വിശേഷങ്ങളില്‍നിന്നു സാമാന്യത്തിലെത്തുന്നതിന്റെ മറ്റൊരുദാഹരണമാണ് ഈശ്വരന്‍ എന്ന ഭാവന. അതില്‍ എത്തിച്ചേര്‍ന്നതും അതിനെ സര്‍വ്വപ്രജ്ഞകളുടെയും സമാഹാരമെന്നു കല്പിച്ചതും എങ്ങനെയെന്നു കണ്ടുവല്ലോ. എന്നാല്‍ ഇതില്‍ ഒരു വൈഷമ്യം – ഈ സാമാന്യകാരണം അപൂര്‍ണ്ണമാണ്. പ്രകൃതികാര്യങ്ങളില്‍ ഒരു വശം, പ്രജ്ഞ എന്ന വശം, മാത്രമേ ഇതിലെടുത്തിട്ടുള്ളൂ: മറുവശം വിട്ടുകളഞ്ഞു. അതുകൊണ്ട് ഇതിന് അവ്യാപ്തി എന്ന ന്യൂനതയുണ്ട്. അത് ഒന്നാമത്തെ അപൂര്‍ണ്ണത. മറ്റൊന്നുള്ളത്, രണ്ടാമതു പറഞ്ഞ തത്ത്വത്തെ സംബന്ധിച്ചതാണ്: ഏതൊന്നിനും സമാധാനം കാണുന്നത് അതിന്റെ സ്വന്തം പ്രകൃതിയില്‍നിന്നായിരിക്കണം. ആപ്പിള്‍ ഭൂമിയിലേക്കു വീഴുന്നത്, അവയെയെല്ലാം ഒരു ഭൂതം വലിച്ചിടുന്നതുകൊണ്ടാണെന്ന് ചിലര്‍ വിശ്വസിച്ചിട്ടുണ്ടാവാം. എന്നാല്‍ ആകര്‍ഷണനിയമമാണ് അതിനു നിമിത്തം. ഇതും പരിപൂര്‍ണ്ണസമാധാനമല്ലായിരിക്കാം. എങ്കിലും മറ്റേതിനേക്കാള്‍ ഭേദം. എന്തുകൊണ്ടെന്നാല്‍ ഇതു വസ്തുവിന്റെ പ്രകൃതിയെ ആസ്പദിച്ചുള്ളതാണ്. മറ്റേ സമാധാനം വസ്തുവില്‍നിന്നന്യമായ ഒന്നിനെ ആസ്പദിച്ചുള്ളതാണല്ലോ. വസ്തുസ്വഭാവത്തെ ആസ്പദിച്ചുള്ള സമാധാനം ശാസ്ത്രീയവും അതല്ലാതെ ബാഹ്യമായ കാരണത്തെ കല്പിച്ചുകൊണ്ടുള്ളത് അശാസ്ത്രീയവുമാകുന്നു.
അങ്ങനെ പുരുഷവിധനായ ഒരീശ്വരനാണ് ജഗത്സ്രഷ്ടാവെന്ന സമാധാനം. ശാസ്ത്രീയപരീക്ഷണത്തിനു വഴങ്ങേണ്ടിയിരിക്കുന്നു. ആ ഈശ്വരന്‍ പ്രകൃതിയില്‍നിന്നു ബഹിസ്ഥിതനാണെന്നും തന്റെ ഇച്ഛാമാത്രത്താല്‍ പ്രകൃതിയെ ശൂന്യത്തില്‍നിന്നു കല്പിച്ചുണ്ടാക്കി എന്നുമുള്ള സങ്കല്പം കേവലം അശാസ്ത്രീയംതന്നെ. ഇതാണ് ദ്വൈതമതങ്ങള്‍ക്കെല്ലാം എപ്പോഴും ഉണ്ടായിട്ടുള്ള ദുര്‍ബലത. മനുഷ്യഗുണങ്ങള്‍ അനേകമടങ്ങു വര്‍ദ്ധിപ്പിച്ചതോടുകൂടിയ, ഈശ്വരന്‍ സ്വസങ്കല്പ ശക്തിയാല്‍ ശൂന്യതയില്‍നിന്ന് ഈ ജഗത്തിനെ സൃഷ്ടിച്ചുവെന്നും, താന്‍ അതില്‍നിന്നു വേറായിരിക്കുന്നുവെന്നും പറയുന്ന സേശ്വരമതങ്ങള്‍ക്കെല്ലാം മേല്‍പ്പറഞ്ഞ ന്യൂനത രണ്ടും കാണുന്നുണ്ട്.
ഒന്നാമത് അത് അപൂര്‍ണ്ണമാണ് (പ്രജ്ഞാവശത്തെമാത്രം സ്പര്‍ശിക്കുന്നു) രണ്ടാമത് അതു ജഗത്തിനു ജഗത്‌സ്വഭാവത്തില്‍നിന്നുള്ള സമാധാനമല്ല. കാര്യം കാരണമല്ല, കാര്യം കാരണത്തില്‍നിന്നു തീരെ വ്യത്യസ്തമാണെന്നാണ് അതു സിദ്ധാന്തിക്കുന്നത്. മനുഷ്യനുള്ള ജ്ഞാനം, അഥവാ അനുഭവം, മുഴുവനും തെളിയിക്കുന്നതു കാര്യം കാരണത്തിന്റെ രൂപാന്തരം മാത്രമാണെന്നത്രേ. ആധുനികശാസ്ത്രങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ നിത്യവും ഈ ഭാവനയോട് അടുത്തുവരുന്നു. പരിണാമമെന്നതാണല്ലോ സര്‍വ്വസമ്മതമായ നൂതനശാസ്ത്രസിദ്ധാന്തം. അതില്‍ അന്തര്‍ഭവിച്ചിട്ടുള്ള തത്ത്വം, കാര്യം കാരണത്തിന്റെ രൂപാന്തരമാണ്, അതിന്റെ പുതിയൊരു ഘടനാവിശേഷണമാണ്, അതുതന്നെ കാര്യമെന്ന രൂപം കൈക്കൊണ്ടതാണ് എന്നത്രേ. ശൂന്യത്തില്‍നിന്നു സൃഷ്ടി എന്ന ഭാവന നൂതനശാസ്ത്രജ്ഞന്‍മാര്‍ക്ക് പരിഹാസ്യമാണ്.
ഇനി നോക്കാനുള്ളത് മതത്തിനു മേല്‍പ്പറഞ്ഞ രണ്ടു സംഗതികളെ സംതൃപ്തിപ്പെടുത്താന്‍ സാധിക്കുമോ എന്നാണ്. അതു സാധിക്കുന്ന വല്ല മതഭാവനയുമുണ്ടെങ്കില്‍ അത് ഇന്നത്തെ മനസ്സിന്, ചിന്താശീലമുള്ള മനസ്സിന് അംഗീകാര്യമാവും. അങ്ങനെയല്ലാതെ, വല്ല പുരോഹിതനെയോ മതാധിപനെയോ ഗ്രന്ഥത്തെയോ പ്രമാണിച്ച് സിദ്ധാന്തങ്ങള്‍ അംഗീകരിക്കണമെന്ന് ആധുനികമനുഷ്യനോടു പറഞ്ഞാല്‍ അയാള്‍ക്കതു സാധ്യമാകുന്നില്ല. അതിന്റെ ഫലമോ? അവിശ്വാസത്തിന്റെ ബീഭത്‌സപ്രഭാവം. വിശ്വാസമുണ്ടെന്നു പുറമെ കാണിക്കുന്നവരുടെ ഹൃദയത്തില്‍പ്പോലും അവിശ്വാസം അതിഘോരമായുണ്ട്. മറ്റുള്ളവര്‍ മതം വെറും പുരോഹിതതന്ത്രമാണെന്നുവെച്ച് അതില്‍നിന്നു ചുളിഞ്ഞു പിന്‍മാറി, അതിനെ കൈവിടുകയും ചെയ്യുന്നു.
മതത്തെ ഒരു രാഷ്ട്രീയചടങ്ങാക്കി താഴ്ത്തിയിട്ടുണ്ട്. അതു നമുക്കു നല്ലൊരു സമുദായവശിഷ്ടമാണ്, അങ്ങനെയിരിക്കട്ടെ, മതം വേണം, അതു കൂടിയേ കഴിയൂ എന്ന് ആധുനികന്റെ പിതാമഹനു യഥാര്‍ത്ഥമായുണ്ടായിരുന്ന തോന്നല്‍ ഇന്നില്ല: അതു യുക്തിയെ തൃപ്തിപ്പെടുത്തുന്നതായി കാണുന്നില്ല. ആവിധം ഒരീശ്വരന്‍, ആ വിധം ഒരു സൃഷ്ടി ആവിധം ഏകേശ്വര (ദ്വൈതം) മതം, അതിന് ഇനി മേലില്‍ പിടിച്ചു നില്പാന്‍ കഴിവില്ല. ഇന്ത്യയില്‍ അതിനു നില കിട്ടിയില്ല: കാരണം, ബുദ്ധമതം, ഈ സംഗതികൊണ്ടാണ് ബൗദ്ധന്‍മാര്‍ക്ക് പണ്ടു ജയം കിട്ടിയത്. പ്രകൃതിക്ക് അനന്തശക്തിയുണ്ട്, തന്‍കാര്യങ്ങളെല്ലാം അതു സ്വയം നിര്‍വ്വഹിക്കുന്നുണ്ട് എന്നു സമ്മതിക്കുന്നപക്ഷം, പ്രകൃതിയെക്കൂടാതെ വേറെ ഒന്നുണ്ടെന്നു ശഠിക്കുന്നതു കേവലം അനാവശ്യമാണെന്ന് അവര്‍ കാണിച്ചു. ജീവാത്മാവുപോലും അനാവശ്യമാണെന്നും അവര്‍ വാദിച്ചു.
പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 17, 1896) – തുടരും