ഇനി, ചലനത്തെപ്പറ്റി വിചാരിക്കാം. അതു ദൃശ്യത്തിനോടു വിടാതെ ചേര്‍ന്നുനില്‍ക്കുന്നതാണ്: എന്നാല്‍ (ദൃശ്യം മുഴുവന്‍ കൂടിയ) ജഗത്തിനു ചലനമുണ്ടെന്നു പറഞ്ഞുകൂടാ. ജഗത്തിനുള്ളില്‍പ്പെട്ട ഓരോ അംശവും ഓരോ അണുവും നിരന്തരം വികാരപ്പെട്ടും ചലിച്ചുമിരിക്കുന്നു: എന്നാല്‍ ആകെ ജഗത്തിനു വികാരചലനങ്ങളില്ല. കാരണം, ചലനമോ വികാരമോ സാപേക്ഷമാണ്. അതായത്, ഒന്നിനു ചലനമുണ്ടെന്നു നാം കാണുന്നത് ചലനമില്ലാത്ത മറ്റൊന്നിനെ അപേക്ഷിച്ച്, അതിനോടു താരതമ്യപ്പെടുത്തിക്കൊണ്ട്, ആണ്. ചലനം അറിയണമെങ്കില്‍ രണ്ടു വസ്തുക്കള്‍ വേണം. ജഗത്താകെ ഒന്നായെടുക്കുമ്പോള്‍ അതിനു ചലിക്ക വയ്യ. മറ്റേതിനെ അപേക്ഷിച്ച് അതിനു ചലനമുണ്ടാകാം? അതു വികാരപ്പെടുമെന്നും പറഞ്ഞുകൂടാ: ഏതു അന്യവസ്തുവിനെ അപേക്ഷിച്ചു വികാരമുണ്ടാകും? അതുകൊണ്ട്, പൂര്‍ണ്ണം നിര്‍വിശേഷമാണ്: എന്നാല്‍ അതിനുള്ളിലുള്ള ഓരോ കണികയും സദാ ചലിച്ചും പരിണമിച്ചുമിരിക്കുന്നു. അങ്ങനെ അത് ഒരേ സമയത്ത് അവികാരിയും വികാരിയുമാണ്, നിര്‍ഗുണവും സഗുണവുമാണ്. ഈ വിധമത്രേ ജഗത്തിനെയും ചലനത്തെയും ഈശ്വരനെയും പറ്റി ഞങ്ങളുടെ ഭാവന. അതാണ് ‘തത് ത്വം അസി’ എന്നതിന്റെ താല്പര്യം. അങ്ങനെ നിര്‍ഗുണം സഗുണത്തെ തള്ളിക്കളയുകയല്ല, നിര്‍വ്വിശേഷനിരപേക്ഷത്തെ അധഃപതിപ്പിക്കുകയല്ല: പകരം, അതിനെ നമ്മുടെ ബുദ്ധിക്കും ഹൃദയത്തിനും പൂര്‍ണ്ണസംതൃപ്തി തരുന്നവിധം വിവരിക്കുകയാണ്. ഈശ്വരനുള്‍പ്പടെ ജഗത്തിലുള്ളതേതും നമ്മുടെ മനോദൃഷ്ടിയില്‍ക്കൂടി കാണപ്പെടുന്ന നിര്‍ഗുണസദ്വസ്തുമാത്രം. നമ്മുടെ മനസ്സുകളും ചെറിയ വ്യക്തിത്വങ്ങളും പൊയ്‌പോകുമ്പോള്‍ നാം അതിനോട് ഐക്യം പ്രാപിക്കും. ഇതാണ് ‘തത് ത്വം അസി’ എന്നതിന്റെ താല്പര്യം. നമ്മുടെ വാസ്തവമായ സ്വഭാവം കേവലസത്തയാണെന്നു നാമറിയണം.
വ്യക്തിയായി പരിമിതനായ മനുഷ്യന്‍ തന്റെ മൂലം മറന്നു താന്‍ വേറെയെന്നു വിചാരിക്കുന്നു. ഗുണബദ്ധരായി, വ്യത്യസ്തജീവികളായിത്തീര്‍ന്ന നാം നമ്മുടെ യാഥാര്‍ത്ഥ്യം മറന്നിരിക്കുന്നു. നമ്മുടെ വ്യത്യസ്തതകളെ വെടിയണമെന്നല്ല, അവ വാസ്തവത്തില്‍ എന്താണെന്ന് അറിയണമെന്നാണ് അദ്വൈതം ഉപദേശിക്കുന്നത്. നാം വാസ്തവത്തില്‍ ആ അപരിച്ഛിന്നവസ്തു: നമ്മുടെ വിഭിന്നവ്യക്തിഭാവങ്ങള്‍ ആ വസ്തു സ്വയം പ്രകടമായി പ്രകാശിപ്പാനുള്ള സരണികളുടെ നിലക്കുള്ളത്. തന്റെ അനന്തശക്തി മേല്‍ക്കുമേല്‍ പ്രകടമാക്കുവാനുള്ള യത്‌നത്താലാണ് പരിണാമമെന്നു പറയുന്ന ബഹുവിധവികാരപരമ്പര രൂപംകൊള്ളുന്നത്. അപരിച്ഛിന്നഭാവത്തിന്നപ്പുറം നമുക്കു നിലപാടില്ല: നമ്മുടെ ശക്തിയും ആനന്ദവും ജ്ഞാനവും അപരിമിതത്തിലേക്കു വളര്‍ന്നേ തീരൂ. അനന്തശക്തിയും അനന്തസത്തയും അനന്താനന്ദവും നമ്മുടേത്. നാം അവയെ സമ്പാദിക്കേണ്ടതില്ല, എപ്പോഴും അവ നമുക്കുള്ളതാണ്. നാം അവയെ പ്രകാശിപ്പിക്കയേ വേണ്ടൂ.
ഇതത്രേ അദ്വൈതത്തിന്റെ കേന്ദ്രാശയം. അതു ഗ്രഹിപ്പാന്‍ അതിപ്രയാസമാവും. ബാല്യംമുതല്‍ ചുറ്റുപാടുമുള്ളവര്‍ എനിക്കു ദൗര്‍ബല്യം പഠിപ്പിച്ചുതന്നു: ഞാന്‍ ഒരു ദുര്‍ബ്ബലവസ്തുവാണെന്നു ജനനം മുതല്‍ എന്നോടു പറഞ്ഞുവന്നു. അതുകൊണ്ട് ഇപ്പോള്‍ എനിക്കെന്റെ ബലം എത്രയെന്ന് അനുഭവപ്പെടുത്തുവാന്‍ വളരെ ഞെരുക്കം. ഞാന്‍ ബുദ്ധിയുപയോഗിച്ചും വിചാരം ചെയ്തും എന്റെ ശക്തിയെപ്പറ്റി ജ്ഞാനം സമ്പാദിക്കുന്നു. അതിനെ അനുഭവപ്പെടുത്തുന്നു. ഈ ലോകത്തിലുണ്ടായിട്ടുള്ള ജ്ഞാനഭണ്ഡാരം എവിടെനിന്നു വന്നു? അതു നമ്മുടെ ഉള്ളിലായിരുന്നു. ഏതു ജ്ഞാനമാണ് പുറത്തുള്ളത്? ഒന്നുമില്ല. ജ്ഞാനം ജഡത്തിലായിരുന്നില്ല. അത് ഏതു കാലത്തും മനുഷ്യനില്‍ത്തന്നെ, ജ്ഞാനത്തെ ആരും ഒരിക്കലും സൃഷ്ടിച്ചിട്ടില്ല. അതിനെ മനുഷ്യന്‍ തന്റെ ഉള്ളില്‍നിന്നു കൊണ്ടുവരുന്നു. അത് അവിടെ കിടപ്പുണ്ട്.
അനേകം ഏക്കര്‍ സ്ഥലം മൂടിനില്‍ക്കുന്ന വലിയ വടവൃക്ഷം ഒരു കടുകിന്‍മണിയുടെ വലുപ്പമുള്ള, പക്ഷേ എട്ടിലൊന്നു വലുപ്പമുള്ള, ഒരു ചെറിയവിത്തില്‍ ഒതുങ്ങിയിരുന്നു: ആ ശക്തി മുഴുവന്‍ അതില്‍ അടങ്ങിയിരുന്നു അതിഗംഭീരമായ ബുദ്ധിശക്തി അണുപ്രായമായ ബീജത്തില്‍ ചുരുണ്ടുകിടക്കുന്നു എന്നു നമുക്കറിയാം: എന്തുകൊണ്ട് അനന്തശക്തിയും അങ്ങനെ കിടന്നുകൂടാ? അത് അങ്ങനെയാണെന്നു നാമറിയുന്നുണ്ട്. അതു വിരോധാഭാസമാണെന്നു തോന്നുമായിരിക്കാം: പക്ഷേ അതു വാസ്തവമാണ്. നാം ഓരോരുത്തരും അണുപ്രായമായ ബീജത്തില്‍നിന്നാണ് ജന്മം എടുത്തിരിക്കുന്നത്: നമുക്കുള്ള ശക്തികള്‍ മുഴുവന്‍ അതില്‍ ചുരുണ്ടുകിടന്നിരുന്നു. അതുകള്‍ അന്നത്തില്‍നിന്നുണ്ടായി എന്നു പറയുക വയ്യ: അന്നം കുന്നുകൂട്ടി വെച്ചാല്‍ അതില്‍നിന്നു എന്തു ശക്തിയുണ്ടാകും? ശക്തി മുഴുവന്‍ ബീജത്തിലുണ്ടായിരുന്നു, ലീനാവസ്ഥയിലായിരുന്നു എന്നുള്ളത് സത്യം: അത് അവിടെത്തന്നെ നിക്ഷിപ്തമായിരുന്നു. അതുപോലെ അനന്തമായ ശക്തി മനുഷ്യാത്മാവിലുണ്ട്. അതു മനുഷ്യന്‍ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ശരി, അതു പ്രകാശിപ്പാന്‍ അതിനെക്കുറിച്ചു ബോധമുണ്ടോ എന്ന ചോദ്യമേ ഉള്ളൂ. ഈ അനന്തഗംഭീരശക്തന്‍ നിദ്രവിട്ടു മെല്ലെമെല്ലെ ഉണര്‍ന്നെഴുന്നേല്ക്കുന്നു. ബോധം വരുന്നതോടൊപ്പം ബന്ധങ്ങള്‍ അറ്റുപോകുന്നു. ശൃംഖലകള്‍ പൊട്ടിത്തെറിക്കുന്നു. സ്വശക്തിയുടെയും ജ്ഞാനത്തിന്റെയും പൂര്‍ണ്ണബോധം ഉണ്ടാകുന്നതോടുകൂടി ഈ മഹാഗംഭീരന്‍ തന്‍കാലില്‍ അടിയുറച്ചു നിവര്‍ന്നു നില്‍ക്കുന്ന ഒരു ദിവസം തീര്‍ച്ചയായും വരും. ആ ദിവ്യപരമാന്ത്യഫലം വേഗത്തില്‍ അടുത്തെത്തുവാന്‍ നാമെല്ലാവരും സഹായിക്കുക.
പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 17, 1896)