സ്വാമി വിവേകാനന്ദന്‍

സൂര്യനു കീഴിലുള്ള ഓരോ മതത്തിനും അനുകൂലമായി അദ്ഭുതകരങ്ങളായ പലതരം അവകാശവാദങ്ങള്‍ കേട്ട് ഞാന്‍ തഴമ്പിച്ചിരിക്കുന്നു. എന്റെ വിലപ്പെട്ടൊരു സുഹൃത്തായ ഡോ. ബാറോസ് സാര്‍വ്വലൗകികമായ ഒരൊറ്റ മതം ക്രിസ്തുമതമാണെന്നതിന്നനുകൂലമായി ഈ അടുത്തകാലത്തു പുറപ്പെടുവിച്ച അവകാശവാദങ്ങള്‍ നിങ്ങളും കേട്ടിരിക്കുമല്ലോ. തെല്ലിട ഈ പ്രശ്‌നം ഞാന്‍ പരീക്ഷിക്കാം: വേദാന്തത്തിന്നാണ്, വേദാന്തത്തിനുമാത്രമാണ്, മറ്റൊന്നിനുമല്ല, മനുഷ്യന്റെ സാര്‍വലൗകികമതമായിത്തീരാന്‍ കഴിവുള്ളതെന്നു ഞാന്‍ കരുതുന്നതിനുള്ള യുക്തികള്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കാം. നമ്മുടേതൊഴിച്ചുള്ള മഹാമതങ്ങളൊട്ടുമുക്കാലും അവയുടെ സ്ഥാപകന്റെയോ സ്ഥാപകരുടെയോ, ജീവിതങ്ങളുമായി അവശ്യം ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. അവയുടെ വാദങ്ങളും ഉപദേശങ്ങളും സിദ്ധാന്തങ്ങളും ആചാരശാസ്ര്തവുമൊക്കെ ആ സ്ഥാപകവ്യക്തികളുടെ ജീവിതത്തിനു ചുറ്റുമാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ആവക മതങ്ങള്‍ക്കുള്ള പിന്‍ബലവും അധികാരവും കരുത്തും വന്നുകൂടുന്നത് ആ സ്ഥാപകരില്‍നിന്നു തന്നെ. അദ്ഭുതമെന്നു പറഞ്ഞാല്‍ മതിയല്ലോ, ആ മതങ്ങളുടെയെല്ലാം ഉടലും ഉയിരും സ്ഥാപകന്റെ ജീവിതം ഐതിഹാസികമാണെന്നതില്‍ പ്രതിഷ്ഠിതമത്രേ. ആ ജീവിതത്തിന്റെ ഐതിഹാസികതയ്ക്ക് ഒരു പ്രഹരം കിട്ടിയാല്‍ – ഇതാണുതാനും ആധുനികകാലത്ത് മതസ്ഥാപകരെന്നു പറയുന്ന ഏതാണ്ട് എല്ലാവരുടെയും ജീവിതത്തിനു സംഭവിച്ചിട്ടുള്ളത്: നമുക്കറിയാം, ആവക ജീവിതവസ്തുതകളില്‍ പകുതി കാര്യമായി വിശ്വസിക്കപ്പെടുന്നില്ലെന്നും മറ്റേ പകുതി കാര്യമായി സംശയിക്കപ്പെട്ടു വരുന്നെന്നും – അതേ, ഇതു സംഭവിച്ചാല്‍, അവര്‍ സങ്കല്പിച്ച ഐതിഹാസികതയെന്ന ആ പാറ ഇളകുകയും താറുമാറാകയും ചെയ്താല്‍, ആ സൗധമപ്പാടെ തകര്‍ന്നുലഞ്ഞുവീഴും: നഷ്ടപ്പെട്ടുപോയ അതിന്റെ നില വീണ്ടെടുക്കാന്‍ തരപ്പെടുകയുമില്ല.

നമ്മുടേതൊഴിച്ചുള്ള വിശ്വമഹാമതങ്ങളെല്ലാം അത്തരം ഐതിഹാസികവ്യക്തികളുടെ മേലാണ് കെട്ടിയുറപ്പിച്ചിട്ടുള്ളത്. നമ്മളുടേതാകട്ടെ, തത്ത്വപ്രതിഷ്ഠമാണ്. ഒരു പുരുഷന്നോ സ്ര്തീക്കോ വേദങ്ങളുണ്ടാക്കി എന്നവകാശപ്പെടാവതല്ല. വേദങ്ങള്‍ നിത്യസത്യങ്ങളുടെ മൂര്‍ത്തീഭാവങ്ങളാണ്. ഋഷിമാര്‍ ആ സത്യങ്ങള്‍ കണ്ടുപിടിച്ചു ചിലപ്പോള്‍ ഈ ഋഷിമാരുടെ പേരു പറഞ്ഞിട്ടുണ്ട്, വെറും പേരു മാത്രം. അവര്‍ ആരായിരുന്നെന്നോ എന്തു ചെയ്തിരുന്നുവെന്നോ നമുക്കറിയാന്‍ പാങ്ങില്ല. പലപ്പോഴും അവരുടെ പിതാക്കന്മാര്‍ ആരായിരുന്നെന്നുപോലും അറിയാന്‍ വഴിയില്ല. ഏതാണ്ടെല്ലാ ഋഷിമാരെക്കുറിച്ചും പറയാം, അവര്‍ എപ്പോള്‍ എവിടെ ജനിച്ചുവെന്ന വിവരമില്ലെന്ന്. പക്ഷേ തങ്ങളുടെ പേരിനെയും പെരുമയെയും കുറിച്ച് ഈ ഋഷിമാര്‍ക്ക് എന്തു മതിപ്പ്! അവര്‍ തത്ത്വങ്ങളുടെ പ്രവക്താക്കളായിരുന്നു. തങ്ങള്‍ പ്രഖ്യാപിച്ച ആ തത്ത്വങ്ങളുടെ സമുജ്വലമാതൃകകളാകാന്‍ അവര്‍ ആവുന്നിടത്തോളം യത്‌നിച്ചു. അതോടൊപ്പം, നമ്മുടെ ഈശ്വരന്‍ നിര്‍ഗുണനും സഗുണനുമായതുപോലെ നമ്മുടെ മതവും അത്യന്തം നിര്‍വ്യക്തികമാണ്. അതിന്റെ പ്രതിഷ്ഠ തത്ത്വങ്ങളിലാണ്: എങ്കിലും വ്യക്തികളുടെ പ്രവര്‍ത്തനത്തിന് അപരിമിതമായ അവകാശവും അതലുണ്ട്. വേറെ ഏതു മതമുണ്ട്, ഏറെ അവതാരപുരുഷന്മാരെയും പ്രവാചകന്മാരെയും ഋഷിമാരെയും നല്കുന്നതായും ഇനിയും അത്തരം അസംഖ്യം പേരെ പ്രതീക്ഷിക്കുന്നതായും? ഭാഗവതം പറയുന്നു, അവതാരങ്ങള്‍ അസംഖ്യമുണ്ട്. നിങ്ങള്‍ക്കെത്ര വേണമോ അത്രയും അവതാരങ്ങള്‍ക്കു സ്ഥാനമുണ്ട്. അതിനാല്‍ ഭാരതത്തിന്റെ മതചരിത്രത്തില്‍, ഇവരില്‍ ഒന്നോ രണ്ടോ അവതാരങ്ങളോ പ്രവാചകരോ ഐതിഹാസികരല്ലെന്നു തെളിയിച്ചാല്‍ത്തന്നെയും നമ്മുടെ മതത്തിന് ഒരു തകരാറും പിണയാനില്ല. പിന്നെയും നമ്മുടെ മതം ഉറച്ചുനില്ക്കും, എന്നത്തെയുംപോലെ. എന്തുകൊണ്ടെന്നാല്‍, തത്ത്വങ്ങളിലാണ്, വ്യക്തികളിലല്ല, അത് അധിഷ്ഠിതമായിട്ടുള്ളത്. ലോകജനതകളെയെല്ലാം ഒരു വ്യക്തിക്കു ചൂഴെ അണിനിരത്താനുള്ള ശ്രമം വിഫലമാണ്. നിത്യവും സാര്‍വ്വലൗകികവുമായ തത്ത്വങ്ങളുടെ ചൂഴെപ്പോലും അവരെയെല്ലാം ഒത്തുചേര്‍ക്കുക ആയാസകരമാണ്. മനുഷ്യരാശിയിലെ ബഹുഭൂരിപക്ഷത്തെക്കൊണ്ടു മതത്തെപ്പറ്റി ഏകമാര്‍ഗ്ഗമായി ചിന്തിപ്പിക്കാന്‍ എന്നെങ്കിലും കഴിഞ്ഞെന്നുവന്നാല്‍ത്തന്നെ അതെപ്പോഴും തത്ത്വങ്ങളിലൂടെയാവാം, അല്ലാതെ വ്യക്തികളിലൂടെയാവില്ല എന്നു ധരിച്ചുകൊള്ളുക. എന്നിരിക്കിലും, ഞാന്‍ മുമ്പു പറഞ്ഞതുപോലെ, നമ്മുടെ മതത്തില്‍ വ്യക്തികളുടെ പ്രാമാണ്യത്തിനും പ്രഭാവത്തിനും വേണ്ടത്ര സ്ഥാനമുണ്ടുതന്നെ. അതില്‍ അദ്ഭുതകരമായ ആ ഇഷ്ടദേവതാവാദമുണ്ട്. മതത്തോടു ബന്ധപ്പെട്ട വന്‍കിട വ്യക്തികളില്‍ ആരെയെങ്കിലും യഥേഷ്ടം വരിയ്ക്കുവാന്‍ അതു പൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്കുന്നു. നിങ്ങളുടെ നേതാവും ആരാധ്യദേവതയുമായി ഏതു പ്രവാചകനെയുമോ ഗുരുവിനെയുമോ നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം. നിങ്ങള്‍ തിരഞ്ഞെടുത്തവനെ പ്രവാചകാഗ്രണിയെന്നോ അവതാരവരിഷ്ഠനെന്നോ കരുതാന്‍ സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടി ട്ടുണ്ട. ഇതിലൊരു തരക്കേടുമില്ല. പക്ഷേ ദൃഢസനാതനമായ ഒരു താത്ത്വികപശ്ചാത്തലത്തോട് നിങ്ങള്‍ പറ്റിപ്പിടിച്ചുകൊള്ളണം. ഇതില്‍ അദ്ഭുതകരമായ ഒരു വസ്തുതയുള്ളതിതാണ്. നമ്മുടെ അവതാരങ്ങളുടെ പ്രാബല്യം അഭംഗുരമായി നിലനിന്നിട്ടുള്ളത് അവര്‍ വൈദികതത്ത്വങ്ങളെ ഉദാഹരിച്ചേടത്തോളം മാത്രമാണ്. ശ്രീകൃഷ്ണന്റെ മഹത്ത്വം, തത്ത്വങ്ങളുടേതായ നമ്മുടെ സനാതനമതത്തെ പ്രവചിച്ചവരില്‍ ഉത്തമനെന്നും ഭാരതത്തില്‍ ജീവിച്ച വേദാന്തവ്യാഖ്യാതാക്കന്മാരില്‍ വെച്ചു ശ്രേഷ്ഠനെന്നുമുള്ളതത്രേ.

ലോകരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതില്‍ വേദാന്തത്തിനുള്ള രണ്ടാമത്തെ അവകാശവാദമിതാണ്; ലോകത്തിലെ മതഗ്രന്ഥങ്ങളില്‍ വെച്ചു വേദാന്തത്തിന്റെ ഉപദേശങ്ങളാണ്, ബാഹ്യപ്രകൃതിയെപ്പറ്റി ഇന്നു നടക്കുന്ന ശാസ്ര്തഗവേഷണങ്ങളുടെ ഫലങ്ങളോടു പൂര്‍ണ്ണമായി പൊരുത്തപ്പെടുന്നത്. ചരിത്രത്തിന്റെ മങ്ങിയ ആ പ്രാരംഭഘട്ടത്തില്‍, രൂപത്തിലും ചാര്‍ച്ചയിലും സഹാനുഭൂതിയിലും അടുത്തിരുന്ന രണ്ടു മനോമണ്ഡലങ്ങള്‍ ഭിന്നമാര്‍ഗ്ഗങ്ങളിലൂടെ (തത്ത്വാന്വേഷണത്തിനു) പുറപ്പെട്ടു. ഒന്നു പുരാതനമായ ഹൈന്ദവമനസ്സും മറ്റേതു പുരാതനമായ യവനമനസ്സും. ആദ്യത്തേത് ആഭ്യന്തരപ്രപഞ്ചത്തെ അപഗ്രഥിച്ചു കൊണ്ടു തുടങ്ങി. രണ്ടാമത്തേതു ബാഹ്യപ്രപഞ്ചത്തെ അപഗ്രഥിച്ചു കൊണ്ട് അതിന്നതീതമായ ആ ലക്ഷ്യത്തെ തേടിപ്പുറപ്പെട്ടു. ഈ രണ്ടു ചിന്താസ്പന്ദനങ്ങളെയും ചരിത്രത്തിന്റെ വിഭിന്നപരിവര്‍ത്തനങ്ങളിലൂടൊക്കെ ആ അതീതലക്ഷ്യത്തിന്റെ ഒരുപോലുള്ള മാറ്റൊലികള്‍ ഉളവാക്കാന്‍ പോന്നവയായി തിരിച്ചറിയുക എളുപ്പമാണ്. ഹിന്ദുക്കളെന്നു വിളിച്ചുവരുന്ന വേദാന്തികള്‍ക്കേ ഇന്നത്തെ ഭൗതികശാസ്ര്ത സിദ്ധാന്തങ്ങള്‍, സ്വമതത്തിനോടു പൊരുത്തപ്പെടുകയാല്‍ സ്വീകാര്യമാവൂ എന്നു സ്പഷ്ടം. ഇന്നത്തെ ഭൗതികവാദത്തിന് വേദാന്തസിദ്ധാന്തങ്ങള്‍ അംഗീകരിച്ചാല്‍ തന്‍േറടം വിടാതെതന്നെ ആദ്ധ്യാത്മികതയോടടുക്കാന്‍ കഴിയുമെന്നു വ്യക്തമാണ്. ആധുനികശാസ്ര്തസിദ്ധാന്തങ്ങള്‍ യുഗങ്ങള്‍ക്കുമുമ്പ് വേദാന്തമെത്തിച്ചേര്‍ന്നവതന്നെയെന്ന് ഞങ്ങള്‍ക്കും, അറിയാന്‍ നോക്കുന്നവര്‍ക്കൊക്കെയും, തോന്നുന്നുണ്ട്: അവ ഇന്നത്തെ ശാസ്ര്തത്തില്‍ ജഡത്തിന്‍േറതായ ഭാഷയിലാണ് അങ്കിതമായിട്ടുള്ളതെന്നുമാത്രം. വേദാന്തത്തിന് ഇന്നത്തെ പാശ്ചാത്യ മനോമണ്ഡലത്തെ വശീകരിപ്പാന്‍ പ്രാപ്തിനല്കുന്ന മറ്റൊരു കാരണം, അതിന്റെ യുക്തിയുക്തത, അതിന്റെ അദ്ഭുതകരമായ യുക്തിവാദമാണ്. ഒന്നാംകിടയില്‍പ്പെട്ട ഇന്നത്തെ ചില പാശ്ചാത്യശാസ്ര്തജ്ഞന്മാര്‍ എന്നോടു പറഞ്ഞിട്ടുണ്ട്, വേദാന്തസിദ്ധാന്തങ്ങള്‍ എത്ര അദ്ഭുതകരമാം വണ്ണം യുക്തിയുക്തമാണെന്ന്. ഊണുകഴിക്കുവാനോ പരീക്ഷണശാലയില്‍നിന്നു വെളിയില്‍ വരുവാന്‍പോലുമോസമയമില്ലാത്ത അവരിലൊ രാള്‍ മണിക്കൂര്‍ക്കണക്കിന് എത്ര വേദാന്തപ്രഭാഷണങ്ങള്‍ കേട്ടു കൊണ്ടുനിന്നിരുന്നു എന്നെനിക്കു നേരിട്ടറിയാം: കാരണം, അദ്ദേഹം പറയുംപോലെ, അവ അത്രമാത്രം ശാസ്ര്തീയമാണ്: ഈ യുഗത്തിന്റെ ആകാംക്ഷകളോടും ആധുനികശാസ്ര്തം ഇന്നെത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന സിദ്ധാന്തങ്ങളോടും അവ അത്ര കൃത്യമായി പൊരുത്തപ്പെടുന്നു.

മതങ്ങളെ തുലനം ചെയ്തിട്ടെത്തിച്ചേര്‍ന്ന രണ്ടു സിദ്ധാന്തങ്ങളിലേക്കു നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കാന്‍ ഞാനാഗ്രഹിക്കുന്നു: ഒന്നു മതങ്ങളുടെ സാര്‍വലൗകികതയോടും മറ്റേതു പദാര്‍ത്ഥങ്ങളുടെ ഐക്യത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ബാബിലോണിയരുടെ ചരിത്രങ്ങളിലും യഹൂദരുടെ ഇടയിലും കൗതുകകരമായ ഒരു മതപ്രതിഭാസം സംഭവിച്ചിരുന്നതായി കാണാം. ബാബിലോണിയരും യഹൂദരും പ്രത്യേകം ഗോത്രങ്ങളായി പിരിഞ്ഞിരുന്നു. ഓരോ ഗോത്രത്തിനും അതിന്‍േറതായ ഒരു ദേവതയുണ്ട്. ക്ഷുദ്രരായ ഈ ഗോത്രദേവതകള്‍ക്കു പലപ്പോഴും ഒരു മൂലനാമവുമുണ്ടായിരുന്നു. ബാബിലോണിയരുടെ ദേവതകള്‍ ‘ബാലു’കള്‍ എന്നു വിളിക്കപ്പെട്ടു: ഇവരിലെല്ലാംവെച്ചു പ്രധാനന്‍ ‘ബാല്‍മെര്‍ഡോക്കാ’ണ്. കാലക്രമത്തില്‍ ഇവരിലൊരു ഗോത്രക്കാര്‍ ബന്ധപ്പെട്ട മറ്റുള്ളവരെ ആക്രമിച്ചുകീഴടക്കി സജാതീയരാക്കിവന്നു. സ്വാഭാവികമായി, വിജയികളായ ഗോത്രക്കാരുടെ ദേവതയെ മറ്റു ഗോത്രക്കാരുടെ ദേവതകളുടെ മേലേയായി പ്രതിഷ്ഠിച്ചുംവന്നു. അങ്ങനെയാണ് സെമിറ്റിക്‌വംശ്യരുടെ വികത്ഥിതമായ ആ ഏകദേവതാവാദം രൂപപ്പെട്ടത്. യഹൂദരുടെ ഇടയില്‍ ദേവതകളെ ‘മോളാക്കു’കള്‍ എന്നു വിളിച്ചു വന്നു. ഇസ്രായല്‍ഗോത്രക്കാരുടെ ഒരു മോളാക്കിന്റെ പേര്‍ ‘യാഹ്വ’, അഥവാ യാവ എന്നാണ്. ക്രമേണ ഇസ്രായല്‍ഗോത്രം അതേ വംശത്തില്‍പ്പെട്ട മറ്റു ചില ഗോത്രക്കാരെ ആക്രമിച്ചു കീഴടക്കി: അവരുടെ മോളാക്കുകളെയും നശിപ്പിച്ചു. ഇസ്രായല്‍ഗോത്രക്കാരുടെ മോളോക്ക് എല്ലാ മോളോക്കുകളുടെയും അധിപനാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. മതപരമായ ഈ കീഴടക്കല്‍ ഉളവാക്കിയ രക്തച്ചൊരിച്ചിലും നിപീഡനവും നിഷ്‌കരുണമായ ബര്‍ബരതയും എത്ര വമ്പിച്ചതായിരുന്നെന്നു നിങ്ങളില്‍ മിക്കവര്‍ക്കുമറിയാമെന്ന് എനിക്കു തീര്‍ച്ചയുണ്ട്. കുറേക്കാലം ചെന്നപ്പോള്‍ ബാബിലോണിയന്‍ മോളോക് യാഹ്വയുടെ മേല്‍ക്കോയ്മ നശിപ്പിക്കാന്‍ ശ്രമിച്ചു: പക്ഷേ അതു സാധിച്ചില്ല. ഭാരത സീമകളിലും മതകാര്യങ്ങളില്‍ ഗോത്രീയമായ അഹന്ത സ്ഥാപിച്ചെടുക്കാനുള്ള ഒരു യത്‌നം നടന്നിരിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ഇവിടെ വെടിവെച്ചും ആര്യഗോത്രങ്ങളില്‍പ്പെട്ടവരെല്ലാം അവരവരുടെ ഗോത്രദേവതകളുടെ മേല്‍ക്കോയ്മ പ്രഖ്യാപിക്കാന്‍ പരസ്പരം ഏറ്റുമുട്ടിയിരിക്കണം. പക്ഷേ ഭാരതചരിത്രം മറ്റൊരു തരത്തില്‍, യഹൂദരുടേതില്‍ നിന്നു ഭിന്നമായിത്തീരാനുള്ളതായിരുന്നു. നാടുകളില്‍വെച്ച് ഭാരതം സഹിഷ്ണുതയുടെയും ആദ്ധ്യാത്മികതയുടെയും നാടാകേണ്ടിയിരുന്നു. അതിനാല്‍ ഗോത്രക്കാരുടെയും തദ്ദേവതകളുടെയും സംഘട്ടനങ്ങള്‍ ഇവിടെ നീണ്ടുനിന്നില്ല. കാരണം, ചരിത്രത്തിന് എത്താനാവാത്തവിധം, കേട്ടുകേഴ്‌വിക്കുപോലും എത്തിനോക്കാനാവാത്തവിധം വിദൂരമായ ആ കാലത്തുതന്നെ ജന്മമെടുത്ത ഏറ്റവും മഹാന്മാരായ ഋഷിമാരിലൊരാള്‍ ഭാരതത്തില്‍ പ്രഖ്യാപിച്ചു, ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ ‘ഉണ്മയുള്ളത് ഒന്നാണ്: അതിനു പ്രാജ്ഞന്മാര്‍ പല പേരുകള്‍ പറയുന്നു” എന്ന്. ഉച്ചരിക്കപ്പെട്ട വാക്യങ്ങളിലെല്ലാംവെച്ച് ഏറ്റവും സ്മരണീയമായ ഒന്നത്രേ ഇത്. എക്കാലത്തും കണ്ടുകിട്ടിയിട്ടുള്ള മഹനീയസത്യങ്ങളിലൊന്നാണിത്: ഹിന്ദുക്കളായ നമുക്ക് ഒരു ജനതയായി നിലനില്ക്കാന്‍വേണ്ട നട്ടെല്ലാണ് ഈ സത്യം: നമ്മുടെ ജനതാജീവിതത്തിന്റെ നൂറ്റാണ്ടുകളായി നീണ്ടുകിടക്കുന്ന കാഴ്ചപ്പാടുകളിലൂടെ ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന ആശയം വന്നുകൊണ്ടേയിരിക്കുന്നു. അതു കനത്തിലും മുഴുപ്പിലും ഏറിയേറി, ഇന്നിപ്പോള്‍ നമ്മുടെ ജനതാജീവിതത്തിലെങ്ങും വ്യാപിച്ചിരിക്കുന്നു: നമ്മുടെ രക്തത്തില്‍ കലര്‍ന്നിരിക്കുന്നു: അതു നാംതന്നെയായിരിക്കുന്നു. നാം നമ്മുടെ ഓരോ സിരയിലൂടെയുമായി മഹത്തായ ആ സത്യത്തെ സ്നേഹിക്കുന്നു. അങ്ങനെ മതസഹിഷ്ണുതയുടെ മഹനീയ രാജ്യമായിരിക്കുന്നു നമ്മുടെ രാജ്യം. നമ്മുടെ സ്വന്തം മതത്തെ അപലപിക്കാന്‍ വന്നുകൂടിയ മതങ്ങള്‍ക്ക് ഇവിടെ, ഇവിടെമാത്രമാണ്, മന്ദിരങ്ങളും പള്ളികളും പണിതുകൊടുത്തിട്ടുള്ളത്. ലോകം നമ്മില്‍ നിന്നു പഠിക്കാന്‍ കാത്തുനില്ക്കുന്നത് ഈ വമ്പിച്ച തത്ത്വമാണ്. അതേ, പുറമേയുള്ള ലോകത്തില്‍ എത്രമാത്രം അസഹിഷ്ണുതയുണ്ടെന്ന് നിങ്ങള്‍ക്കു തീരെ അറിഞ്ഞുകൂടാ. മതസഹിഷ്ണുത പരക്കെ യുള്ളതിനാല്‍, എന്റെ എല്ലുകള്‍തന്നെ വല്ല വിദേശത്തും വീണുപോകാന്‍ ഇടയുള്ളതായി ഒന്നിലേറെ സന്ദര്‍ഭങ്ങളില്‍ എനിക്കു തോന്നിയിട്ടുണ്ട്. മതത്തിനുവേണ്ടി ഒരു മനുഷ്യനെ വധിക്കുക നിസ്സാരമാണ്. ഇന്നിപ്പോള്‍ അതു ചെയ്യുന്നില്ലെങ്കില്‍ത്തന്നെ, വികസിതമായ ആ പാശ്ചാത്യപരിഷ്‌കാരത്തിന്റെ ഹൃദയഭൂമിയില്‍വെച്ച് നാളെ അതു നടന്നേക്കും. തന്റെ രാജ്യക്കാര്‍ സ്വീകരിച്ച മതത്തിന്നെതിരായി ഒന്നുരിയാടിയാല്‍ മതി, ഒരു പാശ്ചാത്യന്റെ തലയിലും ജാതിഭ്രഷ്ടിന്റെ ബീഭത്‌സതരമായ വൈകൃതങ്ങള്‍ വന്നാപതിക്കുവാന്‍. നമ്മുടെ ജാതിനിയമങ്ങള്‍ക്കെതിരായി വാതോരാതെയും മിനുസമായും അവര്‍ നാവടിക്കാറുണ്ടല്ലോ. പടിഞ്ഞാറന്‍നാടുകളില്‍ ചെന്നു നിങ്ങള്‍ എന്നെപ്പോലെ താമസിച്ചാല്‍ മതി, അപ്പോഴറിയാം, വിശ്രുതരായ ഒന്നാംകിട പ്രാദ്ധ്യാപകര്‍പോലും നാണമില്ലാത്ത ഭീരുക്കളാണെന്ന്: പൊതുജനാഭിപ്രായത്തെ ഭയന്ന് മതകാര്യങ്ങളില്‍ തങ്ങള്‍ക്കു ശരിയെന്നു തോന്നുന്നതിന്റെ നൂറിലൊരംശംപോലും പറയാന്‍ അവര്‍ ഭയപ്പെടുമെന്ന്.

അപ്പോള്‍ സാര്‍വ്വലൗകികവും മഹനീയവുമായ സഹിഷ്ണുതയെന്ന ഈ ആശയത്തിനുവേണ്ടി ലോകമാസകലം കാത്തുനില്ക്കുകയാണ്. അതു പരിഷ്‌കാരത്തിനു വമ്പിച്ച ഒരു നേട്ടമായിരിക്കും ഈ ആശയത്തിന്നിടംകൊടുക്കാത്ത പരിഷ്‌കാരം നെടുനാള്‍ നിലനില്ക്കയില്ലതന്നെ. പിടിവാദവും രക്തച്ചൊരിച്ചിലും ബര്‍ബരതയും നിലയ്ക്കാതെ, ഒരു പരിഷ്‌കാരത്തിനും വളരാനാവില്ല. അന്യോന്യം ഉദാരമായ പരിഗണന ഇല്ലാത്തിടത്തോളം കാലം ഒരു പരിഷ്‌കാരത്തിനും തലയുയര്‍ത്താനേ തരപ്പെടില്ല. അത്യന്താപേക്ഷിതമായ ഈ ഔദാര്യത്തിലേക്ക് ഒന്നാമത്തെ ചുവടുവെയ്പ് മറ്റുള്ളവരുടെ മതശ്രദ്ധയെ സ്നേഹത്തോടും ഉദാരതയോടുംകൂടി വീക്ഷിക്കലാണ്. ഇത്രയുംകൊണ്ടു മാത്രമായില്ല. നാം ഉദാരന്മാരായാല്‍മാത്രം പോരെന്നു ധരിക്കണം. നമ്മുടെ മതപരമായ ആശയങ്ങളും ശ്രദ്ധകളും എത്രയൊക്കെ ഭിന്നമാണെങ്കിലും, നാം തികഞ്ഞ സാഹായംകൂടി ചെയ്യുന്നവരാകണം. ഞാനിപ്പോള്‍ പറഞ്ഞതുപോലെ, ഇതുതന്നെയാണ് നാം ഭാരതത്തില്‍ ചെയ്തുവരുന്നത്. ഭാരതത്തില്‍ ഹിന്ദുക്കളാണ് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും പള്ളികള്‍ പണിതുകൊടുത്തത്. ഇതുതന്നെയാണ് ചെയ്യേണ്ട കാര്യം. അവരുടെ ദ്വേഷവും മൃഗീയതയും ക്രൗര്യവും നിപീഡനവും ഭാഷയ്ക്കുള്ള സഹജമായ നീചതയും എത്രയധികമാണെങ്കിലും അവരെയൊക്കെ സ്നേഹത്തിലൂടെ കീഴടക്കുന്നതുവരെ, ദ്വേഷമല്ല സ്നേഹമാണ് അതിജീവിക്കാന്‍ യോഗ്യമെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതുവരെ, വെറും മൃഗീയതയ്ക്കും കായികശക്തിക്കുമല്ല സൗമ്യതയ്ക്കാണ് തുടര്‍ന്നു ജീവിക്കാനും സാഫല്യമടയാനും കരുത്തുള്ളതെന്നു കാട്ടുന്നതുവരെ, ക്രിസ്ത്യാനിക്കും മുസ്ലീമിനുംവേണ്ടി നാം പള്ളികള്‍ പണിതുകൊടുക്കും, പള്ളികള്‍ പണിതുകൊടുക്കുകതന്നെ വേണം.

ലോകം, വിചാരശീലരായ യൂറോപ്യന്മാര്‍, ഒരുപക്ഷേ അതിലുമേറെ താണവര്‍ഗ്ഗക്കാര്‍, സംസ്‌കൃതചിത്തരെക്കാളേറെ സാമാന്യജനം, അഭ്യസ്തവിദ്യരെക്കാളേറെ അജ്ഞന്മാര്‍, പ്രബലരെക്കാളേറെ ദുര്‍ബലര്‍, ഇന്ന് നമ്മില്‍നിന്നു പ്രതീക്ഷിക്കുന്ന മഹത്തായ മറ്റേ ആശയം പ്രപഞ്ചത്തിന്റെയെല്ലാം ആദ്ധ്യാത്മികമായ ഐക്യം എന്ന സമുന്നത ഭാവനയത്രേ. പാശ്ചാത്യലോകത്തില്‍ ഇന്നു നിലവിലുള്ള ഗവേഷണങ്ങള്‍ ഭൗതികമായ ഉപകരണങ്ങളിലൂടെ പ്രപഞ്ചത്തിന്നാകെയുള്ള ഐക്യത്തെയും കെട്ടുറപ്പിനെയും എങ്ങനെ സ്പഷ്ടമാക്കുന്നു എന്ന് മദ്രാസ് സര്‍വകലാശാലയില്‍നിന്നു വെളിയില്‍ വന്നവരോട് ഞാന്‍ പറയേണ്ടതില്ല. ഭൗതികമായി പറഞ്ഞാല്‍, നിങ്ങളും ഞാനും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ അപരിമിതമായ ജഡസാഗരത്തിലെ കൊച്ചുതരംഗങ്ങളോ ചിറ്റലകളോ ആണ്. ഇതുപോലെ, പല യുഗങ്ങള്‍ക്കു മുമ്പ് ഭാരതീയമനഃശാസ്ര്തം പ്രസ്പഷ്ടമാക്കി, ജഡസമുദ്രത്തിലെ അഥവാ സമഷ്ടിയിലെ രണ്ടു പേരുകള്‍, ചിറ്റലകള്‍, ആണ് ശരീരവും മനസ്സും എന്ന്. ഒരടികൂടി മുന്നോട്ടുവെച്ച്, ദൃശ്യത്തിന്റെയെല്ലാം ഐക്യമെന്ന ആശയത്തിനു പിന്നില്‍ പാരമാര്‍ത്ഥികമായ ആത്മാവാണെന്നും വേദാന്തത്തില്‍ കാണിച്ചിട്ടുണ്ട് – ഇവയൊന്നും ഞാനിന്നു പറഞ്ഞറിയിക്കേണ്ടതില്ല. പ്രപഞ്ചത്തിലെല്ലാംകൂടി ആത്മാവൊന്നേ യുള്ളൂ. എല്ലാം ഒരേ ഒരു സത്ത. പ്രപഞ്ചത്തിനാകെ മൗലികവും യഥാര്‍ത്ഥവുമായ കെട്ടുറപ്പെന്ന ആശയം ഈ രാജ്യത്തുപോലും പലരെയും ഭയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ഇതിനെ എതിരേല്ക്കുന്നവരെക്കാള്‍ എതിര്‍ക്കുന്നവരാണധികം. എങ്കിലും നിങ്ങളോട് ഞാന്‍ പറയുന്നു: ഇന്നു ലോകം നമ്മില്‍നിന്നാവശ്യപ്പെടുന്ന മഹത്തും ജീവസന്ദായകവുമായ ആശയം ഇതാണ്. ഇതുതന്നെയാണ്, ഭാരതത്തിലെ മൂകജനകോടികള്‍ക്ക് അവരുടെതന്നെ ഉദ്ധരണത്തിനു വേണ്ടുന്ന ആശയവും. വസ്തുക്കളുടെ ഐക്യമെന്ന ആദര്‍ശത്തെ പ്രായോഗിക മാക്കാതെ, ഫലപ്രദമാംവണ്ണം വ്യപരിപ്പിക്കാതെ, ആര്‍ക്കും നമ്മുടെ ഈ രാജ്യത്തെ പുനര്‍ജീവിപ്പിക്കാവതല്ല.

[വിവേകാനന്ദസാഹിത്യസര്‍വസ്വം – സ്വാമിജി കുംഭകോണം സന്ദര്‍ശിച്ചപ്പോള്‍]