ഇതുവരെ നോക്കിയേടത്തോളം മതങ്ങളെ സംബന്ധിച്ച് സര്‍വ്വസമാനസംഗതികള്‍ വല്ലതും കാണ്മാന്‍ പ്രയാസമാണെന്ന് നാം കണ്ടുവല്ലോ: എന്നാല്‍ അങ്ങനെ ചിലത് ഉണ്ടെന്ന് നമുക്കറിവുണ്ടുതാനും. നാമെല്ലാവരും മനുഷ്യരാണ്, എന്നാല്‍ നാമെല്ലാവരും സമന്‍മാരോ? അല്ല, നിശ്ചയം. സമന്‍മാരാണെന്ന് ആരു പറയുന്നു? ഭ്രാന്തന്‍മാത്രം. ബുദ്ധിയിലും ശക്തികളിലും ശരീരങ്ങളിലും നാമെല്ലാവരും ഒരുപോലെയോ? ഒരാള്‍ മറ്റൊരാളെക്കാള്‍ ബലശാലി, ഒരാള്‍ മറ്റൊരാളെക്കാള്‍ ബുദ്ധിശാലി, നാം സമന്‍മാരാണെങ്കില്‍ ഈ വ്യത്യാസം എന്തുകൊണ്ട്? അതു ആരുണ്ടാക്കി? നാം തന്നെ, ശക്തികളിലും ബുദ്ധിയിലും ദേഹബലത്തിലും ഏറ്റക്കുറവുകള്‍ ഉള്ളതുകൊണ്ട് നമുക്കു തമ്മില്‍ അസമത്വം ഉണ്ടായിത്തന്നെയിരിക്കും. എങ്കിലും സമത്വമെന്ന ഭാവന നമ്മുടെ ഹൃദയത്തെ ആകര്‍ഷിക്കുന്നുണ്ടെന്നു നമുക്കറിയാം. നാം എല്ലാവരും മനുഷ്യര്‍തന്നെ, ചിലര്‍ പുരുഷന്‍മാര്‍, ചിലര്‍ സ്ര്തീകള്‍: ഒരാള്‍ കറുത്തവന്‍, ഒരാള്‍ വെളുത്തവന്‍. എന്നാല്‍ എല്ലാവരും മനുഷ്യര്‍, ഒരേ മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടവര്‍. മുഖങ്ങള്‍ വിവിധങ്ങള്‍, ഒരുപോലെയുള്ള രണ്ടുമുഖങ്ങള്‍ കാണ്മാനില്ല. എങ്കിലും എല്ലാവരും മനുഷ്യര്‍തന്നെ. ഈ ഏകമായ മനുഷ്യത്വം എവിടെയിരിക്കുന്നു?
പുരുഷനോ സ്ര്തീയോ, കറുത്തവനോ, വെളുത്തവനോ ആയിക്കാണുന്ന ഈ നാനാത്വത്തില്‍ അവയ്ക്കു പൊതുവായി ഒരു മനുഷ്യത്വഭാവം ഉണ്ടെന്നു നാം അറിയുന്നു. അതിനെ ഗ്രഹിപ്പാന്‍, അതിനെ ഇന്ദ്രിയവിഷയമാക്കുവാന്‍, അതിനെ വേര്‍പ്പെടുത്തി സാക്ഷാല്‍ക്കരിക്കുവാന്‍ നാം ശ്രമിച്ചാലും അതു സാദ്ധ്യമാകുന്നില്ല. പക്ഷേ അതുണ്ട് എന്നു നിശ്ചയം. ഏതെങ്കിലും ഒരു സംഗതി ഉറപ്പായുണ്ടെങ്കില്‍ അതു ഈ സര്‍വ്വസമാനമായ മനുഷ്യത്വം എന്നതുണ്ട് എന്നുള്ളതാകുന്നു. ആ സര്‍വ്വസാധാരണഭാവത്തില്‍ക്കൂടെയാകുന്നു ഞാന്‍ നിങ്ങളെ ഒരു പുരുഷനായോ സ്ര്തീയായോ കാണുന്നത്. അതുപോലെയാകുന്നു ലോകത്തിലുള്ള വിവിധ മതങ്ങളില്‍ക്കൂടെയും ഈശ്വരനെന്ന ഭാവത്തില്‍ അനുസ്യൂതമായിരിക്കുന്ന വിശ്വമതവും. അതു ശാശ്വതമായുണ്ടായിരിക്കേണ്ടതും, ഉള്ളതുമാകുന്നു: ‘ഈ മണികളെ കോര്‍ത്തിരിക്കുന്ന സൂത്രം (നൂല്‍) ഞാനാകുന്നു.’ ഓരോ മണിയും ഓരോ മതമോ മതശാഖയോ ആകുന്നു. വിവിധമണികള്‍ അത്തരവും അവയിലൂടെ ഓടുന്ന നൂല്‍ ഈശ്വരനും ആകുന്നു, മനുഷ്യരില്‍ ഭൂരിപക്ഷവും അതറിയുന്നില്ല എന്നുമാത്രം.
നാനാത്വത്തില്‍ ഏകത്വം എന്നതാകുന്നു പ്രപഞ്ചവ്യവസ്ഥ. നാമെല്ലാവരും മനുഷ്യരാണെങ്കിലും നാം പരസ്പരം വ്യത്യസ്തന്‍മാരായിരിക്കുന്നു. മനുഷ്യരാശിയുടെ അംശം എന്ന നിലയില്‍ ഞാനും നിങ്ങളും ഒന്ന്: എന്നാല്‍ ശ്രീ ഇന്ന ആള്‍ എന്ന നിലയില്‍ നാം വേറെ വേറെ. ഒരു പുരുഷന്‍ എന്ന ഭാവത്തില്‍ നിങ്ങള്‍ സ്ര്തീയില്‍നിന്നും ഭിന്നന്‍, മനുഷ്യഭാവത്തില്‍ നിങ്ങള്‍ രണ്ടുപേരും ഒന്ന്. മനുഷ്യഭാവത്തില്‍ നിങ്ങള്‍ മൃഗത്തില്‍നിന്നു വ്യത്യസ്തന്‍, എന്നാല്‍ പ്രാണിഭാവത്തില്‍ നിങ്ങളും തിര്യഗ്ജന്തുക്കളും സസ്യങ്ങളും ഒന്ന്. സത്ത (ഉണ്മ) എന്ന ഭാവത്തിലാവട്ടെ നിങ്ങളും പ്രപഞ്ചം ആസകലവും ഒന്നായിരിക്കുന്നു. ആ സര്‍വ്വസത്ത, പ്രപഞ്ചത്തില്‍ പരമാവധിയായുള്ള ഐക്യം, ആകുന്നു ഈശ്വരന്‍. ആ ഈശ്വരങ്കല്‍ നാം എല്ലാം ഒന്ന്. ദൃശ്യാവസ്ഥയിലാവട്ടെ ഈ നാനാത്വങ്ങള്‍ എന്നും ഉണ്ടായിരിക്കുകയും വേണം. പുറമെ പ്രത്യക്ഷപ്പെടുന്നവിധമുള്ള നമ്മുടെ കര്‍മ്മങ്ങളിലും ശക്തികളിലും ഈ വ്യത്യാസങ്ങള്‍ എന്നും ഉണ്ടായിരിക്കണം എന്നുള്ളതു നിശ്ചിതമാകുന്നു. അപ്പോള്‍ വിശ്വതമതം എന്ന ഭാവനയാല്‍ വന്നുകൂടുന്നത് എല്ലാ മനുഷ്യരും ഏതെങ്കിലും ഒരു പ്രത്യേക സിദ്ധാന്തസമുച്ചയത്തില്‍ വിശ്വസിക്കുക എന്നര്‍ത്ഥമാകുന്നു എങ്കില്‍ അത് തീരെ അസംഭാവ്യമാകുന്നു, അതു ഒരിക്കലും സാദ്ധ്യമല്ല.
എല്ലാ മുഖങ്ങളും ഒരേവിധം ഇരിക്കുക എന്നൊരു കാലം ഒരിക്കലും ഉണ്ടാകയില്ല. അതുപോലെതന്നെ സകലമനുഷ്യര്‍ക്കും സ്വീകാര്യമായ പുരാണകഥയുണ്ടാകുക എന്നതും അസംഭാവ്യം. സര്‍വ്വസമാനമായ ആരാധനാപദ്ധതിയും അസംഭാവ്യം. അങ്ങനെയൊരവസ്ഥ ഒരിക്കലും വരാവുന്നതല്ല: വന്നുപോയാല്‍ ലോകം നശിച്ചുപോകും. എന്തുകൊണ്ടെന്നാല്‍ നാനാത്വം, വിവിധത്വം, ആകുന്നു ജീവിതത്തിന്റെ പ്രഥമതത്ത്വം. നാം രൂപമുളളവരായിരിക്കുന്നത് എങ്ങനെ? വ്യത്യസ്തത നിമിത്തം പൂര്‍ണ്ണസമത്വം നമ്മുടെ നാശമാകും. താപം (ഉഷ്ണം) സമമായും പൂര്‍ണ്ണമായും പ്രസരിക്കുക എന്നുള്ളത് അതിന്റെ സ്വഭാവമാകുന്നു. ഈ മുറിയിലുള്ള താപം അപ്രകാരം (സമമായും സമഗ്രമായും) പ്രസരിച്ചു കഴിഞ്ഞാല്‍ പിന്നെ ആ താപം എന്ന നിലതന്നെ ഇല്ലെന്നാകും.
പ്രപഞ്ചത്തില്‍ ചലനം ഉണ്ടാകുന്നത് എന്തുകൊണ്ട്? സാമ്യാവസ്ഥയുടെ ഭംഗം (സമനില തെറ്റല്‍) നിമിത്തം. സാര്‍വ്വത്രികമായ സമനിലയുണ്ടാകുന്നത് പ്രപഞ്ചനാശത്തില്‍മാത്രം. അപ്പോഴല്ലാതെ ആ നില സംഭാവ്യമല്ല. എന്നുമാത്രമല്ല, അങ്ങനെ വരുന്നത് ആപ്തകരവുമാണ്. നാം എല്ലാപേരും ഒരേവിധം വിചാരിക്കണം എന്നു നാം ആഗ്രഹിക്കരുത്. അങ്ങനെയായാല്‍ നമുക്കു വിചാരിപ്പാന്‍ ഒന്നും ഉണ്ടാകയില്ല. നാം പ്രദര്‍ശനശാലയില്‍ കാണുന്ന ഈജിപ്ത്‌രാജ്യത്തിലെ സുരക്ഷിതശവങ്ങളെ പോലെ നിശ്ചിന്തന്‍മാരായി അന്യോന്യം നോക്കിയിരിക്കുന്നതുപോലെയാകും. ഈ വ്യത്യാസം, ഈ ഭിന്നിപ്പ്, ഈ സമതാഭംഗം ആകുന്നു നമ്മുടെ ചിന്തകളുടെയും പുരോഗമനത്തിന്റെയും ജീവനായിരിക്കുന്നത്. ഇത് ഈവിധം തന്നെയായിരിക്കണം.
എന്നാല്‍ പിന്നെ വിശ്വമതം എന്ന് ആദര്‍ശമായി പറയുന്നതിന്റെ താല്പര്യമെന്ത്? സര്‍വ്വമനുഷ്യരും ഒരുപോലെ സ്വീകരിക്കുന്ന ഒരു തത്ത്വമെന്നോ പുരാണകഥയെന്നോ പൂജാസമ്പ്രദായമെന്നോ അല്ല ഞാന്‍ വിചാരിക്കുന്നത്: അതു സാദ്ധ്യമല്ല. ലോകം ചക്രങ്ങള്‍ക്കുള്ളില്‍ ചക്രങ്ങള്‍വെച്ച് വിഷമംപിടിച്ചു നൂലാമാലയായി അത്യാശ്ചര്യകരമായ ഒരു മഹായന്ത്രമായിത്തന്നെയിരിക്കും എന്ന് എനിക്കറിയാം. ആ സ്ഥിതിയില്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും? നമുക്ക് അതിലെ ചക്രങ്ങള്‍ക്ക് എണ്ണകൊടുത്ത്, കടികൂടുന്നത് ചുരുക്കി, യന്ത്രഗതിക്കു മയമുണ്ടാക്കുവാന്‍ സാധിക്കും. അതെങ്ങനെ? ഈ വിവിധത്വം സ്വാഭാവികമായിത്തന്നെ വേണ്ടതാണെന്നു മനസ്സിലാക്കുന്നതുകൊണ്ട്: ഏകത്വം പ്രകൃത്യാ നമുക്കുള്ളതുപോലെ നാനാത്വവും സ്വാഭാവികമാണെന്നു ധരിക്കുന്നതുകൊണ്ട്. ഒരേ തത്ത്വം ഒരു ലക്ഷം പ്രകാരഭേദത്തില്‍ പ്രകാശിപ്പിക്കാമെന്നും അതോരോന്നും പ്രകാശിക്കുന്നേടത്തോളം സത്യമാണെന്നും നാം മനസ്സിലാക്കണം. ഒരേ വസ്തുവിനെ പലഭാഗങ്ങളില്‍നിന്നും നോക്കിക്കാണാം. കാണുന്നതെല്ലാം ആ വസ്തുവിനെത്തന്നെയായിരിക്കും.
സൂര്യനെ ഉദാഹരണമായെടുക്കുക. ഭൂമിയില്‍ നില്‍ക്കുന്ന ഒരാള്‍ പ്രാതഃകാലത്ത് ഉദിച്ചുയരുന്ന സൂര്യനെ നോക്കുന്നു എന്നു വിചാരിക്കുക: അയാള്‍ ഒരു വലിയ പന്തു കാണും. ഒരു ഛായാഗ്രഹണി കൈയിലെടുത്ത് സൂര്യനിലേയ്ക്കു അയാള്‍ പ്രയാണം ചെയ്യുന്നു എന്നും യാത്രയില്‍ ഓരോ സ്ഥാനത്തുവെച്ച് സൂര്യന്റെ ഛായ എടുത്തുകൊണ്ട് സൂര്യനില്‍ ചെന്നെത്തുന്നു എന്നും വിചാരിക്കുക. ഓരോ സ്ഥാനത്തുവെച്ച് എടുത്ത ഛായ മറ്റോരോ സ്ഥാനത്തുവെച്ച് എടുത്തതില്‍നിന്നും വ്യത്യാസപ്പെട്ടിരിക്കും. അയാള്‍ മടങ്ങിവരുമ്പോള്‍ അയാളുടെ കൈയില്‍ അനേകം ഛായകള്‍ ഉണ്ടായിരിക്കും. അതോരോന്നും വെവ്വേറെ സൂര്യന്‍മാരുടേതുപോലെയിരിക്കും. എന്നാല്‍ അവയെല്ലാം ഒരേ സൂര്യന്റെ ഛായ വിഭിന്നസ്ഥാനങ്ങളില്‍നിന്ന് എടുത്തതാണെന്നു നമുക്കറിയാം. ഈശ്വരകാര്യവും അതേവിധമാകുന്നു. ഉത്കൃഷ്ടമോ നികൃഷ്ടമോ ആയ തത്ത്വബോധത്തില്‍ക്കൂടെയോ, അതിസൂക്ഷ്മാര്‍ത്ഥമോ സ്ഥൂലാര്‍ത്ഥമോ ആയ കഥകളില്‍ക്കൂടെയോ, അത്യന്തം പരിഷ്‌കൃതമോ അതിപ്രാകൃതമോ ആയ പൂജാപദ്ധതിയില്‍ക്കൂടെയോ പോകുന്നതായിരുന്നാലും, ഏതൊരു ശാഖയും ഏതു ജീവനും ഏതു രാഷ്ട്രവും ഏതു മതവും അറിഞ്ഞോ അറിയാതെയോ ഈശ്വരാഭിമുഖമായിട്ടാകുന്നു പ്രയാണം ചെയ്യുന്നത്: മനുഷ്യന്നുണ്ടാകുന്ന ഏതൊരു തത്ത്വദര്‍ശനവും ഈശ്വരദര്‍ശനമാകുന്നു. മറ്റോന്നിന്റെയും ദര്‍ശനമല്ല.
ഒരു സരസ്സില്‍നിന്നു ജലം കൊണ്ടുവരുവാന്‍ നാം എല്ലാവരും ഓരോ പാത്രം കൈയില്‍വെച്ചുകൊണ്ടു പോകുന്നു. ഒരാളുടെ കൈയില്‍ ഒരു കോപ്പ, മറ്റൊരാളുടെ കൈയില്‍ ഒരു ഭരണി, വേറെ ഒരാളുടെ കൈയില്‍ ഒരു കൊട്ടക്കോരിക. ഇങ്ങനെയാണ് കൊണ്ടുപോയി. എല്ലാവരും അവരവരുടെ പാത്രം നിറച്ചു കൊണ്ടുവരുന്നു. ഓരോരുത്തരുടെ കൈയിലുള്ള ജലവും അവരവരുടെ പാത്രത്തിന്നനുസരിച്ച രൂപത്തിലായിരിക്കും. എന്നാല്‍ എല്ലാറ്റിലും ഉള്ളത് ജലം. ഒരേ ജലം മറ്റൊന്നുമല്ല. മതകാര്യവും അങ്ങനെയാകുന്നു. നമ്മുടെ മനസ്സുകള്‍ നമ്മുടെ പാത്രങ്ങള്‍ പോലെ: നമ്മുടെ എല്ലാവരുടെയും യത്‌നം ഈശ്വരഗ്രഹണത്തിന്നും. ഈശ്വരന്‍ വിവിധപാത്രങ്ങളില്‍ നിറയുന്ന ജലംപോലെ: ഓരോ പാത്രത്തിലും നിറയുന്ന പാത്രസ്വരൂപം അനുസരിച്ച് ഈശ്വരപ്രാപ്തിയും. എന്നാല്‍ ഈശ്വരന്‍ ഒന്നേ ഒന്ന്. ഏതു പാത്രത്തിലും ഈശ്വരന്‍. അഖിലാത്മകത്വത്തിന്റെ ഇത്രമാത്രം അംഗീകാരമാകുന്നു നമുക്കു ലഭിക്കാവുന്നത്.
ആലോചനയില്‍ പെടുന്നിടത്തോളം ഇതു ശരി. പക്ഷേ ഈ ബോധത്തില്‍ മതങ്ങള്‍ക്കു തമ്മില്‍ രഞ്ജിപ്പുണ്ടാക്കുവാന്‍ നടപ്പില്‍ വരുത്താവുന്ന പദ്ധതി വല്ലതുമുണ്ടോ? നാനാത്വമായുള്ള മതഭാവനകള്‍ എല്ലാം സത്യമാണെന്നു വളരെ വളരെ പഴയ കാലത്തേ കണ്ടറിഞ്ഞിട്ടുള്ളതാകുന്നു. അവയെ തമ്മില്‍ ഇണക്കി സര്‍വ്വസ്വീകാര്യമായ ഒരു മതം പ്രഖ്യാപനം ചെയ്യാനും എല്ലാ മതങ്ങളും സൗഹാര്‍ദ്ദമായി മേളിപ്പാനും അനേകശതയത്‌നങ്ങള്‍ ഇന്ത്യയിലും അലാഡ്രിയായിലും യൂറോപ്പിലും ചൈനയിലും ജപ്പാനിലും തിബത്തിലും ഒടുവില്‍ അമേരിക്കയിലും ഉണ്ടായിട്ടുണ്ട്. അവയെല്ലാം പരാജയപ്പെട്ടു: കാരണം, അവയ്ക്കു ഒരു പ്രായോഗികപദ്ധതിയും ഉണ്ടായിരുന്നില്ല. എല്ലാ മതങ്ങളും ശരിയാണെന്നു പലരും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സമ്മേളനത്തില്‍ ഓരോന്നിന്റെയും വ്യക്തിത്വം, പ്രത്യേകത, പൊയ്‌പോകാതെ പരിപാലിച്ച് കൂടിയിണങ്ങിയിരിപ്പാനുള്ള പ്രായോഗമാര്‍ഗ്ഗം ആരും കാണിച്ചുതരുന്നില്ല. ഏതു മതസ്ഥന്റെയും വ്യക്തിത്വത്തിന്, പ്രത്യേകസ്ഥിതിക്ക്, കോട്ടം തട്ടിക്കാതെയും എന്നാല്‍ അതേ സമയം ഇതരന്‍മാരുമായി ഐക്യം പ്രാപിക്കാവുന്ന ഒരു സ്ഥാനം കാട്ടിക്കൊടുത്തുകൊണ്ടും ഉള്ള ഒരു പദ്ധതി മാത്രമെ പ്രായോഗികമായുള്ളൂ. എന്നാല്‍ ഈ കാലംവരെയുണ്ടായിട്ടുള്ള മതസൗഹാര്‍ദ്ദപദ്ധതികള്‍ എല്ലാം നാനാമതങ്ങളിലെയും തത്ത്വഭാവനകള്‍ എടുത്തുകൂട്ടി ഒരു സിദ്ധാന്തസമുച്ചയമാക്കി എല്ലാമതങ്ങളെയും അതില്‍ ബന്ധിക്കുകയാണ് വാസ്തവത്തില്‍ ചെയ്തിട്ടുള്ളത്. അതിന്റെ ഫലമായിട്ട് വിരോധഭാവത്തില്‍ പരസ്പരം ഉന്തിത്തള്ളി ക്ലേശിക്കുന്ന പുതിയ മതശാഖകളെ ഉദ്ഭവിപ്പിക്കയും ചെയ്തിട്ടുണ്ട്.
ഒരു ചെറിയ പദ്ധതി എന്റെ വകയായും ഉണ്ട്. അതു നടപ്പില്‍ വരുന്നതോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ. നിരൂപണത്തിന്നുവേണ്ടി അതു നിങ്ങള്‍ക്കു അറിവാക്കിത്തരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യമായിട്ട് മനുഷ്യലോകത്തോടു എനിക്കു ആവശ്യപ്പെടുവാനുള്ളത് “നശിപ്പിക്കരുത്’ എന്ന മുദ്രവാക്യം അംഗീകരിപ്പാനാകുന്നു. നശിപ്പിക്കുന്ന പരിഷ്‌കര്‍ത്താക്കള്‍ ലോകത്തില്‍ ഒരു നന്മയും ചെയ്യുന്നില്ല. നശിപ്പിക്കാതിരിക്കുക, വലിച്ചിട്ടു താഴ്ത്താതിരിക്കുക, നേരെമറിച്ച് നിര്‍മ്മിക്കുക, ഉയര്‍ത്തുക, കഴിവുണ്ടെങ്കില്‍ സഹായിക്കുക, കഴിവില്ലയോ, കൈയ്‌കെട്ടി സംഭവസാക്ഷിയായി നില്‍ക്കുക. സഹായം ചെയ്‌വാന്‍ ശേഷിയില്ലയോ, ദ്രോഹം ചെയ്യാതിരിക്കുക. ഒരാളുടെയും ആത്മാര്‍ത്ഥമായ വിശ്വാസത്തിന് എതിരായി ഒരു വാക്കുപോലും പറയാതിരിക്കുക.
രണ്ടാമതായിട്ട്, ആര്‍ എതു നിലയില്‍ സ്ഥിതിചെയ്യുന്നുവോ ആ നിലയില്‍നിന്ന് അയാളെ മേലേ്പാട്ടു കയറ്റുക. സര്‍വ്വമതങ്ങളുടെയും കേന്ദ്രസ്ഥന്‍ ഈശ്വരനാകുന്നു എന്നുള്ളതും, നാം ഓരോരുത്തരും ഓരോ ക്ലിപ്തരേഖയില്‍ക്കൂടെ ആ കേന്ദ്രത്തിലേയ്ക്കു – ഈശ്വരങ്കലേയ്ക്കു – പ്രയാണം ചെയ്യുന്നു എന്നുള്ളതും, സത്യമെന്നിരിക്കില്‍ നാമേവരും ആ കേന്ദ്രത്തില്‍ എത്തിച്ചേരും എന്നു നിശ്ചിതമാകുന്നു. സമസ്തരേഖകളും കൂട്ടിമുട്ടുന്ന ആ കേന്ദ്രസ്ഥാനത്തു എത്തുമ്പോള്‍ നമുക്ക് ഇപ്പോഴുള്ള വ്യത്യാസങ്ങള്‍ എല്ലാം ഇല്ലാതാകും: ആ സ്ഥാനത്ത് എത്തുന്നതുവരെയാവട്ടെ, വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുകയും വേണം. രേഖകള്‍ എല്ലാം അന്യോന്യദൂരം കുറഞ്ഞ് കേന്ദ്രത്തിലേക്കു കൂടിക്കൂടി ചെല്ലുന്നു. ഒരാള്‍ സ്വപ്രകൃതിയനുസരിച്ച് ഒരു രേഖയില്‍ക്കൂടെ പോകുന്നു: മറ്റൊരാള്‍ മറ്റൊരു രേഖയില്‍ക്കൂടെ. നാമെല്ലാവരും സ്വന്തം രേഖകള്‍ വഴി മുന്നോട്ടു ചെന്നുകൊണ്ടിരുന്നാല്‍ ഒടുവില്‍ എല്ലാവരും ഒരേ കേന്ദ്രത്തില്‍ എത്തും, നിശ്ചയംതന്നെ.
നാം ഓരോരുത്തരും സഹജസ്വഭാവാനുസാരം വളര്‍ന്നു വികസിക്കുന്നു: തക്കസമയത്ത് പരമതത്ത്വം അറിയുകയും ചെയ്യുന്നു. അവനവന്ന് അവനവന്‍തന്നെ ഗുരു. നമുക്ക് എന്തു ചെയ്യാന്‍ കഴിയും? ഒരു ശിശുവിനെപ്പോലും പഠിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിവുണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? നിങ്ങള്‍ക്കു കഴിവില്ല. ശിശു തന്നത്താന്‍ പഠിക്കുന്നു. അതിനു അവസരം കൊടുക്കുകയും തടസ്സങ്ങളെ നീക്കുകയും മാത്രമാകുന്നു നിങ്ങളുടെ കര്‍ത്തവ്യം. ഒരു ചെടി വളരുന്നു. നിങ്ങള്‍ അതിനെ വളര്‍ത്തുകയാണോ? അതിനു ചുറ്റും വേലി കെട്ടി വല്ല മൃഗവും അതിനെ തിന്നുപോകാതിരിക്കാന്‍ സൂക്ഷിക്കുക, അത്രയേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ: അത്രകൊണ്ട് നിങ്ങളുടെ കൃത്യം അവസാനിച്ചു. ചെടി തനിയേ വളരുന്നു. ഇതുപോലെയാകുന്നു ഓരോ മനുഷ്യന്റെയും ആത്മികവളര്‍ച്ച. നിങ്ങളെ പഠിപ്പിക്കാന്‍ ആര്‍ക്കും കഴിവില്ല: നിങ്ങളെ അദ്ധ്യാത്മപുരുഷനാക്കുവാന്‍ ആര്‍ക്കും ശക്തിയില്ല. നിങ്ങള്‍ക്കു ഗുരു നിങ്ങള്‍തന്നെ. നിങ്ങളുടെ വളര്‍ച്ച നിങ്ങളുടെ ഉള്ളില്‍നിന്നുവരണം.
വിശ്വമതാദര്‍ശം – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – തുടരും.