സംസ്‌കാരങ്ങളനുസരിച്ച് ഉയര്‍ന്നോ താണോ ഉള്ള ജാതികളിലായി പല ജന്‍മങ്ങള്‍ കഴിഞ്ഞേ മനുഷ്യജന്‍മം കിട്ടു. ആ ഉല്‍കൃഷ്ട ജന്‍മത്തിലേ മോക്ഷപ്രാപ്തിയുമുള്ളൂ. ദേവജന്‍മത്തേക്കാളും മറ്റു സര്‍വജന്‍മത്തേക്കാളും ഉയര്‍ന്നതത്രേ മനുഷ്യജന്‍മം. സര്‍വ്വസൃഷ്ടികളിലുംവെച്ച് അത്യുത്തമജീവി മനുഷ്യനത്രേ: എന്തുകൊണ്ടെന്നാല്‍ മനുഷ്യന്‍ മാത്രമേ മുക്തി പ്രാപിക്കൂ.
ഈ ജഗത്താകെ ബ്രഹ്മത്തിലായിരുന്നു: അതില്‍നിന്ന് എറിയപ്പെട്ടതുപോലെ പുറത്തുവന്നു ചലിച്ചുകൊണ്ടിരിക്കുന്നു. എന്തിന്? എവിടെനിന്നു പുറപ്പെട്ടുവോ അങ്ങോട്ടു മടങ്ങിച്ചെല്ലുവാന്‍ – ഡൈനാമോവില്‍നിന്നു പുറപ്പെടുന്ന വിദ്യുച്ഛക്തി ഒരു വൃത്തം മുഴുമിച്ച് ഡൈനാമോവിലെക്കു മടങ്ങുംപോലെ. അതുതന്നെ ജീവന്റേയും അവസ്ഥ. നാം ബ്രഹ്മത്തില്‍നിന്നു നിര്‍ഗ്ഗമിച്ച് സസ്യതിര്യഗാദി ജാതികളില്‍ക്കൂടെ കടന്നു മനുഷ്യജാതിയില്‍ എത്തിയിരിക്കുന്നു. ബ്രഹ്മത്തിന് ഏറ്റവുമടുത്തത് മനുഷ്യനാണ്. ബ്രഹ്മത്തിലേക്കു തിരിയെ ചെല്ലുവാനാണ് ജീവിതസമരം: ഇതു ജനങ്ങള്‍ അറിഞ്ഞാലും ശരി, ഇല്ലെങ്കിലും ശരി. ജഗത്തില്‍, ലോഹങ്ങളിലോ സസ്യങ്ങളിലോ ജന്തുക്കളിലോ ഏതു ചലനം കാണുന്നുവോ അത് ഉല്പത്തിസ്ഥാനമായ കേന്ദ്രത്തിലേക്ക് തിരിയെ ചേര്‍ന്നു ശാന്തിയെ പ്രാപിപ്പാനുള്ള യത്‌നമത്രേ. ഒരു സമനിലയുണ്ടായിരുന്നു, അതിനു ഭംഗംവന്നു. അപ്പോള്‍പ്പിന്നെ എല്ലാ അണുക്കളും കണങ്ങളും അംശങ്ങളും ആ പൊയ്‌പോയ സമാവസ്ഥയെ പ്രാപിക്കാന്‍ യത്‌നിക്കുന്നു. ഈ യത്‌നത്തില്‍ അവ പല വിധത്തില്‍ കൂടിച്ചേരുന്നു, പിരിയുന്നു. പിന്നെയും ചേരുന്നു – പ്രപഞ്ചമെന്ന പരമാശ്ചര്യദൃശ്യമായിത്തീരുന്നു. സസ്യലോകത്തിലോ പ്രാണിലോകത്തിലോ മറ്റെവിടെയെങ്കിലുമോ ഉള്ള യത്‌നങ്ങളും മത്‌സരങ്ങളും സമുദായകലഹങ്ങളും യുദ്ധങ്ങളുമെല്ലാം ആ സമാവസ്ഥയില്‍ തിരിച്ചെത്തുവാനുള്ള നിത്യയത്‌നത്തിന്റെ വിളയാട്ടമത്രേ.
സംസാരമെന്നാല്‍ ജന്‍മത്തില്‍നിന്നു മൃത്യുവിലേക്കുള്ള പോക്ക്, പ്രയാണം, ജനനമരണചക്രം എന്നാണര്‍ത്ഥം. ഈ ചക്രത്തില്‍ ചുറ്റുന്ന ജീവജാലങ്ങളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മുക്തിയെ പ്രാപിക്കും. എങ്കില്‍പ്പിന്നെ നാം അതിനുവേണ്ടി ആയാസപ്പെടുന്നതെന്തിനെന്നു ചോദ്യമുണ്ടാവാം. എല്ലാവരും മുക്തന്‍മാരാകുമെങ്കില്‍ നമുക്ക് അതും കാത്തു സ്വസ്ഥമായിരിക്കാമല്ലോ. ഒന്നിനും നാശമില്ല. എല്ലാം ബ്രഹ്മപദം പ്രാപിക്കയും ചെയ്യും. പിന്നെ യത്‌നിച്ചു കഷ്ടപ്പെടുന്നതെന്തിന്? ഒന്നാമത്, ഈ പ്രയത്‌നമാണ് കേന്ദ്രസ്ഥാനത്തു ചെന്നെത്തുവാനുള്ള ഏകമാര്‍ഗ്ഗം. രണ്ടാമത് നാം എന്തിനു യത്‌നിക്കുന്നു എന്നു നമുക്കറിഞ്ഞുകൂടാ. അതു വേണ്ടിയിരിക്കുന്നു എന്നേ പറയാവൂ. അനേകലക്ഷത്തില്‍ ഒരാള്‍ക്കു മുക്തി പ്രാപിക്കാമെന്നു ബോധമുണ്ടാകുന്നു: മറ്റുള്ള ബഹുജനങ്ങള്‍ വിഷയങ്ങളില്‍ സംതൃപ്തന്‍മാരായി കഴിയുന്നു. ചുരുക്കം ചിലര്‍ ഉണര്‍ന്നു, കളി മതിയാക്കി, മടങ്ങിപ്പോവാന്‍ ബോധപൂര്‍വ്വം പ്രയത്‌നിക്കുന്നു: മറ്റുള്ളവര്‍ ലക്ഷ്യമറിയാതേയും.
വിഷയത്യാഗമാണ് വേദാന്തം നീളെ ഉപദേശിക്കുന്നത്; ‘മിഥ്യയെ ത്യജിച്ചു സത്യത്തെ അവലംബിക്കുക.’ ഇതിനെ ത്യജിച്ചു ബ്രഹ്മപദം പ്രാപിക്കുവാന്‍ യത്‌നിക്കുന്നതെന്തിനെന്ന് വിഷയാസക്തന്‍മാര്‍ ചോദിക്കും. ‘നമ്മുടെ ഉദ്ഭവസ്ഥാനം അതാവാം; പക്ഷേ ഈ ലോകത്തില്‍ സുഖമുണ്ട്, രസമുണ്ട്. അത് ആവോളം അനുഭവിപ്പാന്‍ ശ്രമിക്കയല്ലാതെ ത്യജിക്കുന്നതെന്തിന്? എന്തെല്ലാം പരിഷ്‌കാരങ്ങള്‍, എത്ര സുഖാനുഭവങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു! കാണുന്നില്ലേ? തീര്‍ച്ചയായും ഇവിടെ സുഖമുണ്ട്, ഇതിനെ ത്യജിക്കുന്നതെന്തിന്’ എന്ന് അവര്‍ ചോദിക്കും. അതിന് ഇങ്ങനെ സമാധാനം പറയാം. എന്തായാലും ഇതെല്ലാം നശിക്കും, തവിടുപൊടിയായിപ്പോകും. എന്നുമാത്രല്ല, ഇതേ സുഖങ്ങള്‍ നാം എത്രയോ പ്രാവശ്യം അനുഭവിച്ചും കഴിഞ്ഞിരിക്കുന്നു. നാം ഇപ്പോള്‍ കാണുന്ന ദൃശ്യം എത്രയോ തവണ ആവര്‍ത്തിച്ചുണ്ടായിരിക്കുന്നു. ഈ ലോകം ഇതേവിധം മുമ്പു പലപ്പോഴും നടന്നിട്ടുണ്ട്. മുമ്പു പല പ്രാവശ്യവും ഞാന്‍ ഇവിടെ നിന്നു നിങ്ങളോടു സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ പറയുന്ന വാക്കുകള്‍തന്നെ മുമ്പു പല പ്രാവശ്യവും നിങ്ങള്‍ കേട്ടിട്ടുണ്ട്. ഇനിയും പലപ്പോഴും അതുണ്ടാകയും ചെയ്യും. ആത്മാവിനു ഒരു മാറ്റവുമില്ല. എന്നാല്‍ ശരീരങ്ങള്‍ മാറിവരുന്നു. ഇതെല്ലാം കാലക്രമത്തില്‍ ആവര്‍ത്തിച്ചുണ്ടാകും: പകിടയെറിയുന്നതുപോലെതന്നെ. മൂന്നോ നാലോ പകിടയെടുത്തെറിഞ്ഞ് ഒന്നില്‍ അഞ്ച്, ഒന്നില്‍ നാല്, ഒന്നില്‍ മൂന്ന്, ഒന്നില്‍ രണ്ട് ഇങ്ങനെ വീണു എന്നു വിചാരിക്കുക. പിന്നെയും പിന്നെയും എറിഞ്ഞു കൊണ്ടിരുന്നാല്‍ ദീര്‍ഘകാലത്തിനുശേഷമെങ്കിലും ഈ എണ്ണങ്ങള്‍ ആവര്‍ത്തിച്ചു വീഴാതിരിക്കില്ല. എത്ര പ്രാവശ്യം കൂടുമ്പോള്‍ ആവര്‍ത്തിച്ചുവരുമെന്നു പറയുവാന്‍ വയ്യ. അതു യാദൃച്ഛികമാണ്. ജീവാത്മാക്കളുടേയും അവയുടെ സംബന്ധങ്ങളുടെയും കാര്യവും അതുപോലെതന്നെ. എത്ര ദൂരപ്പെട്ടായാലും ഒരേ ഉല്പത്തികളും വിലയങ്ങളും പിന്നെയും പിന്നെയും ആവര്‍ത്തിച്ചുവരും. അതേ ജനനം, അതേ ലോകവ്യാപാരം, അതേ മരണം: ഇതെല്ലാം പിന്നെയും പിന്നെയും ഉണ്ടാകും. ചിലര്‍ ഇന്ദ്രിയങ്ങസുഖങ്ങള്‍ക്കപ്പുറം ഒന്നും കാണുന്നില്ല. ചിലര്‍ അതെല്ലാം ക്ഷണികങ്ങളും അപ്രധാനങ്ങളുമാണെന്നു കണ്ട് ഉയര്‍ന്നുപോകുവാന്‍ ആഗ്രഹിക്കുന്നു.
കീടം മുതല്‍ മനുഷ്യന്‍വരെയുള്ള വിവിധജാതികളെയും ഊഞ്ഞാല്‍യന്ത്രത്തിലെ പെട്ടിപോലെ വിചാരിക്കാം. യന്ത്രം തിരിഞ്ഞുകൊണ്ടേയിരിക്കും: പെട്ടിയില്‍ കയറിയിറങ്ങുന്നവര്‍ മാറിക്കൊണ്ടുമിരിക്കും. ഒരു ജീവന്‍ ഒരു ജാതി രൂപത്തില്‍ പ്രവേശിച്ച് അതില്‍ കുറേക്കാലം ഇരുന്ന് അതുവിട്ടു മറ്റൊന്നില്‍ പ്രവേശിക്കും. പിന്നീട് അതും വിട്ട് മറ്റൊന്നിലാകും. ഇങ്ങനെ യന്ത്രത്തില്‍ ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ അതു വിട്ടിറങ്ങി മുക്തിയെ പ്രാപിക്കും.
ഭൂതഭവിഷ്യത്തുകളെ വിസ്മയകരായി ശരിക്കു പറയുവാന്‍ കഴിവുള്ളവരെപ്പറ്റി ലോകത്തില്‍ ഏതു ദേശത്തും കാലത്തും കേട്ടിട്ടുണ്ട്. അതെങ്ങനെ സാധ്യമാകുന്നു? ആത്മാവിനു പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്. അതിന് നിമിത്തനിയമത്തെ ലംഘിച്ചു മുക്തമാകുവാന്‍ സ്വതവേ ശക്തിയുണ്ട്. ഇതില്‍ മുക്തന്‍മാരുടെ ചരിത്രം ദൃഷ്ടാന്തമാണല്ലോ. ഇങ്ങനെ പൂര്‍ണ്ണസ്വാതന്ത്ര്യം നഷ്ടമാവാതിരിപ്പുണ്ടെങ്കിലും ജീവഭാവത്തില്‍ അതിന്റെ കര്‍മ്മങ്ങള്‍ അധികഭാഗവും കാര്യകാരണനിയമത്താല്‍ ബദ്ധമാണ്. അതുകൊണ്ട് കാര്യകാരണങ്ങളെ സൂക്ഷ്മമായി ഗ്രഹിപ്പാന്‍ ശക്തിയുള്ളവര്‍ ഭൂതഭവിഷ്യത്തുകളെ ശരിയായിപ്പറയുവാനും ശക്തന്‍മാരാകുന്നു.
ഒരാഗ്രഹമോ ആവശ്യമോ ഉള്ള കാലത്തോളം പൂര്‍ണ്ണത വന്നിട്ടില്ല: അതു തീര്‍ച്ചയായ അടയാളമാണ്. സിദ്ധനും മുക്തനുമായ മനുഷ്യന് ഒരാഗ്രഹവും ഉണ്ടാവില്ല. ഈശ്വരന് ഒരാവശ്യവും ഉണ്ടാവാന്‍ വയ്യ. ആവശ്യമുള്ളവന്‍ ഈശ്വരനാകയില്ല, അപൂര്‍ണ്ണനായിരിക്കും. അതുകൊണ്ട് ഈശ്വരന് അതാണിഷ്ടം, ഇതാണിഷ്ടം, ഈശ്വരനു കോപമായി, തൃപ്തിയായി എന്നെല്ലാം പറയുന്നതു ബാലിശമായ സംസാരമെന്നല്ലാതെ അതിന്നര്‍ത്ഥമില്ല. അതുകൊണ്ട് ആചാര്യന്‍മാരെല്ലാവരും ‘ഒന്നും ആവശ്യപ്പെടരുത്. സര്‍വ്വകാമങ്ങളേയും ത്യജിച്ച് ആത്മാരാമന്‍മാരാകുവിന്‍’ എന്നുപദേശിക്കുന്നു.
പല്ലില്ലാതേയും ഇഴഞ്ഞുകൊണ്ടുമാണ് മനുഷ്യന്‍ ഭൂമിയിലേക്കു വരുന്നത്. ലോകം വിട്ടുപോകുന്നതും പല്ലില്ലാതെ ഇഴഞ്ഞുകൊണ്ടാണ്. ആദിയും അന്തവും ഒരുപോലെ. എന്നാല്‍ ആദിയില്‍ ജീവിതാനുഭവം ശൂന്യം: അന്ത്യത്തില്‍ അതു പൂര്‍ണ്ണം. ആകാശസ്പന്ദനങ്ങള്‍ അതിമന്ദമാകുമ്പോള്‍ പ്രകാശമില്ല, ഇരുട്ടാണ്. സ്പന്ദം അതിശീഘ്രമാകുമ്പോഴും ഫലം ഇരുട്ടിന്റേതാണ്. ഇങ്ങനെ ഇരുതലകള്‍ ഒരുപോലെ തോന്നാമെങ്കിലും രണ്ടും അന്യോന്യം അതിദൂരപ്പെട്ടിരിക്കുന്നു. ചുമരിന് ഒരു കാമവുമില്ല, മുക്തപുരുഷനുമില്ല. ചുമരിനു കാമിപ്പാന്‍തക്ക ചൈതന്യമില്ല, മുക്തനു കാമിപ്പാന്‍തക്ക വസ്തുവില്ല. ലോകത്തില്‍ ഒന്നിനും ആഗ്രഹമില്ലാത്ത മണ്ടന്‍മാരുണ്ട്. അവരുടെ തലച്ചോറ് അത്രയും പ്രാകൃതമാണ്. ഒന്നിനും ആഗ്രഹമില്ലാതിരിക്കുന്നതാണുതാനും ഉച്ചാവസ്ഥ. എന്നാല്‍ ഈ രണ്ടവസ്ഥകള്‍ക്കും തമ്മില്‍ അജഗജാന്തരമുണ്ട്. ഒന്നു മൃഗത്തിനോടടുത്തത് മറ്റേത് ഈശ്വരനോടടുത്തത്.
ആത്മാവിന്റെ ബന്ധമോക്ഷങ്ങള്‍ (അമേരിക്കന്‍ പ്രസംഗം)