ശരീരദര്‍ശനവും ആത്മദര്‍ശനവും (257)
നാം ഇതുവരെ അധികവും സമഷ്ടിയെപ്പറ്റിയാണ് നിരൂപിച്ചത്. ഈ പൂര്‍വാഹ്‌നത്തില്‍ വ്യഷ്ടിക്കു സമഷ്ടിയോടുള്ള ബന്ധത്തെപ്പറ്റിയുള്ള വേദാന്താശയങ്ങള്‍ വിവരിപ്പാന്‍ ശ്രമിക്കാം. വൈദിക സിദ്ധാന്തങ്ങളിലെ ദ്വൈതത്തിന്റെ പൂര്‍വ്വരൂപങ്ങളില്‍ ഓരോ വ്യക്തിക്കും പ്രത്യേകവും പരിമിതവുമായ ജീവാത്മാവുണ്ടെന്നു വെളിവായി വിവരിച്ചിട്ടുണ്ട്. ഈ ജീവാത്മാവിനെപ്പറ്റി പലതരം അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രധാനമായ വാദം പുരാതനവേദാന്തികളും പുരാതനബൗദ്ധരും തമ്മിലായിരുന്നു. സ്വയം പൂര്‍ണ്ണമായ ജീവാത്മാവുണ്ട് എന്നു വേദാന്തികള്‍ വിശ്വസിച്ചിരുന്നു. ബൗദ്ധന്‍മാര്‍ അങ്ങനെ ഒരാത്മാവുണ്ടെന്നതിനെ തീരെ നിഷേധിച്ചു. ഈ വാദം ഞാന്‍ മുമ്പൊരു ദിവസം പറഞ്ഞതുപോലെ യൂറോപ്പിലുള്ള ദ്രവ്യ- ഗുണവാദത്തോടു മിക്കവാറും സമംതന്നെ. ഗുണങ്ങള്‍ക്കാശ്രയമായി അവയ്ക്കടിയില്‍ ദ്രവ്യം എന്നൊന്നുണ്ട് എന്ന് ഒരു കക്ഷി: ഗുണങ്ങള്‍ക്കു തനിയെ നില്‍ക്കാവുന്നതുകൊണ്ട് അവയ്ക്കടിയില്‍ ഒരു ദ്രവ്യത്തെ കല്പിക്കേണ്ടതില്ല എന്നു മറുകക്ഷി. ജീവാത്മാവുണ്ട് എന്ന വാദത്തിനു പ്രാചീനകാലത്തെ അടിസ്ഥാനം സ്വബോധൈക്യമുണ്ടെന്നതായിരുന്നു. ‘ഞാന്‍ ഞാന്‍തന്നെ’ – ഇന്നലത്തെ ഞാന്‍ തന്നെ ഇന്നത്തെ ഞാന്‍, ഞാന്‍തന്നെ നാളെയും ഞാനായിരിക്കും, ദേഹം എങ്ങനെയെല്ലാം മാറിയാലും ഞാന്‍ ഞാനായിത്തന്നെ ഇരിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്. ഇതാണ് പരിമിതമായാലും പൂര്‍ണ്ണമായ ജീവാത്മാവുണ്ടെന്നു വിശ്വസിച്ചവരുടെ പ്രധാനവാദം.
ബൗദ്ധന്‍മാരാവട്ടെ അങ്ങനെ ഒരു കല്പന തീരെ അനാവശ്യമാണെന്ന നിലയിലായിരുന്നു. മാറ്റങ്ങളുണ്ട്, അവയെ മാത്രമേ നാം അറിയുന്നുള്ളൂ. നമുക്ക് അറിയാന്‍ കഴിയൂ. അങ്ങനെയിരിക്കെ അവികാരിയും അവികാര്യവുമായൊരു ദ്രവ്യമുണ്ടെന്നു സങ്കല്പിക്കുന്നത് അനാവശ്യം: അത് ഒരു വിധത്തിലും നമ്മുടെ അറിവിനു വിഷയമാകാത്തതുമാണ്. ഇതാണ് ബൗദ്ധന്‍മാരുടെ വാദം ഈ വാദപ്രതിവാദംതന്നെയാണ് ഇപ്പോള്‍ യൂറോപ്പില്‍ ഒരു വശത്ത് മതാവലംബികളും സത്താവാദികളും മറുവശത്ത് അജ്ഞേയവാദികളും തമ്മില്‍ നടക്കുന്നതെന്നു കാണാം. അവികാരിയായൊരു പദാര്‍ത്ഥമുണ്ട്. അതിന്റെ ഒരു നോട്ടം, ഒരു സൂചന, നമുക്കു കിട്ടുന്നുണ്ട്. എന്നൊരു കക്ഷി – ഈ കക്ഷിയുടെ അടുത്ത കാലത്തെ പ്രതിനിധി ഹെര്‍ബര്‍ട്ട് സ്‌പെന്‍സറാണ്. മറുകക്ഷിയില്‍ പെടുന്നവരാണ് കൊംതെയുടെ അനുയായികളും ആധുനികരായ അജ്ഞേയവാദികളും. ഹെര്‍ബര്‍ട്ട് സ്‌പെന്‍സറും ഫ്രെഡറിക് ഹാരിസനും തമ്മില്‍ കുറച്ചുകാലം മുമ്പുണ്ടായ വാദത്തില്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ കണ്ടിരിക്കും, അത് ഈ പഴയ വിഷമപ്രശ്‌നംതന്നെയാണെന്ന്: മാറ്റങ്ങള്‍ക്കിടയില്‍ മാറ്റമില്ലാത്ത വസ്തുവുണ്ടെന്നും, അതാവശ്യമില്ലെന്നും. ദ്രവ്യവാദികള്‍ പറയുന്നത്, മാറ്റമറ്റു നില്‍ക്കുന്ന ഒന്നിനോടു സംബന്ധിപ്പിക്കാതെ നമുക്കു മാറ്റത്തെപ്പറ്റി ഭാവനചെയ്‌വാന്‍ കഴിയില്ലെന്നാണ്. മറ്റേ കക്ഷി പറയുന്നു, അങ്ങനെ ഭാവനചെയ്യുന്നത് അനാവശ്യം: മാറ്റമേ നാം അറിയുന്നുള്ളൂ. മാറ്റമില്ലാത്തത് നമ്മുടെ മനസ്സിനോ ഇന്ദ്രിയങ്ങള്‍ക്കോ ഒരിക്കലും വിഷയമാവില്ല.
ഈ മഹാപ്രശ്‌നത്തിനു സമാധാനം ഇന്ത്യയില്‍ പുരാതനകാലത്തു കണ്ടിരുന്നില്ല. സ്വതവേ ഗുണമല്ലാതെ ഗുണത്തിനാസ്പദമായൊരു ദ്രവ്യമുണ്ടെന്നു സ്ഥാപിക്കുക സാദ്ധ്യമല്ല: സ്വബോധൈക്യമെന്നവാദവും അതിനു പോരാ: സ്മൃതിയെ അടിസ്ഥാനമാക്കി, ഇന്നലത്തെ ഞാന്‍തന്നെയാണ് ഇന്നും, അതുകൊണ്ട് ഞാനെന്നുള്ളതു മാറ്റമില്ലാതെ തുടര്‍ന്നു നില്‍ക്കുന്നൊന്നാണ് എന്ന വാദവും മതിയായതല്ല. ഞാന്‍ ചെയ്യുന്നു, ഞാന്‍ പോകുന്നു, ഞാന്‍ സ്വപ്നം കാണുന്നു, ഞാന്‍ ഉറങ്ങുന്നു, ഞാന്‍ ചലിക്കുന്നു എന്നീവക വാക്യങ്ങള്‍ എടുത്ത്, ചെയ്ക പോക കാണുക മുതലായ മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ മാറ്റമില്ലാതെ സ്ഥിരമായുണ്ടായിരുന്നത് ‘ഞാന്‍’ ആണ് എന്നുള്ള വാദവും വാക്കിന്‍മേല്‍ക്കളി മാത്രം. അത് പ്രത്യക്ഷത്തില്‍ വളരെ ശരിയും യുക്തിയുക്തവുമാണെന്നു തോന്നാം. വാസ്തവം നോക്കിയാല്‍, ‘ഞാന്‍’ എന്നതും ചെയ്ക പോക കാണുക മുതലായ കര്‍മ്മങ്ങളും വാക്കുകൊണ്ടു പറയുമ്പോള്‍ വേറെവേറെയാണെങ്കിലും മനസ്സുകൊണ്ട് അവയെ (ഞാന്‍ എന്നതിനെയും) ക്രിയകളെയും വേര്‍തിരിപ്പാന്‍ ആര്‍ക്കും കഴിവില്ല.
ഞാന്‍ ഭക്ഷിക്കുമ്പോള്‍ എന്നെപ്പറ്റി ഭക്ഷിക്കുന്നവന്‍ എന്നാണ് എന്റെ ഭാവന: ഭക്ഷിക്കലും ഞാനും ഏകീഭവിച്ചവിധമാണ്. ഞാന്‍ ഓടുമ്പോള്‍ ഞാന്‍ വേറെ, ഓട്ടം വേറെ എന്നില്ല. അങ്ങനെ നോക്കുമ്പോള്‍ സ്വബോധൈക്യവാദത്തിനും വലിയ ബലമില്ല. സ്മൃതിയെ ആസ്പദിച്ച വാദവും ദുര്‍ബ്ബലമാണ്. ഞാന്‍ മാറ്റമില്ലാതെ തുടര്‍ച്ചയായുണ്ടെന്നതിന് എന്റെ സ്മൃതിയാണ് തെളിവെങ്കില്‍, ഞാന്‍ മറന്നുപോയ സംഗതികളെസ്സംബന്ധിച്ച് ഞാന്‍ ഉണ്ടായിരുന്നില്ലെന്നു വരുമല്ലോ. ചില സംഗതികള്‍നിമിത്തം ഭൂതകാലം മുഴുവനും മറന്നുപോയ അവസ്ഥകളും നമുക്കറിയാം. ചില ഭ്രാന്തന്‍മാര്‍ തങ്ങള്‍ ഗ്ലാസ്‌കൊണ്ടുണ്ടാക്കപ്പെട്ടവരാണെന്നോ മൃഗങ്ങളാണെന്നോ വിചാരിക്കാറുണ്ട്. സ്മൃതിയാണ് അനുസ്യൂതമായ സത്തക്കു നിദാനമെങ്കില്‍ ഭ്രാന്തന്‍ ഗ്ലാസോ മൃഗമോ ആകണമല്ലോ. അങ്ങനെയല്ലാത്തതുകൊണ്ട് അവികാരിയായ സദ്ഭാവം അതിതുച്ഛമായ സ്മൃതിയെ ആസ്പദിച്ചിരിക്കുന്നതല്ല. ഈ വിധം നോക്കുമ്പോള്‍ ജീവാത്മാവു പരിമിതമെങ്കിലും പൂര്‍ണ്ണവും നിരന്തരനിര്‍വ്വികാരസത്തയായി ഗുണങ്ങളില്‍നിന്നു വേറിട്ടിരിക്കുന്നതുമാണെന്നു സമര്‍ത്ഥിക്കുക സാദ്ധ്യമല്ല. സങ്കുചിതവും പരിമിതവുമായൊരു ദ്രവ്യമുണ്ടാവുക, അതിനോടു ഗുണസമുദായം ചേര്‍ന്നുനില്‍ക്കുക എന്ന ഭാവന യുക്തിസഹമല്ല.
ഗുണസമുദായത്തിനപ്പുറം ഒന്നും നമുക്കറിഞ്ഞുകൂടാ, അറിവാന്‍ കഴിയുന്നതുമല്ല എന്ന പുരാതനബൗദ്ധവാദമാണ് പിന്നെയും ബലവത്തരമായിരിക്കുന്നത്. ജീവാത്മാവെന്നത് നമ്മുടെ ഇന്ദ്രിയവേദനങ്ങളെന്നും ചിത്തവികാരങ്ങളെന്നും പറയുന്ന ഗുണസമുദായത്തിന്റെ ഒരു കൂടാണ്, അത് സര്‍വ്വദാ മാറിക്കൊണ്ടുമിരിക്കുന്നു: ഇതത്രേ ബൗദ്ധപക്ഷം.
അദ്വൈതസിദ്ധാന്തമാകട്ടെ, മേല്‍പ്പറഞ്ഞ രണ്ടു പക്ഷങ്ങളേയും കൂട്ടിയിണക്കുന്നു, ഗുണത്തില്‍നിന്നു വേര്‍പെടുത്തി ഒരു ദ്രവ്യത്തെപ്പറ്റി വിവരിപ്പാന്‍ കഴിവില്ലെന്നതു വാസ്തവം: മാറുന്നതും മാറാത്തതും എന്ന രണ്ടും ഒരേ സമയത്തു വിചാരിക്ക വയ്യ. അത് അസാദ്ധ്യം. എന്നാല്‍ ദ്രവ്യമെന്ന് ഏതിനെ പറയുന്നുവോ അതുതന്നെ ഗുണം. ഗുണവും ദ്രവ്യവും രണ്ടു ഭിന്നപദാര്‍ത്ഥങ്ങളല്ല, മാറ്റമില്ലാത്തതുതന്നെയാണ് മാറുന്നതായി കാണപ്പെടുന്നത്. ജഗത്തില്‍ അവികാരിയായുള്ളത് ജഗത്തില്‍നിന്നു വേറെയല്ല. (അവികാരിയായ സത്ത ദൃശ്യത്തില്‍നിന്നു വേറെയല്ല, സത്തതന്നെയാണ് ദൃശ്യമായിരിക്കുന്നത്. അവികാരിയായ ആത്മാവുണ്ട്. അതിനെത്തന്നെയാണ് ദൃഷ്ടിഭേദംകൊണ്ടു നാം ഇന്ദ്രിയജ്ഞാനമായും ബോധമായും ശരീരമായിത്തന്നെയും കാണുന്നത്. നമുക്കു ശരീരമുണ്ട്, ആത്മാവുമുണ്ട് എന്നിങ്ങനെ വ്യത്യാസപ്പെടുത്തി വിചാരിക്കുന്നതു നമ്മുടെ ഒരു സ്വഭാവമായിരിക്കുന്നു, വാസ്തവത്തില്‍ ഒന്നേയുള്ളൂ.
എന്നെപ്പറ്റി ഞാന്‍ ശരീരമാണെന്നു വിചാരിക്കുമ്പോള്‍ ഞാന്‍ ശരീരംതന്നെയാണ്. മറ്റു വല്ലതുമാണെന്നു പറയുന്നതു നിരര്‍ത്ഥകം. എന്നാല്‍ ഞാന്‍ ആത്മാവാണെന്നു വിചാരിക്കുമ്പോള്‍ ശരീരം മറഞ്ഞു, ശരീരത്തിന്റെ ഭാവനയേയില്ല. ശരീരദര്‍ശനം മാഞ്ഞുപോയാലല്ലാതെ യാതൊരുത്തനും ആത്മദര്‍ശനം സംഭവിക്കില്ല. ഗുണദര്‍ശനം തിരോഭവിച്ചാലല്ലാതെ ദ്രവ്യദര്‍ശനവും സംഭവിക്കില്ല.
രജ്ജുസര്‍പ്പഭ്രമം എന്ന പഴയ വേദാന്തോദാഹരണം ഈ സംഗതിയെ കുറച്ചൊന്നു വെളിവാക്കും. കയറിനെ പാമ്പാണെന്നു ധരിച്ചിരിക്കുമ്പോള്‍ കയറില്ല: കയറാണെന്നു കാണുമ്പോള്‍ പാമ്പുമില്ല, കയറേ ഉള്ളൂ. (ശരീരം, മനസ്സ്, ആത്മാവ് എന്നിങ്ങനെ) സത്ത രണ്ടോ മൂന്നോ ഉണ്ടെന്നുള്ള ഭാവന, അപൂര്‍ണ്ണസംഗതികളെ ആസ്പദിച്ച് ആലോചിച്ചുണ്ടാകുന്നതാണ്. ആവിധം പറഞ്ഞുകേട്ടും പരിചയിച്ചും വന്ന നമുക്ക് ശരീരത്തിന്റെയും ആത്മാവിന്റെയും രണ്ടിന്റെയും അനുഭവമുണ്ട് എന്ന ഭ്രമമുണ്ടായിരിക്കുന്നു: അങ്ങനെ അനുഭവം വാസ്തവത്തിലില്ല. വാസ്തവത്തിലുള്ള അനുഭവം ഒന്നുകില്‍ ശരീരത്തിന്റെ, അല്ലെങ്കില്‍ ആത്മാവിന്റെ. ഇങ്ങനെയാണെന്നു തെളിയിപ്പാന്‍ ന്യായങ്ങളൊന്നും ആവശ്യമില്ല: അവനവന്റെ മനസ്സുകൊണ്ടു നോക്കിയാല്‍ വെളിവാകും.
പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 18, 1896) – തുടരും