മനുഷ്യന്‍, ഈശ്വരന്‍, പ്രപഞ്ചം – ഇവയെപ്പറ്റി അദ്ഭുതകരവും അനന്തവും സമുത്കര്‍ഷകവും വിശാലവുമായ ഈ വീക്ഷണത്തിന്റെ ചുവടായ അനര്‍ഘതത്ത്വങ്ങള്‍ ഭാരതത്തിലാണ് ആവിഷ്‌കരിക്കപ്പെട്ടത്. ”എന്റെ ഈശ്വരനാണ് സത്യം, നിന്റെ ഈശ്വരന്‍ മിഥ്യ: ഇതിന്റെ പേരില്‍ നമുക്കു പടവെട്ടാം” എന്നു പറഞ്ഞു മനുഷ്യന്‍ ഒരു ക്ഷുദ്രവംശദേവതയ്ക്കുവേണ്ടി യുദ്ധം ചെയ്യാന്‍ മുതിരാതിരുന്നിട്ടുള്ളത് ഭാരതത്തില്‍മാത്രം. ക്ഷുദ്രദേവതകളെച്ചൊല്ലി പോരടിക്കുക തുടങ്ങിയ ആശയങ്ങള്‍ ഇവിടെ മാത്രമേ നാമ്പെടുക്കാതിരുന്നുട്ടുള്ളൂ. മേല്പറഞ്ഞ മൗലികതത്ത്വങ്ങള്‍, മനുഷ്യന്റെ സത്യസ്വഭാവത്തില്‍ ഉറച്ചിട്ടുള്ളതാകയാല്‍, ആയിരമായിരം കൊല്ലങ്ങള്‍ക്കുമുമ്പെന്നോണം മനുഷ്യരാശിയ്ക്കു സുസ്ഥിതി കൈവരുത്താന്‍ പോന്നവയാണ്. ഈ ഭൂമിയും കര്‍മ്മനിയമങ്ങളും നില്‍നിക്കുന്നേടത്തോളം കാലം, നാം വ്യക്തികളായി ജനിച്ച് നമ്മുടെ ഭാഗധേയം നമ്മുടെ കഴിവുകൊണ്ടു സാക്ഷാത്കരിക്കേണ്ടിയിരിക്കുന്നിടത്തോളം കാലം അവ അങ്ങനെ തന്നെ നിലകൊള്ളുകയും ചെയ്യും.
എല്ലാറ്റിനുംമേലെ, ലോകത്തിനു കൊടുക്കാന്‍ ഭാരതത്തിന്നുള്ളത് ഇതാണ്. നാനാജനതകളുടെയിടയില്‍ ഉണ്ടായിട്ടുള്ള മതങ്ങളുടെ വളര്‍ച്ചയും വികാസവും സൂക്ഷിച്ചാല്‍ എപ്പോഴും കാണാം, ആദ്യം ഓരോ വംശത്തിനും സ്വന്തമായ ഒരു ദേവത ഉണ്ടായിരുന്നു എന്ന്. ഈ വംശങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നെങ്കില്‍ ഇവരുടെ ദേവതകള്‍ക്കെല്ലാം ഇണങ്ങുന്ന ഒരു മൂലനാമം ഉണ്ടായിരിക്കും. ഉദാഹരണം ബാബിലോണിയരുടെ ദേവതകള്‍തന്നെ. ബാബിലോണിയര്‍ പല വര്‍ഗ്ഗങ്ങളായി വേര്‍തിരിഞ്ഞപ്പോള്‍ അവരുടെ ദേവതകളുടെ മൂലനാമം ‘ബാല്‍’ എന്നായിരുന്നു. യഹൂദവംശ്യരുടെ വിഭിന്ന ദേവതകള്‍ക്കുണ്ടായിരുന്ന മൂലനാമം ‘മോളോക്ക്’. ഇതോടൊപ്പം, പല വംശങ്ങളില്‍ ഏതെങ്കിലുമൊന്ന് മറ്റുള്ളവയെ കവിയുമ്പോള്‍, അതിന്റെ രാജാവ് എല്ലാവര്‍ക്കും രാജാവാണെന്നവകാശപ്പെടുന്നതും കാണാം. അതിനാല്‍ സ്വാഭാവികമായി ആ വംശദേവതയെത്തന്നെ സര്‍വ്വവംശങ്ങളുടെയും ദേവതയായി വെച്ചുവാഴിക്കാന്‍ ആഗ്രഹവുമുണ്ടാകുന്നു. ബാബിലോണിയര്‍ പറഞ്ഞുവന്നു ‘ബാല്‍ – മാര്‍ഡോക്ക്’ ദേവന്മാരില്‍വെച്ച് അത്യുത്തമനാണെന്ന്: മറ്റെല്ലാ ദേവന്മാരും കീഴ്കിടയില്‍ പെട്ടവരത്രേ. ‘മോളാക്ക്‌യാവേ’ ആയിരുന്നു മറ്റു മോളോക്കുകളെക്കാള്‍ മികച്ചവന്‍. ഈ പ്രശ്‌നങ്ങളെല്ലാം അടരാടി തീരുമാനിക്കേണ്ടിയും വന്നു. അതേ പോരാട്ടം ഇവിടെയും നടന്നു വാശിപൂണ്ട ദേവതകള്‍ സ്വന്തം മേല്‌ക്കോയ്മയ്ക്കുവേണ്ടി തമ്മിലിടഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ ഈ രാജ്യത്തിന്റെയും ലോകത്തിന്റെയും മഹാഭാഗ്യംകൊണ്ട് ‘ഏകം സദ്‌വിപ്രാ ബഹുധാ വദന്തി’ എന്ന ശബ്ദം ആ സംഭ്രമങ്ങളിലും കോലാഹലങ്ങളിലുംനിന്നു ഉയര്‍ന്നുവന്നു. ”ഉള്ളത് ഒന്നുമാത്രം. പ്രാജ്ഞന്മാര്‍ അതിനു പല പേരുകള്‍ പറയുന്നു.” വിഷ്ണുവിനെക്കാള്‍ മഹത്ത്വം ശിവനുണ്ടെന്നോ, വിഷ്ണുവാണെല്ലാം, ശിവന്‍ വെറും പൂജ്യമെന്നോ അല്ല. മറിച്ച്; വിഷ്ണു, ശിവന്‍, നൂറുകണക്കിനുള്ള മറ്റു പേരുകള്‍ – ഇവയൊക്കെച്ചൊല്ലി വിളിക്കുന്നത് ഒരേ തത്ത്വത്തെയാണ്. പേരുകള്‍ പലത്: പക്ഷേ ഒരേ തത്ത്വം. ഭാരതത്തിന്റെ ചരിത്രം മുഴുവന്‍ ഈ കുറച്ചു വാക്കുകളില്‍ വായിക്കാം. കേന്ദ്രസ്ഥമായ ഈ സിദ്ധാന്തത്തിന്റെ കനത്ത ഭാഷയിലുള്ള കരുത്തുറ്റ ആവര്‍ത്തനമത്രേ ഭാരതചരിത്രം മുഴുവനും. അതു ഭാരതത്തില്‍ ആവര്‍ത്തിക്കപ്പെട്ടു – ജനതയുടെ രക്തത്തില്‍ കലരുംവരെ, ധമനികളില്‍ ഒഴുകിയ ഓരോ രക്തതുള്ളിയോടുമൊപ്പം തുള്ളുംവരെ, ജീവിതത്തോടു ചേര്‍ന്നൊന്നിച്ച് പൂര്‍ണ്ണമായ താദാത്മ്യമുണ്ടാകുംവരെ. അങ്ങനെ, നമ്മുടെ നാട് സഹിഷ്ണുതയുടെ ഒരദ്ഭുതനാടായി മാറി. അങ്ങനെ, വിഭിന്നമതങ്ങളെയും അവയുടെ അനുയായികളെയും ഈ നാട്ടിലേക്കു സ്വാഗതംചെയ്യുവാനുള്ള അവകാശം ഈ പഴയ അമ്മക്കു കൈവന്നു.
ഇവിടെമാത്രം കാണപ്പെടുന്ന അത്യന്തം ശ്രദ്ധേയമായ ഈ പ്രതിഭാസത്തിനുള്ള വിശദീകരണവും ഇതിലുണ്ട്: ഒരുതരത്തിലും പൊരുത്തപ്പെടാത്ത വിഭിന്നമതവിഭാഗക്കാര്‍ ഇവിടെ ഇണങ്ങിക്കഴിഞ്ഞു കൂടുന്നു. നിങ്ങള്‍ ഒരുപക്ഷേ ദ്വൈതിയാകാം: ഞാന്‍ അദ്വൈതിയും. നിങ്ങള്‍ പ്രഖ്യാപിക്കും നിങ്ങള്‍ ഈശ്വരന്റെ നിത്യദാസനാണെന്ന്: ഈശ്വരനോട് ഐക്യമാണ് എനിക്കുള്ളതെന്നു ഞാനും. എങ്കിലും നാം ഇരുവരും നല്ല ഹിന്ദുക്കളാണ്. അതെങ്ങനെ ആകും? വായിക്കു! ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി,’ ”ഉള്ളത് ഒന്നുമാത്രം. പ്രാജ്ഞന്മാര്‍ അതിനു പല പേരുകള്‍ പറയുന്നു.” എന്റെ നാട്ടുകാരേ, എല്ലാറ്റിനും മേലേ നമുക്കു ലോകത്തെ പഠിപ്പിക്കാനുള്ള വിലതീരാത്ത സത്യമിതാണ്. മറുനാട്ടുകാര്‍, എത്രയൊക്കെ അഭ്യസ്തവിദ്യരായാലും, നമ്മുടെ മതത്തെ എത്രയും പുച്ഛിച്ച്, അതു വിഗ്രഹാരാധനയാണെന്നു പറയുന്നുണ്ട്. അതു ഞാന്‍തന്നെ കണ്ടിട്ടുണ്ട്. കട്ടപിടിച്ച എത്ര വമ്പിച്ച അന്ധവിശ്വാസങ്ങളാണ് തങ്ങളുടെ തലയിലുള്ളതെന്ന് തിരക്കാന്‍ അവര്‍ കൂട്ടാക്കുന്നുമില്ല. എവിടെയും നിലവിലുള്ള വസ്തുത ഇതുതന്നെ: പെരുത്ത ഈ വിഭാഗീയമനഃസ്ഥിതി, നീചമായ ഈ ഇടുങ്ങിയ മനഃസ്ഥിതി. തനിക്കുള്ളതെന്തോ അതേ കാമ്യമായിട്ടുള്ളൂ. വിത്തത്തെ, ഡോളറിനെ, ഉപാസിച്ചുകൊണ്ടുള്ള ജീവിതമില്ലേ, അതേ യോഗ്യമായിട്ടുള്ളൂ. തന്‍േറതായ സ്വല്പം സമ്പാദ്യമില്ലേ, അതേ ഉള്ളൂ. അതു മാത്രമേ ഉള്ളൂ, കൊള്ളാവുന്നതായി. വല്ലതുമൊരു മണ്ണാംകട്ടയുണ്ടാക്കാനോ, ഒരു യന്ത്രം നിര്‍മ്മിക്കാനോ കഴിഞ്ഞാല്‍ മതി, അതാണുപോല്‍ വമ്പിച്ച മറ്റെല്ലാ സമ്പത്തിനെക്കാളും ശ്ലാഘ്യം! പഠിപ്പും പാണ്ഡിത്യവുമൊക്കെ ഉണ്ടെങ്കിലും ഇതാണ് ലോകത്തെങ്ങുമുള്ള നില.
ലോകത്തില്‍ പഠിപ്പ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. പരിഷ്‌കാരമാണെങ്കില്‍ ഒരിടത്തും ഇന്നോളം തുടങ്ങിയിട്ടുപോലുമില്ല. 99.9 ശതമാനമാളുകളും ഏറെക്കുറെ കാട്ടാളരാണ്, ഇന്ന്. പുസ്തകത്തില്‍ ഇതൊക്കെ വായിക്കാം. മതസഹിഷ്ണുതയെപ്പറ്റിയും മറ്റും നാം കേള്‍ക്കുന്നുണ്ട്. പക്ഷേ ഇതൊക്കെ ലോകത്തില്‍ വളരെക്കുറച്ചേ ഇന്നുമുള്ളൂ. ഇതിനു തെളിവ് എന്റെ അനുഭവം തന്നെ. 99 ശതമാനങ്ങളും ഇതിനെക്കുറിച്ചു ചിന്തിക്കുന്നേയില്ല. ഞാന്‍ ചെന്ന നാടുകളിലെല്ലാം ഇപ്പോഴും മതത്തിന്റെ പേരില്‍ വമ്പിച്ച നിപീഡനങ്ങള്‍ നടക്കുന്നുണ്ട്: പുതിയതു വല്ലതും പഠിക്കുന്നതിന്നെതിരായി ആ പഴഞ്ചന്‍ വാദങ്ങളൊക്കെ ഉയര്‍ത്തപ്പെടുന്നുമുണ്ട്. മതചിന്തയോട് ലോകത്തിലിന്നുള്ള സ്വല്പം സഹിഷ്ണുത, സ്വല്പം സഹാനുഭൂതി, വാസ്തവത്തില്‍ ഇവിടെയാണുള്ളത്, ആര്യന്മാരുടേതായ ഈ നാട്ടില്‍. മറ്റൊരിടത്തുമില്ല. ഇവിടെ, ഭാരതീയര്‍, മാത്രമേ മുഹമ്മദീയര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമായി ആരാധനാമന്ദിരങ്ങള്‍ പണിതുകൊടുക്കുന്നുള്ളൂ: മറ്റെങ്ങുമില്ല. മറ്റു വല്ല നാട്ടിലും ചെന്ന് മുഹമ്മദീയരോടോ മറ്റു മതസ്ഥരോടോ നിങ്ങള്‍ക്കായി ക്ഷേത്രം പണിതുതരാന്‍ പറഞ്ഞുനോക്കു: അപ്പോള്‍ കാണാം, അവര്‍ എങ്ങനെ സഹായിക്കുമെന്ന്. മറിച്ച് നിങ്ങളുടെ ക്ഷേത്രങ്ങളെയും നിങ്ങളെത്തന്നെയും അവര്‍ തകര്‍ക്കാന്‍ ശ്രമിക്കും, അവര്‍ക്കതിനു കരുത്തുണ്ടെങ്കില്‍. അതിനാല്‍, ലോകത്തിന്നാവശ്യമായ, ഭാരതത്തില്‍നിന്ന് ഇനിയും പകര്‍ത്തേണ്ടതായ, വലിയ പാഠം സഹിഷ്ണുത മാത്രമല്ല, സഹാനുഭൂതികുടിയാണ്. മഹിമ്‌നഃസേ്താത്രത്തില്‍ ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ട്; ”പല മലകളില്‍ നിന്നു പുറപ്പെട്ടു ചൊവ്വെയും വളഞ്ഞും ഒഴുകി. ഒടുവില്‍ കടലില്‍ വീഴുന്ന ആറുകള്‍പോലെ, ശിവനേ, വാസനാഭേദംകൊണ്ട് മനുഷ്യര്‍ കൈക്കൊള്ളുന്ന വിഭിന്നമാര്‍ഗ്ഗങ്ങള്‍, പലതെന്നും ഋജുവെന്നും വക്രമെന്നുമൊക്കെ തോന്നിയാലും, എല്ലാമൊരേ മട്ടില്‍, അങ്ങയിലേക്കുതന്നെ നയിക്കുന്നു’
പലവഴി പോയാലും എല്ലാവരും ശരിയായ വഴിയില്‍ത്തന്നെയാണ്. ചിലത് സ്വല്പം വളഞ്ഞുപോകുന്നു: ചിലത് ചൊവ്വേ പോകുന്നു. ഒടുവില്‍ എല്ലാം ഏകനായ ഈശ്വരനില്‍ ചെന്നെത്തും, ശിവലിംഗത്തില്‍ മാത്രമല്ലാതെ എല്ലായിടത്തും ശിവനെ കാണുമ്പോഴേ ശിവനോടുള്ള നിങ്ങളുടെ ഭക്തി പൂര്‍ണ്ണമാകൂ. എല്ലാറ്റിലും എല്ലാവരിലും ഹരിയെ കാണുന്നവനേ പ്രാജ്ഞനാകൂ, ഹരിയുടെ ഭക്തനാകൂ. ശിവനോടു നേരായ ഭക്തിയുണ്ടെങ്കില്‍ എല്ലാറ്റിലും എല്ലാവരിലും നിങ്ങള്‍ ശിവനെ കാണണം. പൂജയെല്ലാം ശിവപൂജയാണെന്നു കാണണം, പേരും രൂപവും എന്തായാലും വേണ്ടില്ല. കാബയുടെ നേര്‍ക്കോ, ക്രിസ്ത്യന്‍പള്ളിയിലോ, ബൗദ്ധവിഹാരത്തിലോ മടങ്ങുന്ന മുട്ടുകളെല്ലാം ശിവന്റെ മുമ്പില്‍ മടങ്ങുന്നതായി കാണണം: അവര്‍ അതറിയട്ടെ, അറിയാതിരിക്കട്ടെ: ഓര്‍ക്കട്ടെ, ഓര്‍ക്കാതിരിക്കട്ടെ. ഏതു പേരിലോ രൂപത്തിലോ ആകട്ടെ, ഈ പുഷ്പങ്ങളെല്ലാം അവിടുത്തെ പാദങ്ങളിലത്രേ അര്‍പ്പിതമാകുന്നത്: കാരണം, അവിടുന്നാണ് എല്ലാറ്റിനും പ്രഭു, എല്ലാ ആത്മാക്കളുടെയും ഏകാത്മാവ്. നിങ്ങള്‍ക്കോ എനിക്കോ അറിയാവുന്നതിലും അനന്തം മടങ്ങു നന്നായി അവിടുത്തേക്കറിയാം, ഈ ലോകത്തിന് ആവശ്യമുള്ളതെന്തെന്ന്. എല്ലാ ഭേദങ്ങള്‍ക്കും അറുതി വരുക അസാദ്ധ്യം. ഭേദമുണ്ടാകാതെ തരമില്ല. ഭേദമറ്റാല്‍ ജീവിതം നിലയ്ക്കണം. ഈ സംഘട്ടനമാണ്, ചിന്തയിലുള്ള ഭേദമാണ്, പ്രകാശത്തെയും ചലനത്തെയുമെല്ലാം ഉളവാക്കുന്നത്. അനന്തവൈരു ദ്ധ്യമുള്ള വൈവിധ്യം വേണംതന്നെ. എന്നുവെച്ച് നാം പരസ്പരം മല്ലിടണമെന്നില്ല.
അതിനാല്‍ ഇവിടെ, നമ്മുടെ മാതൃഭൂമിയില്‍മാത്രം, ഉപദേശിക്കപ്പെട്ട ആ കേന്ദ്രസ്ഥസത്യം വീണ്ടും നാം ഗ്രഹിക്കണം: ഭാരതത്തില്‍നിന്ന് അതു വീണ്ടും ഉപദേശിക്കപ്പെടുകയും വേണം. എന്തുകൊണ്ട്? നമ്മുടെ ഗ്രന്ഥങ്ങളില്‍ അതുള്ളതുകൊണ്ടുമാത്രമല്ല. നമ്മുടെ ജനതയുടെ സാഹിത്യത്തിന്റെ എല്ലാ വശങ്ങളിലും അതു വ്യാപിച്ചിട്ടുണ്ട്: ജനതയുടെ ജീവിതത്തില്‍ അതു സന്നിഹിതവുമാണ്. ഇവിടെ, ഇവിടെമാത്രം, അതു ദിവസവും അനുഷ്ഠിക്കപ്പെടുന്നുണ്ട്. കണ്ണു തുറന്നാല്‍ ആര്‍ക്കും കാണാം, ഇവിടെ, ഇവിടെ മാത്രമേ, അതനുഷ്ഠാനത്തിലുള്ളൂ എന്ന്. അപ്പോള്‍ നാം മതം പഠിപ്പിക്കേണ്ടിയിരിക്കുന്നു. മേല്‍ക്കിടയിലുള്ള മറ്റുപാഠങ്ങളും ഭാരതത്തിനു പഠിപ്പിക്കാന്‍ കഴിയും. പക്ഷേ അവ പണ്ഡിതന്മാര്‍ക്കുള്ളവയാണ്. പുരുഷനും സ്ത്രീയ്ക്കും ശിശുവിനും എല്ലാവര്‍ക്കും പഠിക്കാവുന്നതാണ്, സൗമ്യത, മാര്‍ദ്ദവം, ക്ഷമ, സഹിഷ്ണുത, ദയ, സൗഭ്രാത്രം എന്നീ പാഠങ്ങള്‍. പഠിക്കുന്നവര്‍ പണ്ഡിതന്മാരോ അപണ്ഡിതന്മാരോ ആകട്ടെ: അവരുടെ ജാതി വര്‍ണ്ണം വിശ്വാസം എന്നിവ എന്തുമാകട്ടെ. ”അവര്‍ അങ്ങയെ പല പേരുകളും ചൊല്ലി വിളിക്കുന്നു: അങ്ങ് ഒന്നാണ്.”
പൗരസ്ത്യദേശങ്ങളിലെ ആദ്യപ്രഭാഷണം (കൊളമ്പ്) – വിവേകാനന്ദ സാഹിത്യ സര്‍വസ്വം