യഥാര്‍ത്ഥമായ ആരാധനയെക്കുറിച്ചു രാമേശ്വരക്ഷേത്രത്തില്വെച്ചു വിവേകാനന്ദസ്വാമികള്‍ ചെയ്ത പ്രഭാഷണം.
ചടങ്ങുകളിലല്ല മതം ഇരിക്കുന്നത്, സ്നേഹത്തിലാണ്; ശുദ്ധവും നിഷ്കളങ്കവുമായ ഹാര്ദ്ദസ്നേഹത്തില്. മനുഷ്യന്റെ ശരീരവും മനസ്സും ശുദ്ധമല്ലെങ്കില്‍ ക്ഷേത്രത്തില്‍ ചെല്ലുന്നതും ശിവനെ പൂജിക്കുന്നതും വ്യര്‍ത്ഥം. മനഃശുദ്ധിയും ശരീരശുദ്ധിയുമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ ശിവന് നിറവേറ്റുന്നു. സ്വയം അശുദ്ധന്മാരായിരുന്ന് മറ്റുള്ളവരെ മതം പഠിപ്പിക്കാന്‍ മുതിര്‍ന്നാല്‍ ഒടുവില്‍ പരാജയം നിശ്ചയം. ആഭ്യന്തരാരാധനയുടെ പ്രതീകം മാത്രമാണ് ബാഹ്യാരാധന. സത്യമായുള്ളത് ആഭ്യന്തരമായ ആരാധനയും വിശുദ്ധിയുമത്രേ. ഇവയില്ലെങ്കില്‍ ബാഹ്യമായ ആരാധന നിഷ്ഫലമാണ്. അതിനാല്‍ ഈ സംഗതി ഓര്‍ക്കാന്‍ ശ്രമിക്കണം.
കലിയുഗത്തില്‍ സംഭവിച്ച വമ്പിച്ച അധഃപതനം നിമിത്തം ആളുകള്‍ കരുതുന്നത് എന്തും ചെയ്യാമെന്നാണ്; എന്നിട്ട് ഒരു പുണ്യതീര്‍ത്ഥത്തിലേക്കു പോയാല്‍ മതി, അവരുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടുകൊള്ളും! അശുദ്ധമായ മനസ്സോടുകൂടി ക്ഷേത്രത്തിലേക്കു കടന്നാല്‍ പാപങ്ങള്‍ വര്ദ്ധിക്കയത്രേ ചെയ്യുന്നത്. അയാള്‍ വീട്ടിലേക്കു മടങ്ങുന്നത് പുറപ്പെട്ടപ്പോഴത്തെക്കാള് കൂടുതല്‍ മോശപ്പെട്ടവനായിട്ടാണ്. വിശുദ്ധവസ്തുക്കളും വിശുദ്ധമനുഷ്യരും നിറഞ്ഞ സ്ഥലമാണ് തീര്‍ത്ഥം. വിശുദ്ധന്മാര് ക്ഷേത്രമില്ലാത്തിടത്തു പാര്‍ത്താല്‍ അതും തീര്‍ത്ഥം തന്നെ. നൂറുനൂറു ക്ഷേത്രങ്ങളുള്ളിടത്തുപോലും അവിശുദ്ധര്‍ താമസിക്കുകയാണെങ്കില്‍, അവിടെനിന്നു തീര്‍ത്ഥം ഓടിമറയും. ശുദ്ധനായിരിക്കുക, പരോപകാരം ചെയ്യുക – ഇതാണ് ആരാധനകളുടെയെല്ലാം രത്നച്ചുരുക്കം. ദരിദ്രരിലും ദുര്‍ബ്ബലരിലും രോഗികളിലും ശിവനെ കാണുന്നവനാണ് ശിവനെ സത്യത്തില്‍ ആരാധിക്കുന്നത്. വിഗ്രഹത്തില്‍ മാത്രം ശിവനെ കാണാനാവുന്നവന്റെ ആരാധന ആരാധനയുടെ തുടക്കം മാത്രമാണ്. ദരിദ്രനില്‍ ശിവനെ കണ്ട് അവന്റെ ജാതിയും മതവും വംശവുമൊന്നും ആലോചിക്കാതെ അവനെ സേവിക്കയും സഹായിക്കയും ചെയ്യുന്നവനോടാണ്, ക്ഷേത്രങ്ങളില്‍മാത്രം ശിവനെ കാണുന്ന വനോടുള്ളതിനെക്കാളേറെ സംതൃപ്തി ശിവന്നുണ്ടാകുക.
ഒരു ധനികന് ഒരു തോട്ടവും രണ്ടു തോട്ടക്കാരുമുണ്ടായിരുന്നു. ഇവരില്‍ ഒരുവന് കുഴിമടിയനായിരുന്നു: ജോലി ചെയ്യില്ല. പക്ഷേ ഉടമസ്ഥന് തോട്ടത്തില്‍ വരുമ്പോള്‍ മടിയന്‍ ചാടിയെഴുനേറ്റു കൈരണ്ടും കൂപ്പിത്തൊഴുതുകൊണ്ടു പറയുകയായി; ‘എന്റെ യജമാനന്റെ മുഖം എത്ര അഴകായിരിക്കുന്നു!’ എന്നിട്ടയാള്‍ ആ യജമാനന്റെ മുമ്പില്‍ നൃത്തം വെയ്ക്കും. മറ്റേ തോട്ടക്കാരന് വളരെയൊന്നും സംസാരിക്കില്ല; എന്നാല്‍ എല്ലുനുറങ്ങെ പണിയെടുക്കും, പലതരം കനികളും പച്ചക്കറികളും വിളയിക്കും. അതൊക്കെ തലയില്‍ ചുമന്ന്, കുറേ ദൂരെ പാര്‍ക്കുന്ന ഉടമസ്ഥന്റെ വീട്ടില്‍ കൊണ്ടുക്കൊടുക്കും. ഈ രണ്ടു തോട്ടക്കാരില്‍ ആരോടായിരിക്കും ഉടമസ്ഥനു കൂടുതല്‍ ഇഷ്ടം? ശിവനാണ് ഈ ഉടമസ്ഥന്, ഈ ലോകം അദ്ദേഹത്തിന്റെ തോട്ടവും. രണ്ടുതരം തോട്ടക്കാരാണ് ഇവിടെയുള്ളത്. ഒരു കൂട്ടര് മടിയന്മാരും കാപടികന്മാരുമാണ്, ജോലിയൊന്നും ചെയ്യാതെ ശിവന്റെ അഴകേറിയ കണ്ണിനെയും മൂക്കിനെയും മറ്റും വാഴ്ത്തിക്കൊണ്ടിരിക്കും. മറ്റേ കൂട്ടര് ശിവന്റെ സന്താനങ്ങളെ, ദരിദ്രരെയും ദുര്‍ബ്ബലരെയും, ജന്തുക്കളെയും, സൃഷ്ടിയില്പ്പെട്ടവരെയെല്ലാം, സംരക്ഷിച്ചു പോരുന്നു. ഇവരില്‍ ആരോടായിരിക്കും ശിവനു കൂടുതലിഷ്ടം? നിശ്ചയമായും ശിവന്റെ സന്താനങ്ങളെ സേവിക്കുന്നവരോടാകണം. പിതാവിനെ സേവിക്കണമെന്നുള്ളവര് സന്താനങ്ങളെ ആദ്യം പരിചരിക്കട്ടെ. ഈശ്വരന്റെ ദാസന്മാരെ സേവിക്കുന്നവരാണ് ഈശ്വരന്റെ ഏറ്റവും മഹത്ത്വമാര്‍ന്ന സേവകരെന്നത്രേ ശാസ്ര്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍ നിങ്ങള്‍ ഈ സംഗതി ഓര്‍ക്കുമല്ലോ.
ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളോടു പറയുന്നു; നിങ്ങള്‍ പരിശുദ്ധരായിരിക്കണം; ആവുന്നിടത്തോളം, തുണതേടിവരുന്നവരെ സഹായിക്കണം. ഇതൊക്കെയാണ് സത്കര്‍മ്മം. ഇതിന്റെ ശക്തികൊണ്ടു ചിത്തശുദ്ധിയുണ്ടാകുന്നു. അപ്പോള്‍ ഓരോരുത്തനിലും കുടികൊള്ളുന്ന ശിവന് സ്വയം പ്രകാശിക്കും. ഓരോരുത്തന്റെയും ഹൃദയത്തില്‍ അവിടുന്ന് എപ്പോഴുമുണ്ട്. കണ്ണാടിയില്‍ അഴുക്കും പൊടിയും പുരണ്ടിരുന്നാല്‍ നമ്മുടെ പ്രതിബിംബം കാണുക സാദ്ധ്യമല്ല. അജ്ഞതയും നീചതയുമാണ് ഹൃദയമുകുരത്തില്‍ പുരണ്ട അഴുക്കും പൊടിയും. സ്വാര്‍ത്ഥതയാണ് പാപങ്ങളില്‍ മികച്ചത് – അതായത് നമുക്ക് നാംതന്നെ നല്കുന്ന മുന്‍ഗണന. ‘എനിക്ക് ആദ്യമുണ്ണണം: മറ്റുള്ളവരെക്കാള്‍ കൂടുതല്‍ പണം വേണം, എല്ലാം വേണം’ എന്നു കരുതുന്നവന്. ‘മറ്റുള്ളവര്‍ക്കു മുമ്പേ എനിക്കു സ്വര്‍ഗ്ഗത്തിലെത്തണം: എനിക്കു മുമ്പേ മുക്തി വേണം’ എന്നു കരുതുന്നവനാണ് സ്വാര്ത്ഥി. നിസ്സ്വാര്‍ത്ഥന്‍ പറയും; ‘ഞാന്‍ ഏറ്റവും ഒടുവിലായിക്കൊള്ളാം, എനിക്കു സ്വര്‍ഗ്ഗത്തില്‍ പോകേണ്ട, ഞാന്‍ നരകത്തില്‍ പൊയ്ക്കൊള്ളാം, ഇതുകൊണ്ടൊക്കെ എനിക്ക് എന്റെ സഹോദരങ്ങളെ സഹായിക്കാന്‍ കഴിഞ്ഞാല്‍.’ മതത്തിന്റെ ഉരകല്ലാണ് ഈ നിസ്സ്വാര്‍ത്ഥത. ഈ നിസ്സ്വാര്‍ത്ഥ കൂടുതലുള്ളവന്നാണ് കൂടുതല്‍ ആദ്ധ്യാത്മികതയുള്ളത്, ശിവനോടു കൂടുതല്‍ അടുപ്പമുള്ളത്. പണ്ഡിതനാകട്ടെ, പാമരനാകട്ടെ, ഇത്തരക്കാരന് മറ്റാരെയുംകാള്‍ കൂടുതല്‍ ശിവനോടടുത്തിരിക്കുന്നു – അയാള്‍ ഈ സംഗതി അറിഞ്ഞാലുംകൊള്ളാം, ഇല്ലെങ്കിലും കൊള്ളാം. സ്വാര്‍ത്ഥിയായ മനുഷ്യന് ക്ഷേത്രങ്ങളിലെല്ലാം പോയിരിക്കാം, തീര്‍ത്ഥങ്ങളെല്ലാം സന്ദര്‍ശിച്ചിരിക്കാം. ഭസ്മചന്ദനാദികള്‍ ശരീര മാസകലം പൂശി പുള്ളിപ്പുലിയെപ്പോലെയിരിക്കുന്നവനാകാം. എങ്കിലും അയാള്‍ ശിവനില്‍നിന്ന് ഇനിയും വളരെ ദൂരത്തിലത്രേ നിലകൊള്ളുന്നത്.