പാശ്ചാത്യദേശങ്ങളില്‍ സ്മരണീയമായ പ്രവൃത്തികള്‍ ചെയ്ത് ശ്രീ വിവേകാനന്ദസ്വാമികള്‍ 1897 ജനുവരി 15-ാം തീയതി ഉച്ചയ്ക്ക് കൊളമ്പില്‍ വന്നിറങ്ങി. അവിടത്തെ ഹിന്ദുക്കള്‍ അദ്ദേഹത്തിന് രാജോചിതമായ സ്വീകരണം നല്‍കി. ചുവടെ ചേര്‍ക്കുന്ന സ്വാഗതാശംസയും നല്‍കപ്പെട്ടു.
ശ്രീമത് വിവേകാനന്ദസ്വാമികള്‍ക്ക്;
പൂജ്യനായ സ്വാമിന്‍,
കൊളമ്പിലെ ഹിന്ദുക്കളുടെ പൊതുയോഗം അംഗീകരിച്ച ഒരു പ്രമേയമനുസരിച്ച്, ഞങ്ങള്‍ അങ്ങയെ ഈ ദ്വീപിലേക്കു ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊള്ളട്ടെ. പാശ്ചാത്യദേശങ്ങളിലെ മഹത്തായ ദൗത്യം നിര്‍വഹിച്ചു മടങ്ങുന്ന അങ്ങയെ ആദ്യമായി സ്വാഗതംചെയ്യുന്നത് ഒരു ബഹുമതിയായി ഞങ്ങള്‍ കരുതുന്നു.
ഈശ്വരാനുഗ്രഹംകൊണ്ട് അങ്ങയുടെ ദൗത്യം സാഫല്യമടഞ്ഞത് ഞങ്ങള്‍ സന്തോഷത്തോടും കൃതജ്ഞതയോടുംകൂടി നോക്കിക്കാണുകയായിരുന്നു. യൂറോപ്പിലും അമേരിക്കയിലുമുള്ള ജനതകളോട് അങ്ങ് ഹിന്ദുക്കളുടെ ആദര്‍ശമായ ഒരു സാര്‍വലൗകികമതം പ്രഖ്യാപിച്ചിരിക്കയാണ്. ഈ ആദര്‍ശം വിശ്വാസങ്ങളെയെല്ലാം പൊരുത്തപ്പെടുത്തുകയും, ഓരോ ആത്മാവിനെയും അതതിന്റെ ആവശ്യമനുസരിച്ച് ആദ്ധ്യാത്മികപോഷണം നല്‍കി സ്നേഹപൂര്‍വം ഈശ്വരങ്കലേക്ക് ആകര്‍ഷിക്കയുമാണ് ചെയ്യുന്നത്. പുരാതനയുഗങ്ങള്‍ മുതല്‍ ഭാരതഭൂമിയെ സ്വപാദാര്‍പ്പണംകൊണ്ടു പവിത്രീകരിച്ച ഒരു ആചാര്യപരമ്പരയാല്‍ അനുശിഷ്ടമായിട്ടുള്ള സത്യവും മാര്‍ഗ്ഗവും അങ്ങു പ്രഖ്യാപിച്ചു. അതിന്റെ ദശാവിശേഷങ്ങളിലെല്ലാം ഭാരതത്തെ ലോകദീപമാക്കിയിട്ടുള്ളത് ആ ആചാര്യപരമ്പരയുടെ കൃപാമസൃണമായ സാന്നിദ്ധ്യവും പ്രചോദനവുമാണുതാനും.
അമ്മാതിരിയുള്ള ഒരാചാര്യനായിരുന്ന ശ്രീരാമകൃഷ്ണപരമഹംസദേവന്റെ പ്രചോദനവും അങ്ങയുടെ ആത്മത്യാഗവ്യഗ്രമായ ഉത്‌സാഹവുംകൊണ്ടാണ് പാശ്ചാത്യജനതകള്‍ക്ക് ഭാരതത്തിന്റെ ആദ്ധ്യാത്മികപ്രതിഭയോടു സജീവസമ്പര്‍ക്കം പുലര്‍ത്തുക എന്ന അനര്‍ഘമായ ഭാഗധേയം കൈവന്നത്. ഒപ്പംതന്നെ പാശ്ചാത്യപരിഷ്‌കാരത്തിന്റെ പകിട്ടില്‍നിന്ന് മോചനം നേടിയ നമ്മുടെ നാട്ടുകാരില്‍ പലര്‍ക്കും നമ്മുടെ മഹത്തും പരമ്പരാഗതവുമായ ആദ്ധ്യാത്മികസമ്പത്തിന്റെ മൂല്യം ഹൃദയംഗമമായിട്ടുമുണ്ട്.
അങ്ങയുടെ ഉദാരമായ പ്രവൃത്തിയും ദൃഷ്ടാന്തവുംകൊണ്ടു മനുഷ്യരാശിക്കു മടക്കിത്തരാന്‍ എളുപ്പമല്ലാത്ത ഋണബന്ധമാണ് അങ്ങയോടുണ്ടായിട്ടുള്ളത്: മാതൃ രാജ്യത്തിനു പുതുതായ ഒരു കാന്തി അങ്ങു കൈവരുത്തിയിരിക്കുന്നു. അങ്ങയെയും അങ്ങയുടെ പ്രവൃത്തിയെയും ഈശ്വരകാരുണ്യം തുടര്‍ച്ചയായി പുഷ്ടിപ്പെടു ത്തിക്കൊണ്ടിരിക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
എന്നു വിശ്വസ്തതയോടുകൂടി,
കൊളമ്പിലെ ഹിന്ദുക്കള്‍ക്കുവേണ്ടി,
അവരുടെ പ്രതിനിധിയും സിലോണ്‍നിയമസഭാംഗവുമായ
പി. കുമാരസ്വാമി – അദ്ധ്യക്ഷന്‍
ഏ. കുലവീരസിംഹന്‍ – കാര്യദര്‍ശി
കൊളമ്പ്, ജനുവരി 1897
തനിക്കു ലഭിച്ച സ്വീകരണത്തിനു കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് സ്വാമികള്‍ ചുരുക്കത്തില്‍ സംസാരിച്ചു. അവര്‍ നടത്തിയ ഉത്‌സാഹപ്രകടനങ്ങള്‍ രാഷ്ട്രീയ നേതാവിനോടോ പെരുമപെറ്റ ഒരു സേനാനിയോടോ ഒരു കോടീശ്വരനോടോ തോന്നിയ ബഹുമാനം കാട്ടാനല്ലെന്നും, മറിച്ച്, യാചകനായ ഒരു സന്ന്യാസിയെ ബഹുമാനിക്കുന്നതിനാണ് അതെല്ലാം എന്നുമുള്ള വസ്തുതയിലേക്ക് അദ്ദേഹം അവരുടെ ശ്രദ്ധയെ ക്ഷണിച്ചു: അങ്ങനെ മതാഭിമുഖമായി ഹിന്ദുവിനുള്ള വാസന പ്രകടമാകുകയാണ്. മതത്തെ ജനതാജീവിതത്തിന്റെ നട്ടെല്ലായി പുലര്‍ത്തിപ്പോ രേണ്ട ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു: എങ്കിലേ നമ്മുടെ ജനതയ്ക്കു ജീവിതം സാദ്ധ്യമാകൂ. തനിക്കു കിട്ടിയ സ്വീകരണത്തില്‍ വ്യക്തിപരിഗണനകളെ ന്തെങ്കിലുമുള്ളതായി താന്‍ കരുതിയില്ല: ഒരു തത്ത്വത്തിന്റെ അംഗീകാരമത്രേ അതില്‍ ദര്‍ശിച്ചത്. 16-ാംനു സായാഹ്‌നത്തില്‍ താഴെ ചേര്‍ക്കുന്ന പൊതുപ്രഭാഷണം ഫ്‌ളോറല്‍ ഹാളില്‍വെച്ചു സ്വാമികള്‍ നടത്തി.
എന്നിലുള്ള സഹജമായ ശക്തിവിശേഷംകൊണ്ടൊന്നുമല്ല എനിക്കു ചെയ്യാന്‍ കഴിഞ്ഞ അല്പസ്വല്പകാര്യങ്ങള്‍ നടന്നിട്ടുള്ളത്; പ്രത്യുത, നമുക്ക് ഏറ്റവും പ്രിയപ്പെട്ടതും പവിത്രതമവും അരുമപ്പെട്ടതുമായ മാതൃരാജ്യത്തില്‍നിന്ന് പാശ്ചാത്യരാജ്യങ്ങളിലേക്ക് എന്നെ പിന്തുടര്‍ന്നുവന്ന അനുമോദനങ്ങളും സന്മനോഭാവവും അനുഗ്രഹങ്ങളും കൊണ്ടാണ്. പാശ്ചാത്യദേശത്തില്‍ ചില നന്മകള്‍ ഉണ്ടായിട്ടുണ്ട്, നിശ്ചയം; പക്ഷേ വിശേഷിച്ചും എനിക്കാണ്. എന്തുകൊണ്ടെന്നാല്‍, മുമ്പ് ഒരുപക്ഷേ, ഭാവപ്രവണമായ എന്റെ സ്വഭാവത്തിന്റെ ഫലമായിരുന്നതിന് ഇപ്പോള്‍ ഒരു തീര്‍ച്ചയുടെ ഉറപ്പും വ്യക്തിഭാവത്തിന്റെ കരുത്തും കൊഴുപ്പും കൈവന്നിട്ടുണ്ട്. ഓരോ ഹിന്ദുവും വിശ്വസിക്കുന്നതുപോലെയും ബഹുമാന്യനായ അദ്ധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചതുപോലെയും, ഞാനും മുന്‍കാലങ്ങളില്‍ ഭാരതത്തെ പുണ്യഭൂമിയായി, കര്‍മ്മഭൂമിയായി, കരുതിവന്നു. ഇന്ന് ഇവിടെനിന്ന് സത്യമെന്ന വിശ്വാസത്തോടുകൂടി ഞാന്‍ പറയുന്നു, ഇതു വാസ്തവമാണെന്ന്.
ഈ ഭൂമണ്ഡലത്തില്‍ അനുഗൃഹീതമായ പുണ്യഭൂമിയെന്ന് അവകാശപ്പെടാവുന്ന ഒരു രാജ്യമുണ്ടെങ്കില്‍, താന്താങ്ങളുടെ കര്‍മ്മങ്ങള്‍ക്കു സമാധാനം പറയാനായി ആത്മാക്കള്‍ക്കൊക്കെ വന്നു കൂടേണ്ടുന്ന ഒരു രാജ്യമുണ്ടെങ്കില്‍, ഈശ്വരാഭിമുഖം യാത്ര തുടരുന്ന ഓരോ ആത്മാവിനും തന്റെ അന്ത്യമായ വിശ്രമസ്ഥാനം നേടുവാന്‍ വന്നെത്തേണ്ടുന്ന ഒരു രാജ്യമുണ്ടെങ്കില്‍, മനുഷ്യരാശിക്ക് സൗമ്യത, ഔദാര്യം, പരിശുദ്ധി, ശാന്തി എന്നിവയിലേക്ക് ഏറ്റവും അടുത്തെത്താന്‍ കഴിഞ്ഞ ഒരു രാജ്യമുണ്ടെങ്കില്‍, എല്ലാറ്റിനും മേലേ അന്തര്‍ദൃഷ്ടിയുടേതും ആദ്ധ്യാത്മികതയുടേതുമായ ഒരു രാജ്യമുണ്ടെങ്കില്‍ – അത് ഈ ഭാരതമാണ്. ഇവിടെനിന്ന് അതിപ്രാചീനകാലംമുതല്‍ മതസ്ഥാപകന്മാര്‍ പുറപ്പെട്ടുചെന്ന് ഭൂമണ്ഡലത്തെ ആദ്ധ്യാത്മികസത്യത്തിന്റെ വിശുദ്ധവും അനശ്വരവുമായ ജലധാരകൊണ്ടു വീണ്ടും വീണ്ടും ആപ്ലാവനം ചെയ്തിട്ടുണ്ട്. ഇവിടെനിന്നാണ്, കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമുള്ള ഭൂഭാഗങ്ങളെ ആറാടിച്ച ദര്‍ശനതരംഗങ്ങളുടെ വേലിയേറ്റം പുറപ്പെട്ടിട്ടുള്ളത്; ലോകത്തിലെ ഭൗതികമായ പരിഷ്‌കാരത്തെ ആദ്ധ്യാത്മികമാക്കുവാനുള്ള ശക്തിതരംഗവും ഇവിടെനിന്നുതന്നെ പുറപ്പെടണം. മറുനാടുകളിലെ ദശലക്ഷങ്ങളുടെ കരളുകള്‍ വേവിക്കുന്ന ഭൗതികവാദമായ തീ കെടുത്തി ജീവന്‍ നല്‍കുന്ന വെള്ളവും ഇവിടെയാണുള്ളത്. സുഹൃത്തുക്കളേ, വിശ്വസിക്കുക; ഇതു നടക്കും.
ഇത്രയും ഞാന്‍തന്നെ കണ്ടതാണ്; നിങ്ങളില്‍ മനുഷ്യവംശങ്ങളുടെ ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക് ഇതറിയുകയും ചെയ്യാം. നമ്മുടെ മാതൃഭൂമിയോട് ലോകത്തിനുള്ള കടപ്പാട് വമ്പിച്ചതാണ്. രാജ്യങ്ങളെ പരസ്പരം തുലനം ചെയ്തുനോക്കിയാല്‍ കാണാം, ക്ഷമാശീലനും സൗമ്യനുമായ ഹിന്ദുവിനോടുള്ളവണ്ണം ലോകത്തിന് ഇത്രയേറെ കടപ്പാടുണ്ടായിട്ടില്ലെന്ന്. ‘സൗമ്യനായ ഹിന്ദു’ എന്ന പ്രയോഗം ചിലപ്പോള്‍ ഒരു കുറ്റപ്പെടുത്തലാണ്. എന്നാല്‍ എപ്പോഴെങ്കിലും കുറ്റപ്പെടുത്തലില്‍ മഹത്തായ സത്യം ഒളിഞ്ഞുകിടന്നിട്ടുണ്ടെങ്കില്‍, അതു ‘സൗമ്യനായ ഹിന്ദു’ എന്ന ഈ പ്രയോഗത്തിലത്രേ. ‘സൗമ്യനായ ഹിന്ദു’ ഈശ്വരന്റെ അനുഗ്രഹിക്കപ്പെട്ട പുത്രനാണ്.
ലോകത്തില്‍ മറ്റിടങ്ങളിലും പരിഷ്‌കാരങ്ങള്‍ കിളര്‍ന്നുവന്നിട്ടുണ്ട്. പണ്ടുകാലങ്ങളിലും ഇക്കാലങ്ങളിലും ബലവത്തും മഹത്തുമായ നരവംശങ്ങളില്‍നിന്ന് ഉന്നതങ്ങളായ ആശയങ്ങള്‍ പ്രസരിച്ചിട്ടുണ്ട്. പണ്ടുകാലങ്ങളിലും ഇക്കാലങ്ങളിലും അദ്ഭുതാവഹങ്ങളായ ആശയങ്ങള്‍ ഒരു നരവംശത്തില്‍നിന്നു മറ്റൊന്നിലേക്കു പകര്‍ന്നിട്ടുണ്ട്: പണ്ടുകാലങ്ങളിലും ഇക്കാലങ്ങളിലും ജനതയുടെ ജീവിതം മുന്നേറിയപ്പോള്‍ മഹത്തായ സത്യത്തിന്റെയും ശക്തിയുടെയും ബീജങ്ങള്‍ ലോകത്തിലെങ്ങും വാരിവിതയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സുഹൃത്തുക്കളേ, ശ്രദ്ധിക്കുക; അതെപ്പോഴും യുദ്ധകാഹളങ്ങള്‍ ഊതിക്കൊണ്ടും യുദ്ധസന്നദ്ധരായ ഭടന്മാരുടെ അഭിയാനങ്ങളോടുകൂടിയുമാണ് നടന്നിട്ടുള്ളത്. ഓരോ ആശയത്തിനും നിണച്ചാലുകളില്‍ കുതിരേണ്ടിവന്നു. ഓരോ ആശയത്തിനും ദശലക്ഷ ക്കണക്കിനുള്ള സമസൃഷ്ടങ്ങളുടെ രക്തത്തില്‍ മുട്ടോളം താണു നീങ്ങേണ്ടിവന്നു. ശക്തിയുടേതായ ഓരോ വാക്കിനും അകമ്പടിയായി, ദശലക്ഷങ്ങളുടെ ഏങ്ങലുകളും, പിതൃരഹിതരുടെ മുറയിടലുകളും, വിധവകളുടെ കണ്ണീര്‍ക്കണങ്ങളും വേണ്ടിവന്നു. ഇതാണ് പ്രധാനമായും മറ്റു ജനതകള്‍ പഠിപ്പിച്ചിട്ടുള്ളത്. ഭാരതമാകട്ടെ, ബഹുസഹസ്രം വത്‌സരങ്ങളായി ശാന്തമായി കഴിഞ്ഞുകൂടുകയാണ്. ഗ്രീസ് ഇല്ലാതിരുന്നപ്പോള്‍, റോം ചിന്തയ്ക്കു വിഷയമല്ലാതിരുന്നപ്പോള്‍, ഇന്നത്തെ യൂറോപ്പുകാരുടെ പൂര്‍വ്വികര്‍ വനങ്ങളില്‍ പാര്‍ത്ത് നീലച്ചായം പുരട്ടി നടന്നപ്പോള്‍, ഈ ഭാരതത്തില്‍ പ്രവര്‍ത്തനം മികച്ചിരുന്നു. അതിനും മുമ്പ്, ചരിത്രംപോലും രേഖപ്പെടുത്താത്ത ഒരു കാലം, കേട്ടുകേഴ്‌വിക്കു തുറിച്ചുനോക്കാനാവാത്തവണ്ണം ഇരുള്‍ തിങ്ങിയ ആ കാലം – അന്നുതൊട്ടിന്നോളം ഇടതടവില്ലാതെ ആശയങ്ങള്‍ ഭാരതത്തില്‍നിന്നു പുറപ്പെട്ടിട്ടുണ്ട്. എന്നല്ല ഓരോ വാക്ക് ഉച്ചരിക്കപ്പെടുമ്പോഴും ഉണ്ടായിട്ടുള്ളത് പിമ്പില്‍ അനുഗ്രഹവും മുമ്പില്‍ ശാന്തിയുമാണ്. ലോകത്തിലുള്ള ജനതകളില്‍വെച്ച് നാം അന്യരെ കീഴടക്കി ഭരിച്ചിട്ടില്ല. ആ ഒരു സൗഭാഗ്യം നമുക്കുള്ളതാണ്. അതുകൊണ്ട് നാം ഇന്നും ജീവിക്കുന്നു.
ഗ്രീക്കുകാരുടെ പെരുത്ത കുപ്പിണികള്‍ അഭിയാനം ചെയ്യുന്ന ഒച്ച കേട്ട് ഭൂമണ്ഡലം നടുങ്ങിപ്പോയ ഒരു കാലമുണ്ടായിരുന്നു. ഗ്രീക്കുകാരുടെ ആ പുരാതനരാഷ്ട്രം പറയത്തക്ക ഒരു കഥയും അവശേഷിപ്പിക്കാതെ ഭൂമുഖത്തുനിന്നു മാഞ്ഞുമറഞ്ഞു. ഇഹലോകത്തില്‍ കാമ്യമായിരുന്നതിന്നെല്ലാം മേലേ റോമന്‍ഗരുഡന്‍ പാറിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എവിടെയും റോമിന്റെ പ്രാബല്യം അനുഭവപ്പെട്ടിരുന്നു, മനുഷ്യരാശിയുടെ ശിരസ്സില്‍ അടിച്ചേല്പിക്കപ്പെടുകയും ചെയ്തിരുന്നു: റോം എന്നു കേട്ടാല്‍ ഭൂമി വിറച്ചിരുന്നു. ഇന്നോ: റോം പട്ടണം നിന്നിരുന്ന മലകള്‍ നഷ്ടശിഷ്ടങ്ങളുടെ ഒരു കൂമ്പാരം. സീസര്‍ ചക്രവര്‍ത്തിമാര്‍ ചെങ്കോല്‍ നടത്തിയ ഇടങ്ങളില്‍ ഇന്ന് ചിലന്തിവല കെട്ടുന്നു. ഒപ്പംതന്നെ മഹത്ത്വമാര്‍ന്ന മറ്റു ജനതകളും വരികയും പോകയും കഴിഞ്ഞു. അവര്‍ ഏതാനും മണിക്കൂര്‍ മദിച്ചു തിമിര്‍ത്ത കോയ്മ നടത്തി: നീചമായ ഒരു ജനതയുടെ ജീവിതം നയിച്ചു: എന്നിട്ട്, വെള്ളത്തിലെ ചിറ്റലകള്‍പോലെ അപ്രത്യക്ഷമാകയും ചെയ്തു. അങ്ങനെയാണ് ഈ ജനതകള്‍ മനുഷ്യരാശിയുടെ മേല്‍ താന്താങ്ങളുടെ മുദ്ര പതിച്ചത്. എന്നാല്‍ നാം ജീവിക്കുന്നു: ഇന്നിപ്പോള്‍ മനു തിരിച്ചുവന്നാല്‍ അദ്ദേഹത്തിനു പരിഭ്രമിക്കാനൊന്നുമില്ല, ഒരു വിദേശത്തു ചെന്നുപെട്ടതുപോലെ തോന്നുകയുമില്ല. ആയിരമായിരം കൊല്ലങ്ങളായി ചിന്തിച്ചു പൊരുത്തപ്പെടുത്തിയ അതേ നിയമങ്ങള്‍ ഇന്നും നിലവിലുണ്ട്. യുഗങ്ങളിലൂടെ പ്രവര്‍ത്തിച്ചുവന്ന ബുദ്ധിയില്‍ നിന്നും ശതകങ്ങളിലായി രൂപപ്പെട്ട അനുഭവത്തില്‍നിന്നും ഉടലെടുത്ത കീഴ്‌നടപ്പുകളുണ്ട്. അവ ഏതാണ്ട് അനശ്വരങ്ങള്‍തന്നെ എന്നു തോന്നും. നാള്‍ ചെല്ലുന്തോറും, ദൗര്‍ഭാഗ്യത്തിന്റെ ആഘാതങ്ങള്‍ ഒന്നിനുമേല്‍ ഒന്നായി ചൊരിയുംതോറും, അവയ്ക്ക് ഒരേയൊരു ഫലമേ കാണാനുള്ളു; ആവക നിയമങ്ങളും കീഴ്‌നടപ്പുകളും കൂടുതല്‍ പ്രബലങ്ങളും സ്ഥിരതരങ്ങളുമാവുക. ഇതിന്റെയെല്ലാം മര്‍മ്മം, രക്ത പ്രസരണം നടത്തുന്ന ഹൃദയം, ജനതാജീവിതത്തിന്റെ മുഖ്യമായ ഉറവിടം, തേടാന്‍ പുറപ്പെട്ടാല്‍ – ലോകത്തിലെങ്ങുമുണ്ടായ എന്റെ അനുഭവംവെച്ചു പറയുന്ന എന്നെ വിശ്വസിക്കുക – അതിവിടെത്തന്നെയാണ് കാണുക.
ഭൂമണ്ഡലത്തിലെ മറ്റു ജനതകള്‍ക്കു മതം പല തൊഴിലുകളിലൊന്നുമാത്രം. രാഷ്ട്രതന്ത്രമുണ്ട്, സാമൂഹ്യജീവിതത്തിലെ സുഖങ്ങളുണ്ട്, ധനത്തിനു വാങ്ങാവുന്നതും പ്രാബല്യത്തിനു വരുത്താവുന്നതുമെല്ലാമുണ്ട്, ഇന്ദ്രിയഭോഗങ്ങളെല്ലാം കിടക്കുന്നു. ജീവിതത്തിലെ ഈ വിവിധ വ്യാപാരങ്ങള്‍ക്കിടയില്‍ ചെടിപ്പുവന്ന ഇന്ദ്രിയങ്ങള്‍ക്ക് ഒന്നു മൂര്‍ച്ച കൂട്ടാന്‍ പറ്റിയ വല്ലതിന്റെയും പിന്നാലെ നടത്തുന്ന അന്വേഷണങ്ങള്‍ക്കിടയില്‍, ഒരുപക്ഷേ സ്വല്പം മതവും കണ്ടെന്നുവരാം. ഈ ഭാരത ത്തിലാകട്ടെ ജീവിതത്തിലെ ഒരേയൊരു താല്പര്യംമത്രേ മതം. ചൈനയും ജപ്പാനും തമ്മില്‍ ഒരു യുദ്ധം നടന്നെന്ന് നിങ്ങളില്‍ എത്രപേര്‍ക്കറിയാം? അറിയാമെങ്കില്‍ത്തന്നെ നന്നെ കുറച്ചുപേര്‍ക്കുമാത്രം. പാശ്ചാത്യ സമുദായത്തെ നിശ്ശേഷം മാറ്റിമറിക്കാന്‍പോകുന്ന വമ്പന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്ഥിതിസമത്വപ്രസ്ഥാനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു എന്നു നിങ്ങളില്‍ എത്ര പേര്‍ക്കറിയാം? അറിയാമെങ്കില്‍ത്തന്നെ നന്നെ ക്കുറച്ചുപേര്‍ക്കുമാത്രം. എന്നാല്‍ അമേരിക്കയില്‍ ഒരു മതമഹാസമ്മേളനം നടന്നെന്നും, അതിലേക്ക് ഒരു ഹിന്ദുസന്ന്യാസിയെ അയച്ചിരുന്നെന്നും, ഓരോ കൂലിവേലക്കാരന്നും അറിയാമെന്ന വസ്തുത എന്നെ അദ്ഭുതപ്പെടുത്തുന്നു. അതു കാട്ടുന്നത് എവിടേയ്ക്കാണ് കാറ്റടിക്കുന്നത്, ജനതയുടെ ജീവിതമെവിടെ എന്നാണ്. ഭൂഗോളപര്യടനക്കാര്‍, വിശേഷിച്ചും വൈദേശികര്‍, പൗരസ്ത്യരായ സാമാന്യജനങ്ങളുടെ അജ്ഞതയില്‍ ഖേദിച്ചുകൊണ്ട് എഴുതിയ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അതില്‍ കുറെ സത്യവും കുറെ അസത്യവും കലര്‍ന്നിരിക്കുന്നു എന്ന് ഞാന്‍ കണ്ടു. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലുള്ള ഒരു ഉഴവുകാരനോട് അയാള്‍ ഏതു രാഷ്ട്രീയ കക്ഷിയിലാണെന്നു ചോദിച്ചാല്‍ അയാള്‍ പറയും, താന്‍ തീവ്രവാദിയാണോ യാഥാസ്ഥിതികനാണോ, തന്റെ വോട്ട് ആര്‍ക്കാണ് കൊടുക്കുക എന്ന്. അമേരിക്കയില്‍, റിപ്പബ്ലിക്കോ ഡമോക്രാറ്റോ ആരാണ് താന്‍ എന്നയാള്‍ പറയും. എന്നല്ല വെള്ളിയെപ്പറ്റിയുള്ള പ്രശ്‌നത്തെക്കുറിച്ചും അയാള്‍ക്കു കുറെയൊക്കെ അറിയാമെന്നുവരും. അയാളുടെ മതത്തെപ്പറ്റി ചോദിച്ചാലോ, പള്ളിയില്‍ പോകാറുണ്ടെന്നായിരിക്കും ഉത്തരം: താന്‍ ഏതു പ്രത്യേകസഭയില്‍പെടുന്നു എന്നും പറയും. ഇത്രയേ അയാള്‍ക്കു തിട്ടമുള്ളു: ഇതു മതിയെന്നും അയാള്‍ കരുതുന്നു.
ഇനി ഭാരതത്തില്‍ വന്ന് നമ്മുടെ ഉഴവുകാരനോട് ചോദിച്ചു നോക്കുക. ”രാഷ്ട്രതന്ത്രത്തെപ്പറ്റി വല്ലതുമറിയാമോ?” അയാള്‍ മറുപടി പറയും; ”എന്താണത്?” സ്ഥിതിസമത്വപ്രസ്ഥാനങ്ങളെക്കുറിച്ചോ, മുതലും വേലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ അയാള്‍ക്ക് ഒരു പിടുത്തവുമില്ല. അയാളുടെ ജീവിതത്തില്‍ ഇതുപോലൊന്നിനെക്കുറിച്ച് ഒട്ടു കേട്ടിട്ടുമില്ല. അയാള്‍ തിമരെ പണിയെടുക്കുന്നു: അങ്ങനെ അഷ്ടിക്കുള്ള വക നേടുന്നു. എന്നാല്‍ ചോദിക്കൂ, ”നിങ്ങളുടെ മതമേത്?” ഉത്തരം നല്കുകയായി; ”നോക്കൂ, ചങ്ങാതി, അതെന്റെ നെറ്റിയില്‍ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.” മതപരമായ പ്രശ്‌നങ്ങളെപ്പറ്റി ഒന്നുരണ്ട് ഈടുറ്റ കാര്യങ്ങള്‍ പറഞ്ഞുതരാനുള്ള കഴിവും അയാള്‍ക്കു കാണും. അങ്ങനെയാണ് എന്റെ അനുഭവം. അതാണ് നമ്മുടെ ജനതയുടെ ജീവിതം.
പൗരസ്ത്യദേശങ്ങളിലെ ആദ്യപ്രഭാഷണം (കൊളമ്പ്) – വിവേകാനന്ദ സാഹിത്യ സര്‍വസ്വം