സ്വാമി വിവേകാനന്ദന്‍

ശ്രീ വിവേകാനന്ദസ്വാമികള്‍ പാംബനിലെത്തിയപ്പോള്‍ രാമനാട്ടിലെ രാജാവ് അദ്ദേഹത്തെ എതിരേറ്റു ഹാര്‍ദ്ദമായ ഒരു സ്വാഗതം നല്‍കി. ഔപചാരികമായ ഒരു സ്വീകരണം നല്‍കാനുള്ള സംഭാരങ്ങളെല്ലാം കരയ്ക്കിറങ്ങുന്നിടത്തുതന്നെ ഒരുക്കിയിരുന്നു. അവിടം കലാസുഭഗമാംവണ്ണം അലങ്കരിച്ചിരുന്നു. ഒരു പന്തലില്‍ വെച്ച് ചുവടെ ചേര്‍ക്കുന്ന സ്വാഗതാശംസ പാംബനിലെ ആളുകള്‍ക്കുവേണ്ടി വായിക്കപ്പെട്ടു.

”സംപൂജ്യനായ വിവേകാനന്ദസ്വാമികളെ ഉണര്‍ത്തിക്കുന്നത്;
ദിവ്യനായ അവിടുത്തെ സ്വാഗതംചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അത്യന്തം ആഹ്ലാദിക്കുന്നു. ഞങ്ങളുടെ ഹൃദയം അഗാധമായ കൃതജ്ഞതയും സമാദരവുംകൊണ്ടു നിറഞ്ഞുതുളുമ്പുകയാണ്. നിരവധി ക്ഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഞങ്ങളുടെ ഈ സ്ഥലം തിടുക്കത്തിലൊന്നു സന്ദര്‍ശിക്കാമെന്ന്, മടിക്കാതെ, സദയം സമ്മതിച്ചതുകൊണ്ടുള്ള കൃതജ്ഞത: അങ്ങയ്ക്കുള്ള മഹനീയവും ശ്രേഷ്ഠവുമായ പല ഗുണങ്ങളുടെ നേര്‍ക്കും, വമ്പിച്ച ഉത്‌സാഹത്തോടും ശ്രദ്ധയോടും അസാമാന്യമായ സാമര്‍ത്ഥ്യത്തോടുംകൂടി അവിടുന്നു നിര്‍വഹിച്ചുപോരുന്നതും നിര്‍വഹിക്കാന്‍ ഉദാരമായി ഏറ്റെടുത്തതുമായ മഹത്തായ പ്രവൃത്തിയുടെ നേര്‍ക്കുള്ള സമാദരം.

പാശ്ചാത്യരാജ്യങ്ങളിലുള്ള സംസ്‌കൃതചിത്തരില്‍ ഹിന്ദുദര്‍ശനത്തിന്റെ വിത്തുകള്‍ വിതയ്ക്കുവാന്‍വേണ്ടി അവിടുന്നു ചെയ്ത യത്‌നങ്ങള്‍ക്ക് ഇത്രയേറെ സാഫല്യം മകുടം ചാര്‍ത്തിയിട്ടുള്ളതു കണ്ട് വാസ്തവത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കുന്നു: വമ്പിച്ച തോതില്‍ ആ വിത്തുകള്‍ ശ്രേഷ്ഠഫലങ്ങള്‍ നല്കുമെന്നതിന്റെ ദീപ്തവും സുഖാവഹവുമായ ലക്ഷണങ്ങള്‍ ഇപ്പൊഴേ ഞങ്ങളുടെ ചുറ്റും കാണാനുമുണ്ട്. പടിഞ്ഞാറന്‍നാടുകളില്‍ ചെയ്തതിനെക്കാള്‍ കുറെക്കൂടിയധികം നമ്മുടെ മാതൃഭൂമിയിലുള്ള സ്വസഹോദരന്മാരുടെ മനസ്സിന്നുണര്‍വുണ്ടാക്കുവാന്‍ വേണ്ടി അവിടുന്ന് ആര്യാവര്‍ത്തത്തില്‍ താമസിക്കുന്ന വേളയില്‍ പ്രയത്‌നിക്കാന്‍ കനിയണമെന്നു ഞങ്ങള്‍ ഏറ്റവും വിനീതമായി പ്രാര്‍ത്ഥിക്കുന്നു. ആ സഹോദരന്മാര്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന നിദ്രയില്‍ ആണ്ടുകിടക്കയാണ്. ചിരകാലമായി അവര്‍ മറന്നുകഴിഞ്ഞിട്ടുള്ള സത്യത്തിന്റെ സദ്വാര്‍ത്ത വീണ്ടും അവരെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്.

ഞങ്ങളുടെ മഹത്ത്വം തികഞ്ഞ ആദ്ധ്യാത്മികനേതാവായ അവിടുത്തോട് ഞങ്ങള്‍ക്കുള്ളതു ഹൃദയം നിറഞ്ഞ, ഏറ്റവും ആര്‍ജ്ജവമുറ്റ സ്നേഹവും അത്യധികമായ ഭക്തിഭാവവും നിസ്തുലമായ ബഹുമാനാതിശയവുമാണ്: ഇവ വേണ്ടവണ്ണം പ്രകാശിപ്പിക്കുക വാസ്തവത്തില്‍ അശക്യമാണെന്നനുഭവപ്പെടുന്നു. അതിനാല്‍ പ്രയോജനപൂര്‍ണ്ണമായ ദീര്‍ഘായുസ്സു നല്കി അവിടുത്തെ അനുഗ്രഹിക്കുന്നതിനും, ചിരകാലമായി തിരോഭവിച്ചിരിക്കുന്ന സാര്‍വലൗകികസൗഭ്രാത്രം വീണ്ടെടുക്കുവാന്‍ വേണ്ടതെല്ലാം അങ്ങയ്ക്കു പ്രദാനം ചെയ്യുന്നതിനും കരുണാമൂര്‍ത്തിയായ ജഗദീശ്വരനോടു ഹാര്‍ദ്ദമായും ഏകകണ്ഠമായും പ്രാര്‍ത്ഥിച്ചുകൊണ്ട് ഞങ്ങള്‍ ഉപസംഹരിച്ചുകൊള്ളട്ടെ.”

ഇതു കൂടാതെ, രാജാവും വ്യക്തിപരമായി ചുരുക്കത്തില്‍ സ്വാമിജിയെ സ്വാഗതംചെയ്തു. അഗാധമായ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട ആ സ്വാഗതം വിശേഷിച്ചും ശ്രദ്ധേയമായിരുന്നു. പിന്നെ സ്വാമിജി താഴെക്കൊടുക്കുന്നവണ്ണം മറുപടി നല്കി.

പവിത്രമായ നമ്മുടെ മാതൃഭൂമി മതത്തിന്റെയും ദര്‍ശനത്തിന്റെയും നാടാണ്: ആദ്ധ്യാത്മികമല്ലന്മാരുടെ ജന്മഭൂമിയാണ്, ത്യാഗത്തിന്റെ നാടാണ്. മനുഷ്യന്നു പ്രാപ്യമായ അത്യുത്തമജീവിതാദര്‍ശം ഇവിടെയാണ്, ഇവിടെ മാത്രമാണ്, അതിപ്രചീനകാലംമുതല്‍ ഇന്നുവരെ നിലനിന്നുപോന്നിട്ടുള്ളത്.

പടിഞ്ഞാറന്‍രാജ്യങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്: പല വംശക്കാരു മുള്ള പല നാടുകളിലും സഞ്ചരിച്ചിട്ടുണ്ട്. ഓരോ വംശത്തിനും ഓരോ ജനതയ്ക്കും പ്രത്യേകമായ ഓരോ ആദര്‍ശമുള്ളതായിട്ടാണ് എനിക്കു തോന്നുന്നത്. ഉയര്‍ന്നുനില്ക്കുന്ന ഈ ആദര്‍ശം അതിന്റെ ജീവിതത്തില്‍ ഉടനീളം വ്യാപരിക്കയും ചെയ്യുന്നു. ഓരോ ജനതയുടെയും ജീവിതത്തിന്റെ നട്ടെല്ലാണ് പ്രസ്തുതാദര്‍ശം. ഭാരതത്തിനു രാഷ്ട്രതന്ത്രമോ സൈനികശക്തിയോ അല്ല, കച്ചവടക്കോയ്മയോ യന്ത്രനൈപുണിയോ അല്ല, ആ നട്ടെല്ലു നല്കിയിട്ടുള്ളത്. മതം, മതംമാത്രമാണ് നമുക്കുള്ളതും നമുക്കു വേണമെന്നു വെച്ചിട്ടുള്ളതും. ആദ്ധ്യാത്മികത എക്കാലവും ഭാരതത്തില്‍ നിലനിന്നിട്ടുണ്ട്.

മാംസപേശികളുടെ കരുത്തിന്റെ പ്രകടനങ്ങള്‍ മികച്ചതുതന്നെ: ശാസ്ര്തപ്രയോഗംവഴി യന്ത്രങ്ങളിലൂടെ പ്രകാശിക്കുന്ന ബുദ്ധിശക്തിയും അദ്ഭുതാവഹംതന്നെ. എങ്കിലും ഇവയൊന്നും ചൈതന്യം ലോകത്തില്‍ ചെലുത്തുന്ന പ്രഭാവത്തെക്കാള്‍ ശക്തിമത്തല്ല.

ഭാരതം എന്നും കര്‍മ്മോന്മുഖമായിരുന്നു എന്നു നമ്മുടെ വംശ ചരിത്രം തെളിയിക്കുന്നു. കൂടുതല്‍ വിവേകികളാകേണ്ട ചിലര്‍ ഇന്നിപ്പോള്‍ നമ്മെ പഠിപ്പിക്കയാണ്, ഹിന്ദു സൗമ്യനും കര്‍മ്മവിമുഖനുമാണെന്ന്. മറുനാട്ടുകാരുടെ ഇടയില്‍ ഇതൊരു പഴഞ്ചൊല്ലുപോലായിട്ടുണ്ട്. ഭാരതം എന്നെങ്കിലും കര്‍മ്മവിമുഖമായിരുന്നു എന്ന ആശയം ഞാന്‍ നിഷേധിക്കുന്നു. അനുഗൃഹീതമായ നമ്മുടെ ഈ രാജ്യത്തിലെന്നപോലെ മറ്റൊരിടത്തും കര്‍മ്മണ്യത ഇത്രയേറെ മികച്ചുനിന്നിട്ടില്ല. ഇവിടുത്തെ കര്‍മ്മണ്യതയ്ക്കു മഹത്തായ സാക്ഷ്യം നമ്മുടെ ഈ പ്രാചീനതമവും ഉദാരതമവുമായ വംശം ഇന്നും നില്ക്കുന്നു എന്നതുതന്നെ. അത്, അതിന്റെ മഹനീയമായ ജീവിതയാത്രയില്‍ ഓരോ പതിറ്റാണ്ടിലും മരിക്കാത്തതും നശിക്കാത്തതുമായ പുതുമ തേടുന്നതുപോലെ തോന്നുന്നു. മതത്തിലാണ് പ്രസ്തുതമായ കര്‍മ്മണ്യത സ്പഷ്ടീഭവിക്കുന്നത്. താന്താങ്ങളുടെ കര്‍മ്മണ്യതയുടെ തോതുവെച്ചു മറ്റുള്ളവരെ അളക്കുക എന്നത് മനുഷ്യപ്രകൃതിയുടെ സവിശേഷതയാണ്. ഉദാഹരണമായി പ്രകാശസ്പന്ദങ്ങള്‍ അതിസാന്ദ്രമാകുമ്പോള്‍ നമുക്കതു കാണാന്‍ കഴിയില്ല: നമ്മുടെ സ്വന്തം ദര്‍ശനതലം വിട്ടുപോകാനാവാത്തവിധമത്രേ നമ്മെ സൃഷ്ടിച്ചിട്ടുളളത്. എന്നാല്‍ പാമരപ്പരിഷയുടെ ഭൗതികതത്ത്വത്തിന്റെ മുഖംമൂടി തുളച്ചുകയറ്റാന്‍ കരുത്തുള്ള ആദ്ധ്യാത്മികദൃഷ്ടിയാണ് യോഗിക്കുള്ളത്.

ആദ്ധ്യാത്മികമായ പോഷണത്തിനുവേണ്ടി ലോകത്തിലുള്ളവരുടെയെല്ലാം ദൃഷ്ടി ഇപ്പോള്‍ ഈ ഭാരതഭൂമിയിലേക്കു തിരിഞ്ഞിരിക്കയാണ്: അവര്‍ക്കൊക്കെ അതു നല്‌കേണ്ടതു ഭാരതമാണ്. മനുഷ്യരാശിക്ക് ഏറ്റവും പറ്റിയ ആദര്‍ശം ഇവിടെ മാത്രമേയുള്ളൂ. പാശ്ചാത്യ പണ്ഡിതന്മാര്‍ ഈ ആദര്‍ശം മനസ്സിലാക്കാന്‍ യത്‌നിക്കയാണ്. ഇതു സംസ്‌കൃതത്തിലുള്ള സാഹിത്യത്തിലും ദര്‍ശനത്തിലുമത്രേ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ഈ ആദര്‍ശം യുഗങ്ങളിലൂടെ ഭാരതത്തിന്റെ വിശേഷലക്ഷണമായിരിക്കയാണുതാനും.

ചരിത്രത്തിന്റെ പ്രാരംഭംമുതല്‍ ഒരു ധര്‍മ്മദൂതനും ഹിന്ദുക്കളുടെ സിദ്ധാന്തങ്ങളെയും വിശ്വാസങ്ങളെയും പ്രചരിപ്പിക്കാന്‍ ഭാരതത്തില്‍ നിന്നു വെളിയിലേക്കു പോയിട്ടില്ല. ഇന്നിപ്പോള്‍ ആശ്ചര്യകരമായ ഒരു മാറ്റം ഉണ്ടായിവരികയാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നു; ‘ധര്‍മ്മം ഇടിയുകയും അധര്‍മ്മം പരക്കുകയും ചെയ്യുമ്പോഴെല്ലാം വീണ്ടും വീണ്ടും ലോകത്തെ തുണയ്ക്കാന്‍ ഞാന്‍ വരുന്നു.; മതപരമായ ഗവേഷണങ്ങളില്‍നിന്നു നിങ്ങള്‍ക്കു ബോധപ്പെടാവുന്ന ഒരു വസ്തുതയുണ്ട്; വല്ലൊരു രാജ്യത്തും നല്ലൊരാചാരസംഹിതയുണ്ടെങ്കില്‍ അതിന്റെ ചില അംശങ്ങളെങ്കിലും അവര്‍ നമ്മില്‍നിന്നു കടമെടുത്തതായിരിക്കും. അതുപോലെ ആത്മാവിന്റെ അമരത്വത്തെപ്പറ്റി ഏതു മതത്തിലുമുള്ള നല്ല ആശയങ്ങള്‍ നേരിട്ടോ അല്ലാതെയോ നമ്മില്‍ നിന്നു കൈക്കൊണ്ടതായിരിക്കും.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഈ ഉത്തരാര്‍ത്ഥത്തിലെന്നോണം ലോകചരിത്രത്തിലൊരു കാലത്തും ഇത്രയേറെ കവര്‍ച്ചയും വഴിപിഴച്ച കയ്യൂക്കും ദുര്‍ബലന്മാരുടെമേല്‍ പ്രബലന്മാരുടെ നിപീഡനവും ഉണ്ടായിട്ടില്ല. ആഗ്രഹങ്ങളെ അടക്കിവെക്കാതെ രക്ഷ കിട്ടില്ല: ജഡത്തിന്റെ അടിമ സ്വതന്ത്രനുമല്ല. ഈ വസ്തുത എല്ലാവരും അറിഞ്ഞിരിക്കട്ടെ. മഹത്തായ ഈ സത്യം എല്ലാ ജനതകളും പതുക്കെപ്പതുക്കെ അറിഞ്ഞും ആദരിച്ചും വരികയാണ്. ശിഷ്യന്‍ ഈ സത്യം ഗ്രഹിക്കാന്‍ ശക്തനാകുന്നതോടെ, ഗുരുവിന്റെ ഉപദേശം അവനെ സഹായിക്കാന്‍ എത്തിക്കൊള്ളും. അപാരകാരുണ്യവശാല്‍ ഈശ്വരന്‍ സ്വസന്താനങ്ങള്‍ക്കു സഹായം നല്കിക്കൊണ്ടിരിക്കയാണ്, എല്ലാ മതങ്ങളിലും ആ കരുണ അവിരാമമായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ഈശ്വരന്‍ മതങ്ങളുടെയെല്ലാം ഈശ്വരനാണ്. ഭാരതത്തിന്റെ മാത്രമായ ഒരാശയമത്രേ ഇത്: മറ്റേതു മതത്തിന്റെയെങ്കിലും വിശുദ്ധഗ്രന്ഥങ്ങളില്‍ ഈ ആശയം കണ്ടെത്താന്‍ നിങ്ങളിലാരെയും ഞാന്‍ വെല്ലു വിളിക്കുന്നു.

ഈശ്വരനിശ്ചയമനുസരിച്ചു ഹിന്ദുക്കളായ നാം ഏറ്റവും വിപദ്ഗ്രസ്തവും ഉത്തരവാദപ്പെട്ടതുമായ ഒരു നിലയിലാണ് ഇപ്പോള്‍. പടിഞ്ഞാറന്‍ജനതകള്‍ ആദ്ധ്യാത്മികസാഹായം തേടി നമ്മുടെ അടുക്കലേക്കു വരികയാണ്. മനുഷ്യജീവിതപ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം ലോകത്തിനു വെളിച്ചം നല്കുന്ന ജോലിക്കു തയ്യാറാവുക – ധാര്‍മ്മികമായ ഈ വലിയ കടപ്പാട് ഭാരതത്തിന്റെ സന്താനങ്ങള്‍ ഏറ്റെടുക്കണം. ഒരു സംഗതി ശ്രദ്ധിക്കണം. മറുനാടുകളിലെ ശിഷ്ടന്മാരും മഹത്തുക്കളും അഭിമാനംകൊള്ളുന്നത്, പര്‍വ്വതദുര്‍ഗ്ഗങ്ങളില്‍ നിലയുറപ്പിച്ച് കൂടെക്കൂടെ വെളിയില്‍ കടന്നു വഴിയാത്രക്കാരുടെ സര്‍വ്വസ്വവും കൊള്ളചെയ്തുപോന്ന വല്ല തസ്‌കരപ്രമാണികളുമാണ് തങ്ങളുടെ പൂര്‍വ്വികന്മാര്‍ എന്നു സ്ഥാപിച്ചെടുക്കുന്നതിലാണ്. ഹിന്ദുക്കളായ നാമാകട്ടെ, ബ്രഹ്മദ്ധ്യാനംചെയ്ത് പര്‍വ്വതഗുഹകളില്‍ കന്ദഫലങ്ങളശിച്ചുപോന്ന ഋഷിമാരും സിദ്ധന്മാരുമാണ് തങ്ങളുടെ പൂര്‍വ്വികന്മാര്‍ എന്ന വസ്തുതയില്‍ അഭിമാനിക്കുന്നു. നാം ഇപ്പോള്‍ അധഃപതിച്ചിരിക്കാം. പക്ഷേ എത്ര കീഴ്ക്കിടയില്‍പ്പെട്ടാലും, അധഃപതിച്ചാലും, നമ്മുടെ മതത്തിനുവേണ്ടി ഉത്‌സാഹപൂര്‍വ്വം യത്‌നിച്ചാല്‍ മതി, നമ്മുടെ മഹത്ത്വം വീണ്ടെടുക്കാന്‍ കഴിയും.

നിങ്ങള്‍ സദയം എനിക്കു നല്കിയ ഹാര്‍ദ്ദമായ സ്വീകരണത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി കൈക്കൊള്ളുക. ശ്രീ രാമനാട്ടു രാജാവിന്ന് എന്നോടുള്ള സ്നേഹത്തിനു കൃതജ്ഞത പ്രകാശിപ്പിക്കുക അസാദ്ധ്യം. എന്തെങ്കിലും വല്ല നല്ല കാര്യവും എന്നിലൂടെയും ഞാന്‍ മുഖാന്തരവും നടന്നിട്ടുണ്ടെങ്കില്‍ ഈ നല്ല മനുഷ്യനോട് ഭാരതം നന്നെ കടപ്പെട്ടിട്ടുണ്ട്. ഞാന്‍ ഷിക്കാഗോവില്‍ പോകുക എന്ന ആശയം തന്നെ അദ്ദേഹമാണ് സങ്കല്പിച്ചത്. അദ്ദേഹമാണ് ആ ആശയം എന്റെ മസ്തിഷ്‌കത്തിലേക്കു പകര്‍ന്നതും, അതു നിറവേറ്റാന്‍ എന്നെ നിര്‍ബ്ബന്ധപൂര്‍വ്വം പ്രേരിപ്പിച്ചതും. ഇപ്പോഴും അദ്ദേഹം എന്റെ അടുത്തുനിന്ന്, പഴയ ആ ഉത്‌സാഹപ്രകര്‍ഷത്തോടുകൂടി, ഞാന്‍ അധികമധികം പ്രവൃത്തികളില്‍ ഏര്‍പ്പെടട്ടെ എന്നു പ്രതീക്ഷിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിയില്‍ താല്പര്യംകൊള്ളുവാനും അതിന്റെ ഉന്നമനത്തിനായി ആദ്ധ്യാത്മികമാര്‍ഗ്ഗത്തിലൂടെ യത്‌നിക്കുവാനും സന്നദ്ധരായ ഒരു അര ഡസന്‍ രാജാക്കന്മാര്‍കൂടി ഇദ്ദേഹത്തെപ്പോലെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു!

( പാംബനിലെ സ്വാഗതത്തിനു മറുപടി – വിവേകാനന്ദസാഹിത്യസര്‍വസ്വം )