വ്യക്തികള്‍ക്ക് അവരവരുടേതായ ചില വിശേഷതകളുണ്ട്. ഓരോ മനുഷ്യനും വളരാന്‍ ഓരോ രീതിയുണ്ട്. അയാളുടെ അനന്തമായ ഭൂതകാലജീവിതമാണ്, ഹിന്ദുക്കളായ നാം പറയുംപോലെ അയാളുടെ പൂര്‍വ്വകര്‍മ്മങ്ങളാണ്, അയാള്‍ക്കു പറ്റിയ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്. പൊയ്‌പോയ കാലങ്ങളുടെ ഭാണ്ഡവുമായാണ് അയാള്‍ ഈ ലോകത്തേക്കു കടന്നുവരുന്നത്. അനന്തമായ ആ ഭൂതകാലമാണ് വര്‍ത്തമാനകാലത്തെ മുമ്പോട്ടു കൊണ്ടുവരുന്നത്. ഈ വര്‍ത്തമാനത്തെ നാം കൈകാര്യം ചെയ്യുന്ന രീതിയാണ് ഭവിഷ്യത്തിനെ രൂപപ്പെടുത്തുന്നതും. അങ്ങനെ ഈ ലോകത്തില്‍ ജനിക്കുന്ന ഓരോരുത്തന്നുമുണ്ട് ഒരു ചായ്‌വ്, അവശ്യം കൈയ്‌ക്കൊള്ളേണ്ടുന്ന ഒരു മാര്‍ഗ്ഗം. അതിലൂടെയാണ് അയാള്‍ക്കു സഞ്ചരിക്കാനുള്ളത്. വ്യക്തിയെപ്പറ്റി പറഞ്ഞ ഈ പരമാര്‍ത്ഥം വംശത്തിനും ഒരുപോലെ ചേരും. ഓരോ വംശത്തിനും, മുന്‍ചൊന്നപോലെ, അതതിന്‍േറതായ ഒരു ചായ്‌വുണ്ട്: അതതിന്റെ അസ്തിത്വത്തെ സാധൂകരിക്കുന്ന ഒരു യുക്തിയുണ്ട്; പ്രപഞ്ചജീവിതത്തില്‍ നിറവേറ്റേണ്ടുന്ന ഒരു ചുമതലയുണ്ട്. ഓരോ വംശവും അതിന്‍േറതായ ഫലമുളവാക്കണം, അതിന്റെ ചുമതല നിറവേറ്റണം. നമ്മുടെ വംശത്തിന്റെ ചുമതല രാഷ്ട്രീയമഹത്ത്വമോ സൈനികപ്രാബല്യമോ ആവിഷ്‌കരിക്കലല്ല: ഒരിക്കലും അതായിരുന്നില്ല: ആകയുമില്ല.
എന്റെ ഈ വാക്കുകള്‍ ശ്രദ്ധിച്ചു കൊള്ളുക. നമ്മെ ഏല്പിച്ചിട്ടുള്ള മറ്റൊരു ചുമതലയുണ്ട്: അതായത്, നമ്മുടെ വംശത്തിന്റെ ആദ്ധ്യാത്മികമായ ശക്തിയെ വൈദ്യുതകൂടത്തിലെന്നോണം സംഭരിച്ചു വളര്‍ത്തി സംരക്ഷിക്കുക: ചുറ്റുപാടുകള്‍ അനുകൂലിക്കുമ്പോള്‍ സംഭൃതമായ ആ ശക്തിയെ ഭൂമണ്ഡലത്തിലെങ്ങും അപ്രതിരോദ്ധ്യമാംവണ്ണം പ്രവഹിപ്പിക്കുക. പേഴ്‌സ്യനോ ഗ്രീക്കോ റോമനോ അറബിയോ ഇംഗ്ലീഷുകാരനോ അവരുടെ പടയണികളെ അണിനടത്തി ലോകമടക്കി വിവിധ ജനതകളെ കൂട്ടിക്കൊളുത്തട്ടെ: ആ ചാലുകളിലൂടെ ഭാരതീയമായ ദര്‍ശനവും ആദ്ധ്യാത്മികതയും ലോകത്തിലുള്ള ജനതകളുടെയെല്ലാം സിരകളിലേക്കു പ്രവഹിക്കാന്‍ തയ്യാറാണ്. മനുഷ്യപുരോഗതിയുടെ ആകെത്തുകയ്ക്കുള്ള തന്‍േറതായ ഓഹരി ഹിന്ദുവിന്റെ പ്രശാന്തമസ്തിഷ്‌കം പ്രസരിപ്പിക്കണം. ലോകത്തിന് ഭാരതം നല്കുന്ന സംഭാവന ആദ്ധ്യാത്മികപ്രകാശമത്രേ.
അങ്ങനെ ചരിത്രത്തില്‍നിന്നു കാണാം, എപ്പോഴൊക്കെ വിജിഗീഷുവായ ഒരു വലിയ രാഷ്ട്രം ഭൂമിയിലുള്ള നാനാമനുഷ്യവംശങ്ങളെ ഏകീകരിച്ച് ഭാരതവുമായി ബന്ധിപ്പിക്കയും, ഭാരതം കൂടെക്കൂടെ കൈക്കൊണ്ടുപോന്ന ഏകാന്തതയില്‍നിന്ന്, ബാക്കി ലോകവുമായുള്ള അകല്‍ച്ചയില്‍നിന്ന്, അതിനെ മോചിപ്പിക്കയും ചെയ്തിട്ടുണ്ടോ, അപ്പോഴൊക്കെ ഭാരതീയരുടെ ആദ്ധ്യാത്മികാശയങ്ങള്‍ ലോകമെങ്ങളും ഒഴുകിയേറിയിട്ടുണ്ടെന്ന്. ഈ (19-ാം) ശതകത്തിന്റെ ആദിയില്‍, വേദത്തിന്റെ പ്രാചീനമായ ഒരു പരിഭാഷയില്‍നിന്ന് ചെറുപ്പക്കാരനായ ഒരു ഫ്രഞ്ചുകാരന്‍ ഏറെക്കുറെ അവ്യക്തമായി ലാറ്റിനിലേക്കു ചെയ്ത പരിഭാഷ വായിച്ചിട്ട് മഹാനായ ആ ജര്‍മ്മന്‍ ദാര്‍ശനികന്‍, ഷോപ്പനാര്‍, പറയുകയാണ്; ”ഭൂമിയിലൊരിടത്തും ഉപനിഷത്തുകളുടെ അദ്ധ്യയനംപോലെ പ്രയോജനകരവും സമുത്കര്‍ഷവുമായ മറ്റൊരു പഠനമില്ലതന്നെ. എനിക്ക് ജീവിതത്തില്‍ ആശ്വാസമരുളിയത് അതാണ്: മരണത്തിലും അതുതന്നെയായിരിക്കും ആശ്വാസമരുളുക.” മഹാപ്രാജ്ഞനായ ഈ ജര്‍മ്മന്‍കാരന്‍ ദീര്‍ഘദര്‍ശനം ചെയ്തു; ”ഗ്രീക്ക് സാഹിത്യത്തിന്റെ പുനരുത്ഥാനംകൊണ്ടുണ്ടായ ചിന്താവിപ്ലവത്തെക്കാള്‍ വ്യാപകവും പ്രബലവുമായ ഒരു ചിന്താവിപ്ലവം ലോകത്തില്‍ അടുത്തുതന്നെ നടക്കും” എന്ന്. ആ ദീര്‍ഘദര്‍ശനം ഇപ്പോഴിതാ വാസ്തവമാകാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണുതുറന്നു നോക്കുന്നവര്‍ക്ക്, പാശ്ചാത്യജനതകളുടെ മനോവൃത്തികള്‍ അറിയുന്നവര്‍ക്ക്, ചിന്തകന്മാര്‍ക്ക്, ഭിന്നജനതകളെപ്പറ്റി പഠനം നടത്തുന്നവര്‍ക്ക്, കാണാം, പതുക്കെയെങ്കിലും തുടര്‍ച്ചയായി നടക്കുന്ന ഭാരതീയചിന്താപ്രസരം ലോകരുടെ സ്വരത്തിലും ഉപക്രമത്തിലും രീതികളിലും സാഹിത്യത്തിലും വരുത്തിയിട്ടുള്ള വമ്പിച്ച മാറ്റങ്ങള്‍.
എന്നാല്‍, ഞാന്‍ സൂചിപ്പിച്ചതുപോലുള്ള മറ്റൊരു സവിശേഷത യുണ്ട്. നമ്മുടെ ആശയങ്ങളെ നാം പ്രചരിപ്പിച്ചത് ഒരിക്കലും തീയും വാളും കൊണ്ടല്ല. ലോകത്തിനു ഭാരതം നല്കിയ സംഭാവന ദ്യോതിപ്പിക്കാന്‍ കരുത്തുള്ള ഒരു വാക്ക് ഇംഗ്ലീഷുഭാഷയിലുണ്ടെങ്കില്‍, ഭാരതീയസാഹിത്യം മനുഷ്യവര്‍ഗ്ഗത്തിലാകമാനം ഉളവാക്കിയ പ്രതികരണത്തെ കുറിക്കുവാന്‍ പറ്റിയ ഒരിംഗ്ലീഷുവാക്കുണ്ടെങ്കില്‍, അതു fascination(ചമല്‍കാരം) എന്നതത്രേ. നിങ്ങളെ പൊടുന്നനെ വശീകരിക്കുന്ന എല്ലാറ്റില്‍നിന്നും അതു തികച്ചും വ്യത്യസ്തമാണ്. നിങ്ങളുടെമേല്‍, നിങ്ങളറിയാതെ അതൊരഭിമന്ത്രണമേല്പിക്കുന്നു. ഭാരതീയചിന്ത, ഭാരതീയാചാരങ്ങള്‍, ഭാരതീയമാമൂലുകള്‍, ഭാരതീയദര്‍ശനം, ഭാരതീയസാഹിത്യം – ഇവയെക്കുറിച്ചെല്ലാം ഒറ്റ നോട്ടത്തില്‍, അറപ്പും വെറുപ്പും തോന്നുന്ന പലരുണ്ട്. എന്നാല്‍ അവര്‍ പതറാതെ പരിശ്രമിക്കട്ടെ, വായിക്കട്ടെ, ഈ ആശയങ്ങള്‍ക്ക് ആശ്രയമായ മഹാതത്ത്വങ്ങളുമായി പരിചയപ്പെടട്ടെ. അപ്പോള്‍ ഏതാണ്ട് തൊണ്ണൂറ്റൊമ്പതു ശതമാനത്തോളം തീര്‍ച്ചയാണ്, ആ മാന്ത്രികശക്തി അവരെ കീഴ്‌പ്പെടുത്തുമെന്ന്, ആ ചമല്‍ക്കാരാനുഭൂതിയില്‍ അവര്‍ ചെന്നെത്തുമെന്ന്. ശാന്തവും ക്ഷാന്തവും സര്‍വംസഹവും ആദ്ധ്യാത്മികവുമായ ഈ മനുഷ്യവംശം ചിന്താലോകത്തില്‍ ചെയ്ത പ്രവൃത്തി, പുലര്‍കാലത്തെ മഞ്ഞിന്‍തുള്ളി കളുതിരുംപോലെ, ആരും കാണാതെയും കേള്‍ക്കാതെയും വ്യാപരിച്ച് വമ്പിച്ച ഫലങ്ങള്‍ കൈവരുത്തുന്നതായിട്ടേ എപ്പോഴും ഇരുന്നിട്ടുള്ളു.
ഒരിക്കല്‍ക്കൂടി ഇതാ ചരിത്രം ആവര്‍ത്തിക്കാന്‍ പോകുന്നു. ഇന്ന് ആധുനികശാസ്ര്തത്തിന്റെ തകര്‍ത്തേറുന്ന പ്രകാശത്തില്‍, കാഴ്ചയില്‍ ബലവത്തെന്നും അഭേദ്യമെന്നും തോന്നുന്ന പഴയ വിശ്വാസങ്ങള്‍ അടിയോളം പൊളിഞ്ഞിരിക്കുന്നു; തങ്ങളുടെ കൂറും വിശ്വാസവും വെച്ചുപുലര്‍ത്തണമെന്നു പറയുന്ന വിഭിന്നമതവിഭാഗങ്ങളുടെ വിശേഷാവകാശവാദങ്ങള്‍ തകര്‍ന്നുതരിപ്പണമാകയും കാറ്റിലലിയുകയും ചെയ്യുന്നു: പഴഞ്ചന്‍ യാഥാസ്ഥിതികതകളെയെല്ലാം, കളിമണ്‍പാത്രങ്ങളെയെന്നോണം, പ്രാചീനവസ്തുഗവേഷണങ്ങളാകുന്ന ചുറ്റികമേട്ടങ്ങള്‍ തവിടുപൊടിയാക്കുന്നു: പാശ്ചാത്യലോകത്തില്‍ മതം അജ്ഞന്മാരുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു: മതത്തോടു ബന്ധപ്പെട്ടവരെയൊക്കെ അറിവുള്ളവര്‍ പുച്ഛത്തോടുകൂടി വീക്ഷിക്കുന്നു. ഇത്തരുണത്തിലാണ്, ഇതാ, ഭാരതീയദര്‍ശനം മുന്നോട്ടു കടന്നുവരുന്നത്. അതില്‍ പ്രകടമാണ് ഭാരതമനസ്സിന്റെ അത്യുത്കൃഷ്ടമതാകാംക്ഷകള്‍: അവിടെ ഗഹനദാര്‍ശനികതത്ത്വങ്ങള്‍ ജനതയുടെ പ്രായോഗികാദ്ധ്യാത്മികതയായിരിക്കുന്നു. എല്ലാറ്റിന്റെയും ഐക്യമെന്ന ഈ ആശയം, ആനന്ത്യം, ഈ അപൗരുഷേയഭാവന, മനുഷ്യന്റെ ആത്മാവ് അനശ്വരമാണെന്ന ഈ അദ്ഭുതാശയം, ജീവികളുടെ മുന്നേറ്റത്തിലുള്ള തടവറ്റ തുടര്‍ച്ച, പ്രപഞ്ചത്തിന്റെ അപരിമിതത്വം – ഇതെല്ലാം, സ്വാഭാവികമായിത്തന്നെ സംരക്ഷണത്തിനു പുറപ്പെട്ടിരിക്കുന്നു. പഴയ മതവിഭാഗങ്ങള്‍ ലോകത്തെ ഒരു ചെറുചളിക്കുണ്ടായി കരുതി: ഏതാണ്ട് ഇന്നലെയോ മറ്റോ ആണ് കാലം തുടങ്ങിയതെന്നും കണക്കാക്കി. എന്നാല്‍ ദേശകാലനിമിത്തങ്ങളുടെ അപരിമിതത്വത്തെക്കുറിച്ചുള്ള ആ ഉദാത്താശയം നമ്മുടെ പഴയ ഏടുകളിലുണ്ടായിരുന്നു. അവിടെമാത്രം, സര്‍വ്വോപരി മനുഷ്യാത്മാവിന്റെ അതിരറ്റ പെരുമ മതാന്വേഷണങ്ങളെയെല്ലാം ഭരിച്ചും നയിച്ചും പോന്നതും അവിടെമാത്രം. പരിണാമവാദം, ശക്തിസംഗ്രഹണവാദം (Law of conservation of energy) മുതലായ ഇന്നത്തെ വമ്പിച്ച സിദ്ധാന്തങ്ങള്‍ വികൃതങ്ങളായ ഈശ്വരവാദഭേദങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടിരിക്കെ, സംസ്‌കാരസമ്പന്നമായ മനുഷ്യരാശിയുടെ സ്നേഹവിശ്വാസങ്ങളാര്‍ജ്ജിക്കാന്‍ ഏതിനു കഴിവുണ്ടാകും? മനുഷ്യന്റെ ആത്മാവില്‍ നിന്ന് അത്യദ്ഭുതകരമായുദിച്ച ആ വേദാന്തം, ഈശ്വരന്റെ ആശ്ചര്യാവഹമായ ആ ശബ്ദം, ഉള്‍ക്കൊള്ളുന്ന ഏറ്റവും അദ്ഭുതകരവും ശ്രദ്ധേയവും വികാസകവും ഉത്കര്‍ഷകവുമായ ആശയങ്ങള്‍ക്കുമാത്രം.
ഇതോടൊപ്പം ഒരു സംഗതി എനിക്ക് ഊന്നിപ്പറയാനുണ്ട്. നമ്മുടെ മതം ഭാരതത്തിനു വെളിയിലുള്ള ജനതകളുടെമേല്‍ പ്രഭാവം ചെലുത്തുമെന്നു പറഞ്ഞാല്‍, ഏതു തത്ത്വങ്ങളുടെയും പശ്ചാത്തലത്തി ന്റെയും അടിത്തറയുടെയും മേലാണോ ആ മതം പടത്തുകെട്ടിയത് അവയെ മാത്രമാണ് ഞാന്‍ വിവക്ഷിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ക്ക്, പല ശതകങ്ങളിലെ സാമൂഹ്യാവശ്യങ്ങള്‍ക്കൊത്തു രൂപപ്പെടുത്തിയിട്ടുള്ള നിസ്സാരാംശങ്ങള്‍ക്ക്, സമ്പ്രദായങ്ങളെയും കീഴ്‌നടപ്പുകളെയും സാമൂഹ്യനന്മകളെയും കുറിച്ചുണ്ടായിട്ടുള്ള ചെറുതരം യുക്തിവാദങ്ങള്‍ക്ക്, മതത്തില്‍ ന്യായമായി ഒരു സ്ഥാനവുമില്ല. നമ്മുടെ ഗ്രന്ഥങ്ങളില്‍ സ്പഷ്ടമായി സത്യങ്ങളെ രണ്ടായി വിഭജിച്ചുണ്ടെന്നു നമുക്കറിയാം. അതിലൊന്നില്‍പ്പെട്ട സത്യങ്ങള്‍ ശാശ്വതങ്ങളാണ്: അവ മനുഷ്യന്റെ സ്വഭാവത്തില്‍, ആത്മാവിന്റെ പ്രകൃതിയില്‍, ആത്മാവിന് ഈശ്വരനോടുള്ള ബന്ധത്തില്‍, ഈശ്വരന്റെ സ്വരൂപത്തില്‍, പരിപൂര്‍ണ്ണത മുതലായവയില്‍ ഉറച്ചു നില്‍ക്കുന്നവയത്രേ. അതുപോലെ പ്രപഞ്ചവിജ്ഞാനം, സൃഷ്ടിയുടെ – കുറേക്കൂടി സൂക്ഷിച്ചുപറഞ്ഞാല്‍ സര്‍ഗ്ഗത്തിന്റെ (projection) അനന്തത, (സര്‍ഗ്ഗപ്രതിസര്‍ഗ്ഗങ്ങളുടെ) അദ്ഭുതകരമായ ആവര്‍ത്തന നിയമങ്ങള്‍ മുതലായവ: ഇവയൊക്കെയാണ് പ്രകൃതിയിലുള്ള സാര്‍വ്വത്രികനിയമങ്ങളില്‍ ഉറച്ച ശാസ്ര്തതത്ത്വങ്ങള്‍. മറ്റേവ ചില ചില്ലറനിയമങ്ങളാണ്: അവ നമ്മുടെ ദൈനന്ദിനജീവിതം നയിക്കുവാനുതകുന്നു. പുരാണങ്ങളും സ്മൃതികളുമാണ്, ശ്രുതികളല്ല അവയ്ക്കു സ്ഥാനം. ഇവയ്ക്ക് ആദ്യം പറഞ്ഞ തത്ത്വങ്ങളോടു ബന്ധമൊന്നുമില്ല. നമ്മുടെ ജനതയുടെ ഇടയ്ക്കുതന്നെ ഈ ചില്ലറനിയമങ്ങള്‍ എല്ലായ്‌പോഴും മാറിമറിഞ്ഞുകൊണ്ടിരുന്നു. ഒരു കാലഘട്ടത്തിലെ, യുഗത്തിലെ, കീഴ്‌നടപ്പുകള്‍ മറ്റൊന്നിന്റെതായിരുന്നിട്ടില്ല. യുഗങ്ങള്‍ ഒന്നൊന്നായി മാറുമ്പോള്‍, കീഴ്‌നടപ്പുകളും മാറാതെ തരമില്ല. പുതിയ ചുറ്റുപാടുകള്‍ക്കു യോജിച്ച കീഴ്‌നടപ്പുകളും സമ്പ്രദായങ്ങളും കാട്ടിത്തരുവാന്‍ മഹാന്മാരായ ഋഷിമാര്‍ പിറക്കയും ചെയ്യും.
പൗരസ്ത്യദേശങ്ങളിലെ ആദ്യപ്രഭാഷണം (കൊളമ്പ്) – വിവേകാനന്ദ സാഹിത്യ സര്‍വസ്വം