ജാഫ്‌നയിലെ ഹിന്ദുക്കള്‍ ശ്രീ വിവേകാനന്ദസ്വാമികള്‍ക്കു സ്വാഗതാശംസ നല്‍കിയതിനു മറുപടിയായി സ്വാമിജി ഉജ്വലമായ ഒരു പ്രസംഗം നടത്തുകയും അടുത്ത ദിവസം സായാഹ്‌നത്തില്‍ വേദാന്തമതത്തെപ്പറ്റി അദ്ദേഹം പ്രഭാഷണം ചെയ്തു. അതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.
വിഷയം വളരെ വിശാലമായ ഒന്നാണ്: സമയം കുറച്ചേയുള്ളുതാനും. ഒറ്റ പ്രസംഗത്തില്‍ ഹിന്ദുമതത്തെ പൂര്‍ണ്ണമായപഗ്രഥിക്കുക സാദ്ധ്യമല്ല. അതുകൊണ്ട് ആവുന്നത്ര ലളിതമായ ഭാഷയില്‍ നമ്മുടെ മതത്തിന്റെ പ്രമുഖവശങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കാം. നമ്മെ നിര്‍ദ്ദേശിപ്പാന്‍ ഈയിടെ പ്രചുരമായി പ്രയോഗിച്ചുവരുന്ന ‘ഹിന്ദു’ എന്ന വാക്കുണ്ടല്ലോ, അതിന്റെ അന്തഃസത്ത എല്ലാം നശിച്ചിരിക്കയാണ്. സിന്ധുനദിയുടെ മറുകരയില്‍ പാര്‍ക്കുന്നവര്‍ എന്നേ ഇതിന്ന് അര്‍ത്ഥമുണ്ടായിരുന്നുള്ളൂ. പ്രാചീനപേഴ്‌സ്യര്‍ സിന്ധു എന്ന വാക്ക് ഹിന്ദു എന്നു വികലപ്പെടുത്തി. സിന്ധുവിന്റെ മറുകരെ പാര്‍ത്തിരുന്നവരെയൊക്കെ അവര്‍ ഹിന്ദു എന്നു വിളിച്ചുവന്നു. അങ്ങനെയാണ് ഈ വാക്ക് നമുക്ക് കിട്ടിയിട്ടുള്ളത്. മുഹമ്മദീയരുടെ ഭരണകാലത്ത് നാംതന്നെ ഈ വാക്ക് കൈയേറ്റു. ഈ വാക്കു പയോഗിക്കുന്നതുകൊണ്ട് അപാകതയില്ലെന്നു സ്പഷ്ടം: പക്ഷേ, മുമ്പേ പറഞ്ഞതുപോലെ ഇതിന്റെ അര്‍ത്ഥം ലോപിച്ചിരിക്കയാണ്. നോക്കുക, ഇന്നിപ്പോള്‍ സിന്ധുവിന്റെ ഈ കരയില്‍ പാര്‍ക്കുന്നവരെല്ലാം പണ്ടത്തെപ്പോലെ ഒരേ മതം അനുസരിക്കുന്നവരല്ലല്ലോ. ഹിന്ദുക്കളെ മാത്രമല്ല, മുഹമ്മദീയര്‍, ക്രിസ്ത്യാനികള്‍, ജൈനര്‍ മുതലായി ഭാരതത്തില്‍ നിവസിക്കുന്ന മറ്റുള്ളവരെയും ഈ വാക്കുള്‍ക്കൊള്ളുന്നു. അതിനാല്‍ ഹിന്ദു എന്ന വാക്കുപയോഗിക്കാന്‍ ഞാന്‍ ഒരുങ്ങുകയില്ല. പിന്നെ ഏതു വാക്കാണുപയോഗിക്കേണ്ടത്? നമുക്കുപയോഗിക്കാവുന്ന മറ്റു വാക്കുകള്‍ വേദാനുയായികള്‍ എന്നര്‍ത്ഥമുള്ള വൈദികരെന്നോ, കുറേക്കൂടി ഭേദപ്പെട്ടതും വേദാന്താനുയായികള്‍ എന്നര്‍ത്ഥമുള്ളതുമായ വേദാന്തികളെന്നോ ആണ്. ലോകത്തിലുള്ള വമ്പിച്ച മതങ്ങളില്‍ ഏറിയകൂറും അതതു ഗ്രന്ഥങ്ങളോടു കൂറും ഭക്തിയുമുള്ളവയാണ്. ഈ ഗ്രന്ഥങ്ങളെ ഈശ്വരന്‍േറയോ പ്രകൃതിക്കപ്പുറത്തുള്ള വല്ല ദേവതകളുടെയോ വാക്കുകളായി അവ കരുതുന്നു. ഇവയത്രേ ആ മതങ്ങളുടെ ചുവട്. ഇന്നുള്ള പാശ്ചാത്യപണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഈവക ഗ്രന്ഥങ്ങളില്‍വെച്ചെല്ലാം പഴക്കംകൂടിയത്, ഹിന്ദുക്കളുടെ വേദങ്ങളാണ്. അതിനാല്‍ ഈ വേദങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ ധരിച്ചിരിക്കേണ്ടതാണ്.
വേദരാശി വ്യക്തികളുടെ വചനങ്ങളല്ല. അതിന്റെ കാലം തിട്ടപ്പെട്ടിട്ടില്ല, തിട്ടപ്പെടുത്താവുന്നതുമല്ല. നാമതിനെ നിത്യമെന്നു കരുതുന്നു. ഒരു പ്രധാനകാര്യം നിങ്ങളോര്‍ക്കണം. ലോകത്തിലെ മറ്റുമതങ്ങളെല്ലാം അവയുടെ പ്രാമാണ്യത്തിന്നാധാരമായി ഗണിക്കുന്നത്, പുരുഷവിധനായ ഒരീശ്വരനോ, മറ്റു സത്ത്വങ്ങളോ ദേവതകളോ ഈശ്വരദൂതന്മാരോ ചില വ്യക്തികള്‍ക്കായി അവയെ വെളിപ്പെടുത്തിക്കൊടുത്തു എന്ന വസ്തുതയാണ്. ഹിന്ദുക്കള്‍ ഗണിക്കുന്നതാകട്ടെ, വേദങ്ങളുടെ പ്രാമാണ്യത്തിന് അവ ആരോടും കടപ്പെടുന്നില്ലെന്നത്രേ: വേദങ്ങള്‍ ശാശ്വതങ്ങളാകയാല്‍ സ്വതഃപ്രമാണങ്ങളാണ്, ഈശ്വരജ്ഞാനമാണ്. അവ എഴുതപ്പെടുകയോ രചിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. എക്കാലത്തും അവ ഉണ്ടായിരുന്നു. എങ്ങനെ സൃഷ്ടി അപരിമിതവും നിത്യവുമായിരിക്കുന്നുവോ, അനാദിയും അനന്തവുമായിരിക്കുന്നുവോ, അങ്ങനെ ഈശ്വരജ്ഞാനത്തിനും ആദിയുമന്തവുമില്ല. ഈ ജ്ഞാനമത്രേ വേദങ്ങളെന്നുവെച്ചാല്‍ (വിദ് = അറിയുക). ഋഷികള്‍ എന്നറിയപ്പെടുന്ന മഹത്തുക്കള്‍ കണ്ടെത്തിയതാണ് വേദാന്തമെന്ന ജ്ഞാനരാശി. ഋഷി എന്ന വാക്കിന്റെ അര്‍ത്ഥം മന്ത്രദ്രഷ്ടാവ് എന്നാണ്, അറിവിനെ നേരിട്ടു കാണുന്നവന്‍. ഈ അറിവ് ആ ഋഷിയുടെ സ്വന്തമല്ലെന്നു മറക്കരുത്. വേദങ്ങളിലെ ഒരു ഭാഗം ഒരു ഋഷിയില്‍നിന്ന് ആവിര്‍ഭവിച്ചു എന്നു കേട്ടാല്‍ അദ്ദേഹം അതെഴുതിയെന്നോ തന്റെ മനസ്സില്‍നിന്നുണ്ടാക്കിയെടുത്തെന്നോ ധരിക്കരുത്. മുമ്പേ നിലനിന്നുവരുന്ന ആശയത്തെ അദ്ദേഹം കാണുകയത്രേ ചെയ്തത്. പ്രപഞ്ചത്തില്‍ എക്കാലത്തും അതു നിലനിന്നുപോന്നു. പ്രസ്തുതനായ ഋഷി അതിന്റെ ആവിഷ്‌കര്‍ത്താവുമാത്രം. ഋഷികള്‍ ആദ്ധ്യാത്മികസത്യങ്ങളുടെ ആവിഷ്‌കര്‍ത്താക്കളാണ്.
വേദരാശിയെ പ്രധാനമായി രണ്ടായി തിരിക്കാം – കര്‍മ്മകാണ്ഡമെന്നും ജ്ഞാനകാണ്ഡമെന്നും. ആദ്യത്തേതില്‍ കര്‍മ്മങ്ങള്‍, അനുഷ്ഠാനങ്ങള്‍. രണ്ടാമത്തേതില്‍ ജ്ഞാനം, ആദ്ധ്യാത്മികത. കര്‍മ്മകാണ്ഡത്തിന്റെ ഉള്ളടക്കം പലതരത്തിലുള്ള യാഗങ്ങളത്രേ. അവയുടെ വലിയൊരംശം ഇന്നത്തെ ചുറ്റുപാടുകളില്‍ അപ്രായോഗികമാകയാല്‍ ഈയിടെയായി ഉപേക്ഷിക്കപ്പെട്ടിരിക്കയാണ്. ശേഷമുള്ളവ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇന്നും നിലനിന്നുവരുന്നു. കര്‍മ്മകാണ്ഡത്തിലുള്‍പ്പെടുന്ന മുഖ്യമായ ആശയങ്ങള്‍ – മനുഷ്യന്റെ കടമകള്‍, ബ്രഹ്മചാരികളുടെയും ഗൃഹസ്ഥന്റെയും വാനപ്രസ്ഥന്റെയും കടമകള്‍, പല ആശ്രമങ്ങളോടനുബന്ധിച്ച കര്‍ത്തവ്യങ്ങള്‍ – ഇവയൊക്കെ ഏറെക്കുറെ ഇന്നോളം അനുഷ്ഠിക്കപ്പെട്ടുവരുന്നു. നമ്മുടെ മതത്തിന്റെ ആദ്ധ്യാത്മികമായ അംശം രണ്ടാം ഭാഗത്തിലാണ്, ഇതാണ് ജ്ഞാനകാണ്ഡം, വേദാന്തം, വേദങ്ങളുടെ അവസാനഭാഗം, അവയുടെ സാരവും ലക്ഷ്യവും. വൈദികജ്ഞാനത്തിന്റെ സാരം വേദാന്തമെന്നു പറയപ്പെടുന്നു. ഇതിലാണ് ഉപനിഷത്തുകള്‍. ഭാരതത്തിലുള്ള മതവിഭാഗങ്ങളെല്ലാം – ദ്വൈതികള്‍, വിശിഷ്ടാദ്വൈതികള്‍, അദ്വൈതികള്‍, ശൈവര്‍, വൈഷ്ണവര്‍, ശാക്തേയര്‍, സൗരര്‍, ഗാണപത്യര്‍ – ഹിന്ദുമതത്തിനുള്ളില്‍ കടക്കാന്‍ മുതിരുന്ന ഓരോരുത്തനും – വേദാന്തഭൂതമായ ഉപനിഷത്തുകളെ സ്വീകരിച്ചേ തീരൂ. ആര്‍ക്കും സ്വതന്ത്രമായി വ്യാഖ്യാനിക്കാം, സ്വതന്ത്രമായ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാം. പക്ഷേ പ്രമാണമായി ഉപനിഷത്തുകളെ അനുസരിക്കണം. അതുകൊണ്ടാണ് ഹിന്ദു എന്നതിനു പകരം വേദാന്തി എന്ന വാക്ക് ഉപയോഗിക്കേണ്ടിയിരിക്കുന്നത്. ആസ്തികരായ ഭാരതീയദാര്‍ശനികര്‍ക്കെല്ലാം വേദാന്തത്തിന്റെ പ്രാമാണ്യം അംഗീകരിക്കേണ്ടതുണ്ട്. ഇന്നുള്ള മതങ്ങളില്‍ ചിലത് വളരെ അപരിഷ്‌കൃതമെന്നു തോന്നാം: ചിലതിന്റെ ലക്ഷ്യങ്ങള്‍ ഒട്ടേറെ ദുര്‍ഗ്രഹമാകാം. എന്നാല്‍ അവയൊക്കെ പഠിക്കയും ഗ്രഹിക്കയും ചെയ്താല്‍ ഉപനിഷത്തു കളിലെ ആശയങ്ങളില്‍നിന്നാണ് അവ രൂപമെടുത്തിട്ടുള്ളതെന്നു കാണാം.
ഹിന്ദുക്കളുടെ ഏറ്റവും പ്രാകൃതമായ മതം കൈകാര്യം ചെയ്യുന്ന പ്രതിരൂപങ്ങള്‍ പഠിക്കുന്നവന് ചിലപ്പോഴൊക്കെ അതില്‍ ഔപനിഷദമായ ആലങ്കാരികപ്രയോഗങ്ങള്‍ കണ്ട് അദ്ഭുതം തോന്നാം: നമ്മുടെ വംശ്യരില്‍ ഈ ഉപനിഷത്തുകള്‍ അത്ര ആഴത്തിലേക്കു കടന്നുചെന്നിരിക്കുന്നു. കുറേക്കാലം ചെല്ലുമ്പോള്‍ ഉപനിഷത്തുകള്‍ പ്രതിരൂപങ്ങളായും മറ്റും രൂപാന്തരപ്പെടുന്നു. ഇന്നു വീടുകളില്‍ നട ക്കുന്ന പൂജകളില്‍ ഉപനിഷത്തുകളിലെ ആദ്ധ്യാത്മികവും ദാര്‍ശനികവുമായ വമ്പിച്ച ആശയങ്ങള്‍ പ്രതിരൂപങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. അങ്ങനെ ഇന്ന് നാം ഉപയോഗിക്കുന്ന വിഭിന്നപ്രതിരൂപങ്ങളെല്ലാം വേദാന്തത്തില്‍നിന്നു വന്നവയാണ്: കാരണം വേദാന്തത്തില്‍ അവയെ അലങ്കാരങ്ങളായി പ്രയോഗിച്ചിട്ടുണ്ട്. ഈവക ആശയങ്ങള്‍ ജനതാമദ്ധ്യത്തില്‍ പ്രചരിച്ചു: ജനതയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വ്യാപിച്ചു: ഒടുവില്‍ പ്രതിരൂപങ്ങളായി ജനതയുടെ ദൈനന്ദിനജീവിതത്തിന്റെ ഒരംശമായിച്ചമഞ്ഞു.
വേദാന്തം കഴിഞ്ഞാല്‍പ്പിന്നെ സ്മൃതികള്‍ക്കാണ് സ്ഥാനം. ഇവയും ഋഷിമാര്‍ രചിച്ച ഗ്രന്ഥങ്ങള്‍തന്നെ. പക്ഷേ ഇവയുടെ പ്രാമാണ്യം വേദാന്തത്തിനു വിധേയമാണ്, കാരണം ഇവയ്ക്കു നമ്മോടുള്ള ബന്ധം മറ്റു മതങ്ങളോട് അവയുടെ വിശുദ്ധഗ്രന്ഥങ്ങള്‍ക്കുള്ളതത്രേ. അതാത് ഋഷിമാര്‍ രചിച്ചവയാണ് സ്മൃതികള്‍ എന്ന് നാം സമ്മതിക്കുന്നു. ഈ അര്‍ത്ഥത്തില്‍ മറ്റു മതങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങള്‍ക്കുള്ള നിലയാണ് സ്മൃതികള്‍ക്കുള്ളത്. പക്ഷേ ആ സ്മൃതികള്‍ക്കല്ല പരമപ്രാമാണ്യം. വേദവിരുദ്ധമായി വല്ലതും ഒരു സ്മൃതിയിലുണ്ടെങ്കില്‍, ആ സ്മൃതിയെ തള്ളണം: അതിനു പ്രാമാണ്യമില്ല. കൂടാതെ, കാലത്തിനൊത്ത് സ്മൃതികള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നും കാണാം. ചില സ്മൃതികള്‍ക്ക് സത്യയുഗത്തിലും, ചിലതിന് ത്രേതായുഗത്തിലും, ചിലതിന് ദ്വാപരയുഗത്തിലും, ചിലതിന് കലിയുഗത്തിലുമാണ് പ്രാമാണ്യമുണ്ടാകേണ്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സാരഭൂതമായ അവസ്ഥാവിശേഷങ്ങള്‍ മാറിവന്നപ്പോള്‍, നമ്മുടെ വംശ്യരുടെമേല്‍ പലതരത്തിലുള്ള ചുറ്റുപാടുകള്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍, ജീവിതരീതികളും കീഴ്‌നടപ്പുകളും മാറ്റേണ്ടിവന്നു. അങ്ങനെ ജനതയുടെ ജീവിതരീതികളെയും കീഴ്‌നടപ്പുകളെയും മുഖ്യമായി നിയന്ത്രിച്ചുപോന്ന സ്മൃതികളെയും കാലത്തിനൊത്ത് മാറ്റേണ്ടിവന്നു. ഈ സംഗതി ഓര്‍ക്കണമെന്ന് ഞാന്‍ എടുത്തുപറയട്ടെ.
വേദാന്തത്തിലെ മതതത്ത്വങ്ങള്‍ അഭേദ്യങ്ങളാണ്. എന്തുകൊണ്ട്? അവ മനുഷ്യനിലും പ്രകൃതിയിലുമുള്ള സനാതനതത്ത്വങ്ങളുടെമേല്‍ പടുത്തുകെട്ടപ്പെട്ടവയായതുകൊണ്ട്. അവയ്ക്ക് ഒരിക്കലും മാറ്റമില്ല. ആത്മാവിനെയും സ്വര്‍ഗ്ഗപ്രാപ്തിയെയും മറ്റും പറ്റിയുള്ള ആശയങ്ങള്‍ക്കു മാറ്റം സാദ്ധ്യമല്ല. ബഹുസഹസ്രാബ്ദങ്ങള്‍ക്കു മുമ്പും, ഇന്നത്തെപ്പോലെ, അവ മാറാതെ നിലനിന്നുപോന്നു. ബഹുദശലക്ഷം വത്‌സരം ചെന്നാലും അവ മാറാതെ നില്ക്കും. സാമൂഹ്യമായ നമ്മുടെ സ്ഥിതിയെയും ബന്ധങ്ങളെയും മാത്രം ആശ്രയിച്ചിരിക്കുന്ന മതസമ്പ്രദായങ്ങള്‍, സാമൂഹ്യരീതികള്‍ക്കൊത്തു മാറുകതന്നെ ചെയ്യും. അതിനാല്‍ അത്തരത്തിലുള്ള ഒരു സംവിധാനം ഒരു സവിശേഷസമയത്ത് നല്ലതും ശരിയുമാകാം: മറ്റൊരിക്കല്‍ അല്ലാതെയും വരാം. ഇതനുസരിച്ച് ഒരു കാലത്ത് അനുവദിക്കപ്പെട്ട ഒരു ഭക്ഷ്യം മറ്റൊരു കാലത്ത് നിഷിദ്ധമാവുന്നു. കാരണം, അന്നത്തെ കാലത്തിനു പറ്റിയതായിരുന്നു ആ ഭക്ഷ്യം. ശീതോഷ്ണസ്ഥിതിയും മറ്റും മാറി, പല പരിതഃസ്ഥിതികളെയും നേരിടേണ്ടിവന്നു. അതുകൊണ്ട് സ്മൃതി ആ ഭക്ഷ്യത്തെയും മാറ്റി. അങ്ങനെ സ്വാഭാവികമായി വന്നുകൂടുന്നു, ഇന്നിപ്പോള്‍ സമുദായത്തില്‍ മാറ്റങ്ങളുണ്ടാക്കേണ്ടതുണ്ടെങ്കില്‍, അവ വരുത്തേണ്ടതാണെന്ന്. ഋഷിമാര്‍ നിശ്ചയമായും ഉടലെടുത്ത് അവ വരുത്തേണ്ടതെങ്ങനെയെന്നു കാട്ടിത്തരും. എന്നാല്‍ നമ്മുടെ മതതത്ത്വങ്ങള്‍ക്ക് കടുകിടപോലും മാറ്റം ഏര്‍പ്പെടുകയില്ല. അവ അവികലങ്ങളായി തുടരും.
പിന്നെയുള്ളതു പുരാണങ്ങളാണ്. പുരാണം പഞ്ചലക്ഷണം. അഞ്ചു ലക്ഷണങ്ങളാണ് പുരാണങ്ങള്‍ക്ക് – വംശചരിത്രം, പ്രപഞ്ചോത്പത്തി, ദാര്‍ശനികതത്ത്വങ്ങളുടെ പ്രതീകങ്ങള്‍വഴിയായുള്ള വിശദീകരണം തുടങ്ങിയവ. വൈദികമതം പ്രചരിപ്പിക്കുവാന്‍വേണ്ടിയത്രേ പുരാണങ്ങള്‍ രചിക്കപ്പെട്ടത്. വേദഭാഷ അത്യന്തം പ്രാചീനമാണ്. പണ്ഡിതന്മാരില്‍പ്പോലും വളരെക്കുറച്ചുപേര്‍ക്കേ വേദങ്ങളുടെ കാലനിര്‍ണ്ണയം സാദ്ധ്യമാകൂ. പുരാണങ്ങള്‍ അക്കാലത്തെ ആളുകളുടെ ഭാഷയില്‍ – ആധുനികസംസ്‌കൃതത്തില്‍ – അത്രേ. അന്ന് അവ പണ്ഡിതന്മാര്‍ക്കു വേണ്ടിയല്ല ഉദ്ദേശിക്കപ്പെട്ടത്, സാധാരണക്കാര്‍ക്കുവേണ്ടിയാണ്. സാധാരണക്കാര്‍ക്കു ദര്‍ശനം സുഗ്രഹമല്ല. അമ്മാതിരി കാര്യങ്ങള്‍ സ്ഥൂലരൂപത്തില്‍ അവര്‍ക്കു നല്കപ്പെട്ടു, ഋഷിമാരുടെയും രാജാക്കന്മാരു ടെയും മറ്റു മഹത്തുക്കളുടെയും ജീവിതചരിത്രത്തിലൂടെ, നമ്മുടെ ജനതയുടെ ചരിത്രത്തില്‍ നടന്ന സംഭവങ്ങളിലൂടെ. സനാതനമായ മതതത്ത്വങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഋഷിമാര്‍ ഈവക സംഗതികള്‍ പ്രയോജനപ്പെടുത്തി.
ഇനിയും മറ്റു ചില ഗ്രന്ഥങ്ങളുണ്ട് – തന്ത്രങ്ങള്‍. ചില അംശങ്ങളില്‍ ഇവ പുരാണങ്ങള്‍പോലെയാണ്. കര്‍മ്മകാണ്ഡത്തിലുള്ള പഴയ യാഗപരമായ ആശയങ്ങള്‍ പുനരുജ്ജീവിപ്പിക്കുവാനുള്ള ഒരു ശ്രമം ഇവയില്‍ ചിലതിലുണ്ട്.
ഈ ഗ്രന്ഥങ്ങളെല്ലാമാണ് ഹിന്ദുക്കളുടെ ശാസ്ത്രങ്ങള്‍ . കണക്കറ്റ സഹസ്രാബ്ദങ്ങളായി തങ്ങളുടെ ഉത്‌സാഹത്തിന്റെയും ശക്തിയുടെയും സിംഹഭാഗം ദാര്‍ശനികചിന്തയ്ക്കും ആദ്ധ്യാത്മികതയ്ക്കും ഉഴിഞ്ഞുവെച്ച ഒരു ജനതയ്ക്ക് ഇത്രയേറെ പ്രമാണഗ്രന്ഥങ്ങളുണ്ടെന്നുവന്നാല്‍ അവര്‍ക്കു പല മതവിഭാഗങ്ങളുണ്ടാകുക എത്രയും സ്വാഭാവികമാണ്. വാസ്തവമാലോചിച്ചാല്‍, ഇനിയും ആയിരക്കണക്കിന് അവ കൂടിയില്ലല്ലോ എന്നാണദ്ഭുതം. ചില അംശങ്ങളില്‍ പ്രസ്തുത വിഭാഗങ്ങള്‍ക്കു തമ്മില്‍ ഒട്ടേറെ വിഭേദങ്ങളുണ്ട്. ഇവയ്ക്കു തമ്മിലുള്ള ഭേദങ്ങളെയും ഇവയുടെ ആദ്ധ്യാത്മികഭാവങ്ങളുടെ സൂക്ഷ്മാംശങ്ങളെയും കുറിച്ചെല്ലാം ധരിക്കുവാന്‍ നമുക്ക് ഇപ്പോള്‍ സമയമില്ല. അതിനാല്‍ ഇവയ്ക്കു പൊതുവേയുള്ള നിലപാടുകളെ, ഈ വിഭാഗങ്ങളുടെ സാരഭൂതമായ തത്ത്വങ്ങളെ, എടുത്തുപരീക്ഷിക്കാം: ഇവയൊക്കെ ഓരോ ഹിന്ദുവും വിശ്വസിച്ചേ പറ്റൂ.
(വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – വേദാന്തമതം – തുടരും)