സ്വാമി വിവേകാനന്ദന്‍

സുഹൃത്തുക്കളേ, അതിനാല്‍ നിങ്ങളോടു രക്തബന്ധമുള്ളവനെന്ന നിലയില്‍, നിങ്ങളോടൊത്തു ജീവിച്ചുമരിക്കുന്നവനെന്ന നിലയില്‍, ഞാന്‍ പറയുന്നു, നമുക്കാവശ്യം കരുത്ത്, കരുത്ത്, എക്കാലവും കരുത്തു തന്നെയാണ്. ഉപനിഷത്തുകളാണുതാനും കരുത്തിന്റെ വമ്പിച്ച ഖനി. അവയില്‍ ലോകത്തെ മുഴുവന്‍ ചുണപ്പെടുത്താന്‍ വേണ്ടത്ര കരുത്തുണ്ട്. അവയിലൂടെ ലോകത്തെ മുഴുവന്‍ ഉജ്ജീവിപ്പിക്കാം, പ്രബലമാക്കാം, ഉത്തേജിപ്പിക്കാം. സര്‍വ്വജാതിമതവിഭാഗങ്ങളിലുംപെട്ട ദുര്‍ബ്ബലരെയും ദുഃഖിതരെയും മര്‍ദ്ദിതരെയും തന്‍കാലില്‍ നിന്നു സ്വതന്ത്രരാകാന്‍ ഉപനിഷത്തുകള്‍ കാഹളശബ്ദത്തില്‍ ഉദ്‌ബോധിപ്പിക്കും. സ്വാതന്ത്ര്യം – കായികസ്വാതന്ത്ര്യം, മാനസികസ്വാതന്ത്ര്യം, ആദ്ധ്യാത്മികസ്വാതന്ത്ര്യം – ഇവയാണ് ഉപനിഷന്മുദ്രകള്‍.

അതേ, ലോകത്തിലുള്ള മതഗ്രന്ഥങ്ങളില്‍വെച്ചെല്ലാം, രക്ഷയെക്കുറിച്ചല്ലാതെ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരേ ഒരു മതഗ്രന്ഥം ഇതാണ്. പ്രകൃതിയുടെ കെട്ടുപാടുകളില്‍നിന്നു മോചിക്കുക, ദൗര്‍ബ്ബല്യങ്ങള്‍ തള്ളിനീക്കുക. ഇപ്പോഴേ നിങ്ങള്‍ക്കീ സ്വാതന്ത്ര്യമുണ്ടെന്നും ഇതു കാട്ടിത്തരുന്നു. ഇതിലുള്ള ഉപദേശങ്ങളുടെ മറ്റൊരു സവിശേഷതയാണിത്. നിങ്ങളൊരു ദ്വൈതിയാണ്: സാരമില്ല. സ്വാഭാവികമായിത്തന്നെ ആത്മാവു പൂര്‍ണ്ണമാണെന്നു നിങ്ങള്‍ക്കു സമ്മതിക്കാതെ തരമില്ല. ആത്മാവ് അതിന്റെ ചില പ്രവൃത്തികളിലൂടെ സങ്കോചിച്ചിരിക്കയാണ്. വാസ്തവത്തില്‍, രാമാനുജന്റെ സങ്കോചവികാസവാദം ഇന്നത്തെ പരിണാമവാദികള്‍ പറയുന്ന വികാസവും ആദിമപ്രത്യാഗമവും തന്നെ. ആത്മാവു പിന്‍വാങ്ങുന്നു. സങ്കോചിക്കുന്നതായി തോന്നുന്നു. അതിന്റെ ശക്തികള്‍ ഭവിഷ്യത്തായിത്തീരുന്നു. സ്വന്തം സത്പ്രവൃത്തിയിലൂടെയും സദ്‌വിചാരങ്ങളിലൂടെയും വീണ്ടും ആത്മാവു വികസിക്കുന്നു. നൈസര്‍ഗ്ഗികമായ അതിന്റെ പൂര്‍ണ്ണത പ്രകാശിപ്പിക്കുന്നു. അദ്വൈതി വരുത്തുന്ന ഒരേ ഒരു മാറ്റമിതാണ്; അയാള്‍ പ്രകൃതിയിലാണ് പരിണാമമംഗീകരിക്കുന്നത്, ആത്മാവിലല്ല. ഒരു മറയും അതിലൊരു ചെറിയ ദ്വാരവും സങ്കല്പിക്കുക. അതിന്റെ പിന്നില്‍നിന്ന് ഈ വലിയ സദസ്സു നോക്കിക്കാണുന്ന ഒരു മനുഷ്യനാണ് ഞാന്‍. ഇവിടെ വളരെക്കുറച്ചു മുഖങ്ങളേ എനിക്കു കാണാന്‍ കഴിയൂ. ആ ദ്വാരം ക്രമേണ വലുതാകുന്നെന്നു സങ്കല്പിക്കുക. അതു വലുതാകുംതോറും ഈ സദസ്സ് ഏറെയേറെ എനിക്കു വെളിപ്പെടുന്നു. ദ്വാരം വളര്‍ന്നു മറയോളമായാല്‍ മുഴുവനും കാണാം. ഒടുവില്‍ നിങ്ങളുടെയും എന്റെയും ഇടയ്ക്കു യാതൊന്നുമില്ല. എനിക്കും നിങ്ങള്‍ക്കും മാറ്റമൊന്നുമുണ്ടായില്ല. മാറ്റമെല്ലാം മറയ്ക്കായിരുന്നു. ആദ്യന്തം നിങ്ങള്‍ ഒരേ മട്ടില്‍ നിലകൊണ്ടു: മറയേ മാറിയുള്ളൂ. പരിണാമത്തെപ്പറ്റി അദ്വൈതിയുടെ നിലപാടിതാണ്; പ്രകൃതിയുടെ പരിണാമവും അന്തരാത്മാവിന്റെ ആവിര്‍ഭാവവും. ആത്മാവ് ഒരു തരത്തിലും സങ്കോചിപ്പിക്കാവതല്ല. അപരിമിതമായ അതിനു ഭേദമേല്ക്കില്ല. മായാമൂടുപടംകൊണ്ട് അതു മറയ്ക്കപ്പെട്ടപോലിരുന്നു എന്നുമാത്രം. ഈ മായാമൂടുപടം ഏറേയേറെ നേര്‍ക്കുമ്പോള്‍ ആത്മാവിന്റെ സഹജവും സ്വാഭാവികവുമായ മഹത്ത്വം വെളിപ്പെടുന്നു: കൂടുതല്‍ പ്രകടമാകുന്നു. ഭാരതത്തില്‍നിന്നു ലോകം പഠിക്കാന്‍ കാത്തിരിക്കുന്ന ഒരേ ഒരു മഹാസിദ്ധാന്തമിതാണ്. അവരെന്തൊക്കെ പറഞ്ഞാലും, വീമ്പിളക്കാന്‍ തഞ്ചം നോക്കിയാലും, നാള്‍ ചെല്ലുംതോറും ഇതു സമ്മതിക്കാതെ ഒരു സമുദായത്തിനും നിലകൊള്ളാവതല്ലെന്ന് അവര്‍ കണ്ടുപിടിക്കും. സര്‍വ്വവും തലകീഴായിമാറുന്നതു കാണുന്നില്ലേ? നല്ലതെന്നു സ്വയം തെളിയിക്കുന്നതുവരെ എല്ലാം ചീത്തതന്നെ എന്നെണ്ണുന്നതായിരുന്നു പതിവെന്നറിയാമല്ലോ. വിദ്യാഭ്യാസത്തിലും കുറ്റവാളിയെ ശിക്ഷിക്കുന്നതിലും ഭ്രാന്തിന്റെ ചികിത്‌സയിലും നാടോടിയായ രോഗചികിത്‌സയില്‍പ്പോലും അതായിരുന്നു പഴയ നിയമം. ഇന്നത്തെ നിയമമോ? നവീനനിയമം പറയുന്നു; സ്വയം ശരീരം നീരോഗമാണ്, സ്വപ്രകൃതികൊണ്ടുതന്നെ അതു രോഗത്തെ ശമിപ്പിക്കുന്നു. ശരീരധാതുക്കളെ സംഭരിക്കാന്‍ തുണയ്ക്കുക, ഇതാണ് ഔഷധത്തിന് അങ്ങേയറ്റം ചെയ്യാവുന്നത്. കുറ്റവാളികളെക്കുറിച്ച് അതെന്തു പറയുന്നു? കുറ്റവാളി എത്ര നീചനായാലും അവന്റെ ഉള്ളില്‍ മാറ്റമറ്റ ദിവ്യതയുണ്ടെന്നും, അവനോട് അതനുസരിച്ച് പെരുമാറണമെന്നും അതു സിദ്ധാന്തിക്കുന്നു. ഈവക കാര്യങ്ങളൊക്കെ ഇങ്ങനെ മാറിവരുകയാണ്. സ്വഭാവപരിഷ്‌കരണശാലകളും പ്രായശ്ചിത്താലയങ്ങളും ഇപ്പോള്‍ സ്ഥാപിക്കപ്പെടുന്നു. ഓരോന്നിനെക്കുറിച്ചും കഥ ഇതുതന്നെ. ബോധപൂര്‍വ്വമായോ അല്ലാതെയോ, മറ്റു രാജ്യങ്ങളിലും അന്തര്‍ദിവ്യതയെന്ന ഭാരതീയാശയം സ്വയം പ്രകടമാകുന്നുണ്ട്. നിങ്ങളുടെ ഗ്രന്ഥങ്ങളിലാണ് ഇതിന് വ്യാഖ്യാനമുള്ളത്. മറ്റുള്ള ജനതകളും അതംഗീകരിക്കണം. മനുഷ്യര്‍ തമ്മിലുള്ള പെരുമാറ്റത്തിന് ഒരു മുഴുമാറ്റമേര്‍പ്പെടും. മനുഷ്യരാശിയുടെ കുറ്റങ്ങളെയും കുറവുകളെയും ചൂണ്ടിപ്പറയുക എന്നും മറ്റുമുള്ള വെറും പഴഞ്ചന്‍ ആശയങ്ങള്‍ പോയ്മറയുകതന്നെ വേണം. ഈ ശതകത്തില്‍ അവയ്ക്കു കൊല്ലുന്ന അടി കിട്ടും. ഇപ്പോള്‍ ആളുകള്‍ എണീറ്റുവന്നു നമ്മെ പഴിച്ചേക്കാം. പാപമേ ഇല്ലെന്ന അതി നീചമായ ആശയം പ്രസംഗിക്കുന്നവന്‍ എന്നു ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ എന്നെ ആക്ഷേപിച്ചിട്ടുണ്ട്. വളരെ നല്ലത്! ഈ കൂട്ടരുടെതന്നെ പിന്‍ഗാമികള്‍ തിന്മയുടെയല്ല, നന്മയുടെ പ്രചാരകനെന്ന നിലയില്‍ എന്നെ അനുഗ്രഹിക്കും. തിന്മയുടെയല്ല, നന്മയുടെ ദേശികനാണ് ഞാന്‍. ഇരുളിന്റെയല്ല, വെളിച്ചത്തിന്റെ പ്രചാരകന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.

ഉപനിഷത്തുകളില്‍നിന്നു ലോകം കൈക്കൊള്ളാന്‍ കാത്തു നില്ക്കുന്ന രണ്ടാമത്തെ വമ്പിച്ച ആശയം ബ്രഹ്മാണ്ഡത്തിന്റെ ഏകരൂപതയത്രേ. പഴഞ്ചന്‍ അതിരുകളും ഭിന്നതകളും അതിവേഗം മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളെ വിദ്യുച്ഛക്തിയും ആവിയന്ത്രവും ഗതാഗതബദ്ധമാക്കിയിരിക്കുന്നു. ഇതിന്റെ ഫലമായി, നമ്മുടെ നാട്ടിനപ്പുറത്തുള്ള രാജ്യങ്ങളിലെല്ലാം രാക്ഷസന്മാരും കുട്ടിച്ചാത്തന്മാരുമാണെന്നു ഹിന്ദുക്കളായ നാം ഇനിമേല്‍ പറയുകയില്ല. നാം നാട്ടില്‍നിന്നു വെളിയില്‍ പോകുമ്പോള്‍ കാണുന്നത് അതേ സഹോദരമനുഷ്യനെയാണ്. ഉപകരിക്കാന്‍ കെല്പുള്ള അതേ ശുഭാശംസയ്ക്കു പറ്റിയ അതേ ചുണ്ടുകളാണ് അയാള്‍ക്കുള്ളത്. ചിലപ്പോള്‍, നമ്മുടെ നാട്ടുകാരെ അപേക്ഷിച്ച്, അവര്‍ മെച്ചം കൂടിയവരുമാണ്. അവര്‍ ഇവിടെ വരുമ്പോള്‍ അതേ സൗഭ്രാത്രവും അതേ സന്തുഷ്ടിയും അതേ ശുഭാശംസയുമാണ് കാണുന്നത്. ദുഃഖങ്ങള്‍ക്കൊക്കെ കാരണം അജ്ഞാനമാണെന്നു നമ്മുടെ ഉപനിഷത്തുകള്‍ പറയുന്നു. സാമൂഹ്യമാകട്ടെ, ആദ്ധ്യാത്മികമാകട്ടെ, ഏതു ജീവിതാവസ്ഥകളില്‍ പരീക്ഷിച്ചാലും ശരി അതു സര്‍വഥാ സത്യമാണു താനും. അജ്ഞാനമാണ് നമ്മെക്കൊണ്ട് പരസ്പരം വിദ്വേഷിപ്പിക്കുന്നത്. അജ്ഞാനംകൊണ്ടാണ് നാം പരസ്പരം അറിയാത്തതും സ്നേഹിക്കാത്തതും. നാം പരസ്പരം അറിയുമ്പോള്‍ പെട്ടെന്നു നാം സ്നേഹിച്ചുപോകുന്നു, സ്നേഹിക്കണം. നാം ഒന്നല്ലേ? പ്രതിബന്ധമുണ്ടായിട്ടും, അങ്ങനെ, ഒറ്റക്കെട്ടായി നാം നിലകൊള്ളുന്നു. രാഷ്ട്രീയ സാമൂഹ്യശാസ്ര്തങ്ങളില്‍പ്പോലും, ഇരുപതുകൊല്ലംമുമ്പ് അതാതു ജനതകളെമാത്രം സ്പര്‍ശിച്ചിരുന്ന പ്രശ്‌നങ്ങള്‍ക്ക് അവരോടു മാത്രം ബന്ധപ്പെട്ട അടിസ്ഥാനത്തില്‍ സമാധാനം കണ്ടെത്തുക ഇനിയും സാദ്ധ്യമല്ല. ആ പ്രശ്‌നങ്ങള്‍ വമ്പിച്ച പരിണാമങ്ങള്‍, ഭീമമായ ആകാരങ്ങള്‍ കൈക്കൊള്ളുകയത്രേ ചെയ്യുന്നത്. മിഥോരാഷ്ട്രീയമായ അടിസ്ഥാനങ്ങള്‍ ചൊരിയുന്ന വിശാലതരപ്രകാശത്തിലേ അവയ്ക്കു സമാധാനം കണ്ടെത്താന്‍ കഴിയൂ. ഇന്നത്തെ മുറവിളി മിഥോരാഷ്ട്രീയമായ സ്ഥാപനങ്ങള്‍ക്കും കൂട്ടുകെട്ടുകള്‍ക്കും നിയമങ്ങള്‍ക്കും വേണ്ടിയാണ്. ഉറച്ച ഒരുമയുടെ തെളിവാണത്. പ്രകൃതിശാസ്ര്തമണ്ഡലത്തില്‍ നാള്‍ ചെല്ലുംതോറും ജഡവസ്തുവിനെക്കുറിച്ചു സമാനവും വിശാലവുമായ ഒരഭിപ്രായഗതിയിലാണ് അവര്‍ എത്തിച്ചേരുന്നത്. ഇപ്പോള്‍ ജഡവസ്തുവിനെക്കുറിച്ച്, ബ്രഹ്മാണ്ഡത്തെക്കുറിച്ച്, പറഞ്ഞുപോരുന്നത്, അതൊരു ഭൂതരാശിയാണെന്ന്, ഒരു വമ്പിച്ച ഭൂതസാഗരമാണന്നത്രേ. നിങ്ങളും ഞാനും സൂര്യനും ചന്ദ്രനും – മറ്റെന്തും – ആ സാഗരത്തിലെ ക്ഷുദ്രവും സദൃശവുമായ നീര്‍ച്ചുഴികളാണ്, അതിലേറെയൊന്നുമല്ല. മാനസികമായി പറഞ്ഞാല്‍, വിശ്വവ്യാപകമായ ഒരു ചിന്താപാരാവാരമാണത്: നാമൊക്കെ അതിലുള്ള ക്ഷുദ്രവും സദൃശവുമായ നീര്‍ച്ചുഴികള്‍. ചൈതന്യമെന്ന നിലയില്‍ അതിന് ചലനമില്ല, പരിണാമമില്ല. കൂടസ്ഥവും നിരന്തരവും ഏകരസവുമായ ആത്മാവാണത്. സദാചാരത്തിനുള്ള മുറവിളിയും വരുന്നുണ്ട്: നമ്മുടെ ഗ്രന്ഥങ്ങളില്‍ അതു കാണാം. സദാചാരത്തിനുള്ള വ്യാഖ്യാനം, ധര്‍മ്മശാസ്ര്തത്തിന്റെ ഉറവിടം – ഇതും ലോകത്തിനാവശ്യമാണ്. ഇവിടെനിന്ന് അതു കിട്ടും. ഭാരതത്തില്‍ നമുക്കെന്താണ് വേണ്ടത്? ഇത്രയും വൈദേശികര്‍ക്കു വേണമെങ്കില്‍, അതിന്റെ ഇരുപതിരട്ടിയാണ് നമുക്കു വേണ്ടത്: കാരണം, ഉപനിഷത്തുകളുടെ മഹത്ത്വമിരുന്നിട്ടും, നാം അഭിമാനിക്കാറുള്ള നമ്മുടെ ഋഷിപാരമ്പര്യവുമൊക്കെയിരുന്നിട്ടും, മറ്റു മാനവവംശങ്ങളെ അപേക്ഷിച്ച്, നാം ദുര്‍ബ്ബലരാണ്, അതീവ ദുര്‍ബ്ബലരാണെന്നു നിങ്ങളോടെനിക്കു പറയേണ്ടതുണ്ട്. ഒന്നാമതായി, കായികമായ നമ്മുടെ ദൗര്‍ബ്ബല്യം. നമ്മുടെ ദുരിതങ്ങളുടെ മൂന്നിലൊരു പങ്കിനെങ്കിലും ഈ കായിക ദൗര്‍ബ്ബല്യമാണ് കാരണം. നാം അലസരാണ്: നമുക്കു പ്രയത്‌നിക്കാന്‍ വയ്യ: ഒത്തൊരുമിക്കാന്‍ വയ്യ: അന്യോന്യം സ്നേഹമില്ല. കടുത്ത സ്വാര്‍ത്ഥപരതയാണ് നമുക്കുള്ളത്. നമ്മില്‍ മൂന്നുപേര്‍ ഒന്നിച്ചുകൂടിയാല്‍ പരസ്പരം വിദ്വേഷിക്കയായി, പരസ്പരം അസൂയപ്പെടുകയായി. ഇതാണ് നമ്മുടെ നില. ആശയ്ക്കു വകയില്ലാത്തവണ്ണം ചിന്നിച്ചിതറിയ ജനക്കൂട്ടങ്ങള്‍, കടുംസ്വാര്‍ത്ഥികള്‍: നെറ്റിയില്‍ ഒരു കുറിയി ടേണ്ടത് ഇങ്ങനെയാണോ അങ്ങനെയാണോ എന്നതിനെച്ചൊല്ലി നൂറ്റാ ണ്ടുകളായി തമ്മില്‍തല്ലുന്നവര്‍: ഒരുവന്റെ നോട്ടം എന്റെ ഭക്ഷണത്തെ മലിനപ്പെടുത്തുമോ ഇല്ലയോ എന്നും മറ്റുമുള്ള വന്‍പ്രശ്‌നങ്ങളെ അധികരിച്ചു നിരവധി ഗ്രന്ഥങ്ങള്‍തന്നെ എഴുതിവിടുന്നവര്‍! കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി നമ്മുടെ ചെയ്തികളായിരുന്നു ഇതെല്ലാം. ഇത്ര അദ്ഭുതസൗന്ദര്യമുള്ള പ്രശ്‌നങ്ങളിലും ഗവേഷണങ്ങളിലും ബുദ്ധി ശക്തി മുഴുവന്‍ വ്യാപരിപ്പിച്ചുവന്ന ഒരു മനുഷ്യവര്‍ഗ്ഗത്തില്‍നിന്ന് ഉത്കൃഷ്ടമായ യാതൊന്നും പ്രതീക്ഷിക്കാവതല്ല. നമുക്കു നമ്മെക്കുറിച്ചു നാണവുമില്ലേ? അതേ, ചിലപ്പോഴുണ്ട്: പക്ഷേ ഇതൊക്കെ വ്യര്‍ത്ഥമാണെന്നു തോന്നിയാലും വേണ്ടെന്നു വെയ്ക്കാന്‍ നമുക്കു വയ്യ. തത്തയെപ്പോലെ പലതും നാം പറയാറുണ്ട്. പക്ഷേ ഒരിക്കലും ചെയ്യാറില്ല. പറയലും ചെയ്യാതിരിക്കലും നമ്മുടെ ശീലമായിരിക്കയാണ്. എന്തുകൊണ്ട്? കായികദൗര്‍ബ്ബല്യംകൊണ്ട്. ഇത്തരം ക്ഷീണിച്ച തലച്ചോറുകൊണ്ട് ഒന്നും ചെയ്യുക സാധ്യമല്ല. അതിനെ നാം ശക്തിപ്പെടുത്തണം. ആദ്യമായി നമ്മുടെ യുവാക്കള്‍ കരുത്തരാകണം. മതം പിന്നീടു വന്നുകൊള്ളും. യുവസുഹൃത്തുക്കളേ, നിങ്ങള്‍ കരുത്തരാകുവിന്‍. അതാണ് നിങ്ങള്‍ക്കെന്റെ ഉപദേശം. ഗീത പഠിച്ചിട്ടെന്നതിലുമധികം ഫുട്‌ബോള്‍ കളിച്ചിട്ടു സ്വര്‍ഗ്ഗത്തോടടുക്കാം. കുറേ കടന്ന വാക്കുകളാണിവ: എങ്കിലും നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് എനിക്കിതു പറയണം. എനിക്കറിയാം, തകരാറെവിടെയാണെന്ന്. കുറച്ചനുഭവം എനിക്കുണ്ടായിട്ടുണ്ട്. ബാഹുബലവും ശരീരബലവും കുറച്ചുകൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഗീത കൂടുതല്‍ നന്നായി മനസ്സിലാകും. കുറേ ചൊറുചൊറുക്കുള്ള രക്തം നിങ്ങള്‍ക്കുണ്ടായാല്‍, കൃഷ്ണന്റെ ബലിഷ്ഠമായ പ്രതിഭയും മഹത്തായ പ്രതാപവും നിങ്ങള്‍ക്കു കൂടുതല്‍ നന്നായി മനസ്സിലാകും. നിങ്ങളുടെ ശരീരം നിങ്ങളുടെ കാലില്‍ ഉറച്ചുനിന്നാല്‍, ആണുങ്ങളാണെന്ന ബോധം നിങ്ങള്‍ക്കുണ്ടായാല്‍, ഉപനിഷത്തുകളും ആത്മമഹിമയും കൂടുതല്‍ നന്നായി മനസ്സിലാകും. അങ്ങനെ ഇതെല്ലാം നമ്മുടെ ആവശ്യങ്ങള്‍ക്കുപയോഗിക്കണം.

പക്ഷേ ഞാന്‍ അദ്വൈതം പ്രസംഗിക്കുമ്പോള്‍ പലപ്പോഴും ആളുകള്‍ക്കു മുഷിച്ചില്‍ തോന്നാറുണ്ട്. അദ്വൈതമോ ദ്വൈതമോ മറ്റേതെങ്കിലും മതമോ പ്രസംഗിക്കണമെന്നു ഞാന്‍ സങ്കല്പിച്ചിട്ടില്ല. ഇപ്പോള്‍ നമുക്കു വേണ്ടുന്ന ഒരേ ഒരു മതം ആത്മാവിനെപ്പറ്റിയുള്ള ഈ അദ്ഭുതാശയമാണ് – അതിന്റെ ശാശ്വതപ്രതാപം, ശാശ്വതശക്തി, ശാശ്വതശുദ്ധി, ശാശ്വതപൂര്‍ണ്ണത. എനിക്ക് ഒരു കുട്ടിയുണ്ടെങ്കില്‍, ഞാന്‍ അവനോടു ജനനംമുതല്‍ പറഞ്ഞുതുടങ്ങും – ‘നീ പരിശുദ്ധനായ ആത്മാവാണ്.’ ഒരു പുരാണത്തില്‍ റാണിയായ മദാലസയുടെ മനോജ്ഞകഥയുള്ളതു നിങ്ങള്‍ വായിച്ചിരിക്കും. അവര്‍ ഒരു കുട്ടിയുണ്ടായപ്പോള്‍ അതിനെ ഒരു തൊട്ടിലിലാട്ടി സ്വയം താരാട്ടുപാടി; ‘നീ പരിശുദ്ധനാണ്: നിര്‍മ്മലനും നിഷ്പാപനുമാണ്, പ്രതാപശാലിയും മഹാനുമായ ആത്മാവാണ്’ എന്ന്. അതേ അതില്‍ വളരെ അര്‍ത്ഥമുണ്ട്. നിങ്ങള്‍ക്കു സ്വയം വലുതാണെന്നു തോന്നിയാല്‍ നിങ്ങള്‍ വലുതാകുന്നു. ലോകത്തെവിടെയുംവെച്ച് എനിക്കുണ്ടായ അനുഭവമെന്തെന്നാണ് ചോദ്യം. അവര്‍ പാപികളെക്കുറിച്ചു പറയുമായിരിക്കും. സ്വയം പാപികളാണെന്നു വാസ്തവത്തില്‍ ഇംഗ്ലീഷുകാര്‍ വിശ്വസിച്ചിരുന്നെങ്കില്‍, അവര്‍ മദ്ധ്യാഫ്രിക്കയിലെ നീഗ്രോജാതിക്കാരെക്കാള്‍ ഒരു തരത്തിലും മെച്ചപ്പെട്ടവരാകാഞ്ഞേനേ. അവര്‍ അതു വിശ്വസിക്കാത്തതുകൊണ്ട് അവരെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ! മറിച്ച്, ഇംഗ്ലീഷുകാരന്‍ വിശ്വസിക്കുന്നത് താന്‍ ലോകാധിപതിയായി ജനിക്കുന്നുവെന്നാണ്. മഹാനെന്ന് അവന്‍ സ്വയം വിശ്വസിക്കുന്നു. അതുകൊണ്ട് ലോകത്തില്‍ അവന്ന് എന്തും നേടാം. താന്‍ സൂര്യനിലേക്കോ ചന്ദ്രനിലേക്കോ പോകാന്‍ ആഗ്രഹിച്ചാല്‍ തനിക്കതു കഴിയുമെന്ന് അവന്‍ വിശ്വസിക്കുന്നു. അതവനെ മഹാനാക്കുന്നു. തന്റെ പുരോഹിതന്‍ പറയുംപോലെ താന്‍ കെട്ടവനും ദീനനുമായ പാപിയാണെന്നും അന്തമില്ലാത്ത കാലമത്രയും തീയില്‍ക്കിടന്നു പൊരിയാന്‍ പോകുകയാണെന്നും അവന്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവന് ഇന്നത്തെ ഇംഗ്ലീഷുകാരനാകാന്‍ കഴിയാഞ്ഞേനേ. പുരോഹിതരും അന്ധവിശ്വാസങ്ങളുമുണ്ടായിട്ടും, ഓരോ ജനതയിലും കുടികൊള്ളുന്ന ദിവ്യത ഉണര്‍ന്നിരുന്നുത്കടമാകുന്നു എന്നു ഞാന്‍ കാണുന്നു. നമുക്കു വിശ്വാസം പൊയ്‌പോയിരിക്കുന്നു. ഇംഗ്ലീഷുകാരന്നോ ഇംഗ്ലീഷുകാരിക്കോ ഉള്ള വിശ്വാസത്തെക്കാള്‍ കുറവാണ്, ആയിരം മടങ്ങു കുറവാണ്, നമുക്കുള്ള വിശ്വാസം – ഇതു ബോധപ്പെട്ടുവോ? ഞാന്‍ ഇതൊക്കെ വെട്ടിത്തുറന്നുപറയുകയാണ്: എനിക്കു മറ്റു നിവൃത്തിയില്ല. ഇംഗ്ലീഷുകാരായ പുരുഷന്മാരും സ്ര്തീകളും നമ്മുടെ ആദര്‍ശങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അവരേതാണ്ട് ഉന്മത്തരാകുന്നതു കാണരുതേ? തങ്ങള്‍ ഭരണം നടത്തുന്ന വര്‍ഗ്ഗത്തിലായിട്ടും, തങ്ങളുടെ നാട്ടുകാര്‍ തങ്ങളെ പരിഹസിച്ചിട്ടും, അവര്‍ നമ്മുടെ മതം പ്രചരിപ്പിക്കാന്‍ ഭാരതത്തിലേക്കു വരുന്നു. നിങ്ങളില്‍ എത്രപേര്‍ക്കതു സാധിക്കും? എന്തുകൊണ്ടതു നിങ്ങള്‍ക്കു സാധിക്കുന്നില്ല? കാരണം നിങ്ങള്‍ക്കറിയാമോ? അവര്‍ക്കറിയാവുന്നതിലേറെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ക്കുവേണ്ടതിലേറെ അറിവു നിങ്ങള്‍ക്കുണ്ട്. അതാണ് നിങ്ങള്‍ക്കുള്ള തരക്കേട്! കാരണം ഇത്രയേ ഉള്ളൂ; നിങ്ങളുടെ ചോര വെറും നീരുപോലാണ്: തലച്ചോറ് അഴിഞ്ഞുലര്‍ന്നുപോകയാണ്: ശരീരം ദുര്‍ബ്ബലമാണ്. നിങ്ങളുടെ ശരീരം പുതുക്കണം. കായികമായ ദൗര്‍ബ്ബല്യമാണ് കാരണം: അല്ലാതെ മറ്റൊന്നുമല്ല. കഴിഞ്ഞ നൂറുകൊല്ലമായി നിങ്ങള്‍ പരിഷ്‌കാരങ്ങളെക്കുറിച്ചും ആദര്‍ശങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അനുഷ്ഠാനത്തിന്റെ കാര്യം വരുമ്പോള്‍, നിങ്ങളെ അവിടെയെങ്ങും കാണാനില്ല. ലോകത്തിലെല്ലാവര്‍ക്കും നിങ്ങള്‍ അറപ്പും വെറുപ്പുമുണ്ടാക്കിയിരിക്കയാണ്: പരിഷ്‌കാരമെന്ന വാക്കുതന്നെ പരിഹാസ്യമായിരിക്കയാണ്. എന്തുകൊണ്ട്? നിങ്ങള്‍ക്കതറിയാമോ? നിങ്ങള്‍ക്കു വെടിപ്പായറിയാം. ഒരേ ഒരു കാരണം; നിങ്ങള്‍ ദുര്‍ബ്ബലര്‍, ദുര്‍ബ്ബലര്‍, ദുര്‍ബ്ബലരാണെന്നതത്രേ. നിങ്ങളുടെ ശരീരം ദുര്‍ബ്ബലം, മനസ്സും ദുര്‍ബ്ബലം: നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ല. സഹോദരന്മാരേ, പല ശതകങ്ങളായി, സഹസ്രാബ്ദമായി, ജാതികളും രാജാക്കന്മാരും വിദേശീയരും നിങ്ങളുടെ സ്വന്തം ആളുകളും നിങ്ങളുടെമേല്‍ അടിച്ചേല്പിച്ച നിപീഡനപരിപാടി നിങ്ങളുടെ കരുത്തു നശിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ നട്ടെല്ല് ഒടിഞ്ഞിരിക്കുന്നു. ചവുട്ടിമെതിക്കപ്പെട്ട മണ്ണെരകളെപ്പോലായിരിക്കയാണ് നിങ്ങള്‍. നിങ്ങള്‍ക്ക് കരുത്ത് ആരു തരും? നിങ്ങളോടു ഞാന്‍ പറയട്ടെ – നമുക്കാവശ്യം കരുത്ത്, കരുത്താണ്. ആ കരുത്ത് നേടുവാനുള്ള ഒന്നാമത്തെ ചുവടുവെയ്പ് ഉപനിഷത്തുകളെ പൊക്കിപ്പിടിക്കയും, ‘ഞാനാത്മാവാണ്’ എന്നു വിശ്വസിക്കയുമത്രേ. ‘വാളിന് എന്നെ മുറിക്കാന്‍ വയ്യ: ആയുധങ്ങള്‍ക്കൊന്നും തുളയ്ക്കാന്‍ വയ്യ: തീ എന്നെ എരിക്കില്ല: കാറ്റ് എന്നെ ഉണക്കില്ല: ഞാന്‍ സര്‍വശക്തന്‍, സര്‍വജ്ഞന്‍.’ അതുകൊണ്ട്, അനുഗൃഹീതങ്ങളും അനുഗ്രാഹകങ്ങളുമായ ഈ വാക്കുകള്‍ ഉരുവിടുക. നാം ദുര്‍ബ്ബലരാണെന്നു പറയരുത്. എന്തും ഏതും നമുക്കു ചെയ്യാന്‍ കഴിയും. നമുക്കു ചെയ്യാനാവാത്തതെന്തുണ്ട്? എല്ലാം നമുക്കു ചെയ്യാം. മഹനീയമായ അതേ ആത്മാവാണ് നമുക്കെല്ലാമുള്ളത്. നാമതില്‍ വിശ്വസിക്കുക. നചികേതസ്സിന്നെന്നപോലെ ശ്രദ്ധ (വിശ്വാസം) ഉണ്ടാവട്ടെ! തന്റെ അച്ഛന്‍ യാഗം ചെയ്ത അവസരത്തിലാണ് നചികേതസ്സിനെ ശ്രദ്ധ ആവേശിച്ചത്. അതേ, എന്റെ ആഗ്രഹം ആ ശ്രദ്ധ നിങ്ങളിലോരോരുത്തനും ഉണ്ടാകണമെന്നാണ്. അപ്പോള്‍ നിങ്ങളിലോരോരുത്തനും ഭീമപരാക്രമനായി, വമ്പിച്ച മേധാശക്തിയൊത്ത വിശ്വപ്രകമ്പകനായി, എല്ലാതരത്തിലും അപരിമിതനായ ഈശ്വരനായി എഴുന്നേറ്റു നിലകൊള്ളും. നിങ്ങള്‍ അതാകണമെന്നത്രേ എന്റെ ആഗ്രഹം. ഉപനിഷത്തുകളില്‍നിന്നു കിട്ടുന്ന കരുത്ത് ഇതാണ്: അവിടെനിന്നു കിട്ടുന്ന ശ്രദ്ധ ഇതാണ്.

അതേ: പക്ഷേ അതു സന്ന്യാസിക്കുമാത്രമായിരുന്നു. രഹസ്യം! ഉപനിഷത്തുകള്‍ സന്ന്യാസിയുടെ കയ്യിലായിരുന്നു. അയാള്‍ വനത്തിലേക്ക് പോയി. ശ്രീശങ്കരന്‍ സ്വല്പം ദയവുകാട്ടുന്നുണ്ട്. ഗൃഹസ്ഥര്‍ക്കും ഉപനിഷത്തുകള്‍ പഠിക്കാമെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടവര്‍ക്കു ഗുണമുണ്ടാകും: ഉപദ്രവമുണ്ടാവില്ല. എങ്കിലും വാനപ്രസ്ഥന്റെ ആരണ്യക ജീവിതത്തെപ്പറ്റിയേ ഉപനിഷത്തുകള്‍ പ്രതിപാദിക്കുന്നുള്ളൂ എന്നാണ് ഭാവം. കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞതുപോലെ, വേദത്തിന് പ്രാമാണികമായ ഒരേ ഒരു ഭാഷ്യം എന്നെന്നേക്കുമായി ഒരിക്കല്‍ വിരചിച്ചു, വേദപ്രചോദകനായ ആ ഭഗവാന്‍ കൃഷ്ണന്‍, ഗീതയില്‍. ഏതു ജീവിതവൃത്തിയിലുമുള്ള ഏതൊരാള്‍ക്കും വേണ്ടി അതു നിലകൊള്ളുന്നു. ഈ വേദാന്തസങ്കല്പങ്ങള്‍ പുറത്തുവരണം: അല്ലാതെ വനത്തിലും ഗുഹയിലും അമര്‍ന്നാല്‍ പോരാ. പുറത്തുവന്നു ബാറിലും (അഭിഭാഷകപീഠം) ബഞ്ചിലും (ന്യായാധിപപീഠം) പ്രസംഗവേദിയിലും പ്രവര്‍ത്തിക്കണം, പാവപ്പെട്ടവന്റെ കുടിലില്‍ പ്രവര്‍ത്തിക്കണം, മീന്‍പിടിക്കുന്ന മുക്കുവന്റെകൂടെയും പ്രവര്‍ത്തിക്കണം, പഠിക്കുന്ന വിദ്യാര്‍ത്ഥിയോടൊപ്പം പ്രവര്‍ത്തിക്കണം. ഓരോ പുരുഷനേയും സ്ര്തീയേയും ശിശുവിനേയും – അവരുടെ തൊഴിലെന്തുമാകട്ടെ, അവര്‍ താമസിക്കുന്നതെവിടെയുമാകട്ടെ – ഈ വേദാന്തസങ്കല്പങ്ങള്‍ ആഹ്വാനം ചെയ്യുന്നു. അതില്‍ ഭയപ്പെടാനെന്തുണ്ട്? മുക്കുവരും മറ്റും ഉപനിഷത്തുകളിലെ ആദര്‍ശം പ്രായോഗികമാക്കുന്നതെങ്ങനെയെന്നോ? വഴികാട്ടിയിട്ടുണ്ട്. അപരിമിതമാണത്. മതം അപരിമിതമാണ്. ആര്‍ക്കും അതിനപ്പുറം പോകാവതല്ല. ആര്‍ജ്ജവത്തോടെ ചെയ്യുന്നതെല്ലാം നിങ്ങള്‍ക്കു നല്ലതാണ്. എത്ര നിസ്സാരകാര്യവും വേണ്ടപോലെ ചെയ്താല്‍ അദ്ഭുതഫലങ്ങള്‍ ഉളവാക്കും. അതിനാല്‍ ഓരോരുത്തനും തനിക്കാകുന്നതു ചെയ്യട്ടെ, എത്ര ചെറുതും. മുക്കുവന്‍ താന്‍ ചൈതന്യമാണെന്നു കരുതിയാല്‍ അവന്‍ മെച്ചപ്പെട്ട മുക്കുവനാകും. വിദ്യാര്‍ത്ഥി താന്‍ ചൈതന്യമാണെന്നു കരുതിയാല്‍, അവന്‍ മെച്ചപ്പെട്ട വിദ്യാര്‍ത്ഥിയാകും. വക്കീല്‍ താന്‍ ചൈതന്യമാണെന്നു കരുതിയാല്‍ അയാള്‍ മെച്ചപ്പെട്ട വക്കീലാകും. ഇതുപോലെ മറ്റുള്ളവരും. ജാതികള്‍ ഫലത്തില്‍ എന്നെന്നേക്കുമായി നിലനില്ക്കും. സമുദായത്തിന്റെ സ്വഭാവമാണ് സംഘങ്ങളായി പിരിയുന്നത്. മറഞ്ഞുപോകുന്നത് ഈ വിശേഷാവകാശങ്ങളാണ്. നൈസര്‍ഗ്ഗികമായ ഒരു ചിട്ടയാണ് ജാതി. സാമൂഹ്യജീവിതത്തില്‍ എനിക്ക് ഒരു ചുമതല നിര്‍വഹിക്കാം: നിങ്ങള്‍ക്കു മറ്റൊന്നും. നിങ്ങള്‍ക്ക് ഒരു രാജ്യം ഭരിക്കാം. എനിക്ക് ഒരു ജോഡി ചെരുപ്പു നന്നാക്കാം. പക്ഷേ ഇതുകൊണ്ട് നിങ്ങള്‍ എന്നെക്കാള്‍ വലിയവനാണെന്നുവരുന്നില്ല. നിങ്ങള്‍ക്കെന്റെ ചെരുപ്പുകള്‍ നന്നാക്കാനാകുമോ? എനിക്ക് രാജ്യം ഭരിക്കാനാകുമോ? എനിക്കു ചെരുപ്പു നന്നാക്കാന്‍ വിരുതുണ്ട്: വേദങ്ങള്‍ വായിക്കാന്‍ നിങ്ങള്‍ക്കും. പക്ഷേ ഇത്രയുംകൊണ്ട് എന്റെ മണ്ട നിങ്ങള്‍ ചവുട്ടിമെതിക്കണമെന്നു വരുന്നില്ല. കൊലപാതകം ചെയ്തവനെ പ്രശംസിക്കുന്നതെന്തിന്? ഒരാപ്പിള്‍ കട്ട മറ്റൊരുത്തനെ തൂക്കിലിടുന്നതെന്തിന്? ഇതു പോകതന്നെ വേണം. ജാതി നന്ന്. ജീവിത പ്രശ്‌നത്തിനുള്ള സ്വാഭാവികമായ സമാധാനമാണത്. മനുഷ്യര്‍ സംഘങ്ങളായി പിരിയണം: അതു മാറ്റുക വയ്യ. നിങ്ങള്‍ എവിടെച്ചെന്നാലും ശരി, അവിടെ ജാതിയുണ്ടാകും. പക്ഷേ അതിന്റെ അര്‍ത്ഥം ഈ വിശേഷാവകാശങ്ങള്‍ ഉണ്ടാകണമെന്നല്ല. ഇവയുടെ ഉച്ചിക്കിടിക്കണം. മുക്കുവനെ വേദാന്തം പഠിപ്പിച്ചാല്‍ അവന്‍ പറയും; ‘നിങ്ങളെപ്പോലെ തന്നെ ഞാനും മനുഷ്യനാണ്: ഞാനൊരു മുക്കുവന്‍, നിങ്ങളൊരു ദാര്‍ശനികന്‍: പക്ഷേ നിങ്ങളിലുള്ള അതേ ഈശ്വരന്‍ എന്നിലുമുണ്ട്.’ ഇതാണ് നമുക്കാവശ്യം. ആര്‍ക്കും ഒരു വിശേഷാവകാശവുമില്ല: അവസരം എല്ലാര്‍ക്കും സമം. എല്ലാവരെയും പഠിപ്പിക്കുക, ദിവ്യത ഉള്ളിലുണ്ടെന്ന്. അപ്പോള്‍ ഓരോരുത്തനും സ്വന്തം രക്ഷ കിണഞ്ഞു നേടിക്കൊള്ളും.

വളര്‍ച്ചയ്ക്കുവേണ്ട ഒന്നാമത്തെ ഉപാധി സ്വാതന്ത്ര്യമാണ്. ‘ഈ സ്ര്തീയുടേയോ കുട്ടിയുടേയോ രക്ഷ ഞാന്‍ കിണഞ്ഞു കൈവരുത്തും’ എന്നു നിങ്ങളിലാരാനും പറഞ്ഞാല്‍ അതു തെറ്റാണ്, ആയിരം തവണ തെറ്റ്. എന്നോടു കൂടെക്കൂടെ ചോദിക്കാറുണ്ട്, വിധവാപ്രശ്‌നത്തിലും സ്ര്തീജനപ്രശ്‌നത്തിലും എന്റെ ചിന്താഗതിയെന്തെന്ന്. എനിക്കു തീര്‍ത്തുപറയാനുള്ള മറുപടി ഇതാണ് – ഈ അസംബന്ധം എന്നോടു ചോദിക്കാന്‍ ഞാനൊരു വിധവയാണോ? ആ ചോദ്യം എന്നോട് ആവര്‍ത്തിച്ചു ചോദിക്കാന്‍ ഞാനൊരു സ്ര്തീയാണോ? സ്ര്തീകളുടെ പ്രശ്‌നങ്ങള്‍ക്കു സമാധാനം കാണാന്‍ നിങ്ങളാര്? ഓരോ വിധവയേയും സ്ര്തീയേയും ഭരിക്കുന്ന ഭഗവാനാണോ നിങ്ങള്‍? തൊട്ടുപോകരുത്! അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള സമാധാനം അവര്‍ കണ്ടുകൊള്ളും. ദുശ്ശാസനന്മാരേ, ആര്‍ക്കെങ്കിലുംവേണ്ടി എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയുമെന്നു കരുതാനുള്ള ശ്രമമോ! തൊട്ടുപോകരുത്! അതെല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും. എല്ലാം അറിയാമെന്നു കരുതാന്‍ നിങ്ങളാര്? ഈശ്വരവിരോധികളേ, ഈശ്വരന്റെമേല്‍ അവകാശമുണ്ടെന്നു ചിന്തിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടുന്നതെങ്ങനെ? ഓരോ ആത്മാവും ഈശ്വരന്റെ ആത്മാവുതന്നെ എന്നു ധരിച്ചിട്ടില്ലേ? നിങ്ങളുടെ സ്വന്തം പണി നോക്കിയാല്‍ മതി. ചെയ്തുതീരേണ്ടതായി കര്‍മ്മങ്ങളുടെ ഒരു ചുമടുതന്നെ നിങ്ങളിലുണ്ട്. നിങ്ങളുടെ സ്വന്തം ജനത നിങ്ങളെ ഒരു പീഠത്തിന്‌മേല്‍ പ്രതിഷ്ഠിച്ചെന്നുവരാം: നിങ്ങളുടെ സമുദായം നിങ്ങളെ വാനോളം പുകഴ്ത്തിയെന്നു വരാം: വിഡ്ഢികള്‍ നിങ്ങളെ ശ്ലാഘിച്ചെന്നും വരാം. പക്ഷേ ഈശ്വരന്‍ ഉറങ്ങുകയല്ല. പ്രതിക്രിയ തുടര്‍ന്നു തന്നെ എത്തും – ഒന്നുകില്‍ ഇവിടെ, അല്ലെങ്കില്‍ ഇവിടം കഴിഞ്ഞ്.

ഓരോ മനുഷ്യനെയും സ്ര്തീയേയും, എല്ലാവരേയും ഈശ്വരനെന്നു കാണുക. ആരെയും നിങ്ങള്‍ക്കു സഹായിക്കാന്‍ വയ്യ: നിങ്ങള്‍ക്കു സേവനമേ ആകൂ. ഭാഗ്യമുണ്ടെങ്കില്‍, ഭഗവത്‌സന്താനങ്ങളേ, ഭഗവാനെത്തന്നെ സേവിക്കുക. സ്വസന്താനങ്ങളില്‍ ആരെയെങ്കിലും തുണയ്ക്കാന്‍ ഭഗവാന്‍ അനുജ്ഞ നല്കിയാല്‍, നിങ്ങള്‍ അനുഗൃഹീതര്‍ തന്നെ. സ്വയം വളരെ വലുതായൊന്നും കരുതാന്‍ പോകരുത്. മറ്റുള്ളവര്‍ക്കില്ലാതിരുന്നപ്പോള്‍ ആ ഭാഗ്യം കൈവന്ന നിങ്ങള്‍ അനുഗൃഹീതര്‍തന്നെ. ഒരാരാധനയായി മാത്രം അതനുഷ്ഠിക്കുക. എനിക്ക് പാവങ്ങളില്‍ ഈശ്വരനെ കാണണം: എന്റെ രക്ഷയ്ക്കുവേണ്ടിയാണ് ഞാന്‍ ചെന്ന് അവരെ ആരാധിക്കുന്നത്. നമ്മുടെ രക്ഷയ്ക്കുവേണ്ടിയാണ് പാവങ്ങളും ദുഃഖിതരുമുള്ളത്. രോഗികളുടെയും ഭ്രാന്തന്മാരുടെയും കുഷ്ഠിതരുടെയും പാപികളുടെയും രൂപത്തില്‍ വരുന്ന ഭഗവാനെ സേവിക്കുവാന്‍ നമുക്കവസരം കിട്ടുവാനാണ്! ഇതു കടന്ന വാക്കുകളാണ്: ഒരിക്കല്‍കൂടി ഞാന്‍ പറയുന്നു, ഈ രൂപങ്ങളിലൊക്കെ ഭഗവാനെ സേവിക്കുവാന്‍ നമ്മെ അനുവദിക്കുന്നതു നമ്മുടെ ജീവിതത്തിലെ ഏറ്റവും വമ്പിച്ച ഭാഗ്യമാണെന്ന്. മറ്റുള്ളവരെ നോക്കി ഭരിക്കുന്നതുകൊണ്ട് അവര്‍ക്കു നന്മ ചെയ്യാന്‍ കഴിയുമെന്ന ആശയം വെടിയുക. ഒരു ചെടിക്കുവേണ്ടി ചെയ്യാവുന്നത്രയേ നിങ്ങള്‍ക്കു ചെയ്യാനാവൂ; മുളയ്ക്കുന്ന വിത്തിനു തടിയുണ്ടാകാന്‍ വേണ്ട സാധനങ്ങള്‍ – വേണ്ടത്ര മണ്ണും വെള്ളവും കാറ്റും – കൊണ്ടുകൊടുക്കാം. അതിന്റെ സ്വഭാവത്തിനു വേണ്ടത് അതെടുക്കും: സ്വായത്തമാക്കി, സ്വാഭാവികമായി, അതു വളരും.

ഉള്ള വെളിച്ചമെല്ലാം ലോകത്തില്‍ കൊണ്ടുവരുക, വെളിച്ചം, വെളിച്ചം കൊണ്ടുവരുക. ഓരോരുത്തനും വെളിച്ചം വന്നുചേരട്ടെ, ഓരോരുത്തനും ഭഗവാനെ പ്രാപിക്കുന്നതുവരെ, കര്‍ത്തവ്യം അവശേഷിക്ക തന്നെചെയ്യും. ദരദ്രന്മാര്‍ക്ക് വെളിച്ചം കൊടുക്കു: ധനികന്മാര്‍ക്ക് അതിലും കൂടുതല്‍ വെളിച്ചം കൊടുക്കുക. ദരിദ്രന്മാരെക്കാള്‍ കൂടുതലാണ് അവര്‍ക്കുള്ള ആവശ്യം. പഠിപ്പില്ലാത്തവര്‍ക്കു വെളിച്ചം നല്കുക: പഠിപ്പുള്ളവര്‍ക്ക് അതിലുമേറെ നല്കുക. കാരണം, ഇക്കാലത്തെ പഠിപ്പിലുള്ള പൊള്ളത്തരം വമ്പിച്ചതാണ്. അങ്ങനെ എല്ലാവര്‍ക്കും വെളിച്ചം വിതരണം ചെയ്യുക: ശേഷം ഈശ്വരന് വിട്ടുകൊടുക്കുക. ആ ഈശ്വരന്റെതന്നെ ഭാഷയില്‍ പറഞ്ഞാല്‍, ‘കര്‍മ്മം ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരമുണ്ട്: അതിന്റെ ഫലത്തിന്നില്ല. നിങ്ങളുടെ കര്‍മ്മം നിങ്ങള്‍ക്കു ഫലമുളവാക്കാതിരിക്കട്ടെ! ഒപ്പം, നിങ്ങള്‍ക്കു കര്‍മ്മമില്ലാതെയും വരാതിരിക്കട്ടെ.’

നമ്മുടെ പൂര്‍വികന്മാരോടു പല ശതകങ്ങള്‍ക്കുമുമ്പുതന്നെ അത്ര ഉദാത്തമായ ആശയങ്ങള്‍ ഉപദേശിച്ച ആ ഭഗവാന്‍ തന്റെ അനുശാസനങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ആവശ്യമുള്ള കരുത്തു നേടാന്‍ നമ്മെ തുണയ്ക്കട്ടെ

[വിവേകാനന്ദസാഹിത്യസര്‍വസ്വം- വേദാന്തവും ഭാരതീയജീവിതവും]