സ്വാമി വിവേകാനന്ദന്‍

ഒരേ വൃക്ഷത്തിന്‍മേല്‍ രണ്ടു പക്ഷികള്‍, ഒന്ന് അഗ്രത്തിലും മറ്റേതു താഴേയും ഇരിക്കുന്നു. അഗ്രത്തിലിക്കുന്ന പക്ഷി സ്വമഹിമാവില്‍ നിമഗ്‌നമായി, ശാന്തമായി, മൗനമായി, ഗംഭീരമായിരിക്കുന്നു: താഴെ ശാഖകളില്‍ ഇരിക്കുന്നത് പ്രതിശാഖം ചാടിച്ചാടി, മധുരവും തിക്തവുമായ ഫലങ്ങളെ ഭുജിച്ച് ഒരിക്കല്‍ സുഖിയായും, മറ്റൊരിക്കല്‍ ദുഃഖിയായും അങ്ങനെ കഴിഞ്ഞുകൂടുന്നു. കുറച്ചുകാലം ചെല്ലുമ്പോള്‍ ഈ ശാഖാപതംഗം കുടം തിക്തമായ ഫലം ഒന്നു ഭുജിക്കുന്നു. അതില്‍ വെറുപ്പോടെ മേലേ്പാട്ടു നോക്കുന്നു, മറ്റെ പക്ഷിയെ കാണുന്നു. അതാവട്ടെ മധുരമോ തിക്തമോ ആയ ഒരു ഫലവും ഭുജിക്കുന്നില്ല; സുഖിയുമല്ല, ദുഃഖിയുമല്ല; ശാന്തനായി, സ്വസ്ഥനായി, സ്വാത്മാവിനെയല്ലാതെ മറ്റൊന്നിനേയും ദര്‍ശിക്കാത്തവനായിരിക്കുന്നു. ആ സ്ഥിതി തനിക്കും ഉണ്ടായാല്‍ കൊള്ളാമെന്നു താഴത്തെ പക്ഷി ആഗ്രഹിക്കുന്നു എങ്കിലും അത് അപ്പോഴേ മറന്നു പിന്നേയും ഫലം ഭുജിക്കാന്‍ തുടങ്ങുന്നു.

കുറച്ചു കഴിഞ്ഞാല്‍ പിന്നെയും അതിതിക്തമായ മറ്റൊരു ഫലം ഭുജിക്കുന്നു. അതിയായ മനഃക്ലേശം അനുഭവിച്ച് പിന്നെയും മേലേ്പാട്ടു നോക്കി അഗ്രത്തിലിരിക്കുന്ന പക്ഷിയുടെ സമീപത്തേക്കു പോകുവാന്‍ യത്‌നിക്കുന്നു. അതു പിന്നെയും വിസ്മരിക്കുന്നു. ഇങ്ങനെ തുടരെത്തുടരെയായ് ഒടുവില്‍ അതു അഗ്രപക്ഷിയുടെ നികടത്തില്‍ എത്തുന്നു. അപ്പോള്‍ ആ മനോഹരപക്ഷിയുടെ പക്ഷങ്ങളില്‍നിന്നു പുറപ്പെടുന്ന പ്രഭയുടെ പ്രതിബിംബം സ്വശരീരത്തിന്നു ചുറ്റും കളിയാടുന്നതായി കാണുന്നു. തനിക്കു ഒരു മാറ്റം സംഭവിക്കുന്നതു പോലെയും താന്‍ അലിഞ്ഞുപോകുന്നതു പോലെയും തോന്നുന്നു. പിന്നെ കുറച്ചധികം അടുത്തുചെല്ലുന്നു; അപ്പോള്‍ തന്നെ സംബന്ധിച്ച സര്‍വ്വവും അലിഞ്ഞുപോകുന്നു: ഈ വിസ്മയകരമായ മാറ്റം എന്താണെന്നു മനസ്സിലാകുന്നു.

കീഴ്പക്ഷി മേല്‍പക്ഷിയുടെ പ്രതിച്ഛായ മാത്രം – ഒരു സ്ഥൂലശരീരമാണെന്നു തോന്നല്‍ മാത്രം ആയിരുന്നു. വാസ്തവത്തില്‍ ഈ കാലം മുഴുവനും താന്‍തന്നെയായിരുന്നു ആ മേല്‍പക്ഷി. ഈ ചെറിയ കീഴ്പക്ഷിയും, മധുരതിക്തഫലഭുക്തിയും, പര്യായേണ സുഖദുഃഖാവസ്ഥയും എല്ലാം ഗന്ധര്‍വ്വനഗരപ്രായം, മിഥ്യാസ്വപ്നമായിരുന്നു. യഥാര്‍ത്ഥപക്ഷി മേല്‍പക്ഷി മാത്രം. അത് ശാന്തം, നിരീഹം. മഹിതപ്രാഭവയുക്തമായി സുഖദുഃഖങ്ങള്‍ക്ക് അതീതം, അത് ഈശ്വരന്‍, ജഗന്നാഥന്‍ കീഴ്പക്ഷി മനുഷ്യജീവന്‍, സാധാരണ സുഖദുഃഖഭോക്താവ്, ഇടക്കിടെ ജീവന് ഒരു കഠിനപ്രഹരം കിട്ടുന്നു: അല്പസമയത്തേയ്ക്കു ഫലാനുഭവം നിര്‍ത്തിവെച്ച് അജ്ഞാതനായ ഈശ്വരങ്കലേയ്ക്കു ദൃഷ്ടി തിരിക്കുന്നു: പ്രകാശപ്രവാഹം വീക്ഷിക്കുന്നു: ഈ ലോകം ഒരു മായാപ്രദര്‍ശനമാണെന്നു വിചാരം വരുന്നു. എങ്കിലും പിന്നേയും ഇന്ദ്രിയങ്ങള്‍ ജീവനെപ്പിടിച്ചു താഴ്ത്തിക്കൊണ്ടുവരുന്നു: സാധാരണ സുഖദുഃഖങ്ങള്‍ പിന്നേയും അനുഭവിക്കുന്നു. പിന്നെയും ഒരു ദുഃഖം അസഹ്യമായിവരുന്നു. അപ്പോള്‍, ദിവ്യജ്യോതിര്‍ദ്ദര്‍ശനമുണ്ടാകുന്നവിധം ഹൃദയം തുറക്കുന്നു. അങ്ങനെ ക്രമത്തില്‍ ഈശ്വരനെ സമീപിച്ചുപോകും തോറും തന്റെ പഴയ ജീവന്‍ മാഞ്ഞുപോകുന്ന തായി കാണുന്നു. ഒടുവില്‍ അതിനുതക്കവിധം സമീപത്തിലെത്തുമ്പോള്‍ താന്‍ ഈശ്വരന്‍ എന്നല്ലാതെ മറ്റാരുമല്ല എന്നു കണ്ടറിയുന്നു.

അപ്പോള്‍ ‘ഈ പ്രപഞ്ചത്തിന്റെ ചൈത്യമായും അണുവിലും സൂര്യചന്ദ്രന്‍മാരിലും എവിടെയും വര്‍ത്തിക്കുന്നതായും താന്‍ ആരെക്കുറിച്ച് വിചാരിച്ചിരുന്നുവോ ആ ഈശ്വരന്‍ നമ്മുടെ ജീവിതത്തിന് ആധാരവും നമ്മുടെ ജീവാത്മാവിനു ജീവനും ആകുന്നു എന്നു കാണുന്നു. അത്രയുമല്ല, ‘തത് ത്വം അസി’, അത് (ആ ഈശ്വരന്‍) നീയാകുന്നു, എന്ന ബോധം ഉദിക്കുന്നു.’ ഇതാകുന്നു ജ്ഞാനയോഗം ഉപദേശിക്കുന്നത്. മനുഷ്യനിലുള്ള സാരാംശം ദിവ്യമാകുന്നു എന്ന് അതു മനുഷ്യരോടു പറയുന്നു. സദ്ഭാവത്തില്‍ ഐക്യമാണുള്ളതെന്നും നാം ഓരോരുത്തരും ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പരമേശ്വരന്‍ തന്നെയാണെന്നും അതു മനുഷ്യലോകത്തിനു കാണിച്ചുതരുന്നു. നമ്മുടെ കാലിന്നടിയില്‍ ഇഴഞ്ഞു പോകുന്ന നികൃഷ്ടമായ പുഴു മുതല്‍ നാം ആശ്ചര്യത്തോടും ഭയഭക്തികളോടും കൂടി വീക്ഷിക്കുന്ന മഹത്തമന്‍മാര്‍വരെയുള്ള സര്‍വ്വരും ഒരേ പരമേശ്വരന്റെ രൂപാന്തരങ്ങളാകുന്നു.

അവസാനമായിട്ടു പറയട്ടെ, ഈ വിവിധയോഗങ്ങളും അഭ്യസിക്കതന്നെ വേണം: അവയെപ്പറ്റി പഠിച്ചു മനസ്സിലാക്കിയതു കൊണ്ടുമാത്രം ഒരു ഗുണവും ഇല്ല. ആദ്യം അവയെപ്പറ്റി കേള്‍ക്കണം. പിന്നെ അവയെപ്പറ്റി മനനം ചെയ്യണം, അവ ശരിയോ അല്ലയോ എന്നു യുക്തിവിചാരം ചെയ്ത് ഉറപ്പിക്കണം. അതിനുശേഷം അവയെ ധ്യാനിച്ച്, സാക്ഷാല്‍കരിച്ച് അവയെ നമ്മുടെ ജീവിത സര്‍വ്വസ്വമാക്കണം. അതില്‍പ്പിന്നെ മതം എന്നുള്ളത് ഒരു കൂട്ടം ഭാവനകളോ, അഭിപ്രായങ്ങളോ, ശരിയെന്ന് യുക്തി സമ്മതിക്കുന്ന ചില ആശയങ്ങള്‍ മാത്രമോ, ആയിരക്കയില്ല. അതു നമ്മുടെ ആത്മാവില്‍ കടന്നു കൂടും. യുക്തിയുപയോഗിച്ചുനോക്കി പല വിഡ്ഢിത്തങ്ങളും ശരി എന്ന് ഇന്ന് സമ്മതിച്ചേയ്ക്കാം: അതെല്ലാം നാളേയ്ക്കു മാറി എന്നും വരാം. എന്നാല്‍ യഥാര്‍ത്ഥമതത്തിനു മാറ്റമില്ല. മതം സ്വാനുഭവമാണ്, അതു പ്രസംഗമോ സിദ്ധാന്തമോ സങ്കല്പമോ ഒന്നുമല്ല, അവ വളരെ മനോഹരങ്ങളായാലും വേണ്ടില്ല. ആയിത്തീരുക, ആയിരിക്കുക, ഇതാകുന്നു മതം. കേള്‍ക്കുകയും സമ്മതിക്കുകയും അല്ല. ഏതൊന്ന് തത്ത്വം (സത്യം) എന്നു വിശ്വസിക്കുന്നുവോ, ആത്മാവ് (ജീവന്‍) സമ്പൂര്‍ണ്ണമായി അതായി മാറുക. ഇതാകുന്നു മതം.

[വിശ്വമതാദര്‍ശം – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം]