ഇത്രത്തോളം പറഞ്ഞതു ജ്ഞാനം, സിദ്ധാന്തം: അതു സാക്ഷാല്‍ക്കരിക്കുക സാദ്ധ്യമോ?’ അതേ: അതു സാക്ഷാല്‍ക്കരിച്ച് മായയില്‍നിന്നു നിത്യമുക്തരായവര്‍ – ഇവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. സാക്ഷാല്‍ക്കരിച്ചു ഉടനെ മരിച്ചുപോകുമോ? നാം വിചാരിക്കുന്നത്ര വേഗത്തില്‍ ജീവിതം അവസാനിക്കില്ല. ഒരു തണ്ടിലിണക്കിയ രണ്ടു ചക്രങ്ങള്‍ ഒന്നിച്ചു തിരിഞ്ഞോടുന്നു. അതില്‍ ഒരു ചക്രത്തെ പിടിച്ചു തണ്ടു വെട്ടിമുറിച്ചാല്‍ പിടിച്ച ചക്രം നില്‍ക്കും. മറ്റേ ചക്രത്തിന്‍മേല്‍ മുമ്പു സംക്രമിച്ചു ചലനശക്തി ഉള്ളതുകൊണ്ട് അതു പിന്നെയും കുറച്ചു ദൂരം ഓടും. എന്നിട്ടു വീണടങ്ങും. ഈ ആത്മാവ് ഒരു ചക്രം, ദേഹമനോഭ്രാന്തി മറ്റേ ചക്രം. രണ്ടുംകൂടി കര്‍മ്മമെന്ന തണ്ടിന്‍മേല്‍ യോജിപ്പിച്ചിരിക്കുകയാണ്. അവ തമ്മിലുള്ള ബന്ധം വേര്‍പ്പെടുത്തുന്ന കോടാലിയാകുന്നു ജ്ഞാനം. അപ്പോള്‍ ആ വേര്‍പാടില്‍ ആത്മചക്രം നിശ്ചലമാകും- വരികയും പോകയും ചെയ്യുന്നു. ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു എന്ന വിചാരങ്ങള്‍ അസ്തമിക്കും. താന്‍ പ്രകൃതിയാണ്, തനിക്കു കുറവുകളും കൊതികളുമുണ്ട് എന്ന വിചാരങ്ങളും അസ്തമിക്കും: താന്‍ പരിപൂര്‍ണ്ണനും നിഷ്‌കാമനുമാണെന്നനുഭവപ്പെടും. എന്നാല്‍ ദേഹമനസ്സുകളാകുന്ന മറ്റേ ചക്രത്തിന്‍മേല്‍ പ്രാരബ്ധകര്‍മ്മശക്തി പ്രവര്‍ത്തിച്ചുവരുന്നതിനാല്‍ അതു ക്ഷയിക്കുംവരെ ആ ചക്രം ഗതി തുടരും. ശക്തിയൊടുങ്ങുമ്പോള്‍ ശരീരമനസ്സുകള്‍ പതിക്കും: ആത്മാവ് നിത്യമുക്തിയടയുകയും ചെയ്യും. പിന്നെ സ്വര്‍ഗ്ഗപ്രാപ്തിയോ പുനരാവൃത്തിയോ ഇല്ല. ബ്രഹ്മലോകപ്രാപ്തിപോലുമില്ല. അത്യുന്നതലോകത്തിലേക്കും യാത്രയില്ല. ആ മുക്തന്‍ എവിടെ പോകും? എവിടെനിന്നു വരും? ഈ ജന്മത്തില്‍ ആ സ്ഥിതിയിലെത്തിയ മനുഷ്യന്‍, ഒരു നിമിഷമെങ്കിലും പ്രപഞ്ചദൃഷ്ടി വിട്ടു സത്യവസ്തുവിനെ ദര്‍ശിച്ചിട്ടുള്ള മനുഷ്യന്‍, ജീവന്മുക്തനാകുന്നു. ജീവിതകാലത്തുതന്നെ മുക്തിയടയുക എന്നതാണ് വേദാന്തിയുടെ ലക്ഷ്യം.
ഒരിക്കല്‍ ഞാന്‍ ഇന്ത്യയുടെ പടിഞ്ഞാറെ സമുദ്രക്കരയിലുള്ള ഒരു മരുഭൂമിയില്‍ക്കൂടെ സഞ്ചരിക്കയായിരുന്നു. അനേകദിവസം കാല്‍നടയായി ആ മരുഭൂമിയില്‍ത്തന്നെ നടന്നു. ഓരോ ദിവസവും ആ പ്രദേശത്ത് മനോഹരതടാകങ്ങളും അവയ്ക്കു ചുറ്റും വൃക്ഷങ്ങളും അവ തടാകജലത്തില്‍ കീഴ്‌മേലായി പ്രതിബിംബിച്ചിളകുന്നതും കണ്ട് ആശ്ചര്യപ്പെട്ടു. ‘ഇതെത്ര വിസ്മയകരം, ഇതിനെ മരുഭൂമിയെന്നു പറയുന്നുവല്ലോ!’ എന്നു ഞാന്‍ സ്വയം പറഞ്ഞു. ആ മനോഹരതടാകങ്ങളും വൃക്ഷങ്ങളും സസ്യങ്ങളും കണ്ടുകൊണ്ട് ഒരു മാസത്തോളം സഞ്ചരിച്ചു. ഒരു ദിവസം എനിക്കു വലിയ ദാഹമുണ്ടായി. വെള്ളം കുടിപ്പാനായി അപ്പോള്‍ കണ്ടുകൊണ്ടിരുന്ന തടാകത്തിന്നരികത്തേക്കു നടന്നു. അടുത്തെത്താറായപ്പോള്‍ തടാകം പെട്ടെന്നു മറഞ്ഞുപോയി. ഉടനെ എനിക്കോര്‍മ്മവന്നു, ജീവിതകാലം നീളെ ഗ്രന്ഥങ്ങളില്‍ വായിച്ചിരുന്ന മരുമരീചികയാണിത് എന്ന്. ഈ ഒരു മാസക്കാലവും ഞാന്‍ കണ്ടുവന്നത് ഈ മരീചികയാണെന്നും അതു ഞാന്‍ അറിഞ്ഞില്ലെന്നും അതോടുകൂടി എനിക്കു ബോധ്യപ്പെട്ടു. പിറ്റേന്നും പ്രഭാതത്തില്‍ ഞാന്‍ യാത്ര തുടര്‍ന്നു. ആ തടാകം, പിന്നെയും പ്രത്യക്ഷമായി. അപ്പോള്‍ത്തന്നെ ഇതു യഥാര്‍ത്ഥതടാകമല്ല, മരീചികയാണെന്നും എനിക്കറിവായി.
ഈ ജഗത്തിന്റെ നിലയും അതുതന്നെ. ഇതില്‍ക്കൂടെയാണ് നാം ദിവസങ്ങളല്ല, മാസങ്ങളല്ല, വര്‍ഷങ്ങള്‍തന്നെ സഞ്ചരിക്കുന്നത്: ഇതു മൃഗതൃഷ്ണികയാണെന്നറിയുന്നുമില്ല. ഒരു ദിവസം അതു വെളിപ്പെടും. എന്നാല്‍ പിന്നെയും അതു പ്രത്യക്ഷമാകും. പ്രാരബ്ധമൊടുങ്ങുവോളം ശരീരം നിലനില്‍ക്കുന്നതുകൊണ്ട് ഈ മൃഗതൃഷ്ണിക കണ്ണില്‍ കാണും. മുമ്പുണ്ടായിരുന്നവിധം, സ്ര്തീ, പുരുഷന്‍, മൃഗം, സസ്യം ആസക്തി, കൃത്യങ്ങള്‍ എന്നിതെല്ലാം വീണ്ടും വന്നുചേരും. എന്നാല്‍ മുമ്പുണ്ടായിരുന്ന ശക്തിയുണ്ടായിരിക്കില്ല. ജ്ഞാനംമൂലം കര്‍മ്മത്തിന്റെ കരുത്തടഞ്ഞിരിക്കും, അതിന്റെ വിഷം ഇറങ്ങിയിരിക്കും. അതു രൂപാന്തരപ്പെടും: എന്തുകൊണ്ടെന്നാല്‍ അതിന്റെ വാസ്തവം നമുക്കു മനസ്സിലായി, സത്യവും മിഥ്യയും തമ്മിലുള്ള വ്യത്യാസം അനുഭവപ്പെട്ടു.
ഈ ലോകം പിന്നെ നാം മുമ്പു കണ്ട ലോകമാവില്ല. ഒരപകടം ഇവിടെ ശ്രദ്ധിക്കാനുണ്ട്. ഈ തത്ത്വമാസ്പദിച്ച്, ‘ഞാന്‍ പുണ്യപാപവര്‍ജ്ജിതനാണ്, സദാചാരാതീതനാണ്, എനിക്കു യഥേഷ്ടം എന്തുചെയ്യാം,’ എന്നു പറയുന്ന ചിലര്‍ ഏതു രാജ്യത്തുമുണ്ട്, ഈ രാജ്യത്ത് ഇപ്പോഴുമുണ്ട്. ‘ഞാന്‍ ബദ്ധനല്ല, ഞാന്‍ ഈശ്വരന്‍തന്നെ ഞാന്‍ സ്വേച്ഛപോലെ നടക്കും’ എന്നു പറയുന്ന പല മൂഢന്‍മാരുമുണ്ട്. അതു ശരിയല്ല. ആത്മാവ് എല്ലാ ഭൗതിക-മാനസിക-സദാചാരനിയമങ്ങള്‍ക്കും മീതേതന്നെ. എന്നാല്‍ ബന്ധം നിയമാധീനമാണ്, സ്വാതന്ത്ര്യമേ നിയമാതീതമായുള്ളൂ. സ്വാതന്ത്ര്യം ആത്മാവിന്റെ സ്വന്തം പ്രകൃതിയാണ്. ആ സ്വാതന്ത്ര്യമാണ് ജഡങ്ങളായ മറകളില്‍ക്കൂടെ പ്രകാശിച്ച് മനുഷ്യന്റെ സ്വാതന്ത്ര്യമെന്ന നിലയിലിരിക്കുന്നത്. ഞാന്‍ സ്വതന്ത്രനാണെന്ന തോന്നല്‍ നിങ്ങള്‍ക്കു ജീവിതത്തില്‍ നിമിഷംതോറുമുണ്ട്. ആ സ്വാതന്ത്ര്യബോധമില്ലാതെ നമുക്കു ജീവിച്ചിരിപ്പാനോ സംസാരിപ്പാനോ ശ്വസിപ്പാനോ നിമിഷംപോലും സാദ്ധ്യമല്ല. എന്നാല്‍ അല്പം ആലോചിച്ചാല്‍ നമുക്കു സ്വാതന്ത്ര്യമില്ല, നാം യന്ത്രങ്ങളെപ്പോലെയാണ് എന്നു കാണാം. അപ്പോള്‍ യഥാര്‍ത്ഥമെന്ത്? സ്വാതന്ത്യഭാവന വ്യാമോഹമോ? അതെ എന്നു ചിലര്‍: ബന്ധഭാവനയാണ് വ്യാമോഹമെന്നു വേറെ ചിലര്‍. ഇതെങ്ങനെ സംഭവിക്കുന്നു?
വാസ്തവം നോക്കുമ്പോള്‍ യഥാര്‍ത്ഥ മനുഷ്യന്‍ സ്വതന്ത്രനാണ്, അങ്ങനെയല്ലാതിരിപ്പാന്‍ വയ്യ. എന്നാല്‍ മായാലോകത്തില്‍, നാമരൂപങ്ങള്‍ക്കുള്ളില്‍, വരുമ്പോള്‍ മനുഷ്യന്‍ ബദ്ധനായും തീരുന്നു. സ്വതന്ത്രമായ ഇച്ഛ എന്നതബദ്ധം, ഇച്ഛ ഒരിക്കലും സ്വതന്ത്രമല്ല, അതെങ്ങനെ സ്വതന്ത്രമാകും? മനുഷ്യന്‍ ബദ്ധനായതില്‍പ്പിന്നെയാണ് ഇച്ഛയുണ്ടാകുന്നത്, അതിനു മുമ്പല്ല. ഇച്ഛ ബന്ധംതന്നെ. എന്നാല്‍ അതിന്നടിസ്ഥാനമായത് ബദ്ധമല്ല, സ്വതന്ത്രമാണ്. അതുകൊണ്ട്, ഭൂമിയില്‍ മര്‍ത്ത്യജീവിതമെന്നോ സ്വര്‍ഗ്ഗത്തില്‍ ദേവജീവിതമെന്നോ പറയുന്ന ബദ്ധാവസ്ഥയിലിരിക്കുമ്പോഴും നമ്മുടെ ദിവ്യാവകാശമായ സ്വാതന്ത്ര്യബോധത്തിന്റെ സ്മൃതി നമ്മളിലുണ്ട്. അതിനെ (യഥാര്‍ത്ഥസ്വാതന്ത്ര്യത്തെ) അറിഞ്ഞോ അറിയാതെയോ പ്രാപിപ്പാനാണുതാനും നമ്മുടെ പരിശ്രമങ്ങളെല്ലാം. അതു കിട്ടിയാല്‍പ്പിന്നെ നിയമങ്ങള്‍ എങ്ങനെ ബന്ധകങ്ങളാകും? ജഗത്തില്‍ ഒന്നും ബന്ധകമാവില്ല. എന്തുകൊണ്ടെന്നാല്‍ ജഗത്തു മുഴുവന്‍ ആത്മാവിലിരിക്കുന്നു. അത് സാക്ഷാല്‍ക്കരിച്ച ആള്‍ ആത്മാവായും ഭവിച്ചിരിക്കുന്നു.
അയാള്‍തന്നെ ജഗത്താസകലം അഥവാ അയാള്‍ക്കു ജഗത്തില്ല എന്നു പറയാം. അങ്ങനെയിരിക്കെ സ്ര്തീപുരുഷഭേദമെന്നും സ്വരാജ്യമെന്നുമുള്ള ഈ തുച്ഛഭാവങ്ങള്‍ അയാള്‍ക്കെങ്ങനെയുണ്ടാകും? ഞാന്‍ മനുഷ്യനാണ്, സ്ര്തീയാണ്, കുട്ടിയാണ് എന്നെല്ലാം എങ്ങനെ പറയാം? അതെല്ലാം അസത്യമല്ലേ? അതെ എന്ന് അയാള്‍ക്കറിയാം. ഇതു പുരുഷന്റെ അവകാശം. ഇതു സ്ര്തീയുടെ അവകാശം എന്നെല്ലാം എങ്ങനെയുണ്ടാകും? അവകാശം ആര്‍ക്കുണ്ട്? വെവ്വേറെ വ്യക്തികളില്ലല്ലോ. പുരുഷനില്ല, സ്ര്തീയില്ല, ആത്മാവിനു ലിംഗഭേദമില്ല. അതു നിത്യപരിശുദ്ധം. ഞാന്‍ പുരുഷനെന്നോ സ്ര്തീയെന്നോ ഇന്ന രാജ്യക്കാരനെന്നോ പറയുന്നത് അസത്യം. ജഗത്താകെ എന്റെ രാജ്യം, അതു മുഴുവനെന്റേത്, അതുകൊണ്ട് ഞാന്‍ തന്നെത്താന്‍ ആവരണം ചെയ്തിരിക്കുന്നു. ഈ തത്ത്വങ്ങളെല്ലാം പ്രഖ്യാപനം ചെയ്തുകൊണ്ടു പിന്നെയും മലിനകര്‍മ്മങ്ങള്‍ ചെയ്യുന്ന ജനങ്ങളുണ്ടെന്നു നാം കാണുന്നു. അവര്‍ അങ്ങനെ ചെയ്യുന്നത് എന്തിനെന്നു ചോദിച്ചാല്‍, നമുക്ക് ആവിധം തോന്നുന്നത് നമ്മുടെ ഭ്രമമാണ്, അവര്‍ തെറ്റു ചെയ്യുകയല്ല എന്ന് അവര്‍ മറുപടിയും പറയും. അപ്പോള്‍ ഏതു തോതിന്‍മേലാണ് അവരുടെ കര്‍മ്മത്തെ നിര്‍ണ്ണയിക്കേണ്ടത്? പറയാം.
മനുഷ്യന്‍; പാരമാര്‍ത്ഥികനും വ്യാവഹാരികനും (ന്യൂയോര്‍ക്ക് പ്രസംഗം) – തുടരും