ഇനി ഈശ്വരനെക്കുറിച്ചുള്ള ആശയങ്ങളിലേക്കു കടക്കാം. ആത്മാവിനെപ്പറ്റി ഒരു സംഗതികൂടി: സോള്‍, മൈന്‍ഡ് എന്ന ഈ രണ്ടു വാക്കുകള്‍ ഇംഗ്ലീഷ് പഠിക്കുന്നവരെ പലപ്പോഴും അമ്പരപ്പിക്കുന്നുണ്ട്. നമ്മുടെ ആത്മാവും ഈ ‘സോളും’ തമ്മില്‍ ഒരു ബന്ധവുമില്ല. മനസ്സ് എന്നാല്‍ നാം പറയുന്നതിനെയാണ് പാശ്ചാത്യര്‍ ‘സോള്‍’ എന്നു പറയുന്നത്. ഏതാണ്ട് 20 കൊല്ലം മുമ്പ് സംസ്‌കൃതത്തിലെ ദര്‍ശനങ്ങളില്‍നിന്നു സമ്പാദിച്ചതുവരെ പാശ്ചാത്യര്‍ക്ക് ആത്മാവിനെക്കുറിച്ച് ഒരു ബോധവുമില്ലായിരുന്നു. ശരീരം ഇവിടെയുണ്ട്: ഇതിന്നപ്പുറമാണ് മനസ്സ്. പക്ഷേ മനസ്സല്ല ആത്മാവ്. മനസ്സ് തന്മാത്രകള്‍കൊണ്ടുണ്ടാക്കപ്പെട്ട സൂക്ഷ്മശരീരമാണ്. ജനനം മുതല്‍ മരണംവരെയും, പിന്നീടും, അതു നിലനില്ക്കും. ആത്മാവ് മനസ്സിനും അപ്പുറത്താണ്. അതാണ് (വാസ്തവത്തില്‍) മനുഷ്യന്റെ ‘സോള്‍’, സ്വരൂപം. സോള്‍ എന്നോ മൈന്‍ഡ് എന്നോ വിവര്‍ത്തനം ചെയ്യപ്പെടാവുന്നൊന്നല്ല ആത്മാവ്. അതുകൊണ്ട് നാം ആത്മാവെന്ന വാക്കുപയോഗിക്കുന്നു. അല്ലെങ്കില്‍ പാശ്ചാത്യദാര്‍ശനികരെപ്പോലെ അതിനെ ‘സെല്‍ഫ്’ എന്നു നിര്‍ദ്ദേശിക്കാം. ഏതു വാക്കുപയോഗിച്ചാലും, വ്യക്തമായി ധരിക്കേണ്ട കാര്യം, ശരീരത്തില്‍നിന്നെന്ന പോലെ മനസ്സില്‍നിന്നും ആത്മാവു ഭിന്നമാണെന്നതത്രേ: അതുപോലെ, ആത്മാവു ജനനമരണങ്ങളിലൂടെ സൂക്ഷ്മശരീരത്തോടൊത്തു കടന്നു പോകുന്നു എന്നതും. യഥാകാലം, അറിവെല്ലാം സമ്പാദിക്കുമ്പോള്‍, സ്വയം പൂര്‍ണ്ണമായി പ്രകാശിക്കുമ്പോള്‍, ജനനത്തില്‍നിന്നു മരണത്തിലേക്കുള്ള ആത്മാവിന്റെ പോക്കു നിലയ്ക്കുന്നു. അപ്പോഴതിനു സൂക്ഷ്മശരീരം വെച്ചുപുലര്‍ത്തുവാനോ എന്നെന്നേയ്ക്കുമായി വെടിയുവാനോ കഴിയും: പിന്നെ എക്കാലവും നിരപേക്ഷവും സ്വതന്ത്രവുമായി നിലനില്ക്കാം.
ആത്മാവിന്റെ ലക്ഷ്യം സ്വാതന്ത്ര്യമാണ്. നമ്മുടെ മതത്തിന്റെ ഒരു വൈശിഷ്ട്യമാണിത്. നമുക്കുമുണ്ട് സ്വര്‍ഗ്ഗങ്ങളും നരകങ്ങളുമൊക്കെ: എന്നാല്‍ ഇവയൊന്നും അനന്തമല്ല. വസ്തു സ്വഭാവമാലോചിച്ചാല്‍ അങ്ങനെയാവുക സാദ്ധ്യവുമല്ല. സ്വര്‍ഗ്ഗങ്ങളുണ്ടെങ്കില്‍ത്തന്നെ, നമ്മുടെ ഈ ലോകത്തിന്റെ കുറേക്കൂടി വലിയ തോതിലുള്ള ആവര്‍ത്തനങ്ങളേ ആകൂ. അവിടെ കുറേക്കൂടി സുഖവും ഭോഗവുമുണ്ടാകുമെന്നുമാത്രം. പക്ഷേ അത്രത്തോളം ആത്മാവിന് അനര്‍ത്ഥകരമാണതൊക്കെ. ഈവക സ്വര്‍ഗ്ഗങ്ങള്‍ പലതുണ്ട്. ഇഹലോകത്തില്‍ പ്രതിഫലേച്ഛയോടുകൂടി സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ മരിക്കുമ്പോള്‍ ആ സ്വര്‍ഗ്ഗങ്ങളില്‍ ഇന്ദ്രനായും മറ്റും ജനിക്കുന്നു. ചില സ്ഥാനപ്പേരുകളാണ് ഈ ദേവതകള്‍. ദേവതകളും മനുഷ്യരായിരുന്നു: സത്കര്‍മ്മങ്ങള്‍കൊണ്ടാണ് ദേവതകളായത്. ഇന്ദ്രനെന്നും മറ്റും നാം വായിക്കുന്ന പേരുകള്‍ ഒരേ വ്യക്തിയുടെ പേരുകളല്ല. ആയിരക്കണക്കിന് ഇന്ദ്രന്മാരുണ്ടാകും. വലിയ ഒരു രാജാവായിരുന്ന നഹുഷന്‍ മരിച്ചപ്പോള്‍ ഇന്ദ്രനായി. ഇന്ദ്രന്‍ എന്നത് ഒരു സ്ഥാനവിശേഷമാണ്. ഒരാത്മാവ് ഉയര്‍ന്ന് ഇന്ദ്രസ്ഥാനത്തെത്തുകയാണ്: പരിമിതമായ ഒരു കാലത്തേക്ക് അങ്ങനെ കഴിയുന്നു: പിന്നെ മരിച്ചു വീണ്ടും മനുഷ്യനായി ജനിക്കുന്നു. മനുഷ്യശരീരമാണ് ശരീരങ്ങളില്‍ അത്യുത്തമം. ചില ദേവന്മാര്‍ സ്വര്‍ഗ്ഗീയസുഖങ്ങളെക്കുറിച്ചുള്ള ആശയങ്ങളെല്ലാം വിട്ട് ഉയര്‍ന്നുപോകാന്‍ യത്‌നിച്ചേക്കാം. എന്നാല്‍ ഈ ലോകത്തില്‍ പണവും സ്ഥിതിയും ഭോഗവും ഭൂരിപക്ഷമാളുകളെ ഭ്രമിപ്പിക്കുന്നതുപോലെ, ഏറിയകൂറും ദേവന്മാരും ഭ്രമിച്ചുപോകുന്നു. താന്താങ്ങളുടെ കര്‍മ്മഫലങ്ങള്‍ അനുഭവിച്ചതിനുശേഷം അവര്‍ അധഃപതിച്ച് വീണ്ടും മനുഷ്യരായി വരുന്നു. അതിനാല്‍ നമ്മുടെ ഈ ഭൂമിയത്രേ കര്‍മ്മഭൂമി. ഇവിടെനിന്നാണ് മുക്തി നേടുന്നത്. അപ്പോള്‍ സ്വര്‍ഗ്ഗലാഭംതന്നെ കാമ്യമല്ല. പിന്നെന്താണ് നേടേണ്ടത്? മുക്തി, സ്വാതന്ത്ര്യം, ഏറ്റവും ഉത്കൃഷ്ടമായ സ്വര്‍ഗ്ഗത്തില്‍പ്പോലും, നമ്മുടെ മതഗ്രന്ഥങ്ങളനുസരിച്ച്, നാം അടിമകളാണ്. ഒരാള്‍ ഇരുപതിനായിരം കൊല്ലം രാജാവായെന്നുവെച്ചിട്ടെന്താണ്! ശരീരമുള്ളിടത്തോളം, സുഖത്തിന് അടിമപ്പെട്ടിരിക്കുന്നിടത്തോളം, കാലദേശങ്ങള്‍ക്ക് അധീനനായിരിക്കുന്നിടത്തോളം, ആരും അടിമതന്നെ. അപ്പോള്‍ ബാഹ്യവും ആന്തരവുമായ പ്രകൃതികളില്‍നിന്നു സ്വതന്ത്രനാകുക എന്നതത്രേ പ്രസ്തുതമായ ആശയം. പ്രകൃതി കാല്ക്കല്‍ വീഴണം: പ്രകൃതിയെ ചവിട്ടിമെതിക്കണം: അതിന്നപ്പുറം പോയി സ്വതന്ത്രനും പ്രകൃഷ്ടനുമാകണം. പിന്നെ ജീവിതമില്ല: അതുകൊണ്ട് മരണവുമില്ല. പിന്നെ സുഖഭോഗമില്ല: അതുകൊണ്ട് ദുഃഖാനുഭവവുമില്ല. എല്ലാറ്റിനും അപ്പുറത്തുള്ളതും അനശ്വരവും അവാച്യവുമായ ആനന്ദമത്രേ അത്. ഇവിടെ സുഖമെന്നും നന്മയെന്നും പറയുന്നത് അനശ്വരമായ ആനന്ദത്തിന്റെ കണികകള്‍മാത്രം. അനശ്വരമായ ഈ ആനന്ദമത്രേ നമ്മുടെ ലക്ഷ്യം.
ആത്മാവിന് ലിംഗഭേദവുമില്ല: അതു പുരുഷനെന്നോ സ്ര്തീയെന്നോ പറയാവതല്ല. ശരീരത്തിനേ ലിംഗഭേദമുള്ളൂ. സ്ര്തീയെന്നും പുരുഷനെന്നും മറ്റുമുള്ള ആശയങ്ങള്‍ ആത്മാവിനെ സംബന്ധിച്ചിടത്തോളം വെറും ഭ്രമങ്ങളാണ്. ശരീരത്തിനേ അവയൊക്കെ ചേരൂ. അതുപോലെ തന്നെ പ്രായത്തെക്കുറിച്ചുള്ള ആശയങ്ങളും. ആത്മാവിനു പ്രായമാകലില്ല. പുരാണപുരുഷന്‍ എന്നും ഒരുപോലെ. അതു ഭൂമിയിലേക്കു വന്നതെങ്ങനെ? ഇതിന് ഒരുത്തരമേ നമ്മുടെ മതഗ്രന്ഥങ്ങളിലുള്ളൂ: ഈ അടിമത്തത്തിനെല്ലാം കാരണം അജ്ഞാനമത്രേ. അജ്ഞാനം കൊണ്ടാണ് നാം ബദ്ധരായത്. ജ്ഞാനം നമ്മെ മറുകരയ്‌ക്കെത്തിക്കും, നമുക്കു ശമം തരും. ആ ജ്ഞാനം എങ്ങനെ കൈവരും? ഭക്തികൊണ്ട്: ഈശ്വരാരാധനകൊണ്ട്, എല്ലാ ജീവികളെയും ഈശ്വരന്റെ മന്ദിരങ്ങളെന്നറിഞ്ഞു സ്നേഹിക്കുന്നതുകൊണ്ട്. അവരിലെല്ലാം ഈശ്വരന്‍ നിവസിക്കുന്നു. അങ്ങനെ സാന്ദ്രമായ ആ പ്രേമംകൊണ്ട് ജ്ഞാനം വരും, അജ്ഞാനം മാറും. കെട്ടുകള്‍ പൊട്ടും, ആത്മാവ് സ്വാതന്ത്ര്യമടയും.
ഈശ്വരനെക്കുറിച്ചു നമ്മുടെ മതഗ്രന്ഥങ്ങളില്‍ രണ്ടാശയങ്ങളുണ്ട്; ഒന്നു സഗുണം: മറ്റേത് നിര്‍ഗുണം. സഗുണേശ്വരനെപ്പറ്റിയുള്ള ആശയമിതാണ്; അവിടുന്ന് സര്‍വ്വവ്യാപിയായ സ്രഷ്ടാവും രക്ഷിതാവും സര്‍വ്വസംഹര്‍ത്താവുമാണ്: പ്രപഞ്ചത്തിന്റെ ആദ്യന്തരഹിതനായ പിതാവും മാതാവുമാണ്. എന്നാല്‍ അവിടുന്ന് നമ്മില്‍നിന്ന്, എല്ലാ ആത്മാക്കളില്‍നിന്നും, എന്നും വ്യത്യസ്തനാണ്. മുക്തിയെന്നുവെച്ചാല്‍ അവിടുത്തോട് അടുക്കുക, അവിടെത്തന്നെ ജീവിക്കുക എന്നര്‍ത്ഥം. പിന്നത്തേത്, നിര്‍ഗുണേശ്വരനെപ്പറ്റിയാണ്. അവിടെനിന്ന് ഈവക വിശേഷണങ്ങളെല്ലാം നീക്കംചെയ്യപ്പെടുന്നു: അവ അധികപ്പറ്റാണ്, യുക്തിരഹിതമാണ്. പിന്നെ അവശേഷിക്കുന്നത് നിര്‍ഗുണവും സാര്‍വ്വത്രികവുമായ അസ്തിത്വമത്രേ. അറിയുന്ന ഒരു വസ്തുവല്ല അത്: കാരണം, അറിവ് മനുഷ്യന്റെ മനസ്സിന്നുള്ളതാണ്. വിചാരിക്കുന്ന ഒരു വസ്തുവുമല്ല അത്: കാരണം, വിചാരം ദുര്‍ബലന്റെ പ്രക്രിയയാണ്. യുക്തിവാദം ചെയ്യുന്ന ഒരു സത്തയെന്നും പറയത്തക്കതല്ല നിര്‍ഗുണേശ്വരന്‍: എന്തുകൊണ്ടെന്നാല്‍ യുക്തിവാദം ദൗര്‍ബ്ബല്യത്തെയാണ് കാട്ടുന്നത്. അതിനെ സ്രഷ്ടാവെന്നും പറക വയ്യ. കാരണം അടിമത്തമില്ലെങ്കില്‍ സൃഷ്ടിക്കേണ്ടതില്ല. അതിന്ന് അടിമത്തമെവിടെ? ഇച്ഛാപൂര്‍ത്തിക്കു വേണ്ടിയല്ലാതെ ആര്‍ പ്രവര്‍ത്തിക്കും? അതിന് എന്തിച്ഛ? കുറവു നികത്താനല്ലാതെ ആരും പ്രവര്‍ത്തിക്കില്ല. അതിനു എന്തു കുറവ്? വേദങ്ങളില്‍ ‘അവന്‍’ എന്നല്ല, ‘അത്’ എന്നത്രേ പ്രയോഗിച്ചിട്ടുള്ളത്. ‘അവന്‍’ എന്നായാല്‍ അനാശാസ്യമായ ഭേദകല്പനയാകും: ഈശ്വരന്‍ ഒരു പുരുഷനാണെന്നു തോന്നും. ലിംഗവ്യക്തിയില്ലാത്ത ‘അത്’ എന്നാണ് പ്രയോഗം: നിര്‍ഗുണമായ ‘അതാ’ണ് ഉപദേശിക്കപ്പെട്ടിട്ടുള്ളത്. ഈ ചിന്താസംഹിതയത്രേ അദ്വൈതം. നിര്‍ഗുണമായ ഈ അസ്തിത്വത്തോട് നമുക്കുള്ള സംബന്ധമെന്ത്? നാം അതുതന്നെയാണെന്നുള്ളത്. നാമും അതും ഒന്ന്. ഓരോരുത്തനും നിര്‍ഗുണമായ ആ അസ്തിത്വത്തിന്റെ പ്രകാശനം. എല്ലാ സത്തകള്‍ക്കും അടിസ്ഥാനം അതാണ്. അപരിമിതവും നിര്‍ഗുണവുമായ ആ അസ്തിത്വത്തില്‍നിന്നു വേറെയാണ് നാം എന്ന ചിന്തയാണ് ദുഃഖം. അത്ഭുതകരമായ ഈ നിര്‍ഗുണത്തോടുള്ള ഐക്യത്തെ അറിയുന്നതത്രേ മുക്തി. ചുരുക്കത്തില്‍, ഈ രണ്ടാശയങ്ങളാണ് ഈശ്വരനെക്കുറിച്ച് നമ്മുടെ മതഗ്രന്ഥങ്ങളില്‍ കാണുന്നത്.
ഇവിടെ ചില നിരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. വല്ലൊരു ആചാരശാസ്ര്തവും (ethics) വേണമെങ്കില്‍ അതു നിര്‍ഗുണേശ്വരഭാവനയിലൂടെയേ ഉടലെടുക്കൂ. ”സഹജീവികളെ അവനവനെപ്പോലെ സ്നേഹിക്കൂ, അതായത് മനുഷ്യരെയെല്ലാം അവനവനെപ്പോലെ സ്നേഹിക്കൂ” എന്ന സത്യം പണ്ടുപണ്ടുകാലംമുതല്‍ ഓരോ ജനതയോടും ഉപദേശിക്കപ്പെട്ടിട്ടുണ്ട്. ഭാരതത്തില്‍ അതുപദേശിക്കപ്പെട്ടിട്ടുള്ളതിങ്ങനെയാണ്; ‘ആത്മവത് സര്‍വ്വഭൂതാനി.’ മനുഷ്യരെന്നും മറ്റു ജന്തുക്കളെന്നുമുള്ള വിവേചനം നമുക്കില്ല. പക്ഷേ ഈ ഉപദേശത്തിന്റെ പിന്നിലുള്ള യുക്തി കാട്ടിക്കൊടുത്തിരുന്നില്ല. തന്നെത്താനെന്നോണം മറ്റുള്ളവരെ സ്നേഹിക്കുന്നത് എന്തുകൊണ്ടു നല്ലതാണെന്ന് അന്നാര്‍ക്കും തിട്ടമില്ലായിരുന്നു. ആ യുക്തി നിര്‍ഗുണനായ ഈശ്വരനെന്ന ആശയത്തില്‍ കിടപ്പുണ്ട്. പ്രപഞ്ചമെല്ലാം ഒന്നാണെന്നറിഞ്ഞാല്‍, ജീവിതത്തിന്റെ സംഘാതത്വം അറിഞ്ഞാല്‍, അന്യനെ നോവിക്കുന്നത് സ്വയം നോവിക്കലാണെന്നും, അന്യനെ സ്നേഹിക്കുന്നത് സ്വയം സ്നേഹിക്കലാണെന്നുമറിഞ്ഞാല്‍, ആ ഉപദേശം മനസ്സിലാക്കാം. ഇതില്‍നിന്നു ധരിക്കാം, മറ്റുള്ളവരെ ഉപദ്രവിച്ചുകൂടാത്തതെന്തുകൊണ്ടാണെന്ന്. അതിനാല്‍ നീതിശാസ്ര്തത്തിനുള്ള യുക്തി നിര്‍ഗുണേശ്വരഭാവനയില്‍നിന്നേ ഗ്രഹിക്കാനാവൂ.
പിന്നെ ഇതില്‍ സഗുണേശ്വരന്നുള്ള സ്ഥാനമെന്തെന്ന ചോദ്യമുണ്ട്. സഗുണേശ്വരഭാവനയില്‍നിന്നുളവാകുന്ന അദ്ഭുതകരമായ ആ പ്രേമ പ്രവാഹം എനിക്കറിയാം. മറ്റു ചില കാലഘട്ടങ്ങള്‍ക്കനുഗുണമായ എത്രമാത്രം ശക്തിയും പ്രഭാവവുമാണ് മനുഷ്യരുടെ മേല്‍ ഭക്തി ചെലുത്തുന്നതെന്നും ഞാന്‍ നന്നായറിയുന്നുണ്ട്. പക്ഷേ ഇന്നിപ്പോള്‍ ഭാരതത്തില്‍ നമുക്കു വേണ്ടത് ഒട്ടേറെ വിലാപമല്ല, സ്വല്പം ബലമാണ്. അന്ധവിശ്വാസങ്ങളെല്ലാം എടുത്തു ദൂരെ വലിച്ചെറിഞ്ഞ്, ‘പ്രപഞ്ചത്തിലുള്ള നിര്‍ഗുണസത്തയാണ് ഞാന്‍’ എന്ന ബോധത്തോടെ മനുഷ്യന്‍ തന്‍കാലില്‍ നിന്നാല്‍ നിര്‍ഗുണേശ്വരന്‍ ബലത്തിന്റെ എത്ര വലിയൊരു ഖനിയാകുമെന്നോ? പിന്നെന്തുണ്ട് എന്നെ ഭയപ്പെടുത്തുവാന്‍? പ്രകൃതിയുടെ നിയമങ്ങളെപ്പോലും ഞാന്‍ കൂട്ടാക്കില്ല. മരണം എനിക്കൊരു നേരമ്പോക്ക്. മനുഷ്യന്‍ സ്വന്തം ആത്മാവിന്റെ മഹത്ത്വത്തിന്‌മേല്‍ നില്ക്കുന്നു – അപരിമിതവും ശാശ്വതവും അമരവുമായ ആത്മാവിന്റെ. ഈ ആത്മാവിനെ ആയുധങ്ങള്‍ക്കു മുറിക്കാനോ, വെയിലിനു വരട്ടാനോ, തീയ്ക്ക് എരിക്കാനോ, വെള്ളത്തിന് അലിയിക്കാനോ ആവില്ല. അപരിമിതവും, അജവും അമര്‍ത്ത്യവുമത്രേ അത്. അതിന് ആദിയും അന്തവും ഇല്ല. അതിന്റെ പരിണാമത്തിനു മുമ്പില്‍ സൂര്യന്മാരും ചന്ദ്രന്മാരും അവയുടെ വ്യൂഹങ്ങളുമെല്ലാം കടലിലെ തുള്ളികള്‍പോലെ തോന്നും. അതിന്റെ പെരുമയുടെ മുമ്പില്‍ ആകാശം ശൂന്യതയില്‍ അലിഞ്ഞുപോകുന്നു, കാലം അഭാവത്തില്‍ ആണ്ടുപോകുന്നു. മഹനീയമായ ഈ ആത്മാവില്‍ നാം വിശ്വസിക്കണം. അവിടെനിന്നു ശക്തിയുണ്ടാകും. എങ്ങനെ നിനയ്ക്കുന്നുവോ അങ്ങനെയായിത്തീരും. നിങ്ങള്‍ സ്വയം ദുര്‍ബ്ബലരെന്നു കരുതിയാല്‍ ദുര്‍ബ്ബലരാകും. സ്വയം അശുദ്ധരെന്നു കരുതിയാല്‍ അശുദ്ധരാകും. സ്വയം ശുദ്ധരെന്നു കരുതിയാല്‍ ശുദ്ധരാകും. സ്വയം ദുര്‍ബ്ബലരെന്നു കരുതാതെ, മറിച്ച്, പ്രബലരെന്നും സര്‍വശക്തരെന്നും സര്‍വജ്ഞരെന്നും കരുതാന്‍ ഇതു നമ്മെ പഠിപ്പിക്കുന്നു.
ഇതുവരെ ഇതു ഞാന്‍ പ്രകാശിപ്പിച്ചില്ലായിരിക്കാം: പക്ഷേ ഇതെന്നിലുണ്ടുതന്നെ. എല്ലാ അറിവും എന്നിലുണ്ട് – എല്ലാ ശക്തിയും, എല്ലാ ശുദ്ധിയും, എല്ലാ മുക്തിയും. എന്തുകൊണ്ട് എനിക്ക് ഈ അറിവു പ്രകാശിപ്പിച്ചുകൂടാ? എനിക്കിതില്‍ വിശ്വാസമില്ലാത്തതുകൊണ്ട്. എനിക്കിതില്‍ വിശ്വാസമുണ്ടായാല്‍ അതു പ്രകാശിക്കണം, പ്രകാശിക്കും. ഇതാണ് നിര്‍ഗുണഭാവന നമ്മെ പഠിപ്പിക്കുന്നത്. ശൈശവം മുതല്‍ നിങ്ങളുടെ കുട്ടികളെ പ്രബലരാക്കുക. ദൗര്‍ബ്ബല്യവും വെറും ചടങ്ങുകളും പഠിപ്പിക്കാതിരിക്കുക. അവരെ സുശക്തരാക്കുക. അവര്‍ തന്‍കാലില്‍ത്തന്നെ നില്ക്കട്ടെ, ധീരന്മാരും വിജിഗീഷുക്കളും സര്‍വ്വംസഹന്മാരുമാകട്ടെ. ഒന്നാമതായി അവര്‍ ആത്മമഹിമ ധരിക്കട്ടെ. വേദാന്തത്തിലേ അതു കിട്ടൂ, വേദാന്തത്തില്‍മാത്രം. പ്രേമം ആരാധന തുടങ്ങിയവയെക്കുറിച്ച് മറ്റു മതങ്ങളിലുള്ള ആശയങ്ങള്‍ വേദാന്തത്തിലുണ്ട്: അതിലേറെയുമുണ്ട്. പക്ഷേ ആത്മാവിനെപ്പറ്റിയുള്ള ഈ ആശയമാണ് ജീവിതപ്രദായകമായ ചിന്ത! ഏറ്റവും അദ്ഭുതകരമായ ചിന്ത. ലോകത്തെ കീഴ്‌മേല്‍ മറിക്കുന്നതും, ജഡപ്രപഞ്ചജ്ഞാനവുമായി മതത്തെ അനുരഞ്ജിപ്പിക്കുന്നതുമായ ഉത്കൃഷ്ടചിന്ത അവിടെയാണ്, അവിടെ മാത്രമാണ്, ഉള്ളത്.
(വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – വേദാന്തമതം – തുടരും)