നാം ഇവിടെ നില്‍ക്കുന്നു. നമ്മുടെ കണ്ണുകള്‍ മുമ്പോട്ടു നോക്കുന്നു, ചിലപ്പോള്‍ അനേകനാഴിക ദൂരം ചെല്ലുന്നു. മനുഷ്യന്‍ ചിന്തിപ്പാന്‍ തുടങ്ങിയതുമുതല്‍ ഇങ്ങനെ ചെയ്തുപോന്നു. സദാ മുന്നോട്ട്, വളരെ ദൂരത്തേയ്ക്കു നോക്കുന്നു. ഈ ശരീരം നശിച്ചതിനുശേഷം താന്‍ എങ്ങോട്ടു പോകുമെന്നു നോക്കുവാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നു. തല്‍ഫലമായി അനേകമതങ്ങളും ദര്‍ശനങ്ങളും ഉണ്ടായി. അവയില്‍ ചിലവ തിരസ്‌കൃതങ്ങളും ചിലവ സ്വീകൃതങ്ങളുമായി. മനുഷ്യന്‍ ഭൂമിയിലുള്ള കാലത്തോളവും ചിന്തചെയ്യുന്ന കാലത്തോളവും അങ്ങനെയിരിക്കും. ഈ ഓരോ മതത്തിലും ഏതാനും സത്യമുണ്ട്, എല്ലാറ്റിലും സത്യമല്ലാത്തതും വളരെയുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യയിലുണ്ടായ തത്ത്വാന്വേഷണങ്ങളുടെ സാരസംഗ്രഹം, അവയുടെ ഫലഭാഗം, നിങ്ങളുടെ മുമ്പാകെ വെയ്ക്കുവാന്‍ ശ്രമിക്കാം. ഈ വിഷയം സംബന്ധിച്ച് അവിടെ തത്ത്വജ്ഞന്‍മാരുടെ ഇടയിലുണ്ടായ വിവിധചിന്താഫലങ്ങളെ കൂട്ടിയിണക്കാനും, ആ തത്ത്വജ്ഞന്‍മാര്‍ക്കും മനശ്ശാസ്ത്രജ്ഞന്‍മാര്‍ക്കും തമ്മില്‍ പൊരുത്തം കാണ്മാനും ഞാന്‍ ശ്രമിക്കാം. അതിനു പുറമെ കഴിവുള്ളേടത്തോളം, ആ രണ്ടു കൂട്ടരേയും ആധുനികപ്രകൃതിശാസ്ത്രചിന്തകന്‍മാരേയും തമ്മില്‍ യോജിപ്പിക്കാനും ശ്രമിച്ചുകൊള്ളാം.
വേദാന്തദര്‍ശനത്തിലെ പ്രധാനചിന്താഗതി ഏകത്വാന്വേഷണം വഴിക്കാണ്. അത് നാനാത്വവിശേഷങ്ങളെ വകവെയ്ക്കുന്നില്ല. വിശേഷങ്ങളില്‍, പൊതുവായിട്ടുള്ളതേതോ, ജഗത്തിലാകെ സാമാന്യമായിട്ടുള്ളതേതോ, അതിനെയാണ് ഹിന്ദുവിന്റെ മനസ്സു പിന്‍തുടരുന്നത്. ‘ഏതൊന്നറിഞ്ഞാലാണ് സര്‍വ്വവും അറിയപ്പെടുക?’ അതത്രേ എപ്പോഴും ആലോചനാവിഷയം. ‘ഒരു മണ്‍കട്ടയുടെ സ്വഭാവമറിഞ്ഞാല്‍ മണ്ണു മുഴുവന്‍ അറിയപ്പെടുംപോലെ’ ‘ജഗത്തില്‍ ഏതൊന്നറിഞ്ഞാല്‍ എല്ലാം അറിയപ്പെടും?’ ഇതാണന്വേഷണം. ഈ ജഗത്താകെ ഒറ്റ ദ്രവ്യമാക്കാമെന്നാണ് ഹിന്ദുതത്ത്വജ്ഞന്‍മാരുടെ പക്ഷം: ആ ദ്രവ്യത്തിന് അവര്‍ ആകാശം എന്നു പേരിട്ടു. നമുക്കു ചുറ്റും കാണുന്ന ഓരോ ദ്രവ്യവും, നാമറിയുന്നതും തൊടുന്നതും രസിക്കുന്നതുമെല്ലാം ആകാശത്തിന്റെ വിവിധപരിണാമംമാത്രം. അതു സര്‍വ്വവ്യാപിയും സൂക്ഷ്മവുമാണ്. ഘനം, ദ്രവം, ബാഷ്പം എന്നു മൂന്നു വിധമായി പറയുന്ന ദ്രവ്യങ്ങളും ആകൃതികളും രൂപങ്ങളും ശരീരങ്ങളും ഭൂമി-സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളും എല്ലാം ഈ ആകാശത്തിന്റെ പരിണാമങ്ങളാണ്.
ആകാശത്തില്‍ വ്യാപരിച്ച് അതിനെ ഈ ജഗദ്രൂപമാക്കുന്ന ശക്തിയേത്? ആകാശത്തോടൊന്നിച്ചു ജഗദ്വ്യാപിയായ ഒരു ശക്തിയുണ്ട്. അതിന്റെ വിവിധപ്രകാശനങ്ങളാണ് ജഗത്തില്‍ ശക്തിയെന്നോ ആകര്‍ഷണമെന്നോ വിചാരമെന്നുതന്നെയോ ഉള്ള രൂപത്തില്‍ കാണപ്പെടുന്ന സര്‍വ്വചേഷ്ടാബലങ്ങളും. ഈ ശക്തിക്ക് ഹിന്ദുക്കള്‍ പ്രാണന്‍ എന്നു പേരിട്ടു. ഈ പ്രാണന്‍ ആകാശത്തില്‍ പ്രവര്‍ത്തിച്ചു ജഗത്ത് മുഴുവന്‍ സൃഷ്ടിക്കുന്നു. കല്പാരംഭത്തില്‍ ഈ പ്രാണന്‍ ആകാശമഹാസമുദ്രത്തില്‍ ഉറങ്ങിക്കിടക്കുംപോലെയാണ്. ആദിയില്‍ ഇതു നിഷ്പന്ദമായിരുന്നു. പിന്നീട് ഇതിന്റെ സ്പന്ദത്താല്‍ ആകാശസമുദ്രത്തില്‍ ചലനമുണ്ടാകുന്നു. പ്രാണന്‍ സ്പന്ദിക്കുന്നതോടുകൂടി ഈ മഹാസമുദ്രത്തില്‍നിന്ന് ദിവ്യമണ്ഡലങ്ങള്‍, സൂര്യന്‍മാര്‍, ചന്ദ്രന്‍മാര്‍, നക്ഷത്രങ്ങള്‍, ഭൂമി, മനുഷ്യന്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ എന്നിവയും വിവിധശക്തികളും എല്ലാ ദൃശ്യങ്ങളും ഉദ്ഭവിക്കുന്നു. ഏതൊരു ശക്തിയും ഈ പ്രാണന്റെ പ്രകാശനം, ഏതൊരു മൂര്‍ത്തദ്രവ്യവും ആകാശത്തിന്റെ പ്രകാശനം എന്നവര്‍ പറയുന്നു. ഈ കല്പം അവസാനിക്കുമ്പോള്‍ ഘനദ്രവ്യമെന്നു പറയുന്ന എല്ലാ പദാര്‍ത്ഥങ്ങളും അടുത്ത സൂക്ഷ്മതരമായ ദ്രവരൂപത്തിലും, ദ്രവം ബാഷ്പരൂപത്തിലും, ബാഷ്പം അതിനേക്കാള്‍ സൂക്ഷ്മവും ഐക്യരൂപമുള്ളതുമായ ഉഷ്ണസ്പന്ദങ്ങളിലും, ഇതെല്ലാംകൂടി പൂര്‍വ്വരൂപമായ ആകാശത്തിലും ലയിക്കുന്നു. ആകര്‍ഷണം, വികര്‍ഷണം, ചലനം എന്നീ ശക്തികളെല്ലാം ക്രമത്തില്‍ പ്രാണനിലും ലയിക്കുന്നു. പിന്നെ കുറച്ചുകാലം നിദ്രാവസ്ഥയിലിരുന്ന് വീണ്ടും ഉണര്‍ന്ന് വിവിധരൂപസൃഷ്ടിയാരംഭിക്കുന്നു. ആ ദശ കഴിഞ്ഞു പിന്നെയും നിദ്രിതമാകും. ഇങ്ങനെ ഈ സൃഷ്ടിവ്യാപാരം മേലേ്പാട്ടും കീഴ്‌പോട്ടും മുന്നോട്ടും പിന്നോട്ടും പൊയ്‌ക്കൊണ്ടിരിക്കുന്നു. ആധുനികശാസ്ത്രഭാഷയില്‍ ഇത് ഒരു ദശയില്‍ സുഷുപ്തവും മറ്റൊരു ദശയില്‍ ഉദ്ബുദ്ധവുമാകുന്നു. ഒരു ദശയില്‍ നിര്‍വ്യാപാരവും മറ്റൊരു ദശയില്‍ സവ്യാപാരവുമാകുന്നു. ഈ പര്യായക്രമം അനാദിയായി നടന്നുകൊണ്ടിരിക്കുന്നു.
എന്നാല്‍ ഇത്രത്തോളമായ അന്വേഷണഫലവും അപൂര്‍ണ്ണമാണ്. ഇത്രത്തോളം ഇന്നു പ്രകൃതിശാസ്ത്രജ്ഞന്‍മാര്‍ക്കും അറിയാം. അവരുടെ അന്വേഷണം അതിന്നപ്പുറം കടപ്പാന്‍ വഴി കാണുന്നില്ല. പക്ഷേ അന്വേഷണം അതുകൊണ്ടവസാനിക്കുന്നില്ല. ഏതൊന്നറിഞ്ഞാല്‍ എല്ലാം അറിയപ്പെടുമോ ആ ഒന്നിനെ നാം കണ്ടെത്തീട്ടില്ല. ലോകപദാര്‍ത്ഥങ്ങളെല്ലാറ്റിനേയും ഒതുക്കി രണ്ടു പദാര്‍ത്ഥങ്ങളാക്കി: ദ്രവ്യമെന്നും ശക്തിയെന്നും ഭാതീയതത്ത്വജ്ഞഭാഷയില്‍ ആകാശമെന്നും പ്രാണനെന്നും. ഇവ രണ്ടിനെയും ഒറ്റ മൂലപദാര്‍ത്ഥത്തിലെത്തിക്കുന്നതാണ് അടുത്ത പടി. രണ്ടും അവയെക്കാള്‍ ഉയര്‍ന്ന പദാര്‍ത്ഥമായ മനസ്സെന്നതില്‍ ഏകീഭവിക്കും. മഹത്തെന്നു പറയപ്പെട്ടതും ജഗദ്‌വ്യാപിയുമായി ഈ വിചാരശക്തിയില്‍നിന്നാണ് ആ രണ്ടിന്റെയും ഉദ്ഭവം. ആകാശത്തേക്കാളും പ്രാണനേക്കാളും സൂക്ഷ്തരമാകുന്നു, വിചാരശക്തി. ഇതില്‍നിന്നാണ് അവ രണ്ടുമുണ്ടായത്.
ഇനി മനശ്ശാസ്ത്രകാര്യം നോക്കാം. ഞാന്‍ നിങ്ങളെ നോക്കുന്നു. ചില ബാഹ്യചലനങ്ങള്‍ എന്റെ കണ്ണുകളില്‍ വന്നെത്തുന്നു: അവ (നേത്രഗോളത്തിലുള്ള) ജ്ഞാനനാഡികള്‍വഴി മസ്തിഷ്‌കത്തിലെത്തുന്നു. കണ്ണുകളല്ല ചക്ഷുരിന്ദ്രിയങ്ങള്‍; അവ ബാഹ്യകരണങ്ങള്‍മാത്രം. എന്തുകൊണ്ടെന്നാല്‍, നേത്രഗോളങ്ങള്‍ക്കു പിന്നില്‍ അവയിലെത്തുന്ന ചലനങ്ങളെ മസ്തിഷ്‌കത്തിലെത്തിക്കുന്ന യഥാര്‍ത്ഥചക്ഷുരിന്ദ്രിയം നഷ്ടമായാല്‍ എനിക്ക് ഇരുപതു നേത്രഗോളമുണ്ടായാലും കാഴ്ചയുണ്ടാവില്ല. നേത്രപടത്തില്‍ ചിത്രം പൂര്‍ത്തിയായാലും ദര്‍ശനമുണ്ടാവില്ല. കരണവും ഇന്ദ്രിയവും വേറെവേറെ. കരണംമാത്രമായ ഗോളത്തിനു പിന്നില്‍ ഇന്ദ്രിയമുണ്ടാവണം. എല്ലാ ഇന്ദ്രിയജ്ഞാനങ്ങളുടെ കാര്യവും ഇങ്ങനെതന്നെ. മൂക്കല്ല ഘ്രാണേന്ദ്രിയം. ഇന്ദ്രിയം മൂക്കിനു പിറകിലിരിക്കുന്നു. എല്ലാ ഇന്ദ്രിയങ്ങളുടെ വിഷയത്തിലുമുണ്ട്, ഒന്നാമത് സ്ഥൂലശരീരത്തിലുള്ള ബാഹ്യകരണവും രണ്ടാമത് അതേ സ്ഥൂലശരീരത്തിലുള്ള ഇന്ദ്രിയവും. ഇനി വാസ്തവത്തില്‍ ഇവ രണ്ടും പോരാ. ഞാന്‍ നിങ്ങളോടു സംസാരിച്ചും നിങ്ങള്‍ അതു സശ്രദ്ധം കേട്ടുമിരിക്കുന്ന സമയത്ത് ഒരു മണിയടിക്കുന്ന ശബ്ദമോ മറ്റോ ഉണ്ടാകുന്നു: അതു പക്ഷേ നിങ്ങള്‍ കേട്ടില്ലെന്നു വരാം. ഇവിടെ ശബ്ദചലനങ്ങള്‍ ശ്രോത്രപുടത്തില്‍ ചെന്നടിച്ചു. അവിടെനിന്നു നാഡികള്‍ ആ ചലനങ്ങളെ മസ്തിഷ്‌കത്തിലേയ്ക്കുമെത്തിച്ചു. അങ്ങനെ മസ്തിഷ്‌കപ്രാപ്തിവരെയുള്ള പരിപാടി മുഴുവനായി. പിന്നെ എന്തുകൊണ്ടു കേള്‍വിയുണ്ടായില്ല? മറ്റൊന്നിന്റെ കുറവുണ്ടായിരുന്നു. മനസ്സിന്റെ: മനസ്സ് ഇന്ദ്രിയത്തോടു ചേര്‍ന്നിരുന്നില്ല. മനസ്സ് ഇന്ദ്രിയത്തോടു ചേരാതിരിക്കെ ഇന്ദ്രിയം എന്തു വൃത്താന്തം കൊണ്ടു ചെന്നാലും മനസ്സ് അതു വകവെക്കില്ല. ഇന്ദ്രിയവും മനസ്സും തമ്മില്‍ ചേര്‍ന്നിരിക്കണം. എന്നാലും പോരാ: ഒന്നുകൂടി വേണം, അകത്തുനിന്ന് ഒരു പ്രത്യാഘാതം. ഈ പ്രത്യാഘാതത്തോടൊന്നിച്ചേ ജ്ഞാനം ഉണ്ടാകൂ. മനസ്സ്, ഇന്ദ്രിയങ്ങള്‍ കൊണ്ടുവന്ന വൃത്താന്തങ്ങളെ സ്വീകരിച്ച്, ബുദ്ധിക്കു മുമ്പാകെ വെയ്ക്കും. ബുദ്ധി അവയെ പൂര്‍വ്വസംസ്‌കാരങ്ങളോടു സംബന്ധിപ്പിച്ച് ഒരു പ്രത്യാഘാതശ്രുതി പുറപ്പെടുവിക്കും. അതോടൊപ്പമാണ് (വൃത്താന്ത) ജ്ഞാനമുണ്ടാകുക. ഇവിടെ ഇച്ഛാശക്തി വരുന്നു. മനസ്സിന്റെ പ്രത്യാഘാതവൃത്തിയെ ബുദ്ധിയെന്നു പറയുന്നു. ഇത്രയുംകൊണ്ടും ജ്ഞാനം പൂര്‍ണ്ണമായില്ല.
ഒരു ദൃഷ്ടാന്തം പറയാം. ഇവിടെ ഒരു ഛായാഗ്രാഹിയും ഒരു വസ്ര്തഖണ്ഡവും ഉണ്ടെന്നും ആ വസ്ര്തത്തില്‍ ഒരു ഛായ പതിപ്പിക്കണമെന്നും വിചാരിക്കുക. അതിന് എന്തു ചെയ്യണം? പ്രകാശരശ്മികളെ ഛായാഗ്രാഹിയില്‍ക്കൂടെ കടത്തി വസ്ര്തത്തില്‍ വീഴ്ത്തി ഏകീകരിക്കണം. ചിത്രമാകണമെങ്കില്‍ രശ്മികളെല്ലാം ഒരു സ്ഥിരവസ്തുവില്‍ പതിയണം. ഇളകിക്കൊണ്ടിരിക്കുന്ന ഒന്നില്‍ ചിത്രം പതിപ്പിക്ക വയ്യ. എന്തുകൊണ്ടെന്നാല്‍ പ്രകാശരശ്മികള്‍ ചലിക്കുന്നവയാണ്. അവയെ സംഭരിച്ച് ഏകീകരിച്ച്, യഥാസ്ഥാനം സംവിധാനം ചെയ്ത് സ്ഥിരവും അചലവുമായ ഒന്നില്‍ പതിപ്പിക്കണം. അതുപോലെയാണ് നമ്മുടെ ഇന്ദ്രിയങ്ങള്‍ മനസ്സിലേക്കും, മനസ്സ് ബുദ്ധിയിലേക്കും എത്തിക്കുന്ന സംവേദനങ്ങളുടെ കാര്യവും. ചിത്രം ശരിയായി തെളിഞ്ഞു പൂര്‍ത്തിയാകുവാന്‍ ആ പതിയുന്ന വിവിധചലനങ്ങളെ ഏകീകരിച്ചു കാണിപ്പാന്‍ പിന്നില്‍ സ്ഥിരപടപ്രായമായ ഒരു വസ്തു വേണം. ഇപ്പോള്‍ ഏകവും സ്ഥിരവുമാണെന്നു തോന്നുന്ന നമ്മുടെ യഥാര്‍ത്ഥാവസ്ഥ നോക്കുക. നമ്മളില്‍ ഉള്ളതെല്ലാം പ്രതിനിമിഷം മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള വിവിധബോധങ്ങളെയും ഭാവനകളേയും തമ്മില്‍ സംബന്ധിപ്പിച്ച് ഇണക്കുന്നതേത്? അപ്പോള്‍ ഒന്നൊന്നായുണ്ടാകുന്ന വിവിധപ്രജ്ഞാവശങ്ങളും ഒന്നിച്ചുകൂട്ടി അവയ്ക്കു ഏകീഭാവമുണ്ടാവാന്‍ ആശ്രയമായ സ്ഥിരവസ്തുവേത്? ചലനങ്ങള്‍ ഏതില്‍ പതിയണമോ അതു നിശ്ചലമാകണം എന്ന് നാം കണ്ടു. അതു ശരീരത്തെയും മനസ്സിനെയും അപേക്ഷിച്ച് അചഞ്ചലമാകണം. അതായത് ദ്രഷ്ടാവു ശരീരമനസ്സുകളില്‍നിന്നു ഭിന്നനായ വ്യക്തിയാകണം. ഇന്ദ്രിയങ്ങളിലെ നാഡികള്‍ വഴിയുണ്ടാകുന്ന നാനാചലനങ്ങളെ മനസ്സും ബുദ്ധിയും സ്വീകരിച്ചു സ്വരൂപിച്ച് ഏകമായി ഗ്രഹിത്തക്കവിധം ഏതൊന്നില്‍ പ്രതിഷ്ഠാപിക്കുന്നുവോ അതത്രേ മനുഷ്യന്റെ ആത്മാവ് എന്നു പറയുന്നത്.
മനുഷ്യന്‍; പാരമാര്‍ത്ഥികനും വ്യാവഹാരികനും (ന്യൂയോര്‍ക്ക് പ്രസംഗം) – തുടരും