‘ഈശ്വരനാമം കേള്‍ക്കാത്ത ദിനമാണ് ദുര്‍ദ്ദിനം. മേഘച്ഛന്നമായ ദിനമല്ല ദുര്‍ദ്ദിനം’ എന്നു ഞങ്ങള്‍ പയാറുണ്ട്. ‘യാജ്ഞവല്ക്യന്‍ വലിയൊരു ജ്ഞാനിയായിരുന്നു. എല്ലാ മനുഷ്യരും പ്രായം ചെല്ലുമ്പോള്‍ ലോകം ത്യജിക്കണമെന്ന് ഇന്ത്യയിലെ ശാസ്ത്രങ്ങള്‍ അനുശാസിക്കുന്നതായി നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. അതിനാല്‍ യാജ്ഞവല്ക്യന്‍ തന്റെ ഭാര്യയായ മൈത്രേയിയോടു പറഞ്ഞു; ‘പ്രിയേ, ഇതാ എന്റെ പണവും സ്വത്തുമെല്ലാം എടുത്തുകൊള്ളുക, ഞാന്‍ വീടുവിട്ടു പോവുകയാണ്.’ അവള്‍ ചോദിച്ചു; ‘ഭഗവന്‍, വിത്തപൂര്‍ണ്ണമായ ഈ പൃഥിവി മുഴുവന്‍ ലഭിച്ചാലും അതുകൊണ്ട് ഞാന്‍ അമൃതയാകുമോ?’ യാജ്ഞവല്ക്യന്‍ പറഞ്ഞു; ‘ഇല്ല, നീ ധനികയായിരിക്കും; അത്രതന്നെ. അമൃതത്വം തരാന്‍ വിത്തത്തിനു സാദ്ധ്യമല്ല’ മൈത്രേയി വീണ്ടും ചോദിച്ചു; ‘യാതൊന്നില്‍ക്കൂടി അമൃതത്ത്വം സാദ്ധ്യമോ അതു നേടാന്‍ ഞാനെന്താണ് ചെയ്യേണ്ടത്? അങ്ങയ്ക്കറിയാവുന്നതു പറഞ്ഞുതന്നാലും.’
യാജ്ഞവല്ക്യന്‍ പറഞ്ഞു; ‘നീ എക്കാലത്തും എനിക്കു പ്രിയതന്നെ: ഇപ്പോള്‍ ഈ ചോദ്യംകൊണ്ടു പൂര്‍വ്വാധികം പ്രിയയായി. വരൂ, ഇരിക്കൂ, പറയാം. കേട്ടിട്ട് അതിനെപ്പറ്റി ചിന്തിക്കുക.’ അദ്ദേഹം തുടര്‍ന്നു: ‘ഭാര്യ ഭര്‍ത്താവിനെ സ്നേഹിക്കുന്നതു ഭര്‍ത്താവിനുവേണ്ടിയല്ല: ആത്മാവിനുവേണ്ടിയാണ് – എന്തെന്നാല്‍ അവള്‍ ആത്മാവിനെ സ്നേഹിക്കുന്നുണ്ട്. ഭാര്യയ്ക്കുവേണ്ടി ആരും ഭാര്യയെ സ്നേഹിക്കുന്നില്ല: ആത്മാവിനെ സ്നേഹിക്കുന്നതുകൊണ്ടാണ് ഭാര്യയെ സ്നേഹിക്കുന്നത്. കുട്ടികള്‍ക്കുവേണ്ടി ആരും കുട്ടികളെ സ്നേഹിക്കുന്നില്ല, ആത്മാവിനെ സ്നേഹിക്കുന്നതുകൊണ്ടു കുട്ടികളെ സ്നേഹിക്കുന്നു. വിത്തത്തിനുവേണ്ടി ആരും വിത്തത്തെ സ്നേഹിക്കുന്നില്ല. ആത്മാവിനെ സ്നേഹിക്കുന്നതുകൊണ്ടു വിത്തത്തെ സ്നേഹിക്കുന്നു. ബ്രാഹ്മണനുവേണ്ടി ആരും ബ്രാഹ്മണനെ സ്നേഹിക്കുന്നില്ല: ആത്മാവിനെ സ്നേഹിക്കുന്നതുകൊണ്ടു ബ്രാഹ്മണനെ സ്നേഹിക്കുന്നു. ക്ഷയ്രിയനു വേണ്ടി ആരും ക്ഷത്രിയനെ സ്നേഹിക്കുന്നില്ല: സ്നേഹിക്കുന്നതു ആത്മാവിനു വേണ്ടിയാണ്. അതുപോലെ ലോകത്തെയും. ആരും ലോകത്തിനു വേണ്ടി സ്നേഹിക്കുന്നില്ല. സ്നേഹിക്കുന്നതു ആത്മാവിനെ സ്നേഹിക്കുന്നതുകൊണ്ടാണ്. ദേവന്‍മാര്‍ക്കുവേണ്ടി ആരും ദേവന്‍മാരെ സ്നേഹിക്കുന്നില്ല, ആത്മസ്നേഹമാണ് ദേവസ്നേഹത്തിനു നിദാനം. ആരും ഒരു വസ്തുവിനെയും ആ വസ്തുവിനുവേണ്ടി സ്നേഹിക്കുന്നില്ല. സ്നേഹിക്കുന്നത് ആത്മാവിനുവേണ്ടിയത്രേ. അതിനാല്‍ ഈ ആത്മാവിനെപ്പറ്റി ശ്രവിക്കണം. മനനം ചെയ്യണം, നിദിധ്യാസം ചെയ്യണം. അല്ലയോ മൈത്രേയി, ഈ ആത്മാവിനെ ശ്രവിക്കുകയും ദര്‍ശിക്കുകയും സാക്ഷാല്‍ക്കരിക്കുകയും ചെയ്താല്‍ അതോടെ ഈ കാണുന്നതെല്ലാം അറിയപ്പെട്ടതാകുന്നു.’
അപ്പോള്‍ എന്താണ് വന്നുകൂടുന്നത്? കൗതുകാവഹമായ ഒരു തത്ത്വശാസ്ത്രമാണ് ഇവിടെ കാണുന്നത്. എല്ലാത്തരം സ്നേഹവും സ്വാര്‍ത്ഥമാണെന്നു, ആ വാക്കിന്റെ ഏറ്റവും അധമമായ അര്‍ത്ഥത്തില്‍, പ്രസ്താവനയുണ്ടായിട്ടുണ്ട്. അതായത് ഞാന്‍ സ്വയം സ്നേഹിക്കുന്നതുകൊണ്ടാണ് മറ്റൊരാളെ സ്നേഹിക്കുന്നതെന്ന്. എന്നാല്‍ അതങ്ങനെയാവാന്‍ തരമില്ല. ലോകത്തില്‍ സ്വാര്‍ത്ഥംമാത്രമാണ് (കര്‍മ്മത്തിന് ഏകപ്രേരകശക്തിയെന്ന് അധുനാതനരായ ചില തത്ത്വശാസ്ത്രജ്ഞന്‍മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. അതു ശരിയാണ്, തെറ്റുമാണ്. പിന്നിലുള്ള യഥാര്‍ത്ഥാത്മാവിന്റെ നിഴല്‍മാത്രമാണ് ഈ ആത്മാവ്. അതു ചെറുതായതുകൊണ്ട് അപരാധിയും ദോഷയുക്തവുമായി തോന്നുന്നു. വിശ്വരൂപനായ ആത്മാവിനോടുള്ള അപരിമിതപ്രേമം അല്പാംശത്തില്‍ക്കൂടി പ്രകടമാകുന്നതുകൊണ്ട് അതു ദോഷയുക്തമായി കാണപ്പെടുന്നു, ചെറുതായി തോന്നിക്കുന്നു. ഭാര്യഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍, അവള്‍ അറിഞ്ഞോ അറിയാതെയോ ആ ആത്മാവിനുവേണ്ടിയാണ് ഭര്‍ത്താവിനെ സ്നേഹിക്കുന്നത്. ലോകത്തില്‍ കണ്ടുവരുംവിധം അത് ആത്മാ(സ്വാ)ര്‍ത്ഥതതന്നെ: എന്നാല്‍ ആ ആത്മാര്‍ത്ഥത യഥാര്‍ത്ഥത്തില്‍ ‘ആത്മത’യുടെ ചെറിയൊരംശംമാത്രമാണ്. ഒരാള്‍ വല്ലപ്പോഴും സ്നേഹിക്കുമ്പോള്‍, അത് ആത്മാവിലും ആത്മാവില്‍ക്കൂടിയും വേണ്ടിയിരിക്കുന്നു. ഈ ആത്മാവിനെയാണ് നാം അറിയേണ്ടിയിരിക്കുന്നത്. എന്താണ് വ്യത്യാസം? ആത്മാവ് ഏതെന്നറിയാതെ സ്നേഹിക്കുന്നവരുടെ സ്നേഹം സ്വാര്‍ത്ഥം: ആത്മാവേതെന്നറിഞ്ഞു സ്നേഹിക്കുന്നവരുടെ സ്നേഹം സ്വതന്ത്രം. അവര്‍ ജ്ഞാനികളുമാണ്.
നാം ഒരു വസ്തുവിനെ വ്യവച്ചേദിക്കുന്ന ഓരോ അവസരത്തിലും അതിനെ ആത്മാവില്‍നിന്നു വേറായി കാണുന്നു. ഞാന്‍ ഒരു സ്ര്തീയെ സ്നേഹിക്കാന്‍ ശ്രമിക്കുന്നു: ഞാന്‍ അവളെ ഒറ്റതിരിക്കുന്നതോടെ അവള്‍ ആത്മാവില്‍നിന്നു വേര്‍തിരിക്കപ്പെടുന്നു. അപ്പോള്‍ എനിക്കവളോടുള്ള സ്നേഹം അശാശ്വതമായ ഒന്നായി ദുഃഖത്തിലവസാനിക്കും. മറിച്ച് ഞാന്‍ ആ സ്ര്തീയെ ആത്മാവായി കാണുമെങ്കില്‍ ആ നിമിഷം ആ സ്നേഹം അന്യൂനമാകും: അതിനൊരിക്കലും കെടുതി ഭവിക്കയുമില്ല. ഇങ്ങനെ ഓരോ വസ്തുവിനെസ്സംബന്ധിച്ചും – ജഗത്തിലുള്ള ഏതു വസ്തുവിനെയും ജഗത്തില്‍നിന്നു വേര്‍പെടുത്തി, ആത്മാവില്‍നിന്നു ഭിന്നമായി കല്പിച്ച്, അതില്‍ നിങ്ങള്‍ ആസക്തരായാല്‍ വൈകാതെ അതിനൊരു തിരിച്ചടിയുണ്ടാകും. ആത്മാവിനു വെളിയില്‍ നമ്മുടെ സ്നേഹത്തിനു വിഷയമാകുന്ന ഏതു വസ്തുവിനെസ്സംബന്ധിച്ചും ദുഃഖവും വ്യഥയുമാണ് ഫലം. ഏതിനെയും ആത്മാവില്‍ ആത്മാവായി ആസ്വദിക്കുകയാണെങ്കിലോ, ദുഃഖമോ പ്രത്യാഘാതമോ സംഭവിക്കില്ല: അതു പൂര്‍ണ്ണാനന്ദമാണ്. ഈ ആദര്‍ശത്തില്‍ എങ്ങനെയെത്താം? ഈ അവസ്ഥയില്‍ എത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങളും പ്രക്രിയകളും യാജ്ഞവല്ക്യന്‍ തുടര്‍ന്നുവിവരിക്കുന്നു.
പ്രപഞ്ചം അനന്തവും അപരിമിതവുമാണ്: ആത്മാവിനെ അറിയാതെ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനെയും ആത്മാവായി കരുതാന്‍ എങ്ങനെ സാധിക്കും? ദുന്ദുഭി നമ്മില്‍നിന്നു അകലെയായിരിക്കുമ്പോള്‍ അതില്‍നിന്നു പുറപ്പെടുന്ന ശബ്ദത്തിനുമേല്‍ നമുക്കു പിടിയില്ല: അതു നമുക്കു പാട്ടിലാക്കാന്‍ വയ്യ: എന്നാല്‍ നാം ദുന്ദുഭിയുടെ അടുത്തെത്തി അതിന്‍മേല്‍ കൈവെക്കുന്നതോടെ ആ ശബ്ദം നമ്മുടെ പാട്ടിലാവുന്നു. അതുപോലെ, ശംഖ് ഊതുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തെസ്സംബന്ധിച്ചും. അടുത്തുചെന്ന് ശംഖു കയ്യിലാക്കുന്നതുവരെയും ശംഖില്‍നിന്നു വരുന്ന ശബ്ദം നമ്മുടെ പിടിയിലോ വരുതിയിലോ അല്ല: എന്നാല്‍ ശംഖിനെ കയ്യിലാക്കുന്നതോടെ നാം അതിന്‍മേല്‍ ആധിപത്യം നേടുന്നു. വീണ വായിക്കയാണെങ്കില്‍, നാം വീണയുടെ അടുത്തു ചെല്ലുമ്പോഴേ ശബ്ദം പുറപ്പെട്ട കേന്ദ്രത്തെ സ്വാധീനമാക്കുന്നുള്ളൂ. നനവുള്ള വിറകുകൊള്ളി കത്തിക്കുമ്പോള്‍ അതില്‍നിന്നു നാനാതരത്തിലുള്ള പുകയും പൊരിയും ഉയരുന്നതെപ്രകാരോ അപ്രകാരം ഈ മഹത്തായ ഭൂത്തില്‍നിന്നു ജ്ഞാനം നിശ്വസിക്കപ്പെട്ടു: അവനില്‍നിന്നുതന്നെ സകലതും ഉദ്ഭവിച്ചു. എല്ലാ ജ്ഞാനവും അവനാല്‍ നിശ്വസിക്കപ്പെട്ടതുപോലെയാണ്. എല്ലാ വെള്ളത്തിനും ഏകലക്ഷ്യം സമുദ്രമായതുപോലെ: എല്ലാ സ്പര്‍ശത്തിനും ഏകലക്ഷ്യം ത്വക്കായതുപോലെ: എല്ലാ ഗന്ധത്തിനും ഏകലക്ഷ്യം നാസികയായതുപോലെ: എല്ലാ രുചിയ്ക്കും ഏകലക്ഷ്യം രസനയായതുപോലെ: എല്ലാ രൂപങ്ങള്‍ക്കും ഏകലക്ഷ്യം ചക്ഷുസ്സായതുപോലെ: എല്ലാ ശബ്ദങ്ങള്‍ക്കും ഏകലക്ഷ്യം ശ്രോത്രമായതുപോലെ: എല്ലാ സങ്കല്പങ്ങള്‍ക്കും ഏകലക്ഷ്യം മനസ്സായതുപോലെ: എല്ലാ വിദ്യകള്‍ക്കും ഏകലക്ഷ്യം ഹൃദയമായതുപോലെ: എല്ലാ കര്‍മ്മത്തിനും ഏകലക്ഷ്യം കൈകളായതുപോലെ; ഉപ്പുപരലിനെ സമുദ്രത്തിലിട്ടാല്‍ പിന്നീടു തിരിച്ചെടുക്കാനാവാത്ത വിധം അതു വെള്ളത്തില്‍ അലിഞ്ഞുചേരുന്നു, അതുപോലെ: അല്ലയോ മൈത്രേയി, ഈ ബ്രഹ്മം അനന്തവും അപാരവുമാണ്. എല്ലാ ജ്ഞാനവും അവനിലാണ്. ജഗത്തു മുഴുവന്‍ അവനില്‍നിന്നുദിക്കുന്നു: വീണ്ടും അവനില്‍ ലയിക്കുന്നു. അനന്തരം ജ്ഞാനമോ മരിക്കലോ മരണമോ ഒന്നുമില്ല.’ അഗ്‌നിയില്‍നിന്നു സ്ഫുലിംഗങ്ങളെന്നതുപോലെ, നാം ബ്രഹ്മത്തില്‍നിന്നുണ്ടായി എന്നും, ബ്രഹ്മത്തെ അറിയുന്നതോടെ നാം അതിലേക്കുതന്നെ മടങ്ങിച്ചെന്ന് അതുമായി ഐക്യം പ്രാപിക്കുന്നു എന്നുമുള്ള ആശയമാണ് ഇവിടെ നമുക്കു കിട്ടുന്നത്. നാം ആ അനന്തവസ്തുതന്നെ.
മൈത്രേയിക്കു ഭയം തോന്നി, (ഈ വിവരണം കേട്ടാല്‍) എല്ലായിടത്തുമുള്ള ആളുകള്‍ക്ക് തോന്നുംപോലെ: അവള്‍ പറഞ്ഞു; ഭഗവന്‍, ഇവിടെ അങ്ങു എന്നെ കുഴപ്പത്തിലാക്കുന്നു. ദേവന്‍മാര്‍ തുടങ്ങിയവര്‍ മേലില്‍ ഉണ്ടാവില്ലെന്നും എല്ലാ വ്യക്തിത്വവും നശിക്കുമെന്നും പറഞ്ഞതിനാല്‍ അങ്ങ് എന്നെ ഭയവിഹ്വലയാക്കുന്നു. കാണാന്‍ ആരുമുണ്ടാവില്ല. സ്നേഹിക്കാന്‍ ആരുമുണ്ടാവില്ല, ദ്വേഷിക്കാനും ആരുമുണ്ടാവില്ല. അപ്പോള്‍ നമുക്കൊക്കെ എന്തു സംഭവിക്കും?’ യാജ്ഞവല്ക്യന്‍ പറഞ്ഞു; ‘മൈത്രേയി, നിന്റെ ബുദ്ധിയെ കുഴക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അഥവാ ഇതിവിടെ നില്‍ക്കട്ടെ. നീ ഭയപ്പെട്ടിരിക്കാം. ദ്വൈതം (രണ്ട്) ഉള്ളേടത്ത് ഒന്നു മറ്റൊന്നിനെ കാണുന്നു, ഒന്നു മറ്റൊന്നിനെ കേള്‍ക്കുന്നു, ഒന്നു മറ്റൊന്നിനെ അഭിവാദനം ചെയ്യുന്നു, ഒന്നു മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കുന്നു, ഒന്നു മറ്റൊന്നിനെ അറിയുന്നു: എന്നാല്‍ എല്ലാം ആത്മാവായിക്കഴിഞ്ഞാല്‍ ആര്‍ ആരെ കാണും, ആര്‍ ആരെ കേള്‍ക്കും, ആര്‍ ആരെ അഭിവാദനം ചെയ്യും, ആര്‍ ആരെ അറിയും?’
സമസ്തവും ഒരേ അനന്തസത്തതന്നെയെന്നാണ് ഇതേവരെ പ്രതിപാദിച്ചത്. അംശങ്ങളും ഭാഗങ്ങളും ഇല്ലാതാവുമ്പോഴാണ്, യഥാര്‍ത്ഥവ്യക്തിത്വം. ഈ അല്പഭാഗങ്ങള്‍ അധമങ്ങളാണ്. വ്യാമോഹങ്ങളാണ്. എന്നിരുന്നാലും ഓരോ വ്യക്തിസ്ഫുരണത്തില്‍ക്കൂടിയും ആ അനന്തസത്തയാണ് പ്രകാശിക്കുന്നത്. സര്‍വ്വവും ആത്മാവിന്റെ അഭിവ്യക്തിയാണ്. ഈ തത്ത്വത്തിലെത്തുന്നതെങ്ങനെ? ആദ്യം തത്ത്വോപദേശം. യാജ്ഞവല്ക്യന്‍തന്നെ പറയുന്നതുപോലെ ‘ആദ്യം ഈ ആത്മാവിനെപ്പറ്റി ശ്രവിക്കണം’ അതിനാല്‍ അദ്ദേഹം തത്ത്വം പ്രതിപാദിച്ചു. അനന്തരം അതു ഉപപാദനം ചെയ്തു. യാതൊന്നില്‍ക്കൂടി എല്ലാ ജ്ഞാനവും സാദ്ധ്യമാകുന്നുവോ അതിനെ അറിയേണ്ടതെങ്ങനെ എന്നാണ് ഒടുവില്‍ കാണിച്ചത്. പിന്നെ അവസാനമായി തത്ത്വം നിദിദ്ധ്യാസം ചെയ്യണം. യാജ്ഞവല്ക്യന്‍ വിദൂരാന്തസ്ഥിതങ്ങളായ പിണ്ഡാണ്ഡത്തേയും ബ്രഹ്മാണ്ഡത്തേയും എടുത്ത് അവ ഓരോന്നു. അതതിന്റെ പ്രത്യേകമാര്‍ഗ്ഗത്തില്‍ എങ്ങനെ ഭ്രമണം ചെയ്തുപോരുന്നു എന്നും അവയെല്ലാം എങ്ങനെ മനോജ്ഞമായിരിക്കുന്നുവെന്നും കാണിക്കുന്നു. ‘ഈ പൃഥിവി സര്‍വ്വഭൂതങ്ങള്‍ക്കും മധുവാണ്. അത്യന്തോപകാരകമാണ്. സര്‍വ്വഭൂതങ്ങളും പൃഥിവിക്കും അത്യന്തോപകാരകമാണ്. ഇവ സമസ്തവും ആ തേജോമയനായ ആത്മാവിന്റെ അഭിസ്ഫുരണങ്ങളുമാണ്.
ആനന്ദമെല്ലാം, എത്ര നികൃഷ്ടാര്‍ത്ഥത്തിലും ആ ആത്മാവിന്റെ പ്രതിബിംബങ്ങളാണ്. നന്‍മയെല്ലാം അവന്റെ പ്രതിബിംബമാണ്: ആ പ്രതിബിംബം ഒരു നിഴല്‍മാത്രമായിരിക്കുമ്പോള്‍ അതിനെ തിന്‍മയെന്നു പറയുന്നു. രണ്ടു ഈശ്വരന്‍മാരില്ല. അവന്‍ കുറച്ചു വെളിവാകുമ്പോള്‍ അതിനെ അന്ധകാരം, തിന്മ, എന്നു പറയുന്നു: കൂടുതല്‍ വെളിവാകുമ്പോള്‍ അതിനെ പ്രകാശം, നന്‍മ, എന്നു പറയുന്നു – അത്രതന്നെ നന്‍മയും തിന്‍മയും തമ്മില്‍ മാത്രാഭേദമേയുള്ളൂ – കൂടിയ മാത്രയിലോ കുറഞ്ഞ മാത്രയില്ലോ ഉള്ള അഭിവ്യക്തി. നമ്മുടെ ജീവിത്തിന്റെ ദൃഷ്ടാന്തം തന്നെയെടുക്കുക. കുട്ടിക്കാലത്തു നാം നന്‍മയെന്നു കരുതുന്ന, എന്നാല്‍ യഥാര്‍ത്ഥത്തില്‍ തിന്‍മയായിട്ടുള്ള, എത്രയോ കാര്യങ്ങളുണ്ട്! അതുപോലെ, എത്രയോ നല്ല കാര്യങ്ങള്‍ ചീത്തയായും നമുക്കു തോന്നിക്കുന്നു! ആശയങ്ങള്‍ക്ക് എന്തുമാറ്റം! ഒരാശയം ഉയര്‍ന്നുയര്‍ന്നങ്ങുപോകുന്നു! ഒരു കാലത്തു വളരെ നല്ലതെന്നു തോന്നിയ സംഗതി ഇപ്പോള്‍ അത്ര നന്നെന്നു നാം വിചാരിക്കുന്നില്ല. അതിനാല്‍ നന്‍മയും തിന്‍മയും വ്യാമോഹങ്ങളാണ്, അവയില്ല: അവയ്ക്കു തമ്മില്‍ മാത്രാഭേദമേ ഉള്ളൂ. അവയെല്ലാം ആത്മാവിന്റെ അഭിസ്ഫുരണങ്ങള്‍: ആത്മാവാണ് എല്ലാത്തിലും അഭിവ്യക്താകുന്നത്. അഭിവ്യക്തി വളരെ കനക്കുമ്പോള്‍ അതിനെ തിന്‍മയെന്നും വളരെ നേര്‍ക്കുമ്പോള്‍ നന്‍മയെന്നും പറയുന്നുവെന്നുമാത്രം.
സര്‍വാവരണവും പൊയ്‌പോകുമ്പോള്‍ അതു നന്‍മയുടെ പരമകാഷ്ഠയായും തീരുന്നു. അതിനാല്‍ ആദ്യമായി ജഗത്തിലുള്ള ഏതൊന്നും നന്‍മയുടെ സമ്പൂര്‍ണ്ണഭാവമെന്ന അര്‍ത്ഥത്തില്‍ത്തന്നെ നിദിദ്ധ്യാസം ചെയ്യപ്പെടണം. എന്തെന്നാല്‍ അത് (ആത്മാവ്) നന്‍മയുടെ പരമകാഷ്ഠയാണ്. നന്‍മയുണ്ട്, തിന്‍മയുമുണ്ട്: എന്നാല്‍ ഇവ രണ്ടും കൂട്ടിമുട്ടുന്ന കേന്ദ്രമത്രേ പരമമാര്‍ത്ഥവസ്ഥ: അതു നല്ലതുമല്ല, ചീത്തയുമല്ല. അത്യുത്തമവസ്തുവാണ്. അത്യുത്തമം ഒന്നേ ഉണ്ടാകാന്‍ തരമുള്ളൂ. നല്ലത് അനേകമുണ്ടാകാം, ചീത്തയും അനേകമുണ്ടാകാം. നല്ലതിനും ചീത്തയ്ക്കും തമ്മില്‍ അളവിനു ഏറ്റക്കുറച്ചിലുകളുണ്ടാവാം. എന്നാല്‍ അത്യുത്തമം ഒന്നേയുള്ളൂ. ആ ഏകവസ്തുവിനെ നേര്‍ത്ത മറകളില്‍ക്കൂടി കാണുമ്പോള്‍ അതിനെ പലതരം നന്‍മകളെന്നും കട്ടിമറകളില്‍ക്കൂടി കാണുമ്പോള്‍ തിന്‍മയെന്നും വിളിക്കുന്നു. നന്‍മയും തിന്‍മയും വ്യാമോഹത്തിന്റെ വിവിധരൂപങ്ങളാണ്. അവ എല്ലാ തരത്തിലുള്ള ദ്വൈതസങ്കല്പങ്ങളിലും മിഥ്യാഭാവനകളിലുംകൂടി കടന്നുപോയിരിക്കുന്നു: ഈ പാപങ്ങള്‍ മനുഷ്യഹൃദയങ്ങളില്‍ ആണ്ടുപോയിരിക്കുന്നു. അവ നിഷ്ഠുരദുശ്ശാസനന്‍മാരെപ്പോലെ സ്ര്തീപുരുഷന്‍മാരെ ഭയചകിതരാക്കിക്കൊണ്ടു അവിടെ കുടിയുറപ്പിച്ചിരിക്കയാണ്. അവ നമ്മെ വ്യാഘ്രമാക്കുന്നു. കുട്ടിക്കാലം മുതല്‍ ഉള്‍ക്കൊണ്ടുപോന്നിട്ടുള്ള ഈ മൂഢാശയങ്ങളത്രെ അന്യരുടെ മേല്‍ നമുക്കു തോന്നുന്ന സകലവിദ്വേഷങ്ങള്‍ക്കും നിദാനം. മനുഷ്യവര്‍ഗ്ഗത്തെപ്പറ്റിയുള്ള നമ്മുടെ വിധി പാടേ തെറ്റിപ്പോകുന്നു. ഈ സുന്ദരഭൂതലത്തെ നാം നരകമാക്കി മാറ്റുന്നു. നമുക്കു നന്‍മയും തിന്‍മയും ഉപേക്ഷിക്കാന്‍ കഴിയുന്ന നിമിഷം ഇവിടം സ്വര്‍ഗ്ഗമായി മാറും.
‘ഈ ഭൂമി എല്ലാ ജീവികള്‍ക്കും മധുവാണ് (മാധുര്യമേറിയതെന്നാണ് വാച്യപരിഭാഷ) എല്ലാ ജീവികളും ഈ ഭൂമിക്കും മധുവാണ്. അവയെല്ലാം അന്യോന്യം സഹായിക്കുന്നു. ഈ മാധുര്യമെല്ലാം ആത്മാവുതന്നെ – ഈ ഭൂമിയില്‍ അന്തര്‍ലീനനായി തേജോമയനും അമൃതമയനുമായ പുരുഷന്‍.’ ആരുടെയാണ് ഈ മാധുര്യം? അവനൊഴികെ മറ്റു മാധുര്യം എങ്ങനെയുണ്ടാകാന്‍? ആ ഒരേ ഒരു മാധുര്യമത്രേ അനേകപ്രകാരത്തില്‍ അഭിവ്യക്തമാകുന്നത്. ഏതെങ്കിലും മനുഷ്യനില്‍ എവിടെയെങ്കിലും – പുണ്യവാനിലോ പാപിയിലോ, ദേവനിലോ കോലപാതകിയിലോ, ശരീരത്തിലോ മനസ്സിലോ ഇന്ദ്രിയങ്ങളിലോ ആകട്ടെ, എവിടെയെങ്കിലും – അല്പം സ്നേഹം, അല്പം മാധുര്യം. പ്രകടമാകുന്നെങ്കില്‍ അത് അവനത്രെ, കായികാനന്ദം. അവന്‍മാത്രം, മാനസാനന്ദം അവന്‍മാത്രം, ആത്മികാനന്ദവും അവന്‍തന്നെ. അവനൊഴികെ എന്തെങ്കിലും എങ്ങനെ ഉണ്ടത്രെ? തമ്മില്‍ തല്ലുന്ന ഇരുപതിനായിരം ദേവാസുരന്‍മാര്‍ എങ്ങനെ ഉണ്ടായിരിക്കാന്‍? ബാലിശസ്വപ്നങ്ങള്‍! നീചതമമായ കായികാനന്ദവും ഉച്ചതമമായ ആത്മാനന്ദവും അവന്‍തന്നെ. അവനൊഴികെ മറ്റു മാധുര്യമൊന്നുമില്ല. അങ്ങനെയാണ് യാജ്ഞവല്ക്യന്‍ പറയുന്നത്. എല്ലാറ്റിനേയും സമദൃഷ്ടിയോടെ വീക്ഷിക്കാന്‍ കഴിയുന്ന ആ അവസ്ഥയില്‍ എത്തുമ്പോള്‍, മദ്യപന്റെ പാനരസത്തിലും അതേ മാധുര്യം ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ സത്യത്തെ പ്രാപിച്ചു: അപ്പോള്‍ സുഖമെന്തെന്നും ശാന്തിയെന്തെന്നും പ്രേമമെന്തെന്നും നിങ്ങള്‍ക്കറിയാറാകും. ഈ മിഥ്യാഭേദങ്ങളെ, ക്ഷുദ്രബാലിശമൂഢവിശ്വാസങ്ങളെ, പുലര്‍ത്തുന്ന കാലത്തോളം, എല്ലാ തരത്തിലുള്ള ദുഃഖങ്ങളും വന്നുകൊണ്ടിരിക്കും. എന്നാല്‍ അമൃതനും തേജോമയനുമായ ആ ആത്മാവ് ഈ ഭൂമിയിലുണ്ട്. ഇതെല്ലാം അവന്റെ മാധുര്യമാണ്. അതേ മാധുര്യം ഈ ദേഹത്തിലുമുണ്ട്. ഈ ദേഹത്തെ ഭൂമിയെന്നു കരുതാം: ശരീരത്തിന്റെ എല്ലാ പ്രഭാവങ്ങളിലും എല്ലാ അനുഭൂതികളിലും അവനുണ്ട്. കണ്ണു കാണുന്നു, ത്വക്കു സ്പര്‍ശിക്കുന്നു- ഈ അനുഭൂതികളൊക്കെയെന്ത്? ദേഹത്തിലുള്ള ആ തേജോമയന്‍തന്നെ, അവനാണ് ആത്മാവ്. എല്ലാ ജീവികള്‍ക്കും അത്രയും മധുരമായ ഈ ലോകവും ഈ ലോകത്തിന് എത്രയും മധുരമായ ജീവികളും ആ തേജോമയന്‍മാത്രം. ആ അമൃതമയനാണ് ലോകത്തിലെ ആനന്ദം: നമ്മിലുള്ള ആനന്ദവും അവന്‍തന്നെ. അവന്‍ ബ്രഹ്മമത്രേ.
ഈ വായു സര്‍വ്വഭൂതങ്ങള്‍ക്കും മധുവാണ്: സര്‍വ്വഭൂതങ്ങളും വായുവിനും മധുവാണ്. ആ വായുവിലുള്ള തേജോമയനും അമൃതയനുമായ പുരുഷന്‍ ഈ ദേഹത്തിലുമുണ്ട്. അവന്‍ സര്‍വ്വഭൂതങ്ങളുടെയും ജീവനായി സ്വയം വെളിപ്പെടുന്നു. ഈ ആദിത്യന്‍ സര്‍വ്വഭൂതങ്ങള്‍ക്കും മധുവാണ്. സര്‍വ്വഭൂതങ്ങളും ഈ ആദിത്യനും മധുവാണ്. ഈ ആദിത്യനിലുള്ള തേജോമയനായ പുരുഷനെത്തന്നെ, നാം അല്പപ്രകാശങ്ങളായി പ്രതിബിംബിക്കുന്നു. അവന്റെ പ്രതിബിംബമല്ലാതെ മറ്റെന്താണുണ്ടാവുക? അവന്‍ ദേഹത്തിലുണ്ട്: അവന്റെ പ്രതിബിംബംകൊണ്ടത്രെ നാം വെളിച്ചം കാണുന്നത്. ഈ ചന്ദ്രന്‍ സര്‍വ്വഭൂതങ്ങള്‍ക്കും മധുവാണ്: എല്ലാം ചന്ദ്രന്നും മധുവാണ്. ചന്ദ്രന്റെ ആത്മാവായി വര്‍ത്തിക്കുന്ന തേജോമയനും അമൃതമയനുമായ പുരുഷന്‍ നമ്മിലുണ്ട്: മനസ്സായി തന്നെ വെളിപ്പെടുത്തുന്നു. ഈ വിദ്യുത് എത്രയും സുന്ദരം. എല്ലാവരും വിദ്യുത്തിനു മധുവാണ്. തേജോമയനും അമൃതമയനുമായ പുരുഷന്‍ ഈ വിദ്യുത്തിന്റെ ആത്മാവാകുന്നു: അവന്‍ നമ്മളിലുമുണ്ട് – എന്തെന്നാല്‍ സര്‍വ്വവും ആ ബ്രഹ്മം തന്നെയാകുന്നു. ഈ ആത്മാവ് സര്‍വ്വഭൂതാധിപതിയാകുന്നു. ഈ ആശയങ്ങള്‍ മനുഷ്യര്‍ക്ക് വളരെ സഹായങ്ങളാണ്: അവ ധ്യാനത്തിനുവേണ്ടിയാണ്. ഉദാഹരണത്തിന്, ഭൂമിയെസ്സംബന്ധിച്ച ധ്യാനമെടുക്കാം. ഭൂമിയെപ്പറ്റി ചിന്തിക്കുന്നതോടെ, ഭൂമിയിലുള്ള അതേ ആത്മാവ് നമ്മിലും ഉണ്ടെന്നും ഭൂമിയും നമ്മളും ഒന്നാണെന്നും വിചാരിക്കുക. ശരീരമായി ഭൂമിയെയും നമ്മുടെ ആത്മാവായി ഭൂമിയുടെ ആത്മാവിനെയും ഭാവന ചെയ്യുക. അതുപോലെ, വായുവിനെ വായുവിലുള്ള ആത്മാവായും നമ്മിലുള്ള ആത്മാവായും ഭാവന ചെയ്യുക. അവയെല്ലാം ഒന്ന്, പല രൂപത്തില്‍ അഭിവ്യക്തമാകുന്നു. ഈ ഏകത്വം സാക്ഷാല്‍ക്കരിക്കുകയാണ് എല്ലാ ധ്യാനത്തിന്റെയും അന്ത്യവും ലക്ഷ്യവും: ഇതാണ് യാജ്ഞവല്ക്യന്‍ മൈത്രേയിക്കു വിശദീകരിച്ചുകൊടുക്കാന്‍ ശ്രമിച്ചതും.
യാജ്ഞവല്ക്യനും മൈത്രേയിയും – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം.