സ്വാമി വിവേകാനന്ദന്‍

സ്വാതന്ത്ര്യമാണ് എല്ലാ മതങ്ങളുടെയും അന്വേഷണവിഷയം. മനുഷ്യര്‍ അറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ സ്വാതന്ത്ര്യനിര്‍വ്വചനം ശരിയായാലും അല്ലെങ്കിലും ആ ആശയം അവിടെയുണ്ട്. ഏറ്റവും അധമനും ഏറ്റവും അജ്ഞനുപോലും പ്രകൃതി നിയമങ്ങളുടെ മേല്‍ ഈശ്വരത്വമുള്ള വല്ലതുമൊന്നിനെയാണ് തേടുന്നത്. അസുരനെയോ ദേവനെയോ ഭൂതത്തെയോ – പ്രകൃതിയെ കീഴടക്കാന്‍ കഴിവുള്ള വല്ലതുമൊന്നിനെ, പ്രകൃതിക്ക് സര്‍വ്വാധിപത്യം പ്രയോഗിക്കാനാവാത്ത ഒരു സത്വത്തെ, നിയമബദ്ധമല്ലാത്ത വല്ലതിനെയും – കണ്ടെത്തുകയാണ് അയാള്‍ക്കാവശ്യം. ‘ഹാ, നിയമത്തെ അതിക്രമിക്കാന്‍ കഴിവുള്ള എല്ലാവരും ഉണ്ടായാല്‍!’ ഇതാണ് മനുഷ്യഹൃദയത്തില്‍നിന്നുയരുന്ന വിളി. നിയമത്തെ നിഷേധിക്കാന്‍ പോന്നവനെയാണ് നാം സദാപി തേടിക്കൊണ്ടിരിക്കുന്നത്. തീവണ്ടിയന്ത്രം പാളത്തില്‍ക്കൂടി ഇരമ്പിപ്പായുന്നു. അതിന്റെ മാര്‍ഗ്ഗത്തില്‍നിന്നു ചെറിയൊരു പുഴു ഇഴഞ്ഞുമാറുന്നു. നാം ഉടന്‍ പറയും; ‘എന്‍ജിന്‍ നിര്‍ജ്ജീവവസ്തു, വെറും യന്ത്രം: പുഴുവിനു ജീവനുണ്ട്.’ കാരണം പുഴു നിയമത്തെ ഉല്ലംഘിക്കാന്‍ ശ്രമിച്ചു. എന്‍ജിന്‍ കൂറ്റനും ശക്തനുമാണെങ്കിലും അതിനു നിയമം വിട്ടുപോകുക സാദ്ധ്യമല്ല. മനുഷ്യന്‍ വേണ്ട വഴിക്കൊക്കെ അതിനെ നടത്തുന്നു. മറ്റുവിധത്തില്‍ പ്രവര്‍ത്തിപ്പാന്‍ അതിനു കഴിവില്ല. പുഴുവാകട്ടെ, അല്പപ്രാണിയെങ്കിലും നിയമം ലംഘിച്ച് ആപത്തില്‍ നിന്നൊഴിയാന്‍ ഉദ്യമിച്ചു. നിയമത്തെ വെല്ലുവിളിക്കാന്‍, തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാന്‍ അതു ശ്രമിച്ചു. ഭാവിയിലെ ഈശ്വരന്റെ ലക്ഷണം അതിലുണ്ട്.

സ്വാതന്ത്ര്യം പിടിച്ചെടുക്കാനുള്ള ആത്മാവിന്റെ ഈ ശ്രമം നാം സര്‍വ്വത്ര കാണുന്നു. അത് ഈശ്വരന്റെയോ ഈശ്വരന്‍മാരുടെയോ രൂപത്തില്‍ എല്ലാ മതങ്ങളിലും പ്രതിഫലിച്ചുകാണാം. എന്നാല്‍ എല്ലാം വെളിയില്‍മാത്രം. ഈശ്വരന്‍മാരെ വെളിയില്‍മാത്രം ദര്‍ശിക്കുന്നവര്‍ക്ക്. താന്‍ നിസ്സാരനാണെന്നു മനുഷ്യന്‍ നിശ്ചയിച്ചു. തനിക്ക് ഒരിക്കലും സ്വതന്ത്രനാവാന്‍ കഴിയാതെ വന്നേയ്ക്കുമെന്ന് അവന്‍ ഭയപ്പെട്ടു. അതിനാല്‍ അവന്‍ പ്രകൃതിക്കു വെളിയില്‍ ഒരു സ്വതന്ത്രജീവിയെ അന്വേഷിച്ചു പോയി. അനന്തരം അവന്‍ വിചാരിച്ചു. അത്തരം അനേകമനേകം സ്വതന്ത്രജീവികളുണ്ടെന്ന്. ക്രമേണ അവയെയെല്ലാം ഒരൊറ്റ ദേവദേവനില്‍, നാഥനാഥനില്‍, ലയിപ്പിച്ചു. അതുകൊണ്ടും അവന്‍ തൃപ്തനായില്ല. അവന്‍ കുറച്ചുകൂടി സത്യത്തിന്റെ സമീപത്തേക്കു നീങ്ങി, അല്പംകൂടി സത്യത്തോടടുത്തു. അപ്പോള്‍ ക്രമേണ അവനു മനസ്സിലായി, സ്വസ്വരൂപം എന്തായാലും, ഏതോ പ്രകാരത്തില്‍ താന്‍ ആ ദേവദേവനോടോ നാഥനാഥനോടോ ബന്ധപ്പെട്ടവനാണെന്ന്: താന്‍ ബദ്ധനും നികൃഷ്ടനും ദുര്‍ബലനുമാണെന്നു സ്വയം വിചാരിച്ചെങ്കിലും ആ ദേവദേവനുമായി ഏതോ വിധത്തില്‍ ബന്ധപ്പെട്ടവനാണെന്ന്.

പിന്നീട് അവനു ചില ദര്‍ശനങ്ങളുണ്ടായി: ആശയങ്ങള്‍ അങ്കുരിച്ചു. ജ്ഞാനം പുരോഗമിച്ചു. അവന്‍ ആ ഈശ്വരനോടു കൂടുതല്‍ കൂടുതല്‍ അടുത്തുവന്നു. അന്ത്യഘട്ടത്തില്‍, ആ ഈശ്വനും എല്ലാ ഈശ്വരന്‍മാരും അതുപോലെ സര്‍വ്വശക്തനായ സ്വതന്ത്രജീവിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട സകലസങ്കല്പങ്ങളും, തന്നെപ്പറ്റി തനിക്കുതന്നെയുള്ള ആശയത്തിന്റെ ഒരു പ്രതിഫലനംമാത്രമാണെന്ന് അവന്‍ കണ്ടുപിടിക്കുകയും ചെയ്തു. അങ്ങനെ ഒടുവില്‍, ‘ദേവന്‍ മനുഷ്യനെ സ്വന്തരൂപത്തില്‍ സൃഷ്ടിച്ചു’ എന്നതുമാത്രമല്ല ശരിയെന്നും, ‘മനുഷ്യന്‍ ദേവനെ സ്വന്തരൂപത്തില്‍ സൃഷ്ടിച്ചു’ എന്നതും ശരിയാണെന്നും അവന്‍ മനസ്സിലാക്കി. അതില്‍നിന്ന് ഐശ്വരസ്വാതന്ത്ര്യമെന്ന ആശയം ആവിര്‍ഭവിച്ചു. ഈശ്വരന്‍ സമീപസ്ഥരില്‍ സമീപസ്ഥനായി സദാപി ഉള്ളിലുണ്ടായിരുന്നു. അവനെ നാം എക്കാലവും ബാഹ്യലോകത്തന്വേഷിച്ചുപോന്നു. അവന്‍ നമ്മുടെ ഹൃദയത്തിന്റെ ഹൃദയമാണെന്ന് ഒടുവില്‍ നാം കണ്ടു. സ്വന്തം ഹൃദയത്തുടിപ്പിനെ ആരോ വാതില്‍ക്കല്‍ വന്നു മുട്ടുന്ന ശബ്ദമാണെന്നു തെറ്റിദ്ധരിച്ച മനുഷ്യന്റെ കഥ നിങ്ങള്‍ കേട്ടിരിക്കാം. വാതില്‍ക്കല്‍ച്ചെന്ന് അതു തുറന്നു, ആരെയും കാണാനില്ല, മടങ്ങിപ്പോന്നു. വീണ്ടും വാതില്‍ക്കല്‍ മുട്ടല്‍ കേള്‍ക്കുന്നതായി തോന്നി. പക്ഷേ, ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ മനസ്സിലായി, താന്‍ കേട്ടതു സ്വന്തം ഹൃദയത്തുടിപ്പാണെന്നും അതു വാതില്‍ക്കലെ മുട്ടലായി തെറ്റിദ്ധരിച്ചതാണെന്നും അതുപോലെ, ഉള്ള കാലമത്രയും ബാഹ്യപ്രകൃതിയില്‍ ഉണ്ടെന്നുവെച്ചിരുന്ന ഈ അനന്തസ്വാതന്ത്ര്യം അന്തഃപുരുഷനാണ്. നിത്യനായ പരമാത്മാവാണ്, ഈ പരമാര്‍ത്ഥവസ്തു താന്‍തന്നെ, എന്നു മനുഷ്യന്‍ അന്വേഷണാനന്തരം കണ്ടുപിടിക്കുന്നു.

അങ്ങനെ ഒടുവില്‍, അസ്തിത്വത്തിന്റെ ഈ ആശ്ചര്യകരമായ ദ്വന്ദ്വഭാവം – അപരിമിതവും പരിമിതവും ഏകത്ര ചേര്‍ന്നിരിക്കുന്ന അവസ്ഥ, അപരിമിതനായ പരമാത്മാവുതന്നെയാണ് പരിമിതനായ ജീവാത്മാവുമെന്ന വസ്തുത – അവന്‍ കണ്ടറിയുന്നു. അപരിമിതവസ്തു ബുദ്ധിയുടെ കുരുക്കില്‍ കുടുങ്ങിയപോലെയാണത്. അനന്തരം അതു പരിമിതജീവികളുടെ രൂപത്തില്‍ അഭിവ്യക്തമാകുന്നതായി തോന്നിക്കുന്നു: എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിര്‍വ്വികാരമായി നിലകൊള്ളുകയും ചെയ്യുന്നു.

അതിനാല്‍ ഇതാണ് യഥാര്‍ത്ഥജ്ഞാനം. നമ്മുടെ ആത്മാവിന്റെയും ആത്മാവ്, നമ്മുടെ അന്തഃസത്ത, വികാരശൂന്യവും സനാതനവും നിത്യാനന്ദവും നിത്യസ്വതന്ത്രവുമാണ്. നമുക്കു നിലയുറപ്പിക്കാവുന്ന ഉറപ്പുള്ള അടിത്തറ ഇതുമാത്രം. അതിനാല്‍ ഇതിലാണ് മരണത്തിന്റെയെല്ലാം മരണം. നിത്യജീവിതത്തിന്റെയാകെ പ്രത്യാഗനം, ദുഃഖങ്ങളുടെയൊക്കെ അറുതി. അനേകങ്ങളിലുള്ള ആ ഏകനെ, മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ ആ മാറാത്ത വസ്തുവിനെ ആരൊരുവന്‍ കണ്ടെത്തുന്നുവോ, ആ സര്‍വ്വവ്യാപിയെ തന്റെ ആത്മാവിന്റെ ആത്മാവായി ആരൊരുവന്‍ അറിയുന്നുവോ, അവനുള്ളതാകുന്നു നിത്യശാന്തി, മറ്റാര്‍ക്കുമല്ല.

കഷ്ടപ്പാടിന്റെയും നികൃഷ്ടതയുടെയും അഗാധഗര്‍ത്തങ്ങളിലാണ്ടിരിക്കുമ്പോഴും ആ ആത്മാവിന്റെ ഒരു കിരണം പോന്നുവന്നു മനുഷ്യനെ ഉണര്‍ത്തുന്നു. ആ ഉണര്‍വ്വിന്‍ഫലമായി തനിക്കു യഥാര്‍ത്ഥത്തിലുള്ളത് ഒരിക്കലും പൊയ്‌പോകയില്ലെന്ന് അവന്‍ കാണുന്നു. യഥാര്‍ത്ഥത്തില്‍ നമ്മുടേതായിട്ടുള്ളത് ഒരിക്കലും നഷ്ടമാകാന്‍ നിവൃത്തിയില്ല. തന്റെ ഉണ്മ കളയുവാന്‍ ആര്‍ക്കു സാധിക്കും? സ്വന്തം ‘അസ്തിത്വം’ ആര്‍ക്കു നശിപ്പിക്കാന്‍ കഴിയും? ഞാന്‍ നല്ലവനാകട്ടെ ചീത്തയാകട്ടെ, ആദ്യമേയുള്ളത് എന്റെ അസ്തിത്വമാണ്. പിന്നീടത്രെ ആയതില്‍ ‘നന്മ’യെന്ന ഗുണം കലരുന്നത്. ഞാന്‍ ചീത്തയാണെങ്കില്‍ അവിടെയും ആദ്യമേയുള്ളത് എന്റെ അസ്തിത്വം. അതിലാണ് ‘ചീത്തത്ത’മെന്ന ഗുണം കലരുന്നത്. ആ അസ്തിത്വം ആദ്യവും അവസാനവും (ഇടയ്ക്കും എന്നു വേണ്ടാ) എല്ലായ്‌പോഴും അവിടെയുണ്ട്. അതൊരിക്കലും നഷ്ടപ്പെടുന്നില്ല. അതു നിത്യസിദ്ധമാണ്ന്മ1 അതിനാല്‍ എല്ലാവര്‍ക്കും ആശയ്ക്കു വകയുണ്ട്. ആര്‍ക്കും മരിക്കാന്‍ വയ്യ. നികൃഷ്ടതയിലാണ്ടുകിടക്കാനും വയ്യ. ജീവിതം ഒരു കളിസ്ഥലം – കളി എത്രതന്നെ മാന്യത വിട്ടുപോയാലും, എന്തെന്തു പ്രഹരങ്ങള്‍ കിട്ടിയാലും, എത്രമാത്രം ഇട്ടുതട്ടുകള്‍ ഏല്‍ക്കേണ്ടിവന്നാലും, ആത്മാവ് എന്നും അവിടെയുണ്ട്, എന്നും അക്ഷതമായി വര്‍ത്തിക്കുകയും ചെയ്യും. ആ അനന്തവസ്തുവാണ് നാം.

പരസ്യമായ രഹസ്യം (കാലിഫോര്‍ണിയയില്‍ ലോസ് ഏഞ്ജലസില്‍ ചെയ്ത പ്രസംഗം) – തുടരും