്റെ മൂലാംശങ്ങളായി വിലയം പ്രാപിക്കും. കാരണജാതമായ സംഘാതം മരിക്കണം, നശിക്കണം. അതുടഞ്ഞു പാറി വീണ്ടും കാരണകണങ്ങളായി പോകും. ആത്മാവ് ആ വിധമുള്ള സംഘടിതശക്തിയല്ല, വിചാരശക്തിയുമല്ല. അതു വിചാരത്തെ ജനിപ്പിക്കുന്നതാണ്, വിചാരമേയല്ല. അതു ശരീരത്തെ നിര്‍മ്മിക്കുന്നതാണ്, ശരീരമല്ല. എന്തുകൊണ്ട്?
ശരീരം ആത്മാവല്ല. ശരീരത്തിനു പ്രജ്ഞയില്ല, ശവത്തിനു പ്രജ്ഞയില്ല, ഇറച്ചിക്കടയിലെ മാംസഖണ്ഡത്തിനുമില്ല. പ്രജ്ഞ എന്നു പറഞ്ഞാലെന്ത്? പ്രതിസ്ഫുരണശക്തി. ഇതു കുറെക്കൂടെ വെളിവാകണം. ഞാന്‍ ഈ പാത്രം കാണുന്നു. എങ്ങനെ? ഈ പാത്രത്തില്‍നിന്നു പ്രകാശരശ്മികള്‍ പുറപ്പെട്ട് എന്റെ കണ്ണില്‍ തട്ടി ഉള്ളിലുള്ള നേത്രനാഡിയില്‍ ചിത്രീഭവിക്കുന്നു. അതു തലച്ചോറിലെത്തുന്നു. അപ്പോഴും കാഴ്ചയായിട്ടില്ല. ബോധകനാഡികള്‍ അതതു സ്പന്ദങ്ങളെ മസ്തിഷ്‌കത്തില്‍ എത്തിക്കുന്നു എന്നു ശരീരശാസ്ത്രം പറയുന്നു. അത്രമാത്രത്താല്‍ പ്രതിസ്ഫുരണമായില്ല: മസ്തിഷ്‌കത്തിലുള്ള നാഡീകേന്ദ്രം അതിനെ ചിത്തത്തില്‍ എത്തിക്കും. അപ്പോള്‍ മാത്രമേ പ്രതിസ്ഫുരണമുണ്ടാകൂ. അതോടുകൂടി പാത്രബോധവും ഉദിക്കും. കുറേക്കൂടി സാധാരണമായ ഒരുദാഹരണം നോക്കുക. ഞാന്‍ പറയുന്നതു നിങ്ങള്‍ ഏകാഗ്രമനസ്സായി കേട്ടുകൊണ്ടിരിക്കുന്നു എന്നു വിചാരിക്കുക. ആ സമയത്ത് നിങ്ങളുടെ മൂക്കത്ത് ഒരു കൊതുകു വന്നിരുന്ന് നിങ്ങള്‍ക്കു ശരിക്കുള്ള മശകാനുഭൂതി തരുന്നു എന്നു വിചാരിക്കുക. നിങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഞാന്‍ പറയുന്നതില്‍ പതിഞ്ഞിരിക്കകൊണ്ട് കൊതുകിന്റെ കഥയേ നിങ്ങള്‍ അറിയില്ല. ഇവിടെ ഉണ്ടായതെന്താണ്? കൊതുകു നിങ്ങളുടെ മൂക്കത്ത് കടിച്ചു. അവിടെ ചില നാഡികളുണ്ട്. ആ നാഡികള്‍ ആ സ്പന്ദങ്ങളെ നിങ്ങളുടെ മസ്തിഷ്‌കത്തിലെത്തിച്ചു. എങ്കിലും നിങ്ങളുടെ മനസ്സു വേറെ പോയിരുന്നതുകൊണ്ട് കൊതുകിന്റെ നില നിങ്ങളറിഞ്ഞില്ല.
പുതിയ ഒരു സ്ഫുരണമുണ്ടാകുമ്പോള്‍ മനസ്സിന്റെ പ്രതിസ്ഫുരണമുണ്ടായില്ലെങ്കില്‍ അതിന്റെ ബോധമുണ്ടാവില്ല: പ്രതിസ്ഫുരണത്തോടുകൂടി നാം അറിയുന്നു, കാണുന്നു, കേള്‍ക്കുന്നു, എല്ലാം ചെയ്യുന്നു. ഈ പ്രതിസ്ഫുരണത്തോടൊപ്പമാണ് ബോധമുണ്ടാകുന്നത്. അതിനു സാംഖ്യന്‍മാര്‍ ഖ്യാതി എന്നു പറയുന്നു. ഈ ബോധകശക്തി, പ്രകാശിപ്പിക്കാനുള്ള ശക്തി, ദേഹത്തിനില്ലെന്നു നമുക്കറിയാം. എങ്ങനെ? മനസ്സു ശ്രദ്ധിക്കാതിരുന്നാല്‍ ഒരു വേദനവും ഉണ്ടാകുന്നില്ല, അതുകൊണ്ടുതന്നെ.
ഇനി മറ്റൊരു സംഗതി; ഒരു ഭാഷ പഠിച്ചിട്ടില്ലാത്ത ചിലര്‍ ചില അവസ്ഥകളില്‍ ആ ഭാഷ സംസാരിക്കുന്നതായി നമുക്കറിവുണ്ട്. പിന്നീട് അന്വേഷണം നടത്തിയതില്‍ ആ ഭാഷ സംസാരിച്ച മനുഷ്യന്‍ ബാല്യത്തില്‍ ആ ഭാഷ പറയുന്നവരുടെ കൂടെ ആര്‍ത്ത് അതു സംസാരിക്കുന്നതു കേട്ടിരുന്നു എന്നും അറിവായിട്ടുണ്ട്. ആ കേട്ടതെല്ലാം മസ്തിഷ്‌കത്തില്‍ സംഭൃതമായിരുന്നു. ചില പ്രത്യേക കാരണങ്ങളുണ്ടായപ്പോള്‍ മനസ്സു പ്രതിസ്ഫുരിച്ചു, ജ്ഞാനം പ്രകാശിച്ചു, അയാള്‍ക്ക് ആ ഭാഷ സംസാരിക്കാറായി. അതുകൊണ്ട് തെളിയുന്നത്, മനസ്സുകൂടിയുണ്ടായാലും പോരാ, മനസ്സുതന്നെ ആരുടെയോ കയ്യിലുള്ള ഒരു കരണംമാത്രമാണ് എന്നത്രേ. ബാലന്റെ ആ മനസ്സില്‍ ആ ഭാഷ ഉണ്ടായിരുന്നിട്ടും അവന്‍ അതറിഞ്ഞില്ല. എന്നിട്ട് അറിവായ ഒരു കാലം പിന്നീടു വന്നു. അപ്പോള്‍ മനസ്സില്‍നിന്നു വേറിട്ട് (മനസ്സിനെ ഒരു യന്ത്രമായുപയോഗിക്കുന്ന) ഒരാള്‍ ഉണ്ടെന്നു തെളിവാകുന്നു. ബാല്യദശയില്‍ ആ ഒരാള്‍ അതുപയോഗിച്ചില്ല. പ്രായപൂര്‍ത്തി വന്നശേഷം, സൗകര്യം കിട്ടിയ ലാക്കിന് അതുപയോഗിച്ചു. ഒന്നാമത് ഈ ശരീരം, രണ്ടാമത് വിചാരയന്ത്രമായ മനസ്സ്, മൂന്നാമത് മനസ്സിനും അപ്പുറത്ത് മനുഷ്യന്റെ ആത്മാവ്: സംസ്‌കൃതത്തില്‍ ആത്മാവെന്നാണ് പറയുക.
വിചാരം മസ്തിഷ്‌കത്തിലെ അണുക്കളുടെ ചലനമാണെന്ന് ആധുനികതത്ത്വജ്ഞന്‍മാര്‍ തീര്‍ച്ചപ്പെടുത്തീട്ടുണ്ട്. എന്നാല്‍ മേല്പറഞ്ഞ വിധമുള്ള സംഗതികള്‍ക്ക് എങ്ങനെ സമാധാനം പറയാമെന്ന് അവര്‍ക്കറിഞ്ഞുകൂട. അതുകൊണ്ട് സാധാരണയായി അവര്‍ ആവക സംഗതികളെ നിഷേധിക്കയാണ് ചെയ്യുന്നത്. മനസ്സും മസ്തിഷ്‌കവുമായി അടുത്ത ബന്ധമുണ്ട്. ദേഹം നശിക്കുമ്പോഴൊക്കെ അതും നശിക്കും. ആത്മാവാണ് പ്രകാശിപ്പിക്കുന്നത്. ആത്മാവിന്റെ കയ്യില്‍ ഒരു യന്ത്രം മാത്രമാണ് മനസ്സ്. ആത്മാവ് മനസ്സു വഴിയായി ബാഹ്യേന്ദ്രിയങ്ങളെ ഗ്രഹിക്കുന്നു. അങ്ങനെ വിഷയജ്ഞാനവുമുണ്ടാകുന്നു. ബാഹ്യേന്ദ്രിയങ്ങള്‍ ബാഹ്യസ്പര്‍ശങ്ങളെ ഗ്രഹിച്ച് അന്തരിന്ദ്രിയങ്ങളിലേയ്ക്കയയ്ക്കുന്നു. പുറമെ കാണുന്ന കണ്ണ്, കാത് മുതലായവ ചുമട്ടുകാര്‍മാത്രം. യാഥാര്‍ത്‌ഥേന്ദ്രിയങ്ങള്‍ അകത്താണ്. ആ അന്തരിന്ദ്രിയങ്ങള്‍ ആ സ്പര്‍ശങ്ങളെ ചിത്തത്തിലേക്കെത്തിക്കുന്നു. ചിത്തം അവയെ പല പടികളിലായി ബുദ്ധിയിലേക്കു നയിക്കുന്നു. അവിടെ നിന്ന് അവയെ രാജരാജേശ്വരനായി സിംഹാസനസ്ഥനായ ആത്മാവിനു കാഴ്ചവെയ്ക്കുന്നു. ആത്മാവ് അതു കണ്ടു കല്പനകള്‍ കൊടുക്കുന്നു. മനസ്സ് ഉടന്‍ അന്തരിന്ദ്രിയങ്ങളില്‍ വ്യാപരിക്കുന്നു: അവ ശരീരത്തിലും. ശരിയായ ദ്രഷ്ടാവ്, നിയന്താവ്, സ്രഷ്ടാവ്, വിധാതാവ്, സര്‍വ്വേശ്വരന്‍, മനുഷ്യന്റെ ആത്മാവത്രേ.
അമൃതത്വം (അമേരിക്കന്‍ പ്രസംഗം) – തുടരും