നമ്മുടെ വംശത്തിന്റെയും മതത്തിന്റെയും പേരെന്ന നിലയില്‍ തുലോം പ്രചാരം സിദ്ധിച്ച ഒരു വാക്കുണ്ട് – ഹിന്ദു. ‘വേദാന്തമത’മെന്നതുകൊണ്ടു ഞാനര്‍ത്ഥമാക്കുന്നതിനോടുള്ള ചാര്‍ച്ച ഗണിച്ച് ഹിന്ദു എന്ന വാക്ക് സ്വല്പം വ്യാഖ്യാനിക്കേണ്ടതുണ്ട്. ഈ വാക്ക് പ്രാചീനരായ പേഴ്‌സ്യക്കാര്‍ സിന്ധുനദിക്കു നല്കിയ പേരാണ്. സംസ്‌കൃതത്തിലുള്ള ‘സ’കാരമെല്ലാം പ്രാചീന പേഴ്‌സ്യന്‍ഭാഷയില്‍ ‘ഹ’കാരമായി മാറുന്നു: അങ്ങനെ ‘സിന്ധു’ ‘ഹിന്ദു’വായി. ഗ്രീക്കുകാര്‍ ‘ഹ’ ഉച്ചരിക്കാന്‍ വയ്യാതെ അതു വേണ്ടെന്നുവെച്ച വിവരം നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ: അങ്ങനെ നാം ഇന്ത്യക്കാരായി. സിന്ധുവിന്റെ മറുകരയില്‍ പാര്‍ക്കുന്നവരെ കുറിക്കാന്‍ പ്രയോഗിച്ച ഹിന്ദുപദത്തിന്റെ അര്‍ത്ഥം പണ്ടെന്തായാലും, ഇന്നിപ്പോള്‍ അതിന്റെ ശക്തിയൊക്കെ പൊയ്‌പോയിരിക്കുന്നു: കാരണം, സിന്ധുവിന്റെ ഇക്കരെ പാര്‍ക്കുന്നവരെല്ലാം ഇന്ന് ഒരേ മതത്തില്‍പെടുന്നവരല്ല: ആ കൂട്ടത്തില്‍ ശരിയായ ഹിന്ദുക്കളുണ്ട്: മുഹമ്മദീയരും പാഴ്‌സികളും ക്രിസ്ത്യാനികളും ബൗദ്ധരും ജൈനരുമുണ്ട്. അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ ഹിന്ദുപദം ഇവരെയെല്ലാം ഉള്‍ക്കൊള്ളണം. എന്നാല്‍ മതവാചി എന്ന നിലയില്‍ ഇവരെയൊക്കെ ഹിന്ദുക്കള്‍ എന്നു വിളിക്കുന്നതു ശരിയല്ല. അതിനാല്‍ നമ്മുടെ മതത്തിനു പറ്റുന്ന ഒരു സാമാന്യനാമം കണ്ടെത്തുക എളുപ്പമല്ല. മിക്കവാറും ഒരു നാമമില്ലാതെ, ഒരു വ്യവസ്ഥിതസമ്പ്രദായമില്ലാതെ, ഒരു സംഘടനയില്ലാതെ ഒത്തുകൂടിയ ഭിന്നങ്ങളായ മതങ്ങളുടെയും ആശയങ്ങളുടെയും ചട്ടങ്ങളുടെയും ചടങ്ങുകളുടെയും ഒരു സംഹിതയാണ് ഹിന്ദുമതം. നമ്മുടെ മതവിഭാഗങ്ങളെല്ലാം യോജിക്കുന്ന ഒരേ ഒരു വിഷയം, ഒരുപക്ഷേ, ഇതാണ്; മതഗ്രന്ഥങ്ങളായ വേദങ്ങളില്‍ നാമെല്ലാം വിശ്വസിക്കുന്നു. വേദങ്ങളുടെ പരമപ്രാമാണ്യം വകവെയ്ക്കാത്തവന്നു ഹിന്ദുവെന്നു വിളിക്കപ്പെടാനര്‍ഹതയില്ലെന്ന കാര്യം ഒരുപക്ഷേ നിശ്ചിതമാണ്.
നിങ്ങള്‍ക്കറിവുള്ളതുപോലെ ഈ വേദങ്ങളെല്ലാം കര്‍മ്മകാണ്ഡവും ജ്ഞാനകാണ്ഡവുമെന്നു രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഉപനിഷത്തുകളും വേദാന്തവുമെന്ന പേരില്‍, വേദങ്ങളുടെ ആദ്ധ്യാത്മികോപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ജ്ഞാനകാണ്ഡത്തെയാണ് നമ്മുടെ ഗുരുക്കന്മാരും ദാര്‍ശനികന്മാരും ഗ്രന്ഥകാരന്മാരും – അവര്‍ ദ്വൈതികളോ വിശിഷ്ടാദ്വൈതികളോ അദ്വൈതികളോ ആകട്ടെ – പരമപ്രമാണമായി എപ്പോഴും ഉദ്ധരിച്ചുവന്നിട്ടുള്ളത്. തന്റെ ദര്‍ശനവും മതവിഭാഗവും ഏതുമാകട്ടെ, ഓരോ ഭാരതീയവും ഉപനിഷത്തുകളിലാണ് പ്രമാണം കണ്ടെത്തേണ്ടത്. അതു സാധിച്ചില്ലെങ്കില്‍ അയാള്‍ വിമതസ്ഥനാകും. അപ്പോള്‍ ഇന്ന് ഭാരതത്തിലുള്ള ഹിന്ദുക്കളെ നിര്‍ദ്ദേശിപ്പാന്‍ പര്യാപ്തമായ ഒരേ ഒരു വാക്ക്, ഒരുപക്ഷേ, ‘വേദാന്തി’കളെന്നോ, നിങ്ങള്‍ പറയുംപോലെ ‘വൈദിക’രെന്നോ ആണെന്നുവരാം. ഈ അര്‍ത്ഥത്തിലാണ് ഞാന്‍ വേദാന്തമതം, വേദാന്തം എന്നീ വാക്കുകള്‍ പ്രയോഗിക്കുന്നത്. ഇതു കൂറേക്കൂടി വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു. കാരണം, വേദാന്തമെന്ന വാക്ക് വേദാന്തദര്‍ശനത്തില്‍പ്പെട്ട അദ്വൈതശാഖയെ മാത്രം കുറിക്കാന്‍ പ്രയോഗിക്കുക ഈയിടെയായി ഒട്ടേറെ ആളുകളുടെ പതിവായിരിക്കുന്നു. അദ്വൈതവാദം ഉപനിഷത്തുകളില്‍ രൂപംപൂണ്ടിട്ടുള്ള പല ദര്‍ശനസരണികളില്‍ ഒന്നുമാത്രമാണെന്നു നമുക്കറിയാം. അദ്വൈതാനുയായികള്‍ക്കെന്നോണംതന്നെ വിശിഷ്ടാദ്വൈതികള്‍ക്കും ഉപനിഷത്തുകളോടു ബഹുമാനമുണ്ട്: അദ്വൈതികള്‍ വേദാന്തത്തിനു കല്പിക്കുന്നത്രയും പ്രാമാണ്യം വിശിഷ്ടാദ്വൈതികളും കല്പിക്കുന്നുണ്ട്. ഇതുതന്നെ ദ്വൈതികളും ചെയ്യുന്നു. ഭാരതത്തിലുള്ള മതവിഭാഗങ്ങളെല്ലാം ചെയ്യുന്നതും ഇതുതന്നെ. പക്ഷേ പൊതുജനങ്ങളുടെ മനസ്സില്‍, വേദാന്തി എന്ന വാക്കിന് അദ്വൈതി എന്ന വാക്കിനോട് ഏതാണ്ട് താദാത്മ്യംതന്നെ ഉണ്ടായിരിക്കുന്നു: ഇതിന്നനുകൂലമായി ചില യുക്തികളും ഉണ്ടെന്നുവരാം. എന്തുകൊണ്ടെന്നാല്‍, നമ്മുടെ മതഗ്രന്ഥങ്ങള്‍ വേദങ്ങളാണെങ്കിലും, വൈദികസിദ്ധാന്തങ്ങളെ ഉദാഹരിക്കുവാന്‍ പിന്നീടുണ്ടായ സ്മൃതികളും പുരാണങ്ങളുമുണ്ട്. സ്വാഭാവികമായി, ഇവയ്ക്കു വേദങ്ങള്‍ക്കുള്ളത്ര ഗൗരവമില്ല. പുരാണങ്ങളും സ്മൃതികളും ശ്രുതിയുടെ ഏതെങ്കിലുമൊരു ഭാഗത്തിനു വിരുദ്ധമാണെങ്കില്‍, സ്മൃതികളെ നിരാകരിച്ചു ശ്രുതിയെ അനുസരിച്ചുകൊള്ളണമെന്നാണ് നിയമം. ഇത്തരുണത്തില്‍ നമുക്കൊന്നു കാണാം; അദ്വൈതദാര്‍ശനിക പ്രവരനായ ശ്രീശങ്കരന്റെ ഭാഷ്യങ്ങളിലും അദ്ദേഹം സ്ഥാപിച്ച ദര്‍ശനശാഖയിലെ ഗ്രന്ഥങ്ങളിലും ഉദ്ധരിച്ച പ്രമാണങ്ങളില്‍ ഏറിയ കൂറും ഉപനിഷത്തുകളാണ്. വളരെച്ചുരുക്കമായേ സ്മൃതികളില്‍നിന്നു പ്രമാണം ഉദ്ധരിച്ചുകാണുന്നുള്ളൂ. അങ്ങനെ ചെയ്യുമ്പോള്‍, അതു ശ്രുതിയില്‍ കാണാത്ത വല്ല വാദമുഖവും വിശദീകരിക്കുവാനാണുതാനും. നേരേമറിച്ച്, മറ്റു ദര്‍ശനങ്ങള്‍ ഏറിയതോതില്‍ സ്മൃതികളെയും ചെറിയതോതില്‍മാത്രം ശ്രുതികളെയുമാണ് ശരണീകരിച്ചു കാണുന്നത്. കൂടുതല്‍ കൂടുതല്‍ ദ്വൈതത്തെ അവലംബിച്ചുപോകുന്ന വിഭാഗങ്ങള്‍ അതേ അനുപാതത്തില്‍ത്തന്നെ സ്മൃതികളെ ഉദ്ധരിക്കയും ചെയ്യുന്നുണ്ട്: ഇത് ഒരു വേദാന്തിയില്‍നിന്നു പ്രതീക്ഷിക്കാവുന്നതില്‍ വളരെയേറെ തവണകളാണുതാനും. ഇവര്‍ പുരാണാചാര്യന്മാര്‍ക്കു നല്കിയ പ്രാധാന്യം ഏറിയതിനാലാകാം, ഒരുപക്ഷേ ക്രമേണ അദ്വൈതിയെ തനി വേദാന്തിയായി കരുതാനിടയായത്.
ഇതെങ്ങനെയായാലും ശരി, വേദാന്തമെന്ന വാക്ക് ഭാരതത്തിലെ മതജീവിതത്തിന്റെ അടിസ്ഥാനത്തെയാകെ ദ്യോതിപ്പിക്കണം. അതു വേദത്തിന്റെ ഒരു ഭാഗമാകയാല്‍ നമുക്കുള്ള ഏറ്റവും പ്രാചീനമായ സാഹിത്യമാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഇന്നത്തെ പണ്ഡിതന്മാരുടെ അഭിപ്രായമെന്തായാലും, വേദത്തിന്റെ ചില ഭാഗങ്ങള്‍ ഒരു കാലത്തും മറ്റുള്ളവ മറ്റൊരു കാലത്തും എഴുതിയതാണെന്നു സമ്മതിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറില്ല. വേദങ്ങള്‍ ഒരേ ഒരു കാലത്തുണ്ടായതാണ്, കുറേക്കൂടി സൂക്ഷിച്ചുപറഞ്ഞാല്‍, ഒരിക്കലും ഉണ്ടായതല്ല. മറിച്ച് ഈശ്വരന്റെ മനസ്സില്‍ എക്കാലവും നിലകൊള്ളുന്നവയാണെന്ന വിശ്വാസത്തെയത്രേ അവര്‍ സ്വാഭാവികമായി മുറുകെ പിടിക്കുന്നത്. വേദാന്തമെന്ന വാക്കുകൊണ്ടു ഞാന്‍ അര്‍ത്ഥമാക്കുന്നത്, അതു ഭാരതത്തിലെ ദ്വൈതത്തിന്റെയും വിശിഷ്ടാദ്വൈതത്തിന്റെയും അദ്വൈതത്തിന്റെയും അടിസ്ഥാനത്തെ ഒരുപോലെ ചൂണ്ടിക്കാട്ടുന്നു എന്നാണ്. ഒരുപക്ഷേ ബുദ്ധ – ജൈനമതങ്ങളുടെ ചില പ്രത്യേകാംശങ്ങള്‍പോലും നമുക്കു കൈക്കൊള്ളാന്‍ കഴിഞ്ഞേക്കും: കാരണം, നമ്മുടെ ഹൃദയത്തിന് അത്ര വിശാലതയുണ്ട്. അവരാണ് അകത്തുകടക്കാന്‍ കൂട്ടാക്കാത്തത്: നാം തയ്യാറാണ്. സൂക്ഷ്മമായപഗ്രഥിച്ചാല്‍ കാണാം, ബുദ്ധമത സാരമൊക്കെയും ഉപനിഷത്തുകളില്‍നിന്നു കടമെടുത്തിട്ടുള്ളതാണെന്ന്. വമ്പിച്ചതെന്നും അദ്ഭുതകരമെന്നും പറയപ്പെടുന്ന ബുദ്ധമതത്തിന്റെതായ ആ ആചാരശാസ്ര്തംപോലും ഒരുപനിഷത്തിലല്ലെങ്കില്‍ മറ്റൊന്നില്‍ വാക്കിനു വാക്കായിട്ടുള്ളതാണ്: അതുപോലെ ജൈനമതത്തിലെ കാടുകയറ്റങ്ങള്‍ ഒഴിച്ചുള്ള നല്ല സിദ്ധാന്തങ്ങളും. പില്ക്കാലത്ത് ഭാരതത്തില്‍ മതചിന്തയ്ക്കുണ്ടായിട്ടുള്ള വികാസങ്ങളുടെയെല്ലാം ബീജങ്ങള്‍ ഉപനിഷത്തുകളില്‍ കാണാം. അകാരണമായി ചിലര്‍ ചിലപ്പോള്‍ വാദിക്കാറുണ്ട്, ഉപനിഷത്തുകളില്‍ ഭക്തിയുടെ ആദര്‍ശമില്ലെന്ന്. ഇത് ഒരുതരത്തിലും വാസ്തവമല്ലെന്ന് ഉപനിഷത്തുകള്‍ പഠിച്ചിട്ടുള്ളവര്‍ക്കറിയാം. ഒന്നന്വേഷിച്ചാല്‍ മതി: ഓരോ ഉപനിഷത്തിലും വേണ്ടത്ര ഭക്തിയുണ്ട്. പക്ഷേ, പില്ക്കാലത്തു പുരാണങ്ങളിലും മറ്റു സ്മൃതികളിലും പൂര്‍ണ്ണമായി വികസിച്ചു വന്ന ആശയങ്ങളുടെ ബീജരൂപങ്ങള്‍ മാത്രമേ ഉപനിഷത്തുകളില്‍ കാണാന്‍ കഴിയൂ. രേഖാചിത്രം, ചട്ടക്കൂട് എന്നു പറയട്ടെ, അതവിടെയുണ്ട്. ചില പുരാണങ്ങളില്‍ ഇതു പൂരിപ്പിച്ചുകാണുന്നു. ഏതായാലും, പൂര്‍ണ്ണവികാസം പ്രാപിച്ച ഒരു ഭാരതീയാദര്‍ശവും ഉപനിഷത്തുകളാകുന്ന അതേ പിറപ്പിടത്തില്‍ അങ്കുരിക്കാത്തതായിട്ടില്ല. ഉപനിഷത്തുകളില്‍ പറയത്തക്ക പാണ്ഡിത്യമില്ലാത്ത ചിലര്‍, വിദേശീയമായ ചില പിറപ്പിടങ്ങളില്‍നിന്നാണ് ഭക്തി ഇവിടെ വന്നുചേര്‍ന്നതെന്നു വരുത്താന്‍ പരിഹാസ്യമായി പല മട്ടിലും പ്രയത്‌നിച്ചിട്ടുണ്ട്: എന്നാല്‍ നിങ്ങള്‍ക്കറിയാം, ഇവയെല്ലാം വിഫലപ്പെട്ടിരിക്കയാണെന്ന്. ഭക്തിക്ക് എന്തൊക്കെ വേണമോ അതൊക്കെ സംഹിതകളില്‍പ്പോലുമുണ്ട്: പിന്നല്ലേ ഉപനിഷത്തുകളെക്കുറിച്ച്! ആരാധനയും പ്രേമവുമൊക്കെ അവിടെയുണ്ട്. ഒന്നുമാത്രം; ഭക്തിയുടെ ആദര്‍ശങ്ങള്‍ ക്രമേണ ഏറെയേറെ ഉയരുകയാണ്. സംഹിതാഭാഗങ്ങളില്‍ ചിലപ്പോള്‍ ഭയവും ദൈന്യവും കലര്‍ന്ന ഒരു മതത്തിന്റെ അവശേഷങ്ങള്‍ കാണാം. ചിലപ്പോഴവിടെ ആരാധകര്‍ വരുണന്റെയോ മറ്റു ദേവന്മാരുടെയോ മുന്നില്‍ പേടിച്ചുവിറയ്ക്കുന്നതു കാണാം. ചിലപ്പോഴെല്ലാം അവനെ പാപചിന്ത ഭയങ്കരമായി വേദനിപ്പിക്കുന്നതു കാണാം. ഉപനിഷത്തുകളിലാകട്ടെ ഈവക വസ്തുതകളുടെ ചിത്രീകരണത്തിനു സ്ഥാനം നല്കിയിട്ടില്ല. അവയില്‍ ഭയത്തിന്റെ മതത്തിന് സ്ഥാനമില്ല: അതു പ്രേമത്തിന്റെയും ജ്ഞാനത്തിന്റെയും മതമാണ്.
ഈ ഉപനിഷത്തുകളാണ് നമ്മുടെ ശാസ്ര്തങ്ങള്‍. അവ സവിസ്തരം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ പറഞ്ഞതുപോലെ പില്‍ക്കാലത്തു വന്ന പുരാണഗ്രന്ഥങ്ങള്‍ക്കും വേദങ്ങള്‍ക്കും തമ്മില്‍ അഭിപ്രായഭേദമുണ്ടായാല്‍, പുരാണങ്ങളാണ് വഴങ്ങിക്കൊടുക്കേണ്ടത്. എന്നാല്‍ അതോടൊപ്പം, നാമിപ്പോള്‍ അനുഷ്ഠാനത്തില്‍ തൊണ്ണൂറു ശതമാനം പൗരാണികരും പത്തു ശതമാനം വൈദികരുമാണെന്നതത്രേ സത്യം: പത്തു ശതമാനംതന്നെയുണ്ടോ എന്നാണ് സംശയം. നമ്മുടെ ഇടയില്‍ പരസ്പരവിരുദ്ധങ്ങളായ ആചാരങ്ങള്‍ നിലനില്ക്കുന്നതും മതപരമായ ആശയങ്ങള്‍ സമുദായത്തില്‍ പ്രഭാവം ചെലുത്തുന്നതും നമുക്കൊക്കെ കാണാം. ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഇവയ്‌ക്കൊന്നും ഒരു പ്രാമാണ്യവും കാണാവതല്ല. വേദങ്ങളുടെയോ സ്മൃതികളുടെയോ പുരാണങ്ങളുടെയോ സമ്മതിയില്ലാതെ വെറും പ്രാദേശികം മാത്രമായ ചില നാട്ടാചാരങ്ങളെപ്പറ്റി നാം പലപ്പോഴും പുസ്തകത്തില്‍ വായിക്കാറുണ്ട്, നേരിട്ടു സാശ്ചര്യം കാണാറുമുണ്ട്. മൂഢനായ ഓരോ ഗ്രാമീണനും കരുതുന്നു, ക്ഷുദ്രമായ ആ ദേശാചാരം അറ്റുപോയാല്‍ പിന്നെ തനിക്കു ഹിന്ദുവായി തുടരാന്‍ പറ്റുകയില്ലെന്ന്: അയാളുടെ മനസ്സില്‍ വേദാന്ത മതവും ക്ഷുദ്രമായ ദേശാചാരങ്ങളും അഴിവില്ലാതെ ഒന്നു ചേര്‍ന്നിരിക്കയാണ്. മതഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ തന്റെ പ്രവൃത്തികള്‍ക്ക് അവയുടെ പിന്‍ബലമില്ലെന്നു ധരിക്കുക അയാള്‍ക്കു വിഷമം. ആ പ്രവൃത്തികള്‍ വേണ്ടെന്നുവെച്ചാല്‍ ഒരു തകരാറുമില്ലെന്നും, മറിച്ച് കൂടുതല്‍ മെച്ചമേ ഉള്ളുവെന്നും അയാള്‍ക്കു ധരിക്കവയ്യ.
രണ്ടാമതായി മറ്റേ വൈഷമ്യമുണ്ട്. നമ്മുടെ ഈ മതഗ്രന്ഥങ്ങള്‍ വളരെ വിപുലമാണ്. പതഞ്ജലിയുടെ മഹാഭാഷ്യമെന്ന വമ്പിച്ച ഭാഷാശാസ്ര്തഗ്രന്ഥത്തില്‍ വായിക്കാം, സാമവേദത്തിന് ആയിരം ശാഖകളുണ്ടായിരുന്നെന്ന്. അവയൊക്കെ എവിടെ? ആര്‍ക്കും തിട്ടമില്ല. ഇതാണ് മറ്റോരോ വേദത്തിന്റെയും കഥ. ഇവയുടെ ഭൂരിഭാഗവും തിരോഹിതമായിരിക്കുന്നു. കുറച്ചു ഭാഗമേ നമുക്കു കിട്ടിയിട്ടുള്ളൂ. ചില പ്രത്യേകകുടുംബങ്ങള്‍ അവയുടെയെല്ലാം രക്ഷാകര്‍ത്തൃത്വമേറ്റെടുത്തു. ഒന്നുകില്‍ ഈ കുടുംബങ്ങള്‍ അന്യംനിന്നു നശിച്ചു: അല്ലെങ്കില്‍ വിദേശീയനിപീഡനത്താല്‍ കൊല്ലപ്പെട്ടു: അഥവാ മറ്റു വല്ലതരത്തിലും നാമാവശേഷമായി. അവയോടൊത്ത് അവര്‍ ചുമതലയേറ്റെടുത്ത വൈദികവിജ്ഞാനശാഖയും നാമാവശേഷമായി. ഈ വസ്തുത നാം ഓര്‍ക്കണം: കാരണം, പുത്തനായി വല്ലതും പ്രചരിപ്പിക്കണമെന്നാഗ്രഹിക്കുന്നവരും, വേദങ്ങള്‍ക്കെതിരായി വല്ലതും വെച്ചുപുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരും ഈ വസ്തുതയെയാണ് ശരണീകരിക്കുന്നത്. ദേശാചാരങ്ങളും ശ്രുതികളും തമ്മിലുള്ള പൊരുത്തക്കേടുകൊണ്ടു ഭാരതത്തിലെവിടെയെങ്കിലും വാദവിവാദമുണ്ടാകുമ്പോള്‍, മുമ്പോട്ടുവെയ്ക്കുന്ന യുക്തിവാദമാണിത്: വേദവിരോധമൊന്നുമില്ല: തിരോഭവിച്ച ശ്രുതികളിലുണ്ടായിരുന്നതാണ് വിവാദാസ്പദമായ ദേശാചാരം. അതിനാല്‍ അതിനു സമ്മതികിട്ടിയിട്ടുണ്ട്. ഇങ്ങനെ നമ്മുടെ മതഗ്രന്ഥങ്ങളെ പലേ മട്ടില്‍ പഠിച്ചും വ്യാഖ്യാനിച്ചും വന്നിട്ടുള്ളതുകൊണ്ട് അവയിലൂടെയെല്ലാം തുടര്‍ന്നോടുന്ന ഒരു ചരടു കണ്ടെത്തുക വളരെ വിഷമം. വിവിധങ്ങളായ ഈ ഭേദവിഭേദങ്ങള്‍ക്ക് ഒരുപോലെ പൊതുവായ ഒരടിത്തറ ഉണ്ടായിരിക്കേണ്ടതാണെന്നു ദൃഢമായി നാം വിശ്വസിക്കയും ചെയ്യുന്നു. പരസ്പരപ്പൊരുത്തത്തെ, പൊതുസങ്കല്പത്തെ, ആശ്രയിച്ചായിരിക്കണം ഈ ചെറുതരം എടുപ്പുകളെല്ലാം തീര്‍ക്കപ്പെട്ടിട്ടുള്ളത്. പ്രഥമദൃഷ്ടിയില്‍ ഒടുങ്ങാത്ത വിഭ്രാന്തികളുടെ ഒരു കൂമ്പാരമെന്നു തോന്നാവുന്ന നമ്മുടെ മതത്തിനു സമാനമായ ഒരടിത്തറ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നെടിയ ഈ കാലമത്രയും അതു നിലനില്ക്കില്ലായിരുന്നു, ഉറച്ചുനില്ക്കില്ലായിരുന്നു.
ഭാഷ്യകാരന്മാരെപ്പറ്റി പറയുമ്പോള്‍ വീണ്ടും മറ്റൊരു വൈഷമ്യം നേരിടുകയായി. അദ്വൈതിയായ ഭാഷ്യകാരന്‍ അദ്വൈതപരമായ മൂല വാക്യങ്ങളെ അതേപടി സംരക്ഷിക്കുന്നു: ദ്വൈതപരമായ വാക്യങ്ങള്‍ വരുമ്പോഴാകട്ടേ, അതേ ഭാഷ്യകാരന്‍ കഴിയുമെങ്കില്‍ അവയെ വളച്ചൊടിച്ച് അവയില്‍നിന്ന് ഏറ്റവും വിചിത്രമായ അര്‍ത്ഥങ്ങള്‍ എടുത്തുകാട്ടുന്നു. ചിലപ്പോള്‍ ‘ജനനമറ്റത്’ (അജാ) ആടായി മാറുന്നു. ഉണ്ടാക്കിവെക്കുന്ന ആശ്ചര്യമാറ്റങ്ങള്‍ ഇത്തരത്തിലാണ്. ഭാഷ്യകാരന്റെ ഇഷ്ടത്തിനൊത്തു ജനനമറ്റ ‘അജ’ പെണ്ണാടെന്ന അജയായി വ്യാഖ്യാനിക്കപ്പെടുന്നു. ഇതേ മട്ടിലാണ്, ചിലപ്പോള്‍ ഇതിലും മോശമായിട്ടാണ്, ദ്വൈതഭാഷ്യകാരന്‍ വാക്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ദ്വൈതപരമായ ഓരോ വാക്യവും സംരക്ഷിക്കപ്പെടും: അദ്വൈതപ്രതി പാദകമായ വാക്യങ്ങളൊക്കെ യഥേഷ്ടം വളച്ചൊടിക്കപ്പെടും. സംസ്‌കൃതഭാഷയുടെ വൈഷമ്യാധിക്യംകൊണ്ടും, വൈദികസംസ്‌കൃതത്തിന്റെ അതിപ്രാചീനതകൊണ്ടും, സംസ്‌കൃതഭാഷാശാസ്ര്തത്തിന്റെ പരിപൂര്‍ണ്ണതകൊണ്ടും ഒരൊറ്റ വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ച് എത്ര കാലമെങ്കിലും എത്ര വേണമെങ്കിലും ചര്‍ച്ചകള്‍ നടത്താം. വേണമെന്നുറച്ചാല്‍ മതി, വെറും യുക്തിവാദംകൊണ്ടും ലക്ഷ്യലക്ഷണങ്ങള്‍ ഉദ്ധരിച്ചുകൊണ്ടും, ആരുടെ ജല്പനത്തെയും ശുദ്ധസംസ്‌കൃതമാക്കാന്‍ ഒരു പണ്ഡിതനു കഴിയും. ഇതൊക്കെയാണ്, ഉപനിഷത്തുകള്‍ പഠിക്കാന്‍ മുതിരുമ്പോള്‍ നമുക്കു നേരിടേണ്ടിവരുന്ന വൈഷമ്യങ്ങള്‍. തീവ്രനായ ദ്വൈതിയും അദ്വൈതിയും ഭക്തനും ജ്ഞാനിയുമൊക്കെയായിരുന്ന ഒരു വ്യക്തിയോടുകൂടി ജീവിക്കാന്‍ എനിക്കിടയായി. ആ ജീവിതം എനിക്ക്, ഭാഷ്യകാരന്മാരെ കണ്ണടച്ചനുഗമിക്കാതെ സ്വതന്ത്രവും മെച്ചവുമായ ഒരു നിലപാടില്‍നിന്ന് ഉപനിഷത്തുകളും ശാസ്ര്തപാഠങ്ങളും ധരിക്കണമെന്ന ആഗ്രഹമുളവാക്കി. എന്റെ അഭിപ്രായമനുസരിച്ച്, എന്റെ ഗവേഷണങ്ങള്‍കൊണ്ട്, ഈവക വാക്യങ്ങള്‍ പരസ്പര വിരുദ്ധങ്ങളല്ലെന്ന നിഗമനത്തില്‍ ഞാനെത്തി. അപ്പോള്‍ ‘വാക്യപീഡന’ത്തെക്കുറിച്ചു നമുക്കു ഭയം വേണ്ട. വാക്യങ്ങള്‍ മനോജ്ഞങ്ങളാണ്: പോരാ, അത്യാശ്ചര്യങ്ങളാണ്. അവ പരസ്പരവിരുദ്ധങ്ങളല്ല: മറിച്ച്, ആശ്ചര്യമായ പൊരുത്തമുള്ളവയാണ്. ഒരാശയം മറ്റതിലേക്കു കൊണ്ടാക്കുകയാണ്. ഉപനിഷത്തുകളിലെല്ലാം ഞാന്‍ കണ്ട ഒരു വസ്തുത ഇതാണ്; അവ ദ്വൈതഭാവത്തില്‍, ആരാധനയിലും മറ്റും, ആരംഭിച്ച് അദ്വൈതാശയങ്ങളുടെ പ്രൗഢസമുല്ലാസത്തിലവസാനിക്കുന്നു.
അതിനാല്‍ ഈ വ്യക്തിയുടെ ജീവിതം ചൊരിയുന്ന വെളിച്ചത്തില്‍ ഞാന്‍ കാണുന്നു, ദ്വൈതിയും അദ്വൈതിയും തമ്മില്‍ പിണങ്ങേണ്ടതില്ലെന്ന്. ഓരോരുത്തനുമുണ്ട് ജനതയുടെ ജീവിതത്തില്‍ ഒരു സ്ഥാനം, വമ്പിച്ച ഒരു സ്ഥാനം. ദ്വൈതി നിലനില്ക്കണം: കാരണം, അദ്വൈതിയെപ്പോലെ ദ്വൈതിയും ജനതയുടെ മതജീവിതസാരത്തില്‍പ്പെട്ടവനാണ്. ഒരുവന് മറ്റവനെ കൂടാതെ നിലയില്ല: ഒരുവന്‍ മറ്റവന്റെ പരിപൂരകമാണ്. ഒരുവന്‍ എടുപ്പും മറ്റവന്‍ അതിന്റെ മകുടവും: ഒരുവന്‍ വേരും മറ്റവന്‍ കായും. ഇങ്ങനെയൊക്കെയാണ് നില. അതിനാല്‍, ഉപനിഷദ്വാക്യങ്ങളെ വളച്ചൊടിക്കാനുള്ള ശ്രമം എനിക്കു പരിഹാസ്യമായിത്തോന്നുന്നു. ഭാഷ ആശ്ചര്യമാണെന്നു ഞാന്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഏറ്റവും മഹത്തരമായ ദര്‍ശനമെന്നും അത്യദ്ഭുതമായ ദേവതാവിജ്ഞാനമെന്നും മനുഷ്യരാശിക്കു മോക്ഷമാര്‍ഗ്ഗ പ്രദര്‍ശകമെന്നുമുള്ള നിലകളില്‍ മേന്മകള്‍ ഇരിക്കട്ടെ: ഉപനിഷത് സാഹിത്യം ലോകത്തില്‍ ഉദാത്തതയുടേതായ അത്യദ്ഭുതമായ ചിത്രീകരണമാണ്. മനുഷ്യമനസ്സിനുള്ള വ്യക്തിത്വം, അന്തര്‍മുഖവും അന്തര്‍ ദൃഷ്ടിയുമായ ഹൈന്ദവമനസ്സ്, തികഞ്ഞ ശക്തിയോടെ ഇവിടെ പ്രകടമാകുന്നു. മറ്റെല്ലാ ജനതകള്‍ക്കുമുണ്ട് ഉദാത്തതയുടേതായ ചിത്രീകരണങ്ങള്‍: എന്നാല്‍ ഏതാണ്ടു നിരപവാദമായിത്തന്നെ കാണാം, അവരുടെയെല്ലാം ആദര്‍ശം മാംസപേശികളെക്കൊണ്ട് ഉദാത്തതയെ പിടിച്ചെടുക്കാനാണെന്ന്. മില്‍ട്ടണ്‍, ഡാന്റെ, ഹോമര്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും പാശ്ചാത്യകവികള്‍ – ഇവരെ ഉദാരഹണമായെടുക്കുക. ഇവരുടെ കൃതികളില്‍ ആശ്ചര്യമായ ഉദാത്തതാവര്‍ണ്ണനകളുണ്ട്: എന്നാല്‍, എപ്പോഴുമുള്ളത് ഇന്ദ്രിയങ്ങളിലൂടെ, മാംസപേശികളിലൂടെ, അനന്തതയെ ഗ്രഹിക്കലാണ്: കിട്ടുന്നത് അനന്തമായ വിശാലതയാണ്, ദൈശികമായ അനന്തത. ഇതേ പ്രയത്‌നങ്ങളത്രേ സംഹിതാവിഭാഗത്തിലും ചെയ്തുകാണുന്നത്. സൃഷ്ടിയെ വര്‍ണ്ണിക്കുന്ന ആ ചില അദ്ഭുത – ഋക്കുകള്‍ നിങ്ങള്‍ക്കറിയാമല്ലോ. വിശാലതയുടേതായ ഉദാത്തതയെ, ദൈശികമായ അനന്തതയെ, പ്രകാശിപ്പിക്കുന്നതില്‍ അവ അത്യുച്ചങ്ങള്‍തന്നെ. എന്നാല്‍ അങ്ങനെ അനന്തതയില്‍ എത്തുക സാദ്ധ്യമല്ലെന്ന് അവര്‍ വളരെ വേഗം കണ്ടെത്തി. തങ്ങളുടെ മനസ്സില്‍ പ്രകടമാകാന്‍ വെമ്പിയ ആശയങ്ങളെ പ്രകാശിപ്പിക്കുവാന്‍ അനന്തമായ ആകാശത്തിനും വിശാലതയ്ക്കും അനന്തമായ ബാഹ്യപ്രകൃതിക്കും സാദ്ധ്യമല്ലെന്ന് അവര്‍ കണ്ടെത്തി. അങ്ങനെ അവര്‍ മറ്റു വ്യാഖ്യാനങ്ങളെ അവലംബിച്ചു. ഉപനിഷത്തുകളില്‍ ഭാഷ പുതുകി: അത് ഏതാണ്ട് നിഷേധാത്മകമായി. ചിലപ്പോള്‍ അത് അനിയതമാണ്. അതു ചിലപ്പോള്‍ നമ്മെ അതീന്ദ്രിയത്തിലേക്ക് കൊണ്ടുപോകുന്നു. അങ്ങനെ നമുക്കു ഗ്രഹിക്കാനരുതാത്ത, ഇന്ദ്രിയദ്വാരാ അനുഭവിക്കാന്‍ കഴിയാത്ത, ഒപ്പംതന്നെ അവിടെയുണ്ടെന്നു നമുക്കു നല്ല തിട്ടമുള്ള, ഏതോ ഒന്നിനെ അതു ചൂണ്ടിക്കാണിക്കയും ചെയ്യുന്നു. ന തത്ര സുര്യോ ഭാതി ന ചന്ദ്രതാരകം നേമാ വിദ്യുതോ ഭാന്തി കുതോിയമഗ്‌നിഃ. ‘അവിടെ സൂര്യന്‍ തിളങ്ങുന്നില്ല: ചന്ദ്രനും നക്ഷത്രങ്ങളുമില്ല: ഈ മിന്നല്പിണരുകള്‍ തിളങ്ങുന്നില്ല: പിന്നെയുണ്ടോ ഈ തീ?’ ഇതിനോടു കിടപിടിക്കാന്‍ മറ്റേതു വര്‍ണ്ണനയുണ്ട് ലോകത്തില്‍? ലോകത്തിലുള്ള ദര്‍ശനത്തിന്റെയെല്ലാം, ഹിന്ദുക്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുള്ള തിന്റെയെല്ലാം, സാരമായി, മാനുഷികമോക്ഷത്തെപ്പറ്റിയുള്ള സ്വപ്നങ്ങളുടെ ആകെത്തുകയായി, കൂടുതല്‍ ആശ്ചര്യമായ ഭാഷയില്‍, അദ്ഭുതമായ ആലങ്കാരികശൈലിയില്‍ പൂര്‍ണ്ണതരമായിട്ടുള്ള ഒരാവിഷ്‌കാരം എവിടെ നിങ്ങള്‍ക്കു കാണാന്‍ കഴിയും? (നോക്കുക); –
ദ്വാ സുപര്‍ണ്ണാ സയുജാ സഖായാ
സമാനം വൃക്ഷം പരിഷസ്വജാതേ
തയോരന്യഃ പിപ്പലം സ്വാദ്വത്ത്യ –
നശ്‌നന്നന്യോ അഭിചാകശീതി.
സമാനേ വൃക്ഷേ പുരുഷോ നിമഗ്‌നോി
നീശയാ ശോചതി മുഹ്യമാനഃ
ജുഷ്ടം യദാ പശ്യത്യന്യമീശ –
മസ്യ മഹിമാനമിതി വീതശോകഃ.
ഒരേ വൃക്ഷത്തില്‍ അഴകുറ്റ ചിറകുകളുമായി ഉറ്റചങ്ങാതികളായ രണ്ടു പക്ഷികളുണ്ട്. ഒന്നു കനികള്‍ തിന്നുന്നു: മറ്റേതു ശാന്തവും നിശ്ശബ്ദവുമായി ഒന്നും കഴിക്കാതെ ഇരിക്കുന്നു. താഴത്തെ കൊമ്പിലുള്ള പക്ഷി ഇനിപ്പും കയ്പുമുള്ള കനികള്‍ ഇടവിട്ടു തിന്നു, സുഖിക്കയും ദുഃഖിക്കയുമാണ്. മുകളിലുള്ളതു ശാന്തം, ഗംഭീരം. അതു മധുരഫലങ്ങളോ കടുഫലങ്ങളോ ഭക്ഷിക്കുന്നില്ല: സുഖത്തെയും ദുഃഖത്തെയും കൂട്ടാക്കുന്നില്ല. സ്വമഹിമയില്‍ ആണ്ടിരിക്കയാണത്. മനുഷ്യാത്മാവിന്റെ ചിത്രമാണിത്. കനകവും വിഷയസുഖങ്ങളും ജീവിതവ്യര്‍ത്ഥതകളും തേടി, നിരാശപ്പെട്ട്, പരിഭ്രാന്തനായി, അങ്ങനെ പോകുന്ന മനുഷ്യന്‍ ഈ ജീവിതത്തിന്‍േറതായ മധുരഫലങ്ങളും കടുഫലങ്ങളും കഴിക്കയാണ്. ഉപനിഷത്തുകള്‍ മറ്റു സ്ഥലങ്ങളില്‍ മനുഷ്യാത്മാവിനെ തേരാളിയോടുപമിച്ചിട്ടുണ്ട്: ഇന്ദ്രിയങ്ങളെ കടിഞ്ഞാണില്ലാത്ത കുതിരകളോടും. ജീവിതവ്യര്‍ത്ഥതകളുടെ പിന്നാലെ പാഞ്ഞുചെല്ലുന്ന മനുഷ്യരുടെ ജീവിതം അത്തരമാണ്. പൊന്‍കിനാവുകള്‍ കാണുന്ന കുട്ടികള്‍ അവയൊക്കെ നിഷ്ഫലമെന്നു കണ്ടെത്തുന്നു: പൊയ്‌പോയ കാലങ്ങളില്‍ ചെയ്ത പ്രവൃത്തികളെ വൃദ്ധന്മാര്‍ അയവിറക്കുന്നു: എന്നിട്ടും ഈ വലയില്‍നിന്നു പുറത്തു കടക്കുന്നതെങ്ങനെയെന്നൊട്ടറിയുന്നുമില്ല. ഇതാണുലകം. എങ്കിലും ഓരോരുത്തന്റെയും ജീവിതത്തില്‍ സുവര്‍ണ്ണനിമിഷങ്ങള്‍ വന്നുചേരുന്നുണ്ട്. അഗാധദുഃഖങ്ങളുടെ നടുവില്‍, എന്തിന്, അഗാധസുഖങ്ങളുടെ നടുവിലും, സൂര്യപ്രകാശം മറയ്ക്കുന്ന ആ മേഘത്തിന്റെ ഒരംശം മാറുംമട്ടുള്ള നിമിഷങ്ങള്‍ വന്നുചേരുന്നു. അപ്പോള്‍, നമ്മുടെ നില എന്തായാലും, ഐന്ദ്രിയജീവിതത്തിന്റെയപ്പുറത്തെത്രയോ ദൂരെ, ജീവിതവ്യര്‍ത്ഥതകളുടെയും സുഖദുഃഖങ്ങളുടെയും അപ്പുറത്തെത്രയോ ദൂരെ, പ്രകൃതിയുടെയും ഐഹികവും പാരത്രികവുമായ സുഖത്തെപ്പറ്റിയുള്ള നമ്മുടെ ഭാവനകളുടെയും അപ്പുറത്തെത്രയോ ദൂരെ, വിത്തൈഷണയുടെയും ലോകൈഷണയുടെയും പുത്രൈഷണയുടെയുമൊക്കെ അപ്പുറത്തെ ത്രയോ ദൂരെ, എന്തിന്റെയെങ്കിലും ഒരീഷദ്ദര്‍ശനം നമുക്കു കിട്ടാന്‍ കഴിയുന്നു. ഈ ദര്‍ശനത്തോടുകൂടി മനുഷ്യന്‍ ഒരു നിമിഷത്തേക്കു നിന്നുപോകുന്നു. അപ്പോള്‍ ശാന്തനും ഗംഭീരനുമായ, കയ്പും ഇനിപ്പുമുള്ള കനികളൊന്നും കഴിക്കാതെ സ്വമഹിമയില്‍ മുഴുകി ആത്മതുഷ്ടനും ആത്മതൃപ്തനുമായി കഴിയുന്ന, മറ്റേ പക്ഷിയെ അവന്‍ കാണുന്നു. ഗീത പറയുംപോലെ, ‘യസ്ത്വാത്മരതിരേവ സ്യാദാ-ത്മതൃപ്തശ്ചമാനവഃ ആത്മന്യേവ ച സന്തുഷ്ടസ്തസ്യകാര്യം ന വിദ്യതേ.’ ”ആത്മാവിനോടു ഭക്തിയുള്ളവന്, ആത്മാവിനു വെളിയിലുള്ളതൊന്നും ആഗ്രഹിക്കാത്തവന്, ആത്മാവില്‍ തൃപ്തിയടഞ്ഞവന്, എന്തു ചെയ്യാനുള്ളൂ?” എന്തിനയാള്‍ മടയ്ക്കണം? ഒരു നോക്കുകാണാന്‍ മനുഷ്യന് കഴിയുന്നു: പിന്നെ മറന്നു പോകുന്നു. വീണ്ടും ജീവിതത്തിന്റെ ഇനിപ്പും കയ്പുമുള്ള കനികള്‍ തിന്നുകയായി. ഒരുപക്ഷേ കുറേക്കഴിഞ്ഞ് ഒരിക്കല്‍കൂടി ഒരു ദര്‍ശന മുണ്ടാകാം. പ്രഹരങ്ങള്‍ കിട്ടുംതോറും താഴെയുള്ള പക്ഷി മേലേയുള്ള പക്ഷിയോട് ഏറെയേറെ അടുക്കുന്നു. കടുത്ത പ്രഹരം കിട്ടാനുള്ള ഭാഗ്യംവന്നാല്‍, അതിന്റെ സഖാവിനോട്, മറ്റേ പക്ഷിയോട്, സ്വജീവിതത്തോട്, സ്വസുഹൃത്തിനോട്, കൂടുതലായി അടുക്കുന്നു. അടുക്കും തോറും മേലേയുള്ള പക്ഷിയില്‍നിന്നു വരുന്ന കാന്തി തന്റെ തൂവലുകള്‍ക്കു ചുറ്റും കളിക്കുന്നതായി അതു കാണുന്നു. അടുപ്പം കൂടും തോറും, അതാ! ആ രൂപാന്തരീകരണം നടന്നുകൊണ്ടിരിക്കുന്നു. ഏറെയേറെ അടുക്കുമ്പോള്‍, സ്വയം വിലയിച്ചുപോകുന്നതുപോലെ അനുഭവപ്പെടുന്നു. ഒടുവില്‍ അതു തീരെ തിരോഭവിച്ചിരിക്കുന്നു. വാസ്തവത്തില്‍ ആ പക്ഷി ഇല്ലായിരുന്നു: ഇളകുന്ന ഇലകളുടെ ഇടയില്‍ ശാന്തഗംഭീരമായിരുന്ന മറ്റേ പക്ഷിയുടെ പ്രതിഫലനം മാത്രമായിരുന്നു അത്. അതെല്ലാം മേലേയുള്ള പക്ഷിയുടെ മഹനീയതയായിരുന്നു. പിന്നെ അതിനു ഭയമില്ല: തികഞ്ഞ സംതൃപ്തിയും ഒതുങ്ങിയ പ്രസാദവുമാണുള്ളത്. ഈ പ്രതീകത്തിലൂടെ ഉപനിഷത്തുകള്‍ നമ്മെ ദ്വൈതസങ്കല്പത്തില്‍നിന്ന് അദ്വൈതസങ്കല്പത്തില്‍ കൊണ്ടെത്തിക്കയത്രേ ചെയ്യുന്നത്.
അനവധി ഉദാഹരണങ്ങള്‍ കാട്ടാന്‍ കഴിയും. എന്നാല്‍ ഈ പ്രസംഗത്തില്‍ അതു ചെയ്യുവാനോ, ഉദാത്തതയെ ആലേഖനം ചെയ്യുന്ന ഗംഭീരസങ്കല്പങ്ങള്‍ ഉള്‍പ്പെടുന്ന ഉപനിഷത്തുകളിലെ അദ്ഭുതകവിത എടുത്തു കാട്ടുവാനോ വേണ്ട സമയമില്ല. പക്ഷേ മറ്റൊരു സംഗതി ചൂണ്ടിക്കാട്ടേണ്ടതുണ്ട്; വാക്കും അര്‍ത്ഥവുമെല്ലാം നേരിട്ടുവരുകയാണ്: വാള്‍ത്തലപോലാണ് അവ നമ്മുടെമേല്‍ വീഴുന്നത്. ചുറ്റികമേട്ടത്തിന്റെ കരുത്തോടുകൂടിയാണ് അവ വരുന്നത്. അവയുടെ അര്‍ത്ഥത്തില്‍ തെറ്റിദ്ധാരണ വയ്യ. ആ സംഗീതത്തിലെ സ്വരമോരോന്നും ഉറച്ചതാണ്. അത് അതിന്റെ തികവുറ്റ ഫലം ഉളവാക്കുന്നുമുണ്ട്. കറക്കങ്ങളും പേക്കൂത്തുകളും തലച്ചോറു കുടുക്കുന്ന കുരുക്കുകളും അവിടെയില്ല. അധഃപതനത്തിന്റെ ലക്ഷണമൊന്നും അവിടെയില്ല – അധികപ്പറ്റായ പ്രതീകകല്പനകളോ, വിശേഷണങ്ങള്‍ക്കുമേല്‍ വിശേഷണങ്ങള്‍ അടുക്കിക്കൂട്ടലോ ഇല്ല. അങ്ങനെയൊക്കെയാണല്ലോ സങ്കീര്‍ണ്ണത ഏറി, അര്‍ത്ഥമെല്ലാം നഷ്ടപ്പെടുന്നതും തലച്ചോറു ചുറ്റുന്നതും സാഹിത്യത്തിന്റെ നൂലാമാലകളില്‍നിന്നു വെളിയില്‍ കടക്കാന്‍ മനുഷ്യനു തരപ്പെടാതാകുന്നതും. ഈ കാലത്തോളം അതൊന്നും അവിടെയില്ലായിരുന്നു. പൗരുഷേയമാണ് ആ സാഹിത്യമെങ്കില്‍, അതു ജനതാവീര്യം നഷ്ടപ്പെടാത്ത ഒരു വംശക്കാര്‍ നിര്‍മ്മിച്ചതാകണം.
കരുത്ത്, കരുത്ത്. അതാണ് ഓരോ പുറത്തില്‍നിന്നും ഉപനിഷത്തുകള്‍ എനിക്കു പറഞ്ഞുതരുന്നത്. ഓര്‍മ്മിക്കേണ്ട ഒരേ ഒരു വലിയ സംഗതി ഇതാണ്. ജീവിതത്തില്‍ ഞാന്‍ പഠിച്ച വലിയൊരു പാഠവുമിതാണ്. ‘കരുത്ത്, കരുത്ത് മനുഷ്യാ! നീ ദുര്‍ബലനാകരുത്.’ മനുഷ്യന്‍ ചോദിക്കുന്നു; മാനുഷികമായ ദുര്‍ബലതകളില്ലേ? ഉപനിഷത്തുകള്‍ മറുപടി തരുന്നു; ഉണ്ട്: പക്ഷേ കൂടുതല്‍ ദുര്‍ബലതകളാണോ അവയ്ക്കു പ്രതിവിധി? അഴുക്കുകൊണ്ട് അഴുക്കു കഴുകാനോ നോട്ടം? പാപം പാപത്തെ പൊറുപ്പിക്കുമോ? ദൗര്‍ബല്യം ദൗര്‍ബല്യത്തെ പൊറുപ്പിക്കുമോ? മനുഷ്യാ! കരുത്ത്, കരുത്ത്. എഴുനേറ്റുനില്‍ക്കൂ, കരുത്തനാകൂ – ഇതത്രേ ഉപനിഷത്തുകള്‍ പറയുന്നത്. അതേ, അഭീഃ, ഭയമറ്റ, എന്ന വാക്കു കൂടക്കൂടെ ഉപയോഗിക്കുന്ന ലോകത്തിലുള്ള ഒരേ ഒരു സാഹിത്യം ഉപനിഷത്തുകളാണ്. മനുഷ്യനെയോ ഈശ്വരനെയോ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്ന മറ്റൊരു മതഗ്രന്ഥവും ലോകത്തിലില്ല. അഭീഃ, ഭയമറ്റ! എന്റെ മനസ്സില്‍ മഹനീയനായ ആ പാശ്ചാത്യ സമ്രാട്ടിന്റെ, മഹാനായ അലക്‌സാണ്ടരുടെ, ചിത്രം പൊയ്‌പോയ കാലങ്ങളില്‍നിന്നുദിച്ചുയരുകയാണ്: മഹാനായ ആ ചക്രവര്‍ത്തി സിന്ധു നദീതടത്തില്‍വെച്ചു നമ്മുടെ ആരണ്യകസന്ന്യാസിമാരില്‍ ഒരുവനോട് സംസാരിക്കുന്നത് ഒരു ചിത്രത്തിലെന്നോണം ഞാന്‍ കാണുന്നു. ഒരു പക്ഷേ കേവലം നഗ്‌നനായ ആ വൃദ്ധന്‍ ഒരു പാറപ്പുറത്തിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രാജ്ഞതയില്‍ അദ്ഭുതപ്പെടുന്ന ചക്രവര്‍ത്തി, ധനവും മാനവും കാട്ടി അദ്ദേഹത്തെ ഗ്രീസിലേക്ക് കൊണ്ടുപോകാന്‍ പ്രലോഭിപ്പിക്കയാവാം. ചക്രവര്‍ത്തിയുടെ പൊന്നും പ്രലോഭനവും വൃദ്ധനെ പുഞ്ചിരിക്കൊള്ളിക്കുന്നു: അദ്ദേഹം പോകാന്‍ വിസമ്മതിക്കുന്നു. അലക്‌സാണ്ടര്‍ തന്റെ അധികാരം കാട്ടി പറയുന്നു; ‘കൂടെ വരുന്നില്ലെങ്കില്‍ നിങ്ങളെ ഞാന്‍ കൊല്ലും.’ ആ മനുഷ്യന്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറയുന്നു; ‘ഇപ്പോള്‍ പറഞ്ഞതുപോലൊരു കള്ളം അങ്ങയുടെ ജീവിതത്തില്‍ അങ്ങു പറഞ്ഞിട്ടില്ല. ആര്‍ക്കെന്നെ കൊല്ലാന്‍ കഴിയും? ജഡപ്രപഞ്ചത്തിന്റെ ചക്രവര്‍ത്തിന്‍! എന്നെ അങ്ങു കൊല്ലുക! ഒരിക്കലും സാദ്ധ്യമല്ല. അജവും അജരവുമായ ചൈതന്യമാണ് ഞാന്‍. ഒരിക്കലും ഞാന്‍ ജനിച്ചിട്ടില്ല, മരിക്കയുമില്ല. അഖണ്ഡനും വിഭുവും സര്‍വജ്ഞനുമാണ് ഞാന്‍: അങ്ങ് എന്നെ കൊല്ലുക! വെറും ശിശു!’ ഇതാണ് കരുത്ത്: ഇതാണ് കരുത്ത്. ഞാന്‍ ഉപനിഷത്തുകള്‍ ഏറെയേറെ വായിക്കുംതോറും, എന്റെ നാട്ടുകാരേ, സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളെച്ചൊല്ലി ഏറെയേറെ കണ്ണീര്‍ വാര്‍ക്കയാണ്. അവിടെയാണ് പ്രായോഗികമായ വലിയ കാര്യമുള്ളത്. കരുത്ത്, നമുക്ക് കരുത്ത്, കരുത്താണ് നമുക്കാവശ്യം. ആരുണ്ട് നമുക്ക് കരുത്തു നല്കാന്‍? ആയിരം ആളുകളുണ്ട് നമ്മുടെ കരുത്തു കെടുത്താന്‍. നമുക്കു വേണ്ടുവോളം കഥകള്‍ കിട്ടിയിട്ടുണ്ട്. നമ്മുടെ ഓരോ പുരാണവും നന്നായൊന്നു കശക്കിയാല്‍ മതി, ലോകത്തിലുള്ള ഗ്രന്ഥശാലകളുടെ മുക്കാല്‍ ഭാഗം നിറയ്ക്കാനുള്ള കഥകള്‍ പുറത്തു വരും. ഒരു വംശമെന്ന നിലയില്‍ നമ്മെ വളരെ ദുര്‍ബ്ബലരാക്കുവാന്‍ വേണ്ടതെല്ലാം കഴിഞ്ഞ ഒരായിരം കൊല്ലമായി നമുക്കു കിട്ടിയിട്ടുണ്ട്. ആ കാലമത്രയും നമ്മുടെ ജനതാജീവിതത്തിന്റെ ഏകലക്ഷ്യം നമ്മെ എങ്ങനെ ഏറെയേറെ ദുര്‍ബ്ബലരാക്കാം എന്നായിരുന്നെന്നു തോന്നിപ്പോകും: ഒടുവില്‍ നാമൊക്കെ നമ്മെ തൊഴിക്കാന്‍ മുതിരുന്നവരുടെ കാല്‍ച്ചോട്ടില്‍ ഇഴയുന്ന തനി മണ്ണെരകളായിത്തീര്‍ന്നിരിക്കയാണ്. സുഹൃത്തുക്കളേ, അതിനാല്‍ നിങ്ങളോടു രക്തബന്ധമുള്ളവനെന്ന നിലയില്‍, നിങ്ങളോടൊത്തു ജീവിച്ചുമരിക്കുന്നവനെന്ന നിലയില്‍, ഞാന്‍ പറയുന്നു, നമുക്കാവശ്യം കരുത്ത്, കരുത്ത്, എക്കാലവും കരുത്തു തന്നെയാണ്. ഉപനിഷത്തുകളാണുതാനും കരുത്തിന്റെ വമ്പിച്ച ഖനി. അവയില്‍ ലോകത്തെ മുഴുവന്‍ ചുണപ്പെടുത്താന്‍ വേണ്ടത്ര കരുത്തുണ്ട്. അവയിലൂടെ ലോകത്തെ മുഴുവന്‍ ഉജ്ജീവിപ്പിക്കാം, പ്രബലമാക്കാം, ഉത്തേജിപ്പിക്കാം. സര്‍വ്വജാതിമതവിഭാഗങ്ങളിലുംപെട്ട ദുര്‍ബ്ബലരെയും ദുഃഖിതരെയും മര്‍ദ്ദിതരെയും തന്‍കാലില്‍ നിന്നു സ്വതന്ത്രരാകാന്‍ ഉപനിഷത്തുകള്‍ കാഹളശബ്ദത്തില്‍ ഉദ്‌ബോധിപ്പിക്കും. സ്വാതന്ത്ര്യം – കായികസ്വാതന്ത്ര്യം, മാനസികസ്വാതന്ത്ര്യം, ആദ്ധ്യാത്മികസ്വാതന്ത്ര്യം – ഇവയാണ് ഉപനിഷന്മുദ്രകള്‍.
[വിവേകാനന്ദസാഹിത്യസര്‍വസ്വം- വേദാന്തവും ഭാരതീയജീവിതവും – തുടരും.]