ഭാരതത്തിലിന്നു നമ്മുടെ മാര്‍ഗ്ഗത്തില്‍ വമ്പിച്ച രണ്ടു പ്രതിബന്ധങ്ങളാണുള്ളത് – പഴയ മാമൂലുകളിലുള്ള വിശ്വാസമെന്ന പാറക്കെട്ടും, ആധുനികയൂറോപ്യന്‍പരിഷ്‌കാരമെന്ന നീര്‍ച്ചുഴിയും. ഇവ രണ്ടില്‍ മാമൂല്‍പ്രിയതയ്ക്കാണ് എന്റെ സമ്മതി: യൂറോപ്യന്‍ പരിഷ്‌കാരപ്പൂച്ചിട്ടു മിനുക്കിയ സമ്പ്രദായത്തിനല്ല. കാരണം, പഴയ മാമൂല്‍ക്കാരന്‍ അജ്ഞനാവാം, മുരടനാവാം: എങ്കിലും അയാള്‍ മനുഷ്യനാണ്. അയാള്‍ക്കു ശ്രദ്ധയുണ്ട്, ശക്തിയുണ്ട്. തന്‍കാലിലാണ് അയാള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഇതേ സമയം യൂറോപ്യനായിച്ചമഞ്ഞവന്നു നട്ടെല്ലില്ല. ഒരു ചിട്ടയുമില്ലാതെ കണ്ടിടത്തു നിന്നെല്ലാം പെറുക്കിയെടുത്തും പൊരുത്തപ്പെടാത്തതുമായ ആശയങ്ങളുടെ ഒരു ചുമടുമാത്രമാണയാള്‍: ഈ ആശയങ്ങളോടു സാത്മ്യപ്പെട്ടിട്ടില്ല: ഇവ ദഹിച്ചിട്ടില്ല: പൊരുത്തപ്പെട്ടിട്ടുമില്ല. തന്‍കാലിലല്ല അയാള്‍ നില്ക്കുന്നത്. അയാളുടെ തല സദാ ചുറ്റുകയാണ്. അയാളുടെ പ്രവൃത്തിക്കുള്ള പ്രചോദനം എവിടെ നിലകൊള്ളുന്നു? ഇംഗ്ലീഷുകാരുടെ പ്രസാദസൂചകമായ കുറെ തലോടലുകളില്‍. അയാളുടെ പരിഷ്‌കാരപദ്ധതികള്‍, സാമൂഹ്യമായ ചില അനാചാരങ്ങള്‍ക്കെതിരായുള്ള അയാളുടെ ഉല്‍ബണമായ അപഭാഷണങ്ങള്‍ – ഇവയ്‌ക്കെല്ലാമുള്ള പ്രചോദനം നിലകൊള്ളുന്നത് കുറെ യൂറോപ്യന്മാരുടെ അനുഗ്രഹഹസ്തങ്ങളിലാണ്. നമ്മുടെ ചില ആചാരങ്ങള്‍ എന്തുകൊണ്ടു ചീത്തയാണെന്നു പറയുന്നു? യൂറോപ്യന്മാര്‍ അങ്ങനെ പറയുന്നതുകൊണ്ട്. ഏതാണ്ട് ഇത്തരത്തിലാണ് അയാളുടെ യുക്തി. ഇതിന് കീഴടങ്ങാന്‍ ഞാന്‍ തയ്യാറില്ല. സ്വന്തം ബലത്തില്‍ നില്ക്കണം: മരിക്കണം. പാപമായി എന്തെങ്കിലുമൊന്നു ലോകത്തിലുണ്ടെങ്കില്‍ അതു ദുര്‍ബ്ബലതയാണ്. ദൗര്‍ബ്ബല്യമെല്ലാം പരിഹരിക്കണം: കാരണം, ദൗര്‍ബ്ബല്യമാണ് പാപം, ദൗര്‍ബ്ബല്യമാണ് മരണം. ഉറച്ച ഒരു നില സാദ്ധ്യമല്ലാത്ത ഈ ജന്തുക്കള്‍ക്ക് ഇനിയും സ്ഫുടമായ വ്യക്തിത്വമുണ്ടായിട്ടില്ല. എന്തു പേരാണ് അവര്‍ക്കു നല്കാവുന്നത്! ആണുങ്ങള്‍? പെണ്ണുങ്ങള്‍? ജന്തുക്കള്‍? പഴയ ആ മാമൂല്‍പ്രിയന്മാര്‍ക്കു മുറുക്കമുണ്ടായിരുന്നു: അവര്‍ ആണുങ്ങളായിരുന്നു. ഇന്നും കുറേ മികവുറ്റ മാതൃകകളുണ്ട്. ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കുവാനാഗ്രഹിക്കുന്ന മാതൃക നിങ്ങളുടെ രാമനാട്ടുരാജാവുതന്നെ. ഭാരതത്തില്‍ നെടുകെയും കുറുകെയും നോക്കിക്കൊള്ളൂ – ഇദ്ദേഹത്തെക്കാള്‍ കൂടുതല്‍ ഉത്‌സാഹസമ്പന്നനായ ഒരു ഹിന്ദുവിനെ കണ്ടുകിട്ടില്ല. പൗരസ്ത്യവും പാശ്ചാത്യവുമായ വൃത്താന്തങ്ങളെക്കുറിച്ച് ഇദ്ദേഹത്തെക്കാള്‍ അറിവുള്ള മറ്റൊരു രാജാവില്ല. ഓരോ ജനതയില്‍നിന്നും ആവുന്നവണ്ണം ഇദ്ദേഹം നല്ലതൊക്കെ സ്വീകരിക്കുന്നുണ്ട്.
”അന്ത്യവര്‍ണ്ണത്തില്‍നിന്നുപോലും ശ്രദ്ധയോടെ അറിവു നേടുക: പറയനില്‍നിന്നു പോലും സേവാപുരസ്സരം മുക്തിയിലേക്കുള്ള മാര്‍ഗ്ഗം വശമാക്കുക: ഹീനകുടുംബത്തില്‍നിന്നായാലും സ്ര്തീരത്‌നത്തെ പരിഗ്രഹിക്കുക.” ഇതാണ് നമ്മുടെ മഹാനും നിസ്തുലനുമായ ധര്‍മ്മശാസ്ര്തകാരന്‍, ദിവ്യനായ മനു, നല്കിയിട്ടുള്ള നിയമം. ഇതു ശരിയാണ്. തന്‍കാലില്‍ നല്ക്കുക: ആവുന്നതിനോടെല്ലാം സാത്മ്യപ്പെടുക: ഓരോ ജനതയില്‍ നിന്നും പഠിക്കുക. നിങ്ങള്‍ക്കുപകരിക്കുന്നതെല്ലാം കൈക്കൊള്ളുക. എന്നാല്‍, ഹിന്ദുക്കളെന്ന നിലയില്‍, നമ്മുടെ ജനതാദര്‍ശനങ്ങള്‍ക്ക് മറ്റുള്ളതെല്ലാം കീഴ്‌പ്പെടണമെന്നോര്‍മ്മിക്കുക. ജീവിതത്തില്‍ ഓരോ മനുഷ്യന്നും നിറവേറ്റേണ്ട ഓരോ ചുമതലയുണ്ട്. ഇത് അയാളുടെ അനന്തമായ പൂര്‍വകര്‍മ്മത്തില്‍നിന്നു രൂപപ്പെട്ടുവന്നതാണ്. നിങ്ങളില്‍ ഓരോരുത്തനും ഉജ്വലമായ ഒരു പൈതൃകസമ്പത്തോടുകൂടിയാണ് ജനിച്ചിട്ടുള്ളത്. പ്രശംസനീയമായ ഭാരതീയജനതയ്ക്ക് ആകമാനമുള്ളതും അനന്തവുമായ പൂര്‍വജീവിതമത്രേ ആ സമ്പത്ത്. നിങ്ങളുടെ ഓരോ പ്രവൃത്തിയെയും നിങ്ങളുടെ ദശലക്ഷം പൂര്‍വികന്മാര്‍ ഏതാണ്ട് ഉറ്റുനോക്കിയിരിക്കയാണെന്നു പറയാം: അതിനാല്‍ ജാഗ്രതയായിരിക്കണം. ഓരോ ഹൈന്ദവശിശുവും എന്തു ചുമതലയോടുകൂടിയാണ് ജനിക്കുന്നത്? ബ്രാഹ്മണനെപ്പറ്റി മനു ചെയ്തിട്ടുള്ള സാഭിമാനമായ ആ പ്രഖ്യാപനം വായിച്ചിട്ടില്ലേ? ബ്രാഹ്മണന്റെ ജന്മം ധര്‍മ്മകോശത്തിന്റെ ഗുപ്തിക്കുവേണ്ടിയാണ്. ബ്രാഹ്മണന്റ മാത്രമല്ല ഈ പുണ്യഭൂമിയില്‍ ജനിക്കുന്ന ഓരോ ശിശുവിന്റെയും – ആണാകട്ടെ പെണ്ണാകട്ടെ – ചുമതലയാണത് എന്നു പറയാനാണ് എനിക്കു തോന്നുന്നത്. ‘ധര്‍മ്മകോശത്തിന്റെ ഗുപ്തിക്കുവേണ്ടി’; മറ്റു ജീവിതപ്രശ്‌നങ്ങളെല്ലാം ആ പ്രധാനവിഷയത്തിനു കീഴ്‌പ്പെടണം. സംഗീതത്തിന്റെ താളലയനിയമവും അതാണ്. ഒരു ജനതയുടെ ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്ന വ്യാപാരം രാഷ്ട്രീയസമുന്നതിയാണെന്നും മതവും മറ്റും ആ മുഖ്യമായ വ്യാപാരത്തിനു കീഴ്‌പ്പെടണമെന്നും വരാം. എന്നാല്‍ ഇതാ മറ്റൊരു ജനത. ആദ്ധ്യാത്മികതയും സന്ന്യാസവുമാണ് അതിന്റെ മികച്ച ജീവിതവ്യാപാരം. ഈ ജനതയുടെ മുദ്രാവാക്യം, പ്രപഞ്ചം വെറും മിഥ്യയും മൂന്നുനാള്‍ നിലകൊള്ളുന്ന ഒരു ഭ്രമവുമാണെന്നത്രേ. അപ്പോള്‍ മറ്റുള്ളതെല്ലാം – ശാസ്ര്തമോ ജ്ഞാനമോ ഭോഗമോ ശക്തിയോ ധനമോ പേരോ പുകഴോ, എന്തായാലും ശരി – ആ ഒരു വ്യാപാരത്തിനു കീഴ്‌പ്പെടണം. ഇതാണ് ഒരു തനി ഹിന്ദുവിന്റെ സ്വഭാവരഹസ്യം.
യൂറോപ്യന്‍ശാസ്ര്തങ്ങളെക്കുറിച്ചുള്ള അറിവും പാണ്ഡിത്യവും പണവും നിലയും പേരുമെല്ലാം ഓരോ ഹൈന്ദവശിശുവിന്റെയും കൂടെപ്പിറപ്പായ ആ മുഖ്യവ്യാപാരത്തിനു കീഴ്‌പ്പെട്ടിരിക്കുന്നു. മുഖ്യമായ ആ വ്യാപാരം ആദ്ധ്യാത്മികതയും വംശത്തിന്റെ പരിശുദ്ധിയും പുലര്‍ത്തുകയാണ്. അതിനാല്‍ സ്വവംശ്യരുടെ ജീവിതധാര മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ആ മാമൂല്‍പ്രിയനെയും, ഉജ്ജീവകമായ ആദ്ധ്യാത്മികതയില്‍ പിടിപാടില്ലാതെ പാശ്ചാത്യമായ കൃത്രിമരത്‌നങ്ങള്‍ കൈനിറയെ വെച്ചിട്ടുള്ള ആ പരിഷ്‌കാരിയെയും തമ്മില്‍ തട്ടിച്ചുനോക്കിയാല്‍, മാമൂല്‍പ്രിയനെയാണ് നാം അംഗീകരിക്കേണ്ടതെന്ന് എല്ലാവരും സമ്മതിക്കുമെന്നത്രേ എന്റെ ദൃഢവിശ്വാസം. കാരണം. ഒന്നാമന്‍ ആശയ്ക്ക് ഇടം നല്കുന്നുണ്ട്, ജനതയുടേതായ ആ മുഖ്യവ്യാപാരം കൈക്കൊണ്ടിട്ട്. അതയാള്‍ക്കു മുറുകെ പിടിക്കാം. അതുകൊണ്ട് അയാള്‍ക്കു ജീവനുണ്ടായിരിക്കും: മറ്റവന്‍ തുലയും. വ്യക്തികളെ സംബന്ധിച്ചെങ്ങനെയോ അങ്ങനെതന്നെ ജനതയെ സംബന്ധിച്ചും. ജീവിതത്തിന്റെ മൗലികതത്ത്വത്തിനു തകരാറില്ലെങ്കില്‍, അത് അഭംഗുരമായി പ്രവര്‍ത്തിച്ചുപോന്നാല്‍, മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു ക്ഷതമേറ്റാലും വ്യക്തികള്‍ മരിക്കില്ല. അതുപോലെ നമ്മുടെ ജീവിതത്തിലെ ഈ പുണ്യപ്രവര്‍ത്തനത്തിനു തകരാറു പിണയാത്തിടത്തോളം നമ്മുടെ ജനതയെ നശിപ്പിക്കാന്‍ ഒന്നിനും കഴിയില്ല. ആദ്ധ്യാത്മികതയെ വെടിഞ്ഞാലോ, അതു തള്ളിനീക്കി ജഡീകരിക്കുന്ന പാശ്ചാത്യപരിഷ്‌കാരത്തിന്റെ പിമ്പേ പോയാലോ, മൂന്നു തലമുറകള്‍ക്കിടയില്‍ വംശോച്ഛേദമുണ്ടാകുമെന്നു ധരിക്കുക. കാരണം, ജനതയുടെ നട്ടെല്ലു തകര്‍ന്നുപോകും: ജനതാ സൗധത്തിന്റെ അടിത്തറ ഇളകിമറിയും: ഫലം, എമ്പാടും സര്‍വനാശം.
സുഹൃത്തുക്കളേ, അതിനാല്‍ ആദ്യവും മുഖ്യവുമായി ആദ്ധ്യാത്മികതയെ മുറുകെപ്പിടിക്കുന്നതാണ് നമ്മുടെ രക്ഷാമാര്‍ഗ്ഗം. പുരാതനരായ നമ്മുടെ പൂര്‍വ്വികര്‍ തലമുറകളിലൂടെ നമുക്കായി നല്കിയിട്ടുള്ള വിലതീരാത്ത ഒരു ദാനമത്രേ ഈ ആദ്ധ്യാത്മികത. ഈടുറ്റ കൊട്ടാരങ്ങളില്‍ വാണ് പാവങ്ങളെ കൊള്ളചെയ്തുവന്ന കവര്‍ച്ചക്കാരായ പ്രഭുക്കന്മാരില്‍നിന്നല്ല, കാടുകളില്‍ പാര്‍ത്തുവന്ന അര്‍ദ്ധനഗ്‌നരായ താപസന്മാരില്‍നിന്നാണ് സ്വപരമ്പര ഉണ്ടായിട്ടുള്ളതെന്നു കാട്ടാന്‍ വെമ്പുന്ന മഹാരാജാക്കന്മാരുള്ള ഒരു രാജ്യത്തെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടോ? നമ്മളുടേതാണ് ആ രാജ്യം. മറ്റു രാജ്യങ്ങളില്‍ പ്രമുഖരായ പുരോഹിതന്മാര്‍ തങ്ങളുടെ കുലപരമ്പര വല്ല രാജാക്കന്മാരിലും നിന്നാണുണ്ടായതെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇവിടെയാകട്ടെ, മഹത്തരന്മാരായ രാജാക്കന്മാര്‍ തങ്ങളുടെ കുലപരമ്പര പുരാതനനായ വല്ല ഋഷിയും സ്ഥാപിച്ചു എന്നു കാട്ടാനാണ് വെമ്പുന്നത്. അതിനാല്‍ നിങ്ങള്‍ ആദ്ധ്യാത്മികതയില്‍ വിശ്വസിച്ചാലും ശരി, ഇല്ലെങ്കിലും ശരി, സ്വജനതയുടെ ജീവിതത്തോടു പൊരുത്തപ്പെടാന്‍ ആദ്ധ്യാത്മികതയെ വിടാതെ മുറുകെ പിടിക്കേണ്ടിയിരിക്കുന്നു. പിന്നെ മറ്റേ കൈ നീട്ടി അന്യനരവംശങ്ങളില്‍നിന്നു കിട്ടുന്നിടത്തോളം മേടിക്കുക. എന്നാല്‍ അതൊക്കെ ആ ഒരു ജീവിതാദര്‍ശത്തിനു കീഴ്‌പ്പെടുത്തുക. അതില്‍ നിന്ന് അദ്ഭുതകരവും പ്രശംസനീയവുമായ ഭാവിഭാരതം രൂപപ്പെടും. അതു വരുമെന്ന് എനിക്കു നിശ്ചയമുണ്ട് – മുമ്പുണ്ടായിരുന്നതിനെക്കാളെല്ലാം വലുതായ ഒരു ഭാരതം. പഴയ ഋഷിമാരെക്കാളെല്ലാം വലിയ ഋഷിമാരുണ്ടാകും. നിങ്ങളുടെ പൂര്‍വ്വികന്മാര്‍ തൃപ്തരാകുക മാത്രമല്ല, ഇത്രയേറെ പ്രശംസനീയരും മഹനീയരുമായ പിന്‍തുടര്‍ച്ചക്കാരെ കണ്ട് സ്വസ്ഥാനങ്ങളിലിരുന്ന് അഭിമാനംകൊള്ളുകയും ചെയ്യും.
ഭ്രാതാക്കളേ, നമുക്കെല്ലാവര്‍ക്കും കഠിനമായി പ്രയത്‌നിക്കാം: ഉറങ്ങാനുള്ള സമയമല്ല ഇത്. ഭാവിഭാരതത്തിന്റെ വരവ് നമ്മുടെ യത്‌നത്തെ ആശ്രയിച്ചിരിക്കുന്നു. അവിടെ ആ ഭാരതം തയ്യാറായി, കാത്തുനില്ക്കുകയാണ്: പക്ഷേ ഉറക്കമാണെന്നുമാത്രം. ഉണരുക! എഴുന്നേല്ക്കുക!! നവീകൃതയായി പൂര്‍വ്വാധികം പ്രശംസനീയയായ നമ്മുടെ മാതൃഭൂമിയെ സ്വന്തം അനശ്വരസിംഹാസനത്തില്‍ ഇരുത്തുക. ഈശ്വരനെന്ന ആശയത്തിനു നമ്മുടെ മാതൃഭൂമിയിലെന്നോണം മറ്റൊരിടത്തും ഇത്ര പൂര്‍ണ്ണമായ വികാസമുണ്ടായിട്ടില്ല. എന്തുകൊണ്ടെന്നാല്‍, ഈശ്വരനെക്കുറിച്ചുള്ള ആശയം മറ്റൊരിടത്തും നിലവിലില്ല. എന്റെ ഈ പ്രസ്താവം കേട്ട് നിങ്ങള്‍ അദ്ഭുതപ്പെടുകയാവാം. എന്നാല്‍ മറ്റേതെങ്കിലും മതഗ്രന്ഥങ്ങളില്‍നിന്ന് ഈശ്വരനെപ്പറ്റി നമ്മുടേതിനു തുല്യമായി ഒരാശയം എടുത്തുകാട്ടുക. ഇവിടെ, ഇവിടെ മാത്രമേ, ഉള്ളൂ ശിവനും ശങ്കരനും കരുണാമയനുമായ ഈശ്വരന്‍ – നമ്മുടെ അച്ഛനും അമ്മയും ഉറ്റവനും ഉറ്റവരുടെ ഉറ്റവനും ആത്മാവിന്റെ ആത്മാവുമായ ഈശ്വരന്‍ – എന്ന ആശയം. ശൈവരുടെ ശിവനും വൈഷ്ണവരുടെ വിഷ്ണുവും കര്‍മ്മികളുടെ കര്‍മ്മവും ബൗദ്ധരുടെ ബുദ്ധനും ജൈനരുടെ ജിനനും ക്രിസ്ത്യാനികളുടെയും യഹൂദരുടെയും ജിഹോവയും, മുഹമ്മദീയരുടെ അള്ളായും, മതവിഭാഗക്കാരുടെയെല്ലാം പ്രഭുവും, വേദാന്തികളുടെ ബ്രഹ്മവുമായ – സര്‍വ്വ വ്യാപിയായ, ഇവിടെമാത്രം പ്രഖ്യാതമഹിമയോടുകൂടിയ – ആ ഈശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ. സഹായിക്കട്ടെ! ഈ ആശയം പ്രായോഗികമാക്കാന്‍ നമുക്കു ശക്തിയും വീര്യവും നല്കട്ടെ! നാം കേട്ടതും പഠിച്ചതുമായ വസ്തുത നമുക്കു പോഷകമാകട്ടെ: അതു നമ്മില്‍ ശക്തിമത്താകട്ടെ: പരസ്പരം ഉപകരിക്കുവാനായി അതു നമ്മില്‍ വീര്യമാകട്ടെ: ഗുരുശിഷ്യന്മാര്‍ക്കു തമ്മില്‍ സ്പര്‍ദ്ധയില്ലാതിരിക്കട്ടെ. ഹരിയുടെ പേരില്‍ ശാന്തി! ശാന്തി! ശാന്തി!
(രാമനാട്ടിലെ സ്വാഗതത്തിനു മറുപടി – തുടര്‍ച്ച)