ഹിന്ദുക്കളുടെ ഇടയില്‍ സാര്‍വ്വത്രികമായ ഒരു ഭാവന കാണാം; അതായത്, അദ്ധ്യാത്മത മറ്റൊരു മതത്തിലും മറ്റൊരു മതഗ്രന്ഥത്തിലും ഈശ്വരനെ നിര്‍വ്വചിക്കാന്‍ ഇത്ര പ്രയത്‌നം ചെയ്തതായി കാണുകയില്ല. ഭൗതികമായ ഒരു സ്പര്‍ശംകൊണ്ടുപോലും കളങ്കപ്പെടാതിരിക്കത്തക്കവിധമാകുന്നു അവര്‍ ആത്മാവു എന്ന ഭാവനയെ നിര്‍വ്വചിക്കാന്‍ യത്‌നിച്ചിരിക്കുന്നത്. അദ്ധ്യാത്മികത ദിവ്യമായിത്തന്നെയിരിക്കണം. ആത്മാവിനെ ആത്മാവെന്ന നിലയില്‍ മനസ്സിലാക്കിയാല്‍ അതിനെ പിന്നെ മനുഷ്യനാക്കാവുന്നതല്ല. ഏകത്വം, സാക്ഷാല്‍ക്കാരം, സര്‍വ്വവ്യാപിത്വം – ഈ ഭാവങ്ങള്‍ ആദിതൊട്ട് അന്തംവരെ അവര്‍ വിസ്തരിച്ചു വിവരിച്ചിട്ടുണ്ട്.
ഈശ്വരന്‍ സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നു എന്നും മറ്റും പറയുന്നതു വെറും വിഡ്ഢിത്തമെന്നാണു ഹിന്ദുക്കള്‍ വിചാരിക്കുന്നത്. അതു കേവലം മനുഷ്യത്വവും മാനുഷീകരമവും ആകുന്നതേയുള്ളൂ. സ്വര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടുള്ളവയെല്ലാം ഇവിടെയുണ്ട്. ഈ സമയത്തുണ്ട്. കാലം അനന്തം. അതിനാല്‍ ഏതൊരു നിമിഷവും മറ്റേതു നിമിഷത്തെപ്പോലെയും നല്ലതുതന്നെ. ഈശ്വരന്‍ ഉണ്ട് എന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ ഈശ്വരനെ ഇപ്പോള്‍ത്തന്നെ കാണ്മാന്‍ കഴിയണം. കുറച്ചൊന്നനുഭവം വന്നാലാകുന്നു മതം ആരംഭിക്കുന്നത് എന്നത്രേ ഞങ്ങള്‍ വിചാരിക്കുന്നത്. ചില സിദ്ധാന്തങ്ങള്‍ വിശ്വസിക്കുക, ശരി എന്നു ബുദ്ധി സമ്മതിക്കുക, പ്രഖ്യാപിക്കുക, ഇതൊന്നും മതമാകുന്നില്ല. ഈശ്വരന്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോ? ‘കണ്ടിട്ടില്ല’ എന്നാണു പറയുന്നതെങ്കില്‍ പിന്നെ ഈശ്വരന്‍ ഉണ്ടെന്നു വിശ്വസിക്കാന്‍ അവകാശമെന്ത്? ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്നു സംശയമാണെങ്കില്‍ ഈശ്വരനെ കാണ്‍മാന്‍ തീവ്രയത്‌നം ചെയ്യാത്തതെന്ത്? സര്‍വ്വവും ഉപേക്ഷിച്ച് ആ ഒരു സാദ്ധ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കാത്തതെന്ത്? ത്യാഗമെന്നും അദ്ധ്യാത്മതമെന്നും ആകുന്നു ഇന്ത്യയിലെ മഹത്തായ രണ്ടു ഭാവനകള്‍. അതുകളെ മുറുകെ പിടിച്ചിരിക്കുകകൊണ്ടാകുന്നു ഇന്ത്യയുടെ തെറ്റുകള്‍ കണക്കില്‍ കൊള്ളിക്കാനില്ലാതിരിക്കുന്നത്.
ഒരാശയം എന്റെ മനസ്സില്‍ സ്ഫുരിക്കുന്നു, അതൊരു വെറു സ്വപ്നമായിരിക്കാം. അതു ഈ ലോകത്തില്‍ ഏതുകാലത്തെങ്കിലും അനുഭവത്തില്‍ വന്നുകാണുമോ എന്നു എനിക്കു അറിഞ്ഞുകൂടാ. എന്നാല്‍ ഇന്ദ്രിയപ്രത്യക്ഷങ്ങളായ കടുത്ത വസ്തുക്കളെക്കുറിച്ചുമാത്രം വിചാരിച്ചു ചത്തുപോകുന്നതിനെക്കാള്‍ അധികം നല്ലതാണല്ലോ ചിലപ്പോള്‍ (ഉത്കൃഷ്ടവിഷയങ്ങളെക്കുറിച്ച്) സ്വപ്നം കാണുകയെങ്കിലും ചെയ്യുന്നത്. മഹാതത്ത്വങ്ങള്‍, സ്വപ്നത്തില്‍ ദര്‍ശിക്കുന്നതുപോലും നന്ന്, ദൃഷ്ടവിഷയങ്ങളേക്കാള്‍ അധികം നന്ന്. നമുക്ക് ഒരു സ്വപ്നം കണ്ടുനോക്കുക. മനസ്സിനു പല പതനങ്ങളുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങള്‍ സാമാന്യബുദ്ധിയുക്തികള്‍ ഉപയോഗിച്ച് പ്രത്യക്ഷ കാര്യഭാഗം നോക്കുന്ന ആളായിരിക്കാം. ആരാധനാസമ്പ്രദായങ്ങളെ നിങ്ങള്‍ ഗണ്യമാക്കുന്നില്ലായിരിക്കാം. നിങ്ങള്‍ക്കു കടുത്ത, നീളുന്ന ചിന്താവിഷയങ്ങള്‍ വേണം: അതു മാത്രമേ നിങ്ങളെ തൃപ്തിപ്പെടുത്തുകയുള്ളൂ. പിന്നെ (ക്രിസ്ത്യന്‍ ശാഖക്കാരായ) പ്യൂരിറ്റന്‍മാരും മുഹമ്മദീയരുമുണ്ട്. അവര്‍ അവരുടെ പള്ളികളില്‍ ഒരു ചിത്രമോ പ്രതിമയോ വെപ്പാന്‍ അനുവദിക്കയില്ല. ആവട്ടെ! എന്നാല്‍ കലാവത്‌സലനായ ഒരാള്‍ വേറേയുണ്ട്! അയാള്‍ക്കു ധാരാളം കലാസൗന്ദര്യം വേണം, സുന്ദരസന്നിവേശം, നാനാവിധവര്‍ണ്ണങ്ങള്‍, പുഷ്പങ്ങള്‍; ദീപം, വിഗ്രഹം, എന്നിത്യാദി പൂജാദ്രവ്യങ്ങള്‍ എല്ലാം വേണം. എന്തിന്? ഈശ്വരദര്‍ശനസഹായാര്‍ത്ഥം. അയാളുടെ മനസ്സ് ആ വക വസ്തുക്കളില്‍ക്കൂടെയാകുന്നു ഈശ്വരനെ സമീപിക്കുന്നത്. നിങ്ങളുടേതു ബുദ്ധിശക്തിയില്‍ക്കൂടെയും. ഇനി വികാരപരനായ ഒരു തരക്കാരന്‍ ഉണ്ട്: അയാളുടെ ജീവന്‍ ഈശ്വരദര്‍ശനത്തിനു തപിക്കുന്നു. അയാള്‍ക്കു ഈശ്വരനെ സ്തുതിക്കണം, ആരാധിക്കണം എന്നല്ലാതെ മറ്റു വിചാരമില്ല. ഇവര്‍ക്കു പുറമെ തത്ത്വാന്വേഷണപരനായ ഒരാള്‍ ഉണ്ട്: മേല്‍പറഞ്ഞവയില്‍ നിന്നെല്ലാം അകന്നു, അവയെ നിസ്സാരമാക്കി പരിഹസിക്കുന്ന ആള്‍, ‘ഇതെല്ലാം എന്തു വിഡ്ഢിത്തം! ഈശ്വരനെപ്പറ്റിയുള്ള ഭാവനകള്‍ ഇങ്ങനെയെല്ലാമോ?’ എന്ന് അയാള്‍ വിചാരിക്കുന്നു.
അവര്‍ (മേല്‍ക്കാണിച്ച തരക്കാര്‍) അന്യോന്യം അപഹസിക്കുമായിരിക്കും: എന്നാലും അവര്‍ക്കു ഓരോരുത്തര്‍ക്കും ഈ ലോകത്തില്‍ ഒരു സ്ഥാനമുണ്ട്. ഈ വിവിധമനസ്സുകളും, ഈ വിവിധസ്വഭാവക്കാരും ആവശ്യമാണ്. ഒരു സര്‍വ്വലോകമതം എന്നെങ്കിലും ആവിര്‍ഭവിക്കുന്നുണ്ടെങ്കില്‍ അതു ഈ വിവിവിധമനസ്സുകള്‍ക്കും വേണ്ടുന്ന ആഹാരം കൊടുക്കത്തക്കവണ്ണം വിശാലവും മഹത്തുമായിരിക്കണം. അതു തത്ത്വാന്വേഷകന് തത്ത്വജ്ഞാനബലം കൊടുക്കുന്നതാകണം, ഭക്തന് ഭക്തി രസവും കൊടുക്കണം: ആരാധകന് ആശ്ചര്യകരവിഗ്രഹാദി ചിഹ്‌നങ്ങള്‍മൂലം ധരിപ്പിക്കാവുന്നതത്രയും പ്രദാനം ചെയ്യണം: കലാവത്‌സലനു ഗ്രഹിക്കാന്‍ കഴിവുള്ളേടത്തോളം സരസഭാവനകളും മറ്റും വേണ്ടതത്രയും സംഭരിച്ചു കൊടുക്കുന്നതുമായിരിക്കണം അത്ര വിശാലമായ മതം രൂപീകരിപ്പാന്‍ നാം മതാരംഭകാലത്തിലേക്കു മടങ്ങിച്ചെല്ലണം: ഈ എല്ലാതരക്കാരേയും ഉള്‍പ്പെടുത്തണം.
അപ്പോള്‍ നമ്മുടെ മുദ്രാവാക്യം സ്വീകരണം, അംഗീകരണം എന്നായിരിക്കട്ടെ. തിരസ്‌കരണം, ബഹിഷ്‌കരണം എന്നല്ല. സഹിഷ്ണുത എന്നു മാത്രമല്ല, സഹിഷ്ണുത എന്നു പറഞ്ഞുവരുന്ന ഭാവം പലപ്പോഴും ഈശ്വരനിന്ദയാകുന്നുണ്ട്. എനിക്ക് അതില്‍ വിശ്വാസമില്ല. സ്വീകരണം എന്നതിലാണ് എനിക്കു വിശ്വാസം. സഹിഷ്ണുതയ്ക്കു അര്‍ത്ഥമാകുന്നത് നിങ്ങളുടെ മതം തെറ്റാണ്: പക്ഷേ അതനുസരിക്കാന്‍ നിങ്ങളെ ഞാന്‍ അനുവദിക്കുന്നു എന്നാകുന്നു. നിങ്ങളുടെ മതം വെച്ചുകൊണ്ടു ജീവിച്ചിരിക്കാന്‍ നിങ്ങളും ഞാനും മറ്റുള്ളവരെ അനുവദിക്കുന്നു എന്നു വിചാരിക്കുന്നു ഈശ്വരനിന്ദയല്ലേ? കഴിഞ്ഞ കാലത്തുണ്ടായിട്ടുള്ള സര്‍വ്വമതങ്ങളേയും ഞാന്‍ അംഗീകരിക്കയാണ് ചെയ്യുന്നത്. അവയില്‍ക്കൂടെ ഞാന്‍ ഈശ്വരനെ ഭജിക്കുന്നു.
ഞാന്‍ ഇതെല്ലാം ചെയ്യും എന്നുമാത്രമല്ല, ഭാവിയില്‍ ഉദ്ഭവിക്കാവുന്ന സര്‍വ്വമതങ്ങളെയും അംഗീകരിപ്പാന്‍ എന്റെ ഹൃദയം തുറന്നുവെച്ചിരിക്കുകയും ചെയ്യും. ഈശ്വരന്റെ ഗ്രന്ഥം സമാപ്തമായോ? അതോ (അതിന്റെ രചന) തത്ത്വപ്രകാശമായി തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നുവോ? ബൈബിളും വേദങ്ങളും ഖുറാനും മറ്റു മത ഗ്രന്ഥങ്ങളും അതില്‍ ഏതാനും എടുകള്‍ മാത്രം: ഇനിയും എണ്ണമറ്റുള്ള ഏടുകള്‍ മറിഞ്ഞു വരുവാനിരിക്കുന്നു. അവ വരത്തക്കവണ്ണം ഗ്രന്ഥം തുറന്നുവെപ്പാന്‍ ഞാന്‍ താല്പര്യപ്പെടുന്നു. നാം വര്‍ത്തമാനകാലത്തില്‍ സ്ഥിതിച്ചെയ്യുന്നു. എന്നാല്‍ അനന്തഭാവിയെ സ്വീകരിപ്പാന്‍ നാം സന്നദ്ധരുമാകുന്നു. ഭൂതകാലത്തിലുണ്ടായിട്ടുള്ളതെല്ലാം നാം കൈക്കൊള്ളുന്നു. വര്‍ത്തമാനകാലത്തിലെ പ്രകാശത്തില്‍ നാം സുഖിക്കുന്നു. ഭാവികാലത്തില്‍ വരുന്നതിനെയെല്ലാം സ്വീകരിപ്പാന്‍ നമ്മുടെ ഹൃദയവാതായനങ്ങളെ ഓരോന്നിനെയും നാം തുറന്നുവെച്ചും ഇരിക്കുന്നു. അതീതകാലത്തിലുണ്ടായ സര്‍വ്വമതപ്രവാചകന്‍മാര്‍ക്കും വന്ദനം: ആധുനിക മഹാത്മാക്കള്‍ക്കും വന്ദനം: ഭാവിയില്‍ ആവിര്‍ഭവിക്കാനിരിക്കുന്നവര്‍ക്കും വന്ദനം.
വിശ്വമതസാദ്ധ്യത (കാലിഫോര്‍ണിയയില്‍ പാസഡീന യൂനിവേഴ്‌സലിസ്റ്റ് പള്ളിയില്‍വെച്ചു 1900 ജനുവരി 28നു ചെയ്ത പ്രസംഗം) – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം