സ്വാമി വിവേകാനന്ദന്‍

രാമനാട്ടില്‍വെച്ച് അവിടത്തെ രാജാവ് ശ്രീവിവേകാനന്ദസ്വാമികള്‍ക്കു താഴെ ചേര്‍ക്കുന്ന സ്വാഗതപത്രം സമര്‍പ്പിച്ചു.

ശ്രീപരമഹംസ-യതിരാജ-ദ്വിഗ്വിജയകോലാഹല-സര്‍വമതസമ്പ്രതിപന്ന- പരമയോഗീശ്വര-ശ്രീമദ്ഭഗവത് ശ്രീരാമകൃഷ്ണപരമഹംസകരകമല-സംജാത- രാജാധിരാജസേവിത-സമ്പൂജ്യതമ-ശ്രീവിവേകാനന്ദ സ്വാമിന്‍!

പൂജ്യനായ സ്വാമിജിയെ ഉണര്‍ത്തിക്കുന്നത്;
സേതുബന്ധരാമേശ്വരം അല്ലെങ്കില്‍ രാമനാഥപുരമെന്ന പ്രാചീനവും ചരിത്ര പ്രസിദ്ധവുമായ ഈ സംസ്ഥാനത്തിലെ നിവാസികളായ ഞങ്ങള്‍ താഴ്മയായും ഹാര്‍ദ്ദമായും അങ്ങയെ നമ്മുടെ മാതൃഭൂമിയിലേക്കു സ്വാഗതം ചെയ്തുകൊള്ളുന്നു. ഭാരതത്തില്‍ തിരിച്ചെത്തിയ അങ്ങയോടു ഞങ്ങള്‍ക്കുള്ള ഹൃദയംനിറഞ്ഞ സമാദരം ആദ്യമായി അറിയിക്കുക എന്നത് ഒരപൂര്‍വബഹുമതിയായി ഞങ്ങള്‍ കരുതുന്നു: അതും മഹാവീരനായ നമ്മുടെ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ കാലടികള്‍ പവിത്രീകരിച്ച ആ കടല്‍ത്തീരത്തുവെച്ചുതന്നെ.

നമ്മുടെ ചിരസമ്മാനിതവും ഉദാരവുമായ മതത്തിന്റെ സഹജമായ ഗുണങ്ങളും മേന്മയും പടിഞ്ഞാറുള്ള മഹാമതികള്‍ക്കു ഹൃദയംഗമമാക്കുവാന്‍ അങ്ങു ചെയ്ത ശ്ലാഘ്യയത്‌നങ്ങള്‍ക്ക് അപൂര്‍വമായ സഫലത മകുടം ചാര്‍ത്തുന്ന കാഴ്ച നിഷ്‌കളങ്കമായ അഭിമാനത്തോടും സംതൃപ്തിയോടുംകൂടി ഞങ്ങള്‍ ഉറ്റുനോക്കുകയായിരുന്നു. സാര്‍വലൗകികമതമെന്ന ആദര്‍ശത്തിന്റെ ലക്ഷണങ്ങളെല്ലാം ഹിന്ദുമതത്തിനുണ്ടെന്നും, എല്ലാ ജാതികളിലും മതവിശ്വാസങ്ങളിലും പെടുന്ന സ്ര്തീപുരുഷന്മാരുടെ ആവശ്യങ്ങള്‍ക്കും മനോഭാവങ്ങള്‍ക്കും അനുഗുണമാംവണ്ണം അതു സ്വയം രൂപപ്പെടുന്നു എന്നുമുള്ള വസ്തുത, അജിതമായ വാഗ്വിലാസത്തോടും അനലംകൃതവും സംശയച്ഛേദിയുമായ ഭാഷയിലും അങ്ങു പ്രഖ്യാപിച്ചിരിക്കുന്നു. യൂറോപ്പിലും അമേരിക്കയിലുമുള്ള സംസ്‌കാരസമ്പന്നരായ ശ്രോതൃജനങ്ങള്‍ക്ക് അതില്‍ വിശ്വാസവും അങ്ങുളവാക്കിയിട്ടുണ്ട്. സത്യത്തിന്റെയും ശാന്തിയുടെയും സന്ദേശം നല്കുവാനും, ഭാരതീയമായ ആദ്ധ്യാത്മികവിജയത്തിന്റെയും മഹനീയതയുടെയും കൊടി യൂറോപ്പിന്റെയും അമേരിക്കയുടെയും സമ്പത്‌സമൃദ്ധമായ ഭൂമിയില്‍ കുത്തിനിര്‍ത്തുവാനുമായി സമ്പൂജ്യനായ സ്വാമികള്‍ അപാരമായ സമുദ്രങ്ങളും മഹാസാഗരങ്ങളും താണ്ടിക്കടന്നു: ഇതില്‍ അവിടുത്തെ ഉത്‌സാഹിപ്പിച്ചതു വെറും നിസ്സ്വാര്‍ത്ഥമായ അന്തശ്ചോദനവും ഉന്നതമായ ഉദ്ദേശ്യങ്ങള്‍ ചെലുത്തിയ പ്രഭാവവുമത്രേ. കൂടാതെ ഇതു നിര്‍വഹിക്കാന്‍ അവിടുത്തേക്കു വളരെയധികം ക്ലേശങ്ങള്‍ സഹിക്കേണ്ടതായും വന്നു. പ്രസംഗത്തിലൂടെയും പ്രയോഗത്തിലൂടെയും സാര്‍വലൗകികമായ സൗഭ്രാത്രത്തിന്റെ സുകരതയും പ്രാധാന്യവും അവിടുന്നു കാട്ടിക്കൊടുത്തു. സര്‍വോപരി, പടിഞ്ഞാറന്‍നാടുകളില്‍ അവിടുന്നു ചെയ്ത പരിശ്രമങ്ങള്‍ നേരിട്ടല്ലെങ്കിലും വന്‍തോതില്‍ ഭാരതത്തിന്റെ ഉദാസീനരായ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കുംതന്നെ, അവരുടെ പരമ്പരാഗതമായ മതത്തിന്റെ മഹത്ത്വത്തെയും മഹനീയതയെയും കുറിച്ചു ബോധമുണ്ടാക്കുവാന്‍ കാരണമായിട്ടുണ്ട്; അതുപോലെ തങ്ങളുടെ പ്രിയപ്പെട്ടതും അമൂല്യവുമായ മതം പഠിക്കുന്നതിലും ആചരിക്കുന്നതിലും അവര്‍ക്കു നിര്‍വ്യാജമായ താല്പര്യമുളവാക്കുകയും ചെയ്തിട്ടുണ്ട്.

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ആദ്ധ്യാത്മികപുനര്‍ജന്മത്തെ ലാക്കാക്കി അവിടുന്നു ചെയ്ത സ്നേഹചോദിതമായ പരിശ്രമങ്ങളില്‍ ഞങ്ങള്‍ക്കുള്ള കൃതജ്ഞതയും കടപ്പാടും വാക്കുകൊണ്ടുവേണ്ടപോലെ അറിയിക്കുക സാദ്ധ്യമല്ലെന്ന് ഞങ്ങള്‍ക്കു തോന്നുന്നു. ഈ സ്വാഗതാശംസയ്ക്കു പരിപൂര്‍ണ്ണവിരാമം ഇടുന്നതിനുമുമ്പ്, ഞങ്ങളുടെ രാജാവിന്റെ നേര്‍ക്ക് അവിടുന്നു കാണിച്ച ദയാവായ്പിനെപ്പറ്റി പരാമര്‍ശിക്കാതിരിക്കുക ശക്യമല്ല. അദ്ദേഹം അവിടുത്തെ ഭക്തരായ ശിഷ്യരില്‍ ഒരാളാണ്. മടക്കത്തില്‍, ഒന്നാമതായി, അദ്ദേഹത്തിന്റെ സംസ്ഥാനത്തില്‍ത്തന്നെ അവിടുന്നു വന്നിറങ്ങി. ഉദാരമായ ആ കൃത്യം അദ്ദേഹത്തിന്ന് ഉളവാക്കിയിട്ടുള്ള അഭിമാനവും ഉത്കര്‍ഷബോധവും അവര്‍ണ്ണ്യമാണ്.

അവസാനമായി, ഇത്ര സമര്‍ത്ഥമായി അവിടുന്നു സമാരംഭിച്ച സത്കര്‍മ്മം തുടര്‍ന്നുപോകുമാറ്, ദീര്‍ഘായുസ്സും ആരോഗ്യവും ബലിഷ്ഠതയും നല്കി അവിടു ത്തെ അനുഗ്രഹിക്കാന്‍ സര്‍വശക്തനോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമാദരസ്നേഹങ്ങളോടൊപ്പം,
സമ്പൂജ്യനായ സ്വാമികളുടെ ഭക്തന്മാരും അനുയായികളുമായ ശിഷ്യന്മാര്‍.

സ്വാമിജി ചെയ്ത മറുപടി പ്രസംഗം (പൂര്‍ണ്ണരൂപം)
രാമനാട് ; ജനു. 25, 1897
ഏറ്റവും നീണ്ട രാത്രി തീരാറായെന്നു തോന്നുന്നു: ഏറ്റവും ദുഃസഹമായ കഷ്ടപ്പാടുകള്‍ ഒടുവില്‍ ഇതാ അവസാനിക്കുന്ന മട്ടായി. മൃതശരീരമെന്ന് എണ്ണപ്പെട്ട വസ്തു ഇതാ ഉണരാന്‍ വട്ടംകൂട്ടുന്നു. ഒരു ശബ്ദം ഇപ്പോള്‍ നമ്മുടെ നേര്‍ക്കു വരുന്നുണ്ട് – ചരിത്രത്തിനും ഐതിഹ്യത്തിനുപോലും എത്തിനോക്കാനാവാത്തവണ്ണം ഇരുളടഞ്ഞ ആ ഭൂതകാലത്തില്‍നിന്ന്, കര്‍മ്മത്തിന്റെയും പ്രേമത്തിന്റെയും ജ്ഞാനത്തിന്റെയുമായ ആ അപരിമിതഹിമാലയത്തിന്റെ കൊടുമുടികളില്‍ തട്ടിത്തട്ടി മാറ്റൊലിക്കൊള്ളുംവിധത്തിലുള്ള ഒരു ശബ്ദം – നമ്മുടെ മാതൃഭൂമിയായ ഭാരതത്തിന്റെ ശബ്ദം – നമ്മുടെ നേര്‍ക്കു വരുന്നുണ്ട്. സൗമ്യവും ഗാഢവും എന്നാല്‍ അര്‍ത്ഥശങ്കയ്ക്ക് ഇടനല്കാത്തതുമാണ് ആ ശബ്ദം. ദിവസം ചെല്ലുംതോറും അതിന്റെ മുഴക്കം ഏറുകയുമാണ്. നോക്കു! ഉറങ്ങിക്കിടക്കുന്നവന്‍ എഴുനേല്ക്കുന്നു. ഹിമാലയത്തില്‍ നിന്നടിക്കുന്ന ഒരു കാറ്റുപോലെ അതു മൃതപ്രായമായ അസ്ഥികളിലും മാംസപേശികളിലും ജീവിതം പകരുന്നു: ആലസ്യം തിരോഭവിക്കുന്നു. നമ്മുടെ മാതൃഭൂമിയായ ഭാരതം, അഗാധവും ദീര്‍ഘവുമായ നിദ്രയില്‍ നിന്നെഴുനേല്ക്കുകയാണെന്ന് കുരുടനുമാത്രം കാണാന്‍ കഴിവില്ല: അഥവാ കുദൃഷ്ടിമാത്രം കാണാന്‍ കൂട്ടാക്കില്ല. ഇനി ആര്‍ക്കും ഭാരതത്തെ തടയാനാവില്ല: ഇനി ഒരിക്കലും ഭാരതം ഉറങ്ങാന്‍ ഭാവവുമില്ല. ഇനി ഒരു ബാഹ്യശക്തിക്കും ഭാരതത്തെ പിന്നോട്ടു പിടിച്ചുമാറ്റുക സാദ്ധ്യമല്ല. അനന്തശക്തിയുള്ള ആ മഹാസത്ത്വം തന്‍കാലില്‍ നില്ക്കാന്‍ വട്ടംകൂട്ടുകയാണ്.

രാമനാട്ടിലെ രാജാവേ, മാന്യമഹാജനങ്ങളേ, ഹാര്‍ദ്ദവും സ്നേഹമയവുമായ സ്വീകരണം തന്നതില്‍ എനിക്കുള്ള നിര്‍വ്യാജമായ ധന്യവാദങ്ങള്‍ സ്വീകരിക്കുക. നിഷ്‌കളങ്കരും സ്നേഹമയരുമാണ് നിങ്ങളെന്ന് എനിക്കു തോന്നുന്നു. വാക്കുകള്‍ക്കാവുന്നതിലുമേറെ വെടിപ്പായി ഹൃദയത്തിനു ഹൃദയത്തോടു സല്ലപിക്കാം: നിശ്ശബ്ദതയില്‍ ആത്മാവ് ആത്മാവിനോട് സല്ലപിക്കുന്നു. ആ ഭാഷ തെല്ലും സംശയത്തിന്നിടനല്കുന്നില്ല. എന്റെ അന്തരാത്മാവില്‍ അതെനിക്ക് അനുഭവപ്പെടുന്നു. രാമനാട്ടുരാജാവേ, പാശ്ചാത്യരാജ്യങ്ങളില്‍ നമ്മുടെ മതത്തിനും മാതൃഭൂമിക്കുംവേണ്ടി വല്ലതും ചെയ്യുവാന്‍ എളിയവനായ എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കില്‍ – സ്വന്തം വീടുകള്‍ക്കു ചുറ്റും അറിയപ്പെടാതെ ചിതറിക്കിടക്കുന്ന അനര്‍ഘരത്‌നങ്ങളിലേക്കു ശ്രദ്ധയെ ക്ഷണിച്ച് നമ്മുടെ ആളുകളുടെ സഹാനുഭൂതികള്‍ ഉണര്‍ത്തുമാറ് സ്വല്പം വല്ലതും ചെയ്യുവാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കില്‍ – അജ്ഞാനാന്ധതനിമിത്തം ദാഹിച്ചു മരിക്കയോ, വല്ലിടത്തുനിന്നും തോട്ടിലെ കെട്ട നീര്‍ മോന്തുകയോ ചെയ്യാതെ, സ്വന്തം വീടുകള്‍ക്കടുത്ത് ഇടമുറിയാതെയൊഴുകുന്ന നിത്യനീര്‍ച്ചാലുകളിലേക്കു ചെന്നു വെള്ളം കുടിക്കാന്‍ ഭാരതീയര്‍ ഇപ്പോള്‍ ക്ഷണിക്കപ്പെടുന്നെങ്കില്‍ – നമ്മുടെ ആളുകളെ കര്‍മ്മപരരാക്കുവാനും എല്ലാറ്റിലുംവെച്ച് മതം, മതംമാത്രമാണ്, ഭാരതത്തിന്റെ ആത്മാവെന്നും, മതം പോയാല്‍പ്പിന്നെ രാഷ്ട്രീയമോ സാമൂഹ്യപരിഷ്‌കാരങ്ങളോ ഉണ്ടായാലും, ഓരോ ഭാരതീയന്റെ ശിരസ്സിലും കുബേരന്റെ സമ്പത്തു വാരിച്ചൊരിഞ്ഞാലും, ഭാരതം നശിക്കുമെന്നു പഠിപ്പിക്കുവാനും വല്ലതും ചെയ്തിട്ടുണ്ടെങ്കില്‍ – ഈവക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വല്ലതുമൊക്കെ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍, അതിന്റെയെല്ലാം പേരില്‍ രാമനാട്ടു രാജാവായ അങ്ങയോടാണ് ഭാരതവും ആ ജോലികള്‍ നടന്നിട്ടുള്ള മറ്റെല്ലാ രാജ്യങ്ങളും ഒട്ടേറെ കടപ്പെട്ടിട്ടുള്ളത്. കാരണം, അങ്ങാണ് ആദ്യമായി ഈ ആശയം എനിക്കു തന്നത്. അങ്ങാണ് നിര്‍ബ്ബന്ധമായി എന്നെ ഈ പ്രവൃത്തിചെയ്യാന്‍ പ്രേരിപ്പിച്ചതും. അങ്ങ് അന്തര്‍ദൃഷ്ടികൊണ്ടെന്നു തോന്നുമാറ് വരാനിരിക്കുന്ന വസ്തുത ധരിച്ചു: പിന്നെ എന്റെ കൈപിടിച്ച് ആദ്യന്തം എന്നെ സഹായിച്ചു. എനിക്ക് ഉത്തേജനം നല്കുന്നതില്‍നിന്ന് അങ്ങ് ഒരിക്കലും വിരമിച്ചിട്ടില്ല. അപ്പോള്‍ എന്റെ വിജയത്തില്‍ ഒന്നാമതായി അങ്ങുതന്നെ ആനന്ദിക്കുക യുക്തംതന്നെ. ഭാരതത്തിലേക്കുള്ള മടക്കത്തില്‍ ഞാന്‍ അങ്ങയുടെ സംസ്ഥാനത്തില്‍ത്തന്നെ ഇറങ്ങിയതു ന്യായവുമാണ്.

അങ്ങു പറഞ്ഞതുപോലെ വലിയ പ്രവൃത്തികള്‍ ചെയ്യേണ്ടതുണ്ട്. അദ്ഭുതകരമായ ശക്തികള്‍ പ്രയോഗിക്കേണ്ടതുണ്ട്. നമുക്ക് പല കാര്യങ്ങളും മറ്റു ജനതകളെ പഠിപ്പിക്കേണ്ടതുമുണ്ട്. നമ്മുടെ ഭാരതം ദര്‍ശനത്തിന്റെയും ആദ്ധ്യാത്മികതയുടേയും ആചാരശാസ്ര്തത്തിന്‍േറയും സ്നേഹമാധുര്യമാര്‍ദ്ദവങ്ങളുടെയും മാതൃഭൂമിയത്രേ ഇന്നും ഇവയൊക്കെ നിലനിന്നുവരുന്നു. ഇന്നും ഈവക കാര്യങ്ങളില്‍ ഭാരതമാണ് ലോകത്തിലെ രാഷ്ട്രങ്ങളിലെല്ലാംവെച്ചു പ്രഥമവും അഗ്രഗണ്യവുമെന്നു നിവര്‍ന്നുനിന്നു ധീരമായി പ്രഖ്യാപിക്കാന്‍ എനിക്കു സിദ്ധിച്ച ലോകാനുഭവം എന്നെ പ്രേരിപ്പിക്കുന്നു. ചെറിയ ഈ സംഗതി തന്നെ നോക്കുക. കഴിഞ്ഞ നാലഞ്ചു സംവത്‌സരത്തിനിടയില്‍ വമ്പിച്ച രാഷ്ട്രീയപരിണാമങ്ങള്‍ നടന്നിട്ടുണ്ട്. പല രാജ്യങ്ങളിലും നിലവിലുള്ള വ്യവസ്ഥകളെല്ലാം തള്ളിമറിച്ചിടുവാന്‍വേണ്ടി വലിയ സംഘടനകള്‍ രൂപപ്പെട്ട് കുറേയൊക്കെ സഫലമായി പാശ്ചാത്യലോകത്തിലെങ്ങും പ്രവര്‍ത്തിച്ചുവരികയാണ്. ഇവയെക്കുറിച്ച് വല്ലതും കേട്ടിട്ടുണ്ടോ എന്ന് നമ്മുടെ ആളുകളോടു ചോദിച്ചുനോക്കുക. ഇവയെക്കുറിച്ചൊന്നും ഒരു വാക്കും അവര്‍ കേട്ടിട്ടില്ല. എന്നാല്‍ ഷിക്കാഗോവില്‍ ഒരു മതമഹാസമ്മേളനം നടന്നെന്നും, അതിലേക്ക് ഭാരതത്തില്‍നിന്ന് ഒരു സന്ന്യാസിയെ അയച്ചിരുന്നെന്നും, അദ്ദേഹത്തിനു നല്ല ഒരു സ്വീകരണമാണ് കിട്ടിയതെന്നും അതിനുശേഷം അദ്ദേഹം പടിഞ്ഞാറന്‍ നാടുകളില്‍ പ്രവര്‍ത്തിച്ചുവരുന്നെന്നും വെറും പിച്ചക്കാരനുപോലും അറിയാം.

നമ്മുടെ സാമാന്യജനതയുടെ ബുദ്ധിക്കു കൂര്‍മ്മതയില്ലെന്നും, അവര്‍ക്കു വിദ്യാഭ്യാസം വേണമെന്നേ ഇല്ലെന്നും, ഒരുതരം വാര്‍ത്തയിലും അവര്‍ക്കു താല്പര്യമില്ലെന്നും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അത്തരം അഭിപ്രായത്തിന്റെ നേര്‍ക്ക് ബുദ്ധിശൂന്യമായ ഒരു ചായ്‌വ് ഒരു കാലത്ത് എനിക്കുമുണ്ടായിരുന്നു. എന്നാല്‍ വന്‍തോതിലുള്ള വെറും സങ്കല്പങ്ങളെയും, ഭൂഗോളപര്യടനക്കാരും എടുത്തുചാട്ടക്കാരായ നിരീക്ഷകരും എഴുതുന്ന അസംഖ്യം പുസ്തകങ്ങളെയും അപേക്ഷിച്ച് എത്രയധികം പ്രശംസനീയനായ ഒരു ഗുരുവാണ് സ്വാനുഭവമെന്നു ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. പ്രസ്തുതമായ അനുഭവം എന്നെ പഠിപ്പിക്കുന്നു, നമ്മുടെ സാമാന്യജനങ്ങള്‍ ബുദ്ധിശൂന്യരല്ലെന്ന്, അലസരല്ലെന്ന്, ലോകത്തിലുള്ള മറ്റേതു വംശ്യര്‍ക്കുമെന്നപോലെ അവര്‍ക്കുമുണ്ട് വൃത്താന്തങ്ങളറിയാന്‍ തിടുക്കവും ദാഹവുമെന്ന്. എന്നാല്‍ ഓരോ ജനതയ്ക്കും നിര്‍വഹിക്കാനുള്ള കര്‍ത്തവ്യം ഓരോന്നാണ്. ഓരോ ജനതയ്ക്കും അതിന്‍േറതായ സവിശേഷതകളും വ്യക്തിത്വവും ഉണ്ട്. സ്വാഭാവികമായിട്ടേ ഇവയോടൊത്താണ് ജനതകളുടെ ആവിര്‍ഭാവം തന്നെ. ഓരോ ജനതയുടെയും നില, സംഗീതത്തില്‍ ഓരോ രാഗവിശേഷത്തിനുള്ളതാണെന്നു വേണമെങ്കില്‍ പറയാം. ഈ രാഗവിശേഷമാണ് അതിന്റെ ജീവിതവും ഓജസ്സും. ജനതാജീവിതത്തിന്റെ നട്ടെല്ല്, അടിത്തറ, താങ്ങായ പാറക്കെട്ട്, ഈ രാഗവിശേഷത്തിലത്രേ സ്ഥിതി ചെയ്യുന്നത്. നമ്മുടെ അനുഗൃഹീതമായ ഈ ഭൂമിയില്‍, അടിത്തറയും നട്ടെല്ലും ജീവിതകേന്ദ്രവും മതമാണ്, മതംമാത്രമാണ്. രാഷ്ട്രതന്ത്രത്തെയും, വാണിജ്യജന്യമായ വിത്തവൈപുല്യം കൈവരുത്തുന്ന ശ്ലാഘ്യതയെയും, കച്ചവടമനഃസ്ഥിതിയുടെ പ്രഭാവത്തെയും വ്യാപകതയെയും, കായികസ്വാതന്ത്ര്യത്തിന്റെ പ്രശസ്യമായ ആ ഉറവിടത്തെയും കുറിച്ച് മറ്റുള്ളവര്‍ പ്രസംഗിക്കട്ടെ. ഇതൊന്നും ഹിന്ദുവിനു മനസ്സിലാകയില്ല, മനസ്സിലാക്കാന്‍ ആഗ്രഹവുമില്ല. ആദ്ധ്യാത്മികത, മതം, ഈശ്വരന്‍, ആത്മാവ്, അപരിമിതത്വം, ആത്മാവിന്റെ സ്വാതന്ത്ര്യം – ഇവയെപ്പറ്റി ഹിന്ദുവിനെ പരീക്ഷിക്കുക: ഞാന്‍ ഉറപ്പു തരുന്നു, ഭാരതത്തില്‍ ഇങ്ങേയറ്റത്തെ കൃഷിക്കാരുന്നുപോലും മറുനാടുകളിലെ ദാര്‍ശനികം അന്യരെക്കാള്‍ ഈ വിഷയങ്ങളെപ്പറ്റി കൂടുതല്‍ ആശാസ്യമായ അറിവുണ്ടെന്ന്. മാന്യരേ, ലോകത്തെ പഠിപ്പിക്കേണ്ടതായി ഇന്നും ചില സംഗതികള്‍ നമുക്കുണ്ടെന്ന് ഞാന്‍ പറഞ്ഞുവല്ലോ. അതുകൊണ്ടാണ്, അതിനുവേണ്ടിയാണ്, ശതകങ്ങളായി നീണ്ടുനിന്ന നിപീഡനങ്ങളും ഏതാണ്ടൊരു സഹസ്രാബ്ദത്തോളം നീണ്ടുനിന്ന വൈദേശികഭരണവും വൈദേശികമര്‍ദ്ദനവുമുണ്ടായിട്ടും, ഭാരതീയജനത ഇന്നും സജീവമായി നിലകൊള്ളുന്നത്. ഈ ജനത ഇന്നും ജീവിച്ചിരിക്കുന്നു. ഈ നിലനില്പിനു കാരണം, ഈശ്വരനെ, മതത്തിന്റെയും ആദ്ധ്യാത്മികതയുടെയും ഭണ്ഡാഗാരത്തെ, ഭാരതീയജനത മുറുകെ പിടിക്കുന്നു എന്നതത്രേ.

ഈ നാട്ടില്‍ ഇന്നും മതവും ആദ്ധ്യാത്മികതയും നിലനില്ക്കുന്നു. ഈ ഉത്‌സവങ്ങള്‍ കവിഞ്ഞൊഴുകി ലോകത്തെ ആപ്ലാവനം ചെയ്യണം. അങ്ങനെ വേണം പാശ്ചാത്യവും അല്ലാതെയുമുള്ള ജനതകള്‍ക്ക് പുതുതായ ജീവിതവും ഓജസ്സുമുണ്ടാകാന്‍. ഇപ്പോഴവര്‍ മിക്കവാറും നിലംപറ്റി, പകുതി മരിച്ച്, രാഷ്ട്രീയലോഭങ്ങള്‍കൊണ്ടും സാമൂഹ്യോപജാപങ്ങള്‍കൊണ്ടും നികൃഷ്ടരായിക്കിടക്കയാണ്. ഭാരതത്തിന്റെ അന്തരീക്ഷത്തില്‍ ഇണങ്ങുന്നവയും പിണങ്ങുന്നവയുമായ പല ശബ്ദങ്ങളും, കുഴഞ്ഞുമറിയുന്ന പല ഒച്ചപ്പാടുകളും മാറ്റൊലിക്കൊള്ളുന്നുണ്ട്. അവയുടെയെല്ലാം ഇടയില്‍നിന്നുയരുന്ന പരമവും ഹൃദയംഗമവും പരിപൂര്‍ണ്ണവുമായ ഒരു നാദമത്രേ ‘ത്യാഗം’. ത്യജിക്കുക! അതാണ് ഭാരതീയമതങ്ങളുടെയെല്ലാം മുദ്രാവാക്യം. രണ്ടു നാളത്തേക്കുള്ള ഒരു വിഭ്രമമത്രേ ഈ ലോകം. നിലവിലുള്ള ജീവിതം അഞ്ചു മിനിട്ടു നേരത്തേക്ക്. അപ്പുറത്താണ് അപരിമിതത്വം, വിഭ്രമമായ ഈ ലോകത്തിന്നപ്പുറത്ത്. അതു നമുക്കന്വേഷിക്കാം. അപരിമിതമായ ഈ പ്രപഞ്ചത്തെ വെറും ചെളിക്കുണ്ടായി കരുതുന്ന ധീരവും ബൃഹത്തുമായ മനസ്സും ബുദ്ധിയുമുള്ളവരാണ് ഈ ഭൂഖണ്ഡത്തെ സമുജ്വലമാക്കിയിട്ടുള്ളത: അപ്പുറത്തേക്ക്, അതിനുമപ്പുറത്തേക്ക് അവര്‍ പോകുന്നു, കാലം അപരിമിതമായ കാലംപോലും, ഇല്ലാത്ത ഒന്നത്രേ അവര്‍ക്ക്. അപ്പുറത്തേക്ക്, കാലത്തിനുമപ്പുറത്തേക്ക് അവര്‍ പോകുന്നു. ദേശം അവര്‍ക്ക് ഗണ്യമല്ല: അതിനുമപ്പുറത്തേക്കു പോകാന്‍ അവര്‍ വെമ്പുന്നു. പ്രാതിഭാസികത്തിനപ്പുറത്തു പോകുന്നതാണ് മതത്തിന്റെ ഉയിര്. എന്റെ ജനതയുടെ ലക്ഷണമാണ് അതിവര്‍ത്തന ശീലം, അപ്പുറത്തുപോകുവാനുള്ള പോരാട്ടം, പ്രകൃതിയുടെ മുഖത്തുനിന്നു മൂടുപടം വലിച്ചുനീക്കുവാനും, അങ്ങനെ എന്തു വിലകൊടുത്തും എന്തപകടങ്ങള്‍ വരിച്ചും അപ്പുറത്തുള്ളതിന്റെ ഒരു ദര്‍ശനം നേടുവാനുമുള്ള ചങ്കൂറ്റം – അതാണ് നമ്മുടെ ആദര്‍ശം.

സ്വാഭാവികമായി ഒരു നാട്ടിലുള്ളവര്‍ക്കെല്ലാം നിശ്ശേഷം ത്യാഗം ചെയ്യാനാവില്ല. അവരെ ഉത്‌സാഹഭരിതരാക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍, ഇതാണ് അതിനുള്ള വഴി. രാഷ്ട്രതന്ത്രം, സാമൂഹ്യമായ പുനര്‍ജ്ജനനം, ധനാര്‍ജ്ജനം. വാണിജ്യമനോഭാവം – ഇവയെക്കുറിച്ചൊക്കെയുള്ള നിങ്ങളുടെ പ്രസംഗങ്ങള്‍, താറാവിന്റെ മുതുകില്‍നിന്നു വെള്ളമെന്നോണം, അവരെ തൊടാതെ വഴുതിപ്പോകും. അപ്പോള്‍ നിങ്ങള്‍ക്ക് ലോകത്തെ പഠിപ്പിക്കാനുള്ളത് ഈ ആദ്ധ്യാത്മികതയാണ്. നമുക്ക് മറ്റെന്തെങ്കിലും പഠിക്കാനുണ്ടോ, ലോകത്തില്‍നിന്നും വല്ലതും ധരിക്കാനുണ്ടോ? ഉണ്ട്, ഭൗതികവിജ്ഞാനത്തിലും, സംഘടനാ പ്രഭാവത്തിലും, ശക്തികള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിലും, ഏറ്റവും ചെറിയ കാരണങ്ങളില്‍നിന്ന് ഏറ്റവും മെച്ചപ്പെട്ട ഫലങ്ങള്‍ ഉളവാക്കുന്നതിലും, ഒരുപക്ഷേ കുറച്ചൊക്കെ നമുക്കു നേടാനുണ്ടാവാം. ഒരുപക്ഷേ ക്ലിപ്തമായ തോതില്‍ പടിഞ്ഞാറുനിന്നു നമുക്കിതു പഠിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ തിന്നുക കുടിക്കുക രസിക്കുക എന്ന ആദര്‍ശം ഭാരതത്തില്‍ പ്രസംഗിച്ചാല്‍, ജഡലോകത്തെ ദിവ്യതയിലേക്കുയര്‍ത്താന്‍ മുതിര്‍ന്നാല്‍, ആ മനുഷ്യന്‍ ഒരു മിഥ്യാവാദിയാണ്. ഈ പുണ്യഭൂമിയില്‍ അയാള്‍ക്കു സ്ഥാനമില്ല. ഭാരതീയമനസ്സ് അയാളുടെ വാക്കുകള്‍ ശ്രദ്ധിക്കില്ല. അതേ! പാശ്ചാത്യപരിഷ്‌കാരത്തിനു പളപളപ്പും തിളക്കവുമുണ്ടെങ്കിലും, മിനുസവും അദ്ഭുതകരമായ പ്രതാപാവിഷ്‌കാരവുമുണ്ടെങ്കിലും, ഞാന്‍ നേരിട്ട് അവരോടു പറയുന്നു, ഇതൊക്കെ വ്യര്‍ത്ഥമാണെന്ന്: തുച്ഛങ്ങളില്‍വെച്ചു തുച്ഛമാണിതൊക്കെ. ഈശ്വരന്‍മാത്രം ജീവിക്കുന്നു. ആത്മാവുമാത്രം ജീവിക്കുന്നു. ആദ്ധ്യാത്മികതമാത്രം ജീവിക്കുന്നു. അതു മുറുകെ പിടിക്കുക.

എങ്കിലും, അത്യുത്കൃഷ്ടമായ സത്യങ്ങള്‍ ഗ്രഹിക്കാനാവാത്ത നമ്മുടെ സഹോദരന്മാരില്‍ പലര്‍ക്കും നമ്മുടെ ആവശ്യത്തിനൊത്തവണ്ണം മയപ്പെടുത്തിയെടുത്ത ഒരുതരം ഭൗതികത്വം ഒരുപക്ഷേ അനുഗ്രഹമായേക്കാം. എല്ലാ നാടുകളിലും എല്ലാ സമുദായങ്ങളിലും ഉണ്ടായിട്ടുള്ള ഒരു തെറ്റുണ്ട്. ആ തെറ്റ്, അതിനെപ്പറ്റി എപ്പോഴും ബോധമിരുന്നിട്ടും, ഈയിടെയായി ഈ ഭാരതത്തിലും പറ്റിയിരിക്കുന്നു എന്നതാണ് അത്യന്തം ഖേദകരം; അതായത്, അനധികാരികളുടെമേല്‍ അവര്‍ക്കു ധരിക്കാനാവാത്ത അത്യുത്കൃഷ്ടസത്യങ്ങള്‍ അടിച്ചേല്പിക്കുക. എന്റെ രീതി നിങ്ങളുടേതുമാകണമെന്നില്ല. ഹൈന്ദവജീവിതാദര്‍ശം, നിങ്ങള്‍ക്കറിയാം, സംന്യാസമാണെന്ന്. എല്ലാവരും ത്യജിക്കണമെന്ന് നമ്മുടെ ശാസ്ര്തങ്ങള്‍ നിര്‍ബ്ബന്ധിക്കുന്നുണ്ട്. ഐഹികഫലങ്ങള്‍ അനുഭവിച്ചിട്ടുള്ള ഓരോ ഹിന്ദുവും ജീവിതത്തിന്റെ സായാഹ്‌നത്തില്‍ ത്യാഗമനുഷ്ഠിക്കേണ്ടതാണ്. അങ്ങനെ ചെയ്യാത്തവന്‍ ഹിന്ദുവല്ല: ഹിന്ദുവെന്ന് സ്വയം വിളിക്കുവാന്‍ അവകാശിയുമല്ല. പദാര്‍ത്ഥങ്ങളുടെയെല്ലാം അസാരത കണ്ടനുഭവിച്ചുകഴിഞ്ഞാല്‍ അവയെ ത്യജിക്കുക – ഇതാണ് ആദര്‍ശമെന്ന് നമുക്കറിയാം. ഭൗതികലോകത്തിന്റെ ഉള്ളു പൊള്ളയാണ്. വെറും ചാമ്പലേ അതിലുള്ളൂ എന്നു കണ്ടുപിടിച്ചിട്ട് അതു ത്യജിക്കുക: പിന്‍വാങ്ങുക. ഇന്ദ്രിയങ്ങളുടെ നേര്‍ക്ക് മനസ്സു വട്ടമിട്ടടുക്കുകയാണോ എന്നു തോന്നും: ആ മനസ്സ് പിന്നോട്ടു വട്ടമിട്ടു മാറണം. പ്രവൃത്തി ഒടുങ്ങണം, നിവൃത്തി തുടങ്ങണം. അതാണാദര്‍ശം. പക്ഷേ കുറേയൊക്കെ അനുഭവസമ്പത്തുണ്ടായതിനുശേഷമേ ആ ആദര്‍ശം സാക്ഷാത്കരിക്കാന്‍ കഴിയൂ. ഒരു ശിശുവിനെ ത്യാഗസത്യം പഠിപ്പിക്കുക സാദ്ധ്യമല്ല. ശിശു ജന്മനാ ശുഭവാദിയാണ്. അവന്റെ ജീവിതം മുഴുക്കെ അവന്റെ ഇന്ദ്രിയങ്ങളിലത്രേ. അവന്റെ ജീവിതം മുഴുക്കെ ഇന്ദ്രിയസുഖങ്ങളുടെ സംഘാതമാണ്. ഓരോ സമുദായത്തിലുമുണ്ട് ശിശുപ്രകൃതികളായ മനുഷ്യര്‍: കുറേ അനുഭവങ്ങള്‍, കുറേ സുഖങ്ങള്‍, കൈവന്നിട്ടേ അവയുടെ ശൂന്യത അവര്‍ക്കു കണ്ടറിയാന്‍ കഴിയൂ. എന്നിട്ടു വേണം അവര്‍ക്കു സന്ന്യാസം സാദ്ധ്യമാകുക. അവര്‍ക്കു പറ്റിയ നിബന്ധനകള്‍ വേണ്ടുവോളം നമ്മുടെ മതഗ്രന്ഥങ്ങള്‍ നല്കുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, അര്‍വാചീനകാലങ്ങളില്‍ എല്ലാവരെയും ഒരുപോലെ സന്ന്യാസിയുടെ നിയമങ്ങള്‍കൊണ്ടു കെട്ടി മുറുക്കാന്‍ ഒരു വാസന തെളിഞ്ഞുകാണായി. അതൊരു വലിയ പിശകാണ്. അതില്ലായിരുന്നെങ്കില്‍, ഭാരതത്തില്‍ കാണുന്ന ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ഗണ്യമായ ഒരു ഭാഗം ഉണ്ടാകുമായിരുന്നില്ല. ഒരു ദരിദ്രന്റെ ജീവിതത്തെ അവന്നാവശ്യമില്ലാത്ത വമ്പിച്ച ആദ്ധ്യാത്മികനിയമങ്ങളും ധാര്‍മ്മികനിബന്ധനകളുമാണ് മുറുകെ കെട്ടിച്ചുറ്റിവെച്ചിട്ടുള്ളത്. അവനെ തൊട്ടുപോകരുത്! ആ പാവത്തിനു കുറച്ചൊക്കെ സുഖഭോഗങ്ങള്‍ കൈവരട്ടെ. അപ്പോഴവന്‍ തനിയെ ഉയരും, സന്ന്യാസം വരികയും ചെയ്യും. ഈ വിഷയത്തില്‍, ഒരുപക്ഷേ, പാശ്ചാത്യര്‍ക്കു നമ്മെ കുറേയൊക്കെ പഠിപ്പിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ നന്നെ സൂക്ഷിച്ചു വേണം നമുക്ക് ഇതൊക്കെ പഠിക്കാന്‍. പാശ്ചാത്യരുടെ ആശയങ്ങള്‍ ഗ്രഹിച്ചിട്ടുള്ളവരുടെ പ്രതിനിധികളായി ഈയിടെ കണ്ടുമുട്ടുന്നവരില്‍ അധികംപേരും ഏറെക്കുറെ പരാജയമടഞ്ഞവരാണെന്നു പറയേണ്ടിവരുന്നതില്‍ എനിക്കു ഖേദമുണ്ട്.

( രാമനാട്ടിലെ സ്വാഗതത്തിനു മറുപടി – തുടരും )