സ്വാമി വിവേകാനന്ദന്‍

ബാഹ്യഗുരുവിന് എന്തു ചെയ്യുവാന്‍ കഴിയും? വിഘ്‌നങ്ങളെ കുറച്ചു പരിഹരിക്കാം. അത്രയേ കൃത്യമുള്ളൂ. അതുകൊണ്ട് കഴിവുള്ളതുപോലെ സഹായിക്കുക, പക്ഷേ നശിപ്പിക്കരുത്. മനുഷ്യരെ ആത്മവാന്‍മാരാക്കുവാന്‍ നിങ്ങള്‍ക്കു കഴിയും എന്നുള്ള ഭാവനകളെല്ലാം പരിത്യജിക്കുക. അതു അസാദ്ധ്യം. സ്വന്തം ആത്മാവല്ലാതെ നിങ്ങള്‍ക്കു വേറെ ഗുരുവില്ല, ഇതു മനസ്സിലാക്കണം. അതുകൊണ്ട് എന്തു ഫലമുണ്ടാകും? ജനങ്ങളില്‍ അനേകം ഭിന്നഭിന്നപ്രകൃതികള്‍ കാണുന്നില്ലേ? മനസ്സിലും വാസനകളിലും പ്രകൃതിഭേദം ആയിരം ആയിരം ആയിട്ടുണ്ട്. അവയെ തരം തിരിച്ച് ക്ലിപ്തവകുപ്പുകളിലാക്കുവാന്‍ സാദ്ധ്യമല്ല: എന്നാല്‍ ആവശ്യം നടക്കുവാന്‍ അവയെ നാലു വകുപ്പുകളാക്കിയാല്‍ മതിയാവുന്നതാണ്.

ഒന്നാമത്, ഉത്‌സാഹശീലനായ കര്‍മ്മി, അയാള്‍ക്ക് കര്‍മ്മം ചെയ്തുകൊണ്ടിരിക്കണം, അയാളുടെ മാംസപേശികളിലും സിരകളിലും ഗംഭീരശക്തി കിടപ്പുണ്ട്. കര്‍മ്മം ചെയ്യുക, ആസ്പത്രികള്‍ കെട്ടുക, നിരത്തുകള്‍ വെട്ടുക, സാധുസേവചെയ്യുക, സംഘടനകളുണ്ടാക്കുക, പദ്ധതികള്‍ രൂപീകരിക്കുക ഇതെല്ലാമാകുന്നു അയാളുടെ ലക്ഷ്യം. പിന്നെ ഒരുതരമുള്ളത് വികാരപരനായവന്‍. അയാള്‍ സുന്ദരവും മഹത്തുമായ വസ്തുക്കളെ അതിമാത്രം സ്നേഹിക്കുന്നു. രമണീയവസ്തുക്കളെപ്പറ്റി വിചാരിക്കാനും പ്രകൃതിയിലെ സുകുമാരഭാവങ്ങളില്‍ ആനന്ദിക്കാനും പ്രേമത്തേയും പ്രേമസ്വരൂപനായ ഈശ്വരനേയും ആരാധിക്കാനും അയാള്‍ തത്പരനാകുന്നു. ഏതു കാലത്തും ഉണ്ടായിട്ടുള്ള മഹാത്മാക്കളേയും, മതപ്രവര്‍ത്തകന്‍മാരേയും അവതാരങ്ങളേയും അയാള്‍ സര്‍വ്വാത്മനാ സ്നേഹിക്കുന്നു: ക്രിസ്തുവോ ബുദ്ധനോ വാസ്തവമായും ഉണ്ടായിരുന്നു എന്ന് യുക്തികൊണ്ടു തെളിയുന്നുണ്ടോ ഇല്ലയോ എന്ന് അയാള്‍ നോക്കുന്നില്ല: ക്രിസ്തു മലമേല്‍ വെച്ചു പ്രസംഗിച്ചതു ഏതു തീയതിക്കായിരുന്നു എന്നോ, കൃഷ്ണന്‍ ജനിച്ച ലഗ്‌നം ഏതായിരുന്നു എന്നോ ഉള്ള നോട്ടം അയാള്‍ക്കില്ല: അവരുടെ രമ്യപ്രകൃതികള്‍, അവരുടെ കമനീയവിഗ്രഹങ്ങള്‍, ഇവയില്‍ മാത്രം അയാള്‍ ദൃഷ്ടിവെയ്ക്കുന്നു. അങ്ങനെയാകുന്നു അയാളുടെ ആദര്‍ശം. ഇതാകുന്നു വികാരപരനായ പ്രേമാത്മകന്റെ സ്വഭാവം. പിന്നെയുണ്ട് ഗഹനാന്വേഷിയായ യോഗി ആനല്ലണ്‍സ്ഫൂത്സഇ അയാളുടെ മനസ്സ് തന്നത്താന്‍ പരിശോധിക്കാനും അതിന്റെ വ്യാപാരങ്ങളെ മനസ്സിലാക്കുവാനും അതില്‍ എന്തെല്ലാം ശക്തികള്‍ ഉണ്ടെന്നറിഞ്ഞ് അവയെ നിയന്ത്രിച്ച് സ്വാധീനത്തില്‍ വരുത്തുവാനും ആഗ്രഹിക്കുന്നു. പിന്നെ (നാലാമത്) തത്ത്വാനേഷകന്‍. അയാള്‍ക്ക് സര്‍വ്വവും തൂക്കിനോക്കണം. വിചാരശക്തിയുപയോഗിച്ച് മനുഷ്യന്നറിയാവുന്ന തത്ത്വങ്ങള്‍ക്കു അപ്പുറം കടന്നുപോകണം.

അപ്പോള്‍, ഒരു മതം മനുഷ്യരില്‍ ഏറ്റവും അധികപക്ഷത്തിന്നും തൃപ്തികരമായിരിക്കണമെങ്കില്‍ അത് ഈ പറഞ്ഞ വിവിധസ്വഭാവങ്ങളായ മനസ്സുകള്‍ക്കു ഓരോന്നിനും ഏതേതു ആവശ്യമോ അതാതു സംഭരിച്ചുകൊടുക്കുന്നതായിരിക്കണം. അതിനു കഴിവില്ലാതുള്ളവ ഏതെങ്കിലും ഒരു പക്ഷത്തില്‍ മാത്രം ചേര്‍ന്നവയായിരിക്കും. പ്രേമവും ഭക്തിയും പ്രചരിപ്പിക്കുന്ന ഒരു ശാഖയില്‍ നിങ്ങള്‍ പോകുന്നു എന്നു വിചാരിക്കുക. അവര്‍ ആടുന്നു, പാടുന്നു, പ്രേമത്തെ പുകഴ്ത്തുന്നു. നിങ്ങള്‍ അവരോട് “സ്നേഹിതന്‍മാരെ, ഇതു ശരിതന്നെ, പക്ഷേ എനിക്കു കുറച്ചു കടുപ്പംകൂടിയ വല്ലതും വേണം: കുറച്ചു വിചാരാവസരവും തത്ത്വാന്വേഷണവും വേണം: എനിക്കു സംഗതികളെ യുക്തിയുക്തമായും അനുക്രമമായും മനസ്സിലാക്കണം’, എന്നു പറയുന്നപക്ഷം “കടക്കു പുറത്തു’ എന്നായിരിക്കും അവരുടെ മറുപടി: പുറത്ത് പോവാന്‍ പറയുക മാത്രമല്ല, അവര്‍ക്കു കഴിവുള്ള പക്ഷം അവര്‍ നിങ്ങളെ പരലോകത്തിലേയ്ക്കു അയയ്ക്കുക കൂടി ചെയ്യും. അവരെപ്പോലെയുള്ള വികാരപരന്‍മാരെ മാത്രം സഹായിപ്പാനേ അവര്‍ക്കു കഴിവുണ്ടാകുന്നുള്ളൂ, എന്നാകുന്നു വന്നുചേരുന്ന ഫലം. അവര്‍ മറ്റുള്ളവരെ സഹായിക്കുന്നില്ല എന്നു മാത്രമല്ല, നശിപ്പിക്കാന്‍ ഉദ്യമിക്കുകയും ചെയ്യും. അതും പോരാ, അതിനേക്കാളും ഏറ്റവും ദോഷകരമായ സംഗതിയെന്തെന്നാല്‍, മറ്റുള്ളവര്‍ക്കു ആത്മാര്‍ത്ഥതയുണ്ടെന്നുപോലും അവര്‍ വിശ്വസിക്കയില്ല.

പിന്നെയുണ്ട്, തത്ത്വജ്ഞാനികള്‍. അവര്‍ ഇന്ത്യയിലെയും പൗരസ്ത്യരാജ്യങ്ങളിലെയും തത്ത്വജ്ഞാനത്തെപ്പറ്റി പ്രഖ്യാപിക്കും: അമ്പതക്ഷരത്തോളം നീണ്ട മാനസിക – സാങ്കേതികപദങ്ങളെ പ്രയോഗിക്കും. എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന്‍ അവരുടെ അരികത്തു ചെന്ന് ആത്‌മോപദേശം വല്ലതും തരണം എന്നപേക്ഷിച്ചാല്‍ അവര്‍ ആദ്യമായിട്ട് ഒന്നു ചിരിക്കും, പിന്നെ ‘ഓ! നീ മന്ദബുദ്ധി, ഞങ്ങളെക്കാള്‍ എത്രയോ താണവന്‍, ആത്മതത്ത്വം നിനക്കു എങ്ങനെ മനസ്സിലാകും?’ എന്നും പറയും. ഇവര്‍ കടന്ന തത്ത്വജ്ഞന്‍മാരാണ്. അവരും നിങ്ങള്‍ക്കു പുറത്തേയ്ക്കുള്ള വഴി കാട്ടിത്തരും.

മറ്റൊരു വകുപ്പുകാരായ ഗഹനാന്വേഷികള്‍ (യോഗികള്‍) വിവിധലോകങ്ങളെയും അന്തരംഗത്തിന്റെ വിവിധാവസ്ഥകളെയും മനശ്ശക്തികളേയും മറ്റും കുറിച്ചു എന്തെല്ലാമോ സംസാരിക്കും. നിങ്ങള്‍ ഒരു സാമാന്യനായിരുന്നു അവരോട് “എനിക്കു നല്ലതുവല്ലതും ചെയ്‌വാന്‍ ഉപദേശിച്ചുതരിക. ധ്യാനവും മറ്റും എനിക്കു ശീലമില്ല, എനിക്കു യോജിച്ചതു വല്ലതും ഉപദേശിച്ചുതരിക’ എന്നു പറഞ്ഞാല്‍ അവരും ചിരിക്കും. “ആ വിഡ്ഢി പറയുന്നത് കേട്ടുവോ, മഹാമൂഢന്‍ അവന്റെ ജീവിതം വ്യര്‍ത്ഥം’ എന്നു പറയുകയും ചെയ്യും. ഇതു ലോകത്തില്‍ എവിടെയും നടന്നുകൊണ്ടിരിക്കുന്നു. ഈ വിവിധശാഖകളിലേയും പ്രധാനപ്രചാരകന്‍മാരെ ഒന്നിച്ച് ഒരു മുറിയിലാക്കി അവരുടെ സുന്ദരമായ പരിഹാസച്ചിരികളുടെ ഛായ എടുത്തു നോക്കേണ്ടതാണ്!

ഇതാകുന്നു മതങ്ങളുടെ ഇന്നത്തെ നില, വസ്തുസ്ഥിതി: എല്ലാ മനസ്സുകള്‍ക്കും ഒരുപോലെ സ്വീകാര്യമായ ഒരു മതമാകുന്നു ഞാന്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. അതു ഒരുപോലെ ജ്ഞാനപരവും ഭക്തിപരവും യോഗപരവും കര്‍മ്മപരവും ആയിരിക്കണം. മഹാവിദ്യാലയങ്ങളില്‍നിന്ന് ശാസ്ത്രജ്ഞന്‍മാരും പ്രകൃതിശാസ്ത്രവിദഗ്ധന്‍മാരും ആയ ആചാര്യന്‍മാര്‍ വരുമ്പോള്‍ അവര്‍ യുക്തിയും വിചാരപരത്വവും ആവശ്യപ്പെടും. അതു അവര്‍ക്കു വേണ്ടുവോളം ഉണ്ടാകട്ടെ. എന്നാല്‍ വിചാരഭൂമിയെ അതിലംഘിക്കാതെ മേലേ്പാട്ടു പോകുവാന്‍ അവര്‍ക്കു കഴിവില്ലാതാകുന്ന ഒരു ഘട്ടം വരും. അപ്പോള്‍ അവര്‍ “ഈശ്വരനെന്നും മുക്തിയെന്നുമുള്ള ഭാവനകള്‍ അന്ധവിശ്വാസങ്ങളാണ്, അതെല്ലാം പോകട്ടെ,’ എന്നു പറയുന്നതായാല്‍ ഞാന്‍ അവരോട്, “ആചാര്യമഹാശയന്‍മാരേ, നിങ്ങള്‍ ശരീരമാണെന്ന ഭാവനയാകുന്നു അധികം വലുതായ അന്ധവിശ്വാസം. അതിനെ ആദ്യം ഉപേക്ഷിക്കുക. ഭക്ഷണത്തിനു നിങ്ങള്‍ ഗൃഹത്തിലേക്കോ ശിക്ഷണത്തിന് ആചാര്യപീഠത്തിലേക്കോ പോകേണ്ട. മിഥ്യാശരീരത്തെ ത്യജിക്കുക. അതിനു കഴിവില്ലെങ്കില്‍ വിലപിച്ചിരിക്കുക,’ എന്നു പറയും. എന്തുകൊണ്ടെന്നാല്‍ ഈ പ്രപഞ്ചത്തില്‍ ‘ഉള്ളത്’ എന്നു പറയാവുന്ന സത്ത ഒന്നേയുള്ളൂ. പ്രപഞ്ചത്തില്‍ ഏകത്വമാണുള്ളത്, എന്നുപദേശിക്കുന്ന മതം ആ തത്ത്വത്തെ സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നതുമായിരിക്കണം.

അതുപോലെ യോഗികള്‍ വരുമ്പോള്‍ അവരെ സ്വാഗതം ചെയ്തു ചിത്തത്തെ വിശകലനം ചെയ്യുന്ന ശാസ്ത്രം വെളിപ്പെടുത്തിക്കൊടുക്കയും അതു പ്രവൃത്തിയില്‍ പ്രത്യക്ഷമാക്കിക്കൊടുക്കയും ചെയ്‌വാന്‍ നാം തയ്യാറായിരിക്കണം. ഭക്തന്‍മാര്‍ വരുമ്പോള്‍ നാം അവരോടൊപ്പം ഇരുന്ന് ഈശ്വരനാമം കീര്‍ത്തിച്ച് ചിരിക്കുകയും കരയുകയും വേണം, നാം “പ്രേമാമൃതം പാനംചെയ്ത് ഉന്‍മത്തരാകണം.’ ഉത്‌സാഹിയായ കര്‍മ്മിവരുന്നു എങ്കില്‍ നാം അയാളോടൊന്നിച്ച് നമ്മുടെ സര്‍വ്വശക്തിയും ഉപയോഗിച്ചു കര്‍മ്മം ചെയ്കയും വേണം. ഈ സമുച്ചയമായിരിക്കും ഒരു സര്‍വ്വജനമതത്തിന് ഏറ്റവും അടുത്തെത്തുന്ന ആദര്‍ശം.

ജ്ഞാന-ഭക്തി-യോഗ-കര്‍മ്മഭാവങ്ങള്‍ എല്ലാം ഒരുപോലെ സമ്പൂര്‍ണ്ണമായിണങ്ങുന്ന മനസ്സോടു കൂടുംവണ്ണം മനുഷ്യസൃഷ്ടിയുണ്ടാവാന്‍ ഈശ്വരന്‍ കടാക്ഷിച്ചാല്‍ എത്ര നന്നായിരുന്നു. അതാണെന്റെ ആദര്‍ശം: ഒരു പൂര്‍ണ്ണമനുഷ്യന്‍ എന്ന എനിക്കുള്ള പരഭാവന. ഇവയില്‍ ഒന്നോ രണ്ടോ അംശം മാത്രമുള്ളവരെ ഒറ്റക്കയ്യന്‍മാര്‍ എന്നപോലെയാണ് ഞാന്‍ വിചാരിക്കുന്നത്. ആ വിധം ഒറ്റക്കയ്യന്‍മാരെക്കൊണ്ടു ലോകം ഏതാണ്ടു പൂര്‍ണ്ണമായിരിക്കുന്നു. അവര്‍ക്കു അവര്‍ പോകുന്ന ഒരു വഴി മാത്രമേ അറിഞ്ഞുകൂടൂ. മറ്റു മാര്‍ഗ്ഗങ്ങള്‍ അവരുടെ ദൃഷ്ടിയില്‍ അപകടം പിടിച്ചവയും ഭയങ്കരങ്ങളുമാണ്. ഈ ചതുര്‍വ്വിധഭാവങ്ങളിലും പരസ്പരരഞ്ജിപ്പോടുകൂടിയ സമനിലയാകുന്നു എന്റെ ആദര്‍ശമതം. ഈ മതം ഞങ്ങള്‍, ഇന്ത്യയില്‍ ചേര്‍ച്ച എന്ന അര്‍ത്ഥത്തില്‍ പറയുന്ന യോഗംകൊണ്ടു സിദ്ധിക്കുന്നതുമാകുന്നു. ഒരു കര്‍മ്മിക്കു അതു കര്‍മ്മിയുടെയും മുഴുവന്‍ മനുഷ്യലോകത്തിന്റെയും കൂടിയുള്ള ചേര്‍ച്ചയാകുന്നു. യോഗിക്കു അതു സ്വന്തം ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ചയും, ഭക്തന് തനിക്കും പ്രേമസ്വരൂപനായ ഭഗവാനും തമ്മിലുള്ള ചേര്‍ച്ചയും, ജ്ഞാനിക്കു സര്‍വ്വസദ്ഭാവത്തിന്റെയും ഐക്യവും ആകുന്നു. ഇതാകുന്നു യോഗം എന്നു പറയുന്നതിന്റെ താല്പര്യം. ഇത് ഒരു സംസ്‌കൃതപദമാകുന്നു. ഈ നാലുവിധയോഗങ്ങള്‍ക്കും സംസ്‌കൃതത്തില്‍ പ്രത്യേക പേരുകളുണ്ട്. ഈ മാര്‍ഗ്ഗം അനുസരിക്കുന്നവര്‍ക്കു യോഗികള്‍ എന്നു പേര്‍ പറയും. കര്‍മ്മം മൂലം ചേര്‍ച്ച നേടുന്നവന്‍ കര്‍മ്മ യോഗി, പ്രേമം വഴിക്ക് നേടുന്നവന്‍ ഭക്തിയോഗി, ചിത്തനിരോധം വഴിക്ക് യത്‌നിക്കുന്നവന്‍ രാജയോഗി, തത്ത്വന്വേഷണദ്വാരാ ശ്രമിക്കുന്നവന്‍ ജ്ഞാനയോഗി. യോഗി എന്ന പദത്തില്‍ എല്ലാവരും ഉള്‍പ്പെടും.

[വിശ്വമതാദര്‍ശം – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – തുടരും]