മതവിഭാഗങ്ങളും ദര്‍ശനങ്ങളും മതഗ്രന്ഥങ്ങളും മാറ്റിവെച്ചു നോക്കിയാല്‍ കാണാം, നമ്മുടെ മതവിഭാഗങ്ങള്‍ക്കെല്ലാം പൊതുവായി മനുഷ്യാത്മാവിലുള്ള വിശ്വാസമെന്ന ഒരു മൗലികതത്ത്വമുണ്ടെന്ന്. അതിനു ലോകത്തിന്റെ പ്രവണതയെയാകെ മാറ്റാന്‍പോലും കെല്പുണ്ട്. ഹിന്ദുക്കളും ജൈനരും ബൗദ്ധരും – ഭാരതമാകെ – ശക്തികള്‍ക്കെല്ലാം ഇരിപ്പിടവും ചേതനവുമായ ആത്മാവ് എന്നൊരാശയം പുലര്‍ത്തിപ്പോരുന്നുണ്ട്. ശക്തിയും ശുദ്ധിയും പൂര്‍ണ്ണതയും വെളിയില്‍നിന്നു കിട്ടാവുന്നവയാണെന്ന് ഭാരതീയദര്‍ശനങ്ങളിലൊന്നും പഠിപ്പിക്കുന്നില്ല എന്ന വസ്തുത നിങ്ങള്‍ക്കൊക്കെ അറിയാം. ഇവയൊക്കെ നിങ്ങളുടെ ജന്മാവകാശമാണ്, നിങ്ങളുടെ സ്വഭാവമാണ് എന്നത്രേ അവയെല്ലാം പറഞ്ഞുതരുന്നത്. അശുദ്ധി വെറും വെച്ചുകെട്ടലാണ്. അതിന്നടിയില്‍പ്പെട്ട് നിങ്ങളുടെ തനിസ്വഭാവം മറഞ്ഞുകിടക്കയാണ്. പരമാര്‍ത്ഥത്തിലുള്ള നിങ്ങള്‍ ഇപ്പൊഴേ പരിപൂര്‍ണ്ണനാണ്, സുശക്തനാണ്. സ്വയം ഭരിക്കാന്‍ സഹായമൊന്നും നിങ്ങള്‍ക്കാവശ്യമില്ല. നിങ്ങള്‍ ഇപ്പോഴേ സ്വയം സംയതനാണ്. അതറിയുന്നതിലും അറിയാത്തതിലുമത്രേ വ്യത്യാസം. അതിനാല്‍ ഈ ഒരു പ്രയാസത്തെ അവിദ്യ എന്ന ഒറ്റ വാക്കില്‍ സംക്ഷേപിച്ചിരിക്കുന്നു. ഈശ്വരനും മനുഷ്യനും തമ്മില്‍, സിദ്ധനും പാപിയും തമ്മില്‍, ഭേദമെന്ത്? വെറും അറിവുകേട്. അതി ശ്രേഷ്ഠനായ മനുഷ്യനും കാല്‍ച്ചോട്ടിലിഴയുന്ന ചെറുപുഴുവും തമ്മില്‍ ഭേദമെന്ത്? അറിവുകേടുതന്നെ: അതിലാണ് ഭേദമെല്ലാം. കാരണം, ഇഴയുന്ന ആ ചെറുപുഴുവിനുള്ളില്‍ കുടികൊള്ളുന്നുണ്ട്, അനന്തമായ ശക്തിയും ജ്ഞാനവും ശുദ്ധിയും സാക്ഷാല്‍ ഈശ്വരന്റെ അനന്ത ദിവ്യതയും. അതഭിവ്യക്തമല്ല: അഭിവ്യക്തമാക്കുകതന്നെ വേണം.
ഇതാണു ഭാരതത്തിനു പഠിപ്പിക്കാനുള്ള ഒരേയൊരു മഹാസത്യം: എന്തുകൊണ്ടെന്നാല്‍ മറ്റൊരിടത്തും ഇതില്ല, ഇത് ആദ്ധ്യാത്മികത അഥവാ ആത്മവിദ്യയത്രേ. മനുഷ്യന്‍ നിവര്‍ന്നുനില്ക്കുന്നതും പ്രവൃത്തിയെടുക്കുന്നതും എന്തുകൊണ്ട്? ബലംകൊണ്ട്. ബലമാണ് നന്മ; ദൗര്‍ബ്ബല്യമാണ് തിന്മ. ഉപനിഷത്തുകളില്‍നിന്നു ബോംബുപോലെ വന്ന് അജ്ഞാനക്കൂമ്പാരങ്ങളുടെ മേല്‍ വീണു പൊട്ടിക്കത്തുന്ന ഒരു വാക്കുണ്ടെങ്കില്‍, അത് അഭയം എന്നതാണ്. പഠിപ്പിക്കേണ്ടുന്ന ഒറ്റ മതവും അഭയത്തിന്റേതാണ്. വ്യാവഹാരികലോകത്തിലും മതലോകത്തിലും അധോഗതിക്കും പാപത്തിനും തീര്‍ച്ചപ്പെട്ട ഹേതു ഭയമാണെന്ന് തര്‍ക്കമറ്റ സംഗതിയാണ്. ഭയമാണ് കഷ്ടതകളെ ഉളവാക്കുന്നത്: ഭയമാണ് മരണത്തെ ഉളവാക്കുന്നത്: ഭയമാണ് തിന്മയെ പ്രസവിക്കുന്നത്. എന്താണ് ഭയത്തിനു കാരണം? നമ്മുടെ സ്വഭാവത്തെക്കുറിച്ചുള്ള അറിവുകേട്. സമ്രാട്ടുകളുടെയും സമ്രാട്ടിന്റെ അനന്തരാവകാശിയാണ് നാമോരോരുത്തനും: ഈശ്വരന്റെതന്നെ സത്തയാണ് നമുക്കുള്ളത്. പോരാ, അദ്വൈതമനുസരിച്ച് നാം ഈശ്വരന്‍തന്നെയാണ്. എന്നാല്‍ ക്ഷുദ്രമനുഷ്യരാണ് നാമെന്നു വിചാരിച്ച് നമ്മുടെ സ്വഭാവം നാം മറന്നിരിക്കയാണ്. ആ ഈശ്വരഭാവത്തില്‍നിന്നു ഭ്രംശിച്ചിരിക്കയാണ് നാം. അങ്ങനെ നമുക്കു ഭേദഭാവന ഏര്‍പ്പെടുന്നു – നിങ്ങളെക്കാള്‍ സ്വല്പം മെച്ചപ്പെട്ടവനാണ് ഞാന്‍, അല്ലെങ്കില്‍ എന്നെക്കാള്‍ നിങ്ങള്‍ എന്നും മറ്റും. ഐക്യത്തെക്കുറിച്ചുള്ള ഈ ആശയമാണ് ഭാരതത്തിനു പഠിപ്പിക്കാനുള്ള ഏറ്റവും വലിയ പാഠം. നോക്കുക! ഇതു ധരിച്ചാല്‍, വസ്തുതകളുടെ ഭാവമാകമാനം ഇതു മാറ്റുന്നു. എന്തു കൊണ്ടെന്നാല്‍, അപ്പോള്‍ മുന്നേതില്‍നിന്നു വ്യത്യസ്തമായ കണ്ണുകൊണ്ടാണ് നിങ്ങള്‍ ലോകത്തെ കാണുക. പിന്നെ ഈ ലോകം, ജനിച്ച ആത്മാക്കള്‍ക്കെല്ലാം തമ്മില്‍ മല്ലടിക്കാനും ഏറ്റവും കരുത്തന്മാര്‍ക്കു ജയിക്കാനും തീരെ ദുര്‍ബ്ബലന്മാര്‍ക്കു മരിക്കാനുമുള്ള പടനിലമായി തുടരുകയില്ല. ഈശ്വരന്‍ ഒരു ശിശുവിനെപ്പോലെ വിളയാടുന്ന കളിസ്ഥലമായിച്ചമയും ഈ ലോകം. നാമാണ് അവിടുത്തെ കളിത്തോഴര്‍, അവിടുത്തെ കൂട്ടാളികള്‍. എത്രമേല്‍ ഭയങ്കരവും ബീഭത്‌സവും അപകടകരവുമായി തോന്നിയാലും ഇതൊരു ലീലമാത്രം. നാം അതിന്റെ മുഖഭാവം തെറ്റിദ്ധരിച്ചിരിക്കയാണ്.
ആത്മസ്വഭാവം അറിഞ്ഞുകിട്ടിയാല്‍, ഏറ്റവും ദുര്‍ബ്ബലന്നും ഏറ്റവും പതിതന്നും ദുരിതനിമിഗ്‌നനായ പാപിക്കുപോലും ആശ കൈവരുന്നു. നിങ്ങളുടെ ശാസ്ര്തങ്ങള്‍ പ്രഖ്യാപിക്കുന്നു. നിരാശപ്പെടുകമാത്രം അരുത്. നിങ്ങള്‍ എന്തൊക്കെ ചെയ്താലും നിങ്ങള്‍ക്കു മാറ്റമില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രകൃതിയെ മാറ്റുക സാദ്ധ്യമല്ല. പ്രകൃതിക്കുപോലും പ്രകൃതിയെ മാറ്റുക സാദ്ധ്യമല്ല. പ്രകൃതിക്കുപോലും പ്രകൃതിയെ നശിപ്പിക്കുക ശക്യമല്ല. നിങ്ങളുടെ പ്രകൃതി ശുദ്ധമാണ്. ദശലക്ഷം യുഗങ്ങളില്‍ അതു മറഞ്ഞു കിടന്നെന്നുവരാം. എന്നാല്‍ ഒടുവില്‍ അതു വിജയിക്കയും പ്രകടമാകയും ചെയ്യും. അതിനാല്‍ അദ്വൈതം ഓരോരുത്തന്നും ആശയാണ് നല്കുന്നത്, നൈരാശ്യമല്ല. അത് ഭയത്തെ കാണിച്ചല്ല ഉപദേശിക്കുന്നത്. കാലൊന്ന് വഴുതിയാല്‍ പിടികൂടാന്‍ സദാ തക്കം നോക്കുന്ന ചെകുത്താന്മാരെക്കുറിച്ചല്ല അതു പഠിപ്പിക്കുന്നത്. അതുപദേശിക്കുന്നത് നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയില്‍ത്തന്നെ എന്നത്രേ. നിങ്ങള്‍ക്കായി ഈ ശരീരം തയ്യാറാക്കിവെച്ചത് നിങ്ങളുടെതന്നെ കര്‍മ്മമാണ്, മറ്റാരുമല്ല. സര്‍വ്വവ്യാപിയായ ഈശ്വരന്‍ അജ്ഞാനത്തില്‍ മറഞ്ഞിരിക്കുന്നു. അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്. നിങ്ങളുടെ ഇഷ്ടം നോക്കാതെ നിങ്ങളെ ഈ ലോകത്തിലേക്കു കൊണ്ടുവന്ന് ഭയങ്കരമായ ഈ ഏടാകൂടത്തില്‍ തള്ളിയിരിക്കയാണെന്നു കരുതരുത്. മറിച്ച്, ഈ ക്ഷണത്തിലെന്നപോലെ, അല്പാല്പമായി, നിങ്ങള്‍തന്നെയാണ് നിങ്ങളുടെ ശരീരം മിനഞ്ഞെടുത്തിട്ടുള്ളത്. നിങ്ങള്‍തന്നെ ആഹരിക്കുന്നു: മറ്റാരുമല്ല നിങ്ങള്‍ക്കുവേണ്ടി ആഹരിക്കുന്നത്. ആഹരിച്ചതിനെ നിങ്ങളാണ് ദഹിപ്പിച്ച് ശരീരത്തോടു ചേര്‍ക്കുന്നത്: മറ്റാരുമല്ല നിങ്ങള്‍ക്കുവേണ്ടി അതു ചെയ്യുന്നത്. നിങ്ങള്‍ ആഹാരത്തില്‍നിന്നു രക്തവും മാംസപേശികളും ശരീരവും കരുപ്പിടിക്കുന്നു: മറ്റാരുമല്ല നിങ്ങള്‍ക്കുവേണ്ടി അതു ചെയ്യുന്നത്. എക്കാലവും ഇതൊക്കെ നിങ്ങളാണ് ചെയ്തിട്ടുള്ളത്. ചങ്ങലയിലെ ഒരു കണ്ണി ആദ്യന്തഹീനമായ ആ ചങ്ങലയുടെ സ്വഭാവം വിശദമാക്കുന്നു. നിങ്ങളുടെ ശരീരം നിങ്ങള്‍ തയ്യാറാക്കുന്നു എന്നത് ഒരു നിമിഷം ശരിയാണെങ്കില്‍, കഴിഞ്ഞതും വരാന്‍പോകുന്നതുമായ നിമിഷങ്ങളിലൊക്കെ അതു ശരിയാണ്. നന്മക്കും തിന്മക്കുമുള്ള ചുമതല മുഴുവന്‍ നിങ്ങള്‍ക്കുതന്നെ. ഇതാണ് വലിയ ആശയ്ക്കു വഴി തെളിക്കുന്നതും. ഞാന്‍ ആക്കിയത് എനിക്ക് അഴിക്കാം. അതോടൊപ്പം നമ്മുടെ മതം ഈശ്വരകാരുണ്യത്തെ മനുഷ്യരാശിയില്‍നിന്നു കവര്‍ന്നെടുക്കുന്നുമില്ല. അത് എപ്പോഴും അവിടെയുണ്ട്. മറുപുറം നോക്കിയാല്‍ കാണാം, അവിടുന്നു നന്മതിന്മകളുടെ ഈ മഹാപ്രവാഹത്തില്‍നിന്നു മാറിനില്ക്കുകയാണെന്ന്. കെട്ടുകളറ്റ, നിത്യകൃപാലുവായ, ഈശ്വരന്‍ നമ്മെ മറുകരയ്‌ക്കെത്തിക്കാന്‍ നിത്യസന്നദ്ധനാണ്: അവിടുത്തെ കരുണ വമ്പിച്ചതാണ്. ഹൃദയശുദ്ധിയുള്ളവന്ന് അതു സദാ കൈവരുന്നു.
പുതിയ സാമൂഹ്യവ്യവസ്ഥിതിയുടെ അടിത്തറയാകേണ്ടത്, ഒരര്‍ത്ഥത്തില്‍, നിങ്ങളുടെ ആദ്ധ്യാത്മികതയാണ്. കൂടുതല്‍ സമയമുണ്ടായിരുന്നെങ്കില്‍, പാശ്ചാത്യദേശങ്ങള്‍ ചില അദ്വൈതസിദ്ധാന്തങ്ങളില്‍നിന്ന് ഇനിയുമധികം പഠിക്കേണ്ടിയിരിക്കുന്നതെങ്ങനെയെന്നു ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തന്നേനേ. ഭൗതികശാസ്ര്തങ്ങളുടെ ഈ കാലത്ത് സഗുണേശ്വരനെന്ന ആദര്‍ശത്തിനു മതിപ്പു പോര. എങ്കിലും, മതത്തിന്റെ അതിപ്രാകൃതരൂപത്തെ അവലംബിച്ചവന് ദേവാലയങ്ങളും വിഗ്രഹങ്ങളും വേണമെന്നുണ്ടെങ്കില്‍, ഇഷ്ടമുള്ളത്രയാകാം. ഒരു സഗുണേശ്വരനെ സ്നേഹിക്കണോ, ലോകത്തില്‍ മറ്റെങ്ങും ഒരിക്കലും ലഭ്യമാകാത്ത അത്യുത്തമസഗുണേശ്വരഭാവന ഇവിടെ കിട്ടും. യുക്തിവാദിയാകാനും, യുക്തിശക്തിയെ തൃപ്തിപ്പെടുത്താനുമാണ് ഒരുവന്‍ ആഗ്രഹിക്കുന്നതെങ്കില്‍, നിര്‍ഗുണതത്ത്വത്തെക്കുറിച്ചുള്ള ഏറ്റവും യുക്തിയുക്തമായ ആശയങ്ങളും ഇവിടെത്തന്നെ കണ്ടുകിട്ടും.
[വിവേകാനന്ദ സാഹിത്യ സര്‍വസ്വം 3]