സ്വാമി വിവേകാനന്ദന്‍


മദ്രാസിലെ സ്വാഗത്തിനു മറുപടി
ശ്രീ വിവേകാനന്ദസ്വാമികള്‍ മദ്രാസില്‍ എത്തിയപ്പോള്‍ മദ്രാസിലെ സ്വീകരണ സംഘം അദ്ദേഹത്തിനു നല്കിയ സ്വാഗതാശംസയാണ് ചുവടെ ചേര്‍ക്കുന്നത്.

പൂജ്യനായ സ്വാമിന്‍,
പാശ്ചാത്യരാജ്യങ്ങളില്‍ മതപ്രചരണം നടത്തി മടങ്ങിവന്ന ഈ അവസരത്തില്‍, അങ്ങയുടെ സമാനമതസ്ഥരായ മദ്രാസിലെ ഹിന്ദുക്കളുടെ പേരില്‍ ഞങ്ങള്‍ അങ്ങയ്ക്ക് ഏറ്റവും ഹാര്‍ദ്ദമായ സ്വാഗതമോതുന്നു. വെറും ഔപചാരികമായ ചടങ്ങു നിര്‍വഹിക്കുവാനല്ല ഞങ്ങള്‍ ഈ സ്വാഗതാശംസയുമായി അങ്ങയെ സമീപിക്കുന്നത്: ഹൃദയംനിറഞ്ഞ ഞങ്ങളുടെ സ്നേഹം അങ്ങയ്ക്ക് അര്‍പ്പിക്കുവാനും അങ്ങു ഭാരതത്തിന്റെ ഉന്നതമായ മതാദര്‍ശങ്ങള്‍ പ്രഖ്യാപിച്ച് മഹത്തായ സത്യത്തിനുവേണ്ടി ഈശ്വരകൃപയാല്‍ നിര്‍വഹിച്ച സേവനത്തെച്ചൊല്ലി ഞങ്ങള്‍ ക്കുള്ള കൃതജ്ഞത പ്രകാശിപ്പിക്കുവാനുമത്രേ.

ഷിക്കാഗോവില്‍ മതമഹാസമ്മേളനം സംഘടിപ്പിച്ചപ്പോള്‍, നമ്മുടെ ഉദാരവും പുരാതനവുമായ മതം യഥായോഗ്യം അതില്‍ പ്രതിനിധാനം ചെയ്യപ്പെടണമെന്നും, അമേരിക്കര്‍ക്കും അവരിലൂടെ പാശ്ചാത്യലോകത്തിനുതന്നെയും അതു വേണ്ടവണ്ണം വിശദീകരിച്ചുകൊടുക്കണമെന്നും, നമ്മുടെ നാട്ടുകാരില്‍ ചിലര്‍ സ്വാഭാവികമായി തീവ്രമായാഗ്രഹിച്ചു. അപ്പോള്‍ അങ്ങയെ കാണാനും, ചരിത്രത്തില്‍ വീണ്ടും വീണ്ടും തെളിഞ്ഞിട്ടുള്ള ആ വസ്തുത -സത്യത്തെ പുരോഗമിപ്പിക്കുവാന്‍ പറ്റിയ മനുഷ്യന്‍, അതിന്നവസരമുണ്ടാകുമ്പോള്‍ ആവിര്‍ഭവിച്ചുകൊള്ളുമെന്ന വസ്തുത – ഒരിക്കല്‍ക്കൂടി ബോധപ്പെടുവാനുമുള്ള സൗഭാഗ്യം ഞങ്ങള്‍ക്കു കൈവന്നു. മതമഹാസമ്മേളനത്തില്‍ ഹിന്ദുമതത്തിന്റെ പ്രതിനിധിയാകാമെന്ന് അങ്ങേറ്റപ്പോള്‍, അങ്ങയുടെ അസാമാന്യമായ കഴിവുകളെക്കുറിച്ചുള്ള അറിവുവെച്ചുകൊണ്ട് ഏതാണ്ടെല്ലാവര്‍ക്കും തോന്നി, ആ സ്മരണീയമായ മതസമ്മേളനത്തില്‍ ഹിന്ദുമതത്തെ അതിന്റെ പ്രതിനിധി സമര്‍ത്ഥമായി ഉയര്‍ത്തിപ്പിടിക്കുമെന്ന്. ഹിന്ദുമതസിദ്ധാന്തങ്ങളുടേതായ അങ്ങയുടെ വിശദവും വസ്തുനിഷ്ഠവും പ്രാമാണികവുമായ പ്രതിനിധാനം മതമഹാസമ്മേളനത്തില്‍ മാത്രമല്ല ഗണ്യമായ മട്ടില്‍ ശ്രദ്ധിക്കപ്പെട്ടുള്ളൂ: ഇന്നുവരെ ലോകം കണ്ടിട്ടുള്ളതില്‍വെച്ചു കൂടുതല്‍ വിശാലവും പൂര്‍ണ്ണവും പവിത്രവുമായ മാനുഷികവികാസം കൈവരുത്തുന്ന ഉത്തേജകപാനീയം – അമരമായ ജീവിതത്തിന്റെയും സ്നേഹത്തിന്റെയുമായ പാനീയം – ഭാരതീയമായ ആദ്ധ്യാത്മികതയുടെ ഉറവിടത്തില്‍നിന്നു മുക്കിയെടുക്കാമെന്ന് വൈദേശികരായ പല സ്ര്തീപുരുഷന്മാരെയും അതു സ്ഫുടമായി ബോധപ്പെടുത്തി. ഹൈന്ദവരുടെ വിശിഷ്ടസിദ്ധാന്തമായ മതസമന്വയത്തിലേക്കും മതസൗഭ്രാത്രത്തിലേക്കും ലോകത്തിലുള്ള വന്‍മതങ്ങളുടെ പ്രതിനിധികളുടെ ശ്രദ്ധയെ ക്ഷണിച്ചതിനു പ്രത്യേകിച്ചും ഞങ്ങള്‍ അങ്ങയോടു കൃതജ്ഞരാണ്. വാസ്തവത്തില്‍ സത്യവും പവിത്രതയും ഒരു പ്രത്യേകദേശത്തിന്റെയോ സംഘത്തിന്റെയോ തത്ത്വസംഹിതയുടെയോ ശിക്ഷണപദ്ധതിയുടെയോ തനിച്ചുള്ള സമ്പത്താണെന്ന് അഭിജ്ഞരും ശ്രദ്ധാസമ്പന്നരുമായ മനുഷ്യര്‍ക്ക് ഇനി ശഠിക്കത്തക്കതല്ല. ഒരു സവിശേഷമതമോ ദര്‍ശനമോ, മറ്റുള്ളവയെയെല്ലാം തള്ളിമാറ്റി നശിപ്പിച്ച്, സ്വയം അതിജീവിക്കുമെന്ന് ഇനി കരുതത്തക്കതല്ല. ഗീതാഹൃദയത്തില്‍ തങ്ങിനില്ക്കുന്ന മധുരമായ സമന്വയത്തെ തികച്ചും പ്രകാശിപ്പിക്കുന്ന അങ്ങയുടെ മോഹനമായ ഭാഷയില്‍ പറഞ്ഞാല്‍ ”മതപ്രപഞ്ചമെല്ലാം പല ഉപാധികളിലും ചുറ്റുപാടുകളിലുംകൂടി പല തരക്കാരായ സ്ര്തീപുരുഷന്മാരുടെ ഒരേ ലക്ഷ്യത്തിലേക്കുള്ള പോക്കും എത്തിച്ചേരലുമാണ്.”

അങ്ങയെ ഭാരമേല്പിച്ച സമുന്നതവും പവിത്രവുമായ ഈ കൃത്യം നിറവേറ്റുകയേ അങ്ങു ചെയ്തുള്ളുവെങ്കില്‍ത്തന്നെ ഹിന്ദുക്കളായ അങ്ങയുടെ സമാനമതസ്ഥര്‍ അങ്ങു ചെയ്ത ജോലിയുടെ അനര്‍ഘത സന്തോഷത്തോടും കൃതജ്ഞതയോടും കൂടി അംഗീകരിക്കും: എന്നാല്‍, പാശ്ചാത്യരാജ്യങ്ങളിലേക്ക് അങ്ങു കടന്നുചെന്നത് ഭാരതീയമായ സനാതനധര്‍മ്മത്തിന്റെ ചിരന്തനോപദേശങ്ങളെ ആശ്രയിച്ചു നിലകൊള്ളുന്നതും, സമാധാനത്തെയും പ്രകാശത്തെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സന്ദേശത്തിന്റെ വാഹകനായിട്ടുകൂടിയാണ്. വേദാന്തമതത്തിന്റെ അഗാധമായ യുക്തിയുക്തതയെ സമര്‍ത്ഥിക്കുവാനായി അങ്ങനുഷ്ഠിച്ച സേവനങ്ങള്‍ക്കെല്ലാം അങ്ങയോടു കൃതജ്ഞത പറയുമ്പോള്‍, നമ്മുടെ മതവും ദര്‍ശനവും പ്രചരിപ്പിക്കാന്‍ സ്ഥിരകേന്ദ്രങ്ങളോടുകൂടിയ സജീവമായ ഒരു ധര്‍മ്മസംഘം സ്ഥാപിക്കുമെന്ന് അങ്ങു സങ്കല്പിച്ചിട്ടുള്ള കൃത്യത്തെക്കുറിച്ചുകൂടി സൂചിപ്പിക്കാന്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്. അങ്ങ് അങ്ങയുടെ ഉത്‌സാഹവും ഓജസ്സും ഏതൊരു സംരംഭത്തിന്നായി ഉഴിഞ്ഞുവെയ്ക്കാന്‍ സന്നദ്ധനാണോ അത് അങ്ങു പ്രതിനിധാനം ചെയ്യുന്ന പാരമ്പര്യങ്ങള്‍ക്കും, അങ്ങയുടെ ജീവിതത്തെയും അതിന്റെ ലക്ഷ്യങ്ങളെയും ഉത്തേജിപ്പിച്ച അങ്ങയുടെ മഹാഗുരുവിന്നും ഏറ്റവും ഉചിതം തന്നെ. മഹത്തായ ആ സംരംഭത്തില്‍ അങ്ങയോടൊത്തു സഹകരിക്കുവാന്‍ ഞങ്ങള്‍ക്കും ഇടയാകുമെന്നാണ് ഞങ്ങളുടെ ആശയും വിശ്വാസവും. സര്‍വജ്ഞനും സര്‍വകാരുണികനുമായ വിശ്വനാഥനോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ദീര്‍ഘായുസ്സും പൂര്‍ണ്ണാരോഗ്യവും അങ്ങയ്ക്കു നല്കണമെന്നും, അനശ്വരസത്യത്തിന്റെ മൂര്‍ദ്ധാവില്‍ എക്കാലത്തും മിന്നേണ്ട ആ മകുടം – മഹനീയതയുടെയും സാഫല്യത്തിന്‍േറതുമായ ആ മകുടം – ചൂടിച്ച്, അങ്ങയുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമെന്നും.

പിന്നീടു ഖെത്രിമഹാരാജാവയച്ചുകൊടുത്തിരുന്ന സ്വാഗതാശംസ വായിക്കപ്പെട്ടു.

പൂജ്യനായ സ്വാമിന്‍,
മദ്രാസില്‍ മടങ്ങിയെത്തിയ അവിടുത്തേക്ക് സ്വീകരണം നല്കുന്ന ഈ ആദ്യാവസരത്തില്‍ത്തന്നെ, അങ്ങു സുരക്ഷിതനായി ഭാരതത്തില്‍ തിരിച്ചെത്തിയതില്‍ എനിക്കുള്ള ആനന്ദവും സംതൃപ്തിയും പ്രകാശിപ്പിക്കട്ടെ. ഒപ്പം, പാശ്ചാത്യദേശങ്ങളില്‍ അങ്ങയുടെ നിഃസ്വാര്‍ത്ഥമായ പ്രയത്‌നങ്ങള്‍ക്കുണ്ടായ വമ്പിച്ച സാഫല്യത്തെച്ചൊല്ലി എന്റെ ഹൃദയത്തില്‍നിന്നുയരുന്ന അനുമോദനങ്ങള്‍ അങ്ങയ്ക്ക് അര്‍പ്പിക്കയും ചെയ്തുകൊള്ളട്ടെ. പാശ്ചാത്യരായ മഹാമനീഷികള്‍ സഗര്‍വം അഭിമാനിക്കാറുണ്ട്, ”ശാസ്ര്തം ഒരിക്കല്‍ വെട്ടിപ്പിടിച്ച ഇടം ഒരിഞ്ചുപോലും മതത്തിനു വീണ്ടും കയ്യടക്കാന്‍ കഴിഞ്ഞിട്ടില്ലെ”ന്ന്. എന്നാല്‍, വാസ്തവത്തില്‍, ശാസ്ര്തം തനിമതത്തെ എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്നതായി പറയാന്‍ വയ്യതാനും. ഷിക്കാഗോവില്‍വെച്ചു നടന്ന മതമഹാസമ്മേളനത്തില്‍ സന്നിഹിതനാകാന്‍ ഭാരതത്തിലെ ഋഷിമാരുടെ ഇത്ര യോഗ്യനായ ഒരു പ്രതിനിധിയെ കിട്ടിയതില്‍ പവിത്രമായ ആര്യാവര്‍ത്തത്തിന് അസുലഭമായ സൗഭാഗ്യമാണുണ്ടായിട്ടുള്ളത്. ഭാരതത്തില്‍ ഇന്നും ആദ്ധ്യാത്മികതയുടെ എത്ര അക്ഷയമായ ഒരു നിധിയാണുള്ളതെന്ന് പാശ്ചാത്യര്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചതു തികച്ചും സ്വാമിജിയുടേതായ പ്രാജ്ഞതയും കര്‍മ്മണ്യതയും ഉത്‌സാഹവുംകൊണ്ടാണ്. ലോകത്തിലെ നിരവധി മതവിശ്വാസങ്ങളിലുള്ള വൈരുദ്ധ്യങ്ങളെല്ലാം വേദാന്തത്തിന്റെ സാര്‍വലൗകിക പ്രകാശത്തില്‍ അനുരഞ്ജിക്കുമെന്ന് അങ്ങയുടെ പ്രയത്‌നങ്ങള്‍, ശങ്കയ്ക്കിടകൊടുക്കാത്തവണ്ണം, ഇന്നു തെളിയിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ വികാസം ഉള്‍ക്കൊള്ളുന്ന സങ്കല്പം, നാനാത്വത്തിലുള്ള ഏകത്വമെന്ന സത്യം, ധരിക്കുന്നതും പ്രായോഗികമായി സാക്ഷാത്കരിക്കുന്നതും ലോകജനതകളുടെയെല്ലാം ആവശ്യമാണെന്നും, മതങ്ങളുടെ സമന്വയത്തിലും സൗഭ്രാത്രത്തിലുംകൂടി മാത്രമേ, പരസ്പര സഹിഷ്ണുതയും പരസ്പരസാഹായ്യവുംകൊണ്ടു മാത്രമേ, മനുഷ്യരാശിയുടെ കര്‍ത്തവ്യവും ഭാഗധേയവും നിറവേറുകയുള്ളുവെന്നും അങ്ങയുടെ പ്രയത്‌നങ്ങള്‍ തെളിയിച്ചിരിക്കുന്നു. അങ്ങയുടെ സമുന്നതവും പരിപാവനവുമായ നേതൃത്വത്തിലും ഉത്തമോപദേശങ്ങളുടെ പ്രചോദകപ്രഭാവത്തിലും പെട്ടാണ് ഈ തലമുറക്കാരായ ഞങ്ങള്‍ക്ക് ലോകചരിത്രത്തിലെ ഒരു നവയുഗത്തിന്റെ ഉദ്ഘാടനം കാണുവാന്‍ സൗഭാഗ്യം കൈവന്നത്. ഈ നവയുഗത്തില്‍ മതഭ്രാന്തും വിദ്വേഷവും സംഘട്ടനവും തീരുമെന്നും, സമാധാനവും സഹാനുഭൂതിയും സ്നേഹവും മനുഷ്യരുടെ ഇടയില്‍ ചെങ്കോല്‍ നടത്തുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അവിടുത്തെയും അവിടുത്തെ പ്രയത്‌നങ്ങളുടെയും മേല്‍ ഈശ്വരാനുഗ്രഹങ്ങള്‍ പൊഴിയട്ടെ എന്ന് എന്റെ പ്രജകളോടൊത്ത് ഞാനും പ്രാര്‍ത്ഥിക്കുന്നു.

മേല്‍കൊടുത്ത പത്രികകള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ സ്വാമികള്‍ ആ പ്രസംഗശാല വിട്ട് അവിടെ (പുറത്തു) കാത്തുകിടന്നിരുന്ന ഒരു വണ്ടിയുടെ ഇരുപ്പുപലകയുടെമേല്‍ കയറിനിന്നു. അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ കൂടിയ വമ്പിച്ച ജനതയുടെ ഉത്‌സാഹാതിരേകംകൊണ്ട് ചുവടെ ചേര്‍ക്കുന്ന ചെറുമറുപടി പ്രസംഗം ചെയ്യുവാനേ സ്വാമികള്‍ക്കു സാധിച്ചുള്ളൂ. ശരിയായ മറുപടി മറ്റൊരവസരത്തില്‍ നല്കാന്‍ മാറ്റിവെയ്ക്കയാണുണ്ടായത്.

മനുഷ്യന്‍ നിനയ്ക്കുന്നു: ഈശ്വരന്‍ തീരുമാനിക്കുന്നു. നിനച്ചിരുന്നത് ആശംസയും മറുപടിയും ആംഗലരീതിയില്‍ നടത്തണമെന്നായിരുന്നു. എന്നാല്‍ ഇവിടെ ഈശ്വരനാണ് തീരുമാനിക്കുന്നത്. ഞാന്‍ ഗീതാവടിവില്‍ ഒരു രഥത്തില്‍നിന്നാണ് ചിതറിയ ശ്രോതൃവൃന്ദത്തോടു സംസാരിക്കുന്നത്. അതിനാല്‍ ഇത്തരത്തിലിതൊക്കെ നടന്നതില്‍ നാം കൃതജ്ഞരാണ്. പ്രസംഗത്തിന് ഇതൊരുശിരുണ്ടാക്കുന്നുണ്ട്, ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നതിന്നൊരു ബലവും. എന്റെ ശബ്ദം നിങ്ങളുടെയൊക്കെ അടുത്തെത്തുമോ എന്ന് എനിക്കു തിട്ടമില്ല. എങ്കിലും അങ്ങേയറ്റത്തെ കഴിവിനൊത്ത് ഞാന്‍ ശ്രമിക്കാം. ഇതിനു മുമ്പൊരിക്കലും എനിക്കു തുറസ്സായുള്ള ഒരു വന്‍സദസ്സില്‍ പ്രസംഗിക്കാന്‍ അവസരമുണ്ടായിട്ടില്ല.

എനിക്കു കൊളമ്പുതൊട്ടു മദ്രാസുവരെ ലഭിച്ചതും ഇനിയും ഭാരതത്തിലെങ്ങും ലഭിച്ചേക്കാവുന്നതുമായ സ്വീകരണങ്ങളില്‍ തെളിഞ്ഞു കാണുന്ന അദ്ഭുതകരമായ സൗമനസ്യവും, തീവ്രവും ഉത്‌സാഹഭരിതവുമായ ആനന്ദവും എന്റെ ഏറ്റവും നിറക്കൊഴുപ്പുറ്റ പ്രതീക്ഷകളെപ്പോലും കവച്ചുവെച്ചിരിക്കുന്നു. എന്നാല്‍, എനിക്കതില്‍ സന്തോഷമേ ഉള്ളൂ: എന്തുകൊണ്ടെന്നാല്‍, ഞാന്‍ മുമ്പു പല പ്രാവശ്യവും ഊന്നിപ്പറഞ്ഞിട്ടുള്ള ഒരു സംഗതിയത്രേ അതുകൊണ്ട് തെളിയുന്നത്; ഓരോ ജനതയ്ക്കും അതിന്റെ പ്രാണശക്തിയായ ഒരാദര്‍ശമുണ്ട്: ഓരോ ജനതയ്ക്കും ചലിക്കാന്‍ സ്വായത്തമാക്കേണ്ട ഒരു വഴിത്താരയുണ്ട്. ഭാരതീയമനസ്സിന്റെ വളര്‍ച്ചയുടെ സവിശേഷതയാകട്ടെ മതമാണു താനും. ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പല പരിഗണനകളുള്ളതില്‍ ഒന്നുമാത്രമാണ് മതം: അതും ഒരു ചെറിയ കാര്യംമാത്രം. ഉദാഹരണമായി, രാഷ്ട്രതന്ത്രത്തിലെ ഒരംശമാണ് മതം. ഇംഗ്ലീഷ്പള്ളി അവിടത്തെ ഭരണകര്‍ത്താക്കളുടേതാണ്: ആ നിലയില്‍ ഇംഗ്ലീഷുകാരെല്ലാം അതിനു പിന്‍തുണ നല്കുന്നു – അവര്‍ക്കതില്‍ വിശ്വാസമുണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ. ആ സമ്പ്രദായത്തില്‍ ഉള്‍പ്പെടുക ഓരോ മാന്യന്റെയും മാന്യതയുടെയും കടമയാണ്. ആഭിജാത്യത്തിന്റെ ഒരു ലക്ഷണമാണത്. ഇതുതന്നെ മറ്റുരാജ്യങ്ങളിലെയും നില. വമ്പിച്ച ഒരു ജനതാശക്തിയുണ്ട്. അതു പ്രതിഫലിക്കുന്നതു രാഷ്ട്രതന്ത്രത്തിലാകാം: അല്ലെങ്കില്‍ ബുദ്ധിപരമായ വല്ല വ്യാപാരങ്ങളിലുമാകാം: അല്ലെങ്കില്‍ സൈനികശക്തിയിലോ വാണിജ്യത്തിലോ ആകാം. ജനതയുടെ ഹൃദയം തുടിക്കുന്നത് അതിലാണ്. ആ ജനതയ്ക്കുള്ള രണ്ടാംകിട അലങ്കാരങ്ങളില്‍ ഒന്നു മാത്രമാണ് മതം.

നമ്മുടെ ഭാരതത്തിലാകട്ടെ ജനതാഹൃദയത്തിന്റെ കേന്ദ്രംതന്നെ മതമാണ്: മതമാണ് നട്ടെല്ല്, കല്‍ത്തറ, ജനതാസൗധത്തെ താങ്ങുന്ന അടിത്തറ. ഇവിടെ രാഷ്ട്രതന്ത്രം, പ്രാഭവം, ബുദ്ധിശക്തിതന്നെയും ഒരു രണ്ടാംകിടക്കാര്യം മാത്രം. അപ്പോള്‍ ഭാരതത്തിലുള്ള ഒരേ ഒരു പരിഗണന മതംമാത്രം. ലോകകാര്യങ്ങളെപ്പറ്റി ഭാരതത്തിലെ സാമാന്യ ജനത്തിന്റെ വിവരമില്ലായ്മയെക്കുറിച്ച് പലപ്പോഴും ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്: കാര്യം ശരിയുമാണ്. കൊളമ്പില്‍ ഇറങ്ങിയപ്പോള്‍ എനിക്കു മനസ്സിലായി, യൂറോപ്പില്‍ നടന്നുവന്ന രാഷ്ട്രീയവിപ്ലവങ്ങളെക്കുറിച്ചും, മന്ത്രിസഭകളുടെ മാറ്റങ്ങളെയും പതനങ്ങളെയും മറ്റും കുറിച്ചും ആര്‍ക്കുമൊന്നുമറിഞ്ഞുകൂടെന്ന്. സ്ഥിതിസമത്വമെന്നും അരാജകത്വമെന്നും വെച്ചാലെന്തെന്നോ, യൂറോപ്പിലെ രാഷ്ട്രീയാന്തരിക്ഷത്തില്‍ ഉണ്ടായിവരുന്ന ഭാവഭേദങ്ങള്‍ ഏതെല്ലാമെന്നോ അവര്‍ക്കാര്‍ക്കും അറിഞ്ഞുകൂടാ. എന്നാല്‍ ഭാരതത്തില്‍നിന്ന് ഒരു സന്ന്യാസിയെ മതമഹാസമ്മേളനത്തിലേയ്ക്കയച്ചിരുന്നെന്നും അയാള്‍ക്ക് ചില ചില്ലറ വിജയങ്ങള്‍ കൈവന്നെന്നും സിലോണിലെ ഓരോ ആണിനും പെണ്ണിനും കുഞ്ഞിനുമറിയാം. ഇതിന്റെ അര്‍ത്ഥം ഒരു വിവരക്കുറവുമില്ലെന്നാണ്: വിവരമറിയാനുള്ള ആഗ്രഹത്തിനും കുറവില്ല, അതു തങ്ങള്‍ക്കു പറ്റുന്നതും ജീവിതാവശ്യത്തിനൊത്തതുമാണെങ്കില്‍: രാഷ്ട്രതന്ത്രവും മറ്റും ഭാരതീയജീവിതത്തിന്റെ ഒരാവശ്യമായിരുന്നിട്ടില്ല: മറിച്ചു മതവും ആദ്ധ്യാത്മികതയും അതിന്റെ താങ്ങും തണലുമായിരുന്നു: ഭാവിയിലും അങ്ങനെയായിരിക്കും.

ലോകത്തിലെ ജനതകള്‍ വലിയ രണ്ടു പ്രശ്‌നങ്ങള്‍ക്കു തീരുമാനം കണ്ടുപിടിക്കയാണ്. ഭാരതം ഒരുപക്ഷം പിടിച്ചിട്ടുണ്ട്: ശേഷമുള്ള ലോകം മറ്റേപക്ഷവും. പ്രശ്‌നമിതാണ്: ആരാണ് അതിജീവിക്കുക? ഒരു ജനതയ്ക്ക് അതിജീവിക്കാനും മറ്റവയ്ക്കു നശിക്കാനും ഇടയാക്കുന്നതെന്ത്? ജീവിതസമരത്തില്‍ സ്നേഹമാണോ അതിജീവിക്കേണ്ടത്, ദ്വേഷമോ? ഭോഗമാണോ അതിജീവിക്കേണ്ടത്, ത്യാഗമോ? ജഡമാണോ അതിജീവിക്കേണ്ടത്, ചൈതന്യമോ? വിദൂരമായ ചരിത്രാതീതകാലത്തുതന്നെ നമ്മുടെ പൂര്‍വ്വികര്‍ ചിന്തിച്ചതുപോലെയാണ് നാം ചിന്തിക്കുന്നത്. ഭൂതകാലത്തിന്റെ ഇരുള്‍ പിളര്‍ന്നുചെല്ലാന്‍ ഐതിഹ്യത്തിനും ആവാത്ത ആ വിദൂരതയില്‍ നമ്മുടെ പുണ്യശ്ലോകന്മാരായ പൂര്‍വികന്മാര്‍ അവര്‍ക്കു ശരിയെന്നു തോന്നിയ പക്ഷം കൈക്കൊണ്ട് ലോകത്തെ വെല്ലുവിളിച്ചിരിക്കുന്നു. നമുക്കു നല്കാനുള്ള സമാധാനം സന്ന്യാസമാണ്, ത്യാഗവും അഭയവും സ്നേഹവുമാണ്. ഇവയാണ് അതിജീവിക്കാന്‍ അര്‍ഹത്തമങ്ങള്‍. ഇന്ദ്രിയങ്ങളെ വെടിയുന്നതു കൊണ്ടാണ് ജനത അതിജീവിക്കുന്നത്. ഇതിന്റെ തെളിവാണ് ഏതാണ്ടോരോ ശതകത്തിലും ചരിത്രം രേഖപ്പെടുത്തുന്ന ക്ഷുദ്രജനതകളുടെ ഉയര്‍ച്ചയും തകര്‍ച്ചയും. ഇവറ്റ ഇല്ലായ്മയില്‍നിന്നു തുടങ്ങി, കുറച്ചു ദിവസത്തെ ദുഷ്ടവിലാസം കഴിഞ്ഞ് തേഞ്ഞുമാഞ്ഞുപോകുന്നു. ഈ വമ്പിച്ച ഭീമാകാരമായ ജനതയാകട്ടെ, മറ്റൊരു ജനതയ്ക്കും ഒരിക്കലും താങ്ങേണ്ടിവന്നിട്ടില്ലാത്തത്ര ദുരന്തങ്ങളുടെയും അപായങ്ങളുടെയും പരിവര്‍ത്തനങ്ങളുടെയും വന്‍പ്രശ്‌നങ്ങളുമായി മല്ലടിച്ചുകൊണ്ട് ഇന്നും ജീവിക്കുന്നു: എന്തുകൊണ്ടെന്നാല്‍ അതു സ്വീകരിച്ചതു ത്യാഗപക്ഷമാണ്. ത്യാഗംകൂടാതെ മതമെങ്ങനെ ഉണ്ടാകും? പ്രശ്‌നത്തിന്റെ മറ്റേ പക്ഷത്തിനു സമാധാനം തേടുകയാണ് യൂറോപ്പ് – ഒരു മനുഷ്യന്ന് എത്രത്തോളം സ്വത്താകാം? കുമാര്‍ഗ്ഗത്തിലൂടെയോ സന്മാര്‍ഗ്ഗത്തിലൂടെയോ, ഏതെങ്കിലും വിധത്തില്‍, എത്ര കൂടുതല്‍ പ്രഭാവമുണ്ടാകാം? ക്രൂരവും ശീതവും ഹൃദയശൂന്യവുമായ മത്‌സരമാണ് യൂറോപ്പിലെ നിയമം. നമ്മുടെ നിയമം ജാതിയാണ്, മത്‌സരഭഞ്ജനമാണ്: മത്‌സരത്തിന്റെ ശക്തികളെ തടുക്കുക, ക്രൂരതകളെ മയപ്പെടുത്തുക: ജീവിത ഗഹനതയിലൂടെയുള്ള മനുഷ്യാത്മാവിന്റെ സഞ്ചാരത്തെ മൃദൂകരിക്കുക, ഇതാണ്.

(ഈ ഘട്ടമായപ്പോള്‍ ആള്‍ക്കൂട്ടം നിയന്ത്രണാതീതമായി. അപ്പോള്‍ സ്വാമിജിയുടെ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ കഴിയാതായി. അതിനാല്‍ അദ്ദേഹം പ്രഭാഷണം ഇങ്ങനെ ഉപസംഹരിച്ചു.)

സുഹൃത്തുക്കളേ! നിങ്ങളുടെ ഉത്‌സാഹം എന്നെ വളരെ സന്തോഷിപ്പിക്കുന്നു. ഇത് അദ്ഭുതാവഹമാണ്. നിങ്ങളോട് അസന്തുഷ്ടിയാണ് എനിക്കുള്ളതെന്ന് കരുതരുത്. നേരെമറിച്ച്, ഈ ഉത്‌സാഹപ്രകടനം എന്നെ നിതരാം സന്തുഷ്ടനാക്കുകയാണ്. ഇതാണ് ആവശ്യം – വന്‍ തോതിലുള്ള ഉത്‌സാഹം. പക്ഷേ അതു ശാശ്വതമാക്കണം: ഈ തീ കെടാനിടയാക്കരുത്. ഭാരതത്തില്‍ വന്‍നേട്ടങ്ങള്‍ നമുക്കുണ്ടാകേണ്ടതുണ്ട്. അതിന് എനിക്ക് നിങ്ങളുടെ ഒത്താശ വേണം. ഇത്തരത്തിലുള്ള ഉത്‌സാഹം ആവശ്യമാണ്. ഈ സമ്മേളനം തുടരുക ഇനി സാദ്ധ്യമല്ല. നിങ്ങളുടെ സൗമനസ്യത്തിനും ഉത്‌സാഹഭരിതമായ സ്വീകരണത്തിനും നിങ്ങളോടു വളരെ നന്ദി. ശാന്തമായ വേളകളില്‍, കൂടുതല്‍ മെച്ചപ്പെട്ട ചിന്തകളും ആശയങ്ങളും നമുക്കു കൈമാറാം. ഇപ്പോള്‍ താല്ക്കാലികമായി, സുഹൃത്തുക്കളേ, ഞാന്‍ വിടവാങ്ങുന്നു.

ചുറ്റുപാടുമുള്ള നിങ്ങളോട് അഭിസംഭാഷണം ചെയ്യുക അസാദ്ധ്യമാണ്. അതിനാല്‍ ഈ സായാഹ്‌നത്തില്‍ എന്നെ കണ്ടതു കൊണ്ടു മാത്രം സംതൃപ്തരാകുക. എന്റെ പ്രസംഗം മറ്റൊരവസരത്തിലേയ്ക്ക് മാറ്റിവെയ്ക്കട്ടെ. നിങ്ങളുടെ സോത്‌സാഹമായ സ്വീകരണത്തിനു നിങ്ങളോട് ഞാന്‍ അതീവ കൃതജ്ഞനാണ്.

[വിവേകാനന്ദസാഹിത്യസര്‍വസ്വം]