അദ്വൈതമതപ്രകാരം ബ്രഹ്മമൊന്നേ സത്യമായുള്ളൂ. മറ്റെല്ലാം മിഥ്യ: മായാശക്തിനിമിത്തമാണ് ബ്രഹ്മം ജഗദ്‌രൂപത്തില്‍ ദൃശ്യമാകുന്നത്. വീണ്ടും ബ്രഹ്മപദം പ്രാപിക്കുന്നതത്രേ നമ്മുടെ ലക്ഷ്യം. ഇപ്പോള്‍ നാമോരോരുത്തനും ആ സത്തായ ബ്രഹ്മം മായകലര്‍ന്നിരിക്കുന്നതാണ്. ഈ മായയാകുന്ന അജ്ഞാനം നീക്കിയാല്‍ നാം നമ്മുടെ യഥാര്‍ത്ഥസ്ഥിതിയിലാകും’. ഇപ്പോള്‍ നമുക്ക് മൂന്ന് അംശങ്ങളുണ്ട്: ശരീരം, അന്തഃകരണം, ആത്മാവ്, ശരീരത്തിലിരുന്ന് അന്തഃകരണംമൂലം ശരീരത്തെ പ്രവര്‍ത്തിപ്പിക്കുന്ന യഥാത്ഥര്‍സത്ത, യഥാര്‍ത്ഥഭോക്താവും ദ്രഷ്ടാവും, ആത്മാവാകുന്നു. ശരീരം ആത്മാവിന്റെ ബാഹ്യകോശം. അന്തഃകരണം ആന്തരകോശം. ആകാശത്തില്‍ ജഡമല്ലാത്ത സത്ത ആത്മാവുമാത്രം. ജഡമല്ലാത്തതിനാല്‍ അതു സംഘാതമല്ല. അതുകൊണ്ട് അതു നിമിത്തനിയമാധീനമല്ല. അതുകൊണ്ട് അനശ്വരമാണ്. അനശ്വരത്തിന് ജനനമില്ല: ജനിച്ചതിന്നെല്ലാം നാശമുണ്ട്. ആത്മാവിനു രൂപവുമില്ല: കാരണം, ജഡത്തിനേ രൂപമുള്ളൂ. രൂപമുള്ളതിനെല്ലാം ആദ്യന്തങ്ങളുണ്ട്. ഉല്പത്തിയും നാശവും ഉണ്ടാകാത്ത ഒരു രൂപം നാമാരും കണ്ടിട്ടില്ല. ജഡദ്രവ്യവവും ശക്തിയും കൂടിയാണ് രൂപമുണ്ടാകുന്നത്.
ഈ കസേലയ്ക്കു ഒരു വിശേഷരൂപമുണ്ട്. ഏതാനും ജഡദ്രവ്യത്തില്‍ ഒരു ശക്തിയെ വ്യാപരിപ്പിച്ച് അതിനെ ഈ രൂപത്തിലാക്കി. ദ്രവ്യവും ശക്തിയും കലര്‍ന്നാണ് രൂപമുണ്ടായത്. കലര്‍പ്പു ശാശ്വതമാവാന്‍ വയ്യ. കൂടിക്കലര്‍ന്നതിനെല്ലാം വേര്‍പിരിയേണ്ട കാലം വരും. അതുകൊണ്ട് സര്‍വ്വരൂപങ്ങള്‍ക്കും ആദിയും അന്തവുമുണ്ട്. നമ്മുടെ ശരീരം നശിക്കുമെന്നു നമുക്കറിയാം. അതിന് ആദിയുണ്ടായിട്ടുണ്ട്. അതുകൊണ്ട് അന്തവുമുണ്ടാകും. ആത്മാവിനു രൂപമില്ലായ്കയാല്‍ ഉല്പത്തിവിനാശനിയമം ബാധകമല്ല, അത് അനാദികാലംമുതല്‍ക്കുണ്ട്. കാലത്തിനെന്നപോലെ ആത്മാവിനും ആദിയില്ല. രണ്ടാമത്, അതു സര്‍വ്വവ്യാപിയാവണം. രൂപത്തിനേ ദേശപരിച്ഛേദമുള്ളൂ. രൂപമില്ലാത്തതിനു ദേശകൃതമായ അവധിയും പരിമിതിയുമില്ല. അതുകൊണ്ട് നിങ്ങളിലും എന്നിലും സര്‍വ്വരിലുമുള്ള ആത്മാവ് സര്‍വ്വവ്യാപിയാണെന്നത്രെ അദ്വൈതവേദാന്തമതം. നിങ്ങള്‍ ഇപ്പോള്‍ ഭൂമിയിലുള്ളതുപോലെ സൂര്യനിലും, അമേരിക്കയിലുള്ളതുപോലെ ഇംഗ്ലണ്ടിലും ഉണ്ട്. എന്നാല്‍ ആത്മാവ് അന്തഃകരണത്തില്‍ക്കൂടെയും ശരീരത്തില്‍ക്കൂടെയുമാണ് പ്രവര്‍ത്തിക്കുന്നത്: അതുകള്‍ ഉള്ളേടത്തേ അതിന്റെ വ്യാപാരം ദൃശ്യമാകുന്നുള്ളൂ.
നാം ചെയ്യുന്ന ഓരോ കര്‍മ്മവും വിചാരിക്കുന്ന ഓരോ വിചാരവും നമ്മുടെ മനസ്സില്‍ ഒരു സംസ്‌കാരമുണ്ടാകുന്നുണ്ട്. ആ സംസ്‌കാരങ്ങളുടെ സമാഹാരമത്രേ സ്വഭാവമെന്ന ഗംഭീരശക്തിയാകുന്നത്. സ്വഭാവം സ്വന്തസൃഷ്ടിയാണ്, സ്വന്തം മനഃകായകര്‍മ്മങ്ങളുടെ ഫലം. അതാണ് മരണാനന്തരമുള്ള ഗതിയെ തിരിച്ചുവിടുന്നത്. മരണത്തില്‍ ദേഹം പഞ്ചഭൂതങ്ങളിലേക്കു തിരിഞ്ഞുപോകുന്നു. സംസ്‌കാരങ്ങള്‍ അപ്പോള്‍ നശിക്കില്ല. അവ മനസ്സിനോടു ചേര്‍ന്നുനില്‍ക്കും. മനസ്സ് അതിസൂക്ഷ്മദ്രവ്യമായതുകൊണ്ട് അത്രവേഗം നശിക്കില്ല. ദ്രവ്യം എത്രത്തോളം സൂക്ഷ്മമോ അത്രത്തോളം കാലം നിലനില്‍ക്കും. ഒടുവില്‍ മനസ്സും നശിക്കും. അത് നശിപ്പിപ്പാനാണ് നമ്മുടെ യത്‌നം. ഈ വിഷയത്തില്‍ ചുഴലിക്കാറ്റു നല്ലൊരുദാഹരണമായി തോന്നുന്നു. പല വഴിക്കു വരുന്ന കാറ്റുകള്‍ ഒരിടത്തു വെച്ചു കൂട്ടിമുട്ടി ഒന്നിച്ചു തിരിഞ്ഞുതുടങ്ങുന്നു. തിരിയുമ്പോള്‍ അതു പൊടികൊണ്ടുള്ള ഒരു ശരീരം പോലെയാകുന്നു: അതു കരിയില വയ്‌ക്കോല്‍ മുതലായ വസ്തുക്കളെ വലിച്ചെടുക്കുന്നു: മറ്റൊരിടത്തു കൊണ്ടുപോയിടുന്നു: അവിടുന്നു മാറി, ചുറ്റിത്തിരിഞ്ഞു പോകുന്നു. പിന്നെയും വഴിക്കുള്ള സാധനങ്ങളെക്കൊണ്ടു ശരീരമുണ്ടാക്കുന്നു. തിരിയുന്നു, പൊന്തുന്നു, ഇങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുന്നു.
അതുപോലെ പ്രാണശക്തികള്‍ ഒന്നിച്ചുകൂടി ജഡദ്രവ്യങ്ങളെക്കൊണ്ട് ശരീരമെന്നും മനസ്സെന്നുമുള്ള രൂപങ്ങളെ നിര്‍മ്മിച്ചു ചുറ്റിസ്സഞ്ചരിക്കുന്നു. ഒരിടത്തുവെച്ച് ശരീരപദാര്‍ത്ഥങ്ങള്‍ വീണുപോകുന്നു: പ്രാണശക്തി പിന്നെയും മറ്റൊരു ശരീരത്തെ നിര്‍മ്മിക്കുന്നു: അതു നശിക്കുമ്പോള്‍ പിന്നെയും മറ്റൊന്ന്: അങ്ങനെ നടക്കുന്നു. ശക്തിക്കു ജഡദ്രവ്യത്തോടുകൂടാതെ സഞ്ചരിക്കവയ്യ. ശരീരം നശിക്കുമ്പോള്‍ അന്തഃകരണം ശേഷിച്ച്, അതിന്‍മേല്‍ പ്രാണന്‍ സംസ്‌കാരരൂപത്തില്‍ വ്യാപിച്ച്, മറ്റൊരു സ്ഥാനത്ത് ചെന്നു പുതിയ പദാര്‍ത്ഥങ്ങളെ ചേര്‍ത്ത് പുതിയൊരു ചുഴറ്റുണ്ടാക്കി: ഇങ്ങനെ ഓരോ സ്ഥാനത്തായി സഞ്ചരിച്ച് പ്രാണശക്തി നിശ്ശേഷം ഒടുങ്ങുമ്പോള്‍ അതും വീണു നശിക്കും. അങ്ങനെ അന്തഃകരണം തീരെ നശിച്ച് സംസ്‌കാരലേശം ബാക്കിയില്ലാതാകുമ്പോള്‍ നാം മുക്തരാകും. അതുവരെ നമുക്കു ബന്ധമുണ്ട്. അതുവരെ ആത്മാവ് അന്തഃകരണമാകുന്ന ചുഴിലിയിലാകപ്പെട്ട് അതിനു ജനനമരണഭ്രമമുണ്ടാക്കുന്നു. ചുഴലി ശമിക്കുമ്പോള്‍ ആത്മാവിനു താന്‍ സര്‍വ്വവ്യാപിയും സ്വേച്ഛഗതിയും സ്വതന്ത്രവുമാണെന്നും എത്രയെങ്കിലും അന്തഃകരണങ്ങളോ ശരീരങ്ങളോ നിര്‍മ്മിപ്പാന്‍ കഴിയുമെന്നും അനുഭവപ്പെടും. എന്നാല്‍ ആ കാലം വരുന്നതുവരെ ഈ ചുഴലിയില്‍ പെട്ടുതന്നെ പോകും. ആ സ്വതന്ത്രതയാണ് നമ്മുടെ ലക്ഷ്യം.
ഈ മുറിയില്‍ ഒരു പന്ത്: നാമോരോരുത്തനും ഓരോ കൊട്ടിയെടുത്ത് അങ്ങുമിങ്ങും തട്ടി ഒടുവില്‍ അതു മുറിയില്‍നിന്നു പുറത്തേക്കു തെറിക്കുന്നു എന്നു വിചാരിക്കുക. അത് ഏതു വഴിക്ക് എത്ര ശക്തിയില്‍ പുറത്തേക്കു പോകും? ആ സംഗതി അതിന്നേറ്റ അടികളുടെ ശക്തിക്കും ഗതിക്കുമനുസരിച്ചിരിക്കും. ഓരോ അടിക്കും ഒരു ഫലമുണ്ടായിട്ടുണ്ട്. അങ്ങനെ ഓരോ അടിപോലെയത്രേ നമ്മുടെ ഓരോ മനഃകായകര്‍മ്മങ്ങളും. മനസ്സാകുന്ന പന്തിനു ലോകമാകുന്ന മുറിയില്‍വെച്ചു ഇങ്ങനെ ഓരോ അടികൊള്ളുന്നു. അത് ഏതു വഴിക്ക്, എന്തു ശക്തിയോടുകൂടി, പുറത്തേക്കു പോകുന്നു എന്നത് അടികൊണ്ടതിനനുസരിച്ചിരിക്കും. അങ്ങനെ നമ്മുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചിരിക്കും അടുത്ത ജന്മം. അതുകൊണ്ട് ഈ ജന്മം പൂര്‍വ്വജന്മത്തിലെ കര്‍മ്മങ്ങളുടെ ഫലമാണ്.
മറ്റൊരുദാഹരണം; ആദിയും അവസാനവുമില്ലാത്ത ഒരു ചങ്ങല നിങ്ങളുടെ കയ്യില്‍ തരുന്നു. അതില്‍ ഒന്നിടവിട്ടു കറുപ്പും വെളുപ്പുമായ കണ്ണികളുണ്ട്. അതിന്റെ സ്വഭാവം പറയുവാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ ആദ്യം ഒന്നു പരുങ്ങും. പിന്നീട് അത് ഒരു ചങ്ങലയാണെന്നു മനസ്സിലാക്കും. പിന്നെ അതു കറുപ്പും വെളുപ്പുമായ കണ്ണികള്‍ ഇടവിട്ടുള്ളതാണെന്നും അങ്ങനെ അവസാനമില്ലാത്തതാണെന്നും അറിയും. കണ്ണികളില്‍ ഒന്നിന്റെ സ്വഭാവമറിഞ്ഞാല്‍ മുഴുവന്‍ ചങ്ങലയുടെയും സ്വഭാവം അറിയാം. ഒന്ന് ആവര്‍ത്തിച്ചതുതന്നെയാല്ലോ മറ്റെല്ലാം. നമ്മുടെ ഭൂതവര്‍ത്തമാനഭാവിജന്‍മങ്ങളൊകെ അങ്ങനെ ഒരു ചങ്ങലയാണ്, അതില്‍ ഒരു കണ്ണി ജനനം, മറ്റേതു മരണം: ഇങ്ങനെ ആദിയുമില്ല, അവസാനവുമില്ല. നമ്മുടെ ഇപ്പോഴത്തെ സ്ഥിതിയും കര്‍മ്മങ്ങളും ഏറെക്കുറെ വ്യത്യാസപ്പെട്ട് മറ്റു ജന്മങ്ങളില്‍ ആവര്‍ത്തിക്കുന്നു, അത്രയേ ഉള്ളൂ. അപ്പോള്‍ രണ്ടു കണ്ണികളെ മനസ്സിലാക്കിയാല്‍ മുഴുവന്‍ ജീവിതമാര്‍ഗ്ഗങ്ങളും നമുക്കു മനസ്സിലായി എന്നു കരുതാം.
പൂര്‍വ്വജന്‍മാനുസാരിയാണ് ഈ ജന്മം: നമ്മുടെ കര്‍മ്മങ്ങള്‍നിമിത്തമാണ് നാം ഇവിടെ വന്നത്. ഈ ജന്മത്തിലെ സംസ്‌കാരമാണ് അടുത്ത ജന്‍മത്തെ നിര്‍ണ്ണയിക്കുന്നത്: അതുപോലെ കഴിഞ്ഞ ജന്‍മത്തിലെ സംസ്‌കാരങ്ങളോടുകൂടിയാണ് ഈ ജന്‍മം. നമ്മെ പുറത്തേയ്ക്കു കൊണ്ടുപോകുന്നതേതോ അതാണ് നമ്മെ അകത്തേക്കു കൊണ്ടുവരുന്നതും. നമ്മെ ഇങ്ങോട്ടു കൊണ്ടുവരുന്നതേത്? നമ്മുടെ പൂര്‍വ്വകര്‍മ്മങ്ങള്‍. നമ്മെ പുറത്തേക്കു കൊണ്ടുപോകുന്നതോ? ഈ ജന്‍മത്തിലെ കര്‍മ്മങ്ങള്‍. ഇങ്ങനെ തുടര്‍ന്നുപോകുന്നു. പട്ടുപുഴു സ്വന്തം വായില്‍നിന്നും വലനൂലെടുത്തു തനിക്കു കൂടുണ്ടാക്കി അതിലകപ്പെട്ടു കിടക്കുംപോലെ നമ്മുടെ കര്‍മ്മങ്ങളെക്കൊണ്ടു നാം നമ്മെ ബന്ധിച്ചു കര്‍മ്മജാലത്തില്‍ അകപ്പെട്ടുകിടക്കുന്നു. നിമിത്തനിയമത്തെ നാം ഇളക്കിവിട്ടു: ഇപ്പോള്‍ അതില്‍നിന്നു വിട്ടൊഴിവാന്‍ നമുക്കു ഞെരുക്കം. നാം തിരിച്ചുവിട്ട ചക്രത്തിനിടയില്‍ പെട്ടു നാം ഞെരങ്ങുന്നു. അതുകൊണ്ട് നമ്മുടെ കര്‍മ്മം സത്തായാലും അസത്തായാലും അതുമൂലമാണ് നമുക്കുള്ള ബന്ധം എന്നാണ് വേദാന്തദര്‍ശനം ഉപദേശിക്കുന്നത്.
ആത്മാവിനു വരവോ പോക്കോ ജനനമോ മരണമോ ഇല്ല. പ്രകൃതിയാണ് ചലിക്കുന്നത്. അതിന്റെ പ്രതിബിംബം ആത്മാവില്‍ പതിഞ്ഞ് താനാണ് ചലിക്കുന്നതെന്ന് ആത്മാവ് അന്ധാളിക്കുന്നു. അങ്ങനെ വിചാരിക്കുന്ന കാലത്തോളം അതിനു ബന്ധമുണ്ട്. തനിക്കു ചലനമില്ല, പ്രകൃതിയാണ് ചലിക്കുന്നത്. താന്‍ സര്‍വവ്യാപിയാണ് എന്നറിയുമ്പോള്‍ അതിനു മുക്തിയായി. ആത്മാവു ബന്ധത്തില്‍ പെട്ടിരിക്കുമ്പോള്‍ അതിനു ജീവനെന്നു പറയുന്നു. അതുകൊണ്ട് ജീവന്റെ ദേഹാന്തരപ്രാപ്തി എന്നും മറ്റും പറയുന്നതു കാര്യം മനസ്സിലാക്കാന്‍ സൗകര്യത്തിനുവേണ്ടിമാത്രം. ജ്യോതിഷം പഠിക്കുമ്പോള്‍ സൂര്യന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നു എന്നാണ് ആദ്യം ധരിപ്പാന്‍ ഉപദേശിക്കുന്നത്. അതു പഠനസൗകര്യത്തിനുവേണ്ടിമാത്രം. വാസ്തവം മറിച്ചാണല്ലോ. അതുപോലെ, ജീവനു വാസ്തവത്തില്‍ ഇല്ലാത്ത ഉച്ചനീചാവസ്ഥകള്‍ ഉണ്ടെന്നു പറയുന്നു. ഇതിനാണ് പുനര്‍ജ്ജന്മമെന്നു പറയുന്നത്. ഇത് സൃഷ്ടിയില്‍ സര്‍വ്വത്ര വ്യാപകവുമാണ്.
മനുഷ്യന്‍ തിര്യക്കുകളില്‍നിന്നു ഉയര്‍ന്നുവരുന്നു എന്നതു ഭയങ്കരമായിട്ടാണ് ഈ നാട്ടുകാര്‍ കരുതുന്നത്. അതെന്തിന്? അങ്ങനെയല്ലെങ്കില്‍ ഈ അനേകകോടി ജന്തുക്കളുടെ അവസ്ഥയെന്താകും? അവ ശൂന്യങ്ങളോ? നമുക്ക് ആത്മാവുണ്ടെങ്കില്‍ അവയ്ക്കുമുണ്ട്. അവയ്ക്കില്ലെങ്കില്‍ നമുക്കുമില്ല. മനുഷ്യനുമാത്രമേ ആത്മാവുള്ളൂ, മറ്റു ജീവികള്‍ക്കില്ല എന്നു പറയുന്നതു വിഡ്ഢിത്തമാണ്. മൃഗങ്ങളേക്കാളും താണതരത്തിലുള്ള മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്.
ആത്മാവിന്റെ ബന്ധമോക്ഷങ്ങള്‍ (അമേരിക്കന്‍ പ്രസംഗം) – തുടരും