സ്വാമി വിവേകാനന്ദന്‍

ഒന്നാമതായി സൃഷ്ടിയെപ്പറ്റിയുള്ള പ്രശ്‌നം. പ്രകൃതി അഥവാ മായ അനന്തമാണ്, അനാദിയാണ്. ഈ പ്രപഞ്ചം ഇന്നലെ സൃഷ്ടിക്കപ്പെട്ടതല്ല. ഒരീശ്വരന്‍ വന്നു പ്രപഞ്ചം സൃഷ്ടിച്ചുംവെച്ച് പിന്നീട് സദാ നിദ്രയിലാണ് എന്നതല്ല സത്യം. ഇതസാദ്ധ്യം. സര്‍ഗ്ഗോന്മുഖമായ ശക്തി ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈശ്വരന്‍ ശാശ്വതമായ സൃഷ്ടികര്‍മ്മത്തില്‍ അവിശ്രാന്തം ഏര്‍പ്പെട്ടിരിക്കുന്നു. ഗീതയില്‍ കൃഷ്ണന്‍ പറയുന്നതോര്‍ക്കുക; ”ഒരു നിമിഷമെങ്കിലും ഞാന്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ഈ പ്രപഞ്ചം നശിക്കും.” നമ്മുടെ ചുറ്റും അഹര്‍നിശം പ്രവര്‍ത്തിക്കുന്ന ആ സര്‍ഗ്ഗശക്തി നിമിഷനേരം നിലച്ചാല്‍ ഇതാകപ്പാടെ നിലംപതിക്കും. പ്രപഞ്ചത്തിലെങ്ങും ഒരു കാലത്തും അതു പ്രവര്‍ത്തിക്കാതിരുന്നിട്ടില്ല: പക്ഷേ യുഗങ്ങളെക്കുറിച്ചുള്ള, പ്രലയത്തെക്കുറിച്ചുള്ള, നിയമമുണ്ടുതാനും. സൃഷ്ടി എന്ന സംസ്‌കൃതപദത്തിന്റെ ശരിയായ വിവര്‍ത്തനം സര്‍ഗ്ഗം (projection) എന്നാണ്: നിര്‍മ്മിതി (creation) എന്നല്ല. കാരണം, ദൗര്‍ഭാഗ്യവശാല്‍, നിര്‍മ്മിതിക്കുള്ള ഇംഗ്ലീഷ്‌ വാക്കിന് അസുന്ദരവും ഭയങ്കരവുമായ ഒരര്‍ത്ഥമാണുള്ളത്; ഇല്ലായ്മയില്‍നിന്ന് എന്തോ ഒന്നു പുറപ്പെടുന്നു, ശൂന്യതയില്‍നിന്നുള്ള നിര്‍മ്മിതി, ഇല്ലായ്മ ഉണ്മയായിത്തീരുന്നു എന്നും മറ്റും. ഇതെല്ലാം വിശ്വസിക്കണമെന്നു പറഞ്ഞ് നിങ്ങളെ പരിഹസിക്കാന്‍ ഞാന്‍ മുതിരുന്നില്ല. നമുക്കുള്ള വാക്ക് സര്‍ഗ്ഗമെന്നാണ്. ഈ പ്രകൃതിയെല്ലാം സത്താണ്: അതു കൂടുതല്‍ സൂക്ഷ്മമാകുന്നു, അടങ്ങുന്നു: പിന്നെ, വിശ്രമിച്ചിട്ട് വീണ്ടും സര്‍ജ്ജിക്കപ്പെടുന്നു. അപ്പോള്‍ പഴയപടിയുള്ള മേളനവും വികാസവും അഭിവ്യക്തിയും വെളിപ്പെടുന്നു. കുറേസമയം ഈ വിലാസങ്ങള്‍ നടക്കുന്നു: വീണ്ടും ചിന്നിച്ചിതറുന്നു, കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമാകുന്നു, ഒടുവില്‍ എല്ലാം താണടങ്ങുന്നു: പിന്നെയും വെളിപ്പെടുന്നു. ഇങ്ങനെ പിന്നോട്ടും മുന്നോട്ടും, തരംഗഗതിയില്‍, അനന്തതയിലൂടെ ഈ പ്രക്രിയ നടക്കുന്നു. കാലദേശനിമിത്തങ്ങളെല്ലാം പ്രസ്തുതമായ പ്രകൃതിക്കുള്ളിലാണ്. അപ്പോള്‍ ഇതിന്നൊരു ആദിയുണ്ടായിരുന്നു എന്നു പറയുക നിരര്‍ത്ഥം. ഇതിന്റെ ആദിയെക്കുറിച്ചോ അന്തത്തെക്കുറിച്ചോ ചോദ്യമില്ല. അതുകൊണ്ട് നമ്മുടെ ശാസ്ര്തങ്ങളിലെങ്ങാനും ആദിയെന്നും അന്തമെന്നും കണ്ടാല്‍ ഒരു കല്പത്തിന്റെ ആദിയെന്നും അന്തമെന്നും ധരിക്കണം: അതിലധികമൊന്നുമില്ല.

സൃഷ്ടി ചെയ്യുന്നതാരാണ്? ഈശ്വരന്‍. ‘ഗോഡ്’ എന്ന ഇംഗ്ലീഷ്‌വാക്കിന്റെ അര്‍ത്ഥമെന്ത്? ഇംഗ്ലീഷില്‍ സാധാരണ നടപ്പുള്ള അര്‍ത്ഥമല്ല എന്റെ വിവക്ഷ, കുറെയേറെ വ്യത്യാസമുണ്ട്. കൂടുതല്‍ പറ്റുന്ന വാക്ക് ഇംഗ്ലീഷിലില്ല. സംസ്‌കൃതശബ്ദമായ ‘ബ്രഹ്മ’ത്തെക്കൊണ്ടു കൈകാര്യം ചെയ്യാനാണ് എനിക്കിഷ്ടം. ഈ അഭിവ്യക്തികളുടെയെല്ലാം സാമാന്യകാരണമാണ് ബ്രഹ്മം. എന്താണീ ബ്രഹ്മം? അതു ശാശ്വതവും നിത്യശുദ്ധവും നിത്യബുദ്ധവും സര്‍വശക്തവും സര്‍വജ്ഞവും കൃപാമയവും സര്‍വവ്യാപിയും നീരൂപവും നിരവയവവുമാണ്. അത് ഈ പ്രപഞ്ചത്തെ നിര്‍മ്മിക്കുന്നു, അതു പ്രപഞ്ചത്തിന്റെ സൃഷ്ടിയും രക്ഷണവും സദാ നടത്തുന്നു. എന്നുവെച്ചാല്‍ രണ്ടു ദുര്‍ഘടങ്ങള്‍ ഉണ്ടാകും. പ്രപഞ്ചത്തില്‍ പക്ഷപാതമുള്ളതായി കാണാം. ഒരാള്‍ ജന്മനാ സുഖിയാണ്: മറ്റൊരുവന്‍ ദുഃഖിയും. ഒരുവന്‍ സമ്പന്നന്‍, മറ്റൊരുവന്‍ ദരിദ്രന്‍. ഇതു പക്ഷപാതത്തിനു തെളിവാണ്, കൂടാതെ ക്രൂരതയുമുണ്ട്. ഇവിടെ ജീവിതത്തിന്റെ ഉപാധിതന്നെ മരണമാണ്. ഒരു ജീവി മറ്റൊന്നിനെ കടിച്ചുമുറിക്കുന്നു. ഓരോ മനുഷ്യനും സഹോദരനെ പിന്നിട്ടു മുന്നേറാന്‍ കൊതിക്കുന്നു. ഈ മത്‌സരം, ക്രൂരത, ഭയാനകത, അഹോരാത്രം കരള്‍ പിളര്‍ക്കുന്ന നിശ്വാസങ്ങള്‍ – നമ്മുടെ ലോകത്തിന്റെ നില ഇതൊക്കെയാണ്. ഇത് ഒരീശ്വരന്റെ സൃഷ്ടിയാണെങ്കില്‍, ആ ഈശ്വരന്‍ വെറും ക്രൂരന്‍ മാത്രമല്ല, മനുഷ്യന്ന് വിഭാവന ചെയ്യാവുന്ന ഏതു ചെകുത്താനെക്കാളും നീചനുമാണ്.

വേദാന്തം പറയുന്നു, നിലവിലുള്ള ഈ മത്‌സരം ഈശ്വരന്റെ കുറ്റമല്ല. ആരാണ് ഇതൊക്കെ വരുത്തിവെയ്ക്കുന്നത്? നാംതന്നെ. മേഘം എല്ലാ വയലിലും ഒരുപോലെ മഴ ചൊരിയുന്നു. പക്ഷേ വേണ്ടവണ്ണം കൃഷിയിറക്കിയ വയലിലേ മഴകൊണ്ടു പ്രയോജനമുണ്ടാകുന്നുള്ളൂ: കൃഷിയിറക്കാത്ത, വേണ്ടപോലെ ശ്രദ്ധിക്കപ്പെടാത്ത, വയലില്‍ വിളവൊന്നുമുണ്ടാകുന്നില്ല. ഇതു മേഘത്തിന്റെ കുറ്റമല്ല. ഈശ്വരന്റെ കൃപ ശാശ്വതവും അഭേദ്യവുമത്രേ. നാമാണ് ഭിന്നതകള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാലും ചിലര്‍ സുഖികളും ചിലര്‍ ദുഃഖികളുമായി ജനിക്കുന്ന വ്യത്യാസത്തിനു സമാധാനമെന്ത്? ഈ വ്യത്യാസമുണ്ടാകാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ലല്ലോ! ഈ ജീവിതത്തില്‍ ചെയ്യുന്നില്ലായിരിക്കാം. എന്നാല്‍ കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്തിരിക്കണം. മുന്‍ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളത്രേ ഇന്നുള്ള വ്യത്യാസത്തിനു സമാധാനം നല്കുന്നത്.

ഹിന്ദുക്കള്‍ മാത്രമല്ല, ബൗദ്ധജൈനന്മാര്‍കൂടി അംഗീകരിക്കുന്ന രണ്ടാമത്തെ തത്ത്വത്തിലേക്കു കടക്കാം. ജീവിതം അനശ്വരമാണെന്നു നാമെല്ലാം സമ്മതിക്കുന്നു. ശൂന്യതയില്‍നിന്നല്ല അതുണ്ടാകുന്നത്. അതസാദ്ധ്യം. അത്തരത്തിലൊരു ജീവിതം കാര്യമല്ല. കാലത്തില്‍ തുടങ്ങുന്നതെല്ലാം കാലത്തിലൊടുങ്ങും. ജീവിതം ഇന്നലെ ആരംഭിച്ചതാണെങ്കില്‍ നാളെ അവസാനിക്കണം, വിനാശമാണ് ഫലം. ജീവിതം എന്നും ഉണ്ടായിരുന്നിരിക്കണം. ഇതു ധരിക്കാന്‍ വളരെയൊന്നും ബുദ്ധി വേണ്ട: കാരണം, നമ്മുടെ ശാസ്ര്തങ്ങളിലെ തത്ത്വങ്ങള്‍ക്കു ജഡലോകത്തില്‍നിന്നുതന്നെ വിശദീകരണം നല്കികൊണ്ട് ഇന്നത്തെ സയന്‍സുകളെല്ലാം നമുക്കനുകൂലമായ ഒരു നിലയാണ് കൈക്കൊള്ളുന്നത്. നാമോരോരുത്തനും അപരിമിതമായ ഭൂതകാലത്തിന്റെ ഫലമാണെന്ന വസ്തുത നിങ്ങള്‍ക്കറിയാം. ഇദംപ്രഥമമായി മിന്നിത്തിളങ്ങുന്ന ഒരു വസ്തുവായല്ല പ്രകൃതിയുടെ കൈയില്‍നിന്ന് ഒരു ശിശുവും ലോകത്തിലേക്കു വരുന്നത്. ചില കവികള്‍ അങ്ങനെ ചിത്രീകരിച്ചു രസിക്കുന്നുണ്ടെന്നതു നേരാണ്. വാസ്തവത്തില്‍ ആ ശിശു അപരിമിതമായ ഭൂതകാലത്തിന്റെ ഭാരം ചുമക്കുന്നു. നല്ലതാകട്ടെ ചീത്തയാകട്ടെ, സ്വയം ചെയ്ത കര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കുവാനാണ് അവന്റെ ജനനം. ഇതാണ് വ്യത്യാസത്തിനു കാരണം. ഇതാണ് കര്‍മ്മനിയമം. നാമോരോരുത്തനുമാണ് നമ്മുടെ ഭാഗധേയത്തിന്റെ വിധാതാക്കള്‍. ഭാഗധേയം നേരത്തെ തിട്ടപ്പെടുന്നു, എല്ലാം വിധിക്കൊത്തു നടക്കുന്നു എന്ന സിദ്ധാന്തത്തെ തകര്‍ക്കാന്‍ പോന്നതാണ് മേല്‍ച്ചൊന്ന നിയമം. മനുഷ്യനും ഈശ്വരനും തമ്മില്‍ അനുരഞ്ജനം ശക്യമാക്കുന്ന ഒറ്റ ഉപായവുമാണ് പ്രസ്തുതനിയമം. നമ്മുടെ അനുഭവങ്ങള്‍ക്കുള്ള ഉത്തരവാദിത്വം നമുക്ക്, നമുക്കുമാത്രം, ഉള്ളതത്രേ. നാമാണ് കാര്യം, നാമാണ് കാരണം. അതുകൊണ്ട് നാം സ്വതന്ത്രരാണ്. ഞാന്‍ ദുഃഖിയാണെങ്കില്‍ ആ നില ഞാന്‍ വരുത്തിവെച്ചതാണ്. ഇതുകൊണ്ടുതന്നെ വ്യക്തമാണ്, വേണമെന്നുവെച്ചാല്‍ എനിക്കുതന്നെ സുഖിയുമാകാമെന്ന്. എനിക്കു ശുദ്ധിയില്ലെങ്കില്‍ അതും എന്റെ ചെയ്തി. ഇതുകൊണ്ടുതന്നെ വ്യക്തമാണ്, വേണമെന്നുവെച്ചാല്‍ എനിക്കു ശുദ്ധി കൈവരുത്താമെന്ന്. മനുഷ്യന്റെ ഇച്ഛാശക്തി എല്ലാ പരിതഃസ്ഥിതികള്‍ക്കുമതീതമായി നിലകൊള്ളുന്നു. മനുഷ്യന്റെ സുശക്തവും ബൃഹത്തും അപരിമിതവുമായ ഇച്ഛയുടെയും സ്വാതന്ത്ര്യത്തിന്റെയും മുമ്പില്‍ ഏതു ശക്തിയും, പ്രകൃതിയുടേതായാല്‍പ്പോലും, വഴങ്ങണം, കീഴടങ്ങണം, ചൊല്പടിക്കു നില്ക്കണം. ഇതാണ് കര്‍മ്മ നിയമത്തിന്റെ ഫലം.

സ്വാഭാവികമായി അടുത്ത ചോദ്യം ആത്മാവെന്ത് എന്നാണ്. ആത്മാവിനെയറിയാതെ നമ്മുടെ ശാസ്ര്തങ്ങളില്‍നിന്ന് ഈശ്വരനെ അറിയാന്‍ തരമില്ല. ഭാരതത്തിലും ഭാരതത്തിനു വെളിയിലും ബാഹ്യ പ്രകൃതിപഠനത്തിലൂടെ അതിനപ്പുറത്തുള്ളതിനെ ഒരു നോക്കുകാണാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. അവയുടെ ഫലം എത്ര കടുത്ത പരാജയമായിരുന്നു എന്ന കഥ നമുക്കൊക്കെ അറിയാം. അപ്പുറത്തുള്ളതു കാണുന്നതിനുപകരം, ജഡലോകപഠനം ഏറുംതോറും നാം കൂടുതല്‍ ജഡരാകയാണ്. ജഡലോകത്തെ കൂടുതല്‍ കൈകാര്യം ചെയ്യുമ്പോള്‍, നേരത്തെ നമുക്കുണ്ടായിരുന്ന സ്വല്പം ആദ്ധ്യാത്മികതപോലും പോയ്മറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇതല്ല ആദ്ധ്യാത്മികതയിലേക്ക്, അനുത്തമജ്ഞാനത്തിലേക്ക്, വഴി. ഹൃദയത്തിലൂടെ, മനുഷ്യന്റെ ആത്മാവിലൂടെ, വേണം അതു വരിക. അപ്പുറത്തുള്ളതിനെ, അപരിമിതത്തെ, കുറിച്ചുള്ള അറിവ് (പ്രകൃതിയുടെ) ബാഹ്യവ്യാപാരങ്ങള്‍ നല്കയില്ല: ആന്തരികസത്തയ്‌ക്കേ അതു കഴിയൂ. ആത്മാവിലൂടെ, മനുഷ്യാത്മാവിന്റെ അപഗ്രഥനത്തിലൂടെ, മാത്രമേ ഈശ്വരനെ അറിയാന്‍ കഴിയൂ.

ഭാരതത്തിലെ മതവിഭാഗക്കാരുടെ ഇടയില്‍ ആത്മസ്വരൂപത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. ചില അംശങ്ങളില്‍ ഐകരൂപ്യവുമുണ്ട്. ആത്മാക്കള്‍ക്ക് ആദിയും അന്തവുമില്ലെന്ന കാര്യത്തില്‍ നാം യോജിക്കുന്നു. അതുപോലെ, സ്വാഭാവികമായി, അവയ്ക്കു മരണമില്ലെന്ന കാര്യത്തിലും. കൂടാതെ, ഓരോ ആത്മാവിലും സമസ്ത ശക്തികളും ഐശ്വര്യവും പരിശുദ്ധിയും സര്‍വവ്യാപകത്വവും സര്‍വജ്ഞതയും നിലീനമാണെന്നും നാമെല്ലാം ഒരുപോലെ കരുതുന്നു. നാം അവശ്യം ഓര്‍ക്കേണ്ട മഹത്തായ ഒരാശയമാണിത്. ഓരോ മനുഷ്യനിലും ഓരോ ജന്തുവിലും – അതെത്ര ദുര്‍ബ്ബലമോ നീചമോ വലുതോ ചെറുതോ ആയാലും – സര്‍വവ്യാപിയും സര്‍വജ്ഞവുമായ ഒരേ ഒരാത്മാവു കുടികൊള്ളുന്നു. വ്യത്യാസം ആത്മാവിലല്ല, അതിന്റെ പ്രകാശനത്തിലാണ്. ഞാനും ഏറ്റവും ക്ഷുദ്രമായ ഒരു ജന്തുവും തമ്മിലുള്ള വ്യത്യാസം പ്രകാശനത്തില്‍ മാത്രം. ഒരു തത്ത്വമെന്ന നിലയില്‍ അതു ഞാന്‍തന്നെ, എന്റെ സഹോദരന്‍: എന്റെ ആത്മാവാണ് അതിനുമുള്ളത്. ഇതത്രേ ഭാരതം ഉപദേശിച്ചിട്ടുള്ള തത്ത്വങ്ങളില്‍വെച്ച് എത്രയും മികച്ചത്. മനുഷ്യസൗഭ്രാത്രത്തെക്കുറിച്ചുള്ള പറച്ചില്‍, പ്രപഞ്ചവ്യാപകമായ ജീവിതത്തിന്റെ, ജന്തുക്കളുടെ, എറുമ്പുവരെയുള്ള ജീവിതരൂപങ്ങളുടെയെല്ലാം, സൗഭ്രാത്രത്തിന്‍േറതായി ച്ചമഞ്ഞു ഭാരതത്തില്‍. ഇവയെല്ലാം നമ്മുടെ ശരീരങ്ങള്‍. നമ്മുടെ ശാസ്ര്തങ്ങള്‍ പറയുംപോലെ, ”ഒരേ ഈശ്വരന്‍ എല്ലാ ശരീരങ്ങളിലും നിവസിക്കുന്നു എന്നറിയുന്ന ജ്ഞാനി അമ്മട്ടില്‍ എല്ലാവരെയും ആരാധിക്കുന്നു.” അതുകൊണ്ടാണ് ദരിദ്രരെയും ജന്തുക്കളെയും, എല്ലാവരെയും എല്ലാറ്റിനെയുംപറ്റി കൃപാര്‍ദ്രമായ ആശയങ്ങള്‍ ഭാരതത്തില്‍ ഉടലെടുത്തത് ആത്മാവിനെക്കുറിച്ചുണ്ടായ ആശയങ്ങള്‍ക്ക് പൊതുവിലുള്ള ഒരടിസ്ഥാനമാണിത്.

(വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – വേദാന്തമതം – തുടരും)