സ്വാമി വിവേകാനന്ദന്‍

സൃഷ്ടി വേദങ്ങളില്‍നിന്നുണ്ടായി എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. പശു ഉണ്ട് എന്ന് എങ്ങനെയറിയാം? പശു എന്ന വാക്കു വേദങ്ങളില്‍ ഉള്ളതുകൊണ്ട്, മനുഷ്യന്‍ ഉണ്ട് എന്നതോ മനുഷ്യന്‍ എന്ന വാക്കും അവിടെ ഉള്ളതുകൊണ്ട്, അതവിടെ ഇല്ലായിരുന്നെങ്കില്‍ മനുഷ്യന്‍ ഉണ്ടാകയില്ലായിരുന്നു. അങ്ങനെയാണ് അവര്‍ പറയുന്നത്. പ്രമാണത്തിന്റെ കൊടിയ വാഴ്ച! അതു ഞാന്‍ പഠിച്ചിട്ടുള്ളതുപോലെയുമല്ല. അഭ്യസിക്കപ്പെട്ടിട്ടുള്ള മഹാഗംഭീരബുദ്ധികളായ ചിലര്‍ അതെടുത്തു അതിനുചൂഴെ ആശ്ചര്യകങ്ങളായ സിദ്ധാന്തങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. യുക്തിയുപയോഗിച്ച് അവരതിനെ സാധൂകരിച്ചു. തല്‍ഫലമായി ഒരു തത്ത്വദര്‍ശനം സമഗ്രമായുണ്ടായി. അനേകായിരം പ്രതിഭാശാലികള്‍ അനേകായിരം വര്‍ഷം അനന്യമനസ്‌കരായി ഈ സിദ്ധാന്തത്തെ സയൂക്തികം സമര്‍ത്ഥിച്ചുപോന്നു. അത്രയ്ക്കുണ്ട് പ്രമാണത്തിന്റെ പ്രാബല്യവും വൈഷമ്യവും. അതു വളര്‍ച്ചയെ തടയുന്നു. വളര്‍ച്ചയാണ് നമുക്കാവശ്യം എന്നു നാം മറക്കരുത്. സാപേക്ഷങ്ങളായ തത്ത്വങ്ങളുടെ വിഷയത്തില്‍പ്പോലും ആ തത്ത്വങ്ങളേക്കാള്‍ നമുക്കു ഏറെ പ്രധാനം തത്ത്വഗ്രഹണത്തിനുള്ള പ്രയത്‌നമാണ്. പ്രയത്‌നം, അഭ്യാസം ഇതാണ് ജീവിതത്തില്‍ സാരമായ കാര്യം.

അദ്വൈതത്തിന് ഒരു വിശേഷമുണ്ട്. അത് എല്ലാ മതസിദ്ധാന്തങ്ങളിലും വെച്ച് അത്യന്തം യുക്തിയുക്തമാണ്. മറ്റൊരു സിദ്ധാന്തവും, ഈശ്വരനെക്കുറിച്ച് അപൂര്‍ണ്ണവും അല്പവും സഗുണവുമായ ഏതൊരു ഭാവനയും, യുക്തിസഹമല്ല. എന്നാലും ഈ അപൂര്‍ണ്ണഭാവനകള്‍ അനേകര്‍ക്ക് ആവശ്യമാണെന്ന നിലയില്‍ അവയേയും സമാശ്ലേഷിക്കുന്നു എന്ന മഹത്ത്വവും അദ്വൈതത്തിനുണ്ട്. സഗുണപുരുഷപ്രതിഷ്ഠിതമായ വിവരണം അയുക്തമാണെന്നു ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അത് ആശ്വാസജനകമാണ് അങ്ങനെ ഒരു മതം ചിലര്‍ക്ക് വേണം, അവര്‍ക്ക് അതാവശ്യമാണെന്നു നമുക്കു മനസ്സിലാക്കാം. തത്ത്വത്തിന്റെ വിശദപ്രകാശമേല്‍ക്കാന്‍ ഈ ജീവിതത്തില്‍ നന്നെക്കുറച്ചു പേര്‍ക്കേ സാധിക്കൂ: അതനുസരിച്ചു ജീവിപ്പാന്‍ അതിലും കുറച്ചു പേര്‍ക്കും. അതുകൊണ്ട് ഈ ആശ്വാസജനകമായ മതം നിലനില്‍ക്കുന്നത് ആവശ്യമാണ്: അത് അതിനേക്കാള്‍ ഉയര്‍ന്നതിനെ പ്രാപിപ്പാന്‍ പലര്‍ക്കും സഹായകമാകും.

വളരെ ഇടുങ്ങിയ പരിധിയോടുകൂടി അല്പവസ്തുക്കളില്‍ പിടിച്ചുകയറുന്ന ചെറിയ മനസ്സുകള്‍ വിചാരവിഷയത്തില്‍ പൊന്തിപ്പറക്കാന്‍ തുനിയില്ല. അവരുടെ ഭാവനകള്‍ ക്ഷുദ്രദേവന്‍മാരെയോ വിഗ്രഹങ്ങളെയോ കുറിച്ചായാലും അത് അവര്‍ക്കു വളരെ നല്ലതും സഹായവുമാണ്. എന്നാല്‍ നിങ്ങള്‍ നിര്‍ഗുണത്തെപ്പറ്റി മനസ്സിലാക്കണം: എന്തുകൊണ്ടെന്നാല്‍, അതില്‍നിന്നും അതില്‍ക്കൂടെയും മാത്രമേ ഈ അന്യഭാവനകള്‍ക്കു നിലയും സമാധാനവും കാണാന്‍ കഴിയൂ.

സഗുണ(പുരുഷ)നായ ഈശ്വരന്റെ കാര്യം എടുത്തുനോക്കുക. നിര്‍ഗുണം എന്തെന്നു മനസ്സിലാക്കി അതില്‍ വിശ്വസിക്കുന്ന ഒരാള്‍ – ഉദാഹരണം, ജോണ്‍ സ്റ്റുവര്‍ട്ട് മില്‍-പറയും, ഈശ്വരന്‍ സഗുണനായിരിക്കുക എന്നത് അസംഭാവ്യമാണ്, അതു തെളിയിപ്പാനും കഴിയില്ല എന്ന്. തെളിയിപ്പാന്‍ കഴിയില്ലെന്നു ഞാനും സമ്മതിക്കാം. എന്നാല്‍ അങ്ങനെ ഒരീശ്വരനെന്ന ഭാവന നിര്‍ഗുണത്തെസ്സംബന്ധിച്ച് മനുഷ്യബുദ്ധിക്കുണ്ടാവുന്ന ഭാവനകളില്‍വെച്ച് ഉച്ചതമമാണ്. വാസ്തവത്തില്‍ ഈ ജഗത്തുതന്നെയും ആ നിര്‍വ്വികല്പത്തെ ബുദ്ധികൊണ്ടു വിവിധമായി ഗ്രഹിച്ചിട്ടുള്ളതല്ലാതെ മറ്റെന്താണ്? അത്, നമ്മുടെ മുമ്പിലിരിക്കുന്ന ഒരു ഗ്രന്ഥം പോലെയാണ്. അതു വായിച്ചു മനസ്സിലാക്കുവാന്‍ ഓരോരുത്തനും അവനവന്റെ ബുദ്ധി ചെലുത്തുന്നു. അവനവനുവേണ്ടി അവനവന്‍തന്നെ വായിക്കയും വേണം. എന്നാല്‍ എല്ലാ മനുഷ്യരുടെയും ബുദ്ധിയില്‍ പൊതുവായൊന്നുണ്ട്: അതുകൊണ്ട് ചില സംഗതികള്‍ എല്ലാ ബുദ്ധിയിലും ഒരുപോലെ തോന്നുന്നു.

നിങ്ങളും ഞാനും ഈ കസേര കാണുന്നു എന്നത്, നമ്മുടെ ബുദ്ധിയില്‍ സമാനമായൊന്നുണ്ടെന്നു തെളിയിക്കുന്നു. വേറെ ഒരിന്ദ്രിയമുള്ള ഒരു ജീവി ഇവിടെ വരുന്നു എന്നു വിചാരിക്കുക: ആ ജീവി ഈ കസേര ഈ രൂപത്തില്‍ കാണുകയേ ഇല്ല: (ഇന്ദ്രിയമനസ്സുകളുടെ) ഘടന സമാനമായിട്ടുള്ളവര്‍ക്കു ദര്‍ശനം സമാനമായിരിക്കും. ഈ ജഗത്തു വാസ്തവത്തില്‍ നിര്‍വ്വികാരസന്മാത്രവസ്തുതന്നെ: അതിനെ ബുദ്ധികൊണ്ടു ഗ്രഹിച്ചിട്ടുള്ളതാണ് ദൃശ്യം. ദൃശ്യമെല്ലാം പരിമിതമാണെന്ന് ആദ്യമേ കാണാം. ദര്‍ശന-സ്പര്‍ശന-മനനവിഷയായിട്ടുള്ളതെല്ലാം പരിമിതം. നാം ഭാവന ചെയ്യുന്ന സഗുണേശ്വരനും വാസ്തവത്തില്‍ പരിമിതദൃശ്യമാണ്. നിമിത്തമെന്ന ഭാവന ദൃശ്യപ്രപഞ്ചത്തില്‍മാത്രം ഉള്ളതാണ്. ജഗത് കാരണമെന്ന നിലയില്‍ ഈശ്വരനെ സ്വാഭാവികമായി പരിമിതാവസ്ഥയിലേ വിചാരിച്ചുകൂടൂ: എങ്കിലും ആ ഈശ്വരനും അപരിമിതനിര്‍ഗുണംതന്നെ. ഈ ജഗത്തുതന്നെയും ആ ഒരേ വസ്തു നമ്മുടെ ബുദ്ധികൊണ്ടു ഗ്രഹിച്ചിട്ടുള്ളവിധം അനുഭവപ്പെടുന്നതാണെന്നു കണ്ടുവല്ലോ. ഈ ജഗത്തില്‍ സത്തായിട്ടുള്ളതേതോ അത് ആ നിര്‍ഗുണസദ്വസ്തു: അതിനു രൂപങ്ങളും ഭാവങ്ങളും നമ്മുടെ ബുദ്ധി കല്പിക്കുന്നതും. ഈ മേശയില്‍ സത്തായുള്ളത് ആ സദ്വസ്തു: മേശ മുതലായ രൂപങ്ങള്‍ ബുദ്ധികല്പിതങ്ങള്‍.

പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 17, 1896) – തുടരും