പ്രേമം കൂട്ടിയിണക്കുന്നു, ഏകത്വത്തിലേക്കെത്തിക്കുന്നു: അമ്മ കുഞ്ഞിനോടു ചേരുന്നു: കുടുംബങ്ങള്‍ നാടോടിണങ്ങുന്നു. മനുഷ്യലോകം തിര്യക്കുകളോടൊരുമിക്കുന്നു: ഇങ്ങനെ എല്ലാം ഒന്നാകുന്നു. പ്രേമമാണ് സത്ത, ഉണ്മ, ഈശ്വരന്‍, ആ ഏകപ്രേമത്തിന്റെ ഏറെക്കുറെയുള്ള പ്രകാശനമാണ് ഈ പ്രപഞ്ചമാസകലം. വ്യത്യാസം മാത്രയില്‍മാത്രം. എല്ലാം ആ ഏകപ്രേമത്തിന്റെ പ്രകാശനങ്ങള്‍തന്നെ. അതുകൊണ്ട് നമ്മുടെ സര്‍വ്വകര്‍മ്മങ്ങളിലും നോക്കേണ്ടത്, അത് ഏകത്വജനകമോ നാനാത്വജനകമോ എന്നാണ്. നാനാത്വജനകത്തെ ത്യജിക്കണം. ഏകത്വജനകമേ നല്ലൂ. നമ്മുടെ വിചാരങ്ങളെയും പരീക്ഷിക്കണം. അവ ഭിന്നിപ്പും നാനാത്വവും ഉളവാക്കുന്നവയോ, അതോ ജീവനെ ജീവനോടു ചേര്‍ത്തിണക്കി ഏകത്വമുണ്ടാക്കുന്നവയോ എന്നു നോക്കി, ഏകത്വസമ്പാദകങ്ങളെ സ്വീകരിക്കയും നാനാത്വജനകങ്ങളെ മഹാപരാധികളെയെന്നപോലെ നിരസിക്കയും വേണം.
ഇതത്രെ സദാചാരസര്‍വ്വസ്വം; ഇത് അജ്ഞേയമായതിനെയൊന്നും ആശ്രയിക്കുന്നില്ല, അജ്ഞാതമായൊന്നും ഉപദേശിക്കുന്നുമില്ല. ഉപനിഷദ്ഭാഷയില്‍ ‘അജ്ഞാതനെന്ന നിലയില്‍ നിങ്ങള്‍ ആരാധിക്കുന്ന ആ ഈശ്വരനെത്തന്നെയാണ് ഞാന്‍ നിങ്ങള്‍ക്കുപദേശിക്കുന്നത്,’ നിങ്ങള്‍ ഏതൊന്നറിയുന്നതും ആത്മാവില്‍കൂടെയാണ്. ഞാന്‍ ഈ കസേര കാണുന്നു. അതു കാണണമെങ്കില്‍ ഞാന്‍ അതിനും മുമ്പ് എന്നെ കാണണം. അതിനുശേഷം വേണം കസേര കാണാന്‍. ആത്മാവില്‍കൂടെയും ആത്മാവിലുമാണ്. കസേര കാണാകുന്നത്, അതുപോലെ ഞാന്‍ നിങ്ങളേയും ഈ ലോകത്തേയും അറിയുന്നത് ആത്മാവില്‍ക്കൂടെയും ആത്മാവിലുമാണ്. അങ്ങനെയിരിക്കെ ആത്മാവ് അജ്ഞാതമെന്നു പറയുന്നതു തീരെ അബദ്ധം. ആത്മാവിനെ മാറ്റിവെയ്ക്കുക, പ്രപഞ്ചംതന്നെ മാഞ്ഞുപോകും. ആത്മാവാണ് സര്‍വ്വജ്ഞാനത്തിനും മാര്‍ഗ്ഗവും ആസ്പദവും. അതുകൊണ്ട് അതാണ് എല്ലാറ്റിലുംവെച്ച് സുവിദിതം. ഞാനെന്നു നിങ്ങള്‍ കരുതുന്ന അതുതന്നെ നിങ്ങള്‍. എന്റെ ‘ഞാനും’ നിങ്ങളുടെ ‘ഞാനും’ രണ്ടും ഒന്നാകുന്നതെങ്ങനെ എന്നു നിങ്ങള്‍ ആശ്ചര്യപ്പെടുമായിരിക്കും. ഈ പരിമിതമായ ‘അഹം’ എങ്ങനെയാണ് അപരിമിതമായ അഖണ്ഡമാകുന്നതെന്നും ആശ്ചര്യം തോന്നാം. പക്ഷേ വാസ്തവം അതാണ്, പരിമിതി മിഥ്യ, അപരിമിതം ആവൃതമായ മട്ടാണ്. അതിന്റെ അല്പാംശം പ്രകാശിക്കുന്നതേ ഈ പരിമിതമായ ‘അഹം.’ അപരിമിതം ഒരിക്കലും പരിമിതമാവില്ല. പരിമിതമായി തോന്നുന്നതു ഭ്രമം. ആത്മാവ് വിജ്ഞാതമാണ്, പുരുഷനും സ്ര്തീക്കും കുട്ടിക്കും എല്ലാവര്‍ക്കും പക്ഷിമൃഗാദികള്‍ക്കുപോലും അറിയപ്പെടുന്നതാണത്. ആത്മാവിനെയറിയാതെ നമുക്കു ജീവിപ്പാനോ ചരിപ്പാനോ, നാം ഉണ്ട് എന്നു വരുവാന്‍തന്നെയോ കഴിവില്ല: ആ സര്‍വ്വേശ്വരനെയറിയാതെ നിമിഷനേരമെങ്കിലും നമുക്കു ജീവിപ്പാനോ ശ്വസിപ്പാനോ കഴിവില്ല. വേദാന്തത്തിലെ ഈശ്വരനാണ് നമുക്ക് ഏറ്റവുമധികം അറിയപ്പെടുന്നത്. ആ ഈശ്വരന്‍ വെറും സങ്കല്പമല്ല.
ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ജനങ്ങള്‍ക്ക് ഒരു പ്രത്യക്ഷേശ്വരനെ ഉപദേശിക്കുക? നേരിട്ടു മുമ്പില്‍, സര്‍വ്വജീവികളിലും സര്‍വ്വവ്യാപിയായി, ഇന്ദ്രിയപ്രത്യക്ഷത്തേക്കാള്‍ അധികം സത്യമായി കാണുന്ന ഈശ്വരനേക്കാള്‍ പ്രത്യക്ഷതരനായ ഈശ്വരന്‍ എവിടെയുണ്ടാകും? സര്‍വ്വഗനും സര്‍വ്വശക്തനും ആത്മാവിന്റെ ആത്മാവുമായ ഈശ്വരന്‍ നിങ്ങള്‍തന്നെ. അങ്ങനെയല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അസത്യം. ഇതു സദാസമയവും എനിക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലാവട്ടെ ഇല്ലെങ്കിലാവട്ടെ, ഇതു ഞാന്‍ നേരായറിയുന്ന സംഗതിയാണ്. ആ ഈശ്വരന്‍ ഏകമാണ്. ആ ഈശ്വരങ്കലാണ് സര്‍വ്വത്തിന്റെയും ഐക്യം. സര്‍വ്വജീവിതത്തിന്റെയും സര്‍വ്വസത്തയുടെയും സത്തയും ആ ഈശ്വരനത്രേ.
വേദാന്തം ഉപദേശിക്കുന്ന ഈ ധര്‍മ്മാചരണതത്ത്വത്തെ അനുഷ്ഠാനത്തില്‍ പ്രസ്തരിക്കേണ്ടതുണ്ട്. അതിനു ക്ഷമ വേണം. ഈ ആശയങ്ങള്‍ വളരെ താണപടിയില്‍നിന്നുയര്‍ന്നുവന്നതും, ഏകത്വമെന്ന പരമാദര്‍ശം വളര്‍ന്നു വിശ്വപ്രേമമെന്ന രൂപത്തിലായതും, എങ്ങനെയെന്നറിവാന്‍ ആ വിഷയം വിസ്തരിച്ചുനോക്കി മുഴുവന്‍ ധരിക്കണം. അപകടങ്ങള്‍ പിണയാതിരിപ്പാന്‍ ഇതെല്ലാം പഠിക്കുകതന്നെ വേണം. ഏറ്റവും താണപടിയില്‍നിന്നു നോക്കി വരുവാന്‍ സമയമില്ലായിരിക്കാം. പക്ഷേ നമുക്കു പിമ്പെ വരുന്നവര്‍ക്ക് തത്ത്വം കാണിച്ചുകൊടുപ്പാന്‍ കഴിയാതെ നാം ഉയര്‍ന്ന പിടിയില്‍ നിന്നിട്ടു കാര്യമെന്ത്? അതുകൊണ്ടു വിഷയത്തിന്റെ പ്രസ്താരമെല്ലാം നാം മനസ്സിലാക്കണം.
ഒന്നാമതായി തത്ത്വവിചാരഭാഗം തെളിയിക്കുകയാണ് അത്യാവശ്യം. ബുദ്ധിവ്യാപാരം ഏതാണ്ടു നിസ്സാരമാണെന്നും ഹൃദയഭാവമാണ് മുഖ്യതമമെന്നും നമുക്കറിയാം. ഹൃദയത്തില്‍കൂടിയാണ് ഈശ്വരദര്‍ശനം ഉണ്ടാകുന്നത്, ബുദ്ധിയില്‍ക്കൂടിയല്ല. ബുദ്ധി വഴിയിലെ ചപ്പുചവറുകള്‍ നീക്കുന്ന വെറും തൂപ്പുകാരന്‍, എളിയ വേലക്കാരന്‍, പോലീസുകാരന്‍’ ജനങ്ങളുടെ ജീവിതനിര്‍വ്വഹണത്തിനു പോലീസുകാരനുണ്ടായാലേ കഴിയൂ എന്നില്ല. കലക്കങ്ങളും കുറ്റങ്ങളും ഇല്ലാതാക്കുകയേ അയാള്‍ ചെയ്യേണ്ടൂ, അത്രയേ ബുദ്ധിയും ചെയ്യേണ്ടൂ. ആലോചനാകഠിനങ്ങളായ ഗ്രന്ഥങ്ങള്‍ വായിച്ചറിഞ്ഞു കഴിഞ്ഞാല്‍ ‘ഈശ്വരാധീനം, ഇതു കഴിഞ്ഞലോ’ എന്നൊരാശ്വാസമാണ് നിങ്ങള്‍ക്കു തോന്നുക. ബുദ്ധിക്കു കണ്ണില്ല, സ്വയം ചലനശക്തിയില്ല, കയ്യില്ല, കാലില്ല. വികാരമാണ് പ്രവൃത്തിക്കുള്ള ശക്തി. അതാണ് വിദ്യുച്ഛക്തിയുടേയോ മറ്റോ ഗതിയേക്കാളും അളവറ്റ വേഗത്തില്‍ ചലിക്കുന്നത്. നിങ്ങള്‍ക്കു വേണമെന്നുണ്ടോ? അനുഭവപ്പെടുത്തണമെന്നു ഉള്ളില്‍ത്തട്ടിയ ആഗ്രഹമുണ്ടോ? അതാണ് കാര്യം. ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈശ്വരദര്‍ശനമുണ്ടാകും. ഇന്നുള്ള ഈ ഉള്‍ത്താപമാണ് നാളെ ശക്തിമത്തായി, ദിവ്യമായി അത്യുന്നതസ്ഥിതിയിലെത്തി സര്‍വ്വത്തേയും സ്വന്തമായി കണ്ട്, സര്‍വ്വത്തിലും ഏകത്വം കണ്ട്, ഒടുവില്‍ തന്നിലും മറ്റുള്ളവയിലും ഈശ്വരനെ അനുഭവപ്പെടുത്തുവാന്‍ ഇടയാക്കുന്നത്. അത് ചെയ്‌വാന്‍ ബുദ്ധിശക്തിക്കു കഴിവില്ല. ‘വാഗ്വിലാസവും ശാസ്ത്രവ്യാഖ്യാനകൗശലവും ഭുക്തിക്കു കൊള്ളാം, മുക്തിക്കുതകില്ല.’
തോമസ്. എ. കെമ്പീസ് (എന്ന ക്രിസ്തുഭക്തോത്തമന്‍) ഈ സംഗതി എത്രബലമായി പറഞ്ഞിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ കൃതി വായിച്ചവര്‍ക്കറിയാം. അദ്ദേഹം മാത്രമല്ല, ലോകത്തിലുണ്ടായ മഹാത്മാക്കളെല്ലാം അതു നിര്‍ബ്ബന്ധമായി പറഞ്ഞിട്ടുണ്ട്. ബുദ്ധിശക്തി ആവശ്യംതന്നെ: അതില്ലാഞ്ഞാല്‍ ക്ഷുദ്രങ്ങളായ പല തെറ്റുകളും പറ്റും. പലേ അബദ്ധങ്ങളിലും ചെന്നുചാടും. അവയ്ക്കുള്ള തടവാണ് ബുദ്ധിശക്തി. അതിന്നപ്പുറമൊന്നിനും ബുദ്ധിയെ ആശ്രയിക്കേണ്ട. അത് നിഷ്‌ക്രിയവും അപ്രധാനവുമായ ഒരു സഹായം എന്നുമാത്രം. യഥാര്‍ത്ഥസഹായം ഹൃദയഭാവമാണ്, പ്രേമം. നിങ്ങള്‍ അന്യര്‍ക്കുവേണ്ടി തപിക്കുന്നുവോ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏകത്വഭാവം വളര്‍ന്നുവരുന്നുണ്ട്. ആ ഉള്‍ത്താപമില്ലെങ്കില്‍, അപൂര്‍വ്വമഹാബുദ്ധിശാലിയായാലും നിങ്ങള്‍ ശൂന്യപ്രായന്‍, ശുഷ്‌കബുദ്ധി: നിങ്ങള്‍ ആ നിലയില്‍ത്തന്നെ ഇരിക്കയും ചെയ്യും. അന്യരോടു സഹതാപമുണ്ടെങ്കില്‍, അക്ഷരപരിജ്ഞാനമില്ലെങ്കിലും, ഒരു ഭാഷയും അറിഞ്ഞുകൂടെങ്കിലും, നിങ്ങള്‍ നേര്‍വഴിയിലാണ്: ഈശ്വരന്‍ നിങ്ങളുടേതാണ്.
ദിവ്യപുരുഷന്‍മാരുടെ ശക്തി എവിടെയാണെന്ന് നിങ്ങള്‍ ലോകചരിത്രത്തില്‍നിന്ന് അറിഞ്ഞിട്ടില്ലേ? ബുദ്ധിശക്തിയിലാണോ? അവരില്‍ ഒരാളെങ്കിലും ഒരു തത്ത്വശാസ്ത്രഗ്രന്ഥമോ അതിസൂക്ഷ്മതര്‍ക്കഗ്രന്ഥമോ രചിച്ചിട്ടുണ്ടോ? ഇല്ല. അവര്‍ നാലുവാക്കു പറഞ്ഞതേയുള്ളൂ. ക്രിസ്തുവിന്നൊത്ത സഹതാപം നിങ്ങള്‍ക്കുണ്ടാകട്ടെ. നിങ്ങളൊരു ക്രിസ്തുവാകും. ബുദ്ധന്നൊത്ത സര്‍വ്വഭൂതാനുകമ്പ നിങ്ങള്‍ക്കുണ്ടാകട്ടെ. നിങ്ങളൊരു ബുദ്ധനാകും, ഈ പരാനുകമ്പയാണ് ജീവന്‍. അതാണ് ബലം, അന്തസ്സാരം. അതില്ലാതെ ബുദ്ധിവ്യാപാരം എത്രയുണ്ടായാലും ഈശ്വരപ്രാപ്തിയുണ്ടാവില്ല. സ്വയം ചലനശക്തിയില്ലാത്ത അവയവങ്ങളെപ്പോലെയാണ് ബുദ്ധി. അവയില്‍ വികാരം പ്രവേശിക്കുമ്പോഴേ അവ ചലിച്ചു മറ്റുള്ളവയേയും ചലിപ്പിക്കൂ. ലോകത്തിലെവിടേയും അങ്ങനെയാണ്. അത് എപ്പോഴും ഓര്‍ക്കണം. വേദാന്തധര്‍മ്മാചരണകാര്യത്തില്‍ ഇത് ഏറ്റവും പ്രായോഗികമായ കാര്യമാണ്. കാരണം, നിങ്ങളെല്ലാം ദിവ്യന്‍മാരാണെന്നാണ് വേദാന്തോപദേശം. നിങ്ങള്‍ ദിവ്യന്‍മാരാകയും വേണം. ശാസ്ത്രം നിങ്ങളുടെ ആചരണത്തിനു തെളിവല്ല, നിങ്ങള്‍ ശാസ്ത്രത്തിനു തെളിവാണ്. ശാസ്രേ്താപദേശം സത്യമാണെന്ന് നിങ്ങള്‍ എങ്ങനെ അറിയും? നിങ്ങള്‍തന്നെ സത്യമാകകൊണ്ടും, അതു നിങ്ങള്‍ക്കു അനുഭവമാകകൊണ്ടും എന്നാണ് വേദാന്തം പറയുന്നത്.
ലോകത്തില്‍ ക്രിസ്തുമാരും ബുദ്ധന്‍മാരും ഉണ്ടായിട്ടുണ്ടെന്നതിനു തെളിവെന്ത്? അവര്‍ക്കുണ്ടായതുപോലത്തെ അനുഭവം നിങ്ങള്‍ക്കും എനിക്കും ഉള്ളതുതന്നെ. അതുകൊണ്ട് അവരുടെ അനുഭവം സത്യമെന്ന് നാം മനസ്സിലാക്കുകയും ചെയ്യുന്നു. നമ്മുടെ ദിവ്യത്വമാണ് അവരുടെ ദിവ്യത്വത്തിന് തെളിവ്. നമ്മുടെ ഈശ്വരത്വമാണ് അവരുടെ ഈശ്വരത്വത്തിനുതന്നെ തെളിവ്. നിങ്ങള്‍ക്കു ദിവ്യത്വമില്ലെങ്കില്‍ ദിവ്യത്വത്തെപ്പറ്റി പറഞ്ഞിട്ടുള്ളതൊന്നും സത്യമല്ല. നിങ്ങള്‍ ഈശ്വരനല്ലെങ്കില്‍ ഒരീശ്വരനും ഒരിക്കലും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല. ഈ ആദര്‍ശം അനുസരിക്കണമെന്നാണ് വേദാന്തോപദേശം. നമ്മളിലോരോരുവനും ദിവ്യനാകണം, ഇപ്പോള്‍തന്നെ ആണ്. അത് അറിയണം. ജീവന് അസാദ്ധ്യമായെന്തെങ്കിലും ഉണ്ടെന്നു വിചാരിക്കരുത്. ആ വിചാരമാണ് വലിയ ഈശ്വരനിന്ദ: പാപമെന്നു വല്ലതുമുണ്ടെങ്കില്‍ ഇതുമാത്രമാണ്: നാം ദുര്‍ബ്ബലന്‍മാര്‍: മറ്റുള്ളവര്‍ ദുര്‍ബ്ബലന്‍മാര്‍, എന്നു പറയുന്നത്: അതുമാത്രം.
പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 10, 1896)