മുന്‍പറഞ്ഞ മൂന്നു ശാഖകളില്‍വെച്ച് ദ്വൈതശാഖയെപ്പറ്റി ആദ്യമായി പ്രസ്താവിക്കാം. ജഗത്തിന്റെ സ്രഷ്ടാവും നിയന്താവുമായ ഈശ്വരന്‍ പ്രകൃതിയില്‍നിന്നും മനുഷ്യജീവനില്‍നിന്നും എന്നെന്നും ഭിന്നനാണെന്ന് ദ്വൈതികള്‍ വിശ്വസിക്കുന്നു. ഈശ്വരന്‍ നിത്യന്‍. അതുപോലെ പ്രകൃതിയും ജീവന്‍മാരും നിത്യങ്ങള്‍. പ്രകൃതിക്കും ജീവനും അവസ്ഥാഭേദങ്ങളുണ്ട്. ഈശ്വരന് അതില്ല, എന്നും ഒരേ നില. എന്നാല്‍ ഈശ്വരന്‍ സഗുണനാണ്: ശരീമുണ്ടെന്നല്ല, ഗുണമുണ്ടെന്നുമാത്രം. മനുഷ്യഗുണങ്ങള്‍ ഈശ്വരനുണ്ട്: കൃപയുണ്ട്, നീതിയുണ്ട്. ഈശ്വരന്‍ ശക്തനാണ്, സര്‍വ്വശക്തനാണ്: ഈശ്വരനെ പ്രാപിക്കാം, ഈശ്വരനോടു പ്രാര്‍ത്ഥിക്കാം, ഈശ്വരനെ സ്നേഹിക്കാം, ഈശ്വരന്‍ ഇങ്ങോട്ടും സ്നേഹിക്കും. ഇങ്ങനെ മനുഷ്യപ്രകൃതിയോടുകൂടിയ ഒരാളാണ് ഈശ്വരന്‍. മനുഷ്യനുള്ള ദോഷങ്ങളൊന്നും ഈശ്വരന്നില്ല. അവന് അനന്തമനുഷ്യമഹിമയുണ്ട്. ഈശ്വരന്‍ അനന്തകല്യാണഗുണനിധിയാകുന്നു. ഇതാണ് അവരുടെ നിര്‍വചനം, എന്നാല്‍ ഉപാദാനമില്ലാതെ (സൃഷ്ടിസാമഗ്രിയില്ലാതെ) സൃഷ്ടിപ്പാന്‍ ഈശ്വരനു കഴിവില്ല. പ്രകൃതിയത്രേ സൃഷ്ടിസാമഗ്രി. അതിനെക്കൊണ്ടു ജഗത്തു സൃഷ്ടിക്കുന്നു. ഇതാണ് ദ്വൈതവേദാന്തികളുടെ വിശ്വാസം. വേദാന്തികളല്ലാതെ ഒരുകൂട്ടം ദ്വൈതികളുണ്ട്. അവരെ അണുവാദക്കാര്‍ (നൈയായികന്‍മാര്‍) എന്നു പറയാം. പ്രകൃതിയെന്നത് അണുക്കളുടെ സംഘാതമെന്നല്ലാതെ മറ്റൊന്നുമല്ല. അണുക്കളെക്കൊണ്ട് ഈശ്വരന്‍ സൃഷ്ടിക്കുന്നു എന്നാണവരുടെ വിശ്വാസം. വേദാന്തികള്‍ അണുവാദം തള്ളിക്കളയുന്നു. അതു തീരെ യുക്തിശൂന്യമാണെന്നാണ് അവരുടെ പക്ഷം.
അണുക്കള്‍ അവിഭാജ്യങ്ങളാണ്. അണുക്കള്‍ക്ക് അവയവമില്ല, വലുപ്പമില്ല. അവയവവും വലുപ്പവുമില്ലാത്തത് എത്ര തമ്മില്‍ച്ചേര്‍ത്താലും ആകെത്തുകയ്ക്കു വലുപ്പമോ അവയവമോ ഉണ്ടാവില്ല. പൂജ്യം എത്ര കൂട്ടിച്ചേര്‍ത്താലും ഒരു സംഖ്യയാവില്ല. അതുപോലെ അവയവഹീനങ്ങളും വലുപ്പമില്ലാത്തവയുമാണെന്നു പറയുന്ന അണുക്കളെക്കൊണ്ടു ജഗത്‌സൃഷ്ടിയുണ്ടാകാവതല്ല. അതുകൊണ്ട് സൃഷ്ടിക്ക് ഉപാദാനകാരണമായി ദ്വൈതവേദാന്തികള്‍ അവ്യക്തപ്രകൃതി എന്നൊന്നുണ്ടെന്നു പറയുന്നു. ഇന്ത്യയില്‍ ഭൂരിഭാഗം ജനങ്ങളും ദ്വൈതികളാണ്. സാധാരണമനുഷ്യപ്രകൃതിക്ക് അതില്‍ക്കവിഞ്ഞ ഭാവന സാധ്യമല്ല. ഭൂമണ്ഡലത്തില്‍ മതവിശ്വാസമുള്ളവരില്‍ നൂറില്‍ തൊണ്ണൂറും ദ്വൈതികളാണ്. യൂറോപ്പിലെയും പടിഞ്ഞാറന്‍ ഏഷ്യയിലെയും മതങ്ങളെല്ലാം ദ്വൈതപരമാണ്: ഗത്യന്തരമില്ല. മൂര്‍ത്തമല്ലാത്തതിനെപ്പറ്റി ചിന്തിപ്പാന്‍ സാധാരണമനുഷ്യനു കഴിവില്ല. ബുദ്ധികൊണ്ടു ഗ്രഹിക്കാവുന്നതിന്‍മേല്‍ പിടിമുറുക്കുന്നതാണ് മനുഷ്യപ്രകൃതി. ഉയര്‍ന്ന നിലയിലുള്ള അദ്ധ്യാത്ഭാവങ്ങളെ സ്വന്തം ബുദ്ധിയുടെ നിലയിലേക്കു താഴ്ത്തിക്കൊണ്ടുവന്നാലേ മനുഷ്യനതു ഗ്രഹിപ്പാന്‍ ശക്തിയുള്ളൂ. അമൂര്‍ത്തങ്ങളെ മൂര്‍ത്തങ്ങളാക്കി വേണം ഗ്രഹിപ്പാന്‍. ലോകത്തിലെവിടെയും ഇതാണ് സാധാരണമനുഷ്യന്റെ സ്ഥിതി. തങ്ങളില്‍നിന്നു തീരെ അകന്ന് അതിശക്തനായി മഹാനായി ഒരു രാജാവിനെപ്പോലുള്ള ഈശ്വരനെ ഭാവന ചെയ്‌വാനും വിശ്വസിപ്പാനും എളുപ്പം. അതോടൊപ്പം ഈശ്വരനു ഭൂമിയിലുള്ള രാജാക്കന്‍മാരേക്കാള്‍ ശുദ്ധിയും ശക്തിയും ഉണ്ടെന്നും ഈശ്വരന്‍ സര്‍വ്വഗുണസമ്പന്നനും സര്‍വ്വദോഷരഹിതനുമാണെന്നും – അവര്‍ കല്പിച്ചിട്ടുണ്ട്. ദോഷമില്ലാതെ ഗുണം മാത്രമുണ്ടാകാം എന്നാണ് അവരുടെ ഭാവം. ഇരുട്ടിന്റെ ബോധമില്ലാതെ വെളിച്ചത്തിന്റെ ബോധമുണ്ടാകുംപോല്‍!
ദ്വൈതമതങ്ങളെസ്സംബന്ധിച്ച് ഒന്നാമത്തെ വിഷമം ഇതാണ്; നീതിമാനും കാരുണികനും അനന്തകല്യാണനിധിയുമായ ഈശ്വരന്റെ ഭരണത്തില്‍ എങ്ങനെ ഈ ലോകത്തില്‍ ഇത്രയേറെ ദുഃഖങ്ങളും ദോഷങ്ങളും ഉണ്ടാകും? ദ്വൈതമതങ്ങളിലെല്ലാം ഈ ചോദ്യമുണ്ടായിട്ടുണ്ട്. ഇതിനു സമാധാനമായി ഹിന്ദുക്കള്‍ ഒരു ചൈത്താനെ സൃഷ്ടിച്ചിട്ടില്ല. കുറ്റം മനുഷ്യന്റേതുതന്നെ എന്നാണ് ഹിന്ദുക്കളില്‍ എല്ലാ ശാഖക്കാരും ഒരുപോലെ തീരുമാനിച്ചത്. അങ്ങനെ തീരുമാനിക്കാന്‍ അവര്‍ക്കെളുപ്പമായിരുന്നു. എന്തുകൊണ്ട്? ജീവന്‍മാരെ ശൂന്യത്തില്‍നിന്നു സൃഷ്ടിച്ചു എന്ന് അവര്‍ വിശ്വസിക്കുന്നില്ല. നമ്മുടെ ഭാവിയെ രൂപപ്പെടുത്തുവാന്‍ നമുക്കു കഴിയുമെന്നു ഈ ജന്മത്തില്‍ത്തന്നെ നാം കാണുന്നു. നാളത്തെ ദിവസത്തെ രൂപപ്പെടുത്തുകയാണ് നാം ഇന്നു ചെയ്യുന്നത്. നാളത്തെ ഫലത്തിന് ഇന്നു നാം ഒരുക്കം കൂട്ടുന്നു: മറ്റന്നാളത്തേതിനു നാളെയും. ഇങ്ങനെ പോകുന്നു. ഈ ന്യായം പിന്നോടിക്കാം. അതില്‍ യുക്തിഭംഗമില്ല. മേലാലത്തേത് നമ്മുടെ കര്‍മ്മത്താല്‍ നാം വരുത്തുകയാണെങ്കില്‍ ആ നിയമം കഴിഞ്ഞ കാലത്തേയ്ക്കും ചേരില്ലേ? ആദ്യന്തമില്ലാത്ത ഒരു ചങ്ങലയില്‍ കുറെ കണ്ണികള്‍ ഇടവിട്ടിടവിട്ടു ചേര്‍ന്നുകാണുന്നു. അതില്‍ കുറെ നീളം എടുത്ത് അതിന്റെ ക്രമം മനസ്സിലാക്കിയാല്‍ മുഴുവന്‍ ചങ്ങലയുടെ ക്രമവും മനസ്സിലായി. ഈ അനന്തമായ കാലശൃംഖലയില്‍ ഒരു ഭാഗം എടുത്തു മനസ്സിലാക്കിയാല്‍, പ്രകൃതി സര്‍വ്വസമാനമാണെങ്കില്‍, മുഴുവന്‍ ശൃംഖലയുടെ കാര്യവും അറിവായി. ഈ സ്വല്പകാലജീവിതത്തിനുള്ളില്‍ നമ്മുടെ ഭാവി നാം നിര്‍മ്മിക്കുന്നു എന്നതു വാസ്തവമാണെങ്കില്‍, കാരണമില്ലാതെ കാര്യമില്ലെന്നുള്ളതും വാസ്തവമാണെങ്കില്‍, നമ്മുടെ ഇന്നത്തെ അനുഭവം നമ്മുടെ പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമാണെന്നുള്ളതും വാസ്തവംതന്നെ. അതുകൊണ്ട് മനുഷ്യഗതിക്കു മനുഷ്യനല്ലാതെ മറ്റാരുമല്ല ഉത്തരവാദി. ലോകത്തിലെ ദുഃഖങ്ങള്‍ക്കു നാംതന്നെ കാരണം. ഇതെല്ലാം നാം വരുത്തിക്കൂട്ടിയതാണ്. ദുഷ്‌കര്‍മ്മത്തിനു ദുഃഖം ഫലമെന്നു നാം കണ്ടേ വരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ ദുഃഖങ്ങള്‍ക്കു പൂര്‍വ്വദുഷ്‌കര്‍മ്മം കാരണമാണെന്നും കാണാം. അതുകൊണ്ട് ഉത്തരവാദിത്വം മനുഷ്യനുമാത്രം, ഈശ്വരന്റെ കുറ്റമല്ല. സന്തതകൃപാനിധിയായ ജഗത്പിതാവു കുറ്റക്കാരനല്ലതന്നെ. ‘നാം വിതച്ചതു നാം കൊയ്യുന്നു.’
ദ്വൈതികളുടെ മറ്റൊരു വിശേഷസിദ്ധാന്തം സര്‍വ്വജീവന്‍മാര്‍ക്കും ഒടുവില്‍ മുക്തിയുണ്ടെന്നാണ്. ആര്‍ക്കും മുക്തിയില്ലാതില്ല. വിവിധാവസ്ഥകളില്‍ക്കൂടെ ബഹുവിധസുഖദുഃഖങ്ങളനുഭവിച്ച് ഒടുക്കം ഓരോ ജീവനും മുക്തിപദത്തിലെത്തും. എന്തില്‍നിന്നു മുക്തി? ജീവന്‍ ജഗത്തില്‍നിന്നു വിട്ടുപോകണമെന്നാണ് ഹിന്ദുക്കളെല്ലാം വിശ്വസിക്കുന്നത്. ഈ ദൃശ്യപ്രപഞ്ചമാകട്ടെ, ഒരു സങ്കല്പജഗത്താകട്ടെ, ശരിയായും സത്യമായും ഉള്ളതാവാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ രണ്ടും ഗുണദോഷമിശ്രമാണ്. എന്നാല്‍ ഈ പ്രപഞ്ചത്തിന്നപ്പുറം ആനന്ദമയവും ദോഷരഹിതവുമായ ഒരു സ്ഥാനമുണ്ടെന്നും, അവിടെയെത്തിയാല്‍പ്പിന്നെ ജനനമരണങ്ങള്‍ ഇല്ലെന്നുമാണ് ദ്വൈതികളുടെ വിശ്വാസം. ഇത് അവര്‍ക്ക് വളരെ പ്രിയപ്പെട്ട ഭാവനയാണ്. അവിടെ രോഗമില്ല. മരണമില്ല, സദാസമയവും ഈശ്വരസന്നിധിയിലിരുന്ന് ആനന്ദിക്കുകതന്നെ. കീടം മുതല്‍ ദേവന്‍വരെ സര്‍വ്വജീവികളും ആ ദുഃഖരഹിതമായ ലോകത്തിലെത്തും. നമ്മുടെ ജഗത്തിന് അവസാനമില്ല. അതു തരംഗംപോലെ പൊയ്‌ക്കൊണ്ടിരിക്കും. ഒരു കല്പം തീര്‍ന്നാല്‍ മറ്റൊന്നാരംഭിക്കയായി. മുക്തരാകാനിരിക്കുന്ന ജീവന്‍മാരോ അസംഖ്യം. ചിലര്‍ ഇപ്പോള്‍ സസ്യങ്ങളിലാണ്, ചിലര്‍ തിര്യക്കുകളില്‍, ചിലര്‍ മനുഷ്യരില്‍, ചിലര്‍ ദേവന്‍മാരില്‍: ആരും മുക്തരായിട്ടില്ല. ഏറ്റവും വലിയ ദേവന്‍പോലുമില്ല. സര്‍വ്വരും ബദ്ധര്‍. ബന്ധമെന്ത്? ജനിക്കേണ്ടിയും മരിക്കേണ്ടിയും വരുന്നത്. ദേവന്‍മാരും മരിക്കും.
ദേവന്‍മാരെന്നത് ചില സ്ഥാനങ്ങളാണ്. ദേവരാജാവായ ഇന്ദ്രന്‍ എന്നത് ഒരുദ്യോഗപ്പേര്. വളരെ ഉയര്‍ന്ന നിലയിലെത്തിയ ഒരു ജീവന്‍ ഈ കല്പത്തില്‍ ആ സ്ഥാനത്തിരിക്കുന്നു. കല്പാവസാനത്തില്‍ ഈ ജീവന്‍ വീണ്ടും ഭൂമിയില്‍ വന്നു ജനിക്കും. ഈ കല്പത്തില്‍ വളരെ പുണ്യംചെയ്ത മറ്റൊരു ജീവന്‍ പിന്നെ ആ സ്ഥാനത്തു കയറും. ദേവത്വമെല്ലാം ആ വിധമാണ്. ആ സ്ഥാനങ്ങളില്‍ അനേകം ലക്ഷം ജീവന്‍മാര്‍ ഓരോരുത്തരായി കയറിയിറങ്ങി പിന്നെയും ഭൂമിയില്‍ വന്നു മനുഷ്യരായി ജനിക്കുന്നു. പരോപകാരാദിസല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് അതിനു പ്രതിഫലം വേണമെന്നും സ്വര്‍ഗ്ഗത്തില്‍ പോകണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് അതുണ്ടാകണമല്ലോ. അങ്ങനെ ചിലരാണ് ദേവന്‍മാരാകുന്നത്. അതു മുക്തിയല്ല: മുക്തി പ്രതിഫലേച്ഛയിന്‍മേല്‍ കൈവരുന്നതല്ല. മനുഷ്യന്‍ ആഗ്രഹിക്കുന്നതെന്തും ഈശ്വരന്‍ കൊടുക്കും. ശക്തി വേണം, കീര്‍ത്തിവേണം, സ്വര്‍ഗ്ഗസുഖം വേണം എന്നെല്ലാം മനുഷ്യന്‍ ആഗ്രഹിക്കുന്നു. അതെല്ലാം അവര്‍ക്കു ലഭിക്കയും ചെയ്യുന്നു. പക്ഷേ ഒരു കര്‍മ്മഫലവും ശാശ്വതമല്ല. അതു കാലത്താല്‍ ക്ഷയിക്കും. കാലം കല്പാവധിയാവാം. എങ്കിലും അതിന്റെ അറുതിയില്‍ ഫലത്തിനും അറുതിവരും. അപ്പോള്‍ ദേവന്‍മാരും ഇറങ്ങിവന്നു മനുഷ്യരാകും: അവര്‍ക്കും മുക്തന്‍മാരാകുവാന്‍ ഒരവസരമുണ്ടാകണം. തിര്യക്കുകള്‍ ഉയര്‍ന്നുവന്നു മനുഷ്യരാകും, പക്ഷേ ദേവന്‍മാരുമാകും: പിന്നെയും വന്നു മനുഷ്യരാകും, വീണ്ടും തിര്യക്കുകളായെന്നും വരാം. വിഷയവാസന നശിക്കുന്നതുവരെ, ‘ഞാന്‍, എന്റെ’ എന്ന പിടിവിടുന്നതുവരെ , ഇങ്ങനെ പൊയ്‌ക്കൊണ്ടിരിക്കും. ഈ ‘ഞാന്‍, എന്റെ’ എന്ന ഭാവമത്രേ ലോകത്തിലെ സര്‍വ്വദുഃഖങ്ങള്‍ക്കും മൂലം. ദ്വൈതിയോട് ‘ഈ കുട്ടി നിങ്ങളുടേതോ’ എന്നു ചോദിച്ചാല്‍ അയാള്‍, ‘അല്ല, അത് ഈശ്വരന്റേത്: സ്വത്തും ഈശ്വരന്റേത്’ എന്നു പറയും. എല്ലാം ഈശ്വന്റേതായി കരുതണം.
ഇന്ത്യയില്‍ ദ്വൈതികള്‍ അഹിംസാപരരാണ്, സസ്യഭുക്കുകളാണ്. എന്നാല്‍ അഹിംസയെപ്പറ്റി ബൗദ്ധന്‍മാരുടെ ഭാവനയല്ല അവര്‍ക്കുള്ളത്. ബൗദ്ധനോട് ജന്തുഹിംസക്കു വിരോധം എന്തെന്നു ചോദിച്ചാല്‍ ‘ജീവനെ കളയുവാന്‍ നമുക്ക് അധികാരമില്ല’ എന്നു പറയും. ദ്വൈതിയോടു ചോദിച്ചാല്‍ ‘അത് ഈശ്വരന്റേതാണ്’ എന്നു പറയും. ‘ഞാന്‍, എന്റെ’ എന്നുള്ളതെല്ലാം ഈശ്വരനോടു സംബന്ധിപ്പിക്കണമെന്നാണ് ദ്വൈതിയുടെ മതം. ഉടയവന്‍ ഈശ്വരന്‍മാത്രം, എല്ലാം ഈശ്വരന്റേത്. ഒരാള്‍ ഈ നിലയിലെത്തി, ‘അഹ-മമ’ ഭാവം വിട്ട്, സര്‍വ്വവും ഈശ്വരാര്‍പ്പണമാക്കി, സര്‍വ്വരേയും സ്നേഹിച്ച്, മറ്റൊരു ജീവനുവേണ്ടി ഫലേച്ഛ കൂടാതെ സ്വജീവനെ ത്യജിപ്പാന്‍പോലും സന്നദ്ധനാകുമ്പോള്‍ അയാളുടെ ഹൃദയം നിര്‍മ്മലമാകും: നിര്‍മ്മലമായ ആ ഹൃദയത്തില്‍ ഈശ്വരപ്രേമമുദിക്കും. സര്‍വ്വജീവന്‍മാരുടെയും ആകര്‍ഷണകേന്ദ്രം ഈശ്വരനത്രേ. ‘ചളി മൂടിയ സൂചിയില്‍ കാന്താകര്‍ഷണം ഫലിക്കില്ല: ചളി നീങ്ങിയാലുടന്‍ അത് ആകൃഷ്ടമാകും.’ ഈശ്വരന്‍ കാന്തം, ജീവന്‍ സൂചി; അതിനെ മൂടിയ ചളി ദുഷ്‌കര്‍മ്മം. ചളി നീങ്ങി ജീവനു ശുദ്ധി വന്നാല്‍ അതു സ്വാഭാവികമായി ഈശ്വരാകര്‍ഷണമേല്‍ക്കും. ഈശ്വരനെ പ്രാപിച്ച് ഈശ്വരനോടുകൂടെയിരിക്കും: എങ്കിലും ഈശ്വരനില്‍നിന്നു വേറിട്ട്, സിദ്ധിവന്ന ജീവന് ഇഷ്ടംപോലെ രൂപമെടുക്കാം. വേണമെങ്കില്‍ നൂറു രൂപം ധരിക്കാം. ഒരു രൂപവും ഇല്ലാതെയുമാവാം. സൃഷ്ടിയൊഴിച്ച് മറ്റെല്ലാശക്തികളുമുണ്ടാകാം. സൃഷ്ടികര്‍ത്താവ് ഈശ്വരന്‍ മാത്രം. എത്ര മഹാസിദ്ധനും ജഗന്നിയമനത്തിനു ശക്തനല്ല. അതിന് ഈശ്വരന്‍ മാത്രം. സിദ്ധജീവന്‍മാര്‍ നിത്യാനന്ദവുമനുഭവിച്ച് ഈശ്വരനോടുകൂടെയായിരിക്കും. ഇതത്രേ ദ്വൈതമതം.
ദ്വൈതികളുടെ മറ്റൊരു ഭാവനകൂടി പറയാം. ഈശ്വരനോട് ‘ഈശ്വര! എനിക്ക് ഇതു തരണേ, അതു തരണേ,’ എന്നൊന്നും പ്രാര്‍ത്ഥിക്കരുത്. അതു തെറ്റാണ്. ലൗകികസാദ്ധ്യങ്ങള്‍ക്കു വല്ല ദേവന്‍മാരോടും ആവശ്യപ്പെടാം. സിദ്ധപുരുഷന്‍മാരോടുമാവാം. ഈശ്വരനെ സ്നേഹിക്കമാത്രമേ ചെയ്യാവൂ. ‘അതുവേണം, ഇതുവേണം’ എന്നിങ്ങനെ ഈശ്വരനോടപേക്ഷിക്കുന്നത് ഈശ്വരനിന്ദയാണ്. മനുഷ്യന്‍ ആഗ്രഹിക്കുന്നത് ദേവന്‍മാരോട് പ്രാര്‍ത്ഥിച്ചാല്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ കിട്ടും. മുക്തിക്കുമാത്രമേ ഈശ്വരനെ ആരാധിക്കാവൂ. ഇതത്രേ ദ്വൈതികളുടെ – ഇന്ത്യയില്‍ ഭൂരിപക്ഷം ജനങ്ങളുടെയും – മതം.
വേദാന്തസോപാനം (അമേരിക്കന്‍ പ്രസംഗം) – തുടരും