സ്വാമി വിവേകാനന്ദന്‍

മാക്സ്‌മുള്ളരുടെ ‘വേദാന്തദര്‍ശനപ്രസംഗത്രയം’ എന്ന പ്രസിദ്ധഗ്രന്ഥം നിങ്ങള്‍ പലരും വായിച്ചിരിക്കും. അതേ ദര്‍ശനത്തെപ്പറ്റി പ്രൊഫസര്‍ ദേവസേനന്‍ ജര്‍മ്മന്‍ഭാഷയില്‍ എഴുതിയ ഗ്രന്ഥവും നിങ്ങള്‍ ചിലര്‍ വായിച്ചിരിക്കാം. ഇന്ത്യയിലെ മതധര്‍മ്മാശയങ്ങളെപ്പറ്റി പാശ്ചാത്യരാജ്യങ്ങളില്‍ എഴുതിയും പ്രസംഗിച്ചും വരുന്നതില്‍ അദ്വൈതമെന്ന ഒരു ഭാഗമാണ് പ്രധാനമായി പ്രതിപാദിക്കുന്നത്. അതുകൊണ്ട് അതില്‍ വേദോപദിഷ്ടധര്‍മ്മങ്ങള്‍ മുഴുവനും അടങ്ങിയിരിക്കുന്നു എന്നുകൂടി ചിലപ്പോള്‍ ധരിച്ചുപോകുന്നുണ്ട്. വാസ്തവത്തില്‍ ഭാരതീയചിന്തക്ക് പല വശങ്ങളുണ്ട്. അവയില്‍ അദ്വൈതഭാഗത്തിനാണ് കുറച്ചനുയായികള്‍. പുരാതനകാലംമുതല്‍ക്കേ പല ശാഖകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ ശാഖക്കാര്‍ ഇന്നിന്നതു വിശ്വസിക്കണമെന്നു വിധിപ്പാന്‍ പ്രതിഷ്ഠാപിതമായ ക്ഷേത്രാധികാരമോ ജനാധികാരമോ ഇല്ലാതിരുന്നതുകൊണ്ട്, ആര്‍ക്കും സ്വേച്ഛാനുസാരം വിശ്വസിക്കുകയും ദര്‍ശനങ്ങള്‍ രൂപപ്പെടുത്തുകയും ശാഖകള്‍ ഉണ്ടാക്കുകയും ചെയ്‌വാന്‍ വേണ്ടത്ര സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പുരാതനകാലം മുതല്‍ ഇന്ത്യയില്‍ മതശാഖാബാഹുല്യം കാണുന്നത്. ഈ കാലത്തും എത്രയായിരം ശാഖകളുണ്ടെന്ന് എനിക്കറിഞ്ഞുകൂടാ. കൊല്ലംതോറും പുതുശാഖകള്‍ ഉണ്ടാകുന്നുമുണ്ട്. ആ രാജ്യക്കാരുടെ മതവിചാരശക്തിക്ക് അവസാനമില്ലെന്നു തോന്നാം.

ഈ വിവിധശാഖകളെ ആദ്യം രണ്ടു വലിയ വകുപ്പാക്കി തിരിക്കാം: വൈദികമെന്നും അവൈദികമെന്നും. വേദങ്ങള്‍ നിത്യങ്ങളും അപൗരുഷേയങ്ങളുമാണെന്നു വിശ്വസിക്കുന്നവ വൈദികങ്ങള്‍ (ആസ്തികങ്ങള്‍): വേദപ്രാമാണ്യം നിരസിച്ച് മറ്റു പ്രമാണങ്ങളെ സ്വീകരിക്കുന്നവയാണ് അവൈദികങ്ങള്‍ (നാസ്തികങ്ങള്‍). അവൈദികഹിന്ദുശാഖകളില്‍ ഇപ്പോള്‍ പ്രധാനം ജൈനമതവും ബുദ്ധമതവുമാണ്. വൈദികശാഖകളില്‍ ചിലവ യുക്തിയേക്കാള്‍ ബലവത്തരപ്രമാണം ശ്രുതിയാണെന്നു പറയുന്നുണ്ട്. മറ്റു ചിലവ, വേദങ്ങളില്‍ യുക്തിയുക്തങ്ങളായ ഭാഗങ്ങള്‍മാത്രം ഗ്രാഹ്യങ്ങളും ശേഷം ഭാഗങ്ങള്‍ ത്യാജ്യങ്ങളുമാണെന്നു പറയുന്നുണ്ട്.

സാംഖ്യം, നൈയായികം, മീമാംസകം എന്ന മൂന്നു വൈദികശാഖകളില്‍ ആദ്യത്തെ രണ്ടും ദര്‍ശനങ്ങളായിട്ടും മതശാഖകളായില്ല. ഉത്തരമീമാംസകന്‍മാരുടെ ശാഖ ഒന്നുമാത്രമേ ഇന്ത്യ മുഴുവന്‍ വ്യാപിച്ചുള്ളൂ – അവരുടെ മതത്തിനാണ് വേദാന്തം എന്നു പറയുന്നത്. വേദാന്തമെന്ന ഉപനിഷത്തുകളാണ് ഹിന്ദുക്കളുടെ ദര്‍ശനങ്ങള്‍ക്കെല്ലാറ്റിനും മൂലം. അദ്വൈതികള്‍ തങ്ങളുടെ പരാപരവിദ്യകള്‍ക്ക് ഉപനിഷത്തുകളെമാത്രം ആധാരമാക്കിയതുകൊണ്ട് വേദാന്തമെന്ന പേര്‍ തങ്ങളുടെ സ്വന്തമാക്കി. കാലക്രമത്തില്‍ വേദാന്തം പ്രബലമായി. ഇപ്പോള്‍ ഇന്ത്യയിലുള്ള മതങ്ങളെല്ലാം വേദാന്തത്തിന്റെ ശാഖാഭേദങ്ങളില്‍ ചേര്‍ന്നവയാണ്. അവയ്ക്ക് എല്ലാ സംഗതിയിലും അഭിപ്രായം യോജിച്ചിരിക്കുന്നുമില്ല.

വേദാന്തികളില്‍ പ്രധാനമായി മൂന്നു വകഭേദമുണ്ട്. ഈശ്വരനുണ്ടെന്നു വിശ്വസിക്കുന്ന ഒരു സംഗതിയില്‍ അവര്‍ക്ക് യോജിപ്പുണ്ട്. വേദങ്ങള്‍ ഈശ്വരവാക്യങ്ങളാണെന്നും അവരെല്ലാം വിശ്വസിക്കുന്നു. ഈശ്വരവാക്യം എന്നു പറയുമ്പോള്‍ അതു ക്രിസ്ത്യരോ മുഹമ്മദീയരോ അവരുടെ വേദഗ്രന്ഥങ്ങളെപ്പറ്റി വിശ്വസിക്കുന്ന അര്‍ത്ഥത്തിലല്ല: ഒരു സവിശേഷാര്‍ത്ഥത്തിലാണ്. ഈശ്വരജ്ഞാനത്തിന്റെ പ്രകാശനമാണ് വേദം. ഈശ്വരന്‍ നിത്യന്‍, ഈശ്വരജ്ഞാനവും നിത്യം. അതുകൊണ്ട് വേദങ്ങളും നിത്യങ്ങള്‍. ഇതാണ് അവരുടെ ഭാവന. അവര്‍ക്കു പൊതുവായുള്ള മറ്റൊരു വിശ്വാസം അനുകല്പസൃഷ്ടിയെക്കുറിച്ചാണ്, സൃഷ്ടിയും പ്രളയവും ഉണ്ട്. സൃഷ്ടി ആരംഭിച്ച് സ്ഥൂലാത്‌സ്ഥൂലമായി വന്ന് അതിദീര്‍ഘമായ കല്പകാലം ചെല്ലുമ്പോള്‍ സൂക്ഷ്മാത്‌സൂക്ഷ്മമായി മാറി സര്‍വ്വവും ലയിച്ച് എല്ലാം ശാന്തമായി ഭവിക്കുന്നു. പിന്നെയും സൃഷ്ടി: പിന്നെയും പ്രളയം. ആകാശം എന്നു പറയുന്ന ഒരു ദ്രവ്യം – അത് ഏതാണ്ട് ഇന്നത്തെ ഭൗതികശാസ്ത്രജ്ഞന്‍മാര്‍ പറയുന്ന ആകാശത്തെ്പോലെതന്നെ-, പ്രാണന്‍ എന്നൊരു ശക്തിയും. പ്രാണസ്പന്ദംകൊണ്ടു ജഗത്തുദ്ഭവിക്കുന്നു എന്നാണവര്‍ പറയുന്നത്. കല്പാന്തത്തില്‍ ദ്രവ്യങ്ങളെല്ലാം സൂക്ഷ്മങ്ങളായി ആകാശമയമാകുന്നു. അത് ഇന്ദ്രിയഗോചരമല്ല. എങ്കിലും അതില്‍നിന്നാണ് ദ്രവ്യോല്പത്തി. അതുപോലെ പ്രകൃതിയില്‍ കാണുന്ന ശക്തികള്‍, ഗോളങ്ങളുടെ പരസ്പരാകര്‍ഷണശക്തി, വിചാരശക്തി മുതലായവയെല്ലാം പ്രാണമയമാണ്. ആ പ്രാണന്റെ സ്പന്ദവും ശമിക്കുന്നു. അനന്തരകല്പാരംഭംവരെ ഇങ്ങനെ നിഷ്പന്ദാവസ്ഥയിലിരിക്കുന്നു. പിന്നെ പ്രാണന്‍ സ്പന്ദിച്ചുതുടങ്ങുന്നു. ആ സ്പന്ദം ആകാശമെന്ന ദ്രവ്യത്തില്‍ തട്ടി ഇക്കാണുന്ന രൂപങ്ങളെല്ലാം ക്രമത്തില്‍ ഉണ്ടാകുന്നു.

വേദാന്തസോപാനം (അമേരിക്കന്‍ പ്രസംഗം) – തുടരും