ഇങ്ങനെ നോക്കുമ്പോള്‍ ആത്മാവ് ഏകന്‍മാത്രമുണ്ട്, നിത്യശുദ്ധന്‍, നിത്യപൂര്‍ണ്ണന്‍, അവികാര്യന്‍ ഒരിക്കലും വികാരപ്പെട്ടിട്ടില്ലാത്തവന്‍, അനേകമായിക്കാണുന്ന ഈ വികാരങ്ങളെല്ലാം ആ ഒരേ ആത്മാവില്‍ നമുക്കുണ്ടാകുന്ന തോന്നലുകള്‍ മാത്രം. ആ ആത്മാവില്‍ നാമരൂപങ്ങള്‍ ചിത്രീകരിച്ചതാണ് ഈ സ്വപ്നങ്ങള്‍. രൂപം നിമിത്തമാണല്ലോ തിര കടലില്‍നിന്നു ഭിന്നമായി തോന്നുന്നത്. തിരയടങ്ങുമ്പോള്‍ അതിന്റെ രൂപമുണ്ടോ? ഇല്ല, അതു മറഞ്ഞേ പോയി. തിരയുണ്ട് എന്നതു കടലുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ കടല്‍ തിരയെ ആശ്രയിച്ചിരിക്കുന്നുമില്ല. ഈ നാമരൂപങ്ങള്‍ ഏതില്‍നിന്നുളവായോ അതിനു മായ എന്നു പറയുന്നു. മായയാണ് വ്യത്യസ്തങ്ങളുത്മം വിചിത്രങ്ങളുമായ വ്യക്തികളെ നിര്‍മ്മിക്കുന്നത്. എന്നാലും അത് സത് (ഉള്ളത്) അല്ല. അതുണ്ടെന്നു പറയുക വയ്യ. രൂപത്തിനു സ്വതവെ സത്തയില്ല. അതു മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു. എന്നുവെച്ച് അതില്ലാത്തതാണെന്നും പറയുകവയ്യ. അതാണല്ലോ ഈ നാനാത്വമുണ്ടാക്കുന്നത്. അപ്പോള്‍ വേദാന്തദര്‍ശനപ്രകാരം ഈ മായ, അഥവാ പ്രജ്ഞാനം, അഥവാ നാമരൂപങ്ങള്‍, അഥവാ ദേശകാലനിമിത്തങ്ങളെന്ന് യൂറോപ്പില്‍ പറയുന്നത്, ജഗത്തില്‍ നാനാത്വത്തെ കാണിച്ചുതരുന്നു; വാസ്തവത്തില്‍ ഈ ജഗത്തു മുഴുവന്‍കൂടി ഒരേ ഒരു സത്ത. സത്ത രണ്ടുണ്ടെന്നു വിചാരിക്കുന്നതു തെറ്റ്; ഒന്നേയുള്ളൂ എന്നറിയുന്നതു ശരി. ഈ തത്ത്വമത്രേ ഇന്നു നമുക്കു ഭൗതികലോകത്തിലും മാനസികലോകത്തിലും ആദ്ധ്യാത്മികലോകത്തിലും ശരിയാണെന്നു തെളിയിച്ചുതരുന്നത്.
നിങ്ങളും ഞാനും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഒരേ ദ്രവ്യമഹാസമുദ്രത്തിലെ വിവിധസ്ഥാനങ്ങളുടെ വിവിധനാമങ്ങളാണെന്നും, ആ ദ്രവ്യം ആകൃതിയില്‍ തുടരെത്തുടരെ മാറിക്കൊണ്ടിരിക്കുന്നുവെന്നും ഇന്നു ശാസ്ത്രം തെളിയിച്ചിരിക്കുന്നു. പല മാസങ്ങള്‍ക്കുമുമ്പു സൂര്യനിലുണ്ടായിരുന്ന ഒരു ശക്തിലേശമാവാം ഇന്ന് ഒരു മനുഷ്യനിലുള്ളത്, അത് നാളെ ഒരു മൃഗത്തിലും മറ്റന്നാള്‍ ഒരു ചെടിയിലുമാവാം, അത് എപ്പോഴും വന്നും പോയുമിരിക്കുന്നു. ഒക്കെക്കൂടെ അഖണ്ഡമായ ഒരു അനന്തദ്രവ്യരാശി, അതില്‍ നാമരൂപഭേദങ്ങള്‍ ഉണ്ടെന്നുമാത്രം. ഒരു സ്ഥാനത്തെ സൂര്യനെന്നു പറയുന്നു, മറ്റൊന്നിനെ ചന്ദ്രന്‍, വേറൊന്നിനെ നക്ഷത്രം, അല്ലെങ്കില്‍ മനുഷ്യന്‍, മൃഗം, സസ്യം എന്നിങ്ങനെ പറഞ്ഞുവരുന്നു. ഈ നാമങ്ങളെല്ലാം മിഥ്യ. അവയ്ക്കു സ്ഥിരസത്യത്വമില്ല, എല്ലാം പ്രതിനിമിഷം മാറിവരുന്ന ദ്രവ്യം മാത്രം. ഈ സ്ഥൂലപ്രപഞ്ചംതന്നെ മറ്റൊരു ദൃഷ്ടിയില്‍ ഒരു വിചാരസമുദ്രമാകും. അപ്പോള്‍ നാമോരോരുത്തനും അതില്‍ ഓരോ പ്രത്യേകമനസ്സിന്റെ സ്ഥാനം വഹിക്കും. നിങ്ങള്‍ ഓരോ മനസ്സ്, ഞാന്‍ ഒരു മനസ്സ്, മറ്റെല്ലാവരും മനസ്സുകള്‍. എന്നാല്‍ മനസ്സ് പരിശുദ്ധമായി, കാഴ്ച തെളിഞ്ഞു ജ്ഞാനദൃഷ്ടികൊണ്ടു നോക്കുമ്പോള്‍ ഈ പ്രപഞ്ചംതന്നെ അഖണ്ഡസത്തയായി, നിര്‍മ്മലനിര്‍വികാനിത്യവസ്തുവായി കാണപ്പെടും.
അങ്ങനെയാണെങ്കില്‍ മരണാനന്തരം ജീവന്‍മാര്‍ക്കുണ്ടെന്നു ദ്വൈതികള്‍ പറയുന്ന ത്രിവിധഗതിക്കു നിലയെന്ത്? മരണശേഷം ശിഷ്ടന്‍മാര്‍ സ്വര്‍ഗ്ഗത്തിലോ മറ്റു വല്ല ലോകത്തിലോ പോകുന്നു, ദുഷ്ടന്‍മാര്‍ ഭൂതപ്രേതാദികളോ മൃഗങ്ങളോ ആകുന്നു എന്നും മറ്റും അവര്‍ പറയുന്നതിന്റെ നിലയെന്ത്? അങ്ങനെയൊന്നുമില്ല, ആരും വരുന്നതോ പോകുന്നതോ ഇല്ലെന്നാണ് അദ്വൈതി പറയുന്നത്. വരവും പോക്കും എങ്ങനെയുണ്ടാകും? നിങ്ങള്‍ അപരിമിതം, അനന്തം; പിന്നെ നിങ്ങള്‍ക്കുപോവാനുള്ള സ്ഥാനമേത്?
ഒരു സ്‌ക്കൂളില്‍ ചെറിയ കുട്ടികളെ പരീക്ഷിക്കയായിരുന്നു. അവരോട് പരീക്ഷകന്‍ വിഡ്ഢിത്തമായി പല ദുര്‍ഘടചോദ്യങ്ങളും ചോദിച്ചു. അതിലൊന്ന്, ‘ഭൂമി എന്തുകൊണ്ട് വീണുപോകുന്നില്ല’ എന്നായിരുന്നു. ആകര്‍ഷണമെന്നോ മറ്റോ ഉള്ള ശാസ്ത്രതത്ത്വം പ്രമാണമാണെന്നു വരുത്തുവാനുള്ള ചോദ്യമാണത്. കുട്ടികളില്‍ പലര്‍ക്കും ചോദ്യത്തിന്റെ കാര്യം മനസ്സിലായില്ല. അവര്‍ എന്തെല്ലാമോ തെറ്റായ മറുപടി പറഞ്ഞു. മിടുക്കത്തിയായ ഒരു കൊച്ചു പെണ്‍കുട്ടി അതിനുത്തരമായി മറ്റൊരു ചോദ്യം ചോദിച്ചു, ‘അതെവിടേയ്ക്കു വീഴും?’ എന്ന്. പരീക്ഷകന്റെ ചോദ്യം പ്രത്യക്ഷത്തിലേ അബദ്ധം. ഈ ജഗത്തില്‍ മീതെയെന്നും താഴെയെന്നും വാസ്തവത്തിലില്ല. എല്ലാം സാപേക്ഷം. ആത്മാവിന്റെ കാര്യത്തിലും അങ്ങനെയാണ്. അതിനെസ്സംബന്ധിച്ച് ജനനമെന്നും മരണമെന്നും പറയുന്നതു വെറും ബുദ്ധിശൂന്യത. ആരു പോകുന്നു, ആരു വരുന്നു? നിങ്ങളില്ലാത്ത സ്ഥലമേത്? ആത്മാവ് സര്‍വ്വവ്യാപി. ഇപ്പോഴേ നിങ്ങള്‍ അധിവസിക്കുന്നില്ലാത്ത സ്വര്‍ഗ്ഗമെവിടെ? സര്‍വ്വവ്യാപി എവിടെയ്ക്കു പോകും? എവിടേയ്ക്കു പോകാതിരിക്കും? അത് എവിടെയും നിറഞ്ഞിരിക്കുന്നു. സ്വര്‍ഗ്ഗലോകം, തദുപരിലോകങ്ങള്‍, അധോലോകങ്ങള്‍, ജനനം, മരണം എന്നീ ബാലിശസ്വപ്നങ്ങള്‍, മിഥ്യാഭാവനകള്‍ – എല്ലാം ജ്ഞാനിക്കു നിമിഷംകൊണ്ടു മാഞ്ഞുപോകുന്നു. ജ്ഞാനം പരിപൂര്‍ണ്ണമാകാത്തവര്‍ക്ക് ബ്രഹ്മലോകപര്യന്തം പല രംഗങ്ങളും കഴിഞ്ഞശേഷം അവ മാഞ്ഞുപോകുന്നു. അജ്ഞാനികള്‍ക്ക് അതു തുടര്‍ന്നും പോകും.
മനുഷ്യന്‍ മരിക്കുന്നു എന്നും ജനിക്കുന്നു എന്നും സ്വര്‍ഗ്ഗപ്രാപ്തിയുണ്ടെന്നും ലോകരെല്ലാം വിശ്വസിക്കുന്നതെന്തുകൊണ്ട്? ഞാന്‍ ഒരു പുസ്തകം വായിക്കുന്നു. ഒരു വശം വായിച്ച് അതു മറിച്ചു. മറ്റൊരു വശം വായിച്ച് അതും മറിച്ചു. ഇവിടെ മാറിപ്പോകുന്നതേത്? വരുന്നതും പോകുന്നതുമാര്? ഞാനല്ല, പുസ്തകത്തിലെ ഏടുകള്‍. ഈ പ്രകൃതി മുഴുവനും ആത്മാവിനുമുമ്പില്‍ പുസ്തകംപോലെയാണ്. അദ്ധ്യായങ്ങള്‍ വായിച്ചുതീരുന്നു. പുതിയ രംഗങ്ങള്‍ പ്രത്യക്ഷങ്ങളാകുന്നു. ഓരോന്നും മറിച്ചുമറിച്ചുപോകുന്നു. ആത്മാവ് എപ്പോഴും ഒന്നുതന്നെ, നിത്യം. പ്രകൃതിയാണ് മാറുന്നത്, ആത്മാവല്ല. ജനനവും മരണവും പ്രകൃതിക്കു ചേര്‍ന്നതാണ്, ആത്മാവിനല്ല. എന്നാലും അജ്ഞാനികള്‍ ഭ്രമിക്കുന്നു. സൂര്യനാണ് ചലിക്കുന്നത്, ഭൂമിയല്ല എന്ന് നാം ഭ്രാന്തിവശാല്‍ വിചാരിക്കുംപോലെ, നാമാണ് മരിക്കുന്നത്, പ്രകൃതിയല്ല എന്ന് നാം ഭ്രമിച്ചു കളയുന്നു. ഇതെല്ലാം ഭ്രമം. തീവണ്ടി നീങ്ങുമ്പോള്‍ അരികെയുള്ള ഭൂമി നീങ്ങുന്നു എന്നു തോന്നുന്നതുപോലെയാണ് നമ്മുടെ ജനനമരണഭ്രമങ്ങളും. മനുഷ്യമനസ്സിന്റെ ഒരവസ്ഥയില്‍ ഈ സത്തയെ, ഭൂമി സൂര്യന്‍ ചന്ദ്രന്‍ നക്ഷത്രങ്ങള്‍ എന്നെല്ലാമായി കാണുന്നു. ഒരേ മനഃസ്ഥിതിയിലുള്ളവര്‍ ഒരു പോലെകാണും. എന്നാല്‍ നമുക്കു മദ്ധ്യേ മററു ജീവതലങ്ങളും അവയില്‍ അനേകലക്ഷം ജീവികളുമുണ്ടാവാം. നാം അവയെ കാണില്ല, അവര്‍ നമ്മെയും കാണില്ല. നമ്മുടെ മനഃസ്ഥിതിയോടുകൂടി നമ്മുടെ തലത്തിലുള്ളവരെ മാത്രമേ നാം കാണൂ.
സംഗീതയന്ത്രങ്ങളില്‍ ഒരേതരം സ്പന്ദാവസ്ഥയിലുള്ളവ തമ്മില്‍ത്തമ്മില്‍ സഹസ്പന്ദിക്കുംപോലെയാണിത്. ഇപ്പോള്‍ നാമിരിക്കുന്നത് ‘മനുഷ്യസ്പന്ദം’ എന്ന നിലയിലാണ്. അത് മാറിപ്പോയാല്‍ നാമിവിടെ മനുഷ്യരെ കാണില്ല, പകരം, മറ്റൊരു രംഗത്തില്‍ ദേവന്‍മാരെയോ ദേവലോകത്തെയോ കാണും: ദുഷ്ടന്‍മാര്‍ പക്ഷേ പിശാചുക്കളെയോ പൈശാചലോകത്തെയോ കാണും. ഈ ഭിന്നദര്‍ശനങ്ങളെല്ലാം ഒരേ ലോകത്തിന്റേതുതന്നെ. മനുഷ്യതലത്തില്‍നിന്നു നോക്കുമ്പോള്‍ ഭൂമി-സൂര്യ-ചന്ദ്ര-നക്ഷത്രാദികളായി കാണാകുന്ന ഈ ജഗത്തുതന്നെ ദുഷ്ടദൃഷ്ടിയില്‍ നരകമായി കാണാം. സ്വര്‍ഗ്ഗകാംക്ഷികള്‍ക്കു സ്വര്‍ഗ്ഗമായും കാണാം. സിംഹാസനാധിരൂഢനായ ഒരു ദേവന്റെ സന്നിധിയില്‍ ചെന്ന് അദ്ദേഹത്തെ എന്നും കീര്‍ത്തിച്ചു നില്‍ക്കുന്ന നില ശ്രേയസ്സെന്നു മനോരാജ്യം കരുതിയവര്‍ മരണശേഷം അവരുടെ മനോരാജ്യത്തിന്നനുസരിച്ചു കാഴ്ചകള്‍ കാണും. ഈ ജഗത്തുതന്നെയാണ് അവരുടെ ദൃഷ്ടിയില്‍ ഒരു മഹാദിവ്യലോകമായും അതില്‍ ഈശ്വരന്‍ സിംഹാസനാധിരൂഢനായിരിക്കുന്നതായും പാര്‍ഷദന്‍മാര്‍ അങ്ങുമിങ്ങും ചലിക്കുന്നതായും തോന്നുക. ഈ സ്വര്‍ഗ്ഗാദിലോകങ്ങള്‍ മനുഷ്യകല്പിതങ്ങള്‍ മാത്രം. ആ നിലയില്‍ ദ്വൈതികള്‍ പറയുന്നത് ശരി: പക്ഷേ, അതു മനഃകല്പിതം മാത്രമാണെന്നു അദ്വൈതി പറയുന്നു.
ഈ വിവിധലോകങ്ങളും ദേവാസുരന്‍മാരും ജന്മാന്തരപ്രാപ്തികളുമെല്ലാം വെറും കഥകള്‍: ഈ മനുഷ്യജീവിതവും അത്രതന്നെ. ഈ ജീവിതമേ സത്യമായിട്ടുള്ളൂ എന്നു വിചാരിക്കുന്നതാണ് മനുഷ്യര്‍ക്ക് എപ്പോഴും പറ്റുന്ന വലിയ തെറ്റ്. മറ്റു സംഗതികള്‍ വെറും പുരാണകഥകളാണെന്നു പറയുന്നത് അവര്‍ക്ക് എളുപ്പത്തില്‍ മനസ്സിനിണങ്ങും. അതുതന്നെയാണ് സ്വന്തം ജീവിതനിലയും എന്ന് അവര്‍ ഒരിക്കലും സമ്മതിക്കില്ല. ഈ കാണുന്നതു മുഴുവന്‍ ഒരു കെട്ടുകഥ: അതില്‍ ഏറ്റവും വലിയ അസത്യം, നാം ശരീരങ്ങളാണെന്നത്രേ. നാം ഒരിക്കലും ശരീരങ്ങളായിട്ടില്ല, ആവുകയുമില്ല. ജഗദീശ്വരസ്ഥാനത്തുള്ള നാം വെറും മനുഷ്യരാണെന്നുള്ളതാണ് കളവില്‍ മികച്ച കളവ്. ഈശ്വരനെ ആരാധിക്കുന്നില്‍ നാം നമ്മുടെ നിഗൂഢമായ ആത്മാവിനെയാണാരാധിക്കുന്നത്! നിങ്ങള്‍ ജന്മനാ പാപിയെന്നോ ദുഷ്ടനെന്നോ പറയുന്നത് അതിനീചമായ അസത്യമത്രേ.
ഇവിടെ ഒരു ശിശു കിടക്കുന്നു. അതിന്റെ മുമ്പില്‍ ഒരു സഞ്ചി നിറയെ സ്വര്‍ണ്ണവും. ഒരു കള്ളന്‍ വന്ന് അത് എടുത്തുകൊണ്ടുപോകുന്നു എന്നു വിചാരിക്കുക. അപ്പോള്‍ ശിശുവിന് അതില്‍ വല്ല ഭാവഭേദവുമുണ്ടാകുമോ? ഇല്ല. ശിശുവിന്റെ ഉള്ളില്‍ കള്ളനില്ല. അതുകൊണ്ടു പുറത്തുമില്ല. പാപികളും നീചന്‍മാരും പുറമേ നീചത്വം കാണും, സത്തുകള്‍ കാണില്ല. ആവിധത്തില്‍ ദുഷ്ടന്‍മാര്‍ ഈ ജഗത്തിനെ നരകമായി കാണും. സത്തുകള്‍ സ്വര്‍ഗ്ഗമായി കാണും, സിദ്ധന്‍മാര്‍ ഈശ്വരനായിത്തന്നെയും കാണും. അപ്പോഴേ ദൃഷ്ടിയില്‍നിന്നു മറവുകള്‍ നീങ്ങൂ. മനസ്സു നിര്‍മ്മലമായി പരിശുദ്ധമാകുമ്പോള്‍ ദര്‍ശനമെല്ലാം മാറിക്കാണാം. എത്രയോ ലക്ഷം സംവത്‌സങ്ങളായി തന്നെ പീഡിപ്പിച്ചിരുന്ന ദുഃസ്വപ്നങ്ങള്‍ അപ്പോള്‍ മാഞ്ഞുപോകും. ഞാന്‍ മനുഷ്യനോ ദേവനോ അസുരനോ ആണ്, ഞാന്‍ താണ നിലയിലിരിക്കുന്നു, ഉയര്‍ന്ന നിലയിലിരിക്കുന്നു, ഭൂമിയില്‍ പാര്‍ക്കുന്നു, സ്വര്‍ഗ്ഗത്തില്‍ സുഖിക്കുന്നു എന്നെല്ലാം വിചാരിക്കുന്ന മനുഷ്യന്‍, അപ്പോള്‍, താന്‍ സര്‍വ്വവ്യാപി: കാലം തന്റെ മനസ്സില്‍, താന്‍ കാലത്തിന്നധീനനല്ല, ദിവ്യലോകങ്ങളെല്ലാം തന്റെ ഉള്ളില്‍, താന്‍ ഒരു സ്വര്‍ഗ്ഗത്തിലുമല്ല, മനുഷ്യരാല്‍ ചിരപൂജിതന്‍മാരായ ദേവന്‍മാരെല്ലാം തന്റെ ഉള്ളില്‍, താന്‍ ഒരു ദേവനിലും ആയിരുന്നില്ല എന്നു സാക്ഷാത്തായി കാണും. ദേവന്‍മാരെയും അസുരന്‍മാരെയും താനാണ് സൃഷ്ടിച്ചത്, മനുഷ്യനും മൃഗവും സസ്യവും ശിലയും എല്ലാം തന്റെ സൃഷ്ടി. തന്റെ യഥാര്‍ത്ഥപ്രകൃതി സര്‍വ്വസ്വര്‍ഗ്ഗങ്ങളെക്കാള്‍ മേലെ. ഈ ജഗത്തിനെക്കാള്‍ തികവുറ്റത്, അനന്തമായ കാലത്തേക്കാള്‍ അപരിമിതം, സര്‍വ്വവ്യാപിയായ ആകാശത്തേക്കാള്‍ വ്യാപ്തികൂടിയത് എന്ന് സ്വദൃഷ്ടിയില്‍ മറവറ്റു തെളിഞ്ഞു കാണും. അപ്പോഴേ മനുഷ്യന്‍ നിര്‍ഭയനും സ്വതന്ത്രനുമാകൂ. അപ്പോള്‍ ഭ്രമങ്ങള്‍ തീര്‍ന്നു, ക്ലേശങ്ങള്‍ മാഞ്ഞു, ഭയങ്ങള്‍ നീങ്ങി, ജനനം ഇല്ലാതായി. അതോടെ മരണവും: ദുഃഖങ്ങള്‍ പറന്നുപോയി, ഒപ്പം സുഖങ്ങളും: ഭൂമി തിരോധാനം ചെയ്തു, കൂടെ സ്വര്‍ഗ്ഗവും; ദേഹം പൊയ്‌പ്പോയി. ഒരുമിച്ചു മനസ്സും: ആ മനുഷ്യനു ജഗത്താകെ അന്തര്‍ദ്ധാനം ചെയ്തതുപോലായി.
ജഗത്തിലുള്ള നാനാശക്തികളുടെ ചലനങ്ങളും അന്വേഷണങ്ങളും പരസ്പരസമ്മര്‍ദ്ദങ്ങളും എന്നെന്നേയ്ക്കും നിലച്ചു. ശക്തിയും ദ്രവ്യവുമായും, പ്രപഞ്ചവ്യവഹാരമായും. പ്രപഞ്ചംതന്നെയായും, സ്വര്‍ഗ്ഗം, ഭൂമി, സസ്യം, ജന്തു, മനുഷ്യന്‍, ദേവന്‍ എന്നീ രൂപങ്ങളിലായും പരിണമിച്ചിരുന്നതേതോ, അത് അഖണ്ഡാനന്ദനിര്‍വ്വികാരസത്തയായി രൂപാന്തരപ്പെടുകയും ആ സത്ത താന്‍തന്നെ എന്ന് മനുഷ്യന്‍ സാക്ഷാല്‍ക്കരിക്കയും ചെയ്യുന്നു. ‘നാനാനിറം പൂണ്ട മേഘങ്ങള്‍ ആകാശത്തില്‍ വെളിപ്പെട്ടു നിമിഷനേരം നിന്നു മറഞ്ഞുപോകുംപോലെ.’ ഭൂമി, സ്വര്‍ഗ്ഗം, ചന്ദ്രന്‍, ദേവന്‍ സുഖം ദുഃഖം എന്നീ വിവിധദര്‍ശനങ്ങള്‍ ആത്മാവില്‍ പ്രത്യക്ഷമാകുന്നു, മറഞ്ഞുപോകുന്നു: ശേഷിക്കുന്നത് അനന്തവും അവികാരവുമായ ആകാശം, ആത്മാവുമാത്രം. ആകാശത്തിനു മാറ്റമില്ല: മാറ്റം മേഘങ്ങള്‍ക്ക്: ആകാശം വികാരപ്പെടുന്നു എന്നു വിചാരിക്കുന്നത് അബദ്ധം. നമ്മളില്‍ അശുദ്ധിയുണ്ട്, നാം പരിമിതരാണ്, നാം വെവ്വേറെയാണ് എന്നെല്ലാം വിചാരിക്കുന്നത് തെറ്റ്. യഥാര്‍ത്ഥമനുഷ്യന്‍ ഏകാദ്വൈതസത്താമാത്രം.
മനുഷ്യന്‍; പാരമാര്‍ത്ഥികനും വ്യാവഹാരികനും (ന്യൂയോര്‍ക്ക് പ്രസംഗം) – തുടരും