പരിഷ്‌കര്‍ത്താക്കളുടെ കുറവു ഭാരതത്തിലെപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ഭാരതചരിത്രം വായിക്കുന്നുണ്ടോ നിങ്ങള്‍? രാമാനുജന്‍ ആരായിരുന്നു? ശങ്കരന്‍ ആരായിരുന്നു? നാനക് ആരായിരുന്നു? ചൈതന്യന്‍ ആരായിരുന്നു? കബീര്‍ ആരായിരുന്നു? ദാദു ആരായിരുന്നു? ഒരാള്‍ക്കു പിമ്പേ മറ്റൊരാളായി വന്നെത്തിയ ഈ മഹാപ്രബോധകന്മാര്‍, ഒന്നാംകിടയിലുള്ള ഒരു നക്ഷത്രപംക്തി, ഇവരെല്ലാം ആരായിരുന്നു? രാമാനുജന് അധഃകൃതരോടു ദയയില്ലായിരുന്നോ? പറയരെപ്പോലും സ്വജാതിയില്‍ പ്രവേശിപ്പിക്കുവാനല്ലേ ഒരായുഷ്‌കാലം മുഴുവന്‍ അദ്ദേഹം യത്‌നിച്ചത്? മുഹമ്മദീയരെപ്പോലും സ്വയൂഥത്തില്‍ പ്രവേശിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചില്ലേ? ഹിന്ദുക്കളോടും മുഹമ്മദീയരോടും ആലോചിച്ച് ഒരു പുതിയ വ്യവസ്ഥിതിയുളവാക്കാന്‍ നാനക് ശ്രമിച്ചില്ലേ? അവരെല്ലാം ശ്രമിച്ചു. അവരുടെ ജോലി ഇന്നും തുടരുകയാണ്. വ്യത്യാസമിതാണ്; ഇന്നത്തെ പരിഷ്‌കര്‍ത്താക്കളുടെ മേളക്കൊഴുപ്പൊന്നും അവര്‍ക്കില്ലായിരുന്നു. ഇന്നത്തെ പരിഷ്‌കര്‍ത്താക്കളില്‍നിന്നെന്നപോലെ അവരുടെ ചുണ്ടില്‍നിന്നു ശാപ വചസ്സുകളൊന്നും വീണിരുന്നില്ല. അവര്‍ അനുഗ്രഹവചസ്സുകളേ അരുളിയുള്ളൂ. അവര്‍ ഒരിക്കലും തിരസ്‌കരിച്ചില്ല. ആളുകളോടവര്‍ പറഞ്ഞത്, വംശം സദാ വളരണമെന്നാണ്, പിന്നോട്ടു നോക്കിയിട്ട് അവര്‍ പറഞ്ഞു; ‘ഹിന്ദുക്കളേ, നിങ്ങളുടെ ചെയ്തികള്‍ നല്ലതുതന്നെ: പക്ഷേ, ഭ്രാതാക്കളേ, കൂടുതല്‍ മെച്ചമായി നമുക്കു പ്രവര്‍ത്തിക്കാം.’ അവര്‍ പറഞ്ഞില്ല; ‘അറുവഷളന്മാരായിരുന്നു നിങ്ങള്‍: ഇന്നിപ്പോള്‍ നമുക്കു നല്ലവരാകണം,’ എന്ന്. അവര്‍ പറഞ്ഞു; ‘നിങ്ങള്‍ മെച്ചപ്പെട്ടിരുന്നു: പക്ഷേ ഇന്നിപ്പോള്‍ കൂടുതല്‍ മെച്ചപ്പെടാം’ എന്ന്. അതൊരു വമ്പിച്ച വ്യത്യാസമാണ്. നമ്മുടെ സ്വഭാവത്തിനൊത്തുവേണം നമുക്കു വളരാന്‍. വിദേശീയസംഘങ്ങള്‍ നമ്മുടെമേല്‍ വെച്ചുപിടിപ്പിച്ച കര്‍മ്മ പദ്ധതികള്‍ അനുസരിക്കാനുള്ള ശ്രമം വിഫലമാണ്: അതസാദ്ധ്യമാണ്. മറ്റു ജനതകളുടെ രൂപം കൈക്കൊള്ളുക – നമ്മെ എത്രയൊക്കെ വളച്ചാലും ഒടിച്ചാലും – അസാദ്ധ്യം. അതുകൊണ്ടുതന്നെ, ഈശ്വരന്‍ വാഴ്ത്തപ്പെടട്ടെ! അന്യവംശ്യരുടെ വ്യവസ്ഥകളെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല. അവര്‍ക്കവ നന്ന്. നമുക്കു നന്നല്ല. അവരുടെ ഭക്ഷ്യം നമുക്കു വിഷമാകാം. ഒന്നാമതു പഠിക്കേണ്ട പാഠം ഇതാണ്. അവരുടെ പിമ്പില്‍ മറ്റു ശാസ്ര്തങ്ങളും വ്യവസ്ഥകളും പാരമ്പര്യങ്ങളുമായതിനാലാണ് അവര്‍ക്ക് ഇന്നത്തെ വ്യവസ്ഥിതി കൈവന്നത്. നമുക്ക് നമ്മുടെ പാരമ്പര്യങ്ങളും ആയിരമായിരം കൊല്ലങ്ങളായുള്ള കര്‍മ്മവും പിമ്പിലുള്ളതിനാല്‍, സ്വാഭാവികമായിത്തന്നെ, നമ്മുടേതായ ചായ്‌വ്, നമ്മുടേതായ വഴിച്ചാല്‍, മാത്രമേ പിന്‍തുടരാനാവൂ. അതു നാം ചെയ്യുകയും വേണം.
അപ്പോള്‍ എന്റെ പരിപാടിയെന്തെന്നോ? മഹത്തുക്കളായ പ്രാചീനാചാര്യന്മാരുടെ ആശയങ്ങളെ പിന്‍തുടരുകയെന്നതാണ് എന്റെ പരിപാടി. അവരുടെ ചെയ്തികള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവരുടെ കര്‍മ്മസരണി കണ്ടെത്തുവാനുള്ള ഭാഗധേയം എനിക്കു കൈവന്നിട്ടുണ്ട്. അവരാണ് ആദ്യമായി സമുദായത്തെ കരുപ്പിടിപ്പിച്ചെടുത്ത മഹാന്മാര്‍. പ്രഭാവം, പരിശുദ്ധി, ജീവിതം – ഇവയെല്ലാം നല്കിയ മഹാന്മാരാണവര്‍. ഏറ്റവും അദ്ഭുതകരമായ പ്രവൃത്തിയാണ് അവര്‍ ചെയ്തത്. ഏറ്റവും അദ്ഭുതകരമായ പ്രവൃത്തി നമുക്കും ചെയ്യേണ്ടതുണ്ട്. പരിസ്ഥിതികള്‍ കുറച്ചൊന്നു മാറിയിരിക്കുന്നു: അതിനാല്‍ പ്രവൃത്തിസരണികളും കുറേ മറ്റേണ്ടതുണ്ട്: ഇത്രമാത്രം. ഓരോ വ്യക്തിക്കെന്നപോലെ ഓരോ ജനതയ്ക്കും ഈ ജീവിതത്തില്‍ തന്‍േറതായ ഒരു പ്രതിപാദ്യമുണ്ട് എന്നത്രേ എന്റെ കാഴ്ച. ഇതാണതിന്റെ കേന്ദ്രം, മുഖ്യരാഗം: മറ്റു രാഗിണികളൊക്കെ ആ രാഗത്തിനു ചുറ്റും വന്നുകൂടി, അങ്ങനെയാണ് സംഗീതലയമുണ്ടാകുന്നത്. ഇംഗ്ലണ്ടിലെന്നോണം, ഒരു ജനതയുടെ ജീവാതു രാഷ്ട്രീയപ്രഭാവമാണ്. കലാജീവിതമാകാം മറ്റൊന്നിന്‍േറത്. ഇങ്ങനെതന്നെ മറ്റുള്ളവയുടേയും കഥ. ഭാരതത്തില്‍ മതജീവിതമാണ് കേന്ദ്രം, ജനതയുടെ ജീവിതസംഗീതത്തിന്റെ മുഖ്യരാഗം. ഏതെങ്കിലും ജനത അതിന്‍േറതായ ജീവശക്തി, നൂറ്റാണ്ടുകളിലായി രൂപപ്പെട്ടുവന്ന അതിന്റെ പുരോഗമനസരണി, കൈവെടിഞ്ഞാല്‍ ആ ജനത നശിക്കും – ആ കൈവെടിയല്‍ നടന്നാല്‍, അതുകൊണ്ടു നിങ്ങള്‍ക്കു നിങ്ങളുടെ മതം തള്ളുവാനും, ‘രാഷ്ട്രീയ’മോ, ‘സാമുദായിക’മോ മറ്റു വല്ലതുമോ കേന്ദ്രമായി കൊള്ളുവാനും കഴിഞ്ഞാല്‍ത്തന്നെ, ഫലം നിങ്ങളുടെ അറുതിയാവും. ഇതു തടയാന്‍, മതത്തിന്റെ ജീവശക്തിയിലൂടെ സകലതും പ്രവര്‍ത്തിപ്പിക്കണം: മതമാകുന്ന നട്ടെല്ലിലൂടെ നിങ്ങളുടെ നാഡികളെല്ലാം സ്പന്ദിക്കട്ടെ. അമേരിക്കരോടു മതം പ്രസംഗിക്കുകപോലും സാമുദായികജീവിതത്തില്‍ അതുളവാക്കുന്ന പ്രായോഗികഫലം ചൂണ്ടിക്കാട്ടാതെ സാദ്ധ്യമല്ലെന്നു ഞാന്‍ കണ്ടിരിക്കുന്നു. വേദാന്തമുളവാക്കുന്ന ആശ്ചര്യകരമായ രാഷ്ട്രീയപരിണാമങ്ങള്‍ കാട്ടിക്കൊടുക്കാതെ ഇംഗ്ലണ്ടില്‍ മതം പ്രസംഗിക്കാന്‍ എനിക്കു സാധിച്ചില്ല. ഇതുപോലെ ഭാരതത്തില്‍ സാമൂഹ്യ പരിഷ്‌കാരം പ്രസംഗിക്കുന്നത്, ആ പുതുപദ്ധതി ആദ്ധ്യാത്മികജീവിതത്തെ എത്രയധികം വികസിപ്പിക്കുമെന്നു കാട്ടിയിട്ടുവേണം. ഇതുപോലെ തന്നെ ‘രാഷ്ട്രീയം’ പ്രസംഗിക്കുന്നതും, ജനത മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന ആ ഒരു കാര്യം, ആദ്ധ്യാത്മികത, എത്രയധികം അതു മെച്ചപ്പെടുത്തുമെന്നു കാട്ടിയിട്ടേ ആകാവൂ. ഓരോ മനുഷ്യനും അയാളുടെ ‘ഇഷ്ടം’ ഇന്നതെന്നു തിട്ടപ്പെടുത്തേണ്ടതുണ്ട്: ഇതുപോലെതന്നെ ഓരോ ജനതയ്ക്കുമുണ്ട്. പല യുഗങ്ങള്‍ക്കുമുമ്പ് നമ്മുടെ ‘ഇഷ്ടം’ നാം വരിച്ചു കഴിഞ്ഞു: അതിനോടു നാം പറ്റിക്കൂടണം. ആലോചിച്ചാല്‍ കാണാം, നാം വരിച്ചത് അത്ര മോശമൊന്നുമല്ലെന്ന്. ഈ ലോകത്തില്‍ ജഡത്തെപ്പറ്റിയല്ലാതെ ചൈതന്യത്തെപ്പറ്റി ചിന്തിക്കുക, മനുഷ്യനെപ്പറ്റിയല്ലാതെ ഈശ്വരനെപ്പറ്റി ചിന്തിക്കുക, അത്രയേറെ മോശപ്പെട്ട വരമാണോ? മറ്റൊരു ലോകത്തിന്റെ ഉണ്മയിലുള്ള തീവ്രവിശ്വാസം, ഈ ലോകത്തോടുള്ള തീവ്രവിദ്വേഷം, ത്യാഗത്തിന്‍േറതായ തീവ്ര പ്രഭാവം, ഈശ്വരനിലും അനശ്വരമായ ആത്മാവിലുള്ള തീവ്രശ്രദ്ധ – ഇതൊക്കെ നിങ്ങളിലുണ്ട്. ഇതു വെടിയുവാന്‍ നിങ്ങളില്‍ ഓരോരുത്തനെയും ഞാന്‍ വെല്ലുവിളിക്കുന്നു: നിങ്ങള്‍ക്കു കഴിയില്ല. ജഡവാദമംഗീകരിച്ച്, കുറേക്കാലം ജഡവാദം പ്രസംഗിച്ച്, എന്നെ കബളിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിച്ചെന്നുവരാം. പക്ഷേ നിങ്ങളാരെന്ന് എനിക്കറിയാം. നിങ്ങളെ കൈക്കുപിടിച്ചു ഞാനിങ്ങെടുത്തുകൊണ്ടാല്‍, മടങ്ങിയിങ്ങു പോരും നിങ്ങള്‍: ലോകത്തിലെവിടെയുമുള്ള ഈശ്വരവാദികളെപ്പോലെ തന്നെ നെറിയുള്ള ഈശ്വരവാദികളായി നിങ്ങള്‍ മടങ്ങിവരും. സ്വഭാവം മാറ്റാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
അപ്പോള്‍ ഭാരതത്തില്‍ എല്ലാ പരിഷ്‌കാരങ്ങള്‍ക്കും ആദ്യമേ വേണ്ടത് മതപരമായ ഒരു ഉജ്ജൃംഭണമാണ്. ഭാരതത്തിലെങ്ങും സ്ഥിതി സമത്വപരമോ രാഷ്ട്രീയമോ ആയ ആശയങ്ങള്‍ പ്രവഹിപ്പിക്കുംമുമ്പ് ആദ്ധ്യാത്മികാശയങ്ങളില്‍ നാടാകെ ആറാടിക്കണം. നാം ശ്രദ്ധിക്കേണ്ട ഒന്നാമത്തെ ജോലി ഇതാണ്; ഉപനിഷത്തുകളിലും മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലുമുള്ള അത്യദ്ഭുതസത്യങ്ങള്‍ അവയില്‍നിന്നു വെളിയില്‍ കൊണ്ടുവരണം, വനങ്ങളില്‍നിന്നു വെളിയില്‍ കൊണ്ടുവരണം, സംഘവിശേഷങ്ങളുടെ പിടിപാടിയില്‍നിന്നു വെളിയില്‍ കൊണ്ടുവരണം: പിന്നീടവയെ നാട്ടിലെങ്ങും പരക്കെ ചിതറണം. അങ്ങനെ പ്രസ്തുതസത്യങ്ങള്‍ വടക്കുമുതല്‍ തെക്കുവരെ, കിഴക്കുമുതല്‍ പടിഞ്ഞാറുവരെ, ഹിമാലയംമുതല്‍ കന്യാകുമാരിവരെ, സിന്ധുമുതല്‍ ബ്രഹ്മപുത്രവരെ – തീപോലെ കത്തിക്കാളി നാടാകെ നടമാടട്ടെ! ഓരോരുത്തനും അവയെ അറിയണം: എന്തുകൊണ്ടെന്നാല്‍ പറഞ്ഞിട്ടുള്ളതിങ്ങനെയാണ്; – ‘ഒന്നാമത് അതു കേള്‍ക്കണം, പിന്നെ അതു ചിന്തിക്കണം, പിന്നെ ധ്യാനിക്കണം.’ ആളുകള്‍ ഇതാദ്യം കേള്‍ക്കട്ടെ! തങ്ങളുടെ മതഗ്രന്ഥങ്ങളിലുള്ള മഹത്തായ സത്യങ്ങള്‍ കേള്‍ക്കുവാന്‍ ആളുകളെ സഹായിക്കുന്നവന് അതിലും മെച്ചപ്പെട്ട മറ്റൊരു കര്‍മ്മം ഇന്നു ചെയ്യാനില്ല. നമ്മുടെ വ്യാസന്‍ പറയുന്നു; ‘കലിയുഗത്തില്‍ ഒരു കര്‍മ്മമേ ചെയ്യാനുള്ളൂ. യാഗങ്ങളും വന്‍തപസ്യകളും ഇന്നു നിഷ്ഫലമാണ്. അവശേഷിച്ചിട്ടുള്ള ഒരു സത്കര്‍മ്മം ദാനമാണ്.’ ഈവക ദാനങ്ങളില്‍വെച്ച് ആദ്ധ്യാത്മികതയും അദ്ധ്യാത്മവിദ്യയും കൊടുക്കുന്നതാണുത്തമം. അടുത്ത ദാനം ലൗകികവിദ്യ നല്കുന്നതാണ്: അടുത്തതു ജീവദാനം. നാലാമത്തേത് അന്നദാനവും. അദ്ഭുതകരമായ ദാനശീലമുള്ള ഈ ഭാരതീയ ജനതയെ നോക്കൂ. അതിദരിദ്രമായ ഈ ഭാരതത്തില്‍ നടക്കുന്ന ദാനങ്ങളുടെ തോതെത്ര വലുതെന്നു നോക്കൂ. ഇവിടത്തെ അതിഥിസത്കാരം നോക്കൂ; ഇവിടെ ഒരാള്‍ക്കു നാട്ടിലെ ഏറ്റവും നല്ല വസ്തുക്കളും സര്‍വ്വത്ര സൗഹൃദവും കൈക്കൊണ്ടുകൊണ്ടു വടക്കുമുതല്‍ തെക്കുവരെ കാല്‍നടയായി സഞ്ചരിക്കാം. നാട്ടിലെവിടെയെങ്കിലും ഒരപ്പക്കഷ്ണമുള്ളിടത്തോളം കാലം ഒരു യാചകനും ഇവിടെ പട്ടിണിയായിപ്പോവില്ല.
ഈ ദാനഭൂമിയില്‍ ഒന്നാമത്തെ ദാനമായ അദ്ധ്യാത്മവിദ്യാദാനത്തിനു വേണ്ടി ഉത്‌സാഹംകൊള്ളാം. ആ വിദ്യാദാനത്തെ നാം ഭാരതസീമകള്‍ക്കുള്ളില്‍ പരിമിതമാക്കരുത്: അതു ലോകമെങ്ങും പരക്കണം. ഇതായിരുന്നു ഇവിടുത്തെ പതിവ്. ഭാരതീയചിന്തകള്‍ ഭാരതത്തിന് വെളിയിലേക്ക് കടന്നിട്ടില്ലെന്നു പറയുന്നവര്‍, ഭാരതത്തിന് വെളിയില്‍ ചെന്നു വിദേശങ്ങളില്‍ മതം പ്രസംഗിച്ച ഒന്നാമത്തെ സന്ന്യാസി ഞാനാണെന്നു പറയുന്നവര്‍, സ്വവംശചരിതമറിയാത്തവരാണ്. വീണ്ടും വീണ്ടും ഇതു നടന്നിട്ടുണ്ട്. ലോകത്തിന് ആവശ്യമായി വന്നപ്പോഴെല്ലാം, ആദ്ധ്യാത്മികതയുടെ ഈ നിത്യപ്രവാഹം എമ്പാടും വഴിഞ്ഞൊഴുകി ലോകത്തെ ആറാടിച്ചിട്ടുണ്ട്. രാഷ്ട്രീയ വിജ്ഞാനദാനം യുദ്ധകാഹളമൂതി കുപ്പിണികളെ മുന്നേറ്റിക്കൊണ്ട് നിര്‍വ്വഹിക്കത്തക്കതാണ്. കൊള്ളിവെച്ചും വാള്‍വീശിയും നല്കാവുന്നതാണ്, മതേതര വിജ്ഞാനവും സാമൂഹ്യവിജ്ഞാനവും. അദ്ധ്യാത്മവിദ്യാദാനമാകട്ടെ, പ്രത്യക്ഷമായി ഒട്ടേറെ പനിനീര്‍പ്പൂക്കളെ വിടര്‍ത്തി, കാണപ്പെടാതെയും കേള്‍ക്കപ്പെടാതെയും പൊഴിയുന്ന മഞ്ഞുതുള്ളിപോലെ മാത്രമേ നിറവേറ്റാന്‍ പറ്റൂ. ഇതാണ് ഭാരതം വീണ്ടും വീണ്ടും ലോകത്തിന് ചെയ്തിട്ടുള്ള ദാനം. ആക്രമിച്ചു കീഴടക്കാന്‍ കരുത്തുള്ള ഒരു ജനത വഴിക്കും യാത്രയ്ക്കും നിവൃത്തിയുണ്ടാക്കി ലോകജനതകളെ ഏകീകരിച്ചപ്പോഴൊക്കെ, ഉടനടി, ഭാരതം ഉണര്‍ന്നെഴുന്നേറ്റു തന്റെ പങ്കായ അദ്ധ്യാത്മശക്തി ലോകത്തിന്റെ സമഷ്ടിപുരോഗതിക്ക് സംഭാവന ചെയ്തിട്ടുണ്ട്. ബുദ്ധന്‍ ജനിക്കുന്നതിനു പല യുഗങ്ങള്‍ക്കു മുമ്പേ ഇതു സംഭവിച്ചു: അതിന്റെ അവശേഷങ്ങള്‍ ഇന്നും ചൈനയിലും ഏഷ്യാമൈനറിലും മലയാദ്വീപസമൂഹത്തിന്റെ ഹൃദയാന്തര്‍ഭാഗത്തും നിലനില്പുണ്ട്. ഗ്രീക്കുകാരനായ ആ മഹാവിജേതാവ് അന്നറിയപ്പെട്ട ലോകത്തിലെ നാലു മൂലകളെ കൂട്ടിയിണക്കിയപ്പോഴും ഇതുതന്നെ സംഭവിച്ചു. അപ്പോള്‍ പുറത്തേക്ക് പാഞ്ഞുചെന്നു, ഭാരതത്തിന്റെ ആദ്ധ്യാത്മികത. ഊറ്റംകൊള്ളുന്ന പാശ്ചാത്യപരിഷ്‌കാരം ആ കവിഞ്ഞൊഴുകലിന്റെ അവശേഷംമാത്രമാണ്. അതേ അവസരം ഇതാ വീണ്ടും വന്നിരിക്കുന്നു. ഇംഗ്ലീഷ്ശക്തി അഭൂതപൂര്‍വ്വമായി ലോക ജനതകളെ കൂട്ടിയിണക്കിയിരിക്കുന്നു. ഇംഗ്ലീഷുകാര്‍ നിര്‍മ്മിച്ച പാതകളും ഗതാഗതമാര്‍ഗ്ഗങ്ങളും ഭൂമിയുടെ ഒരു മൂലയില്‍നിന്നു മറ്റേ മൂലവരെ പാഞ്ഞുപോകുകയാണ്. അവരുടെ പ്രതിഭകൊണ്ട് മുമ്പൊരിക്കലുമുണ്ടാകാത്തവിധം, ഇന്നു ലോകം ബന്ധപ്പെട്ടിരിക്കുന്നു. മാനവ ചരിത്രത്തില്‍ മുമ്പൊരിക്കലും നടന്നിട്ടില്ലാത്തമട്ടില്‍, ഇന്നു കച്ചവട കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കുന്നു. ഉടനടി, ബോധപൂര്‍വമോ അബോധ പൂര്‍വ്വമോ, ഭാരതം ഉണര്‍ന്നെഴുന്നേറ്റ് അദ്ധ്യാത്മവിദ്യയുടെ ദാനധാര തുടങ്ങിയിരിക്കുന്നു. മുന്‍ചൊന്ന പാതകളിലൂടെ ആവക ദാനങ്ങള്‍ ലോകസീമകളോളം പാഞ്ഞുചെല്ലുകയും ചെയ്യും. അമേരിക്കയില്‍ ഞാന്‍ പോയതു നിങ്ങളുടെയോ എന്റെയോ പ്രവൃത്തിയല്ല: ഭാരത ഭാഗധേയത്തെ നേര്‍വഴി നയിക്കുന്ന ഈശ്വരനാണ് എന്നെ അയച്ചത്. ഇതുപോലെ ശതക്കണക്കിന് ആളുകളെ ലോകജനതകളുടെ അടുക്കലേക്ക് അയക്കുകയും ചെയ്യും. ലോകത്തിലുള്ള ഒരു ശക്തിക്കും അതു തടുക്കാവതല്ല. ഇതും അവശ്യം ചെയ്യേണ്ട കാര്യമാണ്. നിങ്ങളുടെ മതം പ്രസംഗിക്കുവാന്‍ നിങ്ങള്‍ പുറത്തേക്കു പോകണം: സൂര്യനു താഴെയുള്ള ഓരോ ജനതയോടും അതു പ്രസംഗിക്കണം: എല്ലാ ആളുകളോടും പ്രസംഗിക്കണം. ഇതാണ് ചെയ്യേണ്ട ഒന്നാമത്തെ കാര്യം. പിന്നെ, അദ്ധ്യാത്മവിദ്യോപദേശത്തോടൊപ്പം, മതേ തരവിദ്യയും ആവശ്യമുള്ള മറ്റു വിദ്യകളും വന്നുകൊള്ളും. എന്നാല്‍ മതം കൂടാതെ മതേതരവിദ്യ കൈക്കലാക്കാന്‍ ശ്രമിച്ചാല്‍, ഞാന്‍ തുറന്നുപറയുന്നു, ആ ശ്രമം ഭാരതത്തില്‍ വ്യര്‍ത്ഥമാണെന്ന്. ജനതയുടെമേല്‍ അതിന് ഒരു പിടിയുമുണ്ടാവില്ല. വമ്പിച്ച ആ ബൗദ്ധ പ്രസ്ഥാനംപോലും അതുകൊണ്ടാണ് കുറെയൊക്കെ പരാജയമടഞ്ഞത്.
സുഹൃത്തുക്കളേ, അതുകൊണ്ട് എന്റെ പരിപാടി, നമ്മുടെ ശാസ്ര്തങ്ങളിലുള്ള സത്യങ്ങള്‍ ഭാരതത്തിനകത്തും പുറത്തും പ്രചരിപ്പിക്കുവാന്‍ നമ്മുടെ ചെറുപ്പക്കാരെ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങുകയാണ്. ആണുങ്ങള്‍, ആണുങ്ങളാണ് നമുക്കാവശ്യം: മറ്റെല്ലാം തയ്യാറാകും. പക്ഷേ നമുക്കു വേണ്ടത് കരുത്തും ചൊറുചൊറുക്കും ശ്രദ്ധയുമുള്ള, നട്ടെല്ലുമുട്ടെ ആര്‍ജ്ജവമുള്ള, ചെറുപ്പക്കാരെയാണ്. അത്തരം ഒരു നൂറുപേരുണ്ടെങ്കില്‍ ലോകത്തെ ഇട്ടുവട്ടമടിക്കാം. മറ്റെല്ലാറ്റിനേക്കാളും കരുത്തുള്ളതാണ് ഇച്ഛാശക്തി. ഇതിന്റെ മുമ്പില്‍ എല്ലാം വണങ്ങിക്കൊള്ളണം: എന്തുകൊണ്ടെന്നാല്‍, ഈശ്വരനില്‍നിന്ന്, ഈശ്വരനില്‍നിന്നുതന്നെയാണ്, ഇച്ഛാശക്തി വന്നുകൂടുന്നത്. വിശുദ്ധവും ബലിഷ്ഠവുമായ ഇച്ഛാശക്തി സര്‍വശക്തമാണ്. അതില്‍ നിങ്ങള്‍ക്കു വിശ്വാസമില്ലേ? നിങ്ങളുടെ മതത്തിലെ മഹത്തായ സത്യങ്ങള്‍ ലോകത്തില്‍ പ്രചരിപ്പിക്കുക, അതേ, പ്രചരിപ്പിക്കുക: ലോകം അവയെ കാത്തുനില്ക്കുന്നു. അധഃപതിപ്പിക്കുന്ന വാദമുഖങ്ങളാണ് നൂറ്റാണ്ടുകളായി ആളുകളെ പഠിപ്പിച്ചുവന്നത്. അവര്‍ വെറും ശൂന്യമാണെന്നത്രേ അവരോടു പറഞ്ഞുപിടിപ്പിച്ചിട്ടുള്ളത്. ലോകത്തിലെങ്ങും സാമാന്യജനത്തെ ധരിപ്പിച്ചിട്ടുള്ളത്, അവര്‍ മനുഷ്യരല്ലെന്നാണ്. പല ശതകങ്ങളായുള്ള ഭയപ്പാടിന്റെ വലുപ്പംകൊണ്ടു മൃഗപ്രായരായിരിക്കയാണവര്‍. അവര്‍ക്ക് ആത്മാവിനെപ്പറ്റി കേള്‍ക്കാന്‍ അനുവാദമില്ലായിരുന്നു. അവര്‍ ആത്മാവിനെക്കുറിച്ച് കേള്‍ക്കട്ടെ, ഏറ്റവും എളിയവരില്‍പ്പോലും ജനനമരണങ്ങളറ്റ ആത്മാവുണ്ടെന്ന് അവര്‍ ധരിക്കട്ടെ. വാളുകൊണ്ടു പിളരാത്ത, തീകൊണ്ടെരിയാത്ത, കാറ്റുകൊണ്ടുലയാത്ത, അമരവും അനാദ്യനന്തവും സര്‍വശുദ്ധവും സര്‍വശക്തവും സാര്‍വത്രി കവുമായ, ആത്മാവിനെപ്പറ്റി അവര്‍ കേള്‍ക്കട്ടെ! അവര്‍ക്ക് ആത്മവിശ്വാസമുണ്ടാകട്ടെ! എന്താണ് ഇംഗ്ലീഷ്‌കാര്‍ക്കും നിങ്ങള്‍ക്കും തമ്മിലുള്ള വ്യത്യാസം? അവര്‍ സ്വമതത്തെപ്പറ്റിയും കര്‍ത്തവ്യത്തെപ്പറ്റിയും മറ്റും എത്രയും സംസാരിച്ചുകൊള്ളട്ടെ! ആ വ്യത്യാസം ഞാന്‍ കണ്ടുവെച്ചിട്ടുണ്ട്. ഇംഗ്ലീഷുകാരന് ആത്മവിശ്വാസമുണ്ട്: നിങ്ങള്‍ക്കതില്ല – ഇതാണ് വ്യത്യാസം. താന്‍ ഒരിംഗ്ലീഷുകാരനാണെന്നതില്‍ അയാള്‍ വിശ്വസിക്കുന്നു: അതുകൊണ്ടയാള്‍ക്കെന്തും ചെയ്യാം. അയാളിലുള്ള ഈശ്വരനെ അതു വെളിപ്പെടുത്തുന്നു. അപ്പോള്‍ ഇഷ്ടമുള്ളതെല്ലാം അയാള്‍ക്കു ചെയ്യാം. (അവര്‍) നിങ്ങളോടു പറഞ്ഞിട്ടുള്ളതും നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതും നിങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നാണ്. ഓരോ ദിവസവും നിങ്ങള്‍ വെറും ‘പൂജ്യ’മായിത്തീരുകയുമാണ്. കരുത്താണ് നമുക്ക് വേണ്ടതും. അതുകൊണ്ട് നിങ്ങളില്‍ത്തന്നെ നിങ്ങള്‍ വിശ്വസിക്കുവിന്‍. നാം ദുര്‍ബ്ബലരായിരിക്കയാണ്. അതുകൊണ്ടത്രേ ഗുപ്തവിദ്യയും (occultism) ഗൂഢവിദ്യയും (mysticism) – ഈ വഴുക്കന്‍ വസ്തുക്കള്‍ – നമ്മുടെ അടുക്കലേക്ക് വന്നുകൂടുന്നത്. ഇവയിലൊക്കെ വമ്പിച്ച സത്യങ്ങളുണ്ടാകാം: പക്ഷേ ഇവ നമ്മെ മിക്കവാറും നശിപ്പിച്ചിരിക്കയാണ്. സിരകള്‍ക്കു കരുത്തിയറ്റുക: ഇരുമ്പിന്‍മാംസപേശികളും, ഉരുക്കിന്‍ സിരാതന്തുക്കളുമാണ് നമുക്കു വേണ്ടത്. നാം വേണ്ടത്ര കരഞ്ഞിരിക്കുന്നു, ഇനി കരച്ചില്‍ വേണ്ട. തന്‍കാലില്‍ നില്ക്കുക, ആണുങ്ങളാകുക, നമുക്കുവേണ്ടത് ആണുങ്ങളെ വാര്‍ത്തെടുക്കുന്ന മതമാണ്, ആണുങ്ങളെ വാര്‍ത്തെടുക്കുന്ന സിദ്ധാന്തങ്ങള്‍, ആണുങ്ങളെ വാര്‍ത്തെടുക്കുന്ന വടിവൊത്ത വിദ്യാഭ്യാസം: ഇതാണ് നമുക്കു വേണ്ടത്. ഇവിടെയാണ് സത്യത്തിന്റെ തെളിവും. കായികമായും ബൗദ്ധികമായും ആദ്ധ്യാത്മികമായും നിങ്ങളെ തളര്‍ത്തുന്നതെല്ലാം വിഷംപോലെ വെടിയുക. അതില്‍ ജീവനില്ല, അതു സത്യമാവില്ല. സത്യം കരുത്തിയറ്റും, സത്യം വിശുദ്ധിയാണ്. സത്യം സര്‍വ്വജ്ഞാനമാണ്. സത്യം കരുത്തിയറ്റണം, വെളിപ്പെടുത്തണം, ചുണപ്പെടുത്തണം. ഈ ഗൂഢവിദ്യകളില്‍ സത്യത്തിന്റെ ചില കണങ്ങളുണ്ടെങ്കിലും, സാമാന്യമായിപ്പറഞ്ഞാല്‍, അവ തളര്‍ത്തുന്നവയാണ്. എന്നെ വിശ്വസിക്കൂ. ഒരായുഷ്‌ക്കാലത്തെ അനുഭവമാണ് എനിക്കതിനെപ്പറ്റിയുള്ളത്. ഞാന്‍ എത്തിച്ചേരുന്ന ഒരേ ഒരു നിഗമനം അതു തളര്‍ത്തുമെന്നത്രേ. ഭാരതത്തിലെങ്ങും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്: ഇവിടെയുള്ള ഓരോ ഗുഹയിലും തിരക്കിയിട്ടുണ്ട്, ഹിമാലയത്തില്‍ നിവസിച്ചിട്ടുണ്ട്. ജീവിതം മുഴുവന്‍ അവിടെത്തന്നെ കഴിച്ചുകൂട്ടിയ ആളുകളെ എനിക്കറിയാം. എന്റെ ജനതയെ ഞാന്‍ സ്നേഹിക്കുന്നു: നിങ്ങളെ ഇതിലധികം അധഃപതിതരും ദുര്‍ബ്ബലമായി കാണുക എനിക്കു വയ്യ. അതിനാല്‍ നിങ്ങള്‍ക്കുവേണ്ടിയും സത്യത്തിനുവേണ്ടിയും ‘നിര്‍ത്തു!’ എന്നു വിളിച്ചുപറയാന്‍ ഞാന്‍ നിര്‍ബ്ബദ്ധനാണ്: എന്റെ വംശത്തിന്റെ ഈ അധഃപതനത്തിന്നെതിരായി ശബ്ദമുയര്‍ത്താന്‍ ഞാന്‍ നിര്‍ബ്ബദ്ധനാണ്. തളര്‍ത്തുന്ന ഈ ഗൂഢവിദ്യകള്‍ വെടിയുക: കരുത്തന്മാരാകുക. നിങ്ങളുടെ ഉപനിഷത്തുകളിലേക്ക് മടങ്ങിച്ചെല്ലുക, വെളിച്ചവും കരുത്തും തെളിച്ചവുമുള്ള ആദര്‍ശത്തിലേക്ക്. ഗൂഢവും അവസാദകവുമായ ഇവറ്റയില്‍നിന്നെല്ലാം പിന്‍വാങ്ങുക. ഈ ദര്‍ശനം കൈക്കൊള്ളുക. നിങ്ങളുടെ ഉണ്മപോലെതന്നെ, ലോകത്തില്‍വെച്ച് ഏറ്റവും സരളമാണ് അത്യുത്തമമായ സത്യങ്ങളെല്ലാം. ഉപനിഷത്തുകളിലുള്ള സത്യങ്ങളാണ് നിങ്ങളുടെ മുമ്പിലുള്ളത്. അവയെ കൈക്കൊള്ളുക: ജീവിതത്തില്‍ പകര്‍ത്തുക. അപ്പോള്‍ ഭാരതത്തിന്റെ മോചനം ആസന്നമായിരിക്കും.
ഒരു വാക്കുകൂടി പറഞ്ഞ് അവസാനിപ്പിക്കാം. അവര്‍ രാജ്യസ്നേഹത്തെക്കുറിച്ച് പറയുന്നു. സ്വരാജ്യസ്നേഹത്തില്‍ എനിക്കു വിശ്വാസമുണ്ട്: എന്‍േറതായ രാജ്യസ്നേഹം എനിക്കുമുണ്ട്. വമ്പിച്ച നേട്ടങ്ങള്‍ക്കു മൂന്നു സംഗതികളാണാവശ്യം. ഒന്നാമതു ഹൃദയം മുട്ടെ തപിക്കണം. ബുദ്ധിയിലും യുക്തിയിലുമെന്തിരിക്കുന്നു? അവ കുറച്ചടി മുന്നോട്ടു വെച്ച് അവിടെ സ്തംഭിച്ചുനില്ക്കും. പ്രചോദനം വരുന്നതു ഹൃദയത്തിലൂടെയാണ്. ഏതഭേദ്യകവാടവും സ്നേഹം ഉല്‍ഘാടനം ചെയ്യും. പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള പ്രവേശനദ്വാരമാണ് സ്നേഹം. അതിനാല്‍ പരിഷ്‌കര്‍ത്താക്കളും സ്വരാജ്യസ്നേഹികളുമാകാന്‍ കൊതിക്കുന്ന എന്റെ കൂട്ടരേ, തപിക്കുക. നിങ്ങള്‍ തപിക്കുന്നുണ്ടോ? ദേവതകളുടെയും ഋഷിമാരുടെയും ദശലക്ഷം അനന്തരഗാമികള്‍ മൃഗങ്ങളുടെ അടുത്ത അയല്‍പക്കക്കാരായിരിക്കുന്നതില്‍ നിങ്ങള്‍ തപിക്കുന്നുണ്ടോ? ദശലക്ഷങ്ങള്‍ ഇന്നു പട്ടിണികിടക്കുന്നതില്‍, യുഗങ്ങളായി പട്ടിണി കിടന്നുവരുന്നതില്‍, നിങ്ങള്‍ തപിക്കുന്നുണ്ടോ? അറിവില്ലായ്മ ഒരു കാര്‍മേഘംപോലെ നാടാകെ പരന്നിട്ടുള്ളതില്‍ നിങ്ങള്‍ തപിക്കുന്നുണ്ടോ? അതു നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ? നിങ്ങളുടെ ഉറക്കത്തെ ഭഞ്ജിക്കുന്നുണ്ടോ? നിങ്ങളുടെ രക്തത്തില്‍ കലര്‍ന്നു, ധമനികളിലൂടെ ഒഴുകി, ഹൃദയത്തുടിപ്പുകളോടൊത്ത് അതു താളം ചവിട്ടുന്നുണ്ടോ? അതു നിങ്ങളെ ഏതാണ്ടു ഭ്രാന്തരാക്കുന്നുണ്ടോ? വിനാശക്ലേശമെന്ന ഒരേ ഒരു ചിന്ത നിങ്ങളില്‍ നിറഞ്ഞുമുറ്റിയോ? സ്വന്തം പേരും പെരുമയും വീട്ടുകാരും കുട്ടികളും പൊരുളും സ്വന്തം തടിപോലും, നിങ്ങള്‍ മറന്നുകഴിഞ്ഞുവോ? ഇത്രത്തോളമായോ, സ്വരാജ്യസ്നേഹിയാകാനുള്ള ഒന്നാമത്തെ, വെറും ഒന്നാമത്തെ, ചുവടുവെയ്പാണത്. നിങ്ങളില്‍ മിക്കവര്‍ക്കുമറിയാവുന്നതുപോലെ, ഞാന്‍ അമേരിക്കയ്ക്കു പോയതു മതമഹാസമ്മേളനത്തിനു വേണ്ടിയല്ല: പിന്നയോ, എന്നില്‍, എന്റെ ആത്മാവില്‍, ഈ ഭയങ്കരതാപമുണ്ടായിരുന്നു. പന്തിരണ്ടു കൊല്ലം ഭാരതത്തിലെല്ലാം ഞാന്‍ അലഞ്ഞുനടന്നു: എന്റെ നാട്ടുകാര്‍ക്കുവേണ്ടി പ്രയത്‌നിക്കാന്‍ ഒരു വഴിയും കണ്ടില്ല. അതുകൊണ്ടാണ് ഞാന്‍ അമേരിക്കയ്ക്ക് പോയത്. അന്നെന്നെ അറിഞ്ഞിരുന്ന മിക്കവര്‍ക്കും അതറിയാം. ഈ മതമഹാസമ്മേളനത്തെ ആരത്ര കൂട്ടാക്കി? ഇവിടെ എന്റെ സ്വന്തം മാംസവും രക്തവുംതന്നെ നാള്‍ക്കുനാള്‍ താണുതാണുപോകയായിരുന്നു. അവരെ ആര്‍ കൂട്ടാക്കി? ഇതായിരുന്നു എന്റെ ആദ്യത്തെ ചുവടുവെയ്പ്.
അങ്ങനെ നിങ്ങള്‍ തപിക്കുന്നുണ്ടാവാം: എന്നാല്‍ നിങ്ങളുടെ ഉത്‌സാഹത്തെ പതഞ്ഞുപൊങ്ങുന്ന വാക്കുകളിലേക്ക് പകര്‍ന്നുകളയാതെ പ്രായോഗികമായ വല്ല പോംവഴിയും നിങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞിട്ടുണ്ടോ? അവരെ ജീവന്മരണത്തില്‍നിന്നു പുറത്തെടുക്കുവാന്‍, ചീത്തവിളിയുടെ സ്ഥാനത്തു വല്ലതുമൊരു സഹായം, കഷ്ടപ്പാടിന്റെ വേദനയാറ്റുന്ന കുറെ അരുമവാക്കുകള്‍, നിങ്ങള്‍ കണ്ടു വെച്ചിട്ടുണ്ടോ? ഇതുകൊണ്ടും എല്ലാമായില്ല. വന്‍മലപോലുള്ള വലിയ പ്രതിബന്ധങ്ങള്‍ കയറിക്കടക്കാനുള്ള ഇച്ഛാശക്തി നിങ്ങള്‍ക്കുണ്ടോ? ലോകം മുഴുവന്‍ വാളുമേന്തി എതിര്‍ത്തുനിന്നാലും നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്നതു ചെയ്യാനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കുണ്ടോ? നിങ്ങളുടെ ഭാര്യയും കുഞ്ഞുങ്ങളും നിങ്ങള്‍ക്കെതിരാണെങ്കില്‍, നിങ്ങളുടെ പണമെല്ലാം പോയാല്‍, പേരും പെരുമയും പൊലിഞ്ഞാല്‍, സമ്പത്തു നാമാവശേഷമായാല്‍ – എന്നാലും ആ പിടിവിടാതിരിക്കുമോ? അതു തന്നെ പിന്‍തുടര്‍ന്ന്, പതറാതെ, സ്വന്തം ലക്ഷ്യത്തിലേക്ക് നിങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുമോ? മഹാനായ ഭര്‍ത്തൃഹരിരാജാവു പറഞ്ഞതു പോലെ, നീതിനിപുണന്മാര്‍ നിന്ദിക്കട്ടെ, അല്ലെങ്കില്‍ സ്തുതിക്കട്ടെ: ലക്ഷ്മീഭഗവതി വരട്ടെ, അഥവാ ഇഷ്ടംപോലെ പോകട്ടെ: മരണം ഇന്നു വരട്ടെ, അഥവാ ശതകങ്ങള്‍ക്കുശേഷം വരട്ടെ: ന്യായമായ മാര്‍ഗ്ഗം വിട്ടു തെല്ലും പതറാത്തവനാണ് ധീരന്‍.’ ഈ ഉറപ്പു നിങ്ങള്‍ക്കുണ്ടോ? ഇവ മൂന്നും നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളോരോരുത്തനും അദ്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും. പത്രത്തിലെഴുതേണ്ട, പ്രസംഗിച്ചു നടക്കേണ്ട: നിങ്ങളുടെ മുഖമേ ജ്വലിക്കും. നിങ്ങള്‍ ഒരു ഗുഹയില്‍ കാലം കഴിച്ചാലും നിങ്ങളുടെ ചിന്തകള്‍ ആ കരിങ്കല്‍ച്ചുമരുകളും തുളച്ചുകടക്കും, നൂറു നൂറ്റാണ്ടുകള്‍ സ്പന്ദിച്ചു ലോകമെങ്ങും നടക്കും: ഒരുപക്ഷേ, ഒടുവില്‍, വല്ല മസ്തിഷ്‌കത്തിലും കടന്നുകൂടി, അവിടെ അതു സംപ്രവൃത്തമാകും. അത്തരം പ്രഭാവമാണ് ചിന്തയ്ക്കും ആര്‍ജ്ജവത്തിനും ഉദ്ദേശ്യശുദ്ധിക്കുമുള്ളത്.
നിങ്ങളെ നിറുത്തി താമസിപ്പിക്കയാണ് ഞാനെന്ന ശങ്കയില്ലാതില്ല. എങ്കിലും ഒരു വാക്കുകൂടി. എന്റെ നാട്ടുകാരേ, എന്റെ കൂട്ടുകാരേ, എന്റെ കുട്ടികളേ! (ഭാരതീയ) ജനതയാകുന്ന ഈ കപ്പല്‍ ദശലക്ഷം ആത്മാക്കളെ ജീവിതസാഗരത്തിന്റെ മറുകരയില്‍ കൊണ്ടുവിട്ടു വരികയാണ്. മിന്നിത്തിളങ്ങുന്ന വളരെ നൂറ്റാണ്ടുകളായി ഈ സാഗരത്തില്‍ അതോടിക്കൊണ്ടിരിക്കയാണ്: ദശലക്ഷം ആത്മാക്കള്‍ അതിനെ ക്കൊണ്ടു മറുകരയ്‌ക്കെത്തിയിട്ടുണ്ട്, മുക്തിപദമടഞ്ഞിട്ടുണ്ട്. പക്ഷേ, ഇന്നിപ്പോള്‍, നിങ്ങളുടെ കുറ്റംകൊണ്ടാവാം, അതിന്നു ചില്ലറ കേടുപറ്റിയിട്ടുണ്ട്, ഒരോട്ട വീണിട്ടുണ്ട്. എന്നുവെച്ച് അതിനെ ശപിക്കാനാണോ നിങ്ങളുടെ ഭാവം? എണീറ്റുനിന്ന് അതിന്റെമേല്‍ – മറ്റേതിനേക്കാളുമേറെ ജോലി ചെയ്തുതീര്‍ത്തിട്ടുള്ള അതിന്റെമേല്‍ – ശാപ വചസ്സുകള്‍ ചൊരിയുന്നതു യുക്തമാണോ? ഈ ജനതയാകുന്ന കപ്പലിന്, നമ്മുടെ സമുദായത്തിന്, ഓട്ട വീണിട്ടുണ്ടെങ്കിലും അതിന്റെ സന്താനങ്ങളാണ് നാം. ഈ ഓട്ടകള്‍ നമുക്കു ചെന്നടയ്ക്കാം. നമ്മുടെ ഹൃദയരക്തംകൊണ്ടു സസന്തോഷം നമുക്കതു ചെയ്യാം: കഴിവില്ലെങ്കില്‍, മരിക്കാം. നമ്മുടെ തലച്ചോറു പറിച്ചെടുത്ത് ഒരടപ്പുണ്ടാക്കി വിടവുകളില്‍ തിരുകാം. അല്ലാതെ, അതിനെ ശപിക്കുകയോ? ഒരിക്കലുമരുത്. ഈ സമുദായത്തിന്നെതിരായി ഒരു കടുത്ത വാക്കും പറയരുത്. അതിന്റെ പഴയ പെരുമയെച്ചൊല്ലി ഞാനതിനെ സ്നേഹിക്കുന്നു. നിങ്ങള്‍ ദേവന്മാരുടെ സന്താനങ്ങളാകയാല്‍, മഹിതപിതാമഹന്മാരുടെ മക്കളാകയാല്‍, നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. പിന്നെ നിങ്ങളെ എങ്ങനെ ഞാന്‍ ശപിക്കും? ഒരിക്കലുമില്ല. എല്ലാ അനുഗ്രങ്ങളും നിങ്ങള്‍ക്കു ഞാന്‍ നേരുന്നു. എന്റെ കുട്ടികളേ, നിങ്ങളുടെ അടുക്കല്‍ ഞാന്‍ വന്നിട്ടുള്ളത് എന്റെ പരിപാടികളെക്കുറിച്ചു നിങ്ങളോടെല്ലാം പറയാനാണ്. നിങ്ങള്‍ ചെവിക്കൊള്ളുമെങ്കില്‍, നിങ്ങളോടൊത്തു പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാര്‍. മറിച്ച്, ചെവിക്കൊള്ളുന്നില്ലെങ്കില്‍, അല്ല, ഭാരതത്തില്‍നിന്നെന്നെ ചവിട്ടിപ്പുറത്താക്കുകയാണെങ്കില്‍പ്പോലും, ഞാന്‍ മടങ്ങിവന്ന് നാമെല്ലാം മുങ്ങുകയാണെന്നു നിങ്ങളോടു പറയുകതന്നെ ചെയ്യും. ഞാനിപ്പോള്‍ നിങ്ങളുടെ ഇടയില്‍ കഴിയുവാന്‍ വന്നിരിക്കയാണ്. മുങ്ങണമെങ്കില്‍ത്തന്നെ നമുക്കൊന്നിച്ചു മുങ്ങാം: എന്നാല്‍ ശാപവചസ്സുകള്‍ നമ്മുടെ ചുണ്ടുകളില്‍ ആവിര്‍ഭവിക്കാതിരിക്കട്ടെ!
[വിവേകാനന്ദസാഹിത്യസര്‍വസ്വം- എന്റെ സമരപരിപാടി (മദ്രാസിലെ വിക്‌ടോറിയാഹാളില്‍വെച്ചു ചെയ്ത പ്രസംഗം)]