ഇനി ദ്വൈതസംബന്ധികളല്ലാതുള്ള വിഷയങ്ങളിലേക്കു പ്രവേശിക്കാം. ഇനിയും ഏറെ നേരം ദ്വൈതികളോടു ചേര്‍ന്നിരിക്ക വയ്യ. ധര്‍മ്മാചരണം, സ്വാര്‍ത്ഥരാഹിത്യം എന്നിവയുടെ പരമോച്ഛഭാവം പരതത്ത്വജ്ഞാനത്തോടാണ് ഇണങ്ങി കൈകോര്‍ത്തുപോകുന്നത്, ധാര്‍മികത്വവും സദാചാരവും രക്ഷപ്പെടുവാന്‍ തത്ത്വബോധത്തെ താഴ്ത്തിവെയ്‌ക്കേണ്ടതില്ല. നേരെമറിച്ചു സദാചാരധാര്‍മ്മികഭാവങ്ങളുടെ സുസ്ഥിരമായ നിലനില്പിനു തത്ത്വജ്ഞാനത്തിന്റെയും ശാസ്ത്രങ്ങളുടെയും അത്യുച്ചബോധം അത്യാവശ്യമാണ്. ഇതു കാണിച്ചുതരുവാനാണ് ഞാന്‍ ശ്രമിക്കുന്നത്. മനുഷ്യനുണ്ടാകുന്ന ജ്ഞാനം മനുഷ്യക്ഷേമാവസ്ഥക്ക് വിരോധിയല്ലെന്നുമാത്രമല്ല, ജീവിതത്തിന്റെ നാനാവശങ്ങളില്‍ ഏതൊന്നിലും ജ്ഞാനമൊന്നുമാത്രമേ നമുക്കു രക്ഷയുള്ളൂ: ജ്ഞാനത്തിലാണ് ആരാധന.
നാം എത്രത്തോളം അറിവുണ്ടാകുന്നുവോ അത്രത്തോളം നമുക്കു നന്മയുണ്ടാകും. അളവറ്റതിനെ അളവുള്ളതാക്കുന്നതാണ് തിന്മക്ക് – തിന്മ എന്നു പ്രഥമദൃഷ്ടിയില്‍ കാണുന്ന ഭാവങ്ങള്‍ക്ക് – കാരണം എന്നാണ് വേദാന്തവാദം. ചെറുചാലുകളുടെ അളവുകളില്‍ പെട്ടിടുങ്ങി ദുഷ്ടമെന്നു തോന്നുന്ന പ്രേമംതന്നെ ഒഴുകിവന്നു മറുതലയ്ക്കല്‍ പുറപ്പെടുമ്പോള്‍ ഈശ്വരനായി പ്രകാശിക്കും. ഈ ദോഷാഭാസങ്ങള്‍ക്കുള്ള കാരണം നമ്മളില്‍ത്തന്നെയാണെന്നും വേദാന്തം പറയുന്നു. അതിനു ലോകത്തിനപ്പുറത്തുള്ള വല്ലവരെയും കുറ്റപ്പെടുത്തേണ്ട, ആശയറ്റു മനസ്സിടിവുകൊള്ളേണ്ട. മറ്റാരാനും വന്നു കൈനീട്ടിത്തന്നല്ലാതെ നമുക്കു രക്ഷയില്ലാത്ത ഒരിടത്താണ് നാം പെട്ടിരിക്കുന്നതെന്നു വിചാരിക്കയും വേണ്ട. അങ്ങനെയാവാന്‍ വയ്യ: നാം പട്ടുനൂല്‍പുഴുക്കളെപ്പോലെയാണ്. നാം നമ്മളിലുള്ള വസ്തുകൊണ്ടു നൂലുണ്ടാകുന്നു, കൂടു കെട്ടുന്നു, കാലക്രമത്തില്‍ അതിനുള്ളില്‍ കുടങ്ങിക്കിടക്കുന്നു. ഈ കുടുക്കു ശാശ്വതമല്ല. ആ കൂട്ടിന്നുള്ളില്‍ കിടന്നു നമുക്ക് ആദ്ധ്യാത്മികാനുഭൂതി വളരും. പട്ടുനൂല്‍പുഴുവിനെപ്പോലെ (കൂടു ഭേദിച്ച്) നാം പുറത്തു വരും. നാംതന്നെയാണ് നമുക്കു ചുറ്റും ഈ കര്‍മ്മജാലം നെയ്തു കൂട്ടിയത്. ഈ വാസ്തവമറിയാതെ ബദ്ധന്‍മാരെന്നു നാം വിചാരിക്കുന്നു, തേങ്ങുന്നു, കരയുന്നു, സഹായം തേടുന്നു.
സഹായം പുറമേനിന്നു വരില്ല, നമ്മുടെ ഉള്ളില്‍ നിന്നുതന്നെ വരണം. ജഗത്തിലുള്ള സര്‍വ്വദേവന്‍മാരെയും വിളിച്ചു കരയാം. ഞാനും വളരെക്കാലം കരഞ്ഞു. ഒടുവില്‍ എനിക്കു സഹായമുണ്ടാകുകയും ചെയ്തു. പക്ഷേ അതു വന്നത് ഉള്ളില്‍നിന്നാണ്. മുമ്പു തെറ്റുചെയ്തതെല്ലാം എനിക്കു പിന്നെ തിരുത്തേണ്ടിവന്നു. അതേ വഴിയുള്ളൂ. എനിക്കു ചുറ്റും ഞാനുണ്ടാക്കിയ വല ഞാന്‍ മുറുക്കേണ്ടി വന്നു. അതിനുള്ള കഴിവ് എന്റെ ഉള്ളില്‍നിന്നു തന്നെവന്നു. ഈ ഒരു സംഗതി എനിക്കു തീര്‍ച്ചയായിട്ടുണ്ട്, എന്റെ ജീവിതത്തില്‍ എനിക്കുണ്ടായ ഒരഭിലാഷവും വ്യര്‍ത്ഥമായിട്ടില്ല, ശരിയായ വഴിക്കോ തെറ്റായ വഴിക്കോ ഉള്ളതായാലും ഒന്നും വ്യര്‍ത്ഥമായിട്ടില്ല: മുമ്പു നന്‍മയായിരുന്നതിന്റെയും തിന്‍മയായിരുന്നതിന്റെയും രണ്ടിന്റെയും കൂടിയ ഫലമാണ് ഇന്നു ഞാനായിരിക്കുന്നത്. ഞാന്‍ പല തെറ്റും ചെയ്തിട്ടുണ്ട്, എന്നാല്‍ നിങ്ങള്‍ ഒന്നു മനസ്സിലാക്കണം: ആ ഓരോ തെറ്റും ചെയ്തില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്നത്തെ ഞാനാകുമായിരുന്നില്ല. ഇതെനിക്കു തീര്‍ച്ചയുണ്ട്. അതുകൊണ്ട് അതെല്ലാം ചെയ്തതിനെക്കുറിച്ചു ഞാന്‍ ദുഃഖിതനല്ല, സംതൃപ്തനാണ്. ഈ പറഞ്ഞത്, നിങ്ങള്‍ വീട്ടില്‍ ചെന്നു കല്പിച്ചുകൂട്ടി തെറ്റു ചെയ്യണം എന്നര്‍ത്ഥത്തിലല്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്. നിങ്ങള്‍ക്കു തെറ്റുകള്‍ പിണഞ്ഞുപോയിട്ടുണ്ടെങ്കില്‍ അതോര്‍ത്തു കുണ്ഠിതപ്പെട്ടിരിക്കേണ്ട, ഒടുവില്‍ എല്ലാം ശരിപ്പെടും എന്നാണ് മനസ്സിലാക്കേണ്ടത്. അങ്ങനെ വരാതിരിപ്പാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ നന്‍മയാണ് നമ്മുടെ പ്രകൃതി, നിര്‍മ്മലതയാണ് നമ്മുടെ പ്രകൃതി: ആ പ്രകൃതിയെ നശിപ്പിക്കാന്‍ ഒന്നിനും ഒരു കാലത്തും സാദ്ധ്യമല്ല. ആ സാക്ഷാല്‍പ്രകൃതി ഏതു കാലത്തും ഒരു പോലിരിക്കുന്നു.
നാം മനസ്സിലാക്കേണ്ടതിതാണ്; തെറ്റെന്നോ തിന്മയെന്നോ പറയപ്പെടുന്നതു നാം ചെയ്തുപോകാനിടയുണ്ട്. എന്തുകൊണ്ട്? നാം ബലഹീനരാകകൊണ്ട്: ബലഹീനത്വത്തിനു സംഗതിയോ? അജ്ഞാനം. (തിന്മ എന്നതിനേക്കാള്‍) തെറ്റ് എന്ന പേര്‍ പറയാനാണ് എനിക്കിഷ്ടം. പാപമെന്ന വാക്ക് ആദികാലത്തു നന്നായിരുന്നു. പില്‍ക്കാലത്ത് അതില്‍ ഭയങ്കരായ ഒരു ചുവ വന്നു പെട്ടിട്ടുണ്ട്. നമ്മെ അജ്ഞരാക്കുന്നത് ആരാണ്? നാം തന്നെ. നാം സ്വന്തം കൈകൊണ്ടു കണ്ണുപൊത്തി ഇരുട്ടായല്ലോ എന്നു വിലപിക്കുന്നു. കയ്യെടുക്കുക, പ്രകാശമായി. പ്രകാശം എപ്പോഴും നമുക്കുണ്ട്. ആത്മാവിന്റെ സ്വപ്രകാശസ്വരൂപം. ആധുനികശാസ്ത്രജ്ഞന്‍മാര്‍ പറയുന്നതു കേള്‍ക്കുന്നില്ലേ? പരിണാമത്തിനു കാരണമെന്ത്? ഇച്ഛ.
ഒരു പ്രാണിക്കു ഒന്നു ചെയ്യണമെന്നു തോന്നുന്നു. പക്ഷേ ചുറ്റുപാടുകള്‍ അതിനനുകൂലല്ല. അപ്പോള്‍ അത് ഒരു പുതിയ ശരീരത്തെ വികസിപ്പിക്കുന്നു. വികാസമുണ്ടാക്കുന്നതാര്? ആ പ്രാണിതന്നെ. അതിന്റെ ഇച്ഛാശക്തി. അതിസൂക്ഷ്മമായ അണുബീജത്തില്‍നിന്നാണ് നിങ്ങള്‍ വളര്‍ന്നു വന്നത്. ഇച്ഛാശക്തിയുടെ പ്രവര്‍ത്തനംകൊണ്ട് ഇനിയും മേലേ്പാട്ടു വളരാം. ഇച്ഛാശക്തി സര്‍വ്വശക്തിമത്താണ്. എന്നാല്‍ എന്തുകൊണ്ട് എനിക്ക് എല്ലാം ചെയ്യാന്‍ കഴിയുന്നില്ല എന്നു ചോദിക്കും: അതു ചോദിക്കുമ്പോള്‍ നിങ്ങള്‍ ചെറിയ വ്യക്തിയെപ്പറ്റിയേ വിചാരിക്കുന്നുള്ളൂ. അണുബീജത്തില്‍ നിന്നു മനുഷ്യത്വത്തിലേക്കു വന്നതിനെ തിരിഞ്ഞുനോക്കുക. ആ വളര്‍ച്ചയെല്ലാം ആരുണ്ടാക്കി? നിങ്ങളുടെ ഇച്ഛ! പിന്നെ നിങ്ങള്‍ക്കു സര്‍വ്വശക്തിത്വമില്ലെന്നു എങ്ങനെ പറയാം? നിങ്ങളെ ഇത്രയും ഉയര്‍ത്തിക്കൊണ്ടുവന്നത് ഇനിമേലും ഉയര്‍ത്തും. നിങ്ങള്‍ക്കു വേണ്ടത് ഇച്ഛാശക്തിയുടെ പ്രാബല്യം, സ്വഭാവദാര്‍ഢ്യം അതുമാത്രം.
പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 18, 1896) – തുടരും