സ്വാമി വിവേകാനന്ദന്‍

ഒരു ബാലനു ബ്രഹ്മജ്ഞാനം സിദ്ധിച്ചതായി ഛാന്ദോഗ്യോപനിഷത്തിലുള്ള ഒരു പഴയ കഥ പറയാം. കഥാരൂപം കുറേ പ്രാകൃതമാണെങ്കിലും അതില്‍ ഒരു തത്ത്വമടങ്ങിയിരിക്കുന്നു. ബാലന്‍ അമ്മയോട്, ‘എനിക്ക് വേദാദ്ധ്യയനത്തിനുപോകണം. അച്ഛന്റെ പേര്‍ പറഞ്ഞുതരണം. ഗോത്രവും പറയണം,’ എന്നാവശ്യപ്പെട്ടു. അമ്മ വിവാഹം കഴിച്ചിരുന്നില്ല. വിവാഹം കഴിക്കാത്തവള്‍ക്കുണ്ടാകുന്ന സന്താനത്തിനു പാതിത്യമുണ്ട്, സമുദായത്തില്‍ സ്ഥാനമില്ല, വേദത്തിന്നധികാരവുമില്ല. അപ്പോള്‍ അമ്മ പറഞ്ഞു; ‘മകനേ, നിന്റെ അച്ഛനാരെന്നും ഗോത്രമേതെന്നും എനിക്കറിഞ്ഞുകൂടാ. ഞാന്‍ ഒരു വേലക്കാരിയായി പലേടത്തും വേലചെയ്തിട്ടുണ്ട്. എന്റെ പേര്‍ ജബാല എന്നാണ്, നിന്റെ പേര്‍ സത്യകാമനെന്ന്.’ ഇത് കേട്ട് ബാലന്‍ ഒരാചാര്യന്റെ സമീപം ചെന്ന്, ‘എന്നെ ഉപനയിക്കണം’ എന്നപേക്ഷിച്ചു. നിന്റെ ഗോത്രമേത്?’ എന്ന് ആചാര്യന്‍ ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞ വിവരം കുട്ടി ആചാര്യനെ അറിയിച്ചു. അതു കേട്ട് ആചാര്യന്‍, ‘ഇങ്ങനെ തനിക്ക് അപകര്‍ഷമുണ്ടാക്കുന്ന സത്യം ബ്രാഹ്മണനല്ലാത്തവന്‍ പറയില്ല. നീ ബ്രാഹ്മണന്‍തന്നെ, സത്യത്തില്‍നിന്നു നീ പതറീട്ടില്ല. നിന്നെ ഉപനയിക്കാം’ എന്നു പറഞ്ഞ് ബാലനെ ശിഷ്യനാക്കി അഭ്യസിപ്പിച്ചു തുടങ്ങി.

വിദ്യാഭ്യാസവിഷയത്തില്‍ പ്രാചീനഭാരതത്തിലെ ചില സമ്പ്രദായവിശേഷങ്ങള്‍ ഇവിടെ കാണാം. ആചാര്യന്‍ സത്യകാമനെ പശുപാലനാക്കി: മെലിഞ്ഞു ബലംകെട്ട നാനൂറു പശുക്കളെ അവന്‍ വശം ഏല്പിച്ചു കാട്ടിലേക്കയച്ചു. അവന്‍ അവറ്റയേയും കൊണ്ടു കാട്ടില്‍ചെന്ന് അവിടെ പാര്‍ത്തു. പശുക്കള്‍ ആയിരമായാല്‍ മടങ്ങിവരണമെന്നായിരുന്നു ആചാര്യന്റെ കല്പന. ഏതാനും സംവത്‌സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പശുക്കൂട്ടത്തില്‍നിന്നു ഒരു വലിയ കാള സത്യകാമനെ വിളിച്ച് ‘ഞങ്ങള്‍ ആയിരമായി, ആചാര്യകുലത്തിലേക്കു മടങ്ങുക. നിനക്ക് ബ്രഹ്മത്തിന്റെ പാദം ഞാന്‍ ഉപദേശിച്ചുതരാം’ എന്നു പറഞ്ഞു. ‘ഭഗവന്‍, ഉപദേശിച്ചാലും’ എന്ന് സത്യകാമന്റെ അഭ്യര്‍ത്ഥന കേട്ടു കാള പറഞ്ഞുതുടങ്ങി. ‘കിഴക്കേദിക്ക് ഒരംശം, പടിഞ്ഞാറേ ദിക്ക് ഒരംശം, തെക്കേ ദിക്ക് ഒരംശം, വടക്കേ ദിക്ക് ഒരംശം, ഈ നാലു ദിക്കുകള്‍ ബ്രഹ്മത്തിന്റെ നാലുഭാഗങ്ങളാകുന്നു. ഇനി ഒരു പാദം നിനക്ക് അഗ്‌നി പറഞ്ഞുതരും.’

ആ കാലത്ത് അഗ്‌നി വലിയൊരു ചിഹ്‌നമായിരുന്നു. അഗ്‌നി സമ്പാദിച്ചു ഹോമിക്കുക എന്നുള്ളത് എല്ലാ ബ്രഹ്മചാരികളുടെയും മുറയാണ്. സത്യകാമന്‍ പിറ്റേന്ന് ആചാര്യകുലത്തിലേക്ക് പുറപ്പെട്ടു. സായാഹ്‌നത്തില്‍ ആഹുതി കഴിച്ച് അഗ്‌നിയെ ആരാധിച്ചു മുമ്പിലിരിക്കുമ്പോള്‍ അഗ്‌നിയില്‍നിന്ന് ‘സത്യകാമ’ എന്നു വിളികേട്ടു. ‘ഭഗവന്‍, ആജ്ഞാപിച്ചാലും’ എന്നു സത്യകാമന്‍ പ്രതിവചിച്ചു. ‘സത്യകാമ! നിനക്ക് ബ്രഹ്മത്തിന്റെ ഒരംശം ഉപദേശിപ്പാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഭൂമി ഒരംശം, അന്തരീക്ഷവും ദ്യോവും അംശങ്ങള്‍. സമുദ്രം ആ ബ്രഹ്മത്തിന്റെ അംശം. ഇനി നിനക്ക് ഹംസവും ഉപദേശിക്കും’ എന്ന് അഗ്‌നി പറഞ്ഞു.

സത്യകാമന്‍ യാത്ര തുടര്‍ന്നു. സന്ധ്യക്ക് അഗ്‌നിയെ ഉപാസിച്ചിരുന്ന സമയം ഹംസം അവിടെ വന്ന് ‘സത്യകാമ, അഗ്‌നി ഒരംശം, സൂര്യന്‍ ഒരംശം, ചന്ദ്രന്‍ ഒരംശം, വിദ്യുത് ഒരംശം ശേഷം മദ്ഗുണ എന്ന പക്ഷി ഉപദേശിക്കും’ എന്നു പറഞ്ഞു. പിറ്റേന്നു സന്ധ്യാകാലത്ത് ആ പക്ഷി വന്നു. അതിന്റെ വാക്ക് സത്യകാമന്‍ കേട്ടു. ‘ബ്രഹ്മത്തിന്റെ പാദം നിനക്കുപദേശിച്ചുതരാം. പ്രാണന്‍ ഒരംശം, ചക്ഷുസ്സ് ഒരംശം, ശ്രോത്രം ഒരംശം, മനസ്സ് ഒരംശം’ എന്നുപദേശിച്ചു. സത്യകാമന്‍ പിന്നെ പുറപ്പെട്ട് ആചാര്യകുലത്തിലെത്തി. ആചാര്യനെ യഥാവിധി വന്ദിച്ചു. ശിഷ്യനെ കണ്ടതോടെ ആചാര്യന്‍ ചോദിച്ചു; ‘സത്യകാമ! നിന്റെ മുഖം ബ്രഹ്മജ്ഞന്റേതുപോലെ ശോഭിക്കുന്നുവല്ലോ. നിനക്ക് ആരുപദേശിച്ചു?’ ‘മനുഷ്യരല്ലാത്തവര്‍’ (ദേവന്‍മാര്‍) എന്നു മറുപടി. എങ്കിലും ഭഗവന്‍, അങ്ങുതന്നെ എനിക്കുപദേശിച്ചുതരണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ആചാര്യന്‍മാരില്‍നിന്നു സിദ്ധിക്കുന്ന വിദ്യയേ പരമപദം പ്രാപിപ്പിക്കൂ എന്നു ഞാന്‍ ഭാവദൃശ്യന്‍മാരില്‍നിന്നു കേട്ടിരിക്കുന്നു’ എന്നു പറഞ്ഞു. അപ്പോള്‍ ദേവന്‍മാര്‍ ഉപദേശിച്ചതിനെത്തന്നെ ആചാര്യനും ഉപദേശിച്ചു. ‘ഒന്നും ഉപദേശിക്കാതെ ശേഷിച്ചില്ല, ഒന്നും ശേഷിച്ചില്ല’.

കാളയോ അഗ്‌നിയോ പക്ഷിയോ ഉപദേശിച്ചു എന്ന കഥാരൂപം നില്‍ക്കട്ടെ. അതില്‍നിന്ന് ആ കാലത്തെ വിചാരഗതി എന്തായിരുന്നു, അതെങ്ങോട്ടു നീങ്ങിയിരുന്നു എന്നു കാണാം. മഹത്തായ ഒരാശയം ഒരു ബീജംപോലെമാത്രം. അതില്‍ കാണുന്നതെന്തെന്നാല്‍: ആ ഉപദേശങ്ങളും ശബ്ദങ്ങളും ഒന്നും പുറമേനിന്നല്ല, നമ്മുടെ ഉള്ളില്‍നിന്നാണ് വരുന്നത് എന്നത്രേ. തത്ത്വങ്ങള്‍ കൂടുതല്‍ മനസ്സിലാകുംതോറും അവ വാസ്തവത്തില്‍ ഹൃദയാന്തര്‍ഗ്ഗതങ്ങളാണെന്നു നാമറിയും. നാം കേട്ടതു തത്ത്വംതന്നെ. എന്നാല്‍ അതിന്റെ ഉദ്ഭവസ്ഥാനം നാം തെറ്റിദ്ധരിച്ചു: പുറമെനിന്നുണ്ടായി എന്നു കരുതിയത് ഉള്ളില്‍നിന്നായിരുന്നു എന്നറിവാകും. മഹത്തായ മറ്റൊരാശയം ബ്രഹ്മജ്ഞാനം ആചരണയോഗ്യമാക്കുക എന്നതത്രേ. മതതത്ത്വങ്ങളെ നടപ്പില്‍ വരുത്തുവാനാണ് മനുഷ്യര്‍ എപ്പോഴും നോക്കുന്നത്. അവയെ ഏറെയേറെ പ്രായോഗിക്കുന്നതെങ്ങനെ എന്ന് ഈ കഥകളില്‍ കാണാം. വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെട്ട ഓരോ വസ്തുക്കളില്‍ക്കൂടെയാണ് തത്ത്വം ഉപദേശിക്കുന്നത്. അവര്‍ ആരാധിക്കുന്ന അഗ്‌നി ബ്രഹ്മം, പൃഥ്വി ബ്രഹ്മത്തിന്റെ ഒരംശം എന്നിങ്ങനെ.

പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 12, 1896)