സ്വാമി വിവേകാനന്ദന്‍

നിങ്ങള്‍ ശരീരമല്ല, അശരീരമായ ആത്മാവാണ് എന്നു ഭാവന ചെയ്യാന്‍ നോക്കുക. അതു മിക്കവാറും അസാദ്ധ്യമെന്നു കാണാം: തങ്ങള്‍ ആത്മാവാണെന്നനുഭവപ്പെടുത്തുവാന്‍ സാധിച്ച ചുരുക്കം ചിലര്‍ക്ക് ആ സമയത്ത് ദേഹഭാവനയുണ്ടായിരുന്നില്ലെന്നു കാണാം. ഗംഭീരധ്യാനമോ, സ്വാന്യത്വഭാവനയോ ഔഷധങ്ങളോ നിമിത്തം ചിലപ്പോള്‍ ഒരസാധാരണ മനഃസ്ഥിതി വന്നിട്ടുള്ളവരെപ്പറ്റി നിങ്ങള്‍ കേട്ടിരിക്കാം, ഒരുപക്ഷേ കണ്ടിട്ടുമുണ്ടാവാം. അവര്‍ ആന്തരമായ എന്തോ ഒന്നു കണ്ടിരുന്നപ്പോള്‍ ബാഹ്യമായതു കണ്ടിരുന്നില്ലെന്നാണ് ആ അനുഭവത്തില്‍നിന്നു മനസ്സിലാക്കാവുന്നത്. ഉള്ളത് ഒന്നുമാത്രമെന്നത്രേ ഇതു തെളിയിക്കുന്നത്. ആ ഒന്ന് ഈ വിവിധരൂപങ്ങളില്‍ പ്രത്യക്ഷമാകുന്നു.

ഈ വിവിധരൂപങ്ങള്‍ കാര്യകാരണബന്ധത്തിനു നിദാനവുമാണ്. കാരണവും കാര്യവും തമ്മില്‍ പരിണാമബന്ധമാണുള്ളത്. ഒന്നു മറ്റൊന്നായി മാറിമാറി വരികയാണ്. ചിലപ്പോള്‍ കാരണം അപ്രത്യക്ഷമായി തത്‌സ്ഥാനത്തു കാര്യം പ്രത്യക്ഷമാകുന്നു എന്നും തോന്നാം. ദേഹത്തിനു നിമിത്തം ആത്മാവാണെങ്കില്‍, തല്‍ക്കാലത്തേക്ക് (നിമിത്തമായ) ആത്മാവ് അപ്രത്യക്ഷംപോലെയായി. തത്‌സ്ഥാനത്തു ദേഹം വരുന്നു. ദേഹം മറയുമ്പോള്‍ ആത്മാവ് പ്രത്യക്ഷമാകയും ചെയ്യുന്നു. ദേഹമെന്നും ആത്മാവെന്നും രണ്ടുണ്ട് എന്ന പക്ഷത്തെ എതിര്‍ക്കുന്ന ബൗദ്ധന്‍മാരുടെ ന്യായവാദത്തിന് ഇതാണ് സമാധാനം: ദ്വൈതത്തെ നിഷേധിച്ച്, ദ്രവ്യവും ഗുണവും ഒരേ വസ്തു വിവിധരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതാണെന്ന് ഇത് സമര്‍ത്ഥിക്കുന്നു.

അവികാരി എന്ന ഭാവം പൂര്‍ണ്ണവസ്തുവിലല്ലാതെ ഒരംശത്തില്‍ നിലകൊള്ളില്ലെന്നും കണ്ടുവല്ലോ. വികാരം അല്ലെങ്കില്‍ ചലനം എന്ന ഭാവനയില്‍നിന്നാണ് അംശം, ഭാഗം എന്ന ഭാവനയുണ്ടാകുന്നത്. പരിമിതം വികാരിയാകകൊണ്ട് നമുക്കതിനെ ഗ്രഹിക്കാം ഒന്നിന്റെ വികാരമെന്നതു മറ്റൊരു വസ്തുവിനെ അപേക്ഷിച്ചാണല്ലോ. പൂര്‍ണ്ണത്തിനു തദന്യമായൊന്നില്ലാത്തതുകൊണ്ട് അന്യാപേക്ഷമായ വികാരം ഉണ്ടാവില്ല. അത് അവികാരിയായിത്തന്നെ ഇരിക്കണം. വികാരരഹിതമോ സാപേക്ഷമായിമാത്രം വികാരപ്പെടുന്നതോ ആയ വസ്തുവിനെ അപേക്ഷിച്ചുമാത്രമേ മറ്റൊരു വസ്തുവിനു വികാരമുള്ളൂ.

അതുകൊണ്ട് അദ്വൈതമതപ്രകാരം ആത്മാവ് സര്‍വ്വജഗദ്വ്യാപിയും അവികാരിയും അവിനാശിയുമാണെന്നുള്ള ഭാവന ആവുന്നത്ര തെളിഞ്ഞു. പഴയ ദ്വൈതസിദ്ധാന്തങ്ങള്‍ നമ്മളില്‍ ഇഴുകെ പറ്റിപ്പിടിച്ചിരിക്കുന്നു. അവയെ നാം എന്തുചെയ്യും? നമുക്കോരോരുത്തര്‍ക്കും പരിമിതമായി, ചെറുതായ ജീവാത്മാവുണ്ടെന്ന വിശ്വാസം നമ്മെ പിടികൂടിയിരിക്കുന്നു. നമുക്കെല്ലാം അവയില്‍ക്കൂടെ കടന്നു പോയേ പറ്റൂ.

സമഷ്ടിയെസ്സംബന്ധിച്ചു നമുക്ക് അനശ്വരത്വമുണ്ടെന്നു കണ്ടുവല്ലോ. എന്നാല്‍ സമഷ്ടിയുടെ അംശങ്ങള്‍ എന്ന നിലയില്‍ അമരത്വം വേണമെന്ന് നാം ആഗ്രഹിക്കുന്നു. അതാണ് ദുര്‍ഘടം. നാം അനന്തസത്തയാണ്, അതാണ് നമ്മുടെ യാഥാര്‍ത്ഥ്യം, പക്ഷേ, ഈ ഓരോ ചെറിയ ജീവാത്മാവിന്റെയും വ്യക്തിത്വം നിലനിര്‍ത്തണമെന്നു നാം ആഗ്രഹിക്കുന്നു. അവയ്ക്കു പ്രത്യക്ഷവ്യക്തിത്വമുണ്ടെന്ന് നിത്യജീവിതത്തില്‍ നാ കാണുന്നുണ്ട്: എന്നാല്‍ അവ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യക്തികളാണ്, ഒരു നിലയില്‍ അവയ്ക്കു മാറ്റമില്ല. മറ്റൊരു നിലയില്‍ ഉണ്ട്, ഇന്നലത്തെ ഞാന്‍തന്നെ ഇന്നത്തെ ഞാന്‍, എന്നാലും അങ്ങനെയല്ല, കുറെ മാറിയിരിക്കുന്നു. ഈ എല്ലാ മാറ്റങ്ങളില്‍ക്കൂടെയും നിലനില്‍ക്കുന്ന ഒരു മാറാത്ത വസ്തുവുണ്ടെന്നുള്ള ദ്വൈതവാദത്തെ തള്ളി നൂതനതസിദ്ധാന്തമായ പരിണാമവാദപ്രകാരം കാണുന്നത് ‘ഞാന്‍’ എന്നതു സദാ മാറിമാറിയും വികസിച്ചുകൊണ്ടുമിരിക്കുന്നു എന്നാണ്.

മനുഷ്യന്‍ ജീവാണുവിന്റെ പരിണാമമാണെന്നതു സത്യമാണെങ്കില്‍, ജീവാണുവും മനുഷ്യനും ഒന്നുതന്നെ: അതു വളരെയധികം വികസിക്കണമെന്നേയുള്ളൂ. അണുമുതല്‍ മനുഷ്യന്‍വരെയുണ്ടായത് അനന്തതയിലേക്കുള്ള വളര്‍ച്ചയാണ്. അതുകൊണ്ട് പരിമിതവ്യക്തിയായ മനുഷ്യന്‍ അപരിമിതത്വത്തിലേക്ക് സദാ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യക്തിയാണെന്നു പറയാം. ആ വ്യക്തിത്വം പരിപൂര്‍ണ്ണമാകുന്നത് അപരിമിതാവസ്ഥ എത്തിച്ചേരുമ്പോള്‍ മാത്രം: അതിന്നിപ്പുറം അതു നിരന്തരം മാറിമാറി വളര്‍ന്നുപോകുന്ന പരിമിതവ്യക്തിതന്നെ.

പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 18, 1896) – തുടരും