സ്വാമി വിവേകാനന്ദന്‍

സ്വാമിജി കുംഭകോണം സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഹിന്ദുക്കള്‍ ചുവടെ ചേര്‍ക്കുന്ന സ്വാഗതാശംസ അദ്ദേഹം നല്കി:

പൂജ്യനായ സ്വാമിന്‍,
പാശ്ചാത്യലോകത്തില്‍നിന്ന്, മഹാക്ഷേത്രങ്ങള്‍ക്കും വിഖ്യാതരായ സിദ്ധന്മാര്‍ക്കും പ്രാജ്ഞന്മാര്‍ക്കും പേരുകേട്ട നമ്മുടെ പുണ്യഭൂമിയിലേക്കു മടങ്ങിവരുന്ന അങ്ങയെ, മതദൃഷ്ട്യാ പ്രധാനവും പ്രാചീനവുമായ കുംഭകോണനഗരത്തിലെ ഹിന്ദുപൗരന്മാരുടെ പേരില്‍, ഹൃദയപൂര്‍വ്വം സ്വാഗതംചെയ്യുവാന്‍ ഞങ്ങളെ അനുവദിക്കണമെന്നു പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. അമേരിക്കയിലും യൂറോപ്പിലും അങ്ങയുടെ മതപ്രവര്‍ത്തനങ്ങള്‍ക്കുണ്ടായ ഗണ്യമായ സാഫല്യം ഞങ്ങളെ ഈശ്വരനോടു കൃതജ്ഞരാക്കുന്നു. ഈശ്വരനെയും മനുഷ്യന്റെ ആദ്ധ്യാത്മികതയെയും പറ്റിയുള്ള ആദര്‍ശങ്ങളെല്ലാം ഉയര്‍ത്തുവാനും പൊരുത്തപ്പെടുത്തുവാനും കഴിവുള്‍ക്കൊള്ളത്തക്കവണ്ണം വിശാലവും യുക്തിയുക്തമാംവണ്ണം ബഹുമുഖവുമാണ് ഹിന്ദുക്കളുടെ ദര്‍ശനവും മതവുമെന്ന വസ്തുത ഷിക്കാഗോവില്‍ സമ്മേളിച്ച ലോകമഹാമതങ്ങളുടെ ശ്രേഷ്ഠരായ പ്രതിനിധികളുടെ മനസ്സില്‍ പതിപ്പിക്കുവാന്‍ അങ്ങയെ കരുത്തനാക്കിയതുകൊണ്ടും ഈശ്വരനോടു ഞങ്ങള്‍ കൃതജ്ഞരാണ്.

പ്രപഞ്ചത്തിന്റെ ജീവനും ആത്മാവുമായ ഈശ്വരന്റെ ഹസ്തങ്ങളില്‍ സത്യത്തിന്റെ നില എന്നും ഭദ്രംതന്നെയെന്ന ഉറച്ച ബോധം ആയിരമായിരം കൊല്ലങ്ങളായി നമ്മുടെ ജീവത്തായ വിശ്വാസത്തിന്റെ ഒരംശമായിരുന്നു. ക്രിസ്തീ യരാജ്യങ്ങളില്‍ അങ്ങു ചെയ്ത പാവനപ്രവൃത്തികളുടെ ഫലങ്ങള്‍ ഞങ്ങളെ ഇന്ന് ആനന്ദിപ്പിക്കുന്നത്, അവ, തികച്ചും മതനിഷ്ഠമായ ഹിന്ദുജനതയുടെ ആദ്ധ്യാത്മിക പൈതൃകത്തിന്റെ അമേയമൂല്യം കണ്ണു തുറന്നുകാണുവാന്‍ ഭാരതത്തിലും വെളിയിലുമുള്ള ആളുകള്‍ക്ക് എളുതാക്കിയതിനാലത്രേ അങ്ങു ചെയ്ത പ്രവൃത്തികളുടെ സാഫല്യം, സ്വാഭാവികമായിത്തന്നെ, നേരാത്ത പ്രസിദ്ധനും മഹാനുമായ അങ്ങയുടെ ഗുരുവിന്റെ യശോധാവള്യത്തിനു മാറ്റേറ്റിയിട്ടുണ്ട്: പരിഷ്‌കൃതലോകത്തിന്റെ പരിഗണനയില്‍ നമ്മെ ഉയര്‍ത്തിയിട്ടുണ്ട്: ഇതിനെല്ലാംമേലേ, ഒരു ജനതയെന്ന നിലയില്‍ നമുക്കും പണ്ടുണ്ടായിട്ടുള്ള നേട്ടങ്ങളെച്ചൊല്ലി അഭിമാനിക്കത്തക്ക ന്യായമുണ്ടെന്ന തോന്നലുളവാക്കിയിട്ടുണ്ട്: ഫലപ്രദമായ ആക്രമണ വാസന നമ്മുടെ പരിഷ്‌കാരത്തിന്റെ ഒരു ഘടകമല്ലാത്തത് അതിന്റെ പരിശ്രാന്തിയുടെയോ അപക്ഷയത്തിന്റെയോ ലക്ഷണമല്ലെന്ന തോന്നലും ഉളവാക്കിയിട്ടുണ്ട്. അങ്ങയുടേതുപോലെ തെളിഞ്ഞ കാഴ്ചയും ശ്രദ്ധയും നിസ്സ്വാര്‍ത്ഥതയുമുള്ള പ്രവര്‍ത്തകര്‍ നമ്മുടെ ഇടയിലുള്ളപ്പോള്‍ ഹിന്ദുജനതയുടെ ഭാവി ഉജ്വലവും ആശാസ്യവുമായിരിക്കാനേ ഇടയുള്ളൂ. വിശ്വത്തിന്റെയെന്നോണം സകലജനതകളുടെയും നാഥനായ ഈശ്വരന്‍ അങ്ങയ്ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും നല്കി അനുഗ്രഹിക്കട്ടെ! ഹിന്ദുക്കളുടെ മതത്തിന്റെ ദര്‍ശനത്തിന്റെയും പ്രാമാണികനായ ആചാര്യന്‍ എന്ന നിലയിലുള്ള അങ്ങയുടെ കൃത്യനിര്‍വഹണത്തില്‍ അങ്ങയെ ഏറിയ തോതില്‍ ബലിഷ്ഠനും പ്രാജ്ഞനുമാക്കുമാറാകട്ടെ!

രണ്ടാമതൊരു സ്വാഗതാശംസയും പട്ടണത്തിലെ ഹിന്ദുവിദ്യാര്‍ത്ഥികള്‍ സ്വാമിജിക്കു നല്കുകയുണ്ടായി. പിന്നീട് ‘വേദാന്തപരിപാടി’യെക്കുറിച്ചു താഴെ ചേര്‍ക്കുന്ന പ്രഭാഷണം സ്വാമിജി നടത്തി.

ചുരുങ്ങിയ തോതില്‍ നടത്തുന്ന മതപ്രവര്‍ത്തനവും വമ്പിച്ച ഫലം കൈവരുത്തുന്നു. ഗീതയിലെ ഈ നിരീക്ഷണത്തിന് ഉദാഹരണം വേണമെങ്കില്‍, എന്റെ എളിയ ജീവിതത്തില്‍ ഓരോ ദിവസവും ഞാന്‍ അതിന്റെ സത്യം തെളിഞ്ഞുകാണുന്നു. വാസ്തവത്തില്‍ എന്റെ പ്രവൃത്തി നന്നെ തുച്ഛമാണ്. എന്നാല്‍ കൊളമ്പു മുതല്‍ ഈ പട്ടണം വരെ എന്റെ സഞ്ചാരത്തില്‍ പ്രതിപദം എനിക്കു കിട്ടിയ സ്വാഗതത്തിന്റെ ഹാര്‍ദ്ദതയും സ്നേഹമസൃണതയും എല്ലാം പ്രതീക്ഷകളെയും പിന്നിടത്തക്കതാണ്. അതോടൊപ്പം ഹിന്ദുക്കളെന്ന നിലയില്‍ നമ്മുടെ പാരമ്പര്യങ്ങള്‍ക്കു ചേര്‍ന്നതുമാണ്, നമ്മുടെ വംശമഹിമയ്ക്കു യോജിച്ചതാണ്. കാരണം, ഇവിടത്തെ ഹിന്ദുക്കളായ നമ്മുടെ ജീവശക്തിയും ജീവിതതത്ത്വവും ആത്മാവുതന്നെയും മതത്തിലാണെന്നുവേണം പറയാന്‍. കിഴക്കും പടിഞ്ഞാറുമുള്ള നരവംശങ്ങളുടെ ഇടയില്‍ സഞ്ചരിച്ചുകൊണ്ട് എനിക്കു ചെറിയ തോതില്‍ ലോകം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലായിടത്തും ജനതകളുടെ ഇടയില്‍ അതാതു നരവംശത്തിന്റെ നട്ടെല്ലെന്നു പറയത്തക്ക ഒരു വലിയ ആദര്‍ശം കാണുമാറായിട്ടുണ്ട്. ചിലര്‍ക്ക് അതു രാഷ്ട്രതന്ത്രമാണ്, വേറെ ചിലര്‍ക്കു സാമൂഹ്യസംസ്‌കൃതിയാണ്: മറ്റു ചിലര്‍ക്കു ബുദ്ധിപരമായ സംസ്‌കൃതിയും മറ്റുമാകാം അവരവരുടേതായ ജനതാപശ്ചാത്തലം. എന്നാല്‍ നമ്മുടെ മാതൃരാജ്യത്തിന്റെ നട്ടെല്ലും അടിത്തറയും മതമാണ്, മതംമാത്രം. നമ്മുടെ മാതൃരാജ്യത്തിന്റെ ജീവിതസൗധം അപ്പാടെ ഉറച്ചുനില്ക്കുന്ന മൂലശിലയും മതമത്രേ. ഞാന്‍ അമേരിക്കയിലായിരുന്നപ്പോള്‍ മദ്രാസിലെ പൗരന്മാര്‍ എനിക്കു സദയമയച്ചുതന്ന മംഗളാശംസയ്ക്കുള്ള മറുപടിയില്‍ ഞാന്‍ ചൂണ്ടിക്കാണിച്ച ഒരു സംഗതി നിങ്ങളില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ടാവും. പാശ്ചാത്യരായ പലമാന്യരെയും അപേക്ഷിച്ച്, ഭാരതത്തിലെ കര്‍ഷകന്ന് പലതരത്തിലും മെച്ചപ്പെട്ട മതവിദ്യാഭ്യാസമുണ്ടെന്നതത്രേ അത്. ഇന്നു സംശയാതീതമാം വണ്ണം എന്റെ വാക്കുകളുടെ വാസ്തവസ്ഥിതി ഞാന്‍തന്നെ നിരീക്ഷിച്ചറിയുകയുമാണ്. ഭാരതത്തിലെ സാമാന്യജനത്തിന്റെ അറിവില്ലായ്മയും അറിവിനു ദാഹമില്ലായ്മയും, എന്നെ കുറേയൊക്കെ അസംതൃപ്തനാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അതെനിക്കു മനസ്സിലാക്കാന്‍ കഴിയുന്നു. അവര്‍ക്കു താല്പരര്യമെന്തിലോ അതറിയാന്‍ അവര്‍ക്കുള്ള വെമ്പല്‍, എനിക്കു സഞ്ചരിച്ചുകാണാന്‍ കഴിഞ്ഞിട്ടുള്ള അന്യവംശരായ ഏതൊരു സാമാന്യജനത്തിന്നുള്ളതിനെക്കാളും അധികമാണ്. യൂറോപ്പിലുണ്ടായ വമ്പിച്ച രാഷ്ട്രീയപരിവര്‍ത്തനങ്ങളെപ്പറ്റിയോ യൂറോപ്പില്‍ നടക്കുന്ന സാമൂഹ്യവിപ്ലവങ്ങളെപ്പറ്റിയോ നമ്മുടെ കര്‍ഷകരോടു ചോദിക്കുക. അവയെക്കുറിച്ചൊന്നും അവര്‍ക്കറിവില്ല: അറിയാന്‍ അവര്‍ കൂട്ടാക്കുന്നുമില്ല. പക്ഷേ, ഭാരതത്തില്‍നിന്നു പലതരത്തിലും അകന്ന്, ഭാരതത്തില്‍ ഒരു ജീവിതതാല്പര്യവുമില്ലാത്ത സിലോണിലെ കര്‍ഷകര്‍ക്കുപോലും – പാടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്കു പോലും – അമേരിക്കയില്‍ ഒരു മതമഹാസമ്മേളനം നടന്നെന്നും ഒരു ഭാരതീയസന്ന്യാസി അവിടെ ചെന്നെത്തി കുറേയൊക്കെ വിജയം നേടിയെന്നും അറിയാം.

അപ്പോള്‍ താല്പര്യമെന്തിലോ അതറിയാന്‍ ഭാരതത്തിലെ സാമാന്യജനത്തിന്റെ വെമ്പല്‍ മറ്റു നരവംശക്കാര്‍ക്കുള്ളതുപോലെ തന്നെ. ഭാരതീയരുടെ ഏകതാല്പര്യം മതത്തിലാണുതാനും. നമ്മുടെ ജനതയുടെ ജീവശക്തി മതാദര്‍ശങ്ങളെ ലക്ഷീകരിക്കുന്നതോ രാഷ്ട്രീയാദര്‍ശങ്ങളെ ലക്ഷീകരിക്കുന്നതോ നല്ലത് എന്ന ചോദ്യമല്ല ഞാനിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഏതായാലും, നന്മയ്‌ക്കോ തിന്മയ്‌ക്കോ, നമ്മുടെ ജീവശക്തി മതനിഷ്ഠമാണെന്ന വസ്തുത സുവ്യക്തം. നിങ്ങള്‍ക്കതു മാറ്റുക സാദ്ധ്യമല്ല: അതു നശിപ്പിച്ച് തല്‍സ്ഥാനത്തു മറ്റൊന്നു വെയ്ക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല. വളരുന്ന മാമരത്തെ ഒരു മണ്ണില്‍നിന്നു പിഴുത് മറ്റൊന്നില്‍ നട്ട് അവിടെ പെട്ടെന്നു വേരൂന്നിക്കാന്‍ നിങ്ങള്‍ക്കാവില്ല. നന്മയ്‌ക്കോ തിന്മയ്‌ക്കോ, പല സഹസ്രാബ്ദങ്ങളായി ഭാരതത്തിലേക്കു മതാദര്‍ശം പ്രവഹിച്ചുകൊണ്ടിരിക്കയാണ്. നന്മയ്‌ക്കോ തിന്മയ്‌ക്കോ എന്നറിവില്ല, ഭാസുരമായ പല സഹസ്രാബ്ദങ്ങളായി ഭാരതീയാന്തരിക്ഷത്തില്‍ മതാദര്‍ശങ്ങള്‍ നിറഞ്ഞുനിന്നു. ഗുണത്തിനായാലും ദോഷത്തിനായാലും, ഈവക മതാദര്‍ശങ്ങളുടെ ഒത്തനടുവില്‍ ജനിച്ചുവളര്‍ന്നവരാണ് നാമൊക്കെ. ഇതിനിടയില്‍, നമ്മുടെ രക്തത്തില്‍ മതം കടന്നുകൂടിയിരിക്കുന്നു: നമ്മുടെ ഓരോ രക്തകണത്തോടുമൊപ്പം അതു തുടിക്കുകയാണ്: അതു നമ്മുടെ ഉടലോടൊത്തുചേര്‍ന്നിരിക്കയാണ്, നമ്മുടെ ജീവിതത്തിലെ ശക്തിസാരമായിരിക്കയാണ്. പ്രതികരണമായി അതേ ക്രിയാശക്തിയെ വിജൃംഭിപ്പിക്കാതെ, ഊക്കേറിയ ആ നദി സഹസ്രാബ്ദങ്ങളായി മെനഞ്ഞെടുത്ത ആ ചാലു നിറയ്ക്കാതെ, അത്തരത്തിലുള്ള മതം വെടിയുക നിങ്ങള്‍ക്കു സാദ്ധ്യമോ? ഗംഗ ഹിമസങ്കുലമായ അതിന്റെ പ്രഭവസ്ഥാനത്തേക്കു മടങ്ങിച്ചെന്ന് പുതിയൊരു ചാലിലൂടെ പായണമെന്നാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത്? ഇതൊരുപക്ഷേ സാദ്ധ്യമായാലും, ഈ രാജ്യത്തില്‍നിന്ന് അതിന്‍േറതായ മതജീവിത സരണി തള്ളുകയും രാഷ്ട്രീയമോ മറ്റോ ആയ ഒരു പുതുജീവിത മാര്‍ഗം കൊള്ളുകയും സാദ്ധ്യമല്ലതന്നെ. പ്രതിബന്ധം ഏറ്റവും കുറഞ്ഞ മാര്‍ഗ്ഗത്തിനൊത്തേ നമുക്കു പ്രവര്‍ത്തിക്കാനാവൂ. ഭാരതത്തില്‍ മതമാര്‍ഗ്ഗത്തിലാണ് പ്രതിബന്ധം ഏറ്റവും കുറവായി അനുഭവപ്പെടുന്നത്. ഭാരതത്തില്‍ ഇതാണ് ജീവിതത്തിന്റെയും വളര്‍ച്ചയുടെയും സുസ്ഥിതിയുടെയുമായ മാര്‍ഗ്ഗം – മതമാര്‍ഗ്ഗമനുസരിക്കുക.

അതേ, മറ്റു രാജ്യങ്ങളില്‍ പല ജീവിതാവശ്യങ്ങളുള്ളതില്‍ ഒന്നു മാത്രമാണ് മതം. ഞാനുപയോഗിച്ചുവരാറുള്ള ഒരു ദൃഷ്ടാന്തം പറയട്ടെ. സത്രത്തിലെ സ്വീകരണമുറിയില്‍ പല സാധനങ്ങളുമുണ്ട്: ഇന്നത്തെ പരിഷ്‌കൃതനടപടിയനുസരിച്ച് ജപ്പാനിലുണ്ടാക്കിയ ഒരു പൂച്ചട്ടികൂടി വേണം. അതിനാല്‍ സത്രം നടത്തിപ്പുകാരിക്ക് അതും സമ്പാദിച്ചേതീരൂ. അതില്ലാതിരിക്കുന്നതു ഭംഗിയല്ല. അങ്ങനെ, ജീവിതത്തില്‍ പലതും ചെയ്യാനുള്ള അവള്‍ക്കോ അയാള്‍ക്കൊ സ്വല്പം മതംകൂടി കൊണ്ടുവന്നു ജീവിതത്തെ മുഴുമിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ അവള്‍ക്കും അയാള്‍ക്കും സ്വല്പം മതവുമുണ്ട്. പാശ്ചാത്യജനതയുടെ ജീവിതലക്ഷ്യം രാഷ്ട്രതന്ത്രം, സാമൂഹ്യപരിഷ്‌കരണം, ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഈ ലോകമത്രേ. ഈ ലക്ഷ്യപ്രാപ്തിയെ തുണയ്ക്കാന്‍ ഈശ്വരനും മതവും പതുക്കെ വന്നുകൂടുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, അവര്‍ക്കുവേണ്ടി ഈ ലോകം തുടച്ചുവെടിപ്പാക്കി ഒരുക്കിവെയ്ക്കാന്‍ സഹായിക്കുന്ന ഒരു സത്ത്വമത്രേ അവരുടെ ഈശ്വരന്‍. പ്രത്യക്ഷത്തില്‍, ഈശ്വരന്ന് അവരുടെ ദൃഷ്ടിയിലുള്ള വില ഇത്രമാത്രം. കുറേക്കൂടി ഭേദമായി അറിയേണ്ടവര്‍ കുറഞ്ഞപക്ഷം കുറേക്കൂടി ഭേദമായി അറിയാമെന്നു ഭാവിക്കുന്നവര്‍, കഴിഞ്ഞ ഒന്നോ രണ്ടോ നൂറ്റാണ്ടുകളായി ഭാരതത്തിലെ മതത്തിന്നെതിരായി ഉന്നയിച്ചിട്ടുള്ള വാദങ്ങളുടെ കഴമ്പ് ഇത്രയുമാണെന്നു നിങ്ങള്‍ക്കറിയരുതേ? അതായത്, നമ്മുടെ മതം ഇഹലോകസുസ്ഥിതിക്കനുകൂലമല്ലെന്ന്: അതു നമുക്കു സ്വര്‍ണ്ണം വിളയിക്കുന്നില്ലെന്ന്: ജനതകളെ കൊള്ളയിടുവാന്‍ നമ്മെ അതു കരുത്തരാക്കുന്നില്ലെന്ന്: ദുര്‍ബലരുടെ ദേഹത്തില്‍ ബലവാന്മാരെക്കൊണ്ടു ചവുട്ടിക്കുന്നില്ലെന്ന്: അവരെ ദുര്‍ബലരുടെ ജീവരക്തംകൊണ്ട് ഊട്ടുന്നില്ലെന്ന്. ഇതൊന്നും നമ്മുടെ മതം ചെയ്യുന്നില്ലെന്നു നിശ്ചയം. മനുഷ്യവംശങ്ങളെ മുടിക്കാനും കൊള്ളയിടാനും നശിപ്പിക്കാനുമായി, പ്രതിപദം ഭൂമിയെ വിറപ്പിക്കുന്ന കുപ്പിണികളെ അയയ്ക്കാന്‍ അതിനു കഴിവില്ലതന്നെ. അതിനാല്‍ അവര്‍ പറയുകയാണ്, ഈ മതത്തിലെന്തിരിക്കുന്നു? ചതച്ചുപൊടിക്കുന്ന ചക്കിലിടാന്‍ വകയൊന്നും അതു നല്കുന്നില്ല: മാംസപേശികള്‍ക്കു കരുത്തു നല്കുന്നില്ല. അത്തരത്തിലുള്ള ഒരു മതത്തില്‍ എന്തിരിക്കുന്നു?

ഇഹലോകത്തിനുതകുന്നില്ലെന്ന വാദംകൊണ്ടുതന്നെയാണ് നാം നമ്മുടെ മതത്തെ സമര്‍ത്ഥിക്കുന്നതെന്ന സംഗതി അവര്‍ സ്വപേ്‌നപി അറിയുന്നില്ല. നമ്മുടേതേ ഉള്ളൂ യഥാര്‍ത്ഥമായ മതം. എന്തുകൊണ്ടെ ന്നാല്‍, ആ മതമനുസരിച്ച് ഇന്ദ്രിയഗോചരവും മൂന്നുനാള്‍ക്കുള്ളില്‍ പൊലിയുന്നതുമായ ഇഹലോകത്തെയല്ല എല്ലാറ്റിനും അന്ത്യവും ലക്ഷ്യവുമാക്കേണ്ടത്: നമ്മുടെ മഹത്തായ പ്രാപ്യസ്ഥാനമാകേണ്ടത് ഈ ലോകമല്ല. കുറച്ചടിമാത്രം പരപ്പുള്ള ഈ കൊച്ചുലോകചക്രവാളമല്ല നമ്മുടെ മതബോധത്തിന് അതിരിടുന്നത്. നമ്മുടെ മതം അപ്പുറത്തുള്ള വിദൂരതയിലാണ്, അതിനുമപ്പുറത്താണ് – ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം, ദേശത്തിനും കാലത്തിനുമപ്പുറം, ദൂരെ, ദൂരെ, അപ്പുറത്ത്. അവിടെയാകട്ടെ ഇഹലോകത്തിന്‍േറതായി ഒരു വസ്തു ബാക്കിയില്ല: ആത്മാവിന്റെ ലോകോത്തരമായ ആ സൗഭാഗ്യസാഗരത്തില്‍ ഈ ബ്രഹ്മാണ്ഡം തന്നെ വെറുമൊരു കണികപോലെയാകുന്നു. നമ്മുടേതാണ് ശരിയായ മതം. കാരണം, അതു പഠിപ്പിക്കുന്നു, ഈശ്വരന്‍മാത്രമേ സത്യമായിട്ടുള്ളൂ എന്ന്: ഇഹലോകം മിഥ്യയും അനിത്യവുമാണെന്ന്: നിങ്ങളുടെ പൊന്നെല്ലാം വെറും മണ്ണാണെന്ന്: നിങ്ങളുടെ പ്രതാപമെല്ലാം അല്പമാണെന്ന്: ജീവിതംപോലും പലപ്പോഴും തിന്മയാണെന്ന്. ഇതുകൊണ്ടാണ് നമ്മുടേതു ശരിയായ മതമായിരിക്കുന്നത്. നമ്മുടേതാണ് ശരിയായ മതം. കാരണം, അത് എല്ലാറ്റിനും മേലേ ത്യാഗം ഉപദേശിക്കുന്നു. ഈ ഭാരതത്തില്‍ നമ്മുടെ പൂര്‍വികര്‍ കണ്ടെത്തിയ പ്രാജ്ഞതയുടെ നിതാന്തവന്ദ്യമായ പ്രാചീനത സമ്മതിക്കുന്ന ഹിന്ദുക്കളായ നമ്മോടു തുലനം ചെയ്താല്‍ ഇന്നലെ പിറന്ന കുഞ്ഞുങ്ങളെന്നു കരുതാവുന്ന ജനതകളോടായി, യുഗയുഗാന്തരങ്ങളില്‍ ഉരുക്കൂടിയ പ്രാജ്ഞതയോടു കൂടി നമ്മുടെ മതം ഉയര്‍ന്നുനിന്നുപദേശിക്കയും പ്രഖ്യാപിക്കയുമാണ്; ”കുട്ടികളേ, ഇന്ദ്രിയങ്ങളുടെ ദാസന്മാരാണ് നിങ്ങള്‍: ഇന്ദ്രിയങ്ങളില്‍ പരിമിതിയേയുള്ളൂ: ഇന്ദ്രിയങ്ങളില്‍ മുടിവേയുള്ളൂ. ചുരുങ്ങിയ മൂന്നു നാള്‍ക്കുള്ള ഇവിടുത്തെ അമിതഭോഗം ഒടുവില്‍ മുടിവിലേ കലാശിക്കൂ. അതൊക്കെ വെടിയുക. ഇന്ദ്രിയങ്ങളോടും ലോകത്തോടും ബന്ധപ്പെട്ട പ്രണയം ത്യജിക്കുക. അതാണു മതത്തിന്റെ മാര്‍ഗ്ഗം.” ത്യാഗത്തിലൂടെ യാണ്, ഭോഗത്തിലൂടെയല്ല ലക്ഷ്യത്തിലേക്കുള്ള വഴി. അതിനാല്‍ നമ്മുടേതു മാത്രമാണ് ശരിയായ മതം.

അതേ, അദ്ഭുതാവഹമായ ഒരു സംഗതിയത്രേ ഇത്; മറ്റു ജനതകള്‍ ഓരോന്നായി ലോകരംഗത്തില്‍ വന്നു കുറേ മുഹൂര്‍ത്തങ്ങള്‍ തനതു ഭാഗങ്ങള്‍ ചുറുചുറുക്കോടെ നടിച്ചിട്ട്, കാലമാകുന്ന കടലില്‍, ഒരടയാളമോ അലപോലുമോ ഏതാണ്ടവശേഷിപ്പിക്കാതെ മറഞ്ഞിരിക്കവേ, നാമിതാ ഇവിടെ ഏറെക്കുറെ ശാശ്വതമായ ഒരു ജീവിതം നയിച്ചുവരുന്നു. ശേഷിയുറ്റതു ശേഷിക്കുമെന്ന നൂതനസിദ്ധാന്തത്തെക്കുറിച്ച് അവര്‍ വളരെയൊക്കെ ഒച്ചപ്പാടുണ്ടാക്കുന്നുണ്ട്. അവര്‍ കരുതുന്നു, മാംസപേശികളുടെ കരുത്തിനാണ് ശേഷിക്കാന്‍ ഏറ്റവും കഴിവുള്ളതെന്ന്. അതു ശരിയാണെങ്കില്‍, പഴയ ലോകത്തില്‍ ചൊല്‍ക്കൊണ്ട വിക്രമി ജനതകളില്‍ ഓരോന്നും പെരുമയൊത്ത് ഇന്നു ജീവിച്ചിരുന്നേനേ. മറ്റൊരു ജനതയെയോ ജാതിയെയോ കീഴടക്കിയിട്ടില്ലാത്ത ദുര്‍ബ്ബലരായ ഹിന്ദുക്കള്‍ – നാമൊക്കെ – ‘അന്യംനിന്നുപോകയും ചെയ്‌തേനേ.’ എന്നാല്‍ മുപ്പതു കോടി ഹിന്ദുക്കള്‍ ഇന്നും ഇവിടെ ജീവിച്ചുവരുന്നു. (ഒരു ഇംഗ്ലീഷ് യുവതി ഒരിക്കല്‍ എന്നോടു ചോദിച്ചു; ഹിന്ദുക്കള്‍ എന്തു ചെയ്തിട്ടുണ്ട്? ഒരൊറ്റ നരവംശത്തെപ്പോലും അവര്‍ക്കു കീഴടക്കാന്‍ സാധിച്ചിട്ടില്ലല്ലോ!) ഹിന്ദുജനതയുടെ വീര്യം നിശ്ശേഷം വറ്റിവരണ്ടുപോയെന്നും അതിന്റെ ശരീരം മുരടിച്ചുകഴിഞ്ഞെന്നും പറയുന്നത് ഒരു തരത്തിലും ശരയല്ല: ശരിയല്ലതന്നെ. വീര്യം വേണ്ടുവോളമുണ്ട്: യഥാകാലം, ആവശ്യംപോലെ, ആ വീര്യം വന്‍പ്രവാഹങ്ങളായി പുറത്തുവന്നു ലോകത്തെ ആപ്ലാവനം ചെയ്യുന്നുമുണ്ട്.

ഏറ്റവും പ്രാചീനകാലംമുതല്‍ നാം ലോകത്തെ മുഴുവന്‍ ഒരുതരത്തില്‍ വെല്ലുവിളിച്ചുവരുകയാണ്. ഒരു മനുഷ്യന്ന് എത്രയേറെ പരിഗ്രഹിക്കാമെന്ന പ്രശ്‌നത്തിനു സമാധാനം നല്കുകയാണ് പാശ്ചാത്യലോകത്തില്‍. നാമിവിടെ എത്ര സ്വല്പംകൊണ്ട് ഒരുവനു ജീവിക്കാമെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിക്കുകയാണ്. ഇനിയും കുറേ നൂറ്റാണ്ടുകളോളം ഈ മത്‌സരവും വ്യത്യാസവും തുടര്‍ന്നുപോകതന്നെ ചെയ്യും. പക്ഷേ, ചരിത്രത്തില്‍ വല്ല സത്യവുമുണ്ടെങ്കില്‍, ദീര്‍ഘദര്‍നങ്ങള്‍ എപ്പോഴെങ്കിലും നേരായി വന്നിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും ഏറ്റവും സ്വല്പംകൊണ്ടു ജീവിക്കാന്‍ അഭ്യസിക്കുന്നവരാണ്, ആത്മസംയമനം വെടിപ്പായി പരിശീലിക്കുന്നവരാണ്, ഈ പോരില്‍ ഒടുക്കം വിജയിക്കുക. മറിച്ച്, ഭോഗങ്ങളുടെയും ധൂര്‍ത്തടിയുടെയും പിമ്പേ പായുന്നവര്‍, താല്ക്കാലികമായി എത്രയൊക്കെ വീര്യസമ്പന്നരെന്നു തോന്നിയാലും, മരിച്ചു നാമാവശേഷമാകയും ചെയ്യും. വ്യക്തിയുടെ ചരിത്രത്തില്‍, എന്തിന്, ജനതകളുടെപോലും ചരിത്രത്തില്‍, ഒരുതരം ‘ലോകശ്രാന്തി’ ദുഃസഹമാംവണ്ണം പ്രകടമാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. പാശ്ചാത്യലോകത്തില്‍ അത്തരം ലോകശ്രാന്തിയുടെ വേലിയേറ്റം വന്നെത്തിയതായി തോന്നുന്നു. അവിടെയുമുണ്ട് അവരുടെ ചിന്തകന്മാരും മഹത്തുക്കളും. അവര്‍, വിത്തത്തിനും പ്രതാപത്തിനും വേണ്ടിയുള്ള ആ പരക്കം പാച്ചില്‍ വെറും പൊള്ളയാണെന്നു കണ്ടുപിടിച്ചിരിക്കുന്നു. സംസ്‌കാരസമ്പന്നരായ അവിടത്തെ പല പുരുഷന്മാര്‍ക്കും സ്ര്തീകള്‍ക്കും, എന്തിന് അത്തരം ഏറിയകൂറു മാളുകള്‍ക്ക്, ഈ മത്‌സരവും പോരാട്ടവും ഈ വണിജപരിഷ്‌കാരത്തിന്റെ ബര്‍ബരതയും ശ്രമാവഹമായി തോന്നിക്കഴിഞ്ഞു: അവര്‍ ഇതിലും മെച്ചപ്പെട്ട വല്ലതും പ്രതീക്ഷിക്കുന്നു. യൂറോപ്പിന്റെ ദുരിതങ്ങള്‍ക്ക് ഏക പരിഹാരമായി രാഷ്ട്രീയവും സാമൂഹ്യവുമായ പരിണാമങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു വര്‍ഗ്ഗം ഇന്നും അവിടെയുണ്ട്. പക്ഷേ അവിടത്തെ വന്‍കിടചിന്തകന്മാരുടെ ഇടയില്‍ മറ്റാദര്‍ശങ്ങള്‍ വളര്‍ന്നുവരുകയാണ്. മനുഷ്യന്റെ പരിസ്ഥിതികളെ രാഷ്ട്രീയവും സാമൂഹ്യവുമായി എത്രതന്നെ കൈകാര്യം ചെയ്താലും ജീവിതത്തിലെ ദുരിതങ്ങള്‍ക്കു പരിഹാരമുണ്ടാവില്ലെന്ന് അവര്‍ കണ്ടുപിടിച്ചിരിക്കുന്നു. അന്തഃകരണത്തിനു മെച്ചപ്പെട്ട പരിവര്‍ത്തനമേര്‍പ്പെടണം, അങ്ങനെയായാലേ ജീവിതത്തിലെ ദുരിതങ്ങള്‍ പരിഹരിക്കപ്പെടൂ. ഏതു തോതിലുള്ള ശക്തിയും ഭരണകൂടവും നിയമനൈഷ്ഠര്യവും ഒരു വംശത്തിന്റെ പരിസ്ഥിതികളെ മാറ്റാന്‍ പോന്നതല്ല. തെറ്റായ വംശപ്രവണതകളെ മാറ്റി മെച്ചപ്പെടുത്താന്‍ ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ സംസ്‌കാരങ്ങള്‍ക്കേ കഴിയൂ. അങ്ങനെ പാശ്ചാത്യവംശങ്ങള്‍ ഒരു പുതിയ ആശയത്തിന്, ഒരു പുതിയ ദര്‍ശനത്തിന്, വെമ്പുകയാണ്. അവരുടെ ക്രിസ്തുമതം പല അംശങ്ങളിലും നല്ലതും ഭാസുരവുമാണെങ്കിലും, അപൂര്‍ണ്ണമായിട്ടേ അറിയപ്പെടുന്നുള്ളൂ: ഇന്നോളം അറിയപ്പെട്ട മട്ടില്‍ അതപര്യാപ്തമായിട്ടാണ് കാണപ്പെടുന്നതും. ചിന്താശീലരായ പാശ്ചാത്യര്‍ നമ്മുടെ പുരാതനദര്‍ശനത്തില്‍, വിശിഷ്യ വേദാന്തത്തില്‍, തങ്ങള്‍ തേടിവരുന്ന ആ പുതിയ പ്രവണത കാണുന്നു: ആദ്ധ്യാത്മികമായ ഏതു ഭോജ്യപേയങ്ങള്‍ തേടി അവര്‍ വിശന്നും ദാഹിച്ചും കഴിഞ്ഞോ, അതൊക്കെയാണ് അവര്‍ ഇവിടെ കണ്ടെത്തുന്നത്, ഇതിലൊട്ടദ്ഭുതമില്ലതാനും.

[വിവേകാനന്ദസാഹിത്യസര്‍വസ്വം]