സ്വാമി വിവേകാനന്ദന്‍

ഒന്നാമതായി ആത്മാവിനെപ്പറ്റി കേള്‍ക്കണം. നിങ്ങള്‍ ആത്മാവാണെന്ന് രാപ്പകല്‍ കേട്ടുകൊണ്ടിരിക്കണം: അത്, രാപ്പകല്‍ ഉരുവിട്ടുരുവിട്ട് നിങ്ങളുടെ സിരകളിലും കയറി, ഓരോ രക്തബിന്ദുവിലും സ്ഫുരിച്ച്, അസ്ഥിയിലും മജ്ജയിലും കലര്‍ന്നുചേരണം. ‘ഞാന്‍ അജന്‍, അമരന്‍, ആനന്ദമയന്‍, സര്‍വ്വജ്ഞന്‍, സര്‍വ്വശക്തന്‍, പരമസൗന്ദര്യമുള്ള പരമാത്മാവ്.’ ഈ ഏകഭാവനകൊണ്ട് ദേഹം സമ്പൂര്‍ണ്ണമാകട്ടെ. അഹോരാത്രം അതിനെപ്പറ്റി മനനം ചെയ്യുക. അതു ജീവിതത്തില്‍ ഒരംശമാകുന്നതുവരെ അതുതന്നെ വിചാരിക്കുക. അതുതന്നെ ധ്യാനിക്കുക. അതില്‍നിന്നു കര്‍മ്മശക്തിയുളവാകും, ‘ഹൃദയം നിറഞ്ഞു വായ മൊഴിയുന്നു’ ഹൃദയം നിറഞ്ഞുതന്നെ കൈകള്‍ അനങ്ങുകയും ചെയ്യുന്നു. കര്‍മ്മമുണ്ടാകും, ആദര്‍ശം നിങ്ങളില്‍ നിറയട്ടെ. ഏതൊന്നു ചെയ്യുമ്പോഴും അതിനെപ്പറ്റി നന്നായി വിചാരിക്കുക. ആ വിചാരശക്തിയാല്‍ കര്‍മ്മങ്ങള്‍ക്ക് മഹത്ത്വമുണ്ടാകും: അവ രൂപാന്തരപ്പെട്ടു ദിവ്യങ്ങളാകും. പഞ്ചമഹാഭൂതങ്ങള്‍ക്ക് അല്പം ശക്തിയുണ്ടെങ്കില്‍ വിചാരത്തിനു സര്‍വ്വശക്തിയുമുണ്ട്. ഈ ആശയം, നിങ്ങളുടെ സര്‍വ്വശക്തിത്ത്വം, മഹത്ത്വം, വിഭുത്വം, ഈ ഭാവന ജീവിതത്തില്‍ കലര്‍ത്തണം. അന്ധവിശ്വാസങ്ങളൊന്നും നിങ്ങളുടെ തലയില്‍ കയറ്റീട്ടില്ലായിരുന്നെങ്കില്‍! നാം ദുര്‍ബ്ബലന്‍മാരാണ്, നീചന്‍മാരാണ് എന്നീ തളര്‍വിചാരങ്ങളും മൂഢപ്രേരണകളും നമ്മെ ചുഴുന്നുനിന്നില്ലായിരുന്നെങ്കില്‍! അത്യുല്‍കൃഷ്ടങ്ങളും അത്യുന്നതങ്ങളുമായ തത്ത്വങ്ങളെ സാക്ഷാല്‍ക്കരിപ്പാന്‍ മനുഷ്യര്‍ക്ക് എളുപ്പം കൂടിയ വഴിയുണ്ടായിരുന്നെങ്കില്‍! അതിന് ഈശ്വരന്‍ കനിഞ്ഞിരുന്നെങ്കില്‍! എന്തു ചെയ്യാം! ഈ ദുര്‍ഗ്ഗങ്ങളെല്ലാം തരണം ചെയ്കതന്നെ വേണം. നാം നമ്മുടെ പിന്നാലെ വരുന്നവര്‍ക്ക് മാര്‍ഗ്ഗം അധികം ദുര്‍ഗ്ഗമമാക്കാതിരിക്കുക.

ഈ തത്ത്വങ്ങളെ ഉപദേശിക്കുന്നത് ചിലപ്പോള്‍ ഭയങ്കരമായി തോന്നാം. ഇതു കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന ചിലരെ ഞാനറിയും. എന്നാല്‍ മതം പ്രായോഗികമാക്കണമെന്നുള്ളവര്‍ ആദ്യം പഠിക്കേണ്ടതിതാണ്. നിങ്ങള്‍ക്കു ബലമില്ലെന്നു തന്നോടോ, അന്യനോടോ ഒരിക്കലും പറയരുത്. കഴിവുണ്ടെങ്കില്‍ നന്മ ചെയ്യുക, ഒരു വിധത്തിലും ലോകത്തെ ഉപദ്രവിക്കരുത്. ദേവകളെ ഭാവനചെയ്തു താണുവീഴുക, കേണു കെഞ്ചുക മുതലായ ഇടുങ്ങിയ ആശയങ്ങള്‍ മൂഢവിശ്വാസഫലമാണെന്നു നിങ്ങള്‍ക്ക് അകമെ അറിയാം. ഒരു പ്രാര്‍ത്ഥനയെങ്കിലും ഫലിച്ചിട്ടുണ്ടോ, പറയൂ. ഉണ്ടെങ്കില്‍ അതു മുഴുവന്‍ നിങ്ങളുടെ ഹൃദയത്തില്‍നിന്നായിരുന്നു. പിശാചുക്കളില്ലെന്നു നിങ്ങള്‍ക്കു നല്ല നിശ്ചയമുണ്ട്. എങ്കിലും ഇരുട്ടത്ത് തനിയെ പെടുമ്പോള്‍ ഒരു കിടുകിടുപ്പു തോന്നും, എന്തുകൊണ്ട്? ബാല്യകാലത്ത് ആവക വിശ്വാസങ്ങള്‍ തലയില്‍ കയറ്റി വെച്ചിരിക്കുന്നു. നിങ്ങള്‍ അതിനി മറ്റുള്ളവരില്‍ ചെലുത്താതിരിക്കുക. നിങ്ങളുടെ ജനസമുദായമോ പൊതുജനങ്ങളോ പറയുന്നതിനെയും സ്നേഹിതന്‍മാര്‍പോലും നിങ്ങളെ വെറുക്കുന്നതിനെയും പഴയ പ്രിയവിശ്വാസങ്ങള്‍ നശിക്കുന്നതിനെയും ഭയപ്പെട്ട് മൂഢവിശ്വാസങ്ങള്‍ അന്യര്‍ക്കുപദേശിപ്പാന്‍ മുതിരാതിരിക്കുക. നിങ്ങള്‍ അതില്‍നിന്നെല്ലാം സ്വതന്ത്രരാകണം. ജഗത്തില്‍ ഏകത്വം, ആത്മവിശ്വാസം, ഇതൊഴികെ മറ്റു വല്ലതുമുണ്ടോ മതത്തില്‍ ഉപദേശിപ്പാന്‍?

കഴിഞ്ഞ ബഹുസഹസ്രവര്‍ഷങ്ങളിലെ മനുഷ്യപ്രയത്‌നം മുഴുവനും ഈ തത്ത്വസാക്ഷാല്‍ക്കാരത്തിനായിരുന്നു. ഇപ്പോഴും മനുഷ്യര്‍ അതാണ് ചെയ്യുന്നത്. ഇതു നിങ്ങളുടെ ഊഴമാണ്: തത്ത്വം നിങ്ങള്‍ മനസ്സിലാക്കീട്ടുണ്ട്. അത് എമ്പാടും ഉപദേശിക്കപ്പെട്ടിട്ടുണ്ട്. തത്ത്വശാസ്ത്രവും മനഃശാസ്ത്രവും മാത്രമല്ല, ഭൗതികശാസ്ത്രങ്ങളും അതാണുപദേശിച്ചിട്ടുള്ളത്. ജഗദൈക്യതത്ത്വം സമ്മതിപ്പാന്‍ ഭയപ്പെടുന്ന ശാസ്ത്രജ്ഞന്‍ ഇന്നെവിടെ? ലോകങ്ങള്‍ അനേകം എന്നു പറയുവാന്‍ ധൈര്യപ്പെടുന്നവന്‍ എവിടെ? അതെല്ലാം മൂഢവിശ്വാസം. ഒരു ലോകം, ഒരു ജീവചൈതന്യം: ഈ ഒരേ ലോകവും ഒരേ ചൈതന്യവും പലതായി തോന്നുന്നു. ഈ നാനാത്വം സ്വപ്നപ്രായമാണ്, സ്വപ്നം കാണുമ്പോള്‍ ഒന്നു കഴിഞ്ഞു മറ്റൊന്നു വരുന്നു. സ്വപ്നത്തിലല്ല നാം ജീവിക്കുന്നത്. സ്വപ്നം ഒന്നൊന്നായി കഴിഞ്ഞുപോകുന്നതുപോലെ നാനാത്വദര്‍ശനം ഒന്നൊന്നായി കഴിഞ്ഞുപോകുന്നു. തൊണ്ണൂറുശതമാനം ദുഃഖവും പത്തുശതമാനം സുഖവുമായ ഈ ലോകത്തിന്റെ സ്ഥിതി ഇങ്ങനെയാണ്. കുറച്ചു കഴിയുമ്പോള്‍ തൊണ്ണൂറു ശതമാനം സുഖവും പത്തുശതമാനം ദുഃഖവുമായെന്നു വരാം. അപ്പോള്‍ ഇതിനെ നാം സ്വര്‍ഗ്ഗമെന്നു പറയും. എന്നാല്‍ തത്ത്വജ്ഞാനിക്ക് ഇതു മുഴുവന്‍ മാഞ്ഞുപോകുന്ന ഒരു കാലം വരും. അപ്പോള്‍ ഈ ലോകം ഈശ്വരനായി വെളിപ്പെടും: ആത്മാവും ഈശ്വരന്‍തന്നെ. ലോകങ്ങള്‍ അനേകമല്ല, ജീവിതവും അനേകമല്ല. ആ ഏകത്തിന്റെ പ്രകാശനംമാത്രമാണ് നാനാത്വം. മഹാഭൂതമെന്നും മനസ്സെന്നും വിചാരമെന്നും ജീവനെന്നുമുള്ളതെല്ലാം ആ ഒന്നിന്റെ സ്വയം പ്രകാശനമത്രേ. ഈ ഒരു തത്ത്വം നമുക്കുതന്നെയും അന്യര്‍ക്കും ഉപദേശിക്കുകയാണ് നമ്മുടെ പ്രഥമകര്‍ത്തവ്യം.

ഈ തത്ത്വഘോഷം ജഗത്തില്‍ മുഴങ്ങട്ടെ, അന്ധവിശ്വാസങ്ങള്‍ മറയട്ടെ. ദുര്‍ബ്ബലന്‍മാര്‍ക്ക് ഇതുപദേശിക്കുക: പിന്നെയും പിന്നെയും ഉപദേശിക്കുക. ‘നിര്‍മ്മലാത്മാവേ, ഉണരുക, എഴുന്നേല്‍ക്കുക, അത്ഭുതവിക്രമ, ഈ നിദ്ര ഭവാനു യോജിച്ചതല്ല, ഉണരുക, എഴുനേല്‍ക്കുക. ഇതു നിങ്ങള്‍ക്കു ചേര്‍ന്നതല്ല, ക്ഷീണനും ദീനനുമാണെന്നു വിചാരിക്കാതിരിക്കുക. സര്‍വ്വശക്ത, ഉണരുക, എഴുനേല്‍ക്കുക, ആത്മസ്വരൂപം പ്രകാശിപ്പിക്കുക, പാപിയാണെന്നു വിചാരിക്കുന്നതു നിങ്ങള്‍ക്കുചിതമല്ല. ബലഹീനനാണെന്നു വിചാരിക്കുന്നതും ശരിയല്ല.’ ഇതു ലോകരോടും പറയുക, തന്നോടു പറയുക. അപ്പോള്‍ എന്തൊരു പ്രത്യക്ഷഫലമുണ്ടാകുമെന്നു നോക്കുക! മിന്നല്‍പ്പിണരടിക്കൊപ്പം സര്‍വ്വം പ്രകാശിതമാകുന്നതും ഈ നിലയെല്ലാം മാറുന്നതും. എങ്ങനെയെന്നു നോക്കുക. ഇതു മനുഷ്യവര്‍ഗ്ഗത്തിനുപദേശിക്കുക: അതിന്റെ ശക്തി കാണിച്ചുകൊടുക്കുകയും ചെയ്യുക. അപ്പോഴറിയും അതിന്റെ പ്രായോഗികത.

വിവേകം എന്നത് ഉപയോഗിപ്പാന്‍ കഴിവുണ്ടാകണമെങ്കില്‍, ജീവിതത്തില്‍ ഓരോ നിമിഷത്തിലും നമ്മുടെ ഓരോ കര്‍മ്മത്തിലും സത്യാസത്യങ്ങളേയും ന്യായാന്യായങ്ങളെയും തിരിച്ചറിയണമെങ്കില്‍, സത്യത്തിന്റെ ലക്ഷണമെന്തെന്നു മനസ്സിലാക്കണം. അതു നിര്‍മ്മലതയാണ്. ഏകത്വമാണ്: ഏകത്വമുണ്ടാകുവാന്‍ സഹായിക്കുന്ന ഏതും സത്യമാണ്. പ്രേമം സത്യമാണ്: ദ്വേഷം അസത്യമാണ്. എന്തുകൊണ്ടെന്നാല്‍, ദ്വേഷം അനേകത്വത്തിനു നിമിത്തമാകുന്നു. വിദ്വേഷം മനുഷ്യനെ മനുഷ്യനില്‍നിന്നു ഭിന്നിപ്പിക്കുന്നു. അതിനാല്‍ അത് അസത്യവും അന്യായവുമാകുന്നു. അതു വിധ്വംസകശക്തിയാണ്. ഭേദകവും മാരകവുമാണ്.

പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 10, 1896) – തുടരും