ഭാരതത്തില്‍ നമ്മെ രാജാക്കന്മാരാണ് എപ്പോഴും ഭരിച്ചിട്ടുള്ളത്. രാജാക്കന്മാരാണ് നമ്മുടെ നിയമങ്ങളെല്ലാം ഉണ്ടാക്കിയതും. ഇന്ന് രാജാക്കന്മാര്‍ പൊയ്ക്കഴിഞ്ഞു. ഒരു മുന്‍നീക്കമാരംഭിക്കാന്‍ ഇന്ന് ആരും അവശേഷിച്ചിട്ടില്ല. ഭരണകൂടം അതിനു ധൈര്യപ്പെടില്ല. പൊതുജനാഭിപ്രായത്തിന്റെ വളര്‍ച്ചയ്‌ക്കൊത്തുവേണം ഭരണകൂടത്തിന് സ്വന്തം രീതികള്‍ രൂപപ്പെടുത്തുക. തനതു പ്രശ്‌നങ്ങള്‍ക്കു സമാധാനം കാണത്തക്കവണ്ണം നീരോഗവും പ്രബലവുമായ ഒരു പൊതുജനാഭിപ്രായം രൂപപ്പെടുവാന്‍ നീണ്ട ഒരു കാലവും വേണം. ഇതിനിടക്ക് നമുക്കു കാത്തുകഴിയേണ്ടിവരുന്നു. അങ്ങനെ, സമുദായപരിഷ്‌കാരപ്രശ്‌നമാകമാനം, പരിഷ്‌കാരം വേണ്ടവരെവിടെ എന്ന ചോദ്യത്തിന്റെ രൂപം കൈക്കൊള്ളുകയാണ്. അവരെ ആദ്യമുളവാക്കണം. അവരെവിടെ? ന്യൂനപക്ഷത്തിന്റെ നിപീഡനമാണ് ലോകത്തില്‍ കാണാവുന്ന നിപീഡനങ്ങളില്‍ നീചതമം. എന്തോ ചിലതെല്ലാം ദോഷമാണെന്നു കരുതുന്ന ചുരുക്കം ചിലര്‍ക്ക് ഒരു ജനതയെയാകെ ഇളക്കാന്‍ കഴിയില്ല. എന്തുകൊണ്ടു ജനത ഇളകുന്നില്ല? ഒന്നാമത്, ജനതയ്ക്ക് വിദ്യാഭ്യാസം നല്കണം. നിങ്ങളുടേതായ നിയമ നിര്‍മ്മാണസഭ ഉണ്ടാകണം. പിന്നെയാണ് നിയമം വരുക. ഏതു പിന്‍ബലം കൊണ്ടാണോ നിയമമുണ്ടാകുന്നത് ആ പ്രഭാവം ആദ്യം സൃഷ്ടിക്കണം. രാജാക്കന്മാര്‍ പൊയ്ക്കഴിഞ്ഞിരിക്കുന്നു. പുതുതായ ആ പിന്‍ബലം, ജനതയുടെ നവപ്രഭാവം എവിടെ? അതുയര്‍ത്തിക്കൊണ്ടു വരുക. അതിനാല്‍, സമുദായ പരിഷ്‌കാരത്തിനുപോലും, ഒന്നാമതായി ചെയ്യേണ്ടതു ജനങ്ങളെ വിദ്യയഭ്യസിപ്പിക്കയാണ്. ആ കാലം വരുന്നതുവരെ കാക്കണം. കഴിഞ്ഞ ശതകത്തില്‍ ഏതേതു പരിഷ്‌കാരങ്ങള്‍ക്കു വേണ്ടി പ്രക്ഷോഭം കൂട്ടിയോ അവയില്‍ ഏറിയകൂറും വെറും അലങ്കാരങ്ങളാണ്. ആ പരിഷ്‌കാരങ്ങളെല്ലാം ആദ്യത്തെ രണ്ടു ജാതിയെ മാത്രമേ സ്പര്‍ശിക്കുന്നുള്ളൂ: മറ്റാരെയുമില്ല. വിധവാവിവാഹപ്രശ്‌നത്തിനു ഭാരതത്തിലെ എഴുപത്തഞ്ചു ശതമാനം സ്ര്തീകളോട് ഒരു ബന്ധവുമില്ല. ആ മാതിരി പ്രശ്‌നങ്ങളെല്ലാം അഭ്യസ്തവിദ്യരായ – നോക്കൂ, സാമാന്യജനത്തിന്റെ ചെലവില്‍ അഭ്യസ്തവിദ്യരായ – ഉയര്‍ന്നജാതി ഭാരതീയരെ മാത്രമേ സ്പര്‍ശിക്കൂ. നടന്ന യത്‌നമെല്ലാം അവരുടെ സ്വന്തം വീടു വെടിപ്പാക്കാന്‍വേണ്ടിയാണ്. അതൊരു പരിഷ്‌കാരമല്ല. പ്രശ്‌നങ്ങളുടെ അടിത്തട്ടിലേക്ക്, മുരടിലേക്ക്, ഇറങ്ങിച്ചെല്ലണം. അതാണ് മൗലികപരിഷ്‌കരണമെന്നു ഞാന്‍ വിളിക്കുന്നത്. അവിടെയാണ് തീപിടിപ്പിക്കേണ്ടത്: അവിടെനിന്ന് അതു മേലേ്പാട്ടു കത്തിപ്പിടിക്കട്ടെ: അങ്ങനെ അത് ഒരു ഭാരതീയജനതയെ ഉളവാക്കട്ടെ. പ്രശ്‌നം വലുതും വിശാലവുമാകയാല്‍ അതിനു സമാധനം കാണുക അത്ര എളുപ്പമല്ല. തിടുക്കം കൂട്ടരുത്: പല നൂറ്റാണ്ടുകളായി അറിയപ്പെട്ടതാണ് ഈ പ്രശ്‌നം. ഇന്നു ബുദ്ധമത ത്തെക്കുറിച്ചും ബൗദ്ധന്മാരുടെ അജ്ഞേയവാദത്തെക്കുറിച്ചും പറയുക ഒരു പുതുമയായിരിക്കയാണ്: വിശേഷിച്ച്, തെക്കന്‍ദിക്കുകളില്‍. ഇന്നു നമ്മുടെ ഈ അധഃപതനം ബുദ്ധമതം അവശേഷിപ്പിച്ചിട്ടുള്ളതാണെന്ന വസ്തുത അക്കൂട്ടര്‍ക്കു തെല്ലും അറിഞ്ഞുകൂടാ!
ബുദ്ധമതം നമുക്കു തന്നുപോയ ദായമാണിത്. ബുദ്ധമതത്തിന്റെ ഉദയാസ്തമയങ്ങള്‍ ഒരിക്കലും പഠിച്ചിട്ടില്ലാത്തവര്‍ എഴുതിയ പുസ്തകങ്ങളില്‍ വായിക്കാം, ബുദ്ധമതപ്രചാരം ഗൗതമബുദ്ധന്‍ ഏര്‍പ്പെടുത്തിയ അദ്ഭുത ധര്‍മ്മശാസ്ര്തംകൊണ്ടും അദ്ദേഹത്തിന്റെ അദ്ഭുതവ്യക്തി മഹത്ത്വംകൊണ്ടും ഉണ്ടായതാണെന്ന്. ബുദ്ധഭഗവാനോട് എല്ലാത്തരത്തിലും ബഹുമാനവും ഭക്തിയുമാണ് എനിക്കുള്ളത്. എങ്കിലും എന്റെ വാക്കുകള്‍ ശ്രദ്ധിച്ചുകൊള്ളൂ; ബുദ്ധമതപ്രചാരത്തിന്റെ കാരണങ്ങള്‍ അതിന്റെ മഹാനായ പ്രചാരകന്റെ സിദ്ധാന്തങ്ങളോ വ്യക്തിമഹത്ത്വമോ ആണെന്നു പറയുന്നതിലും ഭേദം, അപ്പോഴുണ്ടാക്കിയ ക്ഷേത്രങ്ങളും അവയില്‍ പ്രതിഷ്ഠിക്കപ്പെട്ട ബിംബങ്ങളും ജനങ്ങള്‍ക്കു നല്കിയ ആര്‍ഭാടപൂര്‍ണ്ണമായ ചടങ്ങുകളുമാണെന്നു പറയുന്നതത്രേ. അങ്ങനെ ബുദ്ധമതം പുരോഗമിച്ചു. ജനങ്ങള്‍ സ്വഗൃഹങ്ങളില്‍ ഹവിസ്സര്‍പ്പിച്ചുവന്ന ഹോമകുണ്ഡങ്ങള്‍ക്ക് പ്രതാപമേറിയ ക്ഷേത്രങ്ങളോടും ആഘോഷങ്ങളോടും കിടപിടിക്കാന്‍ കരുത്തില്ലായിരുന്നു. പക്ഷേ പില്ക്കാലങ്ങളില്‍ ഇതൊക്കെക്കൂടെ അധഃപതിച്ചു: അവയെല്ലാം ചേര്‍ന്നു ദുഷിപ്പുകളുടെ ഒരു പെരുംകൂമ്പാരമായി. അതിനെക്കുറിച്ച് ഈ സദസ്സില്‍ പറയാന്‍ പാടില്ല. അതിനെക്കുറിച്ചറിയണമെന്നുള്ളവര്‍ക്ക് അതിന്റെ ഒരു ചെറുഭാഗം, തെക്കെ ഇന്ത്യയില്‍ കൊത്തുപണികള്‍ക്കൊണ്ടു നിറഞ്ഞ വന്‍കിടക്ഷേത്രങ്ങളില്‍ കാണാം. ബൗദ്ധന്മാരില്‍നിന്നു നമുക്കു കിട്ടിയ ഇരുപ്പുമുതല്‍ ഇത്രമാത്രം.
പിന്നീട് വലിയ പരിഷ്‌ക്കര്‍ത്താവായ ശങ്കരാചാര്യരും അദ്ദേഹത്തിന്റെ അനുയായികളും ആവിര്‍ഭവിച്ചു. അദ്ദേഹത്തിന്റെ കാലം മുതല്‍ ഇന്നോളമുള്ള നൂറ്റാണ്ടുകളിലായി ഭാരതത്തിലെ സാമാന്യ ജനത്തെ വേദാന്തത്തിന്റെ തനിസ്വച്ഛതയിലേക്ക് പതുക്കെ കൊണ്ടുവരുകയെന്നതത്രേ നടന്നിട്ടുള്ളത്. നിലവിലുള്ള തിന്മകളെപ്പറ്റി ഈ പരിഷ്‌കര്‍ത്താക്കള്‍ നന്നായറിഞ്ഞിരുന്നു: എങ്കിലും അവര്‍ ഉഗ്രപ്രതിഷേധങ്ങള്‍ക്കു തയ്യാറായില്ല. ‘നിങ്ങള്‍ക്കുള്ളതെല്ലാം തെറ്റ്: അതു ദൂരെ വലിച്ചെറിയണം’ എന്ന് അവര്‍ പറഞ്ഞില്ല. അതങ്ങനെയാകുക സാദ്ധ്യമല്ല. എന്റെ സുഹൃത്തായ ഡോ. ബാറോസ്, ‘മുന്നൂറു കൊല്ലക്കാലം കൊണ്ടു ക്രിസ്തുമതം റോമാക്കാരുടെയും ഗ്രീക്കുകാരുടെയും മതപ്രഭാവങ്ങളെ പുറംതള്ളി’ എന്നു പറയുന്നതായി ഇന്നു ഞാന്‍ വായിച്ചു. യൂറോപ്പും ഗ്രീസും റോമും കണ്ട ഒരുവന്റെ പറച്ചിലല്ല ഇത്. റോമക്കാരുടെയും ഗ്രീക്കുകാരുടെയും മതങ്ങളുടെ പ്രഭാവം തികച്ചും ഇന്നവിടെയുണ്ട്, പ്രൊട്ടസ്റ്റന്റുനാടുകളിലുമുണ്ട്: പേരു മാറിയെന്നു മാത്രം. പഴയ ദേവതകള്‍ക്കു പുത്തന്‍പേരുകള്‍ വീണിട്ടുണ്ട്. പേരുകള്‍ മാറുന്നുണ്ട്. ദേവിമാര്‍ മേരിമാരാകുന്നുണ്ട്: ദേവന്മാര്‍ പുണ്യവാളന്മാരാകുന്നുണ്ട്. അനുഷ്ഠാനങ്ങള്‍ പുതുകുന്നുണ്ട്. ‘പോണ്‍ടിഫെക്‌സ് മാക്‌സിമുസ്’ – വലിയ പാലം പണിക്കാരന്‍) എന്ന ആ പഴയ ബിരുദംപോലും അവിടെ നിലനിന്നുവരുന്നു. അപ്പോള്‍, മാറ്റങ്ങള്‍ പെട്ടെന്നു വയ്യ. ശങ്കരാചാര്യര്‍ക്ക് അതറിയാം. അതുപോലെതന്നെ രാമാനുജനും. നിലവിലുള്ള മതത്തെ പതുക്കെ ഉന്നതതമമായ ആദര്‍ശത്തിലെത്തിക്കുക എന്നൊരു വഴിയേ അവരുടെ മുമ്പില്‍ തുറന്നു കിടന്നുള്ളൂ. മറ്റേ ഉപായം പ്രയോഗിക്കാന്‍ അവര്‍ മുതിര്‍ന്നിരുന്നെങ്കില്‍, അതു കപടതയായേനേ. കാരണം, അവരുടെ മതത്തിന്റെ മൗലിക സിദ്ധാന്തംതന്നെ വികാസമാണ്. അവശ്യം കൈക്കൊള്ളേണ്ടതും സഹായ്യദവുമായ പല പടവുകളിലും സ്ഥിതിവിശേഷങ്ങളിലുംകൂടി അത്യുന്നതമായ ലക്ഷ്യത്തിലേക്ക് ആത്മാവു പ്രയാണം ചെയ്യുന്നു – ഇതാണ് സിദ്ധാന്തം. അവരെ കുറ്റപ്പെടുത്താന്‍ ആരു ധൈര്യപ്പെടും?
വിഗ്രഹാരാധന തെറ്റാണെന്നതു പുതുമ പോയ ഒരു പറച്ചിലായിരിക്കുന്നു. ഒരു ചോദ്യവുംകൂടാതെ എല്ലാവരും അതെടുത്തു വിഴുങ്ങുകയാണിന്ന്. ഒരിക്കല്‍ ഞാനുമങ്ങനെ കരുതി: അതിനു പ്രായശ്ചിത്തമായി, വിഗ്രഹങ്ങളിലൂടെ സര്‍വ്വവും സാക്ഷാത്കരിച്ചെടുത്ത ഒരു മനുഷ്യന്റെ കാല്ക്കലിരുന്ന് എനിക്ക് എന്റെ പാഠം പഠിക്കേണ്ടിവന്നു. ഞാന്‍ രാമകൃഷ്ണപരമഹംസരെയാണ് പരാമര്‍ശിക്കുന്നത്. വിഗ്രഹാരാധന അത്തരം രാമകൃഷ്ണപരമഹംസന്മാരെ ഉളവാക്കുമെങ്കില്‍, എന്താണ് നിങ്ങള്‍ കൈക്കൊള്ളാന്‍ ഭാവം – പരിഷ്‌കര്‍ത്താവിന്റെ വിശ്വാസപ്രമാണമോ, എത്രയെങ്കിലും വിഗ്രഹങ്ങളോ? എനിക്കൊരു മറുപടി വേണം. വിഗ്രഹാരാധനയിലൂടെ രാമകൃഷ്ണപരമഹംസന്മാരെ ഉളവാക്കാമെങ്കില്‍ ഒരായിരം വിഗ്രഹങ്ങള്‍കൂടി കൈക്കൊണ്ടോളൂ. നിങ്ങളുടെ യത്‌നത്തെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ! ഉദാരമായ അത്തരം പ്രകൃതികള്‍ ഏതുപായത്തിലൂടെയും ഉളവാക്കുക. എന്നിട്ടും വിഗ്രഹാരാധനയെ ഭര്‍ത്‌സിക്കുന്നു! എന്തുകൊണ്ട്? ആര്‍ക്കും തിട്ടമില്ല. പല നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഏതോ ഒരു യഹൂദന്‍ അതിനെ തിരസ്‌കരിച്ചുപോലും! എന്നുവെച്ചാല്‍, സ്വന്തം വിഗ്രഹമൊഴിച്ചു മറ്റുള്ളവരുടെ വിഗ്രഹങ്ങളെയൊക്കെ അയാള്‍ തിരസ്‌കരിച്ചു; സുന്ദരമായ ഏതെങ്കിലും രൂപത്തിലോ പ്രതിരൂപത്തിലോ ഈശ്വരനെ പ്രതിനിധാനം ചെയ്താല്‍ അതൊരു ഭയങ്കര തെറ്റാണ്, പാപമാണ് എന്ന് ആ യഹൂദന്‍ പറഞ്ഞു. എന്നാല്‍ ഇരുവശത്തും രണ്ടു ദേവദൂതന്മാരുമായി മുകളില്‍ മേഘം തൂങ്ങിനില്ക്കുന്ന ഒരു പെട്ടകം ഈശ്വരന്റെ പ്രതിനിധിയായാല്‍ അതു പവിത്രാണാം പവിത്രമാകുമത്രേ! ഈശ്വരന്‍ പ്രാവിന്റെ ആകൃതിയില്‍ വന്നാല്‍ അതു പാവനമാണ്: പശുവിന്റെ വടിവില്‍ വന്നാലോ അതവിശ്വാസികളുടെ അന്ധവിശ്വാസമായി: അതു തിരസ്‌കരിക്കണം. ഇതാണ് ലോകഗതി. ഇതുകൊണ്ടാണ് കവി പാടുന്നത്; ‘മര്‍ത്ത്യരായ നാം എത്ര വിഡ്ഢികളാണ്!’ മറ്റുള്ളവരുടെ കണ്ണിലൂടെ നോക്കിക്കാണുക എത്ര പ്രയാസം! അങ്ങനെ ചെയ്യാത്തതാണ് മനുഷ്യരാശിയുടെ വിന. അതാണ് വിദ്വേഷത്തിന്റെയും അസൂയയുടെയും വക്കാണത്തിന്റെയും പോരാട്ടത്തിന്റെയും അടിത്തറ. മേല്‍മീശവെച്ച ശിശുക്കള്‍! മദ്രാസില്‍നിന്നു പുറത്തു പോയിട്ടേ ഇല്ലാത്തവര്‍! എണീറ്റുനിന്ന് ആയിരം പാരമ്പര്യങ്ങള്‍ പിന്നിലുള്ള മുപ്പതുകോടി ജനങ്ങള്‍ക്കു സാധികാരം നിയമങ്ങള്‍ നിര്‍ദ്ദേശിച്ചു കൊടുക്കുന്നു! നിങ്ങള്‍ക്കു ലജ്ജയില്ലേ? അത്തരം ഹീനകര്‍മ്മത്തില്‍നിന്നു പിന്‍വാങ്ങുക, ആദ്യം നിങ്ങളുടെ പാഠങ്ങള്‍ പഠിക്കുക! കുരുത്തംകെട്ട കുട്ടികള്‍! നിങ്ങള്‍ക്കു കടലാസ്സില്‍ കുറേ കുത്തി ക്കോറിവെയ്ക്കാം, ഏതെങ്കിലും ഒരു വിഡ്ഢിയെ അതു പ്രസിദ്ധീകരിപ്പാനും കിട്ടും: എന്നുവെച്ചു നിങ്ങള്‍ വിചാരിക്കുന്നു, നിങ്ങള്‍ ജഗദുല്‍ബോധകരാണെന്ന്: നിങ്ങള്‍ കരുതുന്നു, നിങ്ങള്‍ ഭാരതത്തിലെ പൊതുജനാഭിപ്രായമാണെന്ന്. അതു നേരോ? മദ്രാസിലെ സാമുദായിക പരിഷ്‌കര്‍ത്താക്കളോട് എനിക്കു പറയാനുള്ളതിതാണ്; അവരോട് അങ്ങേ അറ്റത്തെ സ്നേഹവും ബഹുമാനവുമാണെനിക്കുള്ളത്. അവരുടെ വിശാലഹൃദയത്തെയും, രാജ്യത്തോടും പാവങ്ങളോടും മര്‍ദ്ദിതരോടുമുള്ള സ്നേഹത്തെയും ഓര്‍ത്തു ഞാന്‍ അവരെ സ്നേഹിക്കുന്നു. ഭ്രാതൃനിര്‍വിശേഷമായ സ്നേഹത്തോടുകൂടി അവരോടെനിക്കു പറയാനുള്ളത്, അവരുടെ പ്രവര്‍ത്തനരീതി ശരിയല്ലെന്നാണ്. ഒരുനൂറു കൊല്ലമായി അതു പരീക്ഷിച്ചതും പരാജയപ്പെട്ടതുമാണ്. നമുക്ക് ഒരു പുതിയ രീതി കൈക്കൊള്ളാം.
[വിവേകാനന്ദസാഹിത്യസര്‍വസ്വം- എന്റെ സമരപരിപാടി (മദ്രാസിലെ വിക്‌ടോറിയാഹാളില്‍വെച്ചു ചെയ്ത പ്രസംഗം) – തുടരും]