ഇപ്പോള്‍ ആദ്യമായി രാജയോഗവിഷയം എടുക്കട്ടെ. ഈ രാജയോഗം, ചിത്തവൃത്തിനിരോധം എന്നതു എന്താണ്? ഈ രാജ്യത്ത് യോഗം എന്ന ഭാവനയോടുകൂടി നിങ്ങള്‍ പലവിധം, അലൗകിക ഭൂതങ്ങളെയും അതില്‍ ഉള്‍പ്പെടുത്തി വിചാരിക്കാറുണ്ട്. അതുകൊണ്ട് ആരംഭത്തില്‍ത്തന്നെ നിങ്ങളോടു ഇതില്‍ ആവക ഭാവനകളുടെ ബന്ധമേ ഇല്ലെന്നു പറയേണ്ടിയിരിക്കുന്നു. യോഗങ്ങള്‍ ഒന്നും യുക്തിയെ, വിവേചനശക്തിയെ, കൈവിടുന്നില്ല. നിങ്ങള്‍ വഞ്ചനയില്‍ പെടണമെന്നോ നിങ്ങളുടെ വിവേചനശക്തിയെ എതെങ്കിലും മതാചാര്യന് അധീനമാക്കണമെന്നോ ആവശ്യപ്പെടുന്നില്ല: ഏതെങ്കിലും ഒരു ദിവ്യപുരുഷനെ പ്രമാണമാക്കി വണങ്ങണമെന്നും പറയുന്നില്ല. നേരെമറിച്ച് ഓരോ യോഗവും നിങ്ങളോടുപദേശിക്കുന്നതു നിങ്ങള്‍ നിങ്ങളുടെ വിവേചനശക്തിയെ വിടാതിരിക്കണം. അതിനെ മുറുകെ പിടിക്കണം, എന്നാകുന്നു. എല്ലാ ജീവികളിലും ജ്ഞാനസമ്പാദനത്തിനു മൂന്നുവിധം കരണങ്ങള്‍ കാണ്‍മാനുണ്ട്. ഒന്ന് സഹജവാസന. ഇത് ഏറ്റവും അധികം വികസിച്ചു കാണുന്നത് തിര്യക്കുകളിലാകുന്നു. ഇത് ഏറ്റവും താണ കരണവുമാകുന്നു.
രണ്ടാമത്തേത് യുക്തിവിവേചനശക്തി, ഇത് ഏറ്റവും വികസിച്ചു കാണുന്നത് മനുഷ്യൃരിലാകുന്നു. സഹജവാസന തികവു പോരാത്ത കരണമേ ആകുന്നുള്ളൂ. തിര്യക്കുകള്‍ ചുരുങ്ങിയ പരിധിയില്‍മാത്രം വ്യാപരിക്കുന്നു. അതില്‍ സഹജവാസന മതിയായിരിക്കും. എന്നാല്‍ വിവേചനശക്തിയും ഒട്ടും മതിയായിട്ടുള്ളതല്ല. അതിനു അല്പദൂരം പോകുവാനേ കഴിവുള്ളൂ. അവിടെ നില്‍ക്കുകയും ചെയ്യും: മുന്നോട്ടു പോവാന്‍ ശക്തിയില്ല. അതിനെ ഉന്തിത്തള്ളിയാല്‍ കുഴപ്പമാകും, വിവേചനം അവിവേചനമാകും. തര്‍ക്കഗതി വെറുതെ വട്ടംചുറ്റും. ഉദാഹരണത്തിനു നമുക്ക് സര്‍വ്വവിധജ്ഞാനത്തിനും ആധാരങ്ങളായിരിക്കുന്ന ദ്രവ്യവും ശക്തിയും എടുക്കുക. ദ്രവ്യം എന്നാല്‍ എന്ത്? ഏതൊന്നില്‍ ശക്തി പ്രയോഗിക്കാമോ അതു ദ്രവ്യം. ശക്തിയോ? ദ്രവ്യത്തില്‍ പ്രയോഗിക്കാവുന്നത്. വൈഷമ്യം മനസ്സിലാകുന്നുണ്ടല്ലോ. അന്യോന്യാശ്രയദോഷം എന്നാകുന്നു താര്‍ക്കികന്‍മാര്‍ ഇതിനു പേരിട്ടിരിക്കുന്നത്. ഇങ്ങനെ വിവേചനശക്തിക്കു മുമ്പില്‍ ഒരു വലിയ തടസ്സം നില്‍ക്കുന്നു. അതിനെ കടന്നു പോവുകവയ്യ: എങ്കിലും അതു കടന്ന് അനന്തതയിലേയ്ക്കു പോവാന്‍ അത് അത്യുത്‌സുകമായിരിക്കയും ചെയ്യുന്നു.
നാം ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയുന്നതും മനസ്സുകൊണ്ടു വിചാരിക്കുന്നതുമായ ഈ ലോകം അപരിമിതമായ പരമാര്‍ത്ഥവസ്തുവിന്റെ ഒരു കണിക പ്രജ്ഞാതലത്തിലേക്ക് നീട്ടിവിട്ടിട്ടുള്ളതു പോലെയാകുന്നു. ആ പ്രജ്ഞാവലയത്തില്‍ ഇടുങ്ങിയ പരിധിയില്‍ പ്രവര്‍ത്തിക്കുന്നതാകുന്നു നമ്മുടെ വിചാരശക്തി: അതിനപ്പുറം അതിനു ഗതിയില്ല. അതുകൊണ്ട് ഈ പരിമിതപരിധിയെ കടന്നുപോകണമെങ്കില്‍ മറ്റൊരു കരണം ഉണ്ടായിരിക്കണം. അതാകുന്നു അന്തഃപ്രബോധനം. അങ്ങനെ സഹജവാസന, വിചാരശക്തി, അന്തഃപ്രബോധനം എന്ന മൂന്നും നമുക്ക് ജ്ഞാനത്തിനു കരണങ്ങളാകുന്നു. സഹജവാസന തിര്യക്കുകള്‍ക്കും, വിചാരശക്തി മനുഷ്യര്‍ക്കും, അന്തഃപ്രബോധം അതിമാനുഷ്യര്‍ക്കും ചേര്‍ന്നതാകുന്നു. ഈ മൂന്നു കരണങ്ങളുടെയും ബീജങ്ങള്‍ ഏറെക്കുറെ വികസിച്ച് എല്ലാ മനുഷ്യരിലും കാണാം. വികസിക്കണമെങ്കില്‍ ആദ്യമായിട്ട് ബീജം ഉണ്ടായിരിക്കണമല്ലോ. ഇതും ഓര്‍മ്മവെയ്‌ക്കേണ്ടതാണ്: ഒരു കാരണം മറ്റതു വളര്‍ന്നുണ്ടായതാണ്. അപ്പോള്‍ അതിനു വിരോധമാകയില്ല. വിചാരശക്തിയാകുന്നു അന്തഃപ്രബോധമായി പരിണമിക്കുന്നത്. അന്തഃപ്രബോധം വിചാരശക്തിക്ക് വിരുദ്ധമല്ല. അതിന്റെ പൂര്‍ത്തീകരണമാണ്, വിചാരശക്തിക്ക് എത്തിക്കിട്ടാത്ത സംഗതികളെ അന്തഃപ്രബോധം പ്രത്യക്ഷമാക്കിക്കൊടുക്കുന്നു. അവ വിവേചനത്തിനു വിരുദ്ധങ്ങളല്ല.
വാര്‍ദ്ധക്യം ബാല്യത്തിനും വിരുദ്ധമല്ല, അതിന്റെ പൂര്‍ത്തിയാകുന്നു. താണതരം കരണം ഉയര്‍ന്ന തരമാണെന്ന് തെറ്റിദ്ധരിക്കുന്നതു വലിയ അപകടമാണെന്നു എപ്പോഴും ഓര്‍മ്മ വേണം. സഹജവാസനയെ ദിവ്യജ്ഞാനോദയമാണെന്നു ലോകസമക്ഷം പലപ്പോഴും പ്രഖ്യാപനം ചെയ്തിട്ടുണ്ട്. അതിനെ തുടര്‍ന്നു ഭാവിയെപ്പറ്റി പ്രവചനം ചെയ്‌വാന്‍ ശക്തിയുണ്ടെന്നു വ്യാജവാദങ്ങളും ഉദ്ഭവിക്കും. ഒരു മുട്ടാളനോ ഒരു അരക്കിറുക്കനോ, അയാളുടെ തലച്ചോറില്‍ കടന്നുകൂടീട്ടുള്ള കലക്കം അന്തഃപ്രബോധനമാണെന്നു ധരിച്ച്, ജനങ്ങള്‍ അയാളെ അനുസരിക്കണം എന്ന് ആഗ്രഹിക്കുന്നു. ലോകത്തില്‍ തീരെ യുക്തിവിഹീനവും പരസ്പരവിരുദ്ധവുമായി പ്രഖ്യാപിച്ചിട്ടുള്ള വിഡ്ഢിത്തങ്ങള്‍ ഭ്രാന്തന്‍മാരുടെ കലങ്ങിയ ബുദ്ധികളില്‍നിന്നു പുറപ്പെട്ട് അന്തഃപ്രബോധനവാക്യങ്ങളായി വിലസാന്‍ ശ്രമിക്കുന്ന അസംബന്ധ പ്രലാപങ്ങള്‍ മാത്രമാകുന്നു.
തത്ത്വോപദേശത്തിന്റെ യഥാര്‍ത്ഥയോഗ്യതാലക്ഷണം; ഒന്നാമത്, അതു യുക്തിക്കു വിരുദ്ധമാകരുത്. ഈ എല്ലാ യോഗങ്ങളുടെയും അടിസ്ഥാനം അതാണെന്നു നോക്കിയാല്‍ കാണാം. രാജയോഗം എന്ന മാനസികയോഗം എടുത്തുനോക്കുക. അതൊരു പരന്ന വിഷയമായതുകൊണ്ട് അതിലെ കേന്ദ്രാശയം മനസ്സിലാക്കിത്തരുവാനേ എനിക്ക് ഇപ്പോള്‍ കഴിയൂ. നമുക്ക് ജ്ഞാനസമ്പാദനത്തിന് ഒരു മാര്‍ഗ്ഗമേ ഉള്ളൂ. നീചതമനായ മനുഷ്യന്‍ മുതല്‍ അത്യുത്കൃഷ്ടയോഗിവരെയുള്ള സര്‍വ്വരും ആ മാര്‍ഗ്ഗം അനുസരിക്കണം. അതു ഏകാഗ്രത എന്ന മാര്‍ഗ്ഗമാകുന്നു. പരീക്ഷണശാലയിലിരുന്ന് പരീക്ഷണങ്ങള്‍ നടത്തുന്ന രസശാസ്ത്രജ്ഞന്‍ സ്വന്തം മനഃശക്തികളെ ഏകീകരിച്ച് ഒരു കേന്ദ്രത്തിലാക്കി, പരീക്ഷ്യപദാര്‍ത്ഥങ്ങളിലേക്കു ക്ഷേപിക്കുന്നു. അപ്പോള്‍ അവ (ആ പദാര്‍ത്ഥങ്ങള്‍) വിഘടിതങ്ങളായ അവയുടെ മൂലപദാര്‍ത്ഥങ്ങള്‍ ഇന്നിന്നവ എന്ന് വെളിപ്പെടുത്തിക്കൊടുക്കുന്നു, പദാര്‍ത്ഥവിജ്ഞാനം അങ്ങനെയുണ്ടാകുന്നു. ജ്യോതിശ്ശാസ്ത്രജ്ഞനും മനശ്ശക്തികളെ കേന്ദ്രീകരിച്ച്, ദൂരദര്‍ശിനിയില്‍ക്കൂടെ, ഗഗനത്തിലുള്ള പദാര്‍ത്ഥങ്ങളിലേയ്ക്കു തിരിക്കുന്നു. നക്ഷത്രങ്ങളും ജ്യോതിര്‍ല്ലോകങ്ങളും മുന്നിട്ടുവന്ന് അവയുടെ രഹസ്യം വെളിവാക്കിക്കൊടുക്കുന്നു. അദ്ധ്യാപകപദത്തിലിരിക്കുന്ന ആചാര്യനും, ഗ്രന്ഥം കൈയില്‍വെച്ചിരിക്കുന്ന അദ്ധ്യേതാവും, ജ്ഞാനാര്‍ത്ഥിയായ ഏതൊരുവനും ഇതേ മാര്‍ഗ്ഗം അനുസരിക്കുന്നു. നിങ്ങള്‍ ഞാന്‍ പറയുന്നതു കേട്ടുകൊണ്ടിരിക്കുന്നു. എന്റെ വാക്കുകള്‍ നിങ്ങള്‍ക്കു രസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവയില്‍ ഏകാഗ്രതയുണ്ടാകും. ഏകാഗ്രത കൂടുംതോറും അര്‍ത്ഥബോധവും കൂടുതലാകും.
അതുപോലെ ഞാന്‍ എന്റെ ശക്തികളേയും സ്നേഹത്തേയും എത്രകണ്ടേകാഗ്രമാക്കുന്നുവോ അത്രകണ്ട് ഞാന്‍ നിങ്ങളെ ധരിപ്പിക്കാന്‍ വിചാരിക്കുന്ന കാര്യം അധികം വ്യക്തമാക്കിത്തരുവാന്‍ എനിക്കു കഴിവുണ്ടാകും. ഏകാഗ്രത കൂടുംതോറും ജ്ഞാനസമ്പാദനവും കൂടും: ജ്ഞാനപ്രാപ്തിക്ക് ആ ഒരേ ഒരു വഴിയേ ഉള്ളൂ ചെരുപ്പ് തുടച്ച് നിറം കൊടുക്കുന്നവന് അതില്‍ ഏകാഗ്രത കൂടുന്നതനുസരിച്ച് നിറപ്പകിട്ടും വര്‍ദ്ധിക്കും. വെപ്പുകാരന് ഏകാഗ്രതയുണ്ടായാല്‍ പാകംചെയ്ത പദാര്‍ത്ഥം അധികം നന്നായിരിക്കും. ധനസമ്പാദനത്തിലോ, ദേവാരാധനയിലോ, ഏതു കര്‍മ്മത്തിലായാലും ഏകാഗ്രത കൂടുംതോറും കര്‍മ്മത്തിനു മേന്മയും കൂടും ഈ ഒരു വിളി, ഈ ഒരു മുട്ടല്‍, ആകുന്നു പ്രകൃതിയുടെ കവാടങ്ങളെ തുറന്നിട്ട് പ്രകാശപ്രവാഹം പുറപ്പെടുവിക്കുന്നത്. ജ്ഞാനഭണ്ഡാരം തുറക്കുവാനുള്ള താക്കോല്‍ ഈ ഏകാഗ്രതാശക്തിമാത്രമാകുന്നു. രാജയോഗം മിക്കവാറും ഇതിനെ പ്രതിപാദിക്കുന്നതാകുന്നു. നമ്മുടെ ഇപ്പോഴത്തെ ദേഹ പ്രകൃതിയില്‍ നമുക്ക് എത്രയോ വിക്ഷേപമാണുള്ളത്: മനസ്സ് അതിന്റെ ശക്തികളെ ഒരു നൂറ് വഴിക്കു ചിന്നിച്ചിതറിക്കളയുന്നുണ്ട്. വിചാരങ്ങളെ ശാന്തമാക്കി ഏതെങ്കിലും ഒരു വിഷയത്തില്‍ മനസ്സിനെ ഏകാഗ്രമാക്കുവാന്‍ ശ്രമിക്കുമ്പോള്‍ അനേകായിരം അനാശാസ്യവാസനകള്‍ തലച്ചോറിലേക്കു തള്ളിക്കയറുന്നു: അനേകായിരം ചിന്തകള്‍ മനസ്സില്‍ തള്ളിക്കയറി അതിനെ കലക്കുന്നു. ഈ വിക്ഷേപത്തെ തടഞ്ഞ് മനസ്സിനെ സ്വാധീനമാക്കുന്നത് എങ്ങനെ എന്നതാകുന്നു രാജയോഗത്തിന്റെ മുഴുവന്‍ വിഷയവും.
[വിശ്വമതാദര്‍ശം – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – തുടരും]